Categories
Malayalam Articles

രണ്ടാം ഭൂപരിഷ്കരണത്തിന്റെ വെല്ലുവിളികള്‍

രണ്ടാം ഭൂപരിഷ്കരണത്തിന്റെ വെല്ലുവിളികള്‍

“നവ സാമൂഹികത: ശാസ്ത്രം ചരിത്രം, രാഷ്ട്രീയം” എന്ന പുസ്തകത്തില്‍ നിന്ന്. ആദ്യ പ്രസിദ്ധീകരണം, മാധ്യമം ആഴ്ചപ്പതിപ്പ്, 2009 ഏപ്രില്‍ 6 (ചിത്രങ്ങള്‍ ഇത് പുന: പ്രസിദ്ധീകരിച്ച http://samudhayam.blogspot.in/2013/03/blog-post_5562.html എന്ന ബ്ലോഗില്‍ നിന്ന്.)

ഭൂസമരം എങ്ങനെ പരിഹരിക്കാം എന്ന പ്രശ്നം കേരളത്തിലെ സിവില്‍സമൂഹത്തിനും ഭരണകൂടത്തിനും മുന്നില്‍ ഒരുപോലെ ഉയര്‍ന്നുനില്‍ക്കുന്നു. സമരങ്ങള്‍ ആരംഭിച്ച ഘട്ടത്തില്‍ അവഗണിക്കാനും, ശക്തിപ്രാപിച്ചപ്പോള്‍ പരാജയപ്പെടുത്താനും ഒടുവില്‍ കേരളത്തിലെ ഭൂപ്രശ്നത്തെക്കുറിച്ച സംവാദത്തിന്റെ തലത്തിലേക്ക് അതുയര്‍ന്നപ്പോള്‍ കായികമായി തന്നെ നശിപ്പിക്കാനും ശ്രമം നടന്നത് നാം കണ്ടുകഴിഞ്ഞു. ഭൂപരിഷ്കരണം താരതമ്യേന ഫലപ്രദമായി നടപ്പാക്കിയെന്ന പൊതുധാരണയെ അടിസ്ഥാനപരമായി ചോദ്യം ചെയ്യുന്ന പ്രത്യയശാസ്ത്ര തലം ഭൂസമരങ്ങള്‍ക്കുണ്ടെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുന്നു.

ഭൂപരിഷ്കരണത്തെക്കുറിച്ച് ഇതഃപര്യന്തമുള്ള വിമര്‍ശനങ്ങളുടെ കാതല്‍ രണ്ടു നിരീക്ഷണങ്ങളില്‍ ചുരുക്കാം. ഒന്ന്, കേരളത്തിലെ ഭൂപരിഷ്കരണം തോട്ടംമേഖലയെ ഒഴിവാക്കി; രണ്ട്, കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിഭൂമി നല്‍കുന്നതില്‍ പരാജയപ്പെട്ടു. ഈ രണ്ടു വിമര്‍ശങ്ങളും കുറെ വര്‍ഷങ്ങളായി ഇവിടെ ഉയരുന്നുണ്ട്. വ്യത്യസ്ത രീതിയില്‍ വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളും സിവില്‍ സമൂഹ പ്രവര്‍ത്തകരും അക്കാദമിക് ചിന്തകരും ഈ പ്രശ്നത്തോട് പ്രതികരിച്ചിട്ടുണ്ട്.

ഇടതുപക്ഷ പൊതുസമ്മതികര്‍ഷകത്തൊഴിലാളികളുടെ കാര്യത്തിലും തോട്ടം മേഖലക്കനുവദിച്ച ഇളവിന്റെ കാര്യത്തിലും ‘ഒരു പൊതുസമ്മതി’ നിര്‍മിച്ചതെങ്ങനെ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പല കാര്യങ്ങളിലും അങ്ങേയറ്റം പിന്തിരിപ്പനായ ആശയങ്ങള്‍ ‘ഇടതുപക്ഷ പൊതുസമ്മതി’യിലൂടെ നടപ്പാക്കിയിട്ടുണ്ട്. ഇടതുപക്ഷ പൊതുസമ്മതി എന്നത് കേരളരാഷ്ട്രീയത്തില്‍ അപനിര്‍മിക്കപ്പെടേണ്ട ഒരു സാമൂഹിക യാഥാര്‍ഥ്യമാണ്. സിവില്‍സമൂഹത്തെ പുറത്തുനിറുത്തിയും വലതുപക്ഷവുമായി സന്ധിചെയ്തും കേരളീയ യാഥാര്‍ഥ്യത്തെക്കുറിച്ച ലളിതവത്കരിക്കപ്പെട്ട ധാരണകളെ സൈദ്ധാന്തികവത്കരിച്ചുമാണ് ഇത്തരം ഇടതുപക്ഷ പൊതുസമ്മതികള്‍ നിര്‍മിച്ചെടുക്കുന്നത്. ഭൂപരിഷ്കരണത്തിന്റെ നേട്ടങ്ങളെയും അതിന്റെ അപര്യാപ്തതകളെയും സംബന്ധിച്ച് മുഖ്യധാരയില്‍ ഇന്നും നിലനില്‍ക്കുന്നത് ഇടതുപക്ഷ പൊതുസമ്മതിയുള്ള ധാരണകള്‍ തന്നെയാണ്. കേരളത്തിലെ ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എഴുപതുകളില്‍ എന്‍.ഇ. ബലറാം മുതല്‍ ഇപ്പോള്‍ ഡോ. തോമസ് ഐസക്വരെയുള്ളവര്‍ നിര്‍മിച്ചെടുക്കാന്‍ ശ്രമിച്ച ഇടതുപക്ഷ പൊതുസമ്മതിയെ മറനീക്കി കാണിക്കുകയും അതിന്റെ പ്രായോഗികവും പ്രത്യയശാസ്ത്രപരവുമായ മര്‍മങ്ങളില്‍ ആഞ്ഞടിക്കുകയും ചെയ്യുന്നു എന്നതാണ് ചെങ്ങറ സമരത്തിന്റെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ പ്രാധാന്യം.

ഈ പുതിയ രാഷ്ട്രീയ സന്ദര്‍ഭം രാഷ്ട്രീയ പാര്‍ട്ടികളെയും ഭരണകൂടത്തെയും എങ്ങനെ സമ്മര്‍ദത്തിലാഴ്ത്തുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം ഡോ. തോമസ് ഐസക് എഴുതിയ ‘ഭൂപരിഷ്കരണം ഇനി എന്ത്?’ എന്ന ലേഖനമാണ്. കേരളത്തിലെ ഭൂപരിഷ്കരണത്തിന്റെ സമീപഭൂതകാലത്തെക്കുറിച്ചും വര്‍ത്തമാനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ഐസക്കിന്റെ നിരീക്ഷണങ്ങള്‍ ഇടതുപക്ഷ പൊതുസമ്മതിയുടെ വ്യവഹാര തന്ത്രങ്ങളുടെ ഭാഗമായി കാണാം. ഈ ലേഖനത്തിലെ ഒളിച്ചുകളികളും ലളിതവത്കരണങ്ങളും രചനാപരമായ പാളിച്ചകളല്ല, മറിച്ച് ഭൂപരിഷ്കരണത്തിന്റെ അന്ത്യം എന്ന തന്റെ സമീപനം ഇടതുപക്ഷ പൊതുസമ്മതിയായി അവതരിപ്പിക്കാനുള്ള ശ്രദ്ധാപൂര്‍വമായ പരിശ്രമമാണ്.കേരളത്തില്‍ ഭൂപരിഷ്കരണം കെങ്കേമമായിരുന്നുവെന്നും തോട്ടങ്ങളെ ഒഴിവാക്കിയതിനും കര്‍ഷകത്തൊഴിലാളികള്‍ക്ക് ഭൂമി നല്‍കാതിരുന്നതിനും നിരത്തിയ ന്യായങ്ങള്‍ ശരിവെക്കുന്നതിനും, എന്തെങ്കിലും പോരായ്മ ഭൂപരിഷ്കരണത്തിനുണ്ടെങ്കില്‍ അതിനുള്ള പരിഹാരം രണ്ടാം ഭൂപരിഷ്കരണമല്ലെന്നുമുള്ള നിലപാട് ആവര്‍ത്തിക്കുന്നതിനുമാണ് ഐസക് ശ്രമിക്കുന്നത്. ഭൂപരിഷ്കരണം എന്ത് നേടി? തോട്ടങ്ങളുടെ പ്രശ്നവും കര്‍ഷകത്തൊഴിലാളികളുടെ പ്രശ്നവും മാത്രമാണോ ഭൂപരിഷ്കരണത്തിന്റെ പരിമിതികള്‍? മിച്ചഭൂമി വിതരണത്തില്‍ വന്ന പാളിച്ചകള്‍ ‘വലതു’ ഗവണ്‍മെന്റുകളുടെ നയപരാജയംകൊണ്ടോ ഗൂഢാലോചന കൊണ്ടോ സംഭവിച്ചതാണോ തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തമാണ്. എന്നാല്‍ അതിനപ്പുറം, രണ്ടാം ഭൂപരിഷ്കരണം അനിവാര്യമാകുന്ന രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക യാഥാര്‍ഥ്യം വസ്തുനിഷ്ഠമായി നിലനില്‍ക്കുന്നുണ്ടോ എന്നും, ഉണ്ടെങ്കില്‍ രണ്ടാം ഭൂപരിഷ്കരണം എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി സി.പി.എം തള്ളിക്കളയുന്നതെന്തുകൊണ്ടാണെന്നും കൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം ഐസക്കിന്റെ ലേഖനത്തില്‍ അടങ്ങിയിരിക്കുന്നു എന്നാണ് ഉപരിപരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും അതിനെ വിധേയമാക്കുന്നതിലെ താല്‍പര്യം.

ബലറാമിന്റെ വാദങ്ങളുടെ ആവര്‍ത്തനംഐസക്കിന്റെ ലേഖനം ആരംഭിക്കുന്നത് ’70-കളില്‍ ഇ.എം.എസിനെ പഠിപ്പിക്കാന്‍ സി.പി.ഐ നേതാവ് എന്‍.ഇ. ബലറാം ഉയര്‍ത്തിയ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ്. 1970 മുതല്‍ 77 വരെയാണല്ലോ കേരളത്തില്‍ സ്ഥിരമായ ഒരു ഭരണസംവിധാനത്തിനു കീഴില്‍ സി.പി.ഐ- കോണ്‍ഗ്രസ് മുന്നണി ഭൂപരിഷ്കരണം നടപ്പാക്കുന്നത് (ഐസക് ഉദ്ധരിക്കുന്ന എന്‍. കൃഷ്ണാജിയുടെ ലേഖനം 1979-ലാണ് പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്). കേരളത്തില്‍ ലക്ഷക്കണക്കിന് കുടിയാന്മാര്‍ക്ക് കാര്‍ഷിക പരിഷ്കരണംമൂലം ഭൂമിവിതരണം നടക്കുന്നുവെന്ന‘സത്യം അംഗീകരിക്കാന്‍ നമ്പൂതിരിപ്പാടിന് മനഃപ്രയാസം കാണുമെന്ന് ബലറാം എഴുതിയിരുന്നു. മറ്റേതു സംസ്ഥാനത്തെ അപേക്ഷിച്ചും മിച്ചഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ കേരളം മുന്നിലാണെന്നും ഇവിടെ മാത്രമേ കുടികിടപ്പുകാര്‍ക്ക് ഉടമാവകാശം കൊടുക്കുന്നുള്ളൂവെന്നും ബലറാം ഇ.എം.എസിനെ ഓര്‍മിപ്പിക്കുന്നുണ്ട്. വാരക്കാരെയും പാട്ടക്കാരെയും ജന്മിത്തചൂഷണത്തില്‍നിന്ന് മോചിപ്പിക്കുന്ന ഭൂപരിഷ്കരണമാണ് തങ്ങള്‍ നടത്തുന്നതെന്നും‘”ഇന്ദിരാഗാന്ധി പോലും കേരളത്തിലെ കാര്‍ഷിക പരിഷ്കരണത്തെ” പ്രശംസിച്ചിരിക്കുന്നുവെന്നുമായിരുന്നു ബലറാമിന്റെ പക്ഷം.പിന്നീട് ഒരു സര്‍ക്കാറിന്റെ കാലത്തും ഭൂപരിഷ്കരണം മുഖ്യ കാര്യപരിപാടിയായി വന്നിട്ടില്ല എന്നത് കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ ഐസക്കിന്റെ പ്രാരംഭ പ്രസ്താവം കൂടുതല്‍ ശ്രദ്ധേയമാകുന്നു. ഭൂപരിഷ്കരണത്തിന്റെ അന്ത്യമായെന്ന സിദ്ധാന്തത്തിന് അടിവരയിടാന്‍ ബലറാമിന്റെ വാദങ്ങളാണ് ഐസക് ആവര്‍ത്തിക്കുന്നത്: “സ്വാതന്ത്യ്രാനന്തര കേരളത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവവികാസമായിരുന്നു ഭൂപരിഷ്കരണം. 28 ലക്ഷം കുടിയാന്മാര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു. 5.03 ലക്ഷം പേര്‍ക്ക് കുടികിടപ്പവകാശം കിട്ടി. കര്‍ഷകത്തൊഴിലാളികളുടെ വിലപേശല്‍ കഴിവ് ഉയര്‍ന്നത് കൂലിവര്‍ധനയിലേക്ക് നയിച്ചു.”’ഈ പ്രസ്താവനകള്‍ ഓരോന്നും ഇന്ന് പുനഃപരിശോധന അര്‍ഹിക്കുന്നു. അതിന് മുമ്പ് ഇതേ പ്രക്രിയയുടെ പരിമിതിയെക്കുറിച്ച ഐസക്കിന്റെ നിരീക്ഷണം കൂടി ശ്രദ്ധിക്കണം: മിച്ചഭൂമിയില്‍ തന്നെ ചെറിയൊരു ഭാഗം മാത്രമേ ഏറ്റെടുക്കാനും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനും കഴിഞ്ഞിട്ടുള്ളൂ. മിച്ചഭൂമിയില്‍ നല്ല പങ്കും ഭൂസ്വാമിമാര്‍ തിരിമറി ചെയ്തു. 1957-ലെ കര്‍ഷക നിയമം അട്ടിമറിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇതിനുള്ള അവസരം ലഭിച്ചത്. കോണ്‍ഗ്രസും യു.ഡി.എഫുമാണ് ഇതിന് ഉത്തരവാദികളെന്ന് ആരോപിച്ചുകൊണ്ട് ഐസക് തുടരുന്നു: “അവരുടെ ഈ വഞ്ചനമൂലം കേരളത്തിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഇന്നും കൃഷിഭൂമി ലഭിച്ചിട്ടില്ല. എന്താണ് ഇനി ഭൂപരിഷ്കരണത്തില്‍ ചെയ്യേണ്ടത്?”’’രണ്ടു കാര്യങ്ങള്‍ ഇവിടെ ഊന്നിപ്പറയേണ്ടതുണ്ട്. ആരുടെ വഞ്ചനകൊണ്ടായാലും‘കേരളത്തിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക്’ കൃഷിഭൂമി ലഭിച്ചിട്ടില്ല എന്നത് വസ്തുതയാണെങ്കില്‍ കര്‍ഷകത്തൊഴിലാളിക്ക് കൃഷിഭൂമി നല്‍കണമെന്നത് ഐസക്കും അംഗീകരിക്കുന്ന കാര്യമാണ് എന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്. രണ്ടാമത,് കര്‍ഷകത്തൊഴിലാളികള്‍ക്ക് ‘കൃഷിഭൂമി’യാണോ കുടികിടപ്പവകാശമാണോ നല്‍കേണ്ടത് എന്നതില്‍ അവിതര്‍ക്കിതമായ ഒരു നിലപാട് സ്വീകരിച്ചുവെന്ന് ഈ നിരീക്ഷണത്തില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കുമോ എന്നതും ചര്‍ച്ച ചെയ്യണം. കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിഭൂമി നല്‍കാത്തത് വഞ്ചനയാണെങ്കില്‍ അതിന്റെ ഉറവിടം എവിടെനിന്നാണെന്ന് 1957 മുതല്‍ക്കുള്ള ഭൂപരിഷ്കരണത്തിന്റെ ചരിത്രം പരിശോധിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതില്ല. പാട്ടക്കൃഷിക്കാര്‍ക്ക് കൃഷിഭൂമിയും കര്‍ഷകത്തൊഴിലാളിക്ക് കുടികിടപ്പുഭൂമിയുമെന്നുമുള്ള ഫോര്‍മുല എന്തുകൊണ്ട് ഉണ്ടായി? അതിന്റെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലമെന്ത്? ശ്രദ്ധേയമായ മറ്റൊരു കാര്യം 1979 മുതല്‍ 2009 വരെയുള്ള മൂന്ന് ദശാബ്ദകാലത്ത് നാലു തവണ ഇടതുപക്ഷം അധികാരത്തില്‍ വരുകയുണ്ടായി. അപ്പോഴൊന്നും ഈ പരിമിതികള്‍ പരിഹരിക്കാനോ, കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിഭൂമി നല്‍കാനോ കഴിയാതിരുന്നത് എന്തുകൊണ്ടാണ്? ഇതിനുളള വ്യക്തമായ ഉത്തരം നല്‍കുന്നതാണ് ഐസക് ഉദ്ധരിക്കുന്ന എന്‍. കൃഷ്ണാജിയുടെ പ്രബന്ധം എന്നതിനാല്‍ അതിനെക്കുറിച്ച ചര്‍ച്ച ഈ ഘട്ടത്തില്‍ അനിവാര്യമാണ്.

എന്‍. കൃഷ്ണാജിയുടെ വിമര്‍ശംപാട്ടക്കൃഷി നിര്‍മാര്‍ജനം ചെയ്യാനും ഭൂപരിഷ്കരണം നടപ്പാക്കാനും കോണ്‍ഗ്രസ്, മുസ്ലിംലീഗ് എന്നീ കക്ഷികള്‍ സമ്മതിച്ചില്ലെന്നും അതുകൊണ്ട് സി.പി.ഐ നേതൃത്വത്തിലുള്ള മുന്നണിസര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊന്നും ചെയ്തില്ലെന്നുമായിരുന്നു ഇ.എം.എസിന്റെ വിഖ്യാതമായ നിലപാട്. ഇതിനെ പരോക്ഷമായി ഖണ്ഡിച്ചുകൊണ്ട് കൃഷ്ണാജി പറയുന്നത് പാട്ടക്കൃഷി നിര്‍മാര്‍ജനം താരതമ്യേന നന്നായി നടപ്പാക്കപ്പെട്ടുവെന്നാണ്. ബലറാമിന്റെ വാദം തന്നെയാണ് ഇക്കാര്യത്തില്‍ കൃഷ്ണാജിക്കും ഉണ്ടായിരുന്നത്. പാട്ടക്കൃഷി നിര്‍മാര്‍ജനത്തിനു ശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥയില്‍ കാര്‍ഷികരംഗത്ത് മൂന്ന് സമരധാരകളാണ് ഉണ്ടായതെന്നും ഇവയോരോന്നും എവിടെയെത്തി നില്‍ക്കുന്നുവെന്നും വിശദമായി പരിശോധിക്കുന്നതാണ് കൃഷ്ണാജിയുടെ ലേഖനം. കൃഷ്ണാജി പറയുന്ന മൂന്ന് ധാരകള്‍ ഇവയാണ്: (1) കര്‍ഷകത്തൊഴിലാളികളുടെ കൂലിവര്‍ധനവിന് വേണ്ടിയുള്ള സമരം (വിജയകരം), (2) കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പുവരുത്തുന്നതിനുള്ള സമരം (എല്ലാ പാര്‍ട്ടികള്‍ക്കും സമാന താല്‍പര്യമുള്ള വിഷയം), (3) കൃഷിഭൂമിക്ക് വേണ്ടിയുള്ള സമരം (വിജയകരമെന്ന് പറയാനാവാത്തത്). വിജയകരമെന്ന് കൃഷ്ണാജി പറയുന്ന കൂലിവര്‍ധനയുടെ പ്രശ്നവും, പരാജയപ്പെടുന്നുവെന്ന് അദ്ദേഹം കരുതിയ ഭൂസമരത്തിന്റെ പ്രശ്നവും ലേഖനത്തില്‍ ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. കൂലിവര്‍ധനയുടെയും കാര്‍ഷികോല്‍പന്നങ്ങളുടെയും ന്യായവിലയുടെയും പ്രശ്നങ്ങള്‍ സങ്കീര്‍ണങ്ങളാണ്. അത് ചര്‍ച്ചചെയ്യുന്നതിന് മുമ്പായി ഭൂസമരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച കൃഷ്ണാജിയുടെ നിരീക്ഷണങ്ങള്‍ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. കാരണം, ഭൂപരിഷ്കരണത്തിന്റെ അന്ത്യമായെന്ന ഈ സിദ്ധാന്തത്തിലേക്ക് സി.പി.എമ്മിനെ നിര്‍ബന്ധിക്കുന്ന രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലം കൃഷ്ണാജി ഏതാണ്ട് കൃത്യമായിത്തന്നെ കണ്ടെത്തുന്നുണ്ട് എന്നതാണ്.

രണ്ടാം മിച്ചഭൂമി സമരം-1979സി.പി.എമ്മിന്റെ അഖിലേന്ത്യാ തലത്തിലുള്ള തന്ത്രങ്ങളെക്കുറിച്ച് കൃഷ്ണാജി ചര്‍ച്ച ചെയ്തുവെങ്കിലും കൂടുതല്‍ പ്രസക്തമായത് കേരളത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളാണ്. ഐസക്കിന്റെ പിഎച്ച്.ഡി സൂപ്പര്‍വൈസര്‍ കൂടിയായ കൃഷ്ണാജി 1972-ലെ മിച്ചഭൂമിസമരത്തിനുശേഷം താന്‍ ലേഖനം തയാറാക്കുന്ന 1979-വരെയും ഈ രംഗത്ത് കാര്യമായ ഒരു സമരവും സി.പി.എം സംഘടിപ്പിച്ചിട്ടില്ലെന്നു നിരീക്ഷിക്കുന്നുണ്ട്. 1979-ല്‍ സി.പി.എം വീണ്ടും‘രണ്ടാം മിച്ചഭൂമി സമരം ആരംഭിച്ചെങ്കിലും ഇതിന് മുന്‍സമരങ്ങളുടെ വീര്യമില്ലെന്നും വെറും നാമമാത്രമായ സത്യഗ്രഹമായിരുന്നെന്നും അദ്ദേഹം പറയുന്നു. ഇനിയൊരു സി.പി.എം സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന കാര്യത്തിലും കൃഷ്ണാജിക്ക് സംശയമുണ്ടായിരുന്നതുപോലെയാണ് തോന്നുന്നത്. നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ നിരീക്ഷണം. 1972-ലെ സി.പി.എമ്മിന്റെ ഭൂസമരം അടിസ്ഥാനപ്പെടുത്തിയിരുന്നത് സി.പി.ഐ-കോണ്‍ഗ്രസ് മുന്നണി ഭൂപരിഷ്കരണം നടപ്പാക്കില്ല എന്ന രാഷ്ട്രീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് നാം കണ്ടു. ഇതിനെതിരെയാണ് ബലറാം അടക്കമുള്ള സി.പി.ഐ നേതാക്കള്‍ നമ്പൂതിരിപ്പാട്‘’നുണയനും’‘’വിതണ്ഡവാദിയു’മൊക്കെയാണെന്ന് സമഗ്രമായി പ്രചാരണം അഴിച്ചുവിട്ടത്. അതിനെതിരെ പിടിച്ചുനില്‍ക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞില്ല എന്നാണ് കൃഷ്ണാജിയുടെ നിരീക്ഷണത്തില്‍നിന്ന് വ്യക്തമാകുന്നത്.അധികാരത്തിന് പുറത്തിരിക്കുമ്പോള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളാണ് അധികാരത്തിലുള്ളപ്പോള്‍ നയങ്ങളായി വരുന്നതെന്നാണ് പ്രായോഗിക രാഷ്ട്രീയ മുന്നണികളെക്കുറിച്ച ലെനിനിസ്റ്റ് കാഴ്ചപ്പാടെന്നത് റഷ്യയിലെ വിപ്ളവപൂര്‍വകാലത്തെ പാര്‍ട്ടിസമീപനങ്ങളില്‍നിന്ന് വ്യക്തമാകും. മാര്‍ക്സിസ്റ്റുകള്‍ എന്ന് അവകാശപ്പെടുന്നവരുടെ രാഷ്ട്രീയ പ്രയോഗത്തിന്റെ ഒരു സവിശേഷത ഇതാണെന്ന് മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഉദാഹരണങ്ങളും വ്യക്തമാക്കുന്നു. അങ്ങനെയെങ്കില്‍‘രണ്ടാം മിച്ചഭൂമി സമരം ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ അവരുടെ ഭൂനയത്തില്‍ എങ്ങനെയാവും പ്രതിഫലിക്കേണ്ടത് എന്നതിനെക്കുറിച്ച് സംശയത്തിന് തെല്ലും അവകാശമില്ലല്ലോ? ‘രണ്ടാം മിച്ചഭൂമി ‘സമര’ത്തിന് സമാനമായ ഭൂനയം ‘രണ്ടാം ഭൂപരിഷ്കരണ’ത്തിന്റേതാണെന്ന് എടുത്ത് പറയേണ്ടതില്ലെന്നര്‍ഥം. എന്നാല്‍ ഈ മുദ്രാവാക്യത്തില്‍നിന്നും അതിന്റെ അടിസ്ഥാനത്തിലുള്ള ഭൂനയത്തില്‍നിന്നും സി.പി.എം പിന്നോട്ടു പോകുന്നതെന്ത് എന്ന പ്രശ്നത്തിന് ദീര്‍ഘദര്‍ശിത്വം നിറഞ്ഞ ഉത്തരങ്ങളാണ് കൃഷ്ണാജിയുടെ ലേഖനത്തിലുള്ളത്. രണ്ടാം ഭൂപരിഷ്കരണം, ഈ വിധത്തില്‍ ചിന്തിക്കുമ്പോള്‍, സി.പി.എമ്മിന്റെ മുദ്രാവാക്യം ആണെന്നു കാണാമെങ്കിലും അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങള്‍ക്കില്ലെന്ന് സി.പി.എം പറയുന്നതിന്റെ ഭൌതികാടിസ്ഥാനമെന്തെന്നത് ചിന്താവിഷയമാക്കണം എന്നു തോന്നുന്നു.

എന്തുകൊണ്ട് പിന്നോട്ട്?കൃഷ്ണാജിയുടെ അഭിപ്രായത്തില്‍ 70-കളില്‍ സി.പി.എം അവലംബിച്ച രാഷ്ട്രീയ തന്ത്രത്തില്‍നിന്ന് വ്യക്തമാകുന്നത് സംഘര്‍ഷാത്മകമായ ഒരു ഭൂസമരത്തിന് നേതൃത്വം നല്‍കുന്നതില്‍നിന്ന് 1979 ആയപ്പോഴേക്കും അവര്‍ പിന്നോട്ടു പോയിക്കഴിഞ്ഞു എന്നാണ്. ഇതിനുള്ള കാരണം ഭൂപരിഷ്കരണത്തെക്കുറിച്ച് സി.പി.എമ്മില്‍ നിലനില്‍ക്കുന്ന രൂക്ഷമായ ആശയക്കുഴപ്പമാണെന്ന് കൃഷ്ണാജി നിരീക്ഷിക്കുന്നു. എന്താണ് ഈ ആശയക്കുഴപ്പം? എന്താണ് ഇതിന്റെ രാഷ്ട്രീയ സൈദ്ധാന്തിക പശ്ചാത്തലം? ഈ ആശയക്കുഴപ്പത്തിന്റെ യുക്തിപരമായ വികാസമാണോ ഭൂപരിഷ്കരണത്തിന്റെ അന്ത്യം എന്ന രാഷ്ട്രീയ നിലപാടില്‍ പ്രതിഫലിക്കുന്നത്? ഈ നിലപാടിന്റെ അടിസ്ഥാനത്തില്‍ സി.പി.എം മുന്നോട്ടുവെക്കുന്ന ഭൂനയം സംബന്ധിച്ച കാഴ്ചപ്പാട് എന്തായിരിക്കാം? മുത്തങ്ങ മുതല്‍ ചെങ്ങറ വരെയുള്ള സിവില്‍സമൂഹങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള പ്രസക്തി തള്ളിക്കളയാനാവില്ല.

ഭൂനയവും സമരവുംഭൂവുടമസ്ഥതയുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക-സാമ്പത്തിക- വര്‍ഗ വിഭജനമാണ് ഭൂപരിഷ്കരണത്തോടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാടിനെ നിര്‍ണയിക്കുന്നത്. അതുകൊണ്ടുതന്നെ വര്‍ഗശത്രുക്കളെയും സഖ്യവര്‍ഗങ്ങളെയും കണ്ടെത്തുന്നതിനുള്ള മാനദണ്ഡം ഭൂവുടമസ്ഥതയാണ്. ഭൂപരിധി നിശ്ചയിച്ച് അതിനു മുകളിലുള്ളവരെ തകര്‍ക്കുകയും പരിധിക്കു താഴെയുള്ളവരെ കൂടെനിറുത്തുകയും ചെയ്യുക എന്നതാണ് വിപ്ളവതന്ത്രം. പരിധിക്കു താഴെയുള്ളവരെല്ലാം കൂടെ വന്നുകൊള്ളണമെന്നില്ല. കാരണം കൂലിപ്രശ്നത്തില്‍ അടിസ്ഥാന വര്‍ഗവുമായി ഇവര്‍ക്ക് വൈരുധ്യമുണ്ടാകും. വന്‍കിട ഭൂവുടമകളെ ഒഴിവാക്കിയാലും വിപ്ളവസഖ്യത്തില്‍ ആരൊക്കെ വരുമെന്നതിനെക്കുറിച്ചും ഉറപ്പൊന്നും ഇല്ലെന്നര്‍ഥം. അതുകൊണ്ടാണ് ഐസക്കിന്റെ ലേഖനത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നത്:“ കാര്‍ഷികമേഖലയിലെ അഞ്ചു ശതമാനം വരുന്ന ജന്മിമാര്‍ക്കെതിരെ 95 ശതമാനം വരുന്ന കര്‍ഷക-കര്‍ഷകത്തൊഴിലാളി ജനവിഭാഗത്തെ അണിനിരത്താനാണ് കര്‍ഷക സമരത്തിലൂടെ ശ്രമിച്ചത്. എന്നാല്‍, രണ്ടാം ഭൂപരിഷ്കരണ വാദക്കാര്‍ കാര്‍ഷിക മേഖലയിലെ 20 ശതമാനം വരുന്ന ഉയര്‍ന്ന വിഭാഗം കര്‍ഷകര്‍ക്കെതിരെ 20 മുതല്‍ 30 ശതമാനം വരുന്ന കര്‍ഷകത്തൊഴിലാളികളെ അണിനിരത്താനാണ് ശ്രമിക്കുന്നത്. ഇത്തരം ഒരു പരിപാടി ജനകീയ-ജനാധിപത്യ മുന്നണിയില്‍ അണിനിരക്കേണ്ടവരെ ഒന്നിപ്പിക്കുകയല്ല, ഭിന്നിപ്പിക്കുകയാണ് ചെയ്യുക.”’’ എന്നാല്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന് ഭൂമിയില്‍ അമിത താല്‍പര്യമുള്ള കേരളത്തില്‍ ഭൂവുടമസ്ഥതയെ അടിസ്ഥാനപ്പെടുത്തിയുള്ള വര്‍ഗസഖ്യ മാനദണ്ഡം ഫലപ്രദമാവില്ലെന്നായിരുന്നു കൃഷ്ണാജി സൂചിപ്പിച്ചത്. മാത്രമല്ല, സി.പി.എമ്മിന്റെ വര്‍ഗാടിത്തറ ഈ വിഭാഗത്തിന്റെ പിന്തുണയാണെന്ന് അദ്ദേഹം പറയുന്നു.‘പാര്‍ട്ടിയുടെ ഇക്കാര്യത്തിലുള്ള നിലപാട് ഭാഗികമായെങ്കിലും പാര്‍ട്ടിയുടെ മധ്യവര്‍ഗ ചായ്വില്‍നിന്നും, ഈ മധ്യവര്‍ഗ ചായ്വ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വര്‍ഗപരമായ പശ്ചാത്തലത്തില്‍നിന്നും രൂപംകൊള്ളുന്നതാണ്.സ്വന്തം ഇലക്ട്രല്‍ അടിത്തറ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതുകൊണ്ട് കൃഷ്ണാജിയുടെ അഭിപ്രായത്തില്‍ കര്‍ഷക ഐക്യത്തിന് പാര്‍ട്ടി നല്‍കുന്ന പ്രാധാന്യം തെരഞ്ഞെടുപ്പുകളില്‍ സഹായകമാകുമെങ്കിലും ഭൂസമരങ്ങളെ മുരടിപ്പിക്കുകയാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പിന്റെ യുക്തിയില്‍ മാത്രം ഒതുങ്ങിനിന്നുകൊണ്ട് ഈ പ്രശ്നത്തെ സമീപിക്കാനാവില്ല എന്നതാണ് പ്രധാനമെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. അതുകൊണ്ട് പാര്‍ട്ടിയുടെ തന്ത്രസമീപനത്തില്‍ വിപ്ളവകരമായ ഒരു പൊളിച്ചെഴുത്ത് ആവശ്യമായിരിക്കുന്നുവെന്നാണ് കൃഷ്ണാജി പറഞ്ഞത്.

ഉത്സാ പട്നായികും വികാസ് റാവലുംഎന്നാല്‍, കൃഷ്ണാജി നിര്‍ദേശിക്കുന്ന‘വിപ്ളവകരമായ പൊളിച്ചെഴുത്ത് എന്തുകൊണ്ട് സാധ്യമല്ലെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതിന് ഐസക് ഉപയോഗിച്ച സ്ഥിതിവിവരക്കണക്കുകളുടെ നിജസ്ഥിതി ശ്രദ്ധിക്കണം. “കേരളത്തിലെ ഭൂരഹിതരുടെ എണ്ണത്തെക്കുറിച്ച് പ്രചരിക്കുന്ന കണക്കുകള്‍ അതിശയോക്തി പരമാണ്”’എന്ന് പ്രസ്താവിച്ചുകൊണ്ട് ഐസക് തുടരുന്നു, “ദേശീയ സാമ്പിള്‍ സര്‍വേ പ്രകാരം ഭൂരഹിതരുടെ എണ്ണം കേരളത്തില്‍ ഗണ്യമായി ഉയര്‍ന്നുവെന്നും ഇത് 30 ശതമാനത്തിലേറെ വരുമെന്നും ചിലര്‍ വാദിക്കുന്നു. പ്രൊഫ. ഉത്സാ പട്നായികിന്റെ പഠനത്തെയാണ് ഈ വാദഗതിക്കാര്‍ ആശ്രയിക്കുന്നത്. ഇതുസംബന്ധിച്ച് വിശദമായ രണ്ടു ലേഖനം വികാസ് റാവല്‍ 2008 മാര്‍ച്ച് എട്ടിന്റെ എക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ എഴുതിയിട്ടുണ്ട്. അതുപ്രകാരം ഗ്രാമീണ മേഖലയില്‍ കേരളത്തിലെ ഭൂരഹിത കുടുബങ്ങളുടെ എണ്ണം 1992-ല്‍ 8.4 ശതമാനമായിരുന്നത് 2003-ല്‍ 4.8 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. വീടിനായുള്ള പുരയിടത്തെ ഒഴിവാക്കിക്കൊണ്ടുള്ള കണക്കാണ് പ്രൊഫ. ഉത്സാപട്നായിക് ഉപയോഗിച്ചത്. ഭൂരഹിതരുടെ നിര്‍വചനത്തില്‍ രണ്ടു സര്‍വേകള്‍ തമ്മിലെ വ്യത്യാസമാണ് തെറ്റായ നിഗമനത്തിന് കാരണമായത് എന്നര്‍ഥം.”ഇവിടെ എന്തു തെറ്റ്, ആര്‍ക്കാണ് പറ്റിയതെന്ന് വ്യക്തമല്ല. ഐസക്കിന്റെ വിശദീകരണം വായിച്ചാല്‍ തോന്നുക ഉത്സാ പട്നായികിന് പറ്റിയ എന്തോ തെറ്റ് വികാസ് റാവല്‍ തന്റെ ലേഖനത്തില്‍ തിരുത്തിയെന്നാണ്. എന്നാല്‍ വസ്തുതയെന്താണ്? ഐസക്കിന്റെ വിശദീകരണം തെറ്റിദ്ധാരണാജനകമാണെന്ന് പറയാതെ വയ്യ. “വീടിനായുള്ള പുരയിടത്തെ ഒഴിവാക്കിക്കൊണ്ടുളള കണക്കാണ്” ഉത്സാ പട്നായിക് ഉപയോഗിച്ചത് എന്നെഴുതുമ്പോള്‍ റാവലില്‍നിന്ന് വ്യത്യസ്തമായി എന്തോ അബദ്ധം പട്നായികിന് പറ്റിയെന്ന് തോന്നും. വികാസ് റാവലും ഉത്സാ പട്നായികും നാഷനല്‍ സാമ്പിള്‍ സര്‍വേ ഉദ്ധരിക്കുകയാണ്. രണ്ടുപേരുടെ കണക്കിലും യാതൊരു വ്യത്യാസവുമില്ല. സ്വന്തമായി പുരയിടം ഇല്ലാത്തവരുടെ എണ്ണം വികാസ് റാവല്‍ പ്രത്യേകമായി നല്‍കിയിട്ടുണ്ട്. അതാണ് ഐസക് പറയുന്ന 4.8 ശതമാനം. വികാസ് റാവലും ഉത്സാ പട്നായികും ദേശീയ സാമ്പിള്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഭൂരഹിതരുടെ ശതമാനക്കണക്ക് നല്‍കിയിരിക്കുന്നത് ഒന്നു തന്നെയാണെന്ന സത്യം ഐസക് വെളിപ്പെടുത്തുന്നില്ല. ഉത്സാ പട്നായിക് പറയുന്നു: “ശ്രദ്ധേയമായ വര്‍ധനയാണ് ഭൂരഹിതരുടെ കാര്യത്തില്‍ കേരളത്തിലുണ്ടായിട്ടുള്ളത്. ആറ് ശതമാനത്തില്‍ നിന്ന് 38.6 ശതമാനമായി അത് വര്‍ധിച്ചിരിക്കുന്നു.” വികാസ് റാവല്‍ പറയുന്നു: “പുരയിടമല്ലാതെ മറ്റു ഉല്‍പാദനക്ഷമമോ കൃഷിയോഗ്യമോ ആയ യാതൊരു ഭൂമിയും ഇല്ലാത്ത ഭൂരഹിതര്‍ കേരളത്തില്‍ 36.74 ശതമാനമാണ്.” അതായത്, ഉത്സാ പട്നായികിന്റെ കണക്കില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല വികാസ് റാവലിന്റെ കണക്ക് എന്നര്‍ഥം. ഭൂരഹിതരുടെ ശതമാനം 38.6 എന്ന് ഉത്സാ പട്നായികും 36.74 ശതമാനം എന്ന് വികാസ് റാവലും പറയുന്നു. രണ്ടുപേരും നാഷനല്‍ സാമ്പിള്‍ സര്‍വേയില്‍നിന്ന് കണക്കുകൂട്ടിയതാണ്. ഈ സ്ഥിതിവിവരക്കണക്കുകള്‍ ആര്‍ക്കും പരിശോധിക്കാവുന്നതേയുള്ളൂ. 38.6 ആണോ ശരി 36.74 ആണോ ശരി എന്നൊക്കെ ഏത് കണക്കപ്പിള്ളമാര്‍ക്കും പോയി പരിശോധിച്ച് ബോധ്യപ്പെടാവുന്നതേയുള്ളൂ.

ഇതാണ് സ്ഥിതിയെന്നിരിക്കെ ഈ രണ്ട് ലേഖനങ്ങളും വലിച്ചിഴച്ചുകൊണ്ടുവന്ന് ഐസക് നടത്തുന്ന വ്യായാമത്തിന്റെ പ്രസക്തിയെന്താണ്? ഇതിന്റെ കാരണം മറ്റൊന്നുമല്ല. മുത്തങ്ങ മുതല്‍ ചെങ്ങറ വരെയുള്ള ഭൂസമരങ്ങളില്‍ കര്‍ഷകത്തൊഴിലാളികളായ ദലിത്-ആദിവാസി വിഭാഗങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം കിടപ്പാടം വെക്കാന്‍ പുരയിടം വേണമെന്നല്ല, മറിച്ച് കൃഷിചെയ്തു പുലരാന്‍ കൃഷിഭൂമി വേണമെന്നാണ്. ഭൂപരിഷ്കരണത്തിന്റെ തുടക്കം മുതല്‍ പുരയിടം’ആണ് ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ തുനിഞ്ഞിട്ടുള്ളത് -കൃഷിഭൂമിയല്ല. ഇതിനെതിരെയാണ് ദലിത്-ആദിവാസി വിഭാഗങ്ങള്‍ ഇപ്പോള്‍ സമരരംഗത്തുള്ളത്. ഞങ്ങള്‍ക്ക് പുരയിടം തരൂ എന്നല്ല, കൃഷിഭൂമി തരൂ എന്നാണ് അവരുയര്‍ത്തുന്ന മുദ്രാവാക്യം. സി.പി.എമ്മിന്റെ രണ്ടാം മിച്ചഭൂമിസമര വാദത്തിന്റെ തുടര്‍ച്ചയാണിത്. സ്വന്തം മുദ്രാവാക്യം അധികാരത്തിലെത്തുമ്പോള്‍ നടപ്പാക്കാനുള്ള ബാധ്യതയില്‍നിന്ന് ഒളിച്ചോടുന്നവരുടെ അവസാനത്തെ ആശ്രയമാണ് ഈ ‘പുരയിട’’വാദം.
ഐസക് പറയുന്നതുപോലെ ഉത്സാ പട്നായികിനെ ഉദ്ധരിച്ച് ഇവിടെയാരും അതിശയോക്തിപരമായ കണക്കുകള്‍ ഉദ്ധരിച്ച് ചെങ്ങറപോലുള്ള സമരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഉദ്ധരിച്ചിട്ടുണ്ടെങ്കില്‍ ഉത്സാ പട്നായികും വികാസ് റാവലും ഒരേപോലെ ഉപയോഗിക്കുന്ന നാഷനല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കാണ്. ആ കണക്കുകള്‍ കാട്ടിത്തരുന്നത് മുത്തങ്ങയും ചെങ്ങറയും പോലുള്ള സമരങ്ങള്‍ ഉണ്ടാവുന്നത് ‘രണ്ടാം മിച്ച ഭൂമി സമര’ത്തില്‍ നിന്നും ‘രണ്ടാം ഭൂപരിഷ്കരണ’ത്തില്‍ നിന്നും ‘ഉത്തരവാദപ്പെട്ടവര്‍’ പിന്മാറിയതുകൊണ്ടാണ്.ഈ പുരയിട കണക്ക് ഉയര്‍ത്തിക്കാട്ടി കൈകഴുകി പോകാവുന്നതല്ല കേരളത്തിലെ ഭൂപ്രശ്നം എന്നതാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ഐസക്കിന്റെ അഭിപ്രായത്തില്‍ അപ്പോള്‍ ഇനി കരണീയമായിട്ടുള്ളതെന്താണ്? “എല്ലാ ഭൂരഹിതര്‍ക്കും കൃഷിഭൂമി നല്‍കുക എന്നത് പ്രായോഗിക മുദ്രാവാക്യമല്ല. എല്ലാ ഭൂരഹിതര്‍ക്കും വീടും കിടപ്പാടവും ലഭ്യമാക്കുകയാണ് ലക്ഷ്യം.” ഉത്സാ പട്നായികും റാവലും ഉദ്ധരിക്കുന്ന നാഷനല്‍ സാമ്പിള്‍ സര്‍വേ അനുസരിച്ച് പുരയിടരഹിതരുടെ ശതമാനം കേരളത്തില്‍ 4.8 ശതമാനമാണെങ്കില്‍ ഇന്ത്യയിലത് 10 ശതമാനമാണ്. ഐസക്കിന്റെ പദ്ധതിയനുസരിച്ച് കേരളത്തില്‍ ഈ 4.8 ശതമാനം ഭൂരഹിതര്‍ക്ക് കേരളസര്‍ക്കാര്‍ വീട് നല്‍കുകയും, മറ്റു സംസ്ഥാനങ്ങള്‍ ഉല്‍സാഹിച്ചാല്‍ ഇന്ത്യയിലെ 10 ശതമാനം ഭവനരഹിതര്‍ക്ക് മുഴുവന്‍ വീട് നല്‍കുകയും ചെയ്യാം. ഇതാണത്രെ വി.എസ്. അച്യുതാനന്ദനും പറഞ്ഞത്. ആയിരിക്കാം, പക്ഷേ അതുകൊണ്ട് കൃഷിഭൂമിക്കു വേണ്ടിയുള്ള സമരം അവസാനിക്കുന്നില്ല. രണ്ടാം ഭൂപരിഷ്കരണത്തിന്റെ അജണ്ട ഉപേക്ഷിക്കാനുമാവില്ല.

കാര്‍ഷിക പരിഷ്കരണവും പാട്ടക്കൃഷിയുംകേരളത്തില്‍ ഭൂപരിഷ്കരണത്തിനുള്ള സാധ്യതകള്‍ അവസാനിച്ചുവെന്ന് വിലയിരുത്തുന്ന ഐസക് തുടര്‍ന്ന് കാര്‍ഷിക പരിഷ്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. കൂലിവര്‍ധന ഒരു കാലത്തും ഉല്‍പാദനക്ഷമതക്ക് ആനുപാതികമായിരുന്നില്ലെന്ന പ്രശ്നം ഉന്നയിക്കപ്പെടുന്നതേയില്ല. ഭൂപരിഷ്കരണ പാക്കേജിന്റെ ആകെ നേട്ടമായി പറയുന്നതു ദലിത് വിഭാഗങ്ങള്‍ക്ക് ലഭിച്ച കുടികിടപ്പവകാശം അവരുടെ കൂലി വര്‍ധനക്കായുള്ള സമരങ്ങളെ സഹായിച്ചു എന്നതാണ്. എന്നാല്‍ കാര്‍ഷിക മേഖലയിലെ ആധുനികവത്കരണം തടയപ്പെട്ടതോടെ ഉല്‍പാദനക്ഷമതയും കൂലിവര്‍ധനയും തമ്മിലുണ്ടാവേണ്ട സ്വാഭാവിക ബന്ധം നഷ്ടപ്പെടുകയാണുണ്ടായത്. മറ്റു പല കാരണങ്ങളും ഈ സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്. കൃഷിഭൂമിയുടെ തുണ്ടുവത്കരണത്തിന്റെ പ്രശ്നം ഐസക് തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.ഉല്‍പാദനക്ഷമതയുടെ പ്രശ്നത്തെ കൂലിവര്‍ധനയുടെ പ്രശ്നത്തില്‍നിന്ന് അടര്‍ത്തിമാറ്റി ചിന്തിക്കുന്നത്, കാര്‍ഷിക മേഖലയിലെ നിലപാടുകളിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ രൂക്ഷമായ മറ്റനവധി വൈരുധ്യങ്ങള്‍ കൂടി ചര്‍ച്ചചെയ്യേണ്ടി വരുമെന്നതുകൊണ്ടായിരിക്കണം. എന്നാല്‍ ഈ പ്രശ്നത്തിനുള്ള പരിഹാരമായി ഐസക് ഇപ്പോള്‍ നിര്‍ദേശിക്കുന്നതെന്താണ്? കൃഷിഭൂമി നല്‍കാനാവില്ലെന്ന് ഉറപ്പിച്ചു പറഞ്ഞുകഴിഞ്ഞു. കൂട്ടുകൃഷിയായാലോ? ആ പഴയ സി.പി.ഐ പരിപാടിയും അപ്രായോഗികമായിരിക്കുന്നു. പകരം ഐസക്കിന് നിര്‍ദേശിക്കാനുള്ളത് ഭൂരഹിതരെല്ലാം പാട്ടത്തിന് ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യുകയെന്നതാണ്. സൈദ്ധാന്തികമായ അര്‍ഥത്തില്‍, ഇത് ജന്മിത്തത്തിലേക്കുള്ള തിരിച്ചുപോക്കല്ല എന്ന വാദം ശരിയാണ്. കാരണം പാട്ടം ജന്മിവ്യവസ്ഥയിലും മുതലാളിത്തത്തിലും ഒരേ കാര്‍ഷിക ബന്ധത്തെയോ മിച്ചമൂല്യ സമ്പ്രദായത്തെയോ അല്ല പ്രതിനിധാനം ചെയ്യുന്നത് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പൊതു ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി പാട്ടക്കൃഷിയെ പ്രോല്‍സാഹിപ്പിക്കുകയെന്നതാണ് കാര്‍ഷിക മേഖലയില്‍ ഇടതുപക്ഷത്തിന് ഇനിയാകെ ചെയ്യാന്‍ കഴിയുന്നത് എന്ന് വാദിച്ചുറപ്പിക്കുകയാണ് ഐസക് ചെയ്തിരിക്കുന്നത്.ഇ.എം.എസിന്റെ തറപ്പാട്ടംഎന്നാല്‍ വിചിത്രമെന്ന് പറയട്ടെ, ഈ നിലപാടിന് കടകവിരുദ്ധമായ ഒരു സൈദ്ധാന്തിക സമീപനമാണ് തന്റെ വാദത്തെ നീതിവത്കരിക്കാനെന്ന രീതിയില്‍ ഐസക് ഉദ്ധരിക്കുന്നത്. 1983-ല്‍ സി.പി.എം. ചായ്വുള്ള സോഷ്യല്‍ സയിന്റിസ്റ് മാസികയില്‍ മൂലധന’ത്തിന്റെ മൂന്നാം വാല്യത്തില്‍ തറപ്പാട്ടത്തെക്കുറിച്ച് മാര്‍ക്സ് നടത്തിയ വിശദമായ പഠനത്തിന്റെ ഒരു ചെറു വിവരണത്തോടൊപ്പം, ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ മാര്‍ക്സിന്റെ തറപ്പാട്ട സിദ്ധാന്തത്തിന് പ്രയോഗസാധ്യതയുണ്ടെന്ന് വിലയിരുത്തുന്ന ഒരു ലേഖനം ഇ.എം.എസ് എഴുതിയിരുന്നു. മുതലാളിത്തത്തില്‍ തറപ്പാട്ടം ഉദ്ഭവിക്കുന്നതിനെക്കുറിച്ചുള്ള മാര്‍ക്സിന്റെ വിശദമായ പഠനത്തെ സംഗ്രഹിച്ചവതരിപ്പിക്കുകയും, അയര്‍ലന്റിനെക്കുറിച്ച് മാര്‍ക്സ് നടത്തുന്ന ചില നിരീക്ഷണങ്ങള്‍ക്ക് ഫ്യൂഡലിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ ചില സാംഗത്യങ്ങളുണ്ടെന്നും വാദിക്കുകയാണ് യഥാര്‍ഥത്തില്‍ ഇ.എം.എസ് ചെയ്യുന്നത്. ഇ.എം.എസില്‍നിന്ന് വ്യത്യസ്തമായി ഐസക് മുന്നോട്ടുവെക്കുന്ന നിര്‍ദേശമെന്താണ്? അതായത് ഭൂരഹിതരായ കര്‍ഷകര്‍ പാട്ടക്കൃഷിക്ക് തയാറാവണം. എന്നാല്‍ ഭൂവിലയായി പരിവര്‍ത്തനം പ്രാപിക്കുന്ന തറപ്പാട്ടത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയുന്ന കാര്‍ഷിക പരിഷ്കരണത്തെക്കുറിച്ച് ചിന്തിക്കാന്‍പോലുമാവില്ല. ഭൂമി ചോദിക്കുന്ന കര്‍ഷകനോട് ഭൂമി വിലയ്ക്ക് വാങ്ങി കൃഷി ചെയ്തുകൊള്ളാനും, വില അമിതമാണെങ്കില്‍ അത് സഹിച്ചുകൊള്ളാനും പറയുന്നതാണോ കാര്‍ഷിക മേഖലയിലെ പുത്തന്‍ ഇടതുപക്ഷ’ നയം?

ഇടതുപക്ഷ നിലപാടെന്ത്?തറപ്പാട്ടത്തെക്കുറിച്ചുള്ള കൌട്സ്കിയുടെ അഭിപ്രായം പൂര്‍ണമായ യോജിപ്പോടെയാണ് ലെനിന്‍ ഉദ്ധരിക്കുന്നതെന്ന് ഇ.എം.എസ് ചൂണ്ടിക്കാട്ടുന്നു. തറപ്പാട്ടത്തിന്റെ രണ്ടു രൂപങ്ങളായ കേവല പാട്ടത്തെയും വ്യാവര്‍ത്തക പാട്ടത്തെയും (മയീഹൌലേ ൃലി മിറ റശളളലൃലിശേമഹ ൃലി) വിശദീകരിച്ചുകൊണ്ട് കൌട്സ്കി പറയുന്നത് വ്യാവര്‍ത്തക പാട്ടം മുതലാളിത്തത്തിന് സഹജമായ മല്‍സരത്തില്‍നിന്നും കേവല പാട്ടം ഭൂവുടമസ്ഥതയിലെ കുത്തകയില്‍നിന്നും ഉദ്ഭവിക്കുന്നുവെന്നാണ്. എന്നാല്‍ കേവല പാട്ടത്തിന്റെ അടിസ്ഥാനം സ്വകാര്യ ഉടമസ്ഥതയാണ്. മാര്‍ക്സിസ്റ് പരിപാടിയില്‍ ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാര്‍ഗം ഭൂമിയുടെ ദേശസാത്കരണമാണ്. ഭൂമി ദേശസാത്കരിക്കുമ്പോള്‍ പാട്ടം ഭരണകൂടത്തിനാണ് ലഭിക്കുക, സ്വകാര്യ വ്യക്തികള്‍ക്കല്ല. തുടര്‍ന്ന് കൌട്സ്കി അതിന്റെ മറ്റ് പ്രായോഗിക സൈദ്ധാന്തിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഈ നിലപാട് വിശദീകരിക്കുന്ന ഇ.എം.എസ് പറയുന്നു: “ഇന്ത്യയിലെ കാര്‍ഷിക പരിഷ്കാരങ്ങള്‍ ഭൂമി ദേശസാത്കരണത്തിലേക്ക് നീങ്ങിയിട്ടുണ്ടെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല.” അതുകൊണ്ട് ഇന്ത്യയിലെ -കേരളത്തിലെയും- കര്‍ഷക പ്രസ്ഥാനത്തിന്റെ അടിയന്തരമായ കടമയെന്താണ്?‘ഭൂവിതരണമെന്ന പഴയ കേന്ദ്ര മുദ്രാവാക്യത്തിന് പകരം, കൂലിവര്‍ധന, പാട്ടത്തുക കുറക്കല്‍, ഋണനിര്‍മാര്‍ജനം, ന്യായവില, നികുതി ഭാരം കുറക്കല്‍, അഴിമതി നിര്‍മാര്‍ജനം എന്നിവ ഭൂമി പിടിച്ചെടുക്കലും പുനര്‍വിതരണവും എന്ന മുഖ്യമുദ്രാവാക്യത്തോടൊപ്പം തന്നെ ശക്തമായി ഉയര്‍ത്തണം. അതായത് ഐസക്ക് പറയുന്ന മറ്റു പരിഹാരങ്ങള്‍ ഭൂവിതരണത്തിന്റെ അജണ്ടയില്‍ നിന്ന് പിന്മാറാതെ വേണം ഉയര്‍ത്തിക്കൊണ്ട് വരേണ്ടത് എന്നാണ് ഇ.എം.എസ് വാദിച്ചത്. ഐസക്കിനും പാര്‍ട്ടിക്കും ഇ.എം.എസില്‍ നിന്ന് വ്യത്യസ്തമായ നിലപാടുള്ളതില്‍ പാര്‍ട്ടിക്കുള്ളില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടാകാം. അത് മറ്റുള്ളവര്‍ക്ക് പ്രശ്നമല്ല. പുതിയ നിലപാട് ഇ.എം.എസിന്റെ വീക്ഷണത്തിന് സ്വീകാര്യമല്ലെന്നാണ് ഈ സമരങ്ങളുടെ മുദ്രാവാക്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. മാത്രമല്ല, ഈ പുതിയ സമരങ്ങള്‍ രൂപം കൊള്ളുമ്പോള്‍, തരിശ് ഭൂമി, വനഭൂമി, മറ്റു മിച്ചഭൂമി എന്നിവക്ക് വേണ്ടിയുള്ള സമരം അവസാനിപ്പിക്കരുതെന്നും സി.പി.എം ജലന്ധര്‍ പ്രമേയം ചൂണ്ടിക്കാട്ടി ഇ.എം.എസ് ആവശ്യപ്പെടുന്നു. ഇതാണ് കാര്‍ഷിക ഐക്യത്തിന് സഹായകമാവുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

ചെങ്ങറയുടെ പ്രസക്തിഭൂപരിഷ്കരണത്തിന്റെ പരിമിതികളുടെ മര്‍മത്തില്‍ സ്പര്‍ശിക്കുന്നതും ഇതഃപര്യന്തമുള്ള ഇടതുപക്ഷ-വലതുപക്ഷ നിലപാടുകളിലെ ആശയക്കുഴപ്പങ്ങളും വൈരുധ്യങ്ങളും മറനീക്കി പുറത്തു കൊണ്ടുവരുന്നതുമായ സമരമാണ് ചെങ്ങറയില്‍ നടന്നത്. രണ്ടാം ഭൂപരിഷ്കരണമെന്ന മുദ്രാവാക്യത്തിന് സാധുതയേകുന്ന സൈദ്ധാന്തിക രാഷ്ട്രീയ പരിസരം ഒരു ഭൌതിക യാഥാര്‍ഥ്യമായി നമ്മുടെ മുന്നില്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുകൊണ്ട് ഇനി ഭൂപരിഷ്കരണമില്ലെന്ന നിലപാടിന് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. ഭൂപരിധി പുതുക്കി നിശ്ചയിക്കുന്നതിലൂടെയും മറ്റ് അനുബന്ധ പരിഷ്കാരങ്ങളിലൂടെയും മിച്ചഭൂമിയുടെ കാര്യക്ഷമമായ വിതരണത്തിലൂടെയും ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് കൃഷിഭൂമി ലഭ്യമാക്കുക എന്നത് അടിയന്തരമായ രാഷ്ട്രീയ കര്‍ത്തവ്യം തന്നെയാണ്. രണ്ടാം ഭൂപരിഷ്കരണം എന്നത് ഏതെങ്കിലും തീവ്രവാദി സംഘം ആകാശത്തില്‍നിന്ന് പറിച്ചിട്ട മുദ്രാവാക്യമല്ല, 1979-ല്‍ സി.പി.എം തന്നെ മുന്നോട്ടുവെച്ചതാണ്. 1979-നും 2009-നും ഇടക്ക് നാലു തവണ സി.പി.എം അധികാരത്തില്‍ വന്നു. മുദ്രാവാക്യങ്ങള്‍ നയമാക്കി മാറ്റാനും നടപ്പില്‍ വരുത്താനുമുള്ള കടമ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. ചെങ്ങറസമരം, ഈ യാഥാര്‍ഥ്യത്തിന് നേരെയുള്ള മടങ്ങാത്ത ചൂണ്ടുവിരലാണ്.

Categories
Malayalam Articles

ജീവിതത്തെ മാറ്റുക: ദാര്‍ശനികന്റെ സാംസ്കാരിക വിമര്‍ശം

ജീവിതത്തെ മാറ്റുക: ദാര്‍ശനികന്റെ സാംസ്കാരിക വിമര്‍ശം

ഡോ. ടി ടി ശ്രീകുമാര്‍, സമകാലിക മലയാളം വാരിക, വാര്‍ഷിക പതിപ്പ് 2014.

ജര്‍മ്മന്‍ നവദാര്‍ശനികനായ Peter Sloterdijk-ന്റെ You Must Change Your Life: On Anthropotechnics എന്ന പുസ്തകം വായനക്ക് ഒരു വലിയ വെല്ലുവിളിയാണ്. റില്‍ക്കെയും നീത്ചെയും കാഫ്ക്കയും മുതല്‍ റോമാനിയന്‍ അഫോറിസ്റ്റ് എമീല് ചോറാനും (Emile Cioran) ഗോസാലനും ബുദ്ധനും അരബിന്ദോയും വരെ എത്രയോ ചിന്തകരെയും എഴുത്തുകാരേയും ആശയങ്ങളെയും തത്വചിന്താപരമായ വിശകലനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം അണിനിരത്തുന്നു. റില്‍ക്കേയുടെ Archaic Torso of Apollo എന്ന കവിതയില്‍ നിന്നാണ് ഈ പുസ്തകത്തിന്റെ പേര് സ്വീകരിച്ചിരിക്കുന്നത്. കൈകാലുകളും ശിരസ്സും നഷ്ടപ്പെട്ട അപ്പോളോയുടെ ഒരു കബന്ധശില്‍പ്പമാണ് റില്‍ക്കെയുടെ കവിതയിലെ പ്രതിപാദ്യം. ആന്ത്രോപോട്ടെക്നിക്ക് എന്നത് മനുഷ്യനും യന്ത്രവും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രതലത്തെ ഓര്‍മ്മിപ്പിക്കുന്നു.

സ്ലോറ്റര്‍ഡീക്കിന്റെ ഒരു പുസ്തകം ഞാന്‍ ആദ്യം വായിക്കുന്നത് എണ്പതുകളിലാണ്–വിഖ്യാതമായ Critique of Cynical Reason. ഒറ്റത്തവണത്തെ വായനയില്‍ ഉള്ളടക്കം ഗ്രഹിച്ചു മടക്കി വയ്ക്കാനുള്ള പുസ്തകമായിരുന്നില്ല അത്. പല കാലങ്ങളിലായി, പല ഭാഗങ്ങളായി അത് നിരന്തരം വായിച്ചിട്ടുണ്ട്. ആ വായനയ്ക്ക് സമാന്തരമായാണ് പിന്നീടിറങ്ങിയ അദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങള്‍ വായിച്ചിട്ടുള്ളത്. സ്ലോറ്റര്‍ഡീക്കിന്റെ പുസ്തകങ്ങള്‍ ആശയ ലോകത്തെ നവീകരിക്കുന്നതിനും ചില കാര്യങ്ങളിലെങ്കിലും വഴിമാറി ചിന്തിക്കുന്നതിനും സഹായകമായിട്ടുണ്ട് എന്നതിനാല്‍ അദ്ദേഹത്തിന്റെ ഓരോ പുസ്തകവും ഞാന്‍ കൌതുകത്തോടെ പിന്തുടരുന്നു.

നീത്ചെയുടെ തത്വചിന്തയുടെ ചില സൂക്ഷ്മതലങ്ങള്‍ അറിഞ്ഞിരിക്കുന്നത്, അതുമായി ചിന്താപരമായ ബന്ധുതയുള്ളത്, പുസ്തകത്തിന്റെ വായനയെ സഹായിക്കുന്ന ഘടകമായിരിക്കും. സാമൂഹികഘടനകളുടെ അതിസൂക്ഷമായ ഒരു വായനയിലൂടെ ആശ്രമങ്ങള്‍ മുതല്‍ മതേതരമെന്നു കരുതപ്പെടുന്ന ഇടങ്ങളില്‍വരെ സംന്യാസത്തിന്റെ പ്രത്യയശാസ്ത്രം വേരിരക്കിയിരിക്കുന്നത് എങ്ങനെയെന്ന് ഒരു നീത്ചേയന്‍ വിശ്ലേഷണത്തിലൂടെ സ്ലോറ്റര്‍ഡീക് വിശദീകരിക്കുന്നു. “The re-secularization of the ascetically withdrawn subject” എന്നത് ആധുനികതയുടെ ഒരു അടിസ്ഥാന പ്രശ്നമാകുന്നു എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. യൂറോപ്പിനെ മതത്തിന്റെ ഭൂതം വിഴുങ്ങുന്നുവോ എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം പുസ്തകം ആരംഭിക്കുന്നത് തന്നെ.

പ്രസ്ഥാനങ്ങളെക്കുറിച്ച്, പ്രത്യയശാസ്ത്രധാരകളെക്കുറിച്ച് നിശിതമായ നിരീക്ഷണങ്ങള്‍ പുസ്തകത്തിലുണ്ട്. അച്ചടക്കത്തിന്റെ ആധുനികരൂപങ്ങള്‍ സമുദായങ്ങളില്‍ ഒരു സാംസ്കാരിക രോഗപ്രതിരോധശേഷി വളര്‍ത്തുന്നു. സമുദായം വര്ഗ്ഗങ്ങളുടെയല്ലാതെ വ്യത്യസ്തമായ ഏകോപനങ്ങളിലൂടെ, അനുഷ്ടാനശാഠ്യങ്ങളിലൂടെ അടഞ്ഞ ഗ്രൂപ്പുകളുടെ ഒരു നെറ്റ് വര്‍ക്കായി മാറുകയാണ്. നാമെല്ലാം ഒരു അച്ചടക്ക സമൂഹത്തിന്റെ അജണ്ടയിലേക്ക് നമ്മുടെ ജീവിതത്തെ ചേര്‍ത്ത് നിര്ത്തുന്നു. ജീവിതത്തെ മാറ്റാനുള്ള ത്വരയും എന്നാല്‍ അതിനുള്ള നിസ്സഹായതകളും നമ്മെ കുഴക്കുന്നുണ്ട്.

സാഹിത്യത്തില്‍ നിന്നും കലയില്‍ നിന്നും ഉദാഹരണങ്ങള്‍ സ്വതന്ത്രമായി ഉപയോഗിച്ച് സ്ലോറ്റര്‍ഡീക് സൃഷ്ടിക്കുന്ന വിചാരലോകം സമീപനത്തിന്റെ കാര്യത്തില്‍ മറ്റു ദാര്‍ശനിക രചനകളില്‍ നിന്ന് അകലം പാലിക്കുന്നു. ഗോസാലന്റെ ദര്‍ശനത്തെ വിമര്‍ശിച്ച ബുദ്ധന്റെ സമീപനത്തെ വിശദീകരിച്ചുകൊണ്ട് ‘കാത്തിരിപ്പ്’ എന്ന അടഞ്ഞ സന്ദേശമല്ല മനുഷ്യ സമൂഹത്തിന്റെ ചരിത്രം നല്‍കുന്നത് എന്ന് സ്ലോറ്റര്‍ഡീക് വ്യക്തമാക്കുന്നു. ബുദ്ധന്റെ കാലം മുതല്‍ ആന്തരികലോകത്തെ കാലത്തിന്റെ വേഗത ബാഹ്യ ലോകത്തെ വേഗരാഹിത്യത്തില്‍ നിന്നെ നമ്മെ മോചിപ്പിക്കുന്നതെങ്ങനെ എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നുണ്ട്. പോസിറ്റിവിസ്റ്റ് ദാര്‍ശനികര്‍ ആദ്യം ഉദയം കൊണ്ടത്‌ ഇന്ത്യയിലാണ് എന്ന് ഈ ചര്‍ച്ചക്കിടയില്‍ അദ്ദേഹം വിലയിരുത്തുന്നുണ്ട്. നവലോകത്തെ കുറിച്ചുള്ള രാഷ്ട്രീയമായ തീര്‍പ്പുകള്‍ അല്ല, ഒരു തുടര്‍സംഭാഷണത്തിനുള്ള ദാര്‍ശനിക സന്ദര്‍ഭമാണ് ഈ പുസ്തകം നമുക്ക് നല്‍കുന്നത്. പുസ്തകം Wieland Hoban വിവര്‍ത്തനം ചെയ്തു പോളിറ്റി പ്രസ്സ് ആണു പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Categories
Malayalam Articles

കര്‍ഷകസമരം യുക്തിസഹം

കര്‍ഷകസമരം യുക്തിസഹം

ഡോ. ടി ടി ശ്രീകുമാര്‍ (ഇന്ത്യാ ടുഡേ, അതിഥി, നവംബര്‍ 28-ഡിസംബര്‍ 4 2013)

ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുന്നതില്‍ മലയോര നിവാസികളുടെ ഭാഗത്ത്‌ നിന്ന് ചിന്തിക്കാന്‍ വിസമ്മതിക്കുകയും പരിസ്ഥിതിയുടെ പേരില്‍ വിദഗ്ധ സമിതികള്‍ എത്തി ചേരുന്ന നിഗമനങ്ങള്‍ തങ്ങളുടെ സാമ്പത്തിക നിലനില്പ്പിനെ ബാധിക്കാന്‍ ഇടയുണ്ടോ എന്ന് അവര്‍ സന്ദേഹിക്കുന്നതിന്റെ യുക്തിയെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന സമീപനമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഇത് ദൌര്‍ഭാഗ്യകരമാണ്. സമരത്തിനെതിരെ കടുത്ത നുണപ്രചരണങ്ങളാണ് അഴിച്ചുവിട്ടിരിക്കുന്നത്. സമരക്കാര്‍ മുഴുവന്‍ മാഫിയകളാണ് എന്നും പരിസ്ഥിതി ചൂഷകരാണ് എന്നും നിരന്തരം പ്രചരിപ്പിക്കപ്പെടുന്നു. ഒരു ജനകീയ സമരത്തെ ഇങ്ങനെ നുണയില്‍ മുക്കിക്കൊല്ലാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

ഇപ്പോള്‍ എളുപ്പത്തില്‍ എല്ലാ നഗരവാസികള്‍ക്കും പരിസ്ഥിതി വാദികളാവാം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്ന് വിളിച്ചു പറഞ്ഞാല്‍ മതി. ഗാഡ്ഗില്‍ -കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ പരിസ്ഥിതി സംരക്ഷണത്തിനു സഹായകമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ ഉണ്ട്. അവയില്‍ പലതും നടപ്പിലാക്കുകയും വേണം. എന്നാല്‍ അവ രണ്ടും അടിസ്ഥാനപരമായി ഉപയോഗിക്കുന്ന അന്തര്‍ദേശീയ സാങ്കേതിക പദങ്ങളില്‍ പലതും – ഉദാഹരണത്തിന് പരിസ്ഥിതി ലോല പ്രദേശം തുടങ്ങിയവ- അധിവാസ കേന്ദ്രങ്ങളില്‍ അടിച്ചേല്‍പ്പിച്ചാല്‍ അതിന്റെ ഫലമായുണ്ടാവുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ക്രമീകരണം മനുഷ്യജീവിതം ദുസ്സഹമാക്കുന്നതാണ്. അങ്ങനെ ചെയ്യണമെങ്കില്‍ അതിനു നഷ്ടപരിഹാര പാക്കേജുകളും സബ്സിഡികളും പ്രഖ്യാപിക്കണം. ആ പ്രദേശത്തുള്ളവരുമായി ഇത്തരത്തിലുള്ള നഷ്ടപരിഹാരമാണ് അവര്‍ സ്വീകരിക്കുക എന്നതിനെ കുറിച്ച് ചര്‍ച്ച നടത്തണം. കൃഷിരീതിയില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെടുകയാണെങ്കില്‍ അത്തരം സാമ്പത്തിക പുനര്‍ ക്രമീകരണത്തിനു തയ്യാറാവുന്നവര്‍ക്ക് അര്‍ഹമായ സബ്സിഡികള്‍ പ്രഖ്യാപിക്കണം. പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ ഭൂമിയുടെ ക്രയവിക്രയം ഏതാണ്ട് അസാധ്യമായി തീരുന്ന സാഹചര്യമുണ്ടാവും. അവിടെ ഭൂമി വില്കാന്‍ അനുവാദം ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല. അത്തരം ഭൂമിയുടെ വിപണി വില താഴുകയും അത് തദ്ദേശവാസികളുടെ സാമ്പത്തികനില അപകടത്തിലാവുകയും ചെയ്യും. ദിനംദിന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ചില മേഖലകളില്‍ നിര്‍ത്തി വയ്ക്കണം എന്ന് പൊതു സമൂഹത്തിനു താല്‍പ്പര്യമുണ്ടെങ്കില്‍ ഏകപക്ഷീയമായി നിയമങ്ങള്‍ അവിടുത്തെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയല്ല ജനാധിപത്യപരമായ രീതി. തീരദേശ നഗരങ്ങളിലും ഇടനാടുകളിലും താമസിക്കുന്നവര്‍ ഉണ്ടാക്കുന്ന പരിസ്ഥിതി വിനാശത്തിന്റെ കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ട്‌ മലയോര നിവാസികളെ ഒറ്റപ്പെടുത്തുന്ന സമീപനം ഒരു ജനാധിപത്യ സമൂഹത്തിനു ചേര്‍ന്നതല്ല. അതിരൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ട് എന്നതുകൊണ്ട്‌ ഏകപക്ഷീയമായി കുട്ടനാട് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുമോ?

പക്ഷെ രണ്ടാം ഭൂപരിഷ്കരണം എന്ന അജണ്ടയുടെ പ്രസക്തി ചുരുക്കുന്നതാണ് ഭൂമിയുടെ മേല്‍ കൊണ്ട് വരുന്ന പുതിയ നിയമങ്ങള്‍. മാത്രമല്ല, ഏതു പ്രദേശവും ഒരിക്കല്‍ പരിസ്ഥിതി ലോല പ്രദേശമായി നിര്‍വചിക്കപ്പെട്ടു കഴിഞ്ഞാല്‍ അതിനു മുകളില്‍ നാളെ മറ്റെന്തു നിയമം ഉണ്ടാവും എന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല എന്നും അന്ന് അത് തടയാന്‍ കഴിഞ്ഞേക്കില്ല എന്നും കൂടി മനസ്സിലാക്കേണ്ടതാണ്.

കേരളത്തിലെ മലയോര കുടിയേറ്റ ഗ്രാമങ്ങളുടെ ഘടനയും അവിടുത്തെ സാമ്പത്തിക ജീവിതത്തിന്റെ സവിശേഷതകളും മനസിലാക്കാതെയുള്ള വിമര്‍ശനങ്ങളാണ് സമരത്തിനെതിരെ ഉണ്ടായിട്ടുള്ളത്. സ്വന്തം ഭൂമിയുടെ മേലുള്ള അവകാശം കേവലം ഒരു ആശയം മാത്രമായി മാറുന്ന സാഹചര്യമുള്ളപ്പോള്‍ മലയോര നിവാസികളുമായി തുറന്ന ചര്‍ച്ചക്കാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവേണ്ടത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഗ്രാമസഭ കൂടി തീരുമാനിക്കാം എന്നൊക്കെ പറയുന്നുണ്ട്. അതൊക്കെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞ സ്ഥലത്തെ ചില ഭരണ ക്രമീകരണങ്ങളെ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. പുതിയ പരികല്‍പ്പനകളോ, അല്ലെങ്കില്‍ പഴയ പരികല്‍പ്പനകള്‍ക്ക് പുതിയ നിര്‍വചനമോ കൊണ്ട് വരാതെ ഈ രണ്ട് റിപ്പോര്‍ട്ടുകളും നടപ്പിലാക്കാം എന്ന് കരുതുന്നുതു മൌഢ്യമാണ്.

കര്‍ഷകര്‍ ഉയര്‍ത്തിയ പ്രശനങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ല എന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. അഭിപ്പ്രായം പറയാനുള്ള കര്‍ഷകരുടെ അവകാശത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ല. കേരളത്തിലെ കര്‍ഷകരുടെ ചെലവില്‍ മാത്രം ലോക പരിസ്ഥിതി സംരക്ഷിക്കാന്‍ കഴിയില്ല. നമുക്ക് ചെയ്യുവാന്‍ കഴിയുന്നത്‌ ചെയ്യാനുള്ള പ്രചാരണത്തെയും പ്രായോഗിക പ്രവര്‍ത്തനങ്ങളെയും ആരും എതിര്‍ക്കുന്നില്ല. റിപ്പോര്‍ട്ടിന്റെ അന്ത:സത്ത സഹിക്കാന്‍ കഴിയാത്തത് കൊണ്ടാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന് വാദിച്ചാല്‍ അതിന്റെ മറുപുറം എന്താണ്? പശ്ചിമ ഘട്ടം സംരക്ഷിക്കുന്നത് കൊണ്ട് ഇന്ത്യയില്‍ എലാവര്‍ക്കും ഗുണമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ കാര്‍ഷിക രീതികളും ജീവിത രീതികളും മാറ്റാന്‍ കേരളത്തിലെ കര്‍ഷകരോട് മാത്രം ആവശ്യപ്പെടുമ്പോള്‍ ഉണ്ടാവേണ്ട സമവായ സന്നദ്ധതയും സംഭാഷണ തല്പ്പരതയുമൊന്നും ഇവിടെ കാണുന്നില്ല.

ഗാഡ്ഗില്‍ സമിതിയുടെ നിര്‍ദ്ദേശങ്ങളില്‍ നിന്ന് കര്‍ഷകരുമായി ചര്‍ച്ച ചെയ്തു നടപ്പിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു മിനിമം പരിപാടി ആദ്യം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ തയ്യറാവേണ്ടത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കുക, ഭൂമിയുടെ പുനര്‍ വിതരണവുമായി ബന്ധപ്പെട്ടു ആദിവാസികള്‍ ഉയര്‍ത്തിയിട്ടുള്ള പ്രശ്നങ്ങള്‍ അടക്കം കുടിയേറ്റ പ്രദേശങ്ങളിലെ ഭൂപ്രശ്നം അടിയന്തിര അജണ്ട ആയി ഏറ്റെടുക്കുക, പരിസ്ഥിതി ചൂഷണം തടയുന്നതിന് –ക്വാറീയിംഗ് അടക്കം- നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക. അതിനെ കുറിച്ചുള്ള ഒരു സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക, സമരസമിതിയുമായും ഒപ്പം ആദിവാസി സംഘടനകളുമായും ചര്‍ച്ച നടത്തുക, പരിസ്ഥിതി ലോല പ്രദേശം തുടങ്ങിയ പഴയ പരികല്‍പ്പനകള്‍ക്ക് പകരം ജനസാദ്രതയുള്ള പശ്ചിമ ഘട്ട പ്രദേശങ്ങളുടെ സംരക്ഷണത്തിനു അനുയോജ്യമായ പുതിയ സങ്കേതിക സമീപനം കൈക്കൊള്ളുക, സാമ്പത്തിക് മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ അതിനുള്ള സാമ്പത്തിക പാക്കേജുകള്‍ ചര്‍ച്ച ചെയ്യുക, പശ്ചിമഘട്ടത്തെ ജനസാന്ദ്രതയുടെ അടിസ്ഥാനത്തില്‍ കണ്ടുകൊണ്ടു വിവിധ സംസ്ഥാനങ്ങള്‍ക്ക് പശ്ചിമ ഘട്ട പരിസ്ഥിതി നയ രൂപീകരണത്തില്‍ സ്വയം ഭരണം നല്‍കുക എന്നീ കാര്യങ്ങള്‍ അടിയന്തിരമായി അംഗീകരിക്കപ്പെടനം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനായി കേരളത്തിലെ പൊതു സമൂഹം മലയോര നിവാസികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കണം.

Categories
Malayalam Articles

മലയോരനിവാസികളോട് ഐക്യപ്പെടുക

മലയോരനിവാസികളോട് ഐക്യപ്പെടുക

(The Critic, നവംബര്‍ 27 2013, ‘ഇന്ത്യാ ടുഡേ’ അതിഥി കുറിപ്പിന്റെ -ഡിസംബര്‍ 4- വികസിത രൂപം)

http://thecritic.in/archives/4890

ഗാഡ്ഗില്‍കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുന്നതില്‍ മലയോര നിവാസികളുടെ ഭാഗത്ത് നിന്ന് ചിന്തിക്കാന്‍ വിസമ്മതിക്കുകയും പരിസ്ഥിതിയുടെ പേരില്‍ വിദഗ്ധ സമിതികള്‍ എത്തി ചേരുന്ന നിഗമനങ്ങള്‍ തങ്ങളുടെ സാമ്പത്തിക നിലനില്പ്പിനെ ബാധിക്കാന്‍ ഇടയുണ്ടോ എന്ന് അവര്‍ സന്ദേഹിക്കുന്നതിന്റെ യുക്തിയെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന സമീപനമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഇത് ദൗര്‍ഭാഗ്യകരമാണ്. സമരത്തിനെതിരെ കടുത്ത നുണപ്രചരണങ്ങളാണ് അഴിച്ചുവിട്ടിരിക്കുന്നത്. സമരക്കാര്‍ മുഴുവന്‍ മാഫിയകളാണ് എന്നും പരിസ്ഥിതി ചൂഷകരാണ് എന്നും നിരന്തരം പ്രചരിപ്പിക്കപ്പെടുന്നു. ഒരു ജനകീയ സമരത്തെ ഇങ്ങനെ നുണയില്‍ മുക്കിക്കൊല്ലാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. സഭയുടെ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ പൊതു സമൂഹത്തെ ഇതിനകം തന്നെ കീഴ്‌പ്പെടുത്തിയിട്ടുള്ള ഹൈന്ദവ ദുര്‍ബോധം അതിന്റെ പാരമ്യത്തിലെത്തുക ആയിരുന്നു. ഇടനാട്ടിലെയും തീരദേശത്തേയും പരിസ്ഥിതി പ്രശ്‌നങ്ങളില്‍ നിന്ന് വേറിട്ട് കേരളത്തില്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാം എന്ന് കരുതുന്നതും ശരിയല്ല. പശ്ചിമഘട്ടത്തിനു ആഘാതമെല്പ്പിക്കുന്ന എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ഇവിടെങ്ങളില്‍ നടക്കുന്നുണ്ട് എന്ന് ആലോചിക്കെണ്ടേ? കുടിയേറ്റം ഉണ്ടായതിന്റെ രാഷ്ട്രീയ കാരണങ്ങള്‍ തന്നെ ഇവിടെയാണ് തെരയേണ്ടത്. ഈ കുടിയേറ്റത്തിന്റെ ദോഷഫലങ്ങള്‍ എറ്റവും കൂടുതല്‍ അനുഭവിച്ച ആദിവാസികളോട് യാതൊരു അനുഭാവവും കാട്ടാതിരിക്കുകയും കുടിയേറ്റം സൃഷ്ടിച്ച സാമ്പത്തികാഭിവൃധിയുടെ മുഴുവന്‍ ഗുണഫലങ്ങളും ആഗോളവല്‍ക്കരണ കാലത്തുകൂടി അനുഭവിക്കുകയും ചെയ്ത പൊതുസമൂഹമാണ് ഹൈന്ദവ അജണ്ടക്ക് കീഴടങ്ങി മലയോരവാസികളുടെ സമരത്തെ എതിര്‍ക്കാന്‍ ഇറങ്ങിയത്. ഇപ്പോള്‍ എളുപ്പത്തില്‍ എല്ലാ നഗരവാസികള്‍ക്കും പരിസ്ഥിതി വാദികളാവാം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്ന് വിളിച്ചു പറഞ്ഞാല്‍ മതി. ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ പരിസ്ഥിതി സംരക്ഷണത്തിനു സഹായകമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ ഉണ്ട്. അവയില്‍ പലതും നടപ്പിലാക്കുകയും വേണം. എന്നാല്‍ അവ രണ്ടും അടിസ്ഥാനപരമായി ഉപയോഗിക്കുന്ന അന്തര്‍ദേശീയ സാങ്കേതിക പദങ്ങളില്‍ പലതും. ഉദാഹരണത്തിന് പരിസ്ഥിതി ലോല പ്രദേശം തുടങ്ങിയവ അധിവാസ കേന്ദ്രങ്ങളില്‍ അടിച്ചേല്‍പ്പിച്ചാല്‍ അതിന്റെ ഫലമായുണ്ടാവുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ക്രമീകരണം മനുഷ്യജീവിതം ദുസ്സഹമാക്കുന്നതാണ്. അങ്ങനെ ചെയ്യണമെങ്കില്‍ അതിനു നഷ്ടപരിഹാര പാക്കേജുകളും സബ്‌സിഡികളും പ്രഖ്യാപിക്കണം. ആ പ്രദേശത്തുള്ളവരുമായി ഇത്തരത്തിലുള്ള നഷ്ടപരിഹാരമാണ് അവര്‍ സ്വീകരിക്കുക എന്നതിനെ കുറിച്ച് ചര്‍ച്ച നടത്തണം. കൃഷിരീതിയില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെടുകയാണെങ്കില്‍ അത്തരം സാമ്പത്തിക പുനര്‍ ക്രമീകരണത്തിനു തയ്യാറാവുന്നവര്‍ക്ക് അര്‍ഹമായ സബ്‌സിഡികള്‍ പ്രഖ്യാപിക്കണം. ഇതിനെ കുറിച്ചൊക്കെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ സൂചനകള്‍ ഉണ്ട്. അവയുടെ സാധ്യതകളെയും പരിമിതികളേയും കുറിച്ച് ചര്‍ച്ച പോലും ഉണ്ടാകുന്നതിനു മുന്‍പാണ് കസ്തുരി രംഗന്‍ കമ്മിറ്റി നിയോഗിക്കപ്പെട്ടത്. സി ആര്‍ സോണ്‍ നിയമങ്ങളടക്കം നിരവധി പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ കൊണ്ടുവരാനും നടപ്പിലാക്കാനും ദശാബ്ദങ്ങള്‍ എടുത്തിട്ടുള്ള നാട്ടില്‍ മിന്നല്‍ വേഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പശ്ചിമഘട്ട സംരക്ഷണതിനിറങ്ങിയത്. ഗ്രാമ സഭകള്‍ക്ക് ചര്‍ച്ച ചെയ്യാം എന്നത് റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനു മുന്‍പ് നടക്കേണ്ടതാണ്. അല്ലാതെ റിപ്പോര്‍ട്ട് വഴി കിട്ടേണ്ട ഔദാര്യമല്ല. പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ ഭൂമിയുടെ ക്രയവിക്രയം ഏതാണ്ട് അസാധ്യമായി തീരുന്ന സാഹചര്യമുണ്ടാവും. അവിടെ ഭൂമി വില്കാന്‍ അനുവാദം ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല. അത്തരം ഭൂമിയുടെ വിപണി വില താഴുകയും അത് തദ്ദേശവാസികളുടെ സാമ്പത്തികനില അപകടത്തിലാവുകയും ചെയ്യും. വിദ്യാഭ്യാസ വായ്പ ലഭിക്കുന്നത് അടക്കുമുള്ള കാര്യങ്ങള്‍ അവതാളത്തിലാവും. ദിനംദിന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ചില മേഖലകളില്‍ നിര്‍ത്തി വയ്ക്കണം എന്ന് പൊതു സമൂഹത്തിനു താല്‍പ്പര്യമുണ്ടെങ്കില്‍ ഏകപക്ഷീയമായി നിയമങ്ങള്‍ അവിടുത്തെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയല്ല ജനാധിപത്യപരമായ രീതി. തീരദേശ നഗരങ്ങളിലും ഇടനാടുകളിലും താമസിക്കുന്നവര്‍ ഉണ്ടാക്കുന്ന പരിസ്ഥിതി വിനാശത്തിന്റെ കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് മലയോര നിവാസികളെ ഒറ്റപ്പെടുത്തുന്ന സമീപനം ഒരു ജനാധിപത്യ സമൂഹത്തിനു ചേര്‍ന്നതല്ല. അതിരൂക്ഷമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതുകൊണ്ട് ഏകപക്ഷീയമായി കുട്ടനാട് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുമോ? വിവിധ ദളിത് വിഭാഗങ്ങളില്‍ പെട്ടവരും ഭൂരഹിത ആദിവാസികളും ഭൂരിപക്ഷവും ഇപ്പോള്‍ കര്‍ഷക തൊഴിലാളികളാണ്. അത് അവര്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടാന്‍ വൈമനസ്യമുള്ളവരായതുകൊണ്ടല്ല. മറിച്ചു അവര്‍ക്ക് ഇപ്പോള്‍ ഭൂമി ഇല്ലാത്തത് കൊണ്ടാണ്. അതിന്റെ സംഘര്‍ഷങ്ങള്‍, ഭൂമി കയ്യേറ്റങ്ങള്‍, ആദിവാസി ഭൂമിയുടെ ഭൂമിയുടെ അന്യവല്‍ക്കരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇന്നത്തെ ധ്രുവീകരണത്തിനു ഒരു പങ്കു വഹിച്ചിട്ടുണ്ട് എന്ന് എനിക്കറിയാം. പക്ഷെ രണ്ടാം ഭൂപരിഷ്‌കരണം എന്ന അജണ്ടയുടെ പ്രസക്തി ചുരുക്കുന്നതാണ് ഭൂമിയുടെ മേല്‍ കൊണ്ട് വരുന്ന പുതിയ നിയമങ്ങള്‍. അതുകൊണ്ട് തന്നെ എല്ലാ വിഭാഗം ജനങ്ങളെയും ഇത് ബാധിക്കും എന്നത് ഉറപ്പാണ്. മാത്രമല്ല, ഏതു പ്രദേശവും ഒരിക്കല്‍ പരിസ്ഥിതി ലോല പ്രദേശമായി നിര്‍വചിക്കപ്പെട്ടു കഴിഞ്ഞാല്‍ അതിനു മുകളില്‍ നാളെ മറ്റെന്തു നിയമം ഉണ്ടാവും എന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല എന്നും അന്ന് അത് തടയാന്‍ കഴിഞ്ഞേക്കില്ല എന്നും കൂടി മനസ്സിലാക്കേണ്ടതാണ്. കേരളത്തിലെ മലയോര കുടിയേറ്റ ഗ്രാമങ്ങളുടെ ഘടനയും അവിടുത്തെ സാമ്പത്തിക ജീവിതത്തിന്റെ സവിശേഷതകളും മനസിലാക്കാതെയുള്ള വിമര്‍ശനങ്ങളാണ് സമരത്തിനെതിരെ ഉണ്ടായിട്ടുള്ളത്. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ കേരളവുമായി താരതമ്യപെടുത്തുന്നതില്‍ അര്‍ത്ഥമില്ല. കേരളത്തിലെ കിഴക്കന്‍ പ്രദേശങ്ങളിലെ അധിവാസ മാതൃകയോ സാമ്പത്തിക പ്രവര്ത്തനങ്ങളോ അല്ല അവിടെ ഉള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് സ്വീകാര്യമല്ല. അറുപതു ദിവസത്തിനുള്ളില്‍ ആര്‍ക്കും അഭിപ്രായം എഴുതി അറിയിക്കാം, സൌകര്യമുണ്ടെങ്കില്‍ പരിഗണിക്കും എന്ന രീതിയിലാണ് ഏറ്റവും ഒടുവില്‍ പോലും സര്‍ക്കാര്‍ വക്താവ് സംസാരിച്ചത്. സ്വന്തം ഭൂമിയുടെ മേലുള്ള അവകാശം കേവലം ഒരു ആശയം മാത്രമായി മാറുന്ന സാഹചര്യമുള്ളപ്പോള്‍ മലയോര നിവാസികളുമായി തുറന്ന ചര്‍ച്ചക്കാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവേണ്ടത്. പശ്ചിമഘട്ടത്തിലെ വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളെ ഒരു പോലെ കാണാന്‍ കഴിയില്ല. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള ശാസ്ത്രബോധത്തിന്റെ സാമാന്യ യുക്തിയാണ് ഈ രണ്ടു റിപ്പോര്ടുകളുടെയും അടിസ്ഥാനം. ഇതില്‍ ഉപയോഗിച്ചിട്ടുള്ള സാങ്കേതിക വിജ്ഞാനം നിലവിലുള്ള പരികല്‍പ്പനകളുടെ പ്രയോഗം മാത്രമാണ്. എന്നാല്‍ പരിസ്ഥിതിലോല പ്രദേശം തുടങ്ങിയ ലേബലുകള്‍ ഭരണനിയമ സങ്കേതങ്ങളുടെ കൂടി അടിത്തറയുള്ളതാണ്. അവ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പരിമിതിപ്പെടുത്തുന്നു എന്ന് പറഞ്ഞാല്‍ അത് നിത്യജീവിതത്തെ ബാധിക്കും എന്ന് തന്നെയാണ് അര്‍ഥം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഗ്രാമ സഭ കൂടി തീരുമാനിക്കാം എന്നൊക്കെ പറയുന്നുണ്ട്. അതൊക്കെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞ സ്ഥലത്തെ ചില ഭരണ ക്രമീകരണങ്ങളെ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. പുതിയ പരികല്‍പ്പനകളോ, അല്ലെങ്കില്‍ പഴയ പരികല്‍പ്പനകള്‍ക്ക് പുതിയ നിര്‍വചനമോ കൊണ്ട് വരാതെ ഈ രണ്ട് റിപ്പോര്‍ട്ടുകളും നടപ്പിലാക്കാം എന്ന് കരുതുന്നുതു മൌഢ്യമാണ്. കര്‍ഷകര്‍ ഉയര്‍ത്തിയ പ്രശനങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ല എന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. കൃഷി എങ്ങനെ ഭാവിയില്‍ മാറ്റണം എന്നതിനെ കുറിച്ചുള്ള വ്യക്തമായ ചില നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്. കൃഷി മാത്രമല്ല, നിരവധി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ വിവിധ സന്ദര്‍ഭങ്ങളിലായി റിപ്പോര്‍ട്ടില്‍ കടന്നു വരുന്നു. ഇവയെ കുറിച്ച് അഭിപ്പ്രായം പറയാനുള്ള കര്‍ഷകരുടെ അവകാശത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ല. കേരളത്തിലെ കര്‍ഷകര്‍ പരിസ്ഥിതി വിരുദ്ധരും മന്മോഹന്‍സിങ്ങും കോണ്ഗ്രസ് സര്‍ക്കാരും പരിസ്ഥിതി സംരക്ഷകരുമാണോ? അതാണോ നാം ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ കാണുന്നത്? കേരളത്തിലെ കര്‍ഷകരുടെ ചെലവില്‍ മാത്രം ലോക പരിസ്ഥിതി സംരക്ഷിക്കാന്‍ കഴിയില്ല. നമുക്ക് ചെയ്യുവാന്‍ കഴിയുന്നത് ചെയ്യാനുള്ള പ്രചാരണത്തെയും പ്രായോഗിക പ്രവര്‍ത്തനങ്ങളെയും ആരും എതിര്‍ക്കുന്നില്ല. റിപ്പോര്‍ട്ടിന്റെ അന്ത:സത്ത സഹിക്കാന്‍ കഴിയാത്തത് കൊണ്ടാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന് വാദിച്ചാല്‍ അതിന്റെ മറുപുറം എന്താണ്? വിജ്ഞാപനം പുറപ്പെടുവിച്ച കേന്ദ്ര സര്‍ക്കാര്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ കാവല്‍ മാലാഖയാണെന്നോ? പശ്ചിമ ഘട്ടം സംരക്ഷിക്കുന്നത് കൊണ്ട് ഇന്ത്യയില്‍ എലാവര്‍ക്കും ഗുണമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ കാര്‍ഷിക രീതികളും ജീവിത രീതികളും മാറ്റാന്‍ കേരളത്തിലെ കര്‍ഷകരോട് മാത്രം ആവശ്യപ്പെടുമ്പോള്‍ ഉണ്ടാവേണ്ട സമവായ സന്നദ്ധതയും സംഭാഷണ തല്പ്പരതയുമൊന്നും ഇവിടെ കാണുന്നില്ല. ഗാഡ്ഗില്‍ സമിതിയുടെ നിര്‍ദ്ദേശങ്ങളില്‍ നിന്ന് കര്‍ഷകരുമായി ചര്‍ച്ച ചെയ്തു നടപ്പിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു മിനിമം പരിപാടി ആദ്യം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ തയ്യറാവേണ്ടത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കുക, ഭൂമിയുടെ പുനര്‍ വിതരണവുമായി ബന്ധപ്പെട്ടു ആദിവാസികള്‍ ഉയര്‍ത്തിയിട്ടുള്ള പ്രശ്‌നങ്ങള്‍ അടക്കം കുടിയേറ്റ പ്രദേശങ്ങളിലെ ഭൂപ്രശ്‌നം അടിയന്തിര അജണ്ട ആയി ഏറ്റെടുക്കുക, പരിസ്ഥിതി ചൂഷണം തടയുന്നതിന് –ക്വാറീയിംഗ് അടക്കം നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക. അതിനെ കുറിച്ചുള്ള ഒരു സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക, സമരസമിതിയുമായും ഒപ്പം ഡി എച് ആര്‍ എം അടക്കമുള്ള ദളിത്ആദിവാസി സംഘടനകളുമായും ചര്‍ച്ച നടത്തുക, പരിസ്ഥിതി ലോല പ്രദേശം തുടങ്ങിയ പഴയ പരികല്‍പ്പനകള്‍ക്ക് പകരം ജനസാദ്രതയുള്ള പശ്ചിമ ഘട്ട പ്രദേശങ്ങളുടെ സംരക്ഷണത്തിനു അനുയോജ്യമായ പുതിയ സങ്കേതിക സമീപനം കൈക്കൊള്ളുക, സാമ്പത്തിക് മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ അതിനുള്ള സാമ്പത്തിക പാക്കേജുകള്‍ ചര്‍ച്ച ചെയ്യുക, പശ്ചിമഘട്ടത്തെ ജനസാന്ദ്രതയുടെ അടിസ്ഥാനത്തില്‍ കണ്ടുകൊണ്ടു വിവിധ സംസ്ഥാനങ്ങള്‍ക്ക് പശ്ചിമ ഘട്ട പരിസ്ഥിതി നയ രൂപീകരണത്തില്‍ സ്വയം ഭരണം നല്‍കുക എന്നീ കാര്യങ്ങള്‍ അടിയന്തിരമായി അംഗീകരിക്കപ്പെടനം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനായി കേരളത്തിലെ പൊതു സമൂഹം മലയോര നിവാസികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കണം.

Categories
Malayalam Articles

ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ഭൂവുടമസ്ഥതയും

ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ഭൂവുടമസ്ഥതയും

(ഫെയ്സ്ബുക് നോട്ട് , നവംബര്‍ 28 2013)

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പുരോഗമനപരമായ ഒരു നിലപാടായി അതിലെ ഭൂവുടമസ്ഥതയെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ മനസ്സിലാക്കപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു (സണ്ണി കപിക്കാട്). ഇത് എത്ര മാത്രം ശരിയാണ് എന്നത് നിശിതമായ വിശകലനത്തിന് വിധേയമാക്കേണ്ടതാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അമിതമായി ആദര്‍ശവല്‍ക്കരിക്കുന്ന സമീപനം വിമര്‍ശ്നാത്മകതയെ തളര്‍ത്തുകയും രാഷ്ട്രീയ വിശകലനത്തെ മരവിപ്പിക്കുകയും ചെയ്യുന്നു എന്നതുകൊണ്ടാണ് കൂടുതല്‍ ചര്‍ച്ച അനിവാര്യമാകുന്നത്. ചിലയിടത്ത് ഒസ്ട്രോമിന്റെയും (Ostrom) ചിലയിടത്ത് നിയോ ക്ലാസ്സിക്കല്‍ ധനശാസ്ത്രത്തിന്റെയും സ്മീപനങ്ങള്‍ കൈക്കൊള്ളുന്ന ഒരു എക്ല്ക്റ്റിക് സമീപനം ആണു റിപ്പോര്‍ട്ടിനുള്ളത്. അക്കദമിക് തലത്തില്‍ ഇത് സ്വീകാര്യമാണെങ്കിലും ഇതിനെ വളരെ പെട്ടെന്ന് ഒരു സമര മാനിഫെസ്റ്റോ ആക്കി ഉദാത്തവല്‍ക്കരിക്കുന്നത് ഗുണം ചെയ്യും എന്ന് തോന്നുന്നില്ല. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാന പ്രശ്നം രണ്ടാം ഭൂപരിഷ്കരണം എന്ന ദളിത്‌-ആദിവാസി അജണ്ടയെ അത് പിന്നോട്ടടിക്കുന്നു എന്നതാണ് എന്ന് ഞാന്‍ മുന്‍പ് ചൂണ്ടികാണിച്ചിട്ടുണ്ട്. ഉടമസ്ഥതയെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ നിഗമനത്തിന് അടിവരയിടുകയാണ് ചെയ്യുന്നത്. മൂന്നു പ്രധാന സന്ദര്‍ഭങ്ങളിലാണ് റിപ്പോര്‍ട്ടില്‍ ഉടമസ്ഥതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ കടന്നു വരുന്നത് (ഭാഗം രണ്ടില്‍). 

ചെറുകിട വനോല്‍പ്പന്നങ്ങളുടെ സഹായത്തോടെ ആദിവാസി സമൂഹത്തിന്റെ ജീവിത നിലവാരം എങ്ങനെ മെച്ചപ്പെടുത്താം എന്ന സന്ദര്ഭമാണ് ഒന്ന്. അവിടെ റിപ്പോര്‍ട്ട് പറയുന്നത് സാമൂഹിക വന പരിപലനമോ സംയുക്ത വന പരിപാലനമോ ഇല്ലാത്ത നിരവധി വന പ്രദേശങ്ങള്‍ ഇപ്പോഴുമുണ്ടെന്നും അവിടങ്ങളിലെ ചെറുകിട വനോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് കേവലം ഉടമസ്ഥത പോരെന്നും ബോധപൂര്‍വ്വമായ വന നവീകരണം ആവശ്യമുന്ടെന്നുമാണ്. കമ്യൂണിറ്റി ഉടമസ്ഥത നിലനില്‍ക്കുന്നു എന്ന് കമ്മിറ്റി പറയുന്ന മേഖലകളിലെ കാര്യമാണിത്. PESA (Panchayath Extension of Scheduled areas), FRA (Forest Rights Act)തുടങ്ങിയ നിയമങ്ങളും, ഇവിടുത്തെ സാമൂഹിക ഉടമസ്ഥതയും വനവ്യവസ്ഥയുടെ തകര്‍ച്ചയെ തടയുന്നില്ലെന്നാണ് റിപ്പോര്ട് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ PESA, FRA, Forest Conservation Act (FCA) തുടങ്ങിയവയെ കുറിച്ചുള്ള അടിസ്ഥാന വിമര്‍ശനങ്ങളെ റിപ്പോര്‍ട്ട് കണ്ടില്ലെന്നു നടിക്കുന്നു. 2002 ലെ സര്‍ക്കുലര്‍ അനുസരിച്ച് ആദിവാസികളെ കയ്യേറ്റക്കാരായി കാണുന്ന സമീപനമാണ് കേന്ദ്ര വനം മന്ത്രാലയം സ്വീകരിച്ചിരുന്നത്. വന്‍കിട ചൂഷകര്‍ക്ക് പുറം വാതിലിലൂടെ വനം കൊള്ളക്ക് അവസരം ഉണ്ടാക്കുന്നതും എന്നാല്‍ ആദിവാസികളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുന്നതുമായ സമീപനമായിരുന്നു അവരുടേത്. വന സംരക്ഷണ നിയമം വന-ഇതര ഉപയോഗത്തിനുള്ള വന ഭൂവിനിയോഗം തടയുന്നെന്ടെങ്കിലും മുന്‍‌കൂര്‍ അനുവാദത്തോടെ ഇതാകം എന്ന നിബന്ധന അത്തരം വിനിയോഗങ്ങള്‍ ഫലത്തില്‍ അംഗീകരിക്കുകയാനുണ്ടായത്. മാത്രമല്ല വന്‍കിടക്കാര്‍ക്ക് വന ഭൂവിനിയോഗം എളുപ്പമാവുകയും ആദിവാസികള്‍ സംബന്ധിചെടത്തോളം അവരെ വന മേഖലകളില്‍ നിന്ന് ഇറക്കി വിടുന്നതിനു പോലും കഴിയുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. Protected Area Network എന്ന നിയമം വന്നതോടെ ഈ ദുരവസ്ഥ അതിന്റെ പാരമ്യത്തിലെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ , യാതൊരു പ്രത്യക്ഷാവകാശങ്ങളും നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത മേഖലകളില്‍ നിന്ന് ആദിവാസികളെ പുറത്താക്കുന്നത് ഭരണകൂടത്തിനു എളുപ്പമായി തീര്‍ന്നു. അവരുടെ അധിവാസ അവകാശം പോലും ചോദ്യം ചെയ്യപ്പെട്ടു. എന്ന് മാത്രമല്ല, 2002-ലെ വന്യജീവി സംരക്ഷണ നിയമം (Wildlife Protection Act , WLPA) PESA-യെ കുറിച്ച് മിണ്ടുന്നില്ല എന്ന് മാത്രമല്ല, സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടും അവകാശങ്ങള്‍ പിന്വളിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ഇതിനോടൊപ്പം അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയാണ് വന സംരക്ഷണ നിയമവും വന്യ ജീവി സംരക്ഷണ നിയമവും ഭരണഘടനാപരമായ PESA പോലെയുള്ള നിയമങ്ങളെക്കാള്‍ കൂടുതല്‍ കര്‍ക്കശമാണ്‌ എന്നുള്ളത്. കൂടാതെ PESA പോലുള്ള നിയമങ്ങളുടെ പരിമിതികളെയും റിപ്പോര്‍ട്ട് ഒരു വലിയ പരിധി വരെ കണ്ടില്ലെന്നു നടിക്കുന്നു.

സാമൂഹിക ഉടമസ്ഥതയെ സംബന്ധിച്ചുള്ള ഇത്തരം സങ്കീര്‍ണ്ണമായ പ്രശനങ്ങളെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അവഗണിക്കുകയാണ് ചെയ്യുന്നത് എന്ന് കാണാം. വനം വകുപ്പിനെ കുറിച്ചുള്ള കേവല വിമര്‍ശനങ്ങളില്‍ റിപ്പോര്‍ട്ട് ഒതുങ്ങിപ്പോവുകയും ആദിവാസി മേഖലകളിലെ ഭരണപരമായ വലിയ വെല്ലുവിളികളെ അത് അവഗണിക്കുകയും ചെയ്യുന്നു. ആദിവാസി സ്വയം ഭരണത്തിന്റെ രാഷ്ട്രീയത്തെ ശക്തി പെടുത്തുന്നതിനു ഗാഡ് ഗില്‍ റിപ്പോര്‍ട്ടിലെ ടെക്നോക്രാറ്റിക്ക് സമീപനം മത്യാവാതെ വരുമെന്നും അതിനേക്കാള്‍ അടിസ്ഥാനപരമായ മുദ്രാവാക്യങ്ങള്‍ ആദിവാസി വിഭാഗങ്ങള്‍ ഇന്ത്യയിലും കേരളത്തിലും ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ടെന്നും മനസിലാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഉടമസ്ഥതയുടെ കാര്യത്തിലുള്ള മുന്നോട്ടു പോക്കായി കാണാന്‍ സാധ്യമല്ല എന്നതാണ് യാതാര്‍ത്ഥ്യം. വനാവകാശ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ നിന്ന് ചില വശങ്ങള്‍ മാത്രം ആണു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സ്വീകരിച്ചിട്ടുള്ളത്.

രണ്ടാമതായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉടമസ്ഥതയുടെ പ്രശനം ചര്‍ച്ച ചെയ്യുന്നത് ജീവിത രീതിയും ഉടമസ്ഥതയും തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തിലാണ്. ഇവിടെ സാമൂഹികമായ ഉടമസ്ഥതയെ കുറിച്ചല്ല, സ്വകാര്യ ഉടമസ്തതെയെ കുറിച്ചാണ് പറയുന്നത്. ഗ്രാമവാസികള്‍ /നഗര വാസികള്‍ എന്നൊരു ലളിതമായ dichotomy ആണു ഗാഡ് ഗില്‍ സ്വീകരിച്ചിട്ടുള്ളത്. ഗ്രാമ വാസികള്‍ നഗര ജീവിതം ആസ്വദിക്കാന്‍ ഇഷ്ടപെടുന്നതുകൊണ്ട് ഭൂമി വിട്ടു നഗരത്തിലേക്ക് പോകുന്നുവെന്നും നഗര വാസികളാവട്ടെ ഗ്രാമ ജീവിതം ഇഷ്ടപ്പെട്ടു ഭൂമി വാങ്ങുകയും ചെയ്യുന്നു എന്ന്നുമാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. ‘ഉടമസ്ഥത’ ഭൂവിനിയോഗത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചുള്ള കമ്മിറ്റിയുടെ വിലയിരുത്തലിന്റെ സന്ദര്‍ഭം ഇതാണ് എന്ന് ഓര്‍ക്കേണ്ടതുണ്ട്. കാര്‍ഷിക വൃത്തിയില്‍ നിന്ന് കാര്‍ഷികേതര വൃത്തിയിലേക്ക് ഭൂമി മാറുന്നതിനു ഇത്തരം ഭൂമി വില്‍പ്പനയ കാരനമൌന്നു എന്ന ഒരു നിരീക്ഷണം മാത്രമാണ് കമ്മിറ്റി നടത്തുന്നത്. ഇതില്‍ പുതുതായി ഒന്നുമില്ലെന്ന് നമുക്കറിയാം. ഇത് ഉല്‍പ്പാദന ബന്ധം മാറുന്നതിനെ കുറിച്ചുള്ള ഒരു കാഴ്ചപ്പാടല്ല. ഭൂവിതരണത്തിന്റെ പ്രശനത്തെ ഇത് അഭിസംബോധന ചെയുന്നു പോലുമില്ല. ഇതിനുള്ള പരിഹാരത്തിലാവട്ടെ പൊതു ഉടമസ്ഥതിയിലുള്ള ഭൂമി ഒരു കാരണ വശാലും സ്വകാര്യ ഉടമസ്ഥതയിലാക്കരുത് എന്ന് പറയുന്നത് ഭൂപുനര്‍ വിതരണത്തിന്റെ അജണ്ടയെ നിര്‍വീര്യമാക്കുന്നതാണ് എന്നതും മനസ്സിലാക്കപ്പെടെണ്ടതുണ്ട്. ഉടമസ്ഥാവകാശത്തിന്റെ ഉടച്ചു വാര്‍ക്കല്‍ എന്ന രണ്ടാം ഭൂപരിഷ്കരണത്തിന്റെ അടിസ്ഥാന പരിസരത്തെ റിപ്പോര്ട്ട് അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത. ഭൂ പുനര്‍വിതരണത്തിനായുള്ള സമരത്തിന്റെ മുദ്രാവാക്യത്തെ മുന്നോട്ടു കൊണ്ട് പോകാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഒരു ആയുധമാകുന്നില്ല എന്നു മാത്രമല്ല അത് ആ മുദ്രാവാക്യത്തെ പരിമിതപെടുത്തുകയുമാണ് ചെയ്യുന്നത്. ഭൂമിയുടെ ഉടമസ്ഥതയുടെ രീതികളെ കുറിച്ചുള്ള ഗാഡ്ഗില്‍ നിരീക്ഷണങ്ങള്‍ അല്ല, മറിച്ച്, ഉടമസ്ഥാവകാശം അതില്ലാത്തവര്‍ക്ക് നല്‍കുന്നതിനുള്ള ദളിത്‌-ആദിവാസി മുദ്രാവാക്യമാണ് മുന്നോട്ടു കൊണ്ട് പോകേണ്ടത്. ഗാഡ്ഗില്‍ നിരീക്ഷണം കേവല ധനശാസ്ത്ര യുക്തിയുടെ ആവര്‍ത്തനം മാത്രമാണ്.

എന്നാല്‍ ഏറ്റവും ശക്തമായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് രണ്ടാം ഭൂപരിഷ്കരണ അജണ്ടയെ ചോദ്യം ചെയ്യുന്നത് വന സംരക്ഷണത്തിനുള്ള പ്രതിഫലത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തിലാണ്. ഇവിടെ ഉടമസ്ഥതയെ സംബന്ധിച്ച് തികച്ചും യാഥാസ്ഥിതികവും, മൂലധന താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നതുമായ ഒരു സമീപനമാണ് റിപ്പോര്‍ട്ട് വികസിപ്പിക്കുന്നത്. പ്രതിഫലം നല്കാനുള്ളവരുടെ കൂട്ടത്തില്‍ വന്‍കിട തോട്ടങ്ങളെയും ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് അവിടെ അത് അവസാനിപ്പിക്കുന്നില്ല. സ്വകാര്യ കമ്പനികളെയും തോട്ടങ്ങളെയും ഇതിന്റെ പരിധിയില്‍ കൊണ്ട് വരുന്നതിനുള്ള റിപ്പോര്‍ട്ടിന്റെ ആഭിമുഖ്യം എന്തെങ്കിലും നിക്ഷിപ്ത താല്‍പ്പര്യം കൊണ്ടാണ് എന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടു കമ്മിറ്റി എടുത്തിട്ടുള്ള നിലപാടുകള്‍ ഫലത്തില്‍ കേരളത്തിലെ ഭൂസമരങ്ങളുടെ യുക്തിയെ തന്നെ ചോദ്യം ചെയ്യുന്നതാണ് എന്നത് വിസ്മരിച്ചു കൂടാ. തോട്ടങ്ങളെ പൂര്‍ണ്ണമായ സ്വകാര്യ ഉടമസ്ഥതയില്‍ ഉള്ളതും സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്തവയും എന്നാണു കമ്മിറ്റി വേര്‍തിരിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്ത കമ്പനികളോടുള്ള സമീപനത്തെ കുറിച്ചു പ്രധാനപ്പെട്ട ചില നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. കേരളത്തിലെ ദളിത്‌-ആദിവാസി സമൂഹത്തെ സംബന്ധിചെടത്തോളം ഗാഡ് ഗില്‍ റിപ്പോര്‍ട്ടിലെ ഏറ്റവും യാഥാസ്ഥിതികവും അസ്വീകാര്യവുമായ ഭാഗങ്ങളില്‍ ഒന്നാണിത് എന്നാണ് എന്റെ അഭിപ്രായം. ഉടമസ്ഥതയെ കുറിച്ചുള്ള ഗാഡ്ഗില്‍ സമീപനത്തിന്റെ കാതല്‍ നമുക്കിവിടെ കാണാം.

ഇന്ന് കേരളത്തില്‍ നടക്കുന്ന ഭൂസമരങ്ങളില്‍ തോട്ടങ്ങളിലെ ഹാരിസന്റെ അടക്കം പാട്ട ഭൂമി പിടിച്ചെടുക്കുന്നത് സംബന്ധിച്ച മുദ്രാവാക്യങ്ങള്‍ ശക്തമായി ഉയര്‍ന്നിട്ടുണ്ട് എന്ന് നമുക്കറിയാം. ഇതേ കുറിച്ച് റിപ്പോര്‍ട്ട് തികച്ചും അസ്വീകാര്യമായ ഒരു നിലപാടാണ് മുന്നോട്ടു വയ്ക്കുന്നത്. ഇത് വിസ്മരിച്ചുകൊണ്ട്‌ ഉടമസ്ഥതയെ കുറിച്ചുള്ള ഗാഡ്ഗില്‍ ദര്‍ശനം ചാര്‍ച്ച ചെയ്യാന്‍ കഴിയില്ല എന്നതാണ് വസ്തുത. ഇക്കാര്യത്തില്‍ യാതൊരു സന്ദിഗ്ധതയും റിപ്പോര്ട്ടില്‍ല്‍ ഇല്ല. തോട്ടമുടമകള്‍ പാട്ടത്തിനു എടുത്തിട്ടുള്ള ഭൂമി കാലയളവ് അവസാനിക്കുന്നതോടെ തിരിച്ചെടുക്കണമെന്നും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും ഇതിനകം ആവശ്യം ഉയര്‍ന്നിട്ടുള്ളതാണ്. ഗാഡ് ഗില്‍ കമ്മിറ്റിയുടെ അഭിപ്രായത്തില്‍ ‘പ്രകൃതി സംരക്ഷകരുടെ’ ഈ വാദം തളിക്കളയേണ്ടതാണ്. അതിനുള്ള കാരണങ്ങളും കമ്മിറ്റി നിരത്തുന്നുണ്ട്‌. ഒന്ന് ഇത്തരം പാട്ടങ്ങളെ കുറിച്ചുള്ള ശരിയായ കണക്കുകള്‍ ലഭ്യമല്ല. രണ്ടു, കണക്കുകള്‍ ലഭ്യമല്ലെങ്കിലും തോട്ടങ്ങളുടെ പാട്ട ഭൂമി താരതമ്യേന നിസ്സാരമാണ് എന്ന് അഭ്യൂഹിക്കവുന്നതാണ്.. തോട്ടങ്ങളിലെ തൊഴിലാളികളുടെ ജോലി സാധ്യതയെ ബാധിക്കും എന്നുള്ളതുകൊണ്ട് ഇത്തരം ഭൂമി പിടിച്ചെടുക്കുന്നത് ശരിയല്ല. നാല്, അത്തരം ഭോമിയില്‍ കൃഷിയല്ല, വനവല്‍ക്കരണം ആണു നടക്കേണ്ടത്‌. അതുകൊണ്ട് അവ പിടിച്ചെടുക്കുന്നതോ കാര്‍ഷിക ഭൂമിയായി പുനര്‍ വിതരണം ചെയ്യുന്നതോ ശരിയല്ല. അഞ്ച്, ഏറ്റവും കുറഞ്ഞ ചെലവില്‍ പരിസ്ഥിതി സംരക്ഷണം നിര്‍വഹിക്കാന്‍ കഴിയുന്നത്‌ സ്വകാര്യ മേഖലക്കായതിനാല്‍ ആ ചുമതല തോട്ടമുടമകളെ തന്നെ ഏല്പ്പിക്കുന്നതാണ് നല്ലത്.

ഇത്തരത്തില്‍ പല രീതിയിലും പ്രതിലോമകരമായതും കേരളത്തിലെ ചെങ്ങറ അടക്കമുള്ള ഭൂസമരങ്ങളുടെ യുക്തിയെ തന്നെ ചോദ്യം ചെയ്യുന്നതുമായ ഒരു സമീപനമാണ് ഗാഡ് ഗില്‍ കമ്മിറ്റി ഭൂവുടമാസ്ഥതയുടെ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത് എന്ന് കാണുവാന്‍ കഴിയും. ഗാഡ്ഗില്‍ കമിറ്റിയുടെ നല്ല വശങ്ങള്‍ സ്വീകരിക്കുന്നതോടോപ്പം തന്നെ അതിനെ അമിതമായി ആദര്‍ശവല്‍ക്കരിക്കാതിരിക്കുകയും വിമര്‍ശനാത്മകമായി വീക്ഷിക്കുകയും ചെയുക എന്നത് പ്രധാനമാണ് എന്നു മനസ്സിലാക്കേണ്ടതുണ്ട്. തീര്‍ച്ചയയും കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാവേണ്ടതുണ്ട് എന്നതിലെക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. റിപ്പോര്‍ട്ടിനെ കുറിച്ചുള്ള അവസാന വാക്കുകള്‍ പ്രഖ്യാപിക്കുന്നതിനേക്കാള്‍ ഉചിതമാവുക സംഭാഷണത്തിന്റെ വാതിലുകള്‍ തുറന്നിടുക എന്നത് തന്നെയാണ്.

Categories
Malayalam Articles

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌: കര്‍ഷക സമരത്തില്‍ ന്യായമുണ്ട്‌

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌: കര്‍ഷക സമരത്തില്‍ ന്യായമുണ്ട്

ഡോ. ടി ടി ശ്രീകുമാര്‍ (മംഗളം ദിനപ്പത്രം, നവംബര്‍ 28 2013)

http://www.mangalam.com/opinion/122619

കടുത്ത അക്രമങ്ങളിലേക്കും തുടര്‍ഹര്‍ത്താലുകളിലേക്കും കേരളത്തെ തള്ളിവിടാന്‍ മാത്രം ജനവിരുദ്ധമല്ല ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടും കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടും എന്ന്‌ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ബാധ്യതയുള്ളവരാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍.കത്തിച്ച ടയറും ആക്രോശങ്ങളുമായി ഇറങ്ങിയ അക്രമി സംഘങ്ങളുടെ താളത്തിനു തുള്ളിയ കാഴചയ്‌ക്ക്‌ കേരളീയര്‍ സാക്ഷികളായി. ഈ കുറിപ്പ്‌ സമരത്തെ ആക്ഷേപിക്കാനുള്ളള്ളതല്ല.

ഗാഡ്‌ഗില്‍ ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ച സമയത്തു സമിതിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ എന്നെയും ക്ഷണിച്ചിരുന്നു. അന്ന്‌ അതില്‍ പങ്കുചേരാന്‍ കഴിഞ്ഞില്ലെങ്കിലും ഗാഡ്‌ഗില്‍ അടക്കമുള്ളവര്‍ അംഗങ്ങളായിരുന്ന ഒരു ഗ്രൂപ്പില്‍ എന്നെയും ഉള്‍പ്പെടുത്തിയിരുന്നു. എങ്കിലും എല്ലാവരെയും പോലെ റിപ്പോര്‍ട്ട്‌ പൊതു സമൂഹത്തിനു മുന്‍പില്‍ എത്തിയപ്പോഴാനു ഞാനും അത്‌ പൂര്‍ണമായും വായിക്കാന്‍ ഇടയായത്‌. പല തവണ അത്‌ വായിച്ചു . തീര്‍ച്ചയായും കര്‍ഷകരുടെ ഭാഗത്തു നിന്ന്‌ എനിക്ക്‌ ചിന്തിക്കാന്‍ കഴിയും. പരിസ്‌ഥിതിയുടെ പേരില്‍ വിദഗ്‌ധ സമിതികള്‍ എത്തിച്ചേരുന്ന നിഗമനങ്ങള്‍ തങ്ങളുടെ നിലനില്‌പ്പിനെ ബാധിക്കാന്‍ ഇടയുണ്ടോ എന്ന്‌ അവര്‍ സംശയ്‌ക്കുന്നതില്‍ അടിസ്‌ഥാനമില്ല എന്ന്‌ ഞാന്‍ പറയില്ല. ഉദാഹരണത്തിന്‌ ഒരിക്കല്‍ പരിസ്‌ഥിതിലോല പ്രദേശമായി നിര്‍വചിക്കെപ്പെട്ടു കഴിഞ്ഞാല്‍ അതിനു മുകളില്‍ നാളെ മറ്റെന്തു നിയമം ഉണ്ടാവും എന്ന്‌ ഇപ്പോള്‍ പ്രവചിക്കാനാവില്ല എന്നും ,അന്ന്‌ അത്‌ തടയാന്‍ കഴിഞ്ഞേക്കില്ല എന്നും അവര്‍ വിചാരിച്ചാല്‍ അതിനെ കുറ്റം പറയാന്‍ പറ്റില്ല. കര്‍ഷകരെ ശത്രുക്കളായി കാണുന്ന ഒരു സമീപനം ഒരിക്കലും സ്വീകാര്യവുമല്ല.

എന്നാല്‍ ഇവിടെ രണ്ടു കാര്യങ്ങള്‍ ഉണ്ടായി. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ ഒരു സമവായത്തില്‍ എത്തുന്നതിനു മുമ്പ്‌ കസ്‌തൂരിരംഗന്‍ കമ്മിറ്റി രൂപീകരിച്ചു. മിന്നല്‍ വേഗത്തിലാണ്‌ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നത്‌. മൂന്നു നൂറ്റാണ്ടു കാലത്തെ ചൂഷണസ്വഭാവ ചരിത്രമുള്ള പശ്‌ചിമഘട്ടം ഒന്നോ രണ്ടോ വര്‍ഷംകൊണ്ടു പൂര്‍ണമായും ഇല്ലാതാവുമെന്നൊക്കെ ഭയന്നാണ്‌ ഈ ധൃതികൂട്ടല്‍ എന്ന്‌ വിശ്വസിക്കാന്‍ പ്രയാസമാണ്‌.

എന്ത്‌ അടിയന്തര പ്രാധാന്യമുള്ള കാര്യമാണെങ്കിലും വലിയ വിഭാഗം ജനങ്ങള്‍ പങ്കെടുക്കുന്ന സമരങ്ങളെ മതത്തിന്റെയും ജാതിയുടെയും ഒക്കെ പേരില്‍ കളംതിരിച്ചു നിര്‍ത്തി ആക്ഷേപിക്കുന്നത്‌ ശരിയായ രീതിയല്ല. സഭയും സി പി എമ്മും കോണ്‍ഗ്രസ്സുമൊക്കെ ഇക്കാര്യത്തില്‍ ഒരു പക്ഷത്തായി എന്നത്‌ ശരിയാണ്‌.കേരളത്തിലെ മലയോര കുടിയേറ്റ ഗ്രാമങ്ങളുടെ ഘടനയും അവിടുത്തെ സാമ്പത്തിക ജീവിതത്തിന്റെ സവിശേഷതകളും അറിയുന്നവരാരും കര്‍ഷകരുടെ ആശങ്കകള്‍ക്ക്‌ അടിസ്‌ഥാനമില്ല എന്ന്‌ പറയില്ല. ഇക്കാര്യത്തില്‍ മറ്റു സംസ്‌ഥാനങ്ങളെ കേരളവുമായി താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. കേരളത്തിലെ കിഴക്കന്‍ പ്രദേശങ്ങളിലെ അധിവാസ മാതൃകയോ സാമ്പത്തിക പ്രവര്‍ത്തനങ്ങളോ അല്ല അവിടെ ഉള്ളത്‌.

പരിസ്‌ഥിതി സൗഹൃദപരമായ ഒരു കമ്മിറ്റി റിപ്പോര്‍ട്ട്‌ വന്നാല്‍ അതിനെതിരേയുള വാദങ്ങളെ ആക്‌ടിവിസ്‌റ്റുകള്‍ക്ക്‌ തീര്‍ച്ചയായും സ്വന്തം വാദമുഖങ്ങള്‍ ഉപയോഗിച്ച്‌ നേരിടാം. എന്നാല്‍ സര്‍ക്കാരിന്‌ അതിനുപരിയായ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്‌. കേരളത്തിനായി ഗാഡ്‌ഗില്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങളുടെ പ്രായോഗികത പരിശോധിക്കുന്നതിനു ഒരു പുതിയ അനേ്വഷണം എന്തുകൊണ്ട്‌ ആരംഭിച്ചുകൂട? അതില്‍ എന്തുകൊണ്ട്‌ കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൂട? ആദിവാസി പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൂട? ആദിവാസികളും കര്‍ഷകരാണ്‌. ദളിത്‌ വിഭാഗങ്ങളെ പോലെ ഭൂമി സ്വന്തമായി ഇല്ലാത്തത്‌ കൊണ്ടാണ്‌ അവരും കര്‍ഷക തൊഴിലാളികളായി ജീവിക്കുന്നത്‌. കര്‍ഷകര്‍ക്കും കത്തോലിക്കാ സഭക്കും പരിസ്‌ഥിതി നശിപ്പിച്ച്‌ ഭൂമിയെ ഇല്ലാതാക്കുന്നതില്‍ സവിശേഷ താല്‍പ്പര്യമുണ്ടെന്ന മട്ടില്‍ ചര്‍ച്ചകള്‍ കൊണ്ട്‌ പോകുന്നത്‌ എന്തിനാണ്‌?

ആദിവാസികളും കുടിയേറ്റക്കാരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ രാഷ്‌ട്രീയ നേതൃത്വത്തിനു കഴിഞ്ഞില്ല. ആദിവാസികള്‍ക്ക്‌ ഭൂമി തിരികെ നല്‍കാനുള്ള കോടതി നിര്‍ദേശം നടപ്പില്‍വരുത്താന്‍ കഴിഞ്ഞില്ല. ഇനിയൊരിക്കലും അതിനു കഴിയാത്ത രീതിയില്‍ നിരവധി നിയമങ്ങള്‍കൊണ്ടുവന്ന്‌ ആ പ്രശ്‌നത്തെ ഇല്ലാതാക്കുക കൂടി ചെയ്‌തു ഇവിടുത്തെ രാഷ്‌ട്രീയ നേതൃത്വം. വനം കൊള്ളയ്‌ക്കെതിരേയുള്ള നിയമങ്ങള്‍ നടപ്പാക്കാന്‍ അവര്‍ക്കു കഴിയില്ല. പക്ഷേ തീ കത്തിക്കാന്‍ വിറകുശേഖരിക്കുന്ന ആദിവാസികളെ പിടിച്ചു പീഡിപ്പിക്കാന്‍ കഴിയും. ഇപ്പോള്‍ ഗാഡ്‌ഗില്‍ കസ്‌തൂരിരംഗന്‍ റിപ്പോട്ടുകള്‍ നടപ്പിലാക്കിയാല്‍ കര്‍ഷകരുടെ ചെറിയ പ്രവര്‍ത്തനങ്ങള്‍ തടയാനും അവരെ പീഡിപ്പിക്കാനും നടക്കുന്ന ഉദ്യോഗസ്‌ഥ വൃന്ദത്തിന്‌ വലിയ പരിസ്‌ഥിതി നാശം ഉണ്ടാക്കുന്നവരെ തൊടാന്‍ പോലും കഴിയില്ല. ഇക്കാര്യങ്ങള്‍ എല്ലാം മറന്നു കൊണ്ട്‌ ഈ സമരത്തെ പൂര്‍ണമായും അധിക്ഷേപിക്കാന്‍ ഒരുക്കമല്ല.

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ കസ്‌തൂരിരംഗന്‍ സമിതി ഉണ്ടാക്കുകയും ഇപ്പോള്‍ ധൃതിപിടിച്ച്‌ ആ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഉത്തരവ്‌ ഇറക്കുകയും ചെയ്യുന്നതും സമവായത്തെ സഹായിക്കുന്ന നടപടി ആയിരുന്നില്ല. വിജ്‌ഞാപനങ്ങള്‍ക്കു നിയമ സാധുതയുണ്ട്‌. അവ ഓരോ പ്രദേശത്തെയും എങ്ങനെ വ്യത്യസ്‌തമായി ബാധിക്കുന്നു എന്നത്‌ സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല.

സമരം അക്രമാസക്‌തമാകുന്നതിനു പിന്നില്‍ നിക്ഷിപ്‌ത തല്‌പ്പര്യക്കാരുടെ ചരടുവലികള്‍ ഉണ്ടാകാം. അത്‌ പ്രതിപക്ഷത്തോ, ഭരണപക്ഷത്തോ ഉള്ളവരോ, മാഫിയകളോ ആവാം. പക്ഷേ കര്‍ഷകര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്ക്‌ യാതൊരു അടിസ്‌ഥാനവും ഇല്ല എന്ന നിലപാട്‌ അംഗീകരിക്കാന്‍ കഴിയില്ല.

കാരണം അവരുടെ നിത്യജീവിതത്തെ സാരമായി സ്‌പര്‍ശിക്കുന്ന ഒരു റിപ്പോട്ടാണത്‌. കൃഷി എങ്ങനെ ഭാവിയില്‍ മാറ്റണം എന്നതിനെ കുറിച്ചുള്ള വ്യക്‌തമായ ചില നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്‌. കൃഷി മാത്രമല്ല, നിരവധി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ വിവിധ സന്ദര്‍ഭങ്ങളിലായി റിപ്പോര്‍ട്ടില്‍ കടന്നു വരുന്നു. ഇവയെ കുറിച്ച്‌ അഭിപ്രായം പറയാനുള്ള കര്‍ഷകരുടെ അവകാശത്തെ ചോദ്യം ചെയ്യുന്നത്‌ ശരിയല്ല.

അടിയന്തരമായി ചെയ്യാനുള്ള കാര്യങ്ങള്‍

1. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അടിസ്‌ഥാനപ്പെടുത്തി ഇറക്കിയ വിജ്‌ഞാപനം പിന്‍വലിക്കുക. 2. ഭൂമിയുടെ പുനര്‍വിതരണവുമായി ബന്ധപ്പെട്ട്‌ ആദിവാസികള്‍ ഉയര്‍ത്തിയിട്ടുള്ള പ്രശ്‌നങ്ങള്‍ അടക്കം കുടിയേറ്റ പ്രദേശങ്ങളിലെ ഭൂപ്രശ്‌നം അടിയന്തര അജണ്ടയായി ഏറ്റെടുക്കുക. 3. പരിസ്‌ഥിതി ചൂഷണം തടയുന്നതിന്‌ -ക്വാരീയിംഗ്‌ അടക്കം നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക. അതിനെ കുറിച്ചുള്ള ഒരു സ്‌റ്റാറ്റസ്‌ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കുക. 4. സമരസമിതിയുമായും ഒപ്പം ആദിവാസി സംഘടനകളുമായും ചര്‍ച്ച നടത്തുക. 5. പശ്‌ചിമഘട്ടത്തെ ജനസാന്ദ്രതയുടെ അടിസ്‌ഥാനത്തില്‍ കണ്ടുകൊണ്ടു വിവിധ സംസ്‌ഥാനങ്ങള്‍ക്ക്‌ പശ്‌ചിമ ഘട്ട പരിസ്‌ഥിതി നയരൂപീകരണത്തില്‍ സ്വയംഭരണം നല്‍കുക.

Categories
Malayalam Articles

ഏഷ്യന്‍ അധിനിവേശങ്ങളുടെ ചോരപ്പാടുകള്‍

ഏഷ്യന്‍ അധിനിവേശങ്ങളുടെ ചോരപ്പാടുകള്‍

ഡോ. ടി ടി ശ്രീകുമാര്‍ (മാതൃഭുമി ആഴ്ചപ്പതിപ്പ്, നവംബര്‍ 24 2013)

ഞാന്‍ ഈയിടെ വോങ് കാര്‍ വായുടെ (Wong Kar Wai) ഗ്രാന്‍ഡ്‌ മാസ്റര്‍ (Grand Master) എന്ന പുതിയ സിനിമ കാണുകയുണ്ടായി. കാന്‍ ഫെസ്റ്റിവലില്‍ പല തവണ മികച്ച സംവിധയകനുള്ളതടക്കം നിരവധി അന്താരാഷ്‌ട്ര പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള പ്രശസ്തനായ ചൈനീസ്-ഹോങ്ങ് കോങ്ങ് സംവിധായകനാണ് അദ്ദേഹം. കേരളത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കുമിടയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഫിലിം മേക്കര്‍ ആണു വോങ് കാര്‍ വായ്. അദ്ദേഹത്തിന്റെ Happy together, In the Mood for Love, Chungking Express, 2046, തുടങ്ങി നിരവധി ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ കിം കി ദുക് (Ki-duk Kim) എന്ന കൊറിയന്‍ സംവിധായകനാണ് ഏഷ്യന്‍ മേഖലയില്‍ നിന്ന് ഏറ്റവും പ്രസിദ്ധന്‍ എന്ന് കേട്ടിട്ടുണ്ട്. അതെക്കുറിച്ച് ചില തമാശകളും കേട്ടിട്ടുണ്ട്. ‘കിം കി ദുക് ഈ വീടിന്റെ ഐശ്വര്യം’ എന്ന് ബോര്‍ഡുള്ള വീടുകള്‍ ഉണ്ട് കേരളത്തിലെ സിനിമ ഫെസ്റ്റിവല്‍ ബ്യൂറോക്രസിയില്‍ എന്നതാണ് അതിലൊന്ന്.

കൊറിയന്‍ സിനിമകളെ കുറിച്ച് പഠിക്കുന്ന എന്റെ പഴയ സഹപ്രവര്‍ത്തകനും കൊറിയക്കാരനും ഇപ്പോള്‍ അവിടെ സങ്ങ്ഷിഗ് വിമെന്‍സ് യൂനിവേര്‍സിറ്റിയില്‍ അദ്ധ്യാപകനുമായ ഡുബൂ ഷിം (Doboo Shim) ഇതേ കുറിച്ച് കേട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കിം കി ദുക്-ലേക്ക് ഒതുക്കാന്‍ കഴിയുന്നതിലും എത്രയോ സങ്കീര്‍ണ്ണമാണ് കൊറിയന്‍ സിനിമയുടെ ചരിത്രവും വര്‍ത്തമാനവും. ഒരു രാജ്യത്തിന്റെയും സിനിമയെ ഒരൊറ്റ സംവിധായകനിലെക്കോ സമീപന രീതിയിലെക്കോ ഒന്നും ചുരുക്കി കാണാന്‍ കഴിയില്ല. ചിലര്‍ക്ക് ചില സമയത്ത് ചില കാരണങ്ങള്‍ കൊണ്ട് പ്രാധാന്യം ലഭിക്കുന്നു എന്നതല്ലാതെ കേരളത്തില്‍ തന്നെ കൊറിയന്‍ സിനിമയുടെ എല്ലാമായി കിം കി ദുക്-നെ ആരെങ്കിലും കാണുന്നുണ്ട് എന്ന് ഞാന്‍ വിചാരിക്കുന്നില്ല.

അതുപോലെ വോങ് കാര്‍ വായ് ഹോങ്ങ്കൊങ്ങ് അവാങ്ഗാര്ദ് സിനിമയുടെ മുഴുവന്‍ പ്രതിനിധിയല്ല എന്നും ഉറപ്പിച്ചു പറയാന്‍ കഴിയും. പക്ഷെ ഒരു ചൈനീസ് ബ്രിട്ടീഷ് കോളനി എന്ന നിലയിലുള്ള ഹോങ്ങ്കൊങ്ങ് രാഷ്ട്രീയത്തെയും ചരിത്രത്തെയും ശക്തമായി അവതരിപ്പിച്ചിട്ടുള്ള സംവിധായകനാണ് വോങ് കാര്‍ വായ്. നേരിട്ട് രാഷ്ട്രീയ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്ന അര്‍ത്ഥത്തില്‍ ആല്ല. പ്രണയവും, ഭൂതാതുരതയും മേലോഡ്രാമയും ഇഴചേര്‍ത്ത ഒരു സമീപനം ശക്തമായ രാഷ്ട്രീയ സിനിമകളിലേക്കു നയിക്കുന്നു എന്നതിനു അദ്ദേഹത്തിന്റെ സിനിമകള്‍ ഉദാഹരണങ്ങള്‍ ആണ്. രവി വാസുദേവന്റെ The Melodramatic Public: film Form and Spectatorship in Indian Cinema എന്ന പുസ്തകം (Permanent Black, 2010) ബോളിവുഡ് സിനിമയുടെ പശ്ചാത്തലത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. വിശകലനാത്മകമായ ഈ പഠനം സമീപകാലത്തെ ഏറ്റവും നല്ല സിനിമാ പഠനങ്ങളില്‍ ഒന്നാണ്. വോങ് കാര്‍ വായുടെ സിനിമയെ കുറിച്ചല്ല രവി വാസുദേവന്റെ പഠനം. പക്ഷെ വിഷയം എന്തായാലും നല്ല പുസ്തകങ്ങള്‍ പലപ്പോഴും അവ നല്‍കുന്ന സൈന്ധാന്തികമായ ഉള്‍ക്കാഴ്ചകളുടെ പേരിലാണ് ശ്രദ്ധിക്കപ്പെടുക.

ഹോങ്ങ്കോങ്ങില്‍ കുറച്ചു കാലം താമസിച്ചിരുന്നു എന്നതുകൊണ്ടാണ് അവിടുത്തെ സിനിമയെ കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞത്. ജാക്കീ ചാന്‍ നായകനാവുന്ന അടിപൊളി സിനിമകള്‍ മുതല്‍ വലിയ ദാര്‍ശനീക പ്രമേയങ്ങള്‍ ശക്തമായി കൈകാര്യം ചെയുന്ന സിനിമകള്‍ വരെ ഈ കൊച്ചു പ്രദേശത്ത് എല്ലാ വര്‍ഷവും നിര്‍മ്മിക്കപ്പെടുന്നു. രണ്ടും ലോക വിപണിയില്‍ ഒരു പോലെ സ്വീകരിക്കപെടുന്നു. യാതൊരു സബ്സിഡികളുമില്ലതെ, സര്‍ക്കാര്‍ പിന്തുണ ഇല്ലാതെ അവിടെ ലോക സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നു. ലോക സിനിമ എന്നാല്‍ ഹോളിവുഡ് സിനിമയോ പാശ്ചാത്യ അവാങ്ഗാര്ദ് സിനിമയോ മാത്രമല്ലല്ലോ. David Bordwell എന്ന സിനിമാ നിരൂപകന്‍ Planet Hong Kong: popular cinema and the art of entertainment എന്ന പുസ്തകത്തില്‍ (Harvard University, 2000) പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്- ഹോങ്ങ്കൊങ്ങില്‍ സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത് ലോകം മുഴുവന്‍ അതിനു കാഴ്ച്ചക്കാര്‍ ഉള്ളതുകൊണ്ടാണ്:

Hong Kong Cinema is one of the success stories in film history. For about twenty years, this city-state of around six million people had one of the most robust cinema industries in the world. In number of films released, it regularly surpassed nearly all Western countries. In export it was second to only to United States. It ruled the East Asian market, eventually obliterating one neighboring country’s film industry. Distributed in the West, Hong Kong films became a cult phenomenon on an unprecedented scale. Although a typical production cost about as much as a German or French one, the industry enjoyed no subsidies of the sort that keep European cinema alive. Hong Kong movies were made simply because millions of people wanted to watch them.

വോങ് കാര്‍ വായുടെ ഏതാണ്ട് എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ആകാംക്ഷത്തോടെ ആണു ഞാന്‍ ഗ്രാന്‍ഡ്‌ മാസ്റ്ററും കണ്ടിരുന്നത്‌. ചിത്രം ഒരു തരത്തിലും എന്നെ നിരാശപ്പെടുത്തിയില്ല. മാത്രമല്ല, പലപ്പോഴും അധിനിവേശത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ പെട്ടെന്ന് മനസ്സില്‍ കടന്നു വരാത്ത ജാപ്പനീസ് അധിനിവേശങ്ങളെ കുറിച്ചുള്ള ചിന്തകള്‍ ആ ചിത്രം മനസ്സില്‍ വിതയ്ക്കുകയും ചെയ്തു. ഇത് യഥാര്‍ത്ഥത്തില്‍ ഒരു ജീവ ചരിത്ര സിനിമയാണ് (biopic).

ഐപ്മാന്‍ (Ipman) എന്ന ചൈനീസ് കുങ് ഫൂ വിദഗ്ദന്‍ ആണു ഇതിലെ കേന്ദ്ര കഥാപാത്രം. ഹോങ്ങ്കൊങ്ങില്‍ ബ്രൂസ് ലീയുടെ അദ്ധ്യാപകനായിരുന്നു ഐപ്മാന്‍. അദ്ദേഹത്തിന്റെ ജിവിതത്തിലെ സുപ്രധാന സന്ദര്ഭങ്ങളാണ് ഗ്രാന്‍ഡ്‌ മാസ്റ്റര്‍ എന സിനിമക്കാധാരമായി വോങ് കാര്‍ വായ് തെരഞ്ഞെടുത്തിട്ടുള്ളത്. ചൈനയില്‍ നിന്ന് അദ്ദേഹം ഹോങ്ങ്കൊങ്ങില്‍ എത്തിപ്പെടുന്നത് 1938- ലെ രണ്ടാം ജപ്പാന്‍-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആണ്. യുദ്ധം അദ്ദേഹത്തെയും കുടുംബത്തെയും പട്ടിണിയിലേക്ക്‌ തള്ളിയിട്ടു. മറ്റു പലരെയും പോലെ അക്കാലത്ത് ചൈനയില്‍ നിന്ന് ബ്രിട്ടീഷ് കോളനി ആയ ഹോങ്ങ്കൊങ്ങിലേക്ക് പലായനം ചെയ്യാന്‍ ഐപ്മാന്‍ നിര്‍ബന്ധിതനാവുന്നു. ഫോഷാന്‍ എന്ന ചൈനീസ് പ്രദേശത്തായിരുന്നു അദ്ദേഹത്തിന്റെ കുടുംബം താമസിച്ചിരുന്നത്. സിനിമ ജീവ ചരിത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്‌. എന്നാല്‍ അതല്ല സിനിമയെ വിലയിരുത്താനുള്ള പ്രധാന ഘടകം എന്നാണ് എനിക്ക് തോന്നുന്നത്.

ജീവചരിത്രം സിനിമയാവുമ്പോള്‍ യഥാതഥമായ ചിത്രീകരമാണോ എന്നതല്ല കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും എന്ത് രാഷ്ട്രീയമാണ് കൊണ്ട് വരുന്നത് എന്നതാണ് പ്രധാനമായിട്ടുള്ളത്. ഒരു കൃതി സിനിമയാക്കുംപോഴും മൂലകൃതിയോടുള്ള പ്രതിബദ്ധതയില്‍ അല്ല, വ്യതിയാനങ്ങളിലെ രാഷ്ട്രീയത്തോടാണ് സംവദിക്കേണ്ടത് എന്നാണ് തോന്നിയിട്ടുള്ളത്. ധനതത്വ ശാസ്തത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഗണിതശാസ്ത്രജ്ഞനായ ജോണ് നാഷിന്റെ (John Nash) ജീവചരിത്രം A Beautiful Mind: The Life of Mathematical Genius and Nobel Laureate John Nash (Sylvia Nasar, USA: Simon & Schuster, 1998) സിനിമയാക്കിയപ്പോള്‍ (Ron Howard, 2001) പുസ്തകത്തില്‍ നിന്ന് സിനിമ വരുത്തിയ മാറ്റങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ജീവചരിത്രത്തിലെ നാഷ് ‘യഥാര്‍ത്ഥ മനുഷ്യന്‍’ ആയിരുന്നു- അങ്ങനെയിന്നുണ്ടെങ്കില്‍. അല്പം സ്വാര്‍ത്ഥതയും സേഡിസവും സ്വവര്ഗ്ഗാനുരാഗവും ഒക്കെയായി നമ്മളെ ഓരോരുത്തരെയും പോലെ ‘പച്ച മനുഷ്യന്‍’ ആയി ജീവിച്ച ഒരു ഗണിത ശാസ്ത്രന്ജനെ അത്തരം സന്ദര്ഭങ്ങളെല്ലാം ഒഴിവാക്കി ഒരു കുടുംബ നാഥനും, അമേരിക്കന്‍ ദേശീയ നായകനുമാക്കി അവതരിപ്പിക്കുക ആയിരുന്നു സിനിമ.

പുസ്തകം മുഴുവന്‍ വായിച്ചിരുന്നതുകൊണ്ട് വളരെ പെട്ടെന്ന് ഈ വ്യത്യാസങ്ങള്‍ മനസിലേക്ക് വന്നു. പുസ്തകം വായിക്കാന്‍ ഒരു പ്രധാന കാരണം നേപ്പാളില്‍ പരിസ്ഥിതി ധനശാസ്ത്രത്ത്തിന്റെ ഒരു വര്‍ക് ഷോപ്പില്‍ വച്ച് ഞാന്‍ അടുത്ത് പരിചയപ്പെട്ട കാള്‍ ഗോറാന്‍ മെയിലര്‍ അതില്‍ പരാമര്ശിക്കപ്പെട്ടിരുന്നു എന്നുള്ളതുകൊണ്ട് കൂടി ആയിരുന്നു. അദ്ദേഹം അന്ന് ധനതത്വശാസ്ത്ര നോബല്‍ സമ്മാനിതരെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ അംഗമായിരുന്നു. നാഷിനു നോബല്‍ സമ്മാനം കൊടുക്കുന്നതിനു അദ്ദേഹം മുന്‍കൈ എടുത്തത് തനിക്കും പ്രോഫസ്സര്‍ പാര്‍ഥോ ദാസ് ഗുപ്തക്കും പരിസ്ഥിതി ധനശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം കിട്ടാനുള്ള വഴി തുറക്കാന്‍ നാഷിനു അത് നല്കിയിരിക്കേണ്ടത് ആവശ്യമായതിനാലാണ് എന്ന് പുസ്തകം ആരോപിച്ചിരുന്നു.

അതിന്റെ സാങ്കേതികതയിലേക്ക് ഇവിടെ കടക്കുന്നില്ല. നാഷിന്റെ സംഭാവനകളെ അടിസ്ഥാനപ്പെടുത്തി ആണു പരിസ്ഥിതി ധനശാസ്ത്രം ചില സാങ്കേതിക മാതൃകള്‍ മുന്നോട്ടു വച്ചത് എന്നതിനാലാണത് എന്ന് വേണ്ടമെങ്കില്‍ ചുരുക്കി പറയാം. പാര്‍ഥോദാസ് ഗുപ്തയും നേപ്പാളില്‍ നടന്ന വര്‍ക്ക് ഷോപ്പില്‍ ഉണ്ടായിരുന്നു. നാഷിന്റെ സ്ക്രീസോഫെര്‍ന്നിയയുടെ മറവില്‍ അദ്ദേഹത്തിന്റെ ഹാലൂസിനേഷന്‍ രാഷ്ട്രീയമായാണ് സിനിമ ഉപയോഗിക്കുന്നത്. അതുപോലെ സിനിമയില്‍ അദ്ദേഹം അമേരിക്കന്‍ മൂല്യങ്ങളുടെ വക്താവായി, ഒരു ദേശീയ നായകനായി മാറുകയാണ്. ഇതിനായി അദേഹം ബൈസെക്ഷ്വല്‍ ആയിരുന്നു എന്നതും, വിവാഹേതര ജീവിതത്തില്‍ അദ്ദേഹത്തിന് ഒരു കുട്ടി ഉണ്ടായിരുന്നു എന്നതും സിനിമ മൂടിവയ്ക്കുന്നു.

അതുപോലെ മാല സെന്നിന്റെ India’s Bandit Queen: The True Story of Phoolan Devi (Harpercollins, 2001) എന്ന പുസ്തകം അടിസ്ഥാനപ്പെടുത്തി ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത ഫൂലന്‍ ദേവി എന്ന സിനിമക്കെതിരെ ശക്തമായി രംഗത്ത്‌ വന്നത് അരുന്ധതി റോയി ആയിരുന്നു. റോയിയുടെ The Great Indian Rape Trick (1994) എന്ന ലേഖനം എക്കാലത്തെയും നല്ല രാഷ്ട്രീയ വായനകളില്‍ ഒന്നാണ്. God of Small Things എഴുതുന്നതിനും വളരെ മുന്‍പാണ് റോയി ഈ ലേഖനം എഴുതിയത്. അതില്‍ അരുന്ധതി ഇങ്ങനെ പറഞ്ഞിരുന്നു:

Bandit Queen, the film seriously jeopardizes Phoolan Devi’s life…The threads that connect Truth to Half –Truths to Lies could very quickly tighten into a noose around Phoolan Devi’s neck. Or a bullet through her head. Or a knife in her back.

ഈ പ്രവചനം പിന്നീട് സത്യമായി വന്നു. ജീവചരിത്ര സിനിമ യഥാര്‍ത്ഥ ജീവിതത്തോട് സത്യസന്ധമാവണം എന്നതല്ല, വ്യതിയാനങ്ങള്‍ എന്ത് രാഷ്ട്രീയത്തെ ആണു ഉയര്‍ത്തിക്കാട്ടുന്നത് എന്നതാണ് പ്രധാനമായിട്ടുള്ളത് എന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ വോങ് കാര്‍ വായ് ഐപ്മാന്റെ ജീവിതത്തെ സിനിമയില്‍ മാറ്റി മറിച്ചോ എന്നതല്ല എന്റെ ചിന്തയിലേക്ക് കടന്നു വന്നത്. അഥവാ അതെക്കുറിച്ച് പറയണമെങ്കില്‍ തന്നെ ഐപ്മാന്‍ എന്നാ വ്യക്തിയെ കുറിച്ച് ഹോങ്ങ്കൊങ്ങില്‍ ഉണ്ടായിരുന്ന കാലത്ത് കേട്ട കഥകളിലേക്കും മറ്റും ഞാന്‍ തിരിച്ചു പോകേണ്ടി വരും. സിനിമ നിര്മികപ്പെട്ടത്‌ അന്നായിരുന്നെങ്കില്‍ അതെക്കുറിച്ച് ഞാന്‍ കൂടുതല്‍ അറിഞ്ഞേനെ. പക്ഷെ ഈ സിനിമ റിലീസ് ചെയ്തത് ഈ വര്‍ഷമാണ്‌. ഇതിന്റെ ചിത്രീകരണം വളരെ നേരത്തെ തുടങ്ങിയതാണ്‌. നായകനായ ടോണി ല്യോങ് (Tony Leung) ന്‍റെ കയ്യൊടിഞ്ഞത് മൂലം ആണു കാലതാമസം ഉണ്ടായത്. ടോണി ല്യോങ് ഇല്ലാതെ എന്ത് വോങ് കാര്‍ വായ് സിനിമ! അദേഹത്തിന്റെ തിരം നായകനാണ് ടോണി.

ഈ സിനിമ അധിനിവേശ രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖം കാണിച്ചു തരുന്നു. ജപ്പാന്‍ ചൈനയില്‍ വെറുക്കപ്പെടുന്ന രാജ്യമാണ്. നാം യൂറോപ്യന്‍ അധിനിവേശത്തെ കുറിച്ച് പറയുമ്പോള്‍ ജപ്പാന്റെ ചരിത്രം കൂടി പരാമര്ശിക്കേണ്ടാതുണ്ട്. എന്നാല്‍ തികച്ചും ഏകപക്ഷീയമായ മുന്‍വിധികളോടെ ഇത് ചെയ്യാന്‍ ഞാന്‍ ഒരുക്കമല്ല. അതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. ജപ്പാന്‍ ഒരിക്കലും ഒരു യൂറോപ്യന്‍ കോളണിയോ ഏതെങ്കിലും യൂറോപ്യന്‍ ശക്തിയുടെ അടിമ രാജ്യമോ ആയിരുന്നിട്ടില്ല. തോക്കുഗാവ ഭരണകാലത്ത് നടന്ന പരിഷ്ക്കാരങ്ങളിലൂടെ അവിടത്തെ സമ്പദ് വ്യവസ്ഥ പുനര്‍നിര്‍വചിക്കപ്പെടുകയും ഒരു സവിശേഷ ഭരണകൂട –മുതലാളിത്തം സ്ഥാപിക്കപ്പെടുകയും ചെയ്യുകയാണ് അക്കാലത്ത് ജപ്പാനില്‍ സംഭവിച്ചത്. മാത്രമല്ല, ജപ്പാനും ചൈനയും യൂറോപ്പിനോട് പത്തൊമ്പതാം നൂറ്റാണ്ടില്‍ വ്യത്യസ്തമായാണ് പ്രതികരിച്ചത്. ജപ്പാന്‍ യൂറോപ്പിനെ സ്വാഗതം ചെയ്തു, ചൈന തിരസ്കരിച്ചു. ജപ്പാന്റെ ആധുനികവല്‍ക്കരണം ചൈനയെ സ്വാധീനിച്ചിട്ടുണ്ട്. 1911 വിപ്ലവത്തിന് നേതൃത്വം കൊടുത്ത ചൈനീസ് ദേശീയ വാദി സന്‍ യാറ്റ് സെന്‍ (Sun Yat-sen) ജപ്പാനെതിരെ മുപ്പതുകളില്‍ പോരാടിയ ദേശീയ സര്‍ക്കാരിന്റെ തലവന്‍ ചിയാംഗ് കായ്-ഷേക്ക്‌ (Chiang Kai-shek) തുടങ്ങിയവര്‍ ജപ്പാനില്‍ പഠിച്ചവരാണ്.

എന്നാല്‍ അതേസമയം യൂറോപ്യന്‍ രാജ്യങ്ങളെ പോലെ വലിയ കോളനി വല്ക്കരണങ്ങള്‍ക്ക് ജപ്പാന്‍ മുതിര്‍ന്നതായി കാണുന്നില്ല. എന്നാല്‍ ചൈനമായുള്ള ജപ്പാന്റെ യുദ്ധങ്ങള്‍, ചൈനയെ കൊണ്ടെത്തിച്ച പ്രതിസന്ധികള്‍ സങ്കീര്‍ണ്ണങ്ങളാണ്. ജപ്പാന്റെ സാമ്രാജ്യ മോഹങ്ങളുടെ കണ്ണ് എപ്പോഴും ചൈനയിലായിരുന്നു. അത് ആഫ്രിക്കയിലെക്കോ ലാറ്റിന്‍ അമേരിക്കയിലേക്കോ അധികമായി നോക്കിയില്ല. ചൈനയും കൊറിയയും ആയിരുന്നു ജപ്പാന്റെ മുന്നില്‍ കീഴടക്കാന്‍ ഉണ്ടായിരുന്ന പ്രദേശങ്ങള്‍. അതുകൊണ്ട് തന്നെ ജപ്പാന്റെ സാമ്രാജ്യത്വ മോഹങ്ങളുടെ ഏറ്റവും വലിയ ഇരകള്‍ ഈ രണ്ടു രാജ്യങ്ങള്‍ ആയിരുന്നു എന്ന് പറയാം. അവിടുത്തെ മനുഷ്യരാണ് ഈടവും തീക്ഷണമായി ജാപ്പനീസ് സാമ്രാജ്യത്വത്തിന്റെ പീഡനങ്ങള്‍ അനുഭവിച്ചത്. ഇന്നും മാറാത്ത മുറിവുകളാണ് അവ. 1876 മുതല്‍ രണ്ടാം ലോക യുദ്ധത്തിന്റെ അവസാനം വരെ ജപ്പാന്റെ കീഴിലായിരുന്നു കൊറിയ. പൊറുക്കാനാവാത്ത ക്രൂരതകളാണ് കൊറിയക്കരോട് ജപ്പാന്‍ ചെയ്തിട്ടുള്ളത്. ജപ്പാന്‍ അധിനിവേശ പ്രദേശങ്ങളില്‍ -സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും ആളുകള്‍ ജപ്പാന്‍ അധിനിവേശത്തെ യൂര്‍പ്യന്‍ അധിനിവേഷത്തെക്കാള്‍ ഭീകരത സൃഷ്ടിച്ച ഒന്നായാണ് കാണുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഉണ്ടായ യുദ്ധസാഹചര്യങ്ങളിലെ അധികാര പ്രയോഗമായിരുന്നതാവാം ഒരു കാരണം. കൊറിയയിലെ ജപ്പാന്‍ അധിനിവേശവും അമേരിക്കയിലെ ഇന്ത്യന്‍ വംശജരോടുള്ള സമീപനവും താരതമ്യം ചെയ്‌താല്‍ ഒരു പക്ഷെ ജപ്പാന്‍ ഭേദമാണു എന്ന് തോന്നിയേക്കാം. ഞാന്‍ ജപ്പാന്റെ ആക്രമണ രീതികളെ കുറിച്ചും അധിനിവേശ കാലത്തെ ഭരണത്തെ കുറിച്ചും ആദ്യമായി വായിച്ചത് മാതൃഭുമി പത്രാധിപരായിരുന്ന കെ. പി. കേശവമേനോന്‍റെ ‘കഴിഞ്ഞ കാലം’ എന്ന ആത്മകഥയിലാണ്. ഇന്ത്യൻ നാഷണൽ ആർമിയുമായി ബന്ധമുണ്ടായിരുന്ന അദ്ദേഹത്തിനു ജപ്പാന്‍ തടവുകാരനായി കഴിയേണ്ടി വന്നിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധo കഴിഞ്ഞാണ് അദ്ദേഹം മോചിതനായത്.

എല്ലാ അധിനിവേശ ശക്തികളെയും പോലെ ആദ്യം കൊറിയന്‍ ചരിത്രത്തെ ആണു ജപ്പാന്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. 1925-ല്‍ Korean History Compilation Committee എന്നൊരു സംവിധാനം ജപ്പാന്‍ ഉണ്ടാക്കി. അതുവഴി കൊറിയന്‍ ചരിത്രമാകെ മാറ്റി എഴുതുക ആയിരുന്നു ലക്ഷ്യം. ചൈനയുടെയും ജപ്പാന്റെയും കോളനികള്‍ എന്ന നിലക്കല്ലാതെ ചരിത്രത്തില്‍ ഒരിക്കലും ഒരു രാഷ്ട്രമായി കൊറിയ നിലനിനിട്ടില്ല എന്ന് സ്ഥാപിക്കാനാണ് ജപ്പാന്‍ ശ്രമിച്ചത്. ആര്‍ക്കിയോളജിക്കല്‍ ഖനനങ്ങളില്‍ നിന്ന് ലഭിച്ച തെളിവുകള്‍ പോലും മാനിപുലേറ്റ് ചെയ്യാന്‍ ജപ്പാന്‍ തയ്യാറായി. ഒരു രാഷ്ട്രത്തെ കീഴടക്കുന്നത്‌ അതിന്റെ ചരിത്രത്തെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്തുകൊണ്ടാണ് എന്ന് തെളിയിക്കുക ആയിരുന്നു ജപ്പാന്‍. ജാപ്പനീസ് കണ്ണിലൂടെ അല്ലാതെ സ്വന്തം ചരിത്രം വായിക്കാനുള്ള സ്വാതന്ത്ര്യമാണ് കൊറിയക്കാര്‍ക്ക് അതിലൂടെ നഷ്ടപ്പെട്ടത്. ആദ്യകാലത്തു കൊറിയന്‍ ഭാഷ നിലനിര്‍ത്തുന്നതിനു വേണ്ടി ജപ്പാന്‍ ശ്രമിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. 1928-ല്‍ നവംബര്‍ 4 കൊറിയന്‍ അക്ഷരമാലാ ദിനമായി ഒക്കെ കൊണ്ടാടാന്‍ തുടങ്ങിയത്തിന്റെ പാശ്ചാത്തലമതാണ്. രണ്ടാം ലോക യുദ്ധത്തിന്റെ കാലമായപ്പോഴെക്ക് കൊറിയക്കാര്‍ എന്നാല്‍ ഒരുതരo ജപ്പാന്‍കാര്‍ മാത്രമാണ് എന്ന നിലപാടില്‍ ജപ്പാന്‍ എത്തിച്ചേര്‍ന്നു!

ജാപ്പനീസ് അധിനിവേശക്കാലത്ത്‌ കൊറിയയില്‍ നിന്ന് ജപ്പാനിലേക്ക് ഏതാണ്ട് ഇരുപതു ലക്ഷത്തോളം പേര്‍ കുടിയേറിയിട്ടുണ്ട്. ഈ പലായനങ്ങള്‍ പലതും നിര്‍ബന്ധിതമായിരുന്നു. കൂലിയടിമകളായാണ് കൊറിയക്കാരെ ജപ്പാനിലേക്ക് കടത്തിയിരുന്നത്. 1946 –ല്‍ യുദ്ധാനന്തരം ഇവരില്‍ ഭൂരിപക്ഷവും കൊറിയയിലേക്ക് തിരിച്ചു പോയി. എന്നാല്‍ തിരിച്ചു പോകാന്‍ ആവാത്ത വിധം ബന്ധുത്വങ്ങള്‍ അടഞ്ഞു പോയവര്‍, വേരുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ ജപ്പാനില്‍ തന്നെ തുടരുകയാണ് ഉണ്ടായത്. ക്രൂരമായ നിര്‍ബന്ധിത രീതികളിലൂടെ ആണു കൊറിയക്കാരെ ജപ്പ്നിലെക്ക്ക് കൊണ്ട് പോയി കൂലിപ്പണി ചെയ്യിച്ചിരുന്നത്. അങ്ങേയറ്റം മോശമായ തൊഴില്‍ സാഹചര്യങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്.

മുന്‍പൊരു ലക്കത്തില്‍ ജാവയിലെ കൂലിയടിമത്തത്തിന്റെ രീതികളെ കുറിച്ച് ഞാന്‍ എഴുതിയിരുന്നു (യൂറോപ്പും ഏഷ്യകളും ആഗോള രാഷ്ട്രീയവുംമാതൃഭുമി ആഴ്ചപ്പതിപ്പ് 2013 ജൂണ്‍ 23) അത് ഒരു യൂറോപ്യന്‍ രാജ്യത്തിന്റെ കോളനി വാഴ്ചയുടെ കാര്യമായിരുന്നെങ്കില്‍ ഇവിടെ ഇത് ഒരു ഏഷ്യന്‍ രാജ്യം മറ്റൊന്നിനോട് കാട്ടിയതാണ്. ഏറ്റവും നിന്ദ്യമായ രീതിയിലാണ് കൊറിയക്കാരെ ജപ്പാന്‍ സ്വന്തം രാഷ്ട്ര നിര്‍മ്മാണത്തിനു ഉപയോഗിച്ചത്. ജാപ്പനീസ് മിലിട്ടറി സേവനത്തിനായി കൊറിയക്കാരെ ചേര്‍ത്തിട്ടുള്ളതിനു പുറമേ ആണിത്. ആവശ്യത്തിനു മരുന്നും ആഹാരവും ലഭിക്കാതെ കഠിനവേലചെയ്തു ജപ്പാനില്‍ കൊല്ലപ്പെട്ടവരില്‍ ഏതാണ്ട് മൂന്ന് ലക്ഷം മുതല്‍ എട്ട് ലക്ഷം വരെ കൊറിയക്കാര്‍ ഉണ്ടെന്നാണ് കണക്കുകള്‍.

ബയോളജിക്കല്‍ മനുഷ്യശരീര പരീക്ഷണങ്ങള്‍ നടത്തിയിരുന്ന കുപ്രസിദ്ധമായ ‘യൂനിറ്റ് 731’ ജപ്പാന്‍ സ്ഥാപിച്ചതാണ്. 1937–1945 കാലത്ത് ആയിരക്കണക്കിനു കുട്ടികല്യെയും സ്ത്രീകളെയും പുരുഷന്മാരെയും ഇവിടെ പരീക്ഷണങ്ങള്‍ക്കായി ഉപയോഗിച്ച് കൊന്നിട്ടുണ്ട്. ഭൂരിപക്ഷവും ചൈനക്കാരും റഷ്യക്കാരുമായിരുന്നു. ധാരാളം കൊറിയക്കാരും ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. Epidemic Prevention and Water Purification Department എന്ന പേരിലാണ് ഈ പരീക്ഷണശാല പ്രവര്‍ത്തിച്ചിരുന്നത്. ഇതിനു വേണ്ടിയും ജപ്പാന്‍ മനുഷ്യക്കടത്ത് നടത്തിയിരുന്നു. ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്കുള്ള പ്രയാണം പോലെ തന്നെ പ്രധാനമല്ലേ ഏഷ്യയില്‍ മാത്രമായി പരിമിതപ്പെട്ടെതെങ്കിലും ഇത്തരം നിര്‍ബന്ധിത പലായനങ്ങളും? സാംസ്കാരികമായും രാഷ്ട്രീയമായും കൊറിയ നേരിട്ട പീഡനങ്ങളെ നാം എന്തുകൊണ്ടാണ് നമ്മുടെ അന്താരാഷ്ട്ര വ്യവഹാരത്തില്‍ നിന്ന് വിട്ടു കളയുന്നത്? ‘ഏഷ്യ’ എന്ന സങ്കല്‍പ്പത്തിന്റെ ഉള്ളിലെ വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും നിശ്ശബ്ദതയിലൂടെ ഇല്ലാതാക്കാന്‍ കഴിയുമോ? “Situate, rather than expurgate” എന്നാണു സ്പിവാക് പറയുന്നത്. (A Critique of Postcolonial Reason: Toward a History of the Vanishing Present, 1999).

ഇത് മാത്രമല്ല, രണ്ടു ലക്ഷത്തോളമെങ്കിലും കൊറിയന്‍ സ്ത്രീകളെ ജപ്പാനില്‍ ലൈംഗിക അടിമകളായി കൊണ്ട് വന്നിരുന്നു അക്കാലത്ത്. ഇതില്‍ ബഹുഭൂരിപക്ഷവും കൊറിയയില്‍ നിന്നായിരുന്നു. പട്ടാളക്കാര്‍ക്ക് ലൈംഗികമായി ഉപയോഗിക്കാന്‍ വേണ്ടിയാണ് കൂടുതല്‍ പേരെയും കടത്തിക്കൊണ്ടു പോയത്. ജാപ്പനീസ് ഇമ്പീരിയല്‍ പട്ടാളത്തിന്റെ ആവശ്യത്തിനാണ് ഇവരെ ഉപയോഗിച്ചത്. എല്ലാ മനുഷ്യാവകാഷനഗ്ലും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. കൂടുതല്‍ പേരും കൊറിയന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ ആയിരുന്നു. കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്തും ഉയര്‍ന്ന ശമ്പളം എന്ന പ്രലോഭനത്തിലുമാണ് ചിലരെ കൊണ്ട് വന്നതെങ്കില്‍ ബലപ്രയോഗത്തിലൂടെയാണ് മറ്റുള്ളവരെ ഇതിനായി കണ്ടെത്തിയത്. ഇതേക്കുറിച്ചുള്ള തെളിവുകളെല്ലാം ജപ്പാന്‍ സര്‍ക്കാര്‍ നശിപ്പിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. 1992 വരെ ഇങ്ങനെ ഒരുസംഭവം ചരിത്രത്തില്‍ ഉണ്ടായതായി പോലും സമ്മതിക്കാന്‍ ജപ്പാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. Katherine Barry എഴുതിയ Prostitution of Sexuality (1996, New York University Press) എന്ന പഠനത്തില്‍ ഏഷ്യയില്‍ എമ്പാടും സ്വന്തം പട്ടാളക്കാര്‍ക്ക് വേണ്ടി ജപ്പാന്‍ രതികേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും അവിടെയൊക്കെ ലൈംഗിക അടിമകളായി കൊറിയന്‍ പെണ്കുട്ടികളെ നിയോഗിക്കുകയും ചെയ്തതായി പറയുന്നുണ്ട്. കൊറിയന്‍ പെണ്കുട്ടികള്‍ മാത്രമല്ല, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ, നെതര്‍ലാന്‍ഡ്‌സ്, ബര്‍മ ചൈന തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നിന്ന് സ്ത്രീകളെ വിവിധ പട്ടാള രതികേന്ദ്രങ്ങളിലേക്ക് കടത്തിക്കൊണ്ടു പോയിട്ടുണ്ട്. അതിക്രൂരമായ പീഡനങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

വളരെ ഔദ്യോഗികമായി തന്നെ നിര്‍വഹിക്കപ്പെട്ട ഒരു കാര്യമായിരുന്നു ഇത്. സാധാരണ പട്ടാളക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും പ്രത്യേക സമയ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു സന്ദര്‍ശനത്തിനു. 1990 കളിലാണ് ഇതേ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ പുറത്തു വന്നത്. Yoshiaki Yoshim-ന്‍റെ Comfort Women: Sexual Slavery in Japanese Military during the World War II (1995 English translation, Columbia University Press, 2000) അമ്പതു പട്ടാളക്കാര്‍ക്ക് ഒരു സ്ത്രീ എന്ന നിരക്കില്‍ മുപ്പതു ലക്ഷം പട്ടാളക്കര്‍ക്കായി ഒരു ലക്ഷത്തോളം സ്ത്രീകളെ ഈ ഔദ്യോഗിക രതികേന്ദ്രങ്ങില്‍ അടിമകളാക്കി വച്ചിരുന്നു എന്ന് രേഖപ്പെടുത്തുന്നു. 1937 –ല്‍ ജപ്പാന്‍ പട്ടാള ബ്യൂറോക്രസി ആലോചിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് ഇത് എന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. Military Attache Bureau യും മിലിട്ടറി പോലീസും ചേര്‍ന്ന് സൈനികരുടെ വിനോദത്തിനായി ഇത്തരം രതികേന്ദ്രങ്ങള്‍ യുദ്ധമുന്നണികളില്‍ എല്ലാം സ്ഥാപികണമെന്നു തീരുമാനിക്കുക ആയിരുന്നു. അത് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ലക്ഷക്കണക്കിന്‌ ഗ്രാമീണ യുവതികളെ സ്വന്തം രാജ്യങ്ങളില്‍ നിന്ന് പറിച്ചെടുത്തു ഏഷ്യയിലെ യുദ്ധമുന്നണികളിലെ രതികേന്ദ്രങ്ങളിലെ അടിമകളാക്കി കൊണ്ട് വന്നത്. 1942-ലെ ജാപ്പനീസ് യുദ്ധ മന്ത്രാലയത്തിന്റെ ഒരു രേഖയില്‍ വടക്കന്‍ ചൈനയില്‍ 100, മദ്ധ്യ ചൈനയില്‍ 140, തെകാന്‍ ചൈനയില്‍ 140, തെക്കന്‍ ഏഷ്യയില്‍ 100, ദക്ഷിണ സമുദ്രത്തില്‍ 10, സഖാലിനില്‍ 10 അങ്ങനെ മൊത്തം 400 രതി കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നതായി വ്യക്തമാക്കുന്നു. രതികേന്ദ്രങ്ങളെ കംഫര്‍ട്ട് സ്റ്റേഷന്‍ എന്ന് അര്‍ഥം വരുന്ന രീതിയിലാണ് ജാപ്പനീസ് പട്ടാളം നാമകരണം ചെയ്തിരുന്നത്.

ഇവയെല്ലാം ബലാല്‍സംഗ കേന്ദ്രങ്ങള്‍ ആയാണ് അറിയപ്പെട്ടിരുന്നത്. ലൈംഗിക ക്രൂരതയുടെ കൂടുതല്‍ ചിത്രം വ്യക്തമാവുന്നത് ഈ കേന്ദ്രങ്ങളില്‍ കൊണ്ടുവന്ന രണ്ടു ലക്ഷത്തോളം യുവതികളില്‍ ഏതാണ്ട് ഒരു ലക്ഷത്തി നാല്പ്പത്തയ്യായിരം പേരും പീഡനങ്ങള്‍ സഹിക്കാനാവാതെ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് കൂടി മനസ്സിലാക്കുമ്പോഴാണ്. യുദ്ധമുന്നണിയില്‍ നിന്ന് ജപ്പാന്‍ പിന്‍വാങ്ങി തുടങ്ങിയതോടെ രതികേന്ദ്രങ്ങളിലെ ജീവിതം കൂടുതല്‍ ദുസ്സഹമായി. മരണങ്ങള്‍ കൂടുന്നതിന് ഇതും കാരണമായിട്ടുണ്ടാവാം. എന്നാല്‍ ഇതെല്ലാം ഊഹക്കണക്കുകളാണ്. യാഥാര്‍ത്ഥ്യം ഇതിനേക്കാള്‍ ലഘുവോ തീവ്രമോ എന്ന് അറിയാന്‍ ഇപ്പോള്‍ മാര്‍ഗ്ഗങ്ങളില്ല.

അധിനിവേശങ്ങള്‍ മനുഷ്യാസ്ത്തിത്വത്തെ അപമാനവീകരിക്കുന്നു. ശരീരങ്ങളെയും മനസ്സുകളെയും പീഡിപ്പിച്ചു ഇല്ലാതാക്കുന്നു. കണക്കുകള്‍ ശരിയോ തെറ്റോ ആവട്ടെ. എണ്ണമറ്റ മനുഷ്യജീവനുകള്‍ തങ്ങള്‍ക്കു ബന്ധമില്ലാത്ത ചരിത്രപ്രക്രിയകളുടെ ഭാഗമായി രാജ്യാന്തരങ്ങിളില്‍ അനാഥത്വം ഏറ്റുവാങ്ങി പൊലിഞ്ഞു പോയിരിക്കുന്നു എന്നത് ആര്‍ക്കും നിഷേധിക്കാന്‍ ആവില്ല.

സിവില്‍ ജോലിക്കായി കൂലിയടിമകളെയും പട്ടാളത്തിന്റെ ലൈംഗികവിനോദത്തിനായി യുവതികളെയും ഇങ്ങനെ ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലയിടത്തേക്കായി കൊണ്ട് പോയ ജപ്പാന്‍ ചരിത്രം ഈ നൂറ്റാണ്ടിലേതാണ് എന്നത് നാം വിസ്മരിച്ചു കൂടാ. ഏഷ്യന്‍ ഐക്യത്തിന്റെ രാഷ്ട്രീയം ഇതിനപ്പുറത്തെക്ക് വളര്‍ന്നു എന്ന് കരുതുന്നത് ഒരു വിധത്തിലും ശരിയാവില്ല. ജപ്പാന്റെ സാമ്രാജ്യ മോഹങ്ങളും ചൈനയുടെ സാമ്രാജ്യ മോഹങ്ങളും എന്തിനു ഇന്ത്യയുടെ തന്നെ സ്വന്തം മൃദുസാമ്രാജ്യ സങ്കല്‍പ്പങ്ങളും ഇതിനു തടസ്സം നില്‍ക്കുന്നുണ്ട്. അമേരിക്കയും ചില പാശ്ചാത്യ രാജ്യങ്ങളും ആവട്ടെ ഈ വൈരുധ്യങ്ങളെ എക്കാലത്തും മുതലെടുക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്.

ചൈനയെ സംബന്ധിച്ചെടത്തോളം കൊറിയയോളം ജപ്പാന്‍ അധിനിവേശത്തിന്റെ ദുര്യോഗങ്ങള്‍ സഹിക്കേണ്ടി വന്നിട്ടില്ലെങ്കിലും ജപ്പാന്‍-ചൈന യുദ്ധങ്ങളില്‍ ഏതാണ്ട് രണ്ടു കോടിയോളം ചൈനീസ് ജീവനുകള്‍ ഇല്ലാതായി എന്നത് ചെറിയ കാര്യമല്ല. ഒപ്പം എത്ര ചൈനീസ് നഗരങ്ങള്‍ ചുട്ടെരിക്കപ്പെട്ടു. ഗ്രാമങ്ങള്‍ ചവുട്ടി അരയ്ക്കപ്പെട്ടു. കഴിഞ്ഞ മാസം നടത്തിയ അമേരിക്കന്‍ യാത്രയിലാണ് റന മിറ്റെര്‍ എഴുതിയ Forgotten Ally: China’s World War II, 1937-45 (2013, Houghton, Mifflin Harcourt) പുസ്തകം കാണാന്‍ ഇടയായത്. China’s War with Japan 1937-1945: The Struggle for Survival എന്ന പേരില്‍ ഇതേ പുസ്തകം Allen Lane പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൈനയിലെ ജാപ്പനീസ് അധിനിവേശത്തിന്റെ ചരിത്രം വ്യത്യസ്തമായി വായിക്കാന്‍ ശ്രമിക്കുന്ന ഒരു പുസ്തകമാണിത്. ചൈനീസ് ദേശീയ വാദവും ചൈന എന്ന സങ്കല്‍പ്പത്തെ രാഷ്ട്രീയമായി നിര്‍വചിച്ചതും ജാപ്പനീസ് ധിനിവേഷമാണ് എന്ന് മിറ്റെര്‍ വാദിക്കുന്നു. ചില ഭാഗങ്ങളെ ഞാന്‍ വായിച്ചുള്ളൂ. ചൈനയില്‍ കമ്യൂണിസ്റ്റ് ഭരണത്തിനു വഴി തെളിഞ്ഞതും ജാപ്പനീസ് അധിനിവേശത്തില്‍ നിന്നുണ്ടായ ദേശീയ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. ജാപ്പനീസ് അധിനിവേശക്കാലത്ത്‌ ചൈന വിട്ട വോങ് കാര്‍ വായുടെ കഥാനായകന്‍ ഐപ്പ് മാന്‍ ചൈനയിലെ ഫോഷനില്‍ തിരിച്ചെത്തി വീണ്ടും ഹോങ്ങ്കൊങ്ങിലേക്ക് മടങ്ങുന്നത് കമ്യൂണിസ്റ്റ് വിപ്ലവം നടക്കുമ്പോഴാണ്. ഹോങ്ങ്കൊങ്ങിനെ ഏതോ തരത്തില്‍ ഒരു സ്വാതന്ത്ര്യ ബിംബമായി വോങ് കാര്‍ വായ് കാണുന്നുണ്ടോ എന്ന് വിചാരിക്കേണ്ടി ഇരിക്കുന്നു- അദ്ദേഹത്തിന്റെ വിവിധ സിനിമകളിലെ ഹോങ്ങ്കൊങ്ങിയന്‍ പ്രതിനിധാനങ്ങള്‍ ചര്‍ച്ച ചെയ്യപെടെണ്ടതാണ്. ആരെങ്കിലും എഴുതിയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല.) മിറ്റെരിന്റെത് ഒരു ലിബറല്‍ യാഥാസ്ഥിതിക വായന ആണു എന്നതില്‍ തര്‍ക്കമില്ല. പക്ഷെ ഉള്‍ക്കാഴ്ചയുള്ള ചില നിഗമനങ്ങള്‍ ആ പുസ്തകത്തില്‍ ഉണ്ട്. ചൈനയെ പറ്റി പഠിക്കുന്നവര്‍ വായിക്കേണ്ട പുസ്തകമായാണ് എനിക്ക് തോന്നിയത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഏറെ ഉണ്ടാവാമെങ്കിലും.

1937 ഡിസംബറില്‍ ചൈനയിലെ നാഞ്ചിങ്ങില്‍ ജപ്പാന്‍ നടത്തിയ ആക്രമണം എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നു. ആയിരക്കണക്കിന് സാധാരണ മനുഷ്യരെ കീടങ്ങളെ എന്ന പോലെ ജപ്പാന്‍ കൊന്നൊടുക്കി. ആയിരക്കണക്കിന് സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചു. കുട്ടികളെയും വൃദ്ധരേയും കൊന്നു. വീടുകള്‍ കൊള്ളയടിച്ചു. രണ്ടു ലക്ഷം മുതല്‍ 5 ലക്ഷം വരെ ആളുകള്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നു. The Rape of Nanking: The Forgotten Holocaust of World War II എന്ന Iris Chang-ന്‍റെ പുസ്തകം (1997) ഈ ആക്രമണത്തിന്റെ ക്രൂരമായ മുഖം വരച്ചു കാട്ടുന്നതാണ്. ഇതേ കുറിച്ച് ധാരാളം ഡോക്യുമെന്ററികളും നോവലുകളും ഉണ്ടായിട്ടുണ്ട്.

എന്നാല്‍ ഞാന്‍ ആദ്യം സൂചിപ്പിച്ചത് പോലെ ഇതിനെ ഇത്തരത്തില്‍ ഏകപക്ഷീയമായി മാത്രം വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ല. രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോള്‍ നാം കാണുന്നത് നാഗസാക്കിയിലെയും ഹിരോഷിമയിലെയും അമേരിക്കന്‍ ആണവായുദ്ധ പ്രയോഗം ആണു. അതിനു മുന്പായി ജപ്പാന്‍ നഗരങ്ങളില്‍ അമേരിക്ക രൂക്ഷമായ കാര്‍പ്പെറ്റ് ബോംബിംഗ് നടത്തിയിരുന്നു. ഇത് കാവ്യ നീതി എന്നൊക്കെ പെട്ടെന്ന് തോന്നാമെങ്കിലും ലോക ചരിത്രം അത്ര തെളിവാര്ന്നതല്ലല്ലോ. അമേരിക്കന്‍ ബോംബിംഗ്-ന് മുന്‍പ് തന്നെ അച്ചുതണ്ട് ശക്തികള്‍ ഏതാണ്ട് പരാജയപ്പെട്ടു തുടങ്ങിയിരുന്നു. ആണവായുധ പ്രയോഗത്തെ നീതിമത്കരിക്കാന്‍ കഴിയുന്ന ഒന്നും ഉണ്ടായിരുന്നില്ല. ഇക്കാര്യത്തെ കുറിച്ച് വിനയ് ലാല്‍ എഴുതിയ കാര്യങ്ങള്‍ ശ്രദ്ധേയമാണ് (Empire of Knowledge: Culture and Plurality in the Global Economy, London: Pluto Press, 2002). അച്ചുതണ്ട് മുന്നണിയിലെ രാജ്യങ്ങളായ ഇറ്റലിയിലോ ജര്‍മ്മനിയിലോ ഇങ്ങനെ തുടര്‍ച്ചായി സിവിലിയന്‍മാരെ കൊന്നൊടുക്കുന്ന ബോംബാക്രമണം അമേരിക്ക നടത്തിയിട്ടില്ല. എന്ന് മാത്രമല്ല, അണുബോംബിന്റെ പരീക്ഷണത്തിനു ആ ആജ്യങ്ങളിലെ ജനതയെ ഉപയോഗിക്കാന്‍ അമേരിക്ക തയ്യാര്‍ അല്ലായിരുന്നു. ജപ്പാന്‍ ഒരു ഏഷ്യന്‍ രാജ്യമാണ് എന്നതാണ് ഈ ആക്രമണത്തിന്റെ കാരണം. ജപ്പാനിലെ മനുഷ്യജീവിതത്തിനു എന്തെങ്കിലും വിലയുള്ളതായി അമേരിക്ക കരുതിയിരുന്നില്ല.

ജപ്പാന്‍ സാമ്രാജ്യത്വം അതിന്റെ ശുദ്ധമായ അധിനിവേശരാഷ്ട്രീയത്തെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ യൂറോപ്യന്‍ അധിനിവേശ രാഷ്ട്രീയത്തിന് വ്യക്തമായ വംശീയ അജണ്ടകള്‍ ഉണ്ട്. ഇതാണ് ഏഷ്യയിലെ യുദ്ധങ്ങളെ കൊളോണിയല്‍ യുദ്ധങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. തീര്‍ച്ചയായും ജപ്പാനും എത്നിക് മൂല്യങ്ങളാല്‍ നിന്ന് സ്വന്തം ക്രൂരതകള്‍ക്ക് മറയിട്ടിട്ടുണ്ടാവണo. എന്നാല്‍ അടിസ്ഥാനപരമായി യൂറോപ്യന്‍ സോളിഡാരിട്ടി ഉണ്ടാവുന്നതു അതിന്റെ വംശീയ മേധാവിത്തത്തെ കുറിച്ചുള്ള ധാരണകളില്‍ നിന്നാണ്. അപരത്വത്തെ അത് നിര്‍വചിക്കുന്നത് ഈ മേധവിത്ത നിലപാടില്‍ നിന്ന് മാത്രമാണ്. അത് വെറും സാമ്രാജ്യ മോഹം മാത്രമല്ല. യൂറോപ്പിന്റെ മനസ്സില്‍ ഒരു ഹിറ്റ്ലര്‍ എപ്പോഴും ഉറങ്ങിക്കിടക്കുന്നു. ഇടക്കുണരുകയും ചോരക്കായി മുരളുകയും ചെയ്യുന്നു.

ഏഷ്യയിലെ പരസ്പരശത്രുതയുടെ രാഷ്ട്രീയം പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുന്നതല്ല. അതിന്റെ ചരിത്രസാഹചര്യങ്ങള്‍ ഞാന്‍ നേരത്തെ വിവരിച്ച ചരിത്രപ്രക്രിയകളില്‍ അന്തര്‍ലീനമായിട്ടുള്ളതാണ്. ഏറ്റവും ഒടുവില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയിലെത്തിയ അവശേഷിച്ച കൊറിയന്‍ രതികെന്ദ്രങ്ങളിലെ മുന്‍ ലൈംഗിക അടിമകലായ മൂന്നു പേര്‍ക്ക് അത് നിഷേധിച്ച നിലപാടാണ് ജപ്പാനിലെ ഉയര്‍ന്ന നീതിപീഠം സ്വീകരിച്ചത്. ഇതിനോട് ജപ്പാന്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ യോജിക്കുകയായിരുന്നു. എന്നാല്‍ നീതി നിഷേധിക്കപ്പെട്ട വൃദ്ധയാ കൊറിയന്‍ സ്ത്രീയുടെ പ്രതികരണം ലോകം മുഴുവന്‍ കണ്ടു. അവര്‍ പറഞ്ഞു: ഞാന്‍ ജപ്പാനെ കൂടുതല്‍ വെറുക്കുന്നു. ദേശ രാഷ്ട്രങ്ങള്‍ക്ക് പരസ്പരമുള്ള വെറുപ്പിന്റെ രാഷ്ട്രീയത്ത്തില്‍ നിന്നു പുറത്തു വരാനും പരസ്പരം ഐക്യപ്പെടാനും കഴിയുന്ന ഒരു ഭൌതിക സാഹചര്യം ഏഷ്യയില്‍ ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല. ഉടനെയുണ്ടാവും എന്ന് കരുതാനും കഴിയില്ല. ഈ ചരിത്രത്തിന്റെ അടിയില്‍ കോടിക്കണക്കിനു സാധാരണക്കാരുടെ കീറിപ്പറിഞ്ഞു പോയ ജീവിതത്തിന്റെ ചോരയും കണ്ണീരും ഒട്ടിപ്പിടിച്ചിരിക്കുന്നു.

Categories
Malayalam Articles

ദളിത്‌ വിമോചനത്തിന്റെ സ്ത്രീശബ്ദം

ദളിത്‌ വിമോചനത്തിന്റെ സ്ത്രീശബ്ദം

ഡോ. ടി ടി ശ്രീകുമാര്‍ (പാഠഭേദം, ഒക്ടോബര്‍ 2013)

1114 –ന്‍റെ കഥ (അക്കാമ്മ ചെറിയാന്‍), ജാനു-സി.കെ.ജാനുവിന്റെ ജീവിതകഥ (ജാനു- ഭാസ്കരന്‍), മയിലമ്മ ഒരു ജീവിതം (മയിലമ്മ- ജ്യോതിബായ് പരിയാടത്ത്), പച്ചവിരല്‍ (ദയാഭായി-വിത്സണ്‍ ഐസക്) തുടങ്ങി ജനാധിപത്യാവകാശങ്ങളുടെ സ്ത്രീചരിത്രങ്ങള്‍ ആത്മകഥാപരമായി രേഖപ്പെടുത്തപ്പെട്ട പുസ്തകങ്ങളുടെ പരമ്പരയിലാണ് ഞാന്‍ ചെങ്ങറ സമരവും എന്റെ ജീവിതവും (സെലീന പ്രക്കാനം- ഒ. കെ. സന്തോഷ്‌, എം ബി. മനോജ്‌) എന്ന സെലീന പ്രക്കാനത്തിന്റെ ജീവിതകഥയും എടുത്തു വക്കുന്നത്. കേരളത്തിലെ നവസാമൂഹിക പ്രസ്ഥാനങ്ങളും സിവില്‍ സമൂഹ സമരങ്ങളും– ഏറ്റവും ഒടുവില്‍ ഡാര്‍ലി അമ്മൂമ്മയും ജസീറയും വരെ-, ത്യാഗഭരിതമായ ഒട്ടേറെ സ്ത്രീനേതൃത്വങ്ങളെ മുന്നോട്ടു കൊണ്ടുവന്നു. അല്ലെങ്കില്‍ അവര്‍ മുന്കയ്യെടുത്ത് ഒട്ടേറെ നവസമരങ്ങള്‍ക്കു രൂപം കൊടുക്കുകയും അത് സമൂഹത്തെ കൂടുതല്‍ ചലനാത്മകമാക്കുകയും ചെയ്തു. ആത്മപ്രകാശനത്തിന് അവസരങ്ങള്‍ ഉണ്ടാകാതിരുന്ന കാലത്തുനിന്നു സ്വന്തം ശബ്ദം വേറിട്ട്‌ കേള്‍പ്പിക്കാന്‍ കഴിയുന്ന കാലത്തേക്കുള്ള യാത്ര സങ്കീര്‍ണ്ണമായ ഫെമിന്സിറ്റ് രാഷ്ട്രീയ ചരിത്രമാണ്. അതില്‍ തന്നെ ജാതിയുടെ പാടുകള്‍ കൂടി പതിഞ്ഞിരിക്കുമ്പോള്‍ അത് കൂടുതല്‍ പ്രശ്നസങ്കുലമാവുന്നു.

അതുകൊണ്ട് തന്നെ സെലീനയുടെ ഈ ആത്മകഥക്ക് ഒന്നിലധികം സാംഗത്യങ്ങള്‍ വന്നു ചേരുന്നു. ചെങ്ങറ സമരത്തില്‍ ആവേശപൂര്‍വ്വം പങ്കെടുകയും, നേതൃത്വപരമായ പങ്കു വഹിക്കുകയും, ആ പ്രസ്ഥാനത്തില്‍ നിന്ന് ഒരു ഘട്ടത്തില്‍ പിന്‍വാങ്ങുകയും ചെയ്യേണ്ടി വന്ന സാഹചര്യങ്ങള്‍ വ്യക്തിപരമായ ഒട്ടേറെ വിശദീകരണങ്ങളും വിമര്‍ശനങ്ങളും സ്വയം വിമര്‍ശനവും അടങ്ങുന്ന ആഖ്യാനമാണ് എന്ന് സെലീന വ്യക്തമാക്കുന്നു. ഭീതിയുടെ, അവിശ്വാസത്തിന്റെ, അരക്ഷിതത്വത്തിന്റെ, വീര്‍പ്പുമുട്ടിക്കുന്ന രാഷ്ട്രീയ-വൈകാരിക സമ്മര്‍ദ്ദങ്ങളുടെ ഹതാശമായ അന്തരീക്ഷത്തിലും സ്ഥൈര്യം കൈവിടാതെ മുന്നോട്ടുപോയതിന്റെ പ്രത്യാശകളും വേദനകളുമാണ് സെലീന വായനക്കാരുമായി പങ്കു വയ്ക്കുന്നത്.

ചെങ്ങറ സമരം സെലീനയ്ക്ക് മണ്ണിനു വേണ്ടി മാത്രമല്ല, മനസ്സിനും കൂടി വേണ്ടിയുള്ള സമരമായിരുന്നു എന്ന് ഈ പുസ്തകം നമ്മെ അറിയിക്കുന്നുണ്ട്. മനുഷ്യജീവിതത്തെ കുറിച്ച്, മതത്തെ കുറിച്ച്, ജാതിയെ കുറിച്ച്, അധികാരത്തെ കുറിച്ച്, സാമൂഹിക സംഘാടനത്തെ കുറിച്ച്, ജനാധിപത്യത്തെ കുറിച്ച് ഒക്കെതന്നെ പുതിയ ഉള്‍ക്കാഴ്ചകളിലേക്ക് നീങ്ങാന്‍ ഈ സമരം എങ്ങനെ സഹായകമായി എന്ന് ഈ പുസ്തകം വിവരിക്കുന്നു. ജാതിക്കുള്ളിലെ സമരം, ദളിത്‌ നേതൃത്വത്തിലേക്ക് നുഴഞ്ഞു കയറുന്ന നവഹൈന്ദവ പക്ഷപാതങ്ങള്‍, സി. പി. ഐ. (എം), ആര്‍ എസ്. എസ്. നേതൃത്വങ്ങളുടെ ആക്രമണങ്ങള്‍, ഭരണകൂടത്തിന്റെ നിരന്തരമായ പീഡനങ്ങള്‍- കേരളത്തിലെ ദളിത്‌ ജീവിതത്തിന്റെ ഈ യാഥാര്‍ത്ഥ്യത്തോടാണ് സെലീനയുടെ പുസ്തകം സംവദിക്കുന്നത്. അതുകൊണ്ട് തന്നെ സെലീനയുടെ ഓരോ വാക്കും ശ്രദ്ധിച്ചു കേള്‍ക്കാനുo മനസ്സിലാക്കാനും ഉള്ളതാണ്.

പൊള്ളുന്ന ഒരു ജീവിതമായിരുന്നു ചെങ്ങറ സമരഭൂമിയിലേത്. അത് സൃഷ്ടിച്ച വലിയ ആഘാതങ്ങളില്‍ നിന്ന് പുതിയ ചിന്തകള്‍ നെയ്തെടുത്ത സമാന്തരമായ ഒരു ജീവിത സമരകഥ കൂടിയാണിത്. കേരളത്തിലെ ദളിത്‌ സമരവേദിയിലെ ഏറ്റവും പ്രധാനപ്പെട്ട ശബ്ദം സെലീനയുടെതാണ് എന്ന് ഞാന്‍ കരുതുന്നു. ജാനുവും മയിലമ്മയും സെലീനയും ഒക്കെ തമ്മിലുള്ള സമാന്തരങ്ങള്‍ ശ്രദ്ധേയമാണ്. സെലീന തന്നെ പറയുന്നു: “ദളിതരുടെ, ആദിവാസികളുടെ വിമോചനത്തിനു കുറുക്കു വഴികളൊന്നുമില്ല. ഒരുപാട് ചിന്തകളും നേതൃത്വങ്ങളും ഉണ്ടായി വരണം. സി. കെ. ജാനുവിനോട്‌ എനിക്ക് ഒരുതരം ആരാധന തന്നെ ഉണ്ടായിരുന്നു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും വരുന്ന സഹോദരിയാണല്ലോ അവര്‍. സ്വന്തം സമൂഹത്തോട് അവര്‍ക്കുള്ള കാഴ്ച്ചപ്പാട്, സമരത്തിനായുള്ള ആഹ്വാനം, എല്ലാം ഒരുപാട് വലുപ്പമുള്ളതായിട്ടു തോന്നിയിട്ടുണ്ട്. തീര്‍ച്ചയായും അത്തരത്തിലൊരു മനസ്സിന്റെ ഉടമക്ക് മാത്രമേ വിശാലമായി ചിന്തിക്കാന്‍ പറ്റൂ.” സമാനമായ സമരങ്ങളില്‍ നിന്ന്, അതില്‍ സ്ത്രീ നേതൃത്വങ്ങള്‍ ഉണ്ടായതില്‍ നിന്ന് വിവേകപൂര്‍വ്വമായ നിഗമനങ്ങളില്‍ എത്തി ചേരാന്‍ സെലീന നമ്മോട് ആവശ്യപ്പെടുകയാണ് ഇവിടെ.

ഡി. എച്ച്. ആര്‍. എമ്മിനെ പോലെ വിട്ടുവീഴ്ച്ചയില്ലാതെ ദളിത്‌ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഒരു സംഘടനയില്‍ ആണു സെലീന ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കേരളീയ സമൂഹത്തിന്റെ ആദ്യത്തെ സമഗ്രമായ ദളിത്‌പക്ഷ വിമര്‍ശനം ഉണ്ടായത് ഡി. എച്ച്. ആര്‍. എമ്മില്‍ നിന്നാണ്. അവരുടെ രാഷ്ട്രീയ പ്രയോഗത്തില്‍ നിന്നാണ്. അതുകൊണ്ട് തന്നെ അവര്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. ചെങ്ങറ സമരഭൂമിയില്‍ നിന്ന് പോകുന്ന സെലീന കൂടുതല്‍ ദുര്‍ഘടമായ ഒരു സുദീര്‍ഘസമരത്തിന്റെ വഴിയിലേക്കാണ് നീങ്ങിയിരിക്കുന്നത്.

ഞാന്‍ ഇതെഴുമ്പോഴും സെലീന കഴിഞ്ഞ ആഴ്ച നേരിട്ട ആക്രമണത്തിന്റെ മുറിവില്‍ നിന്ന് പൂര്‍ണ്ണമായും മോചിതയായിട്ടുണ്ടാവില്ല എന്ന് എനിക്കറിയാം. ഉമ്മന്‍ ചാണ്ടിയുടെ പോലീസുകാര്‍ സി. പി. ഐ. (എം) പ്രവര്‍ത്തകന്റെ ജനനേന്ദ്രിയത്തില്‍ കൈവച്ചപ്പോള്‍ മറ്റൊരിടത്ത് സി. പി. ഐ. (എം) സെലീനയെ തല്ലിവീഴ്ത്തുക ആയിരുന്നു. ഡി. എച്ച്. ആര്‍. എമ്മിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും അവരുടെ പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യാനും ഉള്ള സാഹചര്യം ഉണ്ടായേ മതിയാകൂ. അതിനു വേണ്ടിയുള്ള സെലീനയുടെ സമരങ്ങളോട് തീര്ച്ചയായും ഐക്യദാര്‍ഢ്യം ഉണ്ടാവണം.
കുടുംബത്തില്‍ നിന്ന്, സമരസഹോദരരില്‍ നിന്ന്, സഹഭാവമുള്ള സംഘടനകളില്‍ നിന്ന്, സഹായിക്കും എന്ന് കരുതുന്ന വ്യക്തികളില്‍ നിന്ന് എതിര്‍പ്പും വിദ്വേഷവും ഉണ്ടാവുമ്പോഴും തളരാതെ രാഷ്ട്രീയ ബോധം ഉറപ്പിച്ചു നിര്‍ത്തുന്നത് പ്രയോഗത്തിന്റെ സാധനയാണ്‌. അതിലൂടെ മുന്നോട്ടു പോയ സമര ജീവിതമാണ് ഈ പുസ്തകത്തില്‍ തീക്ഷ്ണമായി വിവരിക്കപ്പെടുന്നത്. ഈ പുസ്തകം വായിക്കപ്പെടെണ്ടതാണ് എന്ന് ഞാന്‍ കരുതുന്നു. മുപ്പത് വയസ്സിനുള്ളില്‍ ഇത്രയും പോരാട്ടങ്ങളുടെ മുറിവുകള്‍ ശരീരത്തിലും ഹൃദയത്തിലും പേറുന്ന സെലീന ജനാധിപത്യകേരളത്തിന്റെ ധീരമായ സ്ത്രീശബ്ദമാണ്.

Categories
Malayalam Articles

കൊളോണിയല്‍ ചരിത്രവും തിന്മയുടെ രാഷ്ട്രീയവും

കൊളോണിയല്‍ ചരിത്രവും തിന്മയുടെ രാഷ്ട്രീയവും

(മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, സെപ്റ്റംബര്‍ 22, 2013)

കൊളോണിയലിസം വലിയൊരു തിന്മ ആയിരുന്നു എന്ന് പറഞ്ഞാല്‍ ലിബറല്‍ വ്യാഖ്യാനം എന്ന് ഉടന്‍ കണ്ണുരുട്ടേണ്ടതില്ല. അതൊരു വലിയ ഹിംസാവ്യവസ്ഥ തന്നെ ആയിരുന്നു. പ്രാദേശിക സമുദായങ്ങളെ അത് ചിന്നഭിന്നമാക്കുകയും മനുഷ്യ ഭാഗധേയങ്ങളെ മാറ്റി നിര്‍ണ്ണയിക്കുകയും നിര്‍വചിക്കുകയും ചെയ്തത് നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ഹിംസയുടെ മാര്‍ഗങ്ങളിലൂടെ ആയിരുന്നു. അതിന്റെ ഗുണപരമായ ചില വശങ്ങളെ കുറിച്ച് മാര്‍ക്സും, അതൊരു ശാക്തീകരണ ഹിംസ (enabling violation) ആയിരുന്നുവെന്നു സ്പിവാക്കും പറഞ്ഞിട്ടുണ്ട്. അതിന്റെ കാരണങ്ങള്‍ പലതാണ്. യൂറോപ്യന്‍ അധിനിവേശത്തിനെതിരെ ഉയര്‍ന്നു വന്ന ദേശീയ സമരങ്ങള്‍ യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെയും ആധുനികതയുടെയും ചുവടുപിടിച്ചുള്ളവ ആയിരുന്നു എന്നതാണ് അതില്‍ പ്രധാനം. എന്നാല്‍ ഈ സമീപനം സൂക്ഷ്മതലത്തില്‍ അതുചെയ്ത കൊടിയ അപരാധങ്ങളെ വിസ്മരിക്കുന്നതാണ് എന്ന് ഞാന്‍ വിചാരിക്കുന്നു. അവര്‍ അത് വിസ്മരിക്കുന്നു, തമസ്കരിക്കുന്നു എന്ന അര്‍ത്ഥത്തിലല്ല. ബ്രസീല്‍ ജനത പോര്‍ത്തുഗീസ് ഭാഷയും ലാറ്റിന്‍ അമേരിക്കയിലെ വലിയൊരു കൂട്ടം രാഷ്ട്രങ്ങള്‍ സ്പാനിഷ് സംസാരിക്കുന്നതും സ്വന്തം ഭാഷ ഇല്ലാതാക്കപ്പെട്ടതുകൊണ്ടാണ്. മനുഷ്യാസ്തിത്വത്തിന്റെ അടിസ്ഥാന നൈതികതകള്‍ കണക്കിലെടുക്കാന്‍ വിസമ്മതിച്ച രാഷ്ട്രീയ-സാമ്പത്തിക-മത യുക്തികളാണ് അധിനിവേശത്തിന്റെ ആന്തരികഘടനയെ നിയന്ത്രിച്ചിരുന്നത്. അതിന്റെ തുടര്‍ച്ചകളില്‍ ചരിത്രപരമായി സംഭവിക്കുന്ന വലിയ സംഘര്‍ഷങ്ങള്‍ക്ക് ഈ വ്യാഖ്യാനം ഉത്തരം തരുന്നില്ല എന്നതിനാലാണ് കൊളോണിയലിസം അത് നല്‍കിയ ശാക്തീകരണ സാധ്യതകളുടെ പേരില്‍ വിലയിരുത്തപ്പെടുന്നത് വലിയ ന്യൂനീകരണമാവുന്നത്.

1857 ലെ കലാപത്തിന്റെ സമയത്ത് ദല്‍ഹിയിലെ 3000 ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് 30000 ഇന്ത്യന്‍ ശിപായിമാരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അധിനിവേശത്തിനു എന്ത് സാധ്യതയാണുള്ളതെന്നു മാര്‍ക്സ് ചോദിക്കുന്നുണ്ട്. മാര്‍ക്സിന്റെ ഉത്കണ്ഠകള്‍ എപ്പോഴും ഇംഗ്ലണ്ടിനെ കുറിച്ചായിരുന്നു. 1857[ ല്‍ New-York Tribune-ല്‍ “British Incomes in India” എന്ന ലേഖനത്തില്‍ മാര്‍ക്സ് പറയുന്നത് ഇന്ത്യയില്‍ നിന്ന് ഇംഗ്ലന്ടിനു സാമ്പത്തിക ലാഭം ഉണ്ടാവുന്നുണ്ടെങ്കിലും ഭരണ ചെലവുകളും യുദ്ധ ചെലവുകളും അതിനെ മറികടക്കാതിരിക്കാന്‍ ഇംഗ്ലണ്ട് ശ്രദ്ധികണമെണമെന്നാണ്. അതിനെക്കാള്‍ ക്രൂരമായി അദ്ദേഹം പറയുന്നത് ഇംഗ്ലീഷ് ജനതയുടെ പോക്കറ്റില്‍ കയ്യിട്ടു വരാതെ ഇംഗ്ലണ്ടിനു ഇന്ത്യ ഭരിക്കാന്‍ കഴിയണമെന്നാണ്. മാത്രമല്ല, റഷ്യയുമായി യുദ്ധമുണ്ടാവാന്‍ കാരണം റഷ്യക്ക് ഇന്ത്യയുടെ മേല്‍ ഒരു കണ്ണുണ്ടോ എന ഇംഗ്ലണ്ടിന്റെ സംശയമാനെന്നിരിക്കെ, ആ യുദ്ധ ചെലവും ഇന്ത്യയുടെ കണക്കില്‍ തന്നെ പെടുത്തണമെന്നാണ് മാര്‍ക്സ് നല്‍കുന്ന ഉപദേശം. വായിക്കുമ്പോള്‍ മാര്‍ക്സിനെ ബ്രിടീഷ് രാജ്ഞി സ്വന്തം സാമ്പത്തികോപദേഷ്ടാവാക്കഞ്ഞത് നന്നായെന്നു തോന്നും! ബ്രിട്ടീഷുകാര്‍ നികുതി പിരിവിനും മറ്റുമായി നടത്തുന്ന കൊടിയ മര്‍ദ്ദനങ്ങളുടെ വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ മാര്‍ക്സ് സ്വയം ഒരു നിഷ്പക്ഷ മതിയായി. ഇതാണ് സ്ഥിതിയെങ്കില്‍ നിഷ്പക്ഷമതികള്‍ അവിടുത്തെ ജനത സ്വാതന്ത്ര്യം ആഗ്രഹിച്ചാല്‍ അവര്ക്കത്തിനു അവകാശമില്ലേ എന്ന് ചിന്തിക്കാന്‍ പ്രേരിതരായിത്തീരുമത്രേ. ഇത്ര വലിയ മര്‍ദ്ദനം നടക്കുന്നുണ്ടെങ്കില്‍ അതിനെതിരെ ഇന്ത്യാക്കാര്‍ തിരിച്ചടിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ എന്നും മാര്‍ക്സ് ചോദിക്കുന്നു.

കൊളോണിയലിസം ഒരു രാഷ്ട്രീയ മത സാമ്പത്തിക വ്യവസ്ഥയെന്ന നിലയില്‍ രൂഢമൂലമായത്തിനു ശേഷമുള്ള ലോകത്തിന്റെ ചിതറിയ അവസ്ഥകള്‍ ഡീ-കൊളോണിയല്‍ പ്രക്രിയകളുടെ കാലത്ത് കൂടുതല്‍ സങ്കീര്‍ണ്ണമാവുക ആയിരുന്നു ചെയ്തത്. ഇതിന്റെ തൊട്ടടുത്ത ഉദാഹരണങ്ങള്‍ എസ്. കെ. പൊറ്റക്കാടിന്റെ യാത്ര വിവരണങ്ങളില്‍ തന്നെയുണ്ട്‌. ‘കാപ്പിരികളുടെ നാട്ടില്‍’ എന്ന പേരില്‍ എസ്, കെ. പൊറ്റക്കാട് എഴുതിയ യാത്ര വിവരണം പ്രസിദ്ധമാണ്. ഇന്നത്തെ രാഷ്ട്രീയമല്ല, അന്നത്തെ രാഷ്ട്രീയo തന്നെ അടിസ്ഥാനപ്പെടുത്തി നോക്കിയാലും അസഹനീയമായ വംശീയ ദുര്ഭാഷണം നിറഞ്ഞ പുസ്തകമാണിത്. അതെല്ലാം ഇവിടെ ആവര്‍ത്തിച്ചു പൊറ്റക്കാടിനെ ഇകഴ്ത്താനല്ല അക്കാര്യം സൂചിപ്പിച്ചത്. ഇന്നത്തെ വായനയില്‍ അദ്ദേഹത്തിന്റെ സമീപനത്തിലെ നിസ്സങ്കോചമായ വംശീയ വീക്ഷണങ്ങള്‍ ആരും കാണാതെ പോകില്ല എന്നതുകൊണ്ടാണ്. എങ്കിലും ഈ പുസ്തകം 1949 കാലത്തെ ആഫ്രിക്കയെ ആണു വിവരിക്കുന്നത് എന്നത് ഇതിനെ ശ്രദ്ധേയമാക്കുന്നു. ഇതില്‍ ഡീ-കൊളോണിയല്‍ പ്രക്രിയകളുടെ സംഘര്‍ഷങ്ങളില്‍പെട്ട് ഉഴലുന്ന ആഫ്രിക്കന്‍ ഇന്ത്യന്‍ വംശജരുടെ സങ്കടങ്ങള്‍ക്ക് പൊറ്റക്കാട് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ഒരേ സമയം വെള്ളക്കാരുടെ മേധാവിത്തത്തേയും, കറുത്തവരുടെ നിസ്സഹായതകളെയും, ഇന്ത്യാക്കാരുടെ സാമ്പത്തിക താല്‍പ്പര്യങ്ങളെയും ചേര്‍ത്ത് വച്ച് പൊറ്റക്കാട്‌ നടത്തുന്ന ആഖ്യാനം അനേകം അടരുകള്‍ ഉള്ളതാണ്. കൊളോണിയലിസതിന്റെ അന്ത്യത്തില്‍ വെള്ളക്കാര്‍ ഉപേക്ഷിച്ചു പോകുന്ന രാജ്യങ്ങള്‍ അവര്‍ സൃഷ്‌ടിച്ച വംശീയ സ്പര്ദ്ധകളുടെ കൊലക്കളങ്ങള്‍ കൂടി ആവുക ആയിരുന്നു. പരസ്പരം വെറുക്കുന്ന ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരെ രാഷ്ട്രീയമായ സമ്മര്‍ദ്ദങ്ങളിലേക്ക് തള്ളിയിട്ടാണ് വെള്ളക്കാര്‍ പിന്‍വാങ്ങുന്നതെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു പൊറ്റക്കാടിന്റേത്. തീര്‍ച്ചയായും അദ്ദേഹം ഇന്ത്യക്കാരുടെ പക്ഷം പിടിച്ചു. ഇതില്‍ അത്ഭുതപ്പെടെണ്ടതില്ല. ഈ അടുത്ത കാലത്ത് ഫിജിയിലെ വലിയ സംഘര്‍ഷം ഉണ്ടായപ്പോള്‍ അവിടുത്തെ പ്രഥമ ജനതയുടെ വികാരങ്ങളല്ല, സമ്പന്നരായ ഇന്ത്യന്‍ വംശജരുടെ താല്‍പ്പര്യങ്ങളാണ് ഇടതുപക്ഷ അനുഭാവികളായ ഉത്തരേന്ത്യന്‍ സുഹൃത്തുക്കള്‍ പോലും പങ്കു വച്ചത് എന്നോര്‍ക്കുന്നു.

1951-ലാണ് പൊറ്റക്കാടിന്റെ പുസ്തകം ആദ്യ എഡിഷന്‍ ഇറങ്ങുന്നത്. അന്ന് തന്നെ ബ്രിട്ടീഷ് എഴുത്തുകാരും പത്ര പ്രവര്‍ത്തകരും ഇന്ത്യക്കാര്‍ക്കെതിരെ ആഫ്രിക്കക്കാര്‍ക്കിടയില്‍ നടത്തുന്ന പ്രചാരണത്തെ കുറിച്ച് പൊറ്റക്കാട്‌ വ്യാകുലനാവുന്നുണ്ട്. “ആഫിക്കയില്‍ ഇന്ത്യക്കാരന്റെ ഭാവി എന്തായിരിക്കും. അഥവാ അവനു ആഫ്രിക്കയില്‍ ഒരു ഭാവി ഉണ്ടോ” എന്ന് അദ്ദേഹം വേവലാതിപ്പെട്ടു. പിന്നീടിറങ്ങിയ പുസ്തകത്തിന്റെ ഒരു എഡിഷനില്‍ 1967-ല്‍ ടാന്സാനിയയില്‍ ഇന്ത്യക്കാര്‍ക്കെതിരെ അവിടുത്തെ ഗവര്‍മെന്റ് കൈക്കൊണ്ട ചില നടപടികളെ കുറിച്ച് അദേഹം ആമുഖ കുറിപ്പായി ചേര്‍ത്തിരുന്നത് കൊളോനിയലിസം ചരിത്രത്തില്‍ നിന്ന് പിന്‍ വാങ്ങുമ്പോള്‍ സൃഷ്ടിക്കുന്ന തുടര്‍ ഹിംസയുടെ ഒരു ഉദാഹരണമാണ്.

1961-ല്‍ ടാന്‍സാനിയ സ്വതന്ത്രമായപ്പോള്‍ 1963 ഡിസംബറിനു മുന്‍പ് ഏഷ്യക്കാര്‍ അവരുടെ പൌരത്വത്തെ കുറിച്ച് അന്തിമമായ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പൌരത്വം സ്വീകരിക്കാത്തവര്‍ ജോലിക്കായി പെര്‍മിറ്റ്‌ എടുക്കണമെന്ന നിയമം വന്നു. ഇത് രണ്ടും ചെയ്യാതിരുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കെതിരെ 1967-ല്‍ പുറത്താക്കല്‍ നടപടികള്‍ തുടങ്ങി. പൊറ്റക്കാട്‌ എഴുതുന്നു: “ടാന്‍സാനിയ പോലീസും ഇമ്മൈഗ്രേഷന്‍ ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് ഉഗ്രമായൊരു വേട്ട നടത്തി. പെര്മിറ്റില്ലാത്ത ഇന്ത്യക്കാരെ മുഴുവന്‍ പിടി കൂടി. അവരെയെല്ലാം ഉടന്‍ പിടിച്ചു പുറത്താക്കാന്‍ ഉള്ള പരിപാടി ആയിരുന്നു. ഒരു രാത്രി കൊണ്ട് ഇന്ത്യാക്കാര്‍ നാടും കുടിയുമില്ലത്ത അനാഥരായിത്തീര്‍ന്നു. ടാന്സാനിയക്ക്‌ അവരെ വേണ്ട…. ഇന്ത്യ അവരെ സ്വീകരിക്കാന്‍ ഒരുക്കമല്ല. ബ്രിട്ടണാകട്ടെ ഇക്കൂട്ടരെ അനാവശ്യമായൊരു ഭാരമായി തള്ളുകയും ചെയ്തു”.

ഇങ്ങനെ ചരിത്രത്തില്‍ അനാഥരാക്കപ്പെട്ടവരെത്രയാണ് എന്നതാണ് കൊളോണിയലിസത്തിന്റെ വലിയ തിന്മയുടെ കണക്കെടുപ്പില്‍പ്പെടെണ്ടത് എന്ന് ഞാന്‍ വിചാരിക്കുന്നു. എന്നാല്‍ ചരിത്രത്തിലെ ഈ തിന്മയെ എങ്ങനെയാണ് നാം മനസ്സിലാക്കുക? ഇതില്‍ ഭാഗഭാക്കായ നിരവധി മനുഷ്യരുണ്ട്. പ്രക്രിയകളുണ്ട്. ഞാന്‍ കഴിഞ്ഞ ലേഖനത്തില്‍ ഇത് സൂചിപ്പിച്ചിരുന്നു, ഇന്ന് ഇന്ത്യന്‍ വംശജര്‍ ലോകത്തെവിടെയും നേരിടുന്ന ന്യൂനപക്ഷ സമ്മര്‍ദ്ദങ്ങള്‍ നിസ്സാരമല്ല എന്ന്. ഈ ഇന്ത്യക്കാര്‍ എങ്ങനെ അവിടങ്ങളില്‍ ചെന്ന് പെട്ടു എന്നത് എളുപ്പത്തില്‍ പറഞ്ഞു തീര്‍ക്കാവുന്ന കാര്യമല്ല. പഴയ സാര്‍ത്ഥവാഹകസംഘങ്ങളെ കുറിച്ചുള്ള കാല്‍പ്പനിക കഥകള്‍ക്കും ജോലി തേടിപ്പോയി പണക്കാരായ ഇന്ത്യാക്കാരെക്കുറിച്ചുള്ള ഭാവനാത്മക ചിത്രീകരണങ്ങള്‍ക്കും ഒക്കെ അപ്പുറം ലക്ഷക്കണക്കിനു ഇന്ത്യാക്കാര്‍ ആഫ്രിക്കയിലും മറ്റു പ്രദേശങ്ങളിലും എത്തി ചേര്‍ന്നതിനെ കുറിച്ച് വളരെ കുറച്ചു അന്വേഷണങ്ങള്‍ മാത്രമേ നടക്കുന്നുള്ളൂ എന്നതാണ് വസ്തുത. ഇന്ത്യന്‍ ചരിത്ര ഗവേഷകരുടെ അജണ്ടയില്‍ ഇത് വലുതായി വന്നു പെടുന്നില്ല. പൊറ്റക്കാടിന്റെ വികാരഭരിതമായ വിവരണം മൂന്ന് രാജ്യങ്ങള്‍ക്കിടയില്‍ പെട്ട് പോയ ഇന്ത്യക്കാരെ കുറിച്ചാണ് പറയുന്നത്. ടാന്സാനിയക്ക്‌ അവരെ വേണ്ട, ഇന്ത്യ സ്വീകരിക്കാന്‍ ഒരുക്കമല്ല, ബ്രിട്ടന്‍ തള്ളിക്കഴിഞ്ഞു. കൊളോണിയലിസം എന്ന തിന്മ മുറുകുമ്പോഴും അഴിയുമ്പോഴും അത് ചവുട്ടിത്തള്ളുന്നത് സ്വന്തം ദേശങ്ങളില്‍ നിന്ന് പറിച്ചെടുക്കപ്പെട്ട മനുഷ്യ സഹസ്രങ്ങളെയാണ്. അവര്‍ക്ക് തിരിച്ചു പോകാനോ നില്‍ക്കാനോ ഇടമില്ലാതാവുന്നു എന്നതിലെ ഹിംസയെ ആണു ഞാന്‍ സൂക്ഷ്മതലത്തിലെ നിഷ്ഠൂരതയായി കാണുന്നത്. പോസ്റ്റ്‌ കൊളോണിയലിസം അതിന്റെ ഏറ്റവും ദാരുണമായ പാരമ്പര്യം അനാവരണം ചെയ്യുന്നത് ഇവിടെയാണ്‌. കൊളോ ണിയലിസതിന്റെ വലിയ ശാക്തീകരണങ്ങളെ കുറിച്ചുള്ള മാര്‍ക്സിന്റെയോ സ്പിവാക്കിന്റെയോ നിലപാടുകള്‍ എനിക്കിവിടെ സഹായകമായി തോന്നുന്നില്ല.

പകരം ഞാന്‍ തിന്മയെ കുറിച്ചുള്ള ഹന്നാ ആരെന്ദിന്റെ രണ്ടു പരികല്‍പ്പനകളിലേക്ക് മടങ്ങി ചെല്ലാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ വര്ഷം ഇറങ്ങിയ ‘ഹന്നാ ആരേന്ദ്’ (Hanna Arendt) എന്ന സിനിമ കണ്ടത് ഒരേ സമയം വായനയുടെ ഓര്‍മ്മകളിലേക്കും അതിലെ വലിയൊരു വിടവിനെ കുറിച്ചുള്ള ചിന്തകളിലേക്കും എന്നെ കൊണ്ട് പോയിരുന്നു. ആദ്യം പ്രതീക്ഷിച്ചിരുന്നത് പോലെ ഹന്നാ ആരേന്ദിന്റെ ജീവചരിത്രമായിരുന്നില്ല ആ സിനിമ. ‘ബയോപിക്’ എന്ന് പറഞ്ഞിരുന്നപ്പോള്‍ കരുതിയത്‌ അത് അവരുടെ മുഴുനീള ജീവിതകഥ ആയിരിക്കും എന്നാണ്. എന്നാല്‍ ചിത്രം ഒരു സമയ ഖണ്ഡത്തെ മാത്രം ആലേഖനം ചെയ്യുന്നതായിരുന്നു. അഡോള്‍ഫ് ഐക്ഹ്-മന്‍ (Adolph Eichmann) ഇസ്രായേലിന്റെ പിടിയിലായ ശേഷം നടന്ന വിചാരണ അമേരിക്കയിലെ ന്യൂ യോര്‍ക്കര്‍ (New Yorker) പത്രത്തിനു വേണ്ടി ഹന്നാ ആരെന്ദ് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായ കാലഘട്ടത്തെ കുറിച്ചായിരുന്നു സിനിമ. ജര്‍മ്മന്‍ സംവിധയകയായ മാഗരീത്തെ വോവ്ന്‍ ട്രാവ്ത്ത (Margarethe von Trotta) യുടെ അപൂര്‍വ്വ സുന്ദരമായ ഒരു സിനിമയാണിത്. ബാര്‍ബര സൂക്കോവ എന്ന പ്രശസ്ത നടിയാണ് ഹന്നാ ആയി അഭിനയിച്ചിരിക്കുന്നത്. കാന്‍ ഫെസ്റിവല്‍ അടക്കം നിരവധി അന്താരാഷ്ട്ര വേദികളില്‍ നല്ല നടിക്കുള്ള അവാര്‍ഡ്‌ നേടിയിട്ടുള്ള സൂക്കോവയാണ് 1986 –ല്‍ ട്രാവ്ത്ത തന്നെ സംവിധാനം ചെയ്ത റോസാ ലക്സംബെര്‍ഗിനെ കുറിച്ചുള്ള സിനിമയില്‍ റോസ ആയി അഭിനയിച്ചിരുന്നത്. ഹന്നായുടെ അദ്ധ്യാപകനായ പ്രമുഖ ദാര്‍ശനികന്‍ മാര്‍ട്ടിന്‍ ഹെയ്ദഗറുമായുള്ള വൈകാരികമായ കൂടിക്കാഴ്ചകള്‍ അടക്കം ചിത്രീകരിച്ച് ഹന്നായുടെ ജീവചരിത്രത്തിലെ ഒരു സവിശേഷ മുഹൂര്‍ത്തത്തെ ഒരേ സമയം യഥാതഥമായും കാല്പ്പനീകമായും ആധുനികമായും പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിന്റെ വലിയ പിരിമുറുക്കങ്ങള്‍ ഈ സിനിമയിലെമ്പാടും മുഴങ്ങുന്നു. ജെറുസലേമില്‍ നടന്ന ഐക്ഹ്-മന്‍ വിചാരണയെ കുറിച്ചെഴുതിയ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചാണ് ഹന്നാ ആരെന്ദ് “Eichmann in Jerusalem” എന്ന വിഖ്യാതമായ പുസ്തകം എഴുതിയത്. ഐക്ഹ്-മനെ ഇസ്രേയല്‍ അര്‍ജന്റീനയിലെ പ്രച്ഛന്ന ജീവിതത്തിനിടയില്‍ ചതിയില്‍ പിടികൂടി ഇസ്രായേലിലേക്ക് അയാളുടെ നാസി കാലത്തെ കുറ്റ കൃത്യങ്ങളുടെ പേരിലുള്ള വിചാരണകള്‍ക്ക് കൊണ്ട് വരിക ആയിരുന്നു. വായനയിലെ വലിയൊരു വിടവ് എന്ന് ഞാന്‍ ആദ്യം പറഞ്ഞത് ആ പുസ്തകം അത് അര്‍ഹിക്കുന്ന ഗൌരവത്തോടെ ഞാന്‍ വായിച്ചിരുന്നില്ല എന്നതിനാലാണ്.

ഹന്നാ ആരെന്ദിനെ എന്റെ ഗൌരവ പൂര്‍ണ്ണമായ വായനയിലേക്ക് കൊണ്ട് വരുന്നത് എം. ഏ. അധ്യാപിക ആയിരുന്ന ഡോ. ഉമാദേവിയാണ്. ധനതത്വശാസ്ത്രത്തില്‍ ആഴമുള്ള ധാരണകളും നിലപാടുകളും ഉണ്ടായിരുന്നു ഡോ. ഉമാദേവിക്ക്‌. സിലബസ്സിന്റെ ചെറിയ ലോകത്തിനു പുറത്തേക്ക് വിദ്യാര്‍ഥികളെ കൊണ്ട് പോകാന്‍ കഴിയാത്ത അധ്യാപനം അര്‍ത്ഥ ശൂന്യമാണ്. ഇത് മനസ്സിലാക്കിയ അധ്യാപിക ആയിരുന്നു ഡോ. ഉമാദേവി. പീഡനഭരിതമായിരുന്നു ഔദ്യോഗിക ജീവിതം. കാരണം കേരള യൂണിവേര്സിറ്റിയിലെ ഉന്നതതലത്തിലെ കക്ഷിരാഷ്ട്രീയം സ്വതന്ത്രമായ ബൌദ്ധികതയെ ഭയക്കുകയും വെറുക്കുകയും ചെയ്യുന്നതാണ്. അതിനാല്‍ ഹന്നാ ആരെന്ദിനെ പോലെയൊരു ചിന്തകയെ ഡോ. ഉമാദേവി വായിക്കുകയും വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത് മനസ്സിലാക്കാവുന്നതാണ്.

അധ്വാനം, ജോലി, കര്‍മ്മം (labour, work, action) എന്നിങ്ങനെ മനുഷ്യശേഷിയുടെ വിനിയോഗത്തെ മൂന്നു അടിസ്ഥാന സംവര്ഗ്ഗങ്ങളായി വിശദീകരിച്ചുകൊണ്ട് ഹന്നാ ആരെന്ദ് നടത്തിയ പഠനമായിരുന്നു The Human Condition (Chicago: University of Chicago Press, 1958). ധനതത്വശാസ്ത്രത്തില്‍ ആഴമുള്ള ധാരണകളും നിലപാടുകളും ഉണ്ടായിരുന്നു ഡോ. ഉമാദേവിക്ക്‌. ഡോ. ഉമാദേവി പിന്നീട് ഇതുമായി ബന്ധപ്പെട്ട ചില ഗവേഷണ പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. മാര്‍ക്സിസത്തേയും ദൈനംദിന രാഷ്ട്രീയത്തേയും കൂടുതല്‍ വിശാലമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ദാര്‍ശനീകാഭിമുഖ്യമുള്ള കൃതിയാണ് The Human Condition. ഇപ്പോള്‍ നവ മാധ്യമങ്ങളുടെ ചരിത്ര ഘട്ടത്തിലും ഏറെ പ്രസക്തമായ ചില കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ ഉണ്ട്. അത് പിന്നീടൊരിക്കല്‍ എഴുതാം. ആദ്യം വായിച്ചത് ഈ പുസ്തകമായിരുന്നെങ്കിലും, പിന്നീട് ഹന്നായുടെ പ്രധാന പുസ്തകമായ The Origins of Totalitarianism (1951) വായിച്ചത് സാമൂഹികമായും രാഷ്ട്രീയമായും ജനാധിപത്യത്തെ മനസിലാക്കുന്നതിനും സമഗ്രാധിപത്യത്തെ എതിര്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കൂടുതല്‍ ബോധ്യപ്പെടുത്തി. ഇക്കാര്യങ്ങളില്‍ ഉറച്ച രാഷ്ട്രീയ നിലപാടിലേക്ക് നീങ്ങാനും സിവില്‍സമൂഹ രാഷ്ട്രീയത്തിന്റെ വലിയ പശ്ചാത്തലം മനസ്സിലാക്കുവാനും വായന സഹായിച്ചു എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലാവുന്നു. അല്ത്യൂസ്സര്‍ സിവില്‍ സമൂഹം എന്ന പരികല്പ്പനയെ Reading Capital എന്ന പുസ്തകത്തില്‍ അപഹസിച്ച്‌ തള്ളിയതും അതിന്റെ മാര്‍കിസ്റ്റ് നോണ്‍-മാര്‍കിസ്റ്റ് അര്‍ത്ഥങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രേരണ ആയിരുന്നു. പിന്നീട് ‘സിവില്‍സമൂഹവും ഇടതുപക്ഷവും’ എന്ന എന്റെ പുസ്തകത്തിന്‍റെ രചനക്ക് വരെ അത് സഹായകമായി. The Origins of Totalitarianism നാസി രാഷ്ട്രീയവും സ്റ്റാലിനിസ്റ്റ് രാഷ്ട്രീയവും പ്രതിനിധാനം ചെയ്യുന്ന പുതിയ വെല്ലുവിളി മനുഷ്യ സമൂഹം ഏറ്റെടുക്കെണ്ടാതിനെ കുറിച്ചുള്ള വലിയ മുന്നറിയിപ്പായിരുന്നു. മാര്‍ത്താണ്ഡ വര്‍മ്മ രാജ്യങ്ങള്‍ പിടിച്ചടക്കി എല്ലാം പദ്മനാഭന് സമര്‍പ്പിച്ചു പദ്മനാഭ ദാസനായി കഴിയുന്നതുകൊണ്ടുണ്ടാകുന്ന പ്രത്യയശാസ്ത്ര വിധേയത്വമാണ് ഭരണത്തിന്റെ ടിറണിയെ തമസ്ക്കരിക്കാനും പ്രജകളെ അതുമായി താദാത്മ്യം പ്രാപിക്കാന്‍ സജ്ജരാക്കുവാനും സഹായിച്ചത്. സമഗ്രാധിപത്യത്തില്‍ തത്തുല്യമായൊരു സമരസപ്പെടല്‍ ഉണ്ടാവുന്നു. എന്നാല്‍ മാര്‍ത്താണ്ഡവര്‍മ്മയുടേത് രാജ്യം നിലനിര്ത്തുന്നതിനുള്ള ഒരു തന്ത്രവും അധികാരത്തിനുള്ള ലെജിറ്റിമേഷനുമാവുമ്പോള്‍ സമഗ്രാധിപത്യത്തില്‍ അത് വ്യത്യസ്തമായ ഒരു മാനം കൈവരിക്കുന്നു. ശത്രു ഉണ്ടാവുമ്പോഴാണ് മാര്‍ത്താണ്ഡവര്‍മ്മക്ക് പ്രഹരിക്കേണ്ടി വരുന്നതെങ്കില്‍ സമഗ്രാധിപത്യം നിരന്തരം അത്ന്റെ ശത്രുക്കളെ കണ്ടെത്തിക്കൊണ്ടിരിക്കുകയും ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ എപ്പോഴും എണ്ണിക്കൊണ്ട് ലേബര്‍ ക്യാമ്പുകളിലും കോണ്‍സെന്ട്രെഷന്‍ ക്യാമ്പുകളിലും അവരെ തള്ളിക്കൊണ്ടിരിക്കുകയും ചെയ്യും. സമഗ്രാധിപത്യം മാധ്യമങ്ങളെയും ജനങ്ങളെയും എപ്പോഴും ഭയന്ന് കൊണ്ടിരിക്കുകയും അവര്‍ തങ്ങളുടെ ശത്രുക്കളാണെന്നു നിരന്തരം വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കും. കൊല്ലാന്‍ അതിനു ഒരു കാരണം വേണ്ട. കൊന്നാല്‍ അതിനു ധാര്‍മ്മികതയുടെ വിചാരണ വേണ്ട. ഭരണത്തിലില്ലെങ്കിലും അത് ഭരിച്ചു കൊണ്ടിരിക്കും, കൊന്നുകൊണ്ടിരിക്കും. The Origins of Totalitarianism എന്ന പുസ്തകത്തില്‍ ഇതിനെ റാഡിക്കല്‍ ഈവിള്‍ (radical evil) –‘സമൂലമായ തിന്മ’ എന്ന് ആരെന്ദ് വിളിച്ചിരുന്നു.

തുടര്‍ന്ന് പലപ്പോഴായി ആരെന്ദിന്റെ മറ്റു പല കൃതികളും പഠിക്കാനും പഠിപ്പിക്കാനുമായി വായിച്ചിട്ടുണ്ട്. കൂട്ടത്തില്‍ എന്തുകൊണ്ടോ വലിയ പ്രാധാന്യത്തോടെ വായിക്കാതിരുന്ന പുസ്തകമാണ് “Eichmann in Jerusalem”. റാഡിക്കല്‍ ഈവിള്‍ എന്ന സങ്കല്പ്പനത്തില്‍ നിന്ന് അതിനു പൂരകമെന്നോ, അതിനെ മറികടക്കുന്നതെന്നോ ഹന്നാ തീര്‍ത്തുo വ്യക്തമാക്കിയിട്ടില്ലാത്ത ഒരു പുതിയ പരികല്‍പ്പനയിലേക്കുള്ള മാറ്റം ഈ പുസ്തകത്തില്‍ ഉണ്ട്, banality of evil- തിന്മയുടെ തുച്ഛത. ‘സമൂലമായ തിന്മ’ എന്നതില്‍ നിന്ന് ‘തിന്മയുടെ തുച്ഛത’യിലേക്ക് മാറുമ്പോള്‍ വിശകലനത്തിന്റെ അടിസ്ഥാനo മാറുന്നില്ല. സമഗ്രാധിപത്യ വ്യവസ്ഥകളിലെ ഹിംസ തന്നെയാണ് അപ്പോഴും ചര്‍ച്ച ചെയ്യുന്നത്. ഇതിന്‍റെ രാഷ്ട്രീയമായ സാധ്യതയെ കുറിച്ചുള്ള സംശയങ്ങളും, രീതിപരമായ സാധുതയെ കുറിച്ചുള്ള വിമര്‍ശനങ്ങളും കൊണ്ടാണ് ഈ സങ്കല്‍പ്പനത്തെയും പുസ്തകത്തെ തന്നെയും അവഗണിച്ചിരുന്നത്. ആരെന്ദിന്റെ മറ്റു പ്രധാന പുസ്തകങ്ങള്‍ ഏതാണ്ട് എല്ലാം തന്നെ പുസ്തകശേഖരത്തില്‍ ഉണ്ടായിരുന്നെങ്കിലും “Eichmann in Jerusalem” വാങ്ങിയിരുന്നില്ല. പുസ്തകം ഒന്ന് കൂടി വായിക്കാന്‍ ഏതായാലും സിനിമ പ്രകോപനമായി.

 

 

അഡോള്‍ഫ് ഐക്ഹ്-മന്‍ നാസി ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ നിരവധി ജൂതന്മാരുടെ കൊലക്ക് ഉത്തരവാദി ആയിരുന്ന വ്യക്തി ആയിരുന്നു. അതുകൊണ്ട് തന്നെ ഇസ്രയേല്‍ അയാളുടെ അറസ്റ്റിനായി ശ്രമിച്ചു കൊണ്ടിരുന്നു. കള്ളപ്പേരില്‍ അര്‍ജന്റീനയില്‍ ഒളിവില്‍ കഴിയുക ആയിരുന്ന അയാളെ ഒടുവില്‍ കുപ്രസിദ്ധരായ മൊസ്സാദ് ചാരന്മാര്‍ വര്‍ഷങ്ങള്‍ നീണ്ടു നിന്ന തിരച്ചിലിനൊടുവില്‍ ചതിയില്‍ പിടിക്കുക ആയിരുന്നു. ജൂതപ്പലായനങ്ങളുടെ മാസ്റ്റര്‍ മൈന്‍ഡ് ആയി, ജൂത കൂട്ടക്കൊലകളുടെ അസൂത്രകനായി മനസ്സിലാക്കപ്പെട്ടിരുന്ന കുറ്റവാളി ആയിരുന്നു ഐക്ഹ്-മന്‍. 1960-ല്‍ ഇറങ്ങിയ Operation Eichmann മുതല്‍ ഈയിടെ പുറത്തിറങ്ങിയ Walking with the Enemy (2013) വരെ ഇരുപതോളം സിനിമകളിലും ടി.വി സിനിമകളിലും ഐക്ഹ് മന്‍ കഥാപാത്രമോ മുഖ്യകഥാപാത്രമോ ആയിട്ടുണ്ട്‌.

അര്‍ജന്റീനയില്‍ നിന്ന് രഹസ്യമായി കടത്തിക്കൊണ്ടു വന്നു ഇസ്രായേലില്‍ വിചാരണ നേരിടുന്ന വേളയിലെ ഐക്ഹ് മന്റെ പ്രതികരണങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും ആണു ഹന്നാ banality of evil എന്നാ പരികല്‍പ്പന രൂപവല്‍ക്കരിക്കുന്നത്. ഇത് എന്റെ അഭിപ്രായത്തില്‍ സമൂലമായ തിന്മ- radical evil – എന്ന പരികല്‍പ്പനക്ക് അനുപൂരകമാണ്. സമൂലമായ തിന്മ വ്യവസ്ഥയുടെ ഹിംസാത്മകതയുടെ യുക്തിയെയോ യുക്തി രാഹിത്യത്തെയോ കുറിച്ചാണെങ്കില്‍ തിന്മയുടെ തുച്ഛത അതില്‍ പങ്കെടുക്കുന്ന വ്യക്തികളുടെ സംഭാവനയെക്കുറിച്ചും അവര്‍ എങ്ങനെ സ്വയം പ്രത്യശാസ്ത്രത്ത്തിന്റെ പ്രചാരകരും പ്രയോക്താക്കളും ആവുന്നു എന്നും സ്വന്തം നൈതികമാനകങ്ങള്‍ അവര്‍ക്ക് എങ്ങനെ നഷ്ടപ്പെടുന്നു എന്നതിന്റെയും ചിത്രമാണ് നല്‍കുന്നത്. വിചാരണ വേളയില്‍ താന്‍ മുകളില്‍ നിന്നുള്ള ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും തനിക്കങ്ങനെ ജൂത വിരോധമൊന്നും ഇല്ലെന്നും അയാള്‍ ആവര്‍ത്തിച്ച്‌ കൊണ്ടിരുന്നു. അയാളെ കുറിച്ച് കെട്ടിപ്പൊക്കിയിരുന്ന ചിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു അയാള്‍. അയാള്‍ ഒരു കുറ്റ ബോധവും പ്രകടിപ്പിച്ചില്ല. ഞാന്‍ എന്റെ ജോലി ചെയ്തു എന്ന ഭാവമായിരുന്നു അയാള്‍ക്ക്‌. ജാലിയന്‍ വാലാബാഗില്‍ കൂട്ടക്കൊല നടത്തിയ ഡയറിന്റെ ചിന്താഗതി ഇതില്‍ നിന് വ്യത്യസ്ഥമാവാന്‍ ഇടയുണ്ടോ?

ഒരു ജൂത വനിത എന്ന നിലയില്‍, ഹോളോകാസ്റ്റിന്റെ ഇര എന്നനിലയില്‍, ഐക്ഹ് മന്‍ ഒരു കൊടും ക്രൂരനായ കൊലപാതകി എന്ന നിലപാട് സ്വീകരിക്കുന്നതായിരുന്നു ഹന്നാക്ക് ഏറ്റവും സുരക്ഷിതമായിരുന്നത്. എന്നാല്‍ അസത്യത്തിന്റെ സുരക്ഷിതത്വത്തില്‍ വ്യാഖ്യാനത്തെ തളച്ചിട്ടു പാര്‍ട്ടികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ കീഴടങ്ങാന്‍ സമ്മതിക്കുന്ന മനസ്സായിരുന്നില്ല ഹന്നാ ആരെന്ദിന്റെത്. അവര്‍ സ്വന്തം നിഗമനങ്ങളുടെ പ്രത്യാഘാതങ്ങളെ ഭയക്കാത്ത എഴുത്തുകാരിയും ചിന്തകയും ആയിരുന്നു. അതിനാല്‍ സമഗ്രാധിപത്യ സമൂഹങ്ങളിലെയും പ്രസ്ഥാനങ്ങളിലെയും കൊലപാതകകികള്‍ മറ്റു ക്രിമിനലുകളില്‍ നിന്ന് വ്യത്യസ്ഥാരാണ് എന്ന നിലപാട് ഹന്നാ മുന്നോട്ടു വച്ച്. ഒന്ന് രണ്ട് മൂന്ന്‍ എന്ന് എന്നിങ്ങനെ എണ്ണി എണ്ണി ആളെക്കൊല്ലുമ്പോള്‍ അവര്‍ ഒരു നീതിസംഹിതയുടെ ഭാഗമായാണ് അത് ചെയ്യുന്നത്. ഭരണത്തിലില്ലെങ്കില്‍ ഭാവി ഭരണത്തിന് വേണ്ടി, ഭരണത്തിലാനെങ്കില്‍ അതിന്റെ പ്രത്യശാസ്ത്രം നില നിര്‍ത്താന്‍ വേണ്ടി.മാധ്യമങ്ങളുടെ ഏതോ സൂക്ഷഗ്രാഹി ഈ വ്യത്യാസം പിടിച്ചെടുക്കുന്നത് കൊണ്ടാണ് അവര്‍ അത്ത്തരം പ്രസ്ഥാനങ്ങള്‍ നടത്തുന്ന കൊലകളെ കൂടുതല്‍ സൂക്ഷ്മ വിചാരണകള്‍ക്ക് വിധേയമാക്കുന്നത്. അത് മനസിലാക്കാതെയാണ് പലരും മാധ്യമ വിമര്‍ശനത്തിനു ഒരുമ്പെടുന്നത്. ഇങ്ങനെ വ്യവസ്ഥയോടു തദാത്മ്യപ്പെടുക എന്നത് ഒരു പ്രത്യയശാസ്ത്ര ബോധമാണ്. അതിന്റെ പേരിലുള്ള തിന്മയെ ആണു ഹന്നാ തിന്മയുടെ തുച്ഛത എന്ന് വിളിച്ചത്. ഹന്നയുടെ ജീവിതത്തില്‍ അത് സൃഷ്ടിച്ച സംഘര്‍ഷങ്ങള്‍ നിരവധി ആണ്.

കൊളോണിയലിസം ഇത്തരo നിരവധി തിന്മയുടെ തുച്ഛതകള്‍ സൃഷ്ടിച്ചു. അത് മനുഷ്യജീവിതങ്ങലെ പറിച്ചെറിഞ്ഞത് നിരവധി വ്യക്തികളുടെ സ്വയംനിയന്ത്രിത തീരുമാനങ്ങളിലൂടെ ആയിരുന്നു. സമൂലമായ തിന്മ എന്ന നിലയില്‍ സംഗ്രാധിപത്യത്തിനു തത്തുല്യമായ ഒരു പ്രത്യയശാസ്ത്രം അധിനിവേശത്തിനുണ്ട്. ഒപ്പം തന്നെ അതില്‍ തിന്മയുടെ തുച്ഛത വലിയ തോതില്‍ അടങ്ങിയിരിക്കുന്നു.

കുറെ വര്‍ഷങ്ങള്‍ക്കു മുന്പ് അവിചാരിതമായി Explorations in Economic History എന്ന പ്രസിദ്ധീകരണത്തില്‍ തെക്കേ ഇന്ത്യയില്‍ നിന്നുള്ള കൊളോണിയല്‍ മനുഷ്യക്കടത്തിന്റെ ചില വിവരങ്ങള്‍ നല്‍കുന്ന ഒരു ലേഖനം ഞാന്‍ വായിക്കാന്‍ ഇടയായി (Lance Brennan, John McDonald and Ralph Shlomowitz, ‘Trends in the Economic Well-Being of South Indians under British Rule: The Anthropometric Evidence’, Explorations in Economic History, Volume 31, Issue 2, April 1994, Pages 225–260). തിരുവിതാംകൂറിന്റെ സാമ്പത്തിക ചരിത്രമായി ബന്ധപെട്ട ചില അന്വേഷനങ്ങല്‍ക്കിടയിലാണ് ഇത് ശ്രദ്ധയില്‍ പെട്ടത്. കേരളം തമിഴ്നാട് കര്‍ണ്ണാടക ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള മനുഷ്യക്കാദത്തിന്റെ വിവരങ്ങളാണ് ഇതിലുള്ളത്. 1834 മുതല്‍ 1917 വരെയുള്ള കാലത്ത് പതിനായിരക്കണക്കിനു ആളുകളെയാണ് മലബാറില്‍ നിന്നും തിരുവിതാംകൂറില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നുമൊക്കെ കൂലിയടിമകളായി കടത്തിക്കൊണ്ടു പോയത്. അങ്ങനെ കൊണ്ട് പോയവരുടെ മതവും ജാതിയും നെഞ്ചളവും പൊക്കവും തൂക്കവും ലിംഗവും പ്രായവും ഒക്കെ രേഖപ്പെടുത്തിയിരുന്നു. ആസ്ട്രെലിയയിലെ Flinders University –യിലെ സാമ്പത്തിക ചരിത്ര അധ്യാപകരായിരുന്നു അന്ന് ഈ ഗവേഷകര്‍. അവര്‍ നോക്കിയത് ഈ വിവരങ്ങള്‍ വിവിധ സമയങ്ങളില്‍ ശേഖരിക്കപെട്ടതായതുകൊണ്ട് 1834 മുതല്‍ 1917 വരെയുള്ള കാലത്ത് തെക്കേ ഇന്ത്യയിലെ മനുഷ്യരുടെ ജെവിടഹ് നിലവാരത്തില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ്. പൊക്കവും നെഞ്ചളവും തൂക്കവും ഒന്നും വലുതായി മാറിയില്ല എന്ന് മാത്രമല്ല കുറഞ്ഞിട്ടും ഉണ്ടെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഭരണത്തിന്‍ കീഴില്‍ യാതൊരു ഭൌതിക പുരോഗതിയും തെക്കേ ഇന്ത്യയില്‍ ഉണ്ടായില്ല എന്നര്‍ത്ഥം.

ഇങ്ങനെ കടത്തികൊണ്ടു പോയയവരില്‍ ദരിദ്രരായ ആഢ്യശൂദ്രന്മാരും കുറഞ്ഞ ശൂദ്രന്മാരും ദളിതരും ക്രിസ്ത്യാനികളും മുസ്ലീംങ്ങളും ഒക്കെ ഉണ്ടായിരുന്നു. പൊക്കം കുറവായിരുന്നെങ്കിലും കേരളത്തില്‍ നിന്നുള്ള കൂലിക്കാരാണ് കൂടുതല്‍ ആരോഗ്യമുള്ളവരെന്നു രേഖപ്പെടുത്തിയിരിക്കുന്നതത്രേ. അങ്ങേയറ്റം കഠിനമായ ജോലികള്‍ക്കാന് ഇവരെ കൊണ്ട് പോകുന്നത് എന്നതിനാല്‍ തെരഞ്ഞടുക്കുമ്പോള്‍ ആരോഗ്യം ശ്രദ്ധികണമെന്നു നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍ അറുപതു പുരുഷന്മാര്‍ക്ക് നാല്‍പ്പതു എന്ന കണക്കില്‍ സ്ത്രീകള്‍ ഉണ്ടാവണമെന്ന് നിര്‍ബന്ധിച്ചിരുന്നതിനാല്‍ സ്ത്രീകളുടെ ഫിറ്റ്നസ് കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഫിജി, മൌരീഷ്യസ്, ദക്ഷിണാഫ്രിക്ക, ജമൈക്കയും ട്രിനിനാടും തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇങ്ങനെ ആയിരക്കണക്കിന് മലയാളികളെ കടത്തിക്കൊണ്ടു പോയിട്ടുണ്ട്. കടത്തപ്പെട്ടവരില്‍ ഏതാണ്ട് 11-12 ശതമാനം പേര്‍ മലയാളികള്‍ ആയിരുന്നു. 18 വയസ്സിനു മുകളില്‍ ഉള്ളവരെയാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞിരുന്നെങ്കിലും 14-16 വയസ്സൊക്കെ ഉള്ള കുട്ടികളെയും കടത്തിയതായി കാണുന്നു.

വലിയൊരു മര്‍ദ്ദക ചൂഷക സംവിധാനം ഉപയോഗിച്ചാണ് പഴയ മനുഷ്യ കടത്തു നടത്തിയിരുന്നത്. അത് നിയമാനുസൃതമായ വ്യാപരമായിരുന്നു എന്നതാണ് വസ്തുത. അതില്‍ ഏര്‍പ്പെട്ടിരുനവര്‍ അങ്ങനെയാണ് അത് മനസിലാക്കിയിരുന്നത്. മനുഷ്യരെ കടത്തുന്നതും കൂലി അടിമകളാക്കി നില നിര്ത്തുന്നതും അവര്‍ ഒരു കുടമായി മനസ്സിലാക്കി ഇരുന്നില്ല. ഒരു നാസി ജൂതരെ കൊല്ലാനുള്ള, പീഡിപ്പിക്കാനുള്ള അപരജനത ആയി മനസ്സിലാക്കുന്നത് പോലെ, കൊളോണിയലിസം നല്‍കിയ പ്രത്യശാസ്ത്ര ബോധമാണ് അടിമ വ്യാപാരത്തെ നിസ്സാരമായി ചെയ്യാവുന്ന വ്യാപാരമായി നിര്‍വചിച്ചത്‌. എന്നാല്‍ പാശ്ചാത്യര്‍ അന്നും ഇന്നും (പാശ്ചാത്യര്‍ എന്നാല്‍ ഇന്നത്തെ അര്‍ഥം അമേരിക്ക എന്നാണു എന്ന് ഗായത്രി സ്പിവക് പകുതി തമാശയായി എഴുതിയിട്ടുണ്ട്) സ്വയം ഒരു ഉപരി വര്‍ഗ്ഗവും വംശവുമായി മനസ്സിലാക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ സമയത്ത് ക്രിസ്ത്യാനികളെ കൂടുതലായി ദേശീയ സമരത്തിന്റെ ഭാഗമാക്കാന്‍ ഉണ്ടായ വലിയൊരു വാദം, ഇന്ത്യന്‍ ക്രിസ്ത്യാനികളോടെ മതപരമായ അനുകമ്പ ഒന്നും വെള്ളക്കാര്‍ കാണിക്കുന്നില്ലെന്നതായിരുന്നു.

കൊളോണിയലിസതിന്റെ ഇത്തരം ഹിപ്പോക്രസികള്‍ക്കെതിരെ ആഞ്ഞടിച്ച ഒരു പുസ്തകമായിരുന്നു Jonathan Swift എഴിതിയ Gulliver’s Travels (1726, rivised in 1735). അതൊരു ‘ബാലസാഹിത്യ’ കൃതിയായി മനസ്സിലാക്കപ്പെടുകയും അതിന്റെ സംഗ്രഹിച്ച രൂപങ്ങള്‍ മാത്രം വായിക്കപ്പെടുകയും ചെയുന്നു എന്നത് വലിയൊരു ദുര്യോഗമാണ്‌. അധിനിവേശത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക യുക്തികളെ പിടിച്ചുലക്കുന്ന ഒരു പുസ്തകമാണത്. ധാര്‍മ്മികതയുടെ കപട നാട്യങ്ങളെയും മൃഗ-മനുഷ്യാവസ്ഥകളുടെ തന്നെ ആപേക്ഷികതയേയും അത് തുറന്നു കാട്ടുന്നു. കുതിരകള്‍ മനുഷ്യരെ പോലെ സംസാരിക്കുന്ന നാട്ടില്‍ ചെല്ലുന്ന ഗള്ളിവര്‍ കാണുന്നത് അവിടെ ‘മൃഗ’സദൃശമായും സംസ്കാരര രഹിതരായും കുതിരകളുടെ അടിമളായും ജീവിക്കുന്നത് ഇരുകാലികളായ ‘മനുഷ്യ’ജീവികളാണ് എന്നതാണ്. അവരേ കുതിരകള്‍ വിളിക്കുന്നത്‌ ‘യാഹുക്കള്‍’ എന്നാണു. പുതിയ ഇന്റര്‍നെറ്റ്‌ യുഗത്തിലെ ആദ്യത്തെ വലിയ കമ്പനികളില്‍ ഒന്ന് സ്വയം സ്വീകരിച്ചത് ഈ പേരായിരുന്നു – Yahoo!. ഗള്ളിവര്‍ ലില്ലിപുട്ടിലും ലാപുട്ടയിലും ബോബ്ഡിഗ്നാഗിലും ഒക്കെ നേരിട്ടത് അപരത്വതിന്റെ ധാര്‍മ്മിക സമസ്യകളും ധാര്‍മ്മികതയുടെ തന്നെ അപേക്ഷികതകളും ആയിരുന്നു. ഇന്നത്തെ പോസ്റ്റ്‌ കൊളോണിയല്‍ ലോകത്തിന്റെ നൈതിക പ്രശ്നങ്ങള്‍ സ്വിഫ്റ്റ് ഉന്നയച്ചവയില്‍ നിന്ന് വളരെയൊന്നും വ്യത്യസ്തമല്ല എന്നത് ഒരു നടുക്കത്തോടെയെ ഓര്‍ക്കാന്‍ കഴിയൂ.

നാം കോസ്മോപോളിറ്റനിസത്തെക്കുറിച്ചും ട്രാന്‍സ്നാഷനലിസത്തെ കുറിച്ചുമൊക്കെ പറയുമ്പോള്‍ ഈ മലയാളികളെ, ഇന്ത്യാക്കാരെ എങ്ങനെ കണക്കില്‍ പെടുത്തുന്നു എന്നത് ഒരു അക്കാദമിക് പ്രശ്നം മാത്രമല്ല. പോസ്റ്റ്‌ കൊളോണിയല്‍ പഠനങ്ങളുടെ പ്രശസ്ത വക്താവായ ഓട്ടോ ക്വയ്സന്‍ എഡിറ്റ്‌ ചെയ്തു ബ്ലാക്ക് വെല്‍ പ്രസിദ്ധീകരിച്ച ‘A Companion to Diaspora and Transnationalism’ (Ato Quayson and Girish Daswani (eds.) Blackwell Companion to Diaspora and Transnational Studies, Blackwell Publishers, 2013) എന്ന പുസ്തകത്തില്‍ ബാംഗ്ളൂരിലെ techno class-നെ കുറിച്ചുള്ള എന്റെ ഒരു ചെറിയ പഠനം ചേര്‍ത്തിട്ടുണ്ട്. യാദൃശ്ചികമായി സംഭവിച്ചതാണ്. ഓട്ടോ ക്വയ്സന്‍ സംഘടിപ്പിച്ച ഒരു സെമിനാറില്‍ ഈ പ്രബന്ധം അവതരിപ്പിച്ചപ്പോള്‍ പുസ്തകത്തിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞെങ്കിലും ഇത് കൂടി ഉള്‍പ്പെടുത്താന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞു അദ്ദേഹം വാങ്ങി ചേര്‍ക്കുക ആയിരുന്നു. ആ പഠനം തയ്യാറാക്കുമ്പോള്‍, ഇന്നത്തെ പുതിയ ഇന്ത്യന്‍ മൈഗ്രന്റ്സ് പഴയ ഇന്ത്യന്‍ ഡയോസ്പറയില്‍ എത്രയോ വ്യത്യസ്തരാണ് എന്ന് ഞാന്‍ ഓര്‍ക്കുന്നുണ്ടായിരുന്നു. എങ്കിലും ചില താരതമ്യങ്ങള്‍ പ്രസക്തമാണു എന്ന് തന്നെയാണ് എന്റെ വിശ്വാസം.

പുതിയ ആഗോളവല്കൃത ലോകത്തെ ‘ഇന്ത്യന്‍ തൊഴിലാളി’, ‘മൂന്നാം ലോക തൊഴിലാളി’ ആരാണ് എന്നത് നാം പരിചിന്തിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യം അതിന്റെ ആമുഖം കൂടിയായി ഞാന്‍ സൂചിപ്പിച്ചതാണ്. അന്നും ഇന്നും യൂറോപ്യന്‍ വര്‍ണ്ണവെറി കൊടിയിറങ്ങാതെ നില്‍പ്പുണ്ട്. കൊളോണിയല്‍ തന്ത്രങ്ങള്‍ വ്യത്യസ്തമായിരിക്കുന്നു. പക്ഷെ എസ. കെ. പൊറ്റക്കാട്‌ കണ്ടു പരിഭ്രമിച്ച വര്‍ണ്ണവെറിയുടെ പരിചിത രൂപങ്ങള്‍ ഇന്നും ദംഷ്ട്ര നീട്ടി നില്‍ക്കുന്നുണ്ട്. പുതിയ പലായനങ്ങളുടെ സാമ്പത്തിക യുക്തികള്‍, അധികാര ബന്ധങ്ങള്‍, സാംസ്കാരിക പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയൊക്കെ ഉപരിതതലത്തില്‍ മാത്രമാണ് വ്യത്യസ്ഥമായിരിക്കുന്നത് എന്നത് കാണാതിരിക്കാനാവില്ല. കൂടുതല്‍ വിശദീകരണവും വിശകലനവും ആവശ്യമുള്ള പ്രശ്നമാണിത്.

Categories
Malayalam Articles

എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പിയും: ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ രണ്ടു കുറുക്കു വഴികള്‍

എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പിയും: ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ രണ്ടു കുറുക്കു വഴികള്‍

ഡോ. ടി ടി ശ്രീകുമാര്‍ (മാധ്യമം വാര്‍ഷികപ്പതിപ്പ്, 2013)

ജാതിയുടെ രാഷ്ട്രീയം ജാതി രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമാണ്. ജാതി രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നതിനുള്ള ഒരു ഉപാധി കൂടിയാണ് ജാതിയുടെ രാഷ്ട്രീയം. കേരളത്തെ ജാതി ദുര്‍ഭൂതം വിഴുങ്ങുന്നു എന്ന് ഇപ്പോള്‍ വേവലാതികള്‍ ഉയര്‍ന്നിരിക്കുന്നു. എന്താണ് ഇതിന്റെ അടിസ്ഥാനം? ജാതിയില്ലാത്ത ഇന്ത്യയെ, കേരളത്തെ ഉടനെയൊന്നും സങ്കല്പ്പിക്കാന്‍ കഴിയില്ല. ജനാധിപത്യത്തില്‍ ജാതി എങ്ങനെ സ്വീകരിക്കപ്പെടണo, വിമര്‍ശിക്കപ്പെടണം എന്നത് അല്‍പ്പം സങ്കീര്‍ണ്ണമായ ഒരു കാര്യമാണ്. കേരളത്തില്‍ ഇപ്പോള്‍ ഈ പ്രശ്നം സജീവമാകാനുള്ള കാരണം എന്‍ എസ്. എസ്. നേതൃത്വത്തിന്റെയും എസ്. എന്‍. ഡി. പി നേതൃത്വത്തിന്റെയും ചില പരസ്യ രാഷ്ട്രീയ നിലപാടുകളാണ്. പ്രാതിനിധ്യ ജനാധിപത്യത്തെയും അതിന്റെ ചിട്ടവട്ടങ്ങളെയും അപഹസിക്കുന്ന വിധത്തിലുള്ള അല്‍പ്പത്തം നിറഞ്ഞ പ്രസ്താവനകളിലൂടെ സര്‍വരുടെയും പരിഹാസ പാത്രമാവാന്‍ ആദ്യമായാണ് ഈ സംഘടനകള്‍ തുനിയുന്നത്.

വെള്ളാപ്പള്ളി യോഗ നേതൃത്വം പിടിച്ചെടുത്ത ശേഷം ഹിന്ദുത്വ ശക്തികളുമായി നിസ്സങ്കോചം കൈകോര്‍ത്ത്‌ കൊണ്ട് തുടര്‍ച്ചയായി ഇത്തരം പല പ്രസ്താവനകളും നടത്തുകയും വി എം സുധീരനും മറ്റും എതിരെ പരസ്യമായി രംഗത്ത്‌ വന്നു ജനങ്ങളാല്‍ തിരസ്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സംയമനത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്ന, പ്രാതിനിധ്യ ജനാധിപത്യത്തിന്റെ സൌമനസ്യങ്ങളെ, അതിനു മേല്‍ തങ്ങള്‍ക്കുള്ള ആധിപത്യത്തിന്റെ അടയാളങ്ങളാണെന്നു ധരിക്കുന്ന നേതൃത്വങ്ങളുടെ കൈപ്പിടിയില്‍ എന്‍. എസ്. എസ്സും എസ്. എന്‍. ഡി. പി യും ഒതുങ്ങിപ്പോയത് ചരിത്രത്തിലെ അവയുടെ ജന്മോദ്ദേശം പൂര്ത്തീകരിക്കപ്പെട്ടത്തിന്റെയും, അവ പൂര്‍ണമായും അപ്രസക്തമായി സമൂഹം കയ്യൊഴിയേണ്ട ബാധ്യതകളായിക്കഴിഞ്ഞു എന്നതിന്റെയും സൂചനയായാണ് മനസ്സിലാക്കേണ്ടത്.

ജാതി വിഭജിത സമൂഹത്തില്‍ ജാതി സംഘടനകള്‍ എങ്ങനെയാവരുത് എന്നതിന്റെ കടുത്ത മാതൃകകളായി എന്‍. എസ്. എസ്സും എസ്. എന്‍. ഡി. പി യും മാറിയതിനുള്ള ഉത്തരവാദിത്തം അവയുടെ ഇപ്പോഴത്തെ നേതൃത്വത്തിനാണ്. സങ്കീര്‍ണ്ണമായ അംഗത്വഘടനയും സമ്പത്തും സംഘടനാ രൂപവും, സ്ഥാപനങ്ങളും നല്‍കുന്ന സാമ്രാജ്യഭരണബോധമല്ലാതെ ഈ സമ്പത്തിന്റെയും സംഘടനാ ശക്തിയുടെയും സാമൂഹികമായ അടിസ്ഥാനത്തെ കുറിച്ചുള്ള രാക്ഷ്ട്രീയമായ ധാരണയില്ലയ്മയില്‍ നിന്നാണ് ഇവരുടെ മെഗലോമാനിയ ഉത്ഭവിക്കുന്നത്. തങ്ങള്‍ ഏതോ വോട്ടു ബാങ്കുകള്‍ക്ക് മുകളില്‍ ഇരിക്കുകയാനെന്ന മിഥ്യാധാരണയാല്‍ നയിക്കപ്പെടുന്ന ഈ നേതൃത്വങ്ങള്‍ക്ക്‌ സ്വന്തം പ്രവൃത്തികളിലൂടെ ഈ അവകാശവാദം വകവച്ചു കൊടുക്കുന്ന രണ്ടു മുന്നണികളും, ഇവരുടെ മൃദു ശക്തി തങ്ങളുടെ ശക്തി കൂടിയാണെന്നു മനസ്സിലാക്കുന്ന സംഘപരിവാറുമാണ് ഇവിടെ ഉള്ളത്.

സെല്‍വരാജ് വീണ്ടും മത്സരിക്കുമ്പോള്‍ വിജയകുമാറിനെ പെരുന്നയിലേക്കയച്ചില്ലെങ്കില്‍ ഉറക്കം വരാത്ത സി പി എം നേതൃത്വം ഉള്ളപ്പോള്‍, തങ്ങളുടെ മന്ത്രിസ്ഥാനങ്ങളും തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വവും കെ പി സി സിയിലെ ഭാരവഹിത്വവുമെല്ലാം ഇവരുടെ അനുഗ്രഹമാണെന്ന് വിശ്വസിക്കുന്ന കോണ്ഗ്രസ് നേതൃത്വo ഉള്ളപ്പോള്‍, ഇത്തരം മേഗലോമാനിയകള്‍ ഇവര്‍ക്ക് ഉണ്ടായില്ലെങ്കിലെ അത്ഭുതപ്പെടെണ്ടതുള്ളു. അല്ലെങ്കില്‍ ചരിത്രത്തിലെ സ്വന്തം സ്ഥാനത്തെ കുറിച്ച് ബോധം വേണം. കുറഞ്ഞപക്ഷം സാമാന്യബോധമെങ്കിലും വേണം.

എന്‍. എസ്. എസ്സും എസ. എന്‍. ഡി. പിയും പോലുള്ള സംഘടനകള്‍ കേരളത്തില്‍ രൂപം കൊള്ളുന്നതിനു പിന്നില്‍ സവിശേഷമായ ഒരു സാമൂഹിക ചരിത്രമുണ്ട്. കേരളത്തിലെ സങ്കീര്‍ണമായ ജാതി വ്യവസ്ഥയുമായി അത് കേട്ട് പിണഞ്ഞു കിടക്കുന്നു. 1890 -1910 കാലഘട്ടം കേരളത്തിലെ ബ്രാഹ്മണാധിപത്യം പ്രത്യശാസ്ത്രപരമായി പുനര്നിര്‍വചിക്കപ്പെട്ട കാലമായിരുന്നു. 1800 മുതല്‍ തുടങ്ങിയ മാറ്റങ്ങള്‍ തലമുറകളിലൂടെ കടന്നു ജാതിവ്യവസ്ഥയെ അതിന്റെ സമൂര്‍ത്തമായ സാമൂഹിക-സാമ്പത്തികാവസ്ഥകളില്‍ മനസ്സിലാക്കാനും വിശദീകരിക്കാനും കഴിയുന്ന രാഷ്ട്രീയ പക്വത ഉണ്ടാവുന്നത് ഈ കാലത്താണ്. 1850 ശേഷമുണ്ടായ സാമൂഹിക മാറ്റങ്ങളുടെ രാഷ്ട്രീയ ഫലങ്ങള്‍ കണ്ടു തുടങ്ങുന്നത് ഈ ദശകങ്ങളിലാണ്.

സാഹിത്യത്തിലെ ഇതിന്റെ ഏറ്റവും നല്ല ഉദാഹരങ്ങള്‍ ഒയ്യാരത് ചന്തുമേനോന്റെ ‘ഇന്ദുലേഖ’യും പോത്തേരി കുഞ്ഞമ്പുവിന്റെ ‘സരസ്വതി വിജയ’വും ആണ്. 1888 -ലെ അരുവിപ്പുറം പ്രതിഷ്ഠ, 1893 ലെ അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര, മലയാളി മെമ്മോറിയലിനെ തുടര്‍ന്നുണ്ടായ ഈഴവ മെമ്മോറിയല്‍, 1898-99 കാലത്തെ സവര്‍ണ്ണ-ദളിത്‌ കായിക സംഘട്ടനങ്ങള്‍, തുടര്‍ന്ന് നടന്ന കാര്‍ഷിക സമരം, അയ്യങ്കാളിയുടെ സാധുജന പരിപാലന സംഘം രൂപീകരണം, അദ്ദേഹത്തിന്റെ പ്രജാ സഭയിലേക്കുള്ള പ്രവേശനം തുടങ്ങി സവര്‍ണ്ണാധിപത്യ പ്രത്യശാസ്ത്രം ഏറ്റവും കൂടുതല്‍ തിരിച്ചടികള്‍ നേരിട്ട ദശകങ്ങളായിരുന്നു 1890-1910 കാലഘട്ടം. കേരള ചരിത്രത്തില്‍ നായര്‍ – നമ്പൂതിരി സമവായം പൊളിഞ്ഞതും ഈ കാലഘട്ടത്തിലാണ്. അടിക്കടി ഉണ്ടായ ദളിത്‌ മുന്നേറ്റo ഈ സമവായത്തിന് അധിക കാലം പ്രത്യയശാസ്ത്ര സാധുത ഉണ്ടാവില്ലെന്ന് നായര്‍ വിഭാഗങ്ങളെ ബോധ്യപ്പെടുത്തി. അയ്യങ്കാളിയുടെ രാഷ്ട്രീയത്തിന്റെ സ്വാധീനം തന്നെ ആയിരുന്നു ഈഴവ രാഷ്ട്രീയത്തിലെയും മാറ്റങ്ങള്‍ക്കു ഒരു പരിധി വരെ കാരണമായത്. സവര്‍ണ്ണ രാഷ്ട്രീയ മുന്നണിയുടെ പല തലങ്ങളിലുള്ള വിള്ളലുകള്‍ക്ക് വഴിമരുന്നിട്ട ഇടപെടലുകളായിരുന്നു അയ്യങ്കാളിയുടെത്.

സൂരി നമ്പൂതിരിപ്പാട്‌ എന്ന കഥാപാത്രത്തിലൂടെ 1891-ല്‍ ചന്തു മേനോന്‍ ആണു ആദ്യമായി നമ്പൂതിരിയെ പരസ്യമായി ഒരു ശൂദ്രന്‍ നിന്ദിക്കുന്ന വ്യവഹാരം അന്നത്തെ മലയാണ്‍മയില്‍ കൊണ്ട് വരുന്നത്. എത്ര നിന്ദ്യനായാലും നമ്പൂതിരി ആദരിക്കപ്പെടെണ്ടവണെന്ന പൊതു ധാരണയെ ചന്തുമേനോന്‍ അട്ടിമറിക്കുക ആയിരുന്നു. നായര്‍-നമ്പൂതിരി സമവായം ഒരു അധികാരം പങ്കു വയ്ക്കല്‍ മാത്രം ആയിരുന്നില്ല. സഗോത്ര വിവാഹം പിന്തുടര്‍ന്നിരുന്ന നായര്‍ സമുദായത്തിന്റെ ഒരാവശ്യം കൂടി ആയിരുന്നു (അമ്മാവന്റെ മകളെ വിവാഹം കഴിക്കുന്ന രീതി അതിന്റെ ഒരു വകഭേദമായി കാണാം). ഇരുപതാം നൂറ്റാണ്ടോടെ ഈ സമവായo നായര്‍ സമുദായത്തിന് ആവശ്യമില്ലാതാവുകയും ചന്തുമേനോന്‍ മുതല്‍ ചട്ടമ്പി സ്വാമികള്‍ വരെയുള്ളവരുടെ വിമര്‍ശനങ്ങള്‍ സമുദായ നേതൃത്വം ഏറ്റെടുക്കയും ചെയ്തപ്പോഴാണ് തങ്ങള്‍ പെട്ടിരിക്കുന്ന വലിയ കെണിയെ കുറിച്ച് നമ്പൂതിരി സമുദായത്തിന് ബോധ്യം വരുന്നത്. സംബന്ധം തന്നെ ഒരു കെണി ആയിരുന്നു.

സഗോത്ര വിവാഹത്തിലൂടെ ഉണ്ടാവുന്ന വലിയ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിച്ച ഒരു നിയമ വിധേയ മാര്‍ഗം ആയിരുന്നു നമ്പൂതിരിയെ സംബന്ധം ചെയ്തു അതില്‍നിന്ന് അയാളുമായി മാനസിക ബന്ധമില്ലാത്ത കുട്ടികളെ ജനിപ്പിക്കുക എന്നത്. ഇത്തരത്തില്‍ വെറുമൊരു സ്പേം ഡോണര്‍ മാത്രം ആയിരിക്കുന്ന അയാള്‍ക്കാവട്ടെ അച്ഛന്‍ എന്ന രീതിയിലുള്ള യാതൊരു അവകാശവും ഇല്ല. അയാളുടെ സ്വത്തും നായര്‍ സമുദായം ചോദിച്ചില്ല. അതിനു വേണ്ടി നമ്പൂതിരിമാരെ ധാരാളമായി കിട്ടാന്‍ വേണ്ടി ഉണ്ടാക്കിയതാണ് നമ്പൂതിരിമാരില്‍ മൂത്ത മകന്‍ മാത്രം സ്വന്തം സമുദായത്തില്‍ നിന്ന് കല്യാണം കഴിച്ചാല്‍ മതി എന്ന നിയമം. ഇതെങ്ങനെ നായന്മാര്‍ക്ക് നമ്പൂതിരിമാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞു എന്നത് ഇപ്പോഴും കുഴക്കുന്ന ഒരു പ്രശ്നമാണ്. തിരിച്ചായിരുന്നു അധികാരത്തിന്റെ വഴി എന്നത് സാങ്കേതികമായി ശരിയാണെങ്കിലും ഈ നിയമബന്ധനങ്ങള്‍ ഏതു സമുദായത്തിനാണ് ഗുണം ചെയ്തത് എന്നത് വിസ്മരിച്ചു കൊണ്ട് അതിന്റെ ഗുണ ദോഷവിചാരം സാധ്യമാവുന്നതെങ്ങനെ?

അതുവഴി നിരവധി നമ്പൂതിരി സ്ത്രീകള്‍ അവിവാഹിതരായി കഴിയേണ്ടി വന്നിരുന്നു എന്ന് കൂടി ഓര്‍ക്കുമ്പോള്‍ ഈ നായര്‍-നമ്പൂതിരി സമവായത്തില്‍ നമ്പൂതിരി സമുദായതിനുണ്ടായ നഷ്ടം ചെറുതല്ല എന്ന് കാണാം. പുതിയ സാമ്പത്തിക ശക്തികള്‍ രൂപം കൊണ്ടതോടെ മരുമക്കത്തായം തകര്‍ന്ന് തുടങ്ങുകയും നായര്‍ സമുദായത്തില്‍ സ്വന്തം തറവാട്ട്‌ സ്വത്തു സൂക്ഷിക്കുന്നതിനും സഗോത്ര വിവാഹജന്യമായ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഉണ്ടാക്കിയ സംബന്ധം എന്ന സ്ഥാപനo അധികപ്പറ്റായിത്തീരുകയും ചെയ്തു. ഇതോടെ വഴിയാധാരമായത് നമ്പൂതിരിമാരാണ്.

ഈ പശ്ചാത്തലത്തിലാണ് ചട്ടമ്പി സ്വാമികളുടെ രൂക്ഷമായ നമ്പൂതിരി വിമര്‍ശനം ഉണ്ടായത്. നമ്പൂതിരിമാര്‍ക്ക് നല്‍കി പോരുന്ന ആദരവ് അവര്‍ അര്‍ഹിക്കുന്നില്ലെന്നും അത് എത്രയും പെട്ടെന്ന് നിര്‍ത്തണമെന്നും ശക്തമായി തന്നെ അദ്ദേഹം എഴുതിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചുണ്ടായ സംഘടന ആണു എന്‍ എസ് എസ്. ബ്രാഹ്മണാധിപത്യത്തില്‍ നിന്ന് ആത്യന്തികമായി പുറത്തു കടക്കാനും എന്നാല്‍ അത് സൃഷ്ടിച്ച അധികാരത്തിന്റെ സൌജന്യങ്ങള്‍ തങ്ങള്‍ക്കു നഷ്ടപ്പെടാതെ സൂക്ഷിക്കാനും വെമ്പുകയും ചെയ്യുന്ന ഒരു രാഷ്ട്രീയമായിരുന്നു ആദ്യകാല എന്‍. എസ്. എസ്സിന്റെത്ത്. നായര്‍ മേല്ക്കൊയ്മക്ക് ഇടിവ് തട്ടാതെ കേരള സമൂഹത്തെ ജാതി വ്യവസ്ഥിയിയില്‍ തളച്ചിടുക, ദളിത്‌ വിഭാഗങ്ങളില്‍ നിന്നുണ്ടാവുന്ന ശക്തമായ പ്രതിഷേധത്തെയും അവരുടെ മുന്നേറ്റങ്ങളെയും തളക്കാന്‍ ഉതകുന്ന രാക്ഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്ക് നേതൃത്വം നല്‍കുക എന്നെ ലക്ഷ്യങ്ങളുമായാണ് എന്‍. എസ്. എസ്. പ്രധാനമായും പ്രവര്‍ത്തിച്ചിട്ടുള്ളത് എന്ന് കാണാം. പലപ്പോഴും എസ്. എന്‍. ഡി. പി യെ തങ്ങളുടെ വഴിക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ എന്‍. എസ്. എസ്. നടത്തിയിട്ടുണ്ട്. എന്നാല്‍ കടുത്ത ഹിന്ദുത്വ വാദിയായ വെള്ളാപ്പള്ളി നടേശന്‍ യോഗ നേതൃത്വം പിടിച്ചെടുക്കുന്നത് വരെ ഇങ്ങനെ എസ്. എന്‍ ഡി പി യെ സ്വന്തം ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ എന്‍. എസ്. എസ്സിന് ഒരിക്കലും കഴിഞ്ഞിട്ടില്ല.

1957 –ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പിന്തുണ കൊടുത്ത എന്‍. എസ്. എസ്. പാര്‍ട്ടിക്കെതിരെ തിരിഞ്ഞത് ആ ഭരണത്തിനെതിരെ ഉയര്‍ന്നു വന്ന ജനരോഷത്തിനു ഒപ്പം നില്ക്കുക, അങ്ങനെ സ്വന്തം ആധിപത്യം കൂടുതല്‍ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. ആ തന്ത്രം വിജയിച്ചതിന്റെ ഫലമായാണ്‌ ഇരു മുന്നണികളും ഇപ്പോള്‍ എന്‍. എസ്. എസ്സിനോട് അതിര് കടന്ന വിധേയത്വം കാട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയത്. കേരള രാഷ്ട്രീയത്തിലെ ഒരോ പ്രതിസന്ധി ഘട്ടത്തിലും ഇത്തരത്തിലുള അവസര വാദപരമായ ചാഞ്ചാട്ടങ്ങള്‍ എന്‍. എസ്. എസ്. നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ ചെയ്യുന്നത് പോലെയുള്ള പരസ്യമായ വിലപേശലിന്റെ അധമ രാഷ്ട്രീയത്ത്തിലേക്ക് സംഘടന പ്രവേശിക്കുന്നത് ഇന്നത്തെ നേതൃത്വത്തിന്റെ വരവോടെ ആണ്. എന്നാല്‍ ഇതിനു പിന്നില്‍ വെറും വിലപേശല്‍ തന്ത്രം മാത്രമാണോ ഉള്ളത്? അതിനെക്കാള്‍ വലിയ ഒരു പ്രത്യയശാസ്ത്ര-രാഷ്ട്രീയ അജണ്ട ഈ പുതിയ നീക്കത്തില്‍ ഉള്ചെര്‍ന്നിട്ടുണ്ടോ എന്ന് തീര്‍ച്ചയായും പരിശോധിക്കേണ്ടതുണ്ട്.

നായന്മാരുടെ വോട്ടു കൊണ്ടാണ് ജയിക്കുന്നത് എന്നത് കോണ്ഗ്രസ്സിന്റെ തെറ്റായ ധാരണ ആണ്. കൊണ്ഗ്രസ്സിനു ജയിക്കാന്‍ സാധിക്കുന്നത് ന്യൂനപക്ഷത്തിന്റെ വോട്ടു കൊണ്ട് മാത്രമാണ്. ഹിന്ദുക്കള്‍ ഏതാണ്ട് ഭൂരിപക്ഷവും ഇടതു പക്ഷത്തിനാണ് വോട്ട് ചെയുന്നത് എന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത് സര്‍വേ നടത്തി വിശദീകരിച്ചിട്ടുണ്ട് (A snapshot of Kerala: Life and Thoughts of the Malayalee People, 2008). അത് നോക്കിയാല്‍ കാണാന്‍ കഴിയുന്നത്‌ 2001 ലെ തെരഞ്ഞടുപ്പില്‍ എല്‍. ഡി. എഫ്-ന് കിട്ടിയ വോട്ടുകളില്‍ 70 ശതമാനവും ഹിന്ദുക്കളുടെതായിരുന്നു എന്നാണ്. 16.5 ശതമാനം വോട്ടു ക്രിസ്ത്യന്‍ സമുദായത്തിന്റെയും 13 ശതമാനം വോട്ടു മുസ്ലിം സമുദായത്തിന്‍റെതുമായിരുന്നു. അതായത് പ്രധാനമായും കേരളത്തിലെ നമ്പൂതിരി-നായര്‍-ഈഴവ വിഭാഗങ്ങളുടെ പിന്തുണയാണ് ഇടതു ജനാധിപത്യ മുന്നണിയുടെ ശക്തി എന്നര്‍ത്ഥം.

ഇത് മനസ്സിലാക്കികൊണ്ടാണ് ഇ. എം. എസ് മുതലുള്ള എല്‍ ഡി എഫ് നേതാക്കള്‍ ആ മുന്നണിയെ മൃദു ഹിന്ദുത്വ ശക്തിയാക്കി മാറ്റുകയും നിരന്തരം ന്യൂനപക്ഷ രാക്ഷ്ട്രീയത്തെ ആക്രമിക്കുന്നതില്‍ ഏര്‍പ്പെടുകയും ചെയ്യുവാന്‍ തുനിഞ്ഞിട്ടുള്ളത്. ഐക്യ ജനാധിപത്യ മുന്നണിയുടെ സാമൂഹികാടിത്തറ ന്യൂനപക്ഷ സമുദായങ്ങളാണ്. 2001-ല്‍, പരിഷത്തിന്റെ കണക്കനുസരിച്ച്, യു ഡി എഫിന് കിട്ടിയ വോട്ടുകളില്‍ 39 ശതമാനം മാത്രമാണ് ഹിന്ദു വോട്ടുകള്‍. യു. ഡി. എഫ്- ന് മൊത്തം ലഭിച്ച വോട്ടുകളില്‍ 31 ശതമാനം മുസ്ലീം വോട്ടുകളും 30 ശതമാനം ക്രിസ്ത്യന്‍ വോട്ടുകളുമാണ്. ന്യൂനനപക്ഷങ്ങളുടെ അകമഴിഞ്ഞ പിന്തുണ ആണു യു ഡി എഫി-നെ നിലനിര്‍ത്തുന്നത്.

ജാതി അടിസ്ഥാനത്തിലുള്ള കണക്കുകളും ശ്രദ്ധേയമാണ്. എല്‍ ഡി എഫിന് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വോട്ടുകളിന്മേലുള്ള സ്വാധീനം വലുതല്ല എന്നതാണത്. ഹിന്ദു മതത്തില്‍ നിന്ന് തന്നെ അകലാന്‍ ദളിത്‌ സമുദായങ്ങള്‍ ശ്രമിക്കുന്ന കാലത്ത് ഇത് യാദൃശ്ചികമല്ല. എല്‍. ഡി. എഫിന്റെ ജാതി വോട്ടുകളില്‍ 20 ശതമാനം ദളിത്‌ -ആദിവാസി വോട്ടുകളായിരുന്നെങ്കില്‍ യു ഡി എഫ് ന് 19 ശതമാനം വോട്ടുകള്‍ ഇവരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. പിന്നാക്ക വോട്ടുകളുടെ കാര്യത്തില്‍ 60 ശതമാനം എല്‍ ഡി എഫിനും 51 ശതമാനം യു ഡി എഫിനുമാണ് എന്ന് കാണാം. എന്നാല്‍ ഇതില്‍ മുസ്ലീം വോട്ടുകളും ഉണ്ട് എന്നതിനാല്‍ ഈ കണക്കു വിശകലനപരമായി ഒന്നും തന്നെ എടുത്തു പറയുന്നില്ല. അതുപോലെയാണ് മുന്നാക്ക സമുദായങ്ങളുടെ കാര്യവും. എല്‍ ഡി എഫ് 19, യു ഡി എഫ് 30 എനിങ്ങനെയാണ് ഇതിലെ ശതമാന കണക്കു എങ്കിലും ഇതില്‍ ക്രിസ്ത്യന്‍ സമുദായവും ഉള്‍പ്പെടുന്നു എന്ന് ഞാന്‍ വിചാരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ന്യൂനപക്ഷ ദളിത്‌ വോട്ടുകളാണ് യു. ഡി. എഫിനെ സഹായിക്കുന്നത്. അല്ലാതെ എന്‍. എസ് എസ്സിന്റെയും എസ്. എന്‍. ഡി. പിയുടെയും വോട്ടുകളല്ല. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണക്കുകള്‍ പ്രകാരം കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു മുന്നണി സി പി. എം നയിക്കുന്ന എല്‍ ഡി എഫ് ആണ്.

ഇപ്പോള്‍ എന്‍. എസ്. എസ്സും എസ്. എന്‍. ഡി. പിയും ന്യൂനപക്ഷ പ്രീണനത്തിന്റെ പേര് പറഞ്ഞു യു. ഡി. എഫിനെ ആക്രമിക്കുന്നത് ആ സഖ്യത്തിന്റെ സാമൂഹിക അടിത്തറ തകര്‍ത്തു ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ചിറകരിയുക എന്ന ലക്ഷ്യത്തോടെയാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തെ തകര്‍ക്കുന്നതിലൂടെ മാത്രമേ ഹിന്ദുത്വ ശക്തികള്‍ക്കു എല്‍. ഡി. എഫിലും അതിനു പുറത്തും മേല്‍ക്കോയ്മ തുടരാന്‍ പറ്റുകയുള്ളു എന്ന തിരിച്ചറിവാണ് ഈ ആക്രമണത്തിന്റെ അടിസ്ഥാനം എന്ന് തോന്നുന്നു. താക്കോല്‍ സ്ഥാനങ്ങളില്‍ സമുദായാംഗങ്ങള്‍ വേണമെന്ന ആവശ്യം ഉന്നയിക്കുനത് തന്നെ കപടമായ ന്യൂനപക്ഷ ഭീതിയുടെ രാഷ്ട്രീയം മുന്നണികളെക്കൊണ്ട് അംഗീകരിപ്പിക്കനാണ്. ബി ജെ പി-ക്കു നേരിട്ട് കേരളത്തില്‍ അധികാരത്തില്‍ വരാന്‍ കഴിയില്ല എന്നത് കൊണ്ടാവാം ഇവര്‍ ന്യൂനപക്ഷത്തിന്റെ പിന്തുണ തീരെയില്ലാത്ത എല്‍ ഡി എഫിനെ പിന്തുണക്കുന്നത്. എന്ത് വന്നാലും ഇനി ന്യൂനപക്ഷ സമുദായങ്ങള്‍ അധികാരത്തിലെക്കെത്തരുത് എന്ന ദുശ്ശാഠ്യം എന്‍. എസ്. എസ്സും എസ്. എന്‍. ഡി. പിയും ഇന്ന് ഒരുപോലെ വച്ച് പുലര്‍ത്തുന്നു എന്നത് ശ്രദ്ധേയമാണ്. പിന്നാക്ക സമുദായ മുന്നണിയില്‍ നിന്നുള്ള എസ്. എന്‍. ഡി. പി യുടെ തൊണ്ണൂറുകളിലെ പിന്മാറ്റവും ഹിന്ദുത്വ ശക്തികളുമായുള്ള ഇന്നത്തെ വലിയ ചങ്ങാത്തവും ഇപ്പോഴത്തെ പുതിയ നേതൃത്വം വന്നത്തിനു ശേഷമുള്ള നയം മാറ്റമാണ്.

കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ചേടത്തോളം എന്‍. എസ്. എസും എസ്. എന്‍. ഡി. പിയുo ഉയര്‍ത്തുന്ന വെല്ലുവിളി യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷങ്ങളുടെ പൌരത്വപരമായ നിലനില്പ്പിനെതിരെയുള്ള ഹിന്ദുത്വ ശക്തികളുടെ തന്നെ വെല്ലുവിളിയായി മനസ്സിലാക്കപ്പെടെണ്ടതുണ്ട്. ഇത് യു ഡി എഫിനോടുള്ള വെറും വിലപേശല്‍ രാഷ്ട്രീയമായി മാത്രം ചുരുക്കി കാണുന്നത് ഇതിനു പിന്നിലുള്ള വലിയ അജണ്ടകളെ കാണാതെ പോകുന്നതിനു തുല്യമാണ്.

ഒരു ജനാധിപത്യവും വലിയ അസമത്വങ്ങള്‍-സാമൂഹികമോ സാമ്പത്തികമോ ആയ അസമത്വങ്ങള്‍- ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ല. ഗ്രീക്ക് നഗര ജനാധിപത്യത്തില്‍ പൌരന്‍ ഒരു സ്വതന്ത്ര പുരുഷന്‍ ആണ്. ലിംഗപരമായ അസമത്വം പോലും അന്നത്തെ ജനാധിപത്യം ഉള്‍ക്കൊണ്ടിരുന്നില്ല. അടിമകളെയും വിദേശികളെയും മാറ്റി നിര്‍ത്തുന്നു എന്നതിനൊപ്പം വേണം സ്ത്രീകളെയും ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുപ്പിച്ചിരുന്നില്ല, സമ്പൂര്‍ണ്ണ പൌരത്വം നല്‍കിയിരുന്നില്ല എന്ന പ്രശ്നത്തെ മനസ്സിലാക്കാന്‍. ജനാധിപത്യത്തെ വിശാലമാക്കുക എന്നാല്‍ മാറ്റി നിര്ത്തപെട്ടിരുന്നവരെ മുഴുവന്‍ പൌരത്വത്തോടും കൂടി പങ്കാളികളാക്കുക എന്നതാണ്. അധികാരം എന്നത് ഒരു സാമൂഹിക ബന്ധം ആണ്. സാമൂഹികമായ സംഘര്‍ഷങ്ങളുടെ തലത്തിലാണ് അതിന്റെ സമവാക്യങ്ങള്‍ മനസ്സിലാക്കപ്പെടുന്നത്‌. ഗ്രീക്ക് നഗര ജനാധിപത്യത്തിലായാലും സമകാല പ്രാതിനിദ്ധ്യ ജനാധിപത്യത്തിലായാലും അധികാരത്തിന്റെ കേന്ദ്രീകരണവും വിതരണവും അതിന്റെ സങ്കീര്‍ണതകളും ഒഴിവാക്കി പൌരത്വത്തിന്റെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ആവില്ല. രണ്ടു പ്രധാന ഹിന്ദു ജാതി സംഘടനകളുടെ നേതൃത്വം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളിലെ രാഷ്ട്രീയo ന്യൂനപക്ഷ-പൌരത്വ വിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെതാണ്. മുന്നണികള്‍ ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ അത് ജനാധിപത്യത്തിന്‍റെ അന്ത:സത്തയെ തകര്‍ക്കുന്ന വലിയ ഭീഷണി ആയി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.