കൊളോണിയല്‍ ചരിത്രവും തിന്മയുടെ രാഷ്ട്രീയവും

(മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, സെപ്റ്റംബര്‍ 22, 2013)

കൊളോണിയലിസം വലിയൊരു തിന്മ ആയിരുന്നു എന്ന് പറഞ്ഞാല്‍ ലിബറല്‍ വ്യാഖ്യാനം എന്ന് ഉടന്‍ കണ്ണുരുട്ടേണ്ടതില്ല. അതൊരു വലിയ ഹിംസാവ്യവസ്ഥ തന്നെ ആയിരുന്നു. പ്രാദേശിക സമുദായങ്ങളെ അത് ചിന്നഭിന്നമാക്കുകയും മനുഷ്യ ഭാഗധേയങ്ങളെ മാറ്റി നിര്‍ണ്ണയിക്കുകയും നിര്‍വചിക്കുകയും ചെയ്തത് നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ഹിംസയുടെ മാര്‍ഗങ്ങളിലൂടെ ആയിരുന്നു. അതിന്റെ ഗുണപരമായ ചില വശങ്ങളെ കുറിച്ച് മാര്‍ക്സും, അതൊരു ശാക്തീകരണ ഹിംസ (enabling violation) ആയിരുന്നുവെന്നു സ്പിവാക്കും പറഞ്ഞിട്ടുണ്ട്. അതിന്റെ കാരണങ്ങള്‍ പലതാണ്. യൂറോപ്യന്‍ അധിനിവേശത്തിനെതിരെ ഉയര്‍ന്നു വന്ന ദേശീയ സമരങ്ങള്‍ യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെയും ആധുനികതയുടെയും ചുവടുപിടിച്ചുള്ളവ ആയിരുന്നു എന്നതാണ് അതില്‍ പ്രധാനം. എന്നാല്‍ ഈ സമീപനം സൂക്ഷ്മതലത്തില്‍ അതുചെയ്ത കൊടിയ അപരാധങ്ങളെ വിസ്മരിക്കുന്നതാണ് എന്ന് ഞാന്‍ വിചാരിക്കുന്നു. അവര്‍ അത് വിസ്മരിക്കുന്നു, തമസ്കരിക്കുന്നു എന്ന അര്‍ത്ഥത്തിലല്ല. ബ്രസീല്‍ ജനത പോര്‍ത്തുഗീസ് ഭാഷയും ലാറ്റിന്‍ അമേരിക്കയിലെ വലിയൊരു കൂട്ടം രാഷ്ട്രങ്ങള്‍ സ്പാനിഷ് സംസാരിക്കുന്നതും സ്വന്തം ഭാഷ ഇല്ലാതാക്കപ്പെട്ടതുകൊണ്ടാണ്. മനുഷ്യാസ്തിത്വത്തിന്റെ അടിസ്ഥാന നൈതികതകള്‍ കണക്കിലെടുക്കാന്‍ വിസമ്മതിച്ച രാഷ്ട്രീയ-സാമ്പത്തിക-മത യുക്തികളാണ് അധിനിവേശത്തിന്റെ ആന്തരികഘടനയെ നിയന്ത്രിച്ചിരുന്നത്. അതിന്റെ തുടര്‍ച്ചകളില്‍ ചരിത്രപരമായി സംഭവിക്കുന്ന വലിയ സംഘര്‍ഷങ്ങള്‍ക്ക് ഈ വ്യാഖ്യാനം ഉത്തരം തരുന്നില്ല എന്നതിനാലാണ് കൊളോണിയലിസം അത് നല്‍കിയ ശാക്തീകരണ സാധ്യതകളുടെ പേരില്‍ വിലയിരുത്തപ്പെടുന്നത് വലിയ ന്യൂനീകരണമാവുന്നത്.

1857 ലെ കലാപത്തിന്റെ സമയത്ത് ദല്‍ഹിയിലെ 3000 ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് 30000 ഇന്ത്യന്‍ ശിപായിമാരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അധിനിവേശത്തിനു എന്ത് സാധ്യതയാണുള്ളതെന്നു മാര്‍ക്സ് ചോദിക്കുന്നുണ്ട്. മാര്‍ക്സിന്റെ ഉത്കണ്ഠകള്‍ എപ്പോഴും ഇംഗ്ലണ്ടിനെ കുറിച്ചായിരുന്നു. 1857[ ല്‍ New-York Tribune-ല്‍ “British Incomes in India” എന്ന ലേഖനത്തില്‍ മാര്‍ക്സ് പറയുന്നത് ഇന്ത്യയില്‍ നിന്ന് ഇംഗ്ലന്ടിനു സാമ്പത്തിക ലാഭം ഉണ്ടാവുന്നുണ്ടെങ്കിലും ഭരണ ചെലവുകളും യുദ്ധ ചെലവുകളും അതിനെ മറികടക്കാതിരിക്കാന്‍ ഇംഗ്ലണ്ട് ശ്രദ്ധികണമെണമെന്നാണ്. അതിനെക്കാള്‍ ക്രൂരമായി അദ്ദേഹം പറയുന്നത് ഇംഗ്ലീഷ് ജനതയുടെ പോക്കറ്റില്‍ കയ്യിട്ടു വരാതെ ഇംഗ്ലണ്ടിനു ഇന്ത്യ ഭരിക്കാന്‍ കഴിയണമെന്നാണ്. മാത്രമല്ല, റഷ്യയുമായി യുദ്ധമുണ്ടാവാന്‍ കാരണം റഷ്യക്ക് ഇന്ത്യയുടെ മേല്‍ ഒരു കണ്ണുണ്ടോ എന ഇംഗ്ലണ്ടിന്റെ സംശയമാനെന്നിരിക്കെ, ആ യുദ്ധ ചെലവും ഇന്ത്യയുടെ കണക്കില്‍ തന്നെ പെടുത്തണമെന്നാണ് മാര്‍ക്സ് നല്‍കുന്ന ഉപദേശം. വായിക്കുമ്പോള്‍ മാര്‍ക്സിനെ ബ്രിടീഷ് രാജ്ഞി സ്വന്തം സാമ്പത്തികോപദേഷ്ടാവാക്കഞ്ഞത് നന്നായെന്നു തോന്നും! ബ്രിട്ടീഷുകാര്‍ നികുതി പിരിവിനും മറ്റുമായി നടത്തുന്ന കൊടിയ മര്‍ദ്ദനങ്ങളുടെ വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ മാര്‍ക്സ് സ്വയം ഒരു നിഷ്പക്ഷ മതിയായി. ഇതാണ് സ്ഥിതിയെങ്കില്‍ നിഷ്പക്ഷമതികള്‍ അവിടുത്തെ ജനത സ്വാതന്ത്ര്യം ആഗ്രഹിച്ചാല്‍ അവര്ക്കത്തിനു അവകാശമില്ലേ എന്ന് ചിന്തിക്കാന്‍ പ്രേരിതരായിത്തീരുമത്രേ. ഇത്ര വലിയ മര്‍ദ്ദനം നടക്കുന്നുണ്ടെങ്കില്‍ അതിനെതിരെ ഇന്ത്യാക്കാര്‍ തിരിച്ചടിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ എന്നും മാര്‍ക്സ് ചോദിക്കുന്നു.

കൊളോണിയലിസം ഒരു രാഷ്ട്രീയ മത സാമ്പത്തിക വ്യവസ്ഥയെന്ന നിലയില്‍ രൂഢമൂലമായത്തിനു ശേഷമുള്ള ലോകത്തിന്റെ ചിതറിയ അവസ്ഥകള്‍ ഡീ-കൊളോണിയല്‍ പ്രക്രിയകളുടെ കാലത്ത് കൂടുതല്‍ സങ്കീര്‍ണ്ണമാവുക ആയിരുന്നു ചെയ്തത്. ഇതിന്റെ തൊട്ടടുത്ത ഉദാഹരണങ്ങള്‍ എസ്. കെ. പൊറ്റക്കാടിന്റെ യാത്ര വിവരണങ്ങളില്‍ തന്നെയുണ്ട്‌. ‘കാപ്പിരികളുടെ നാട്ടില്‍’ എന്ന പേരില്‍ എസ്, കെ. പൊറ്റക്കാട് എഴുതിയ യാത്ര വിവരണം പ്രസിദ്ധമാണ്. ഇന്നത്തെ രാഷ്ട്രീയമല്ല, അന്നത്തെ രാഷ്ട്രീയo തന്നെ അടിസ്ഥാനപ്പെടുത്തി നോക്കിയാലും അസഹനീയമായ വംശീയ ദുര്ഭാഷണം നിറഞ്ഞ പുസ്തകമാണിത്. അതെല്ലാം ഇവിടെ ആവര്‍ത്തിച്ചു പൊറ്റക്കാടിനെ ഇകഴ്ത്താനല്ല അക്കാര്യം സൂചിപ്പിച്ചത്. ഇന്നത്തെ വായനയില്‍ അദ്ദേഹത്തിന്റെ സമീപനത്തിലെ നിസ്സങ്കോചമായ വംശീയ വീക്ഷണങ്ങള്‍ ആരും കാണാതെ പോകില്ല എന്നതുകൊണ്ടാണ്. എങ്കിലും ഈ പുസ്തകം 1949 കാലത്തെ ആഫ്രിക്കയെ ആണു വിവരിക്കുന്നത് എന്നത് ഇതിനെ ശ്രദ്ധേയമാക്കുന്നു. ഇതില്‍ ഡീ-കൊളോണിയല്‍ പ്രക്രിയകളുടെ സംഘര്‍ഷങ്ങളില്‍പെട്ട് ഉഴലുന്ന ആഫ്രിക്കന്‍ ഇന്ത്യന്‍ വംശജരുടെ സങ്കടങ്ങള്‍ക്ക് പൊറ്റക്കാട് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ഒരേ സമയം വെള്ളക്കാരുടെ മേധാവിത്തത്തേയും, കറുത്തവരുടെ നിസ്സഹായതകളെയും, ഇന്ത്യാക്കാരുടെ സാമ്പത്തിക താല്‍പ്പര്യങ്ങളെയും ചേര്‍ത്ത് വച്ച് പൊറ്റക്കാട്‌ നടത്തുന്ന ആഖ്യാനം അനേകം അടരുകള്‍ ഉള്ളതാണ്. കൊളോണിയലിസതിന്റെ അന്ത്യത്തില്‍ വെള്ളക്കാര്‍ ഉപേക്ഷിച്ചു പോകുന്ന രാജ്യങ്ങള്‍ അവര്‍ സൃഷ്‌ടിച്ച വംശീയ സ്പര്ദ്ധകളുടെ കൊലക്കളങ്ങള്‍ കൂടി ആവുക ആയിരുന്നു. പരസ്പരം വെറുക്കുന്ന ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരെ രാഷ്ട്രീയമായ സമ്മര്‍ദ്ദങ്ങളിലേക്ക് തള്ളിയിട്ടാണ് വെള്ളക്കാര്‍ പിന്‍വാങ്ങുന്നതെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു പൊറ്റക്കാടിന്റേത്. തീര്‍ച്ചയായും അദ്ദേഹം ഇന്ത്യക്കാരുടെ പക്ഷം പിടിച്ചു. ഇതില്‍ അത്ഭുതപ്പെടെണ്ടതില്ല. ഈ അടുത്ത കാലത്ത് ഫിജിയിലെ വലിയ സംഘര്‍ഷം ഉണ്ടായപ്പോള്‍ അവിടുത്തെ പ്രഥമ ജനതയുടെ വികാരങ്ങളല്ല, സമ്പന്നരായ ഇന്ത്യന്‍ വംശജരുടെ താല്‍പ്പര്യങ്ങളാണ് ഇടതുപക്ഷ അനുഭാവികളായ ഉത്തരേന്ത്യന്‍ സുഹൃത്തുക്കള്‍ പോലും പങ്കു വച്ചത് എന്നോര്‍ക്കുന്നു.

1951-ലാണ് പൊറ്റക്കാടിന്റെ പുസ്തകം ആദ്യ എഡിഷന്‍ ഇറങ്ങുന്നത്. അന്ന് തന്നെ ബ്രിട്ടീഷ് എഴുത്തുകാരും പത്ര പ്രവര്‍ത്തകരും ഇന്ത്യക്കാര്‍ക്കെതിരെ ആഫ്രിക്കക്കാര്‍ക്കിടയില്‍ നടത്തുന്ന പ്രചാരണത്തെ കുറിച്ച് പൊറ്റക്കാട്‌ വ്യാകുലനാവുന്നുണ്ട്. “ആഫിക്കയില്‍ ഇന്ത്യക്കാരന്റെ ഭാവി എന്തായിരിക്കും. അഥവാ അവനു ആഫ്രിക്കയില്‍ ഒരു ഭാവി ഉണ്ടോ” എന്ന് അദ്ദേഹം വേവലാതിപ്പെട്ടു. പിന്നീടിറങ്ങിയ പുസ്തകത്തിന്റെ ഒരു എഡിഷനില്‍ 1967-ല്‍ ടാന്സാനിയയില്‍ ഇന്ത്യക്കാര്‍ക്കെതിരെ അവിടുത്തെ ഗവര്‍മെന്റ് കൈക്കൊണ്ട ചില നടപടികളെ കുറിച്ച് അദേഹം ആമുഖ കുറിപ്പായി ചേര്‍ത്തിരുന്നത് കൊളോനിയലിസം ചരിത്രത്തില്‍ നിന്ന് പിന്‍ വാങ്ങുമ്പോള്‍ സൃഷ്ടിക്കുന്ന തുടര്‍ ഹിംസയുടെ ഒരു ഉദാഹരണമാണ്.

1961-ല്‍ ടാന്‍സാനിയ സ്വതന്ത്രമായപ്പോള്‍ 1963 ഡിസംബറിനു മുന്‍പ് ഏഷ്യക്കാര്‍ അവരുടെ പൌരത്വത്തെ കുറിച്ച് അന്തിമമായ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പൌരത്വം സ്വീകരിക്കാത്തവര്‍ ജോലിക്കായി പെര്‍മിറ്റ്‌ എടുക്കണമെന്ന നിയമം വന്നു. ഇത് രണ്ടും ചെയ്യാതിരുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കെതിരെ 1967-ല്‍ പുറത്താക്കല്‍ നടപടികള്‍ തുടങ്ങി. പൊറ്റക്കാട്‌ എഴുതുന്നു: “ടാന്‍സാനിയ പോലീസും ഇമ്മൈഗ്രേഷന്‍ ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് ഉഗ്രമായൊരു വേട്ട നടത്തി. പെര്മിറ്റില്ലാത്ത ഇന്ത്യക്കാരെ മുഴുവന്‍ പിടി കൂടി. അവരെയെല്ലാം ഉടന്‍ പിടിച്ചു പുറത്താക്കാന്‍ ഉള്ള പരിപാടി ആയിരുന്നു. ഒരു രാത്രി കൊണ്ട് ഇന്ത്യാക്കാര്‍ നാടും കുടിയുമില്ലത്ത അനാഥരായിത്തീര്‍ന്നു. ടാന്സാനിയക്ക്‌ അവരെ വേണ്ട…. ഇന്ത്യ അവരെ സ്വീകരിക്കാന്‍ ഒരുക്കമല്ല. ബ്രിട്ടണാകട്ടെ ഇക്കൂട്ടരെ അനാവശ്യമായൊരു ഭാരമായി തള്ളുകയും ചെയ്തു”.

ഇങ്ങനെ ചരിത്രത്തില്‍ അനാഥരാക്കപ്പെട്ടവരെത്രയാണ് എന്നതാണ് കൊളോണിയലിസത്തിന്റെ വലിയ തിന്മയുടെ കണക്കെടുപ്പില്‍പ്പെടെണ്ടത് എന്ന് ഞാന്‍ വിചാരിക്കുന്നു. എന്നാല്‍ ചരിത്രത്തിലെ ഈ തിന്മയെ എങ്ങനെയാണ് നാം മനസ്സിലാക്കുക? ഇതില്‍ ഭാഗഭാക്കായ നിരവധി മനുഷ്യരുണ്ട്. പ്രക്രിയകളുണ്ട്. ഞാന്‍ കഴിഞ്ഞ ലേഖനത്തില്‍ ഇത് സൂചിപ്പിച്ചിരുന്നു, ഇന്ന് ഇന്ത്യന്‍ വംശജര്‍ ലോകത്തെവിടെയും നേരിടുന്ന ന്യൂനപക്ഷ സമ്മര്‍ദ്ദങ്ങള്‍ നിസ്സാരമല്ല എന്ന്. ഈ ഇന്ത്യക്കാര്‍ എങ്ങനെ അവിടങ്ങളില്‍ ചെന്ന് പെട്ടു എന്നത് എളുപ്പത്തില്‍ പറഞ്ഞു തീര്‍ക്കാവുന്ന കാര്യമല്ല. പഴയ സാര്‍ത്ഥവാഹകസംഘങ്ങളെ കുറിച്ചുള്ള കാല്‍പ്പനിക കഥകള്‍ക്കും ജോലി തേടിപ്പോയി പണക്കാരായ ഇന്ത്യാക്കാരെക്കുറിച്ചുള്ള ഭാവനാത്മക ചിത്രീകരണങ്ങള്‍ക്കും ഒക്കെ അപ്പുറം ലക്ഷക്കണക്കിനു ഇന്ത്യാക്കാര്‍ ആഫ്രിക്കയിലും മറ്റു പ്രദേശങ്ങളിലും എത്തി ചേര്‍ന്നതിനെ കുറിച്ച് വളരെ കുറച്ചു അന്വേഷണങ്ങള്‍ മാത്രമേ നടക്കുന്നുള്ളൂ എന്നതാണ് വസ്തുത. ഇന്ത്യന്‍ ചരിത്ര ഗവേഷകരുടെ അജണ്ടയില്‍ ഇത് വലുതായി വന്നു പെടുന്നില്ല. പൊറ്റക്കാടിന്റെ വികാരഭരിതമായ വിവരണം മൂന്ന് രാജ്യങ്ങള്‍ക്കിടയില്‍ പെട്ട് പോയ ഇന്ത്യക്കാരെ കുറിച്ചാണ് പറയുന്നത്. ടാന്സാനിയക്ക്‌ അവരെ വേണ്ട, ഇന്ത്യ സ്വീകരിക്കാന്‍ ഒരുക്കമല്ല, ബ്രിട്ടന്‍ തള്ളിക്കഴിഞ്ഞു. കൊളോണിയലിസം എന്ന തിന്മ മുറുകുമ്പോഴും അഴിയുമ്പോഴും അത് ചവുട്ടിത്തള്ളുന്നത് സ്വന്തം ദേശങ്ങളില്‍ നിന്ന് പറിച്ചെടുക്കപ്പെട്ട മനുഷ്യ സഹസ്രങ്ങളെയാണ്. അവര്‍ക്ക് തിരിച്ചു പോകാനോ നില്‍ക്കാനോ ഇടമില്ലാതാവുന്നു എന്നതിലെ ഹിംസയെ ആണു ഞാന്‍ സൂക്ഷ്മതലത്തിലെ നിഷ്ഠൂരതയായി കാണുന്നത്. പോസ്റ്റ്‌ കൊളോണിയലിസം അതിന്റെ ഏറ്റവും ദാരുണമായ പാരമ്പര്യം അനാവരണം ചെയ്യുന്നത് ഇവിടെയാണ്‌. കൊളോ ണിയലിസതിന്റെ വലിയ ശാക്തീകരണങ്ങളെ കുറിച്ചുള്ള മാര്‍ക്സിന്റെയോ സ്പിവാക്കിന്റെയോ നിലപാടുകള്‍ എനിക്കിവിടെ സഹായകമായി തോന്നുന്നില്ല.

പകരം ഞാന്‍ തിന്മയെ കുറിച്ചുള്ള ഹന്നാ ആരെന്ദിന്റെ രണ്ടു പരികല്‍പ്പനകളിലേക്ക് മടങ്ങി ചെല്ലാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ വര്ഷം ഇറങ്ങിയ ‘ഹന്നാ ആരേന്ദ്’ (Hanna Arendt) എന്ന സിനിമ കണ്ടത് ഒരേ സമയം വായനയുടെ ഓര്‍മ്മകളിലേക്കും അതിലെ വലിയൊരു വിടവിനെ കുറിച്ചുള്ള ചിന്തകളിലേക്കും എന്നെ കൊണ്ട് പോയിരുന്നു. ആദ്യം പ്രതീക്ഷിച്ചിരുന്നത് പോലെ ഹന്നാ ആരേന്ദിന്റെ ജീവചരിത്രമായിരുന്നില്ല ആ സിനിമ. ‘ബയോപിക്’ എന്ന് പറഞ്ഞിരുന്നപ്പോള്‍ കരുതിയത്‌ അത് അവരുടെ മുഴുനീള ജീവിതകഥ ആയിരിക്കും എന്നാണ്. എന്നാല്‍ ചിത്രം ഒരു സമയ ഖണ്ഡത്തെ മാത്രം ആലേഖനം ചെയ്യുന്നതായിരുന്നു. അഡോള്‍ഫ് ഐക്ഹ്-മന്‍ (Adolph Eichmann) ഇസ്രായേലിന്റെ പിടിയിലായ ശേഷം നടന്ന വിചാരണ അമേരിക്കയിലെ ന്യൂ യോര്‍ക്കര്‍ (New Yorker) പത്രത്തിനു വേണ്ടി ഹന്നാ ആരെന്ദ് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായ കാലഘട്ടത്തെ കുറിച്ചായിരുന്നു സിനിമ. ജര്‍മ്മന്‍ സംവിധയകയായ മാഗരീത്തെ വോവ്ന്‍ ട്രാവ്ത്ത (Margarethe von Trotta) യുടെ അപൂര്‍വ്വ സുന്ദരമായ ഒരു സിനിമയാണിത്. ബാര്‍ബര സൂക്കോവ എന്ന പ്രശസ്ത നടിയാണ് ഹന്നാ ആയി അഭിനയിച്ചിരിക്കുന്നത്. കാന്‍ ഫെസ്റിവല്‍ അടക്കം നിരവധി അന്താരാഷ്ട്ര വേദികളില്‍ നല്ല നടിക്കുള്ള അവാര്‍ഡ്‌ നേടിയിട്ടുള്ള സൂക്കോവയാണ് 1986 –ല്‍ ട്രാവ്ത്ത തന്നെ സംവിധാനം ചെയ്ത റോസാ ലക്സംബെര്‍ഗിനെ കുറിച്ചുള്ള സിനിമയില്‍ റോസ ആയി അഭിനയിച്ചിരുന്നത്. ഹന്നായുടെ അദ്ധ്യാപകനായ പ്രമുഖ ദാര്‍ശനികന്‍ മാര്‍ട്ടിന്‍ ഹെയ്ദഗറുമായുള്ള വൈകാരികമായ കൂടിക്കാഴ്ചകള്‍ അടക്കം ചിത്രീകരിച്ച് ഹന്നായുടെ ജീവചരിത്രത്തിലെ ഒരു സവിശേഷ മുഹൂര്‍ത്തത്തെ ഒരേ സമയം യഥാതഥമായും കാല്പ്പനീകമായും ആധുനികമായും പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിന്റെ വലിയ പിരിമുറുക്കങ്ങള്‍ ഈ സിനിമയിലെമ്പാടും മുഴങ്ങുന്നു. ജെറുസലേമില്‍ നടന്ന ഐക്ഹ്-മന്‍ വിചാരണയെ കുറിച്ചെഴുതിയ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചാണ് ഹന്നാ ആരെന്ദ് “Eichmann in Jerusalem” എന്ന വിഖ്യാതമായ പുസ്തകം എഴുതിയത്. ഐക്ഹ്-മനെ ഇസ്രേയല്‍ അര്‍ജന്റീനയിലെ പ്രച്ഛന്ന ജീവിതത്തിനിടയില്‍ ചതിയില്‍ പിടികൂടി ഇസ്രായേലിലേക്ക് അയാളുടെ നാസി കാലത്തെ കുറ്റ കൃത്യങ്ങളുടെ പേരിലുള്ള വിചാരണകള്‍ക്ക് കൊണ്ട് വരിക ആയിരുന്നു. വായനയിലെ വലിയൊരു വിടവ് എന്ന് ഞാന്‍ ആദ്യം പറഞ്ഞത് ആ പുസ്തകം അത് അര്‍ഹിക്കുന്ന ഗൌരവത്തോടെ ഞാന്‍ വായിച്ചിരുന്നില്ല എന്നതിനാലാണ്.

ഹന്നാ ആരെന്ദിനെ എന്റെ ഗൌരവ പൂര്‍ണ്ണമായ വായനയിലേക്ക് കൊണ്ട് വരുന്നത് എം. ഏ. അധ്യാപിക ആയിരുന്ന ഡോ. ഉമാദേവിയാണ്. ധനതത്വശാസ്ത്രത്തില്‍ ആഴമുള്ള ധാരണകളും നിലപാടുകളും ഉണ്ടായിരുന്നു ഡോ. ഉമാദേവിക്ക്‌. സിലബസ്സിന്റെ ചെറിയ ലോകത്തിനു പുറത്തേക്ക് വിദ്യാര്‍ഥികളെ കൊണ്ട് പോകാന്‍ കഴിയാത്ത അധ്യാപനം അര്‍ത്ഥ ശൂന്യമാണ്. ഇത് മനസ്സിലാക്കിയ അധ്യാപിക ആയിരുന്നു ഡോ. ഉമാദേവി. പീഡനഭരിതമായിരുന്നു ഔദ്യോഗിക ജീവിതം. കാരണം കേരള യൂണിവേര്സിറ്റിയിലെ ഉന്നതതലത്തിലെ കക്ഷിരാഷ്ട്രീയം സ്വതന്ത്രമായ ബൌദ്ധികതയെ ഭയക്കുകയും വെറുക്കുകയും ചെയ്യുന്നതാണ്. അതിനാല്‍ ഹന്നാ ആരെന്ദിനെ പോലെയൊരു ചിന്തകയെ ഡോ. ഉമാദേവി വായിക്കുകയും വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത് മനസ്സിലാക്കാവുന്നതാണ്.

അധ്വാനം, ജോലി, കര്‍മ്മം (labour, work, action) എന്നിങ്ങനെ മനുഷ്യശേഷിയുടെ വിനിയോഗത്തെ മൂന്നു അടിസ്ഥാന സംവര്ഗ്ഗങ്ങളായി വിശദീകരിച്ചുകൊണ്ട് ഹന്നാ ആരെന്ദ് നടത്തിയ പഠനമായിരുന്നു The Human Condition (Chicago: University of Chicago Press, 1958). ധനതത്വശാസ്ത്രത്തില്‍ ആഴമുള്ള ധാരണകളും നിലപാടുകളും ഉണ്ടായിരുന്നു ഡോ. ഉമാദേവിക്ക്‌. ഡോ. ഉമാദേവി പിന്നീട് ഇതുമായി ബന്ധപ്പെട്ട ചില ഗവേഷണ പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. മാര്‍ക്സിസത്തേയും ദൈനംദിന രാഷ്ട്രീയത്തേയും കൂടുതല്‍ വിശാലമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ദാര്‍ശനീകാഭിമുഖ്യമുള്ള കൃതിയാണ് The Human Condition. ഇപ്പോള്‍ നവ മാധ്യമങ്ങളുടെ ചരിത്ര ഘട്ടത്തിലും ഏറെ പ്രസക്തമായ ചില കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ ഉണ്ട്. അത് പിന്നീടൊരിക്കല്‍ എഴുതാം. ആദ്യം വായിച്ചത് ഈ പുസ്തകമായിരുന്നെങ്കിലും, പിന്നീട് ഹന്നായുടെ പ്രധാന പുസ്തകമായ The Origins of Totalitarianism (1951) വായിച്ചത് സാമൂഹികമായും രാഷ്ട്രീയമായും ജനാധിപത്യത്തെ മനസിലാക്കുന്നതിനും സമഗ്രാധിപത്യത്തെ എതിര്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കൂടുതല്‍ ബോധ്യപ്പെടുത്തി. ഇക്കാര്യങ്ങളില്‍ ഉറച്ച രാഷ്ട്രീയ നിലപാടിലേക്ക് നീങ്ങാനും സിവില്‍സമൂഹ രാഷ്ട്രീയത്തിന്റെ വലിയ പശ്ചാത്തലം മനസ്സിലാക്കുവാനും വായന സഹായിച്ചു എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലാവുന്നു. അല്ത്യൂസ്സര്‍ സിവില്‍ സമൂഹം എന്ന പരികല്പ്പനയെ Reading Capital എന്ന പുസ്തകത്തില്‍ അപഹസിച്ച്‌ തള്ളിയതും അതിന്റെ മാര്‍കിസ്റ്റ് നോണ്‍-മാര്‍കിസ്റ്റ് അര്‍ത്ഥങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രേരണ ആയിരുന്നു. പിന്നീട് ‘സിവില്‍സമൂഹവും ഇടതുപക്ഷവും’ എന്ന എന്റെ പുസ്തകത്തിന്‍റെ രചനക്ക് വരെ അത് സഹായകമായി. The Origins of Totalitarianism നാസി രാഷ്ട്രീയവും സ്റ്റാലിനിസ്റ്റ് രാഷ്ട്രീയവും പ്രതിനിധാനം ചെയ്യുന്ന പുതിയ വെല്ലുവിളി മനുഷ്യ സമൂഹം ഏറ്റെടുക്കെണ്ടാതിനെ കുറിച്ചുള്ള വലിയ മുന്നറിയിപ്പായിരുന്നു. മാര്‍ത്താണ്ഡ വര്‍മ്മ രാജ്യങ്ങള്‍ പിടിച്ചടക്കി എല്ലാം പദ്മനാഭന് സമര്‍പ്പിച്ചു പദ്മനാഭ ദാസനായി കഴിയുന്നതുകൊണ്ടുണ്ടാകുന്ന പ്രത്യയശാസ്ത്ര വിധേയത്വമാണ് ഭരണത്തിന്റെ ടിറണിയെ തമസ്ക്കരിക്കാനും പ്രജകളെ അതുമായി താദാത്മ്യം പ്രാപിക്കാന്‍ സജ്ജരാക്കുവാനും സഹായിച്ചത്. സമഗ്രാധിപത്യത്തില്‍ തത്തുല്യമായൊരു സമരസപ്പെടല്‍ ഉണ്ടാവുന്നു. എന്നാല്‍ മാര്‍ത്താണ്ഡവര്‍മ്മയുടേത് രാജ്യം നിലനിര്ത്തുന്നതിനുള്ള ഒരു തന്ത്രവും അധികാരത്തിനുള്ള ലെജിറ്റിമേഷനുമാവുമ്പോള്‍ സമഗ്രാധിപത്യത്തില്‍ അത് വ്യത്യസ്തമായ ഒരു മാനം കൈവരിക്കുന്നു. ശത്രു ഉണ്ടാവുമ്പോഴാണ് മാര്‍ത്താണ്ഡവര്‍മ്മക്ക് പ്രഹരിക്കേണ്ടി വരുന്നതെങ്കില്‍ സമഗ്രാധിപത്യം നിരന്തരം അത്ന്റെ ശത്രുക്കളെ കണ്ടെത്തിക്കൊണ്ടിരിക്കുകയും ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ എപ്പോഴും എണ്ണിക്കൊണ്ട് ലേബര്‍ ക്യാമ്പുകളിലും കോണ്‍സെന്ട്രെഷന്‍ ക്യാമ്പുകളിലും അവരെ തള്ളിക്കൊണ്ടിരിക്കുകയും ചെയ്യും. സമഗ്രാധിപത്യം മാധ്യമങ്ങളെയും ജനങ്ങളെയും എപ്പോഴും ഭയന്ന് കൊണ്ടിരിക്കുകയും അവര്‍ തങ്ങളുടെ ശത്രുക്കളാണെന്നു നിരന്തരം വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കും. കൊല്ലാന്‍ അതിനു ഒരു കാരണം വേണ്ട. കൊന്നാല്‍ അതിനു ധാര്‍മ്മികതയുടെ വിചാരണ വേണ്ട. ഭരണത്തിലില്ലെങ്കിലും അത് ഭരിച്ചു കൊണ്ടിരിക്കും, കൊന്നുകൊണ്ടിരിക്കും. The Origins of Totalitarianism എന്ന പുസ്തകത്തില്‍ ഇതിനെ റാഡിക്കല്‍ ഈവിള്‍ (radical evil) –‘സമൂലമായ തിന്മ’ എന്ന് ആരെന്ദ് വിളിച്ചിരുന്നു.

തുടര്‍ന്ന് പലപ്പോഴായി ആരെന്ദിന്റെ മറ്റു പല കൃതികളും പഠിക്കാനും പഠിപ്പിക്കാനുമായി വായിച്ചിട്ടുണ്ട്. കൂട്ടത്തില്‍ എന്തുകൊണ്ടോ വലിയ പ്രാധാന്യത്തോടെ വായിക്കാതിരുന്ന പുസ്തകമാണ് “Eichmann in Jerusalem”. റാഡിക്കല്‍ ഈവിള്‍ എന്ന സങ്കല്പ്പനത്തില്‍ നിന്ന് അതിനു പൂരകമെന്നോ, അതിനെ മറികടക്കുന്നതെന്നോ ഹന്നാ തീര്‍ത്തുo വ്യക്തമാക്കിയിട്ടില്ലാത്ത ഒരു പുതിയ പരികല്‍പ്പനയിലേക്കുള്ള മാറ്റം ഈ പുസ്തകത്തില്‍ ഉണ്ട്, banality of evil- തിന്മയുടെ തുച്ഛത. ‘സമൂലമായ തിന്മ’ എന്നതില്‍ നിന്ന് ‘തിന്മയുടെ തുച്ഛത’യിലേക്ക് മാറുമ്പോള്‍ വിശകലനത്തിന്റെ അടിസ്ഥാനo മാറുന്നില്ല. സമഗ്രാധിപത്യ വ്യവസ്ഥകളിലെ ഹിംസ തന്നെയാണ് അപ്പോഴും ചര്‍ച്ച ചെയ്യുന്നത്. ഇതിന്‍റെ രാഷ്ട്രീയമായ സാധ്യതയെ കുറിച്ചുള്ള സംശയങ്ങളും, രീതിപരമായ സാധുതയെ കുറിച്ചുള്ള വിമര്‍ശനങ്ങളും കൊണ്ടാണ് ഈ സങ്കല്‍പ്പനത്തെയും പുസ്തകത്തെ തന്നെയും അവഗണിച്ചിരുന്നത്. ആരെന്ദിന്റെ മറ്റു പ്രധാന പുസ്തകങ്ങള്‍ ഏതാണ്ട് എല്ലാം തന്നെ പുസ്തകശേഖരത്തില്‍ ഉണ്ടായിരുന്നെങ്കിലും “Eichmann in Jerusalem” വാങ്ങിയിരുന്നില്ല. പുസ്തകം ഒന്ന് കൂടി വായിക്കാന്‍ ഏതായാലും സിനിമ പ്രകോപനമായി.

 

 

അഡോള്‍ഫ് ഐക്ഹ്-മന്‍ നാസി ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ നിരവധി ജൂതന്മാരുടെ കൊലക്ക് ഉത്തരവാദി ആയിരുന്ന വ്യക്തി ആയിരുന്നു. അതുകൊണ്ട് തന്നെ ഇസ്രയേല്‍ അയാളുടെ അറസ്റ്റിനായി ശ്രമിച്ചു കൊണ്ടിരുന്നു. കള്ളപ്പേരില്‍ അര്‍ജന്റീനയില്‍ ഒളിവില്‍ കഴിയുക ആയിരുന്ന അയാളെ ഒടുവില്‍ കുപ്രസിദ്ധരായ മൊസ്സാദ് ചാരന്മാര്‍ വര്‍ഷങ്ങള്‍ നീണ്ടു നിന്ന തിരച്ചിലിനൊടുവില്‍ ചതിയില്‍ പിടിക്കുക ആയിരുന്നു. ജൂതപ്പലായനങ്ങളുടെ മാസ്റ്റര്‍ മൈന്‍ഡ് ആയി, ജൂത കൂട്ടക്കൊലകളുടെ അസൂത്രകനായി മനസ്സിലാക്കപ്പെട്ടിരുന്ന കുറ്റവാളി ആയിരുന്നു ഐക്ഹ്-മന്‍. 1960-ല്‍ ഇറങ്ങിയ Operation Eichmann മുതല്‍ ഈയിടെ പുറത്തിറങ്ങിയ Walking with the Enemy (2013) വരെ ഇരുപതോളം സിനിമകളിലും ടി.വി സിനിമകളിലും ഐക്ഹ് മന്‍ കഥാപാത്രമോ മുഖ്യകഥാപാത്രമോ ആയിട്ടുണ്ട്‌.

അര്‍ജന്റീനയില്‍ നിന്ന് രഹസ്യമായി കടത്തിക്കൊണ്ടു വന്നു ഇസ്രായേലില്‍ വിചാരണ നേരിടുന്ന വേളയിലെ ഐക്ഹ് മന്റെ പ്രതികരണങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും ആണു ഹന്നാ banality of evil എന്നാ പരികല്‍പ്പന രൂപവല്‍ക്കരിക്കുന്നത്. ഇത് എന്റെ അഭിപ്രായത്തില്‍ സമൂലമായ തിന്മ- radical evil – എന്ന പരികല്‍പ്പനക്ക് അനുപൂരകമാണ്. സമൂലമായ തിന്മ വ്യവസ്ഥയുടെ ഹിംസാത്മകതയുടെ യുക്തിയെയോ യുക്തി രാഹിത്യത്തെയോ കുറിച്ചാണെങ്കില്‍ തിന്മയുടെ തുച്ഛത അതില്‍ പങ്കെടുക്കുന്ന വ്യക്തികളുടെ സംഭാവനയെക്കുറിച്ചും അവര്‍ എങ്ങനെ സ്വയം പ്രത്യശാസ്ത്രത്ത്തിന്റെ പ്രചാരകരും പ്രയോക്താക്കളും ആവുന്നു എന്നും സ്വന്തം നൈതികമാനകങ്ങള്‍ അവര്‍ക്ക് എങ്ങനെ നഷ്ടപ്പെടുന്നു എന്നതിന്റെയും ചിത്രമാണ് നല്‍കുന്നത്. വിചാരണ വേളയില്‍ താന്‍ മുകളില്‍ നിന്നുള്ള ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും തനിക്കങ്ങനെ ജൂത വിരോധമൊന്നും ഇല്ലെന്നും അയാള്‍ ആവര്‍ത്തിച്ച്‌ കൊണ്ടിരുന്നു. അയാളെ കുറിച്ച് കെട്ടിപ്പൊക്കിയിരുന്ന ചിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു അയാള്‍. അയാള്‍ ഒരു കുറ്റ ബോധവും പ്രകടിപ്പിച്ചില്ല. ഞാന്‍ എന്റെ ജോലി ചെയ്തു എന്ന ഭാവമായിരുന്നു അയാള്‍ക്ക്‌. ജാലിയന്‍ വാലാബാഗില്‍ കൂട്ടക്കൊല നടത്തിയ ഡയറിന്റെ ചിന്താഗതി ഇതില്‍ നിന് വ്യത്യസ്ഥമാവാന്‍ ഇടയുണ്ടോ?

ഒരു ജൂത വനിത എന്ന നിലയില്‍, ഹോളോകാസ്റ്റിന്റെ ഇര എന്നനിലയില്‍, ഐക്ഹ് മന്‍ ഒരു കൊടും ക്രൂരനായ കൊലപാതകി എന്ന നിലപാട് സ്വീകരിക്കുന്നതായിരുന്നു ഹന്നാക്ക് ഏറ്റവും സുരക്ഷിതമായിരുന്നത്. എന്നാല്‍ അസത്യത്തിന്റെ സുരക്ഷിതത്വത്തില്‍ വ്യാഖ്യാനത്തെ തളച്ചിട്ടു പാര്‍ട്ടികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ കീഴടങ്ങാന്‍ സമ്മതിക്കുന്ന മനസ്സായിരുന്നില്ല ഹന്നാ ആരെന്ദിന്റെത്. അവര്‍ സ്വന്തം നിഗമനങ്ങളുടെ പ്രത്യാഘാതങ്ങളെ ഭയക്കാത്ത എഴുത്തുകാരിയും ചിന്തകയും ആയിരുന്നു. അതിനാല്‍ സമഗ്രാധിപത്യ സമൂഹങ്ങളിലെയും പ്രസ്ഥാനങ്ങളിലെയും കൊലപാതകകികള്‍ മറ്റു ക്രിമിനലുകളില്‍ നിന്ന് വ്യത്യസ്ഥാരാണ് എന്ന നിലപാട് ഹന്നാ മുന്നോട്ടു വച്ച്. ഒന്ന് രണ്ട് മൂന്ന്‍ എന്ന് എന്നിങ്ങനെ എണ്ണി എണ്ണി ആളെക്കൊല്ലുമ്പോള്‍ അവര്‍ ഒരു നീതിസംഹിതയുടെ ഭാഗമായാണ് അത് ചെയ്യുന്നത്. ഭരണത്തിലില്ലെങ്കില്‍ ഭാവി ഭരണത്തിന് വേണ്ടി, ഭരണത്തിലാനെങ്കില്‍ അതിന്റെ പ്രത്യശാസ്ത്രം നില നിര്‍ത്താന്‍ വേണ്ടി.മാധ്യമങ്ങളുടെ ഏതോ സൂക്ഷഗ്രാഹി ഈ വ്യത്യാസം പിടിച്ചെടുക്കുന്നത് കൊണ്ടാണ് അവര്‍ അത്ത്തരം പ്രസ്ഥാനങ്ങള്‍ നടത്തുന്ന കൊലകളെ കൂടുതല്‍ സൂക്ഷ്മ വിചാരണകള്‍ക്ക് വിധേയമാക്കുന്നത്. അത് മനസിലാക്കാതെയാണ് പലരും മാധ്യമ വിമര്‍ശനത്തിനു ഒരുമ്പെടുന്നത്. ഇങ്ങനെ വ്യവസ്ഥയോടു തദാത്മ്യപ്പെടുക എന്നത് ഒരു പ്രത്യയശാസ്ത്ര ബോധമാണ്. അതിന്റെ പേരിലുള്ള തിന്മയെ ആണു ഹന്നാ തിന്മയുടെ തുച്ഛത എന്ന് വിളിച്ചത്. ഹന്നയുടെ ജീവിതത്തില്‍ അത് സൃഷ്ടിച്ച സംഘര്‍ഷങ്ങള്‍ നിരവധി ആണ്.

കൊളോണിയലിസം ഇത്തരo നിരവധി തിന്മയുടെ തുച്ഛതകള്‍ സൃഷ്ടിച്ചു. അത് മനുഷ്യജീവിതങ്ങലെ പറിച്ചെറിഞ്ഞത് നിരവധി വ്യക്തികളുടെ സ്വയംനിയന്ത്രിത തീരുമാനങ്ങളിലൂടെ ആയിരുന്നു. സമൂലമായ തിന്മ എന്ന നിലയില്‍ സംഗ്രാധിപത്യത്തിനു തത്തുല്യമായ ഒരു പ്രത്യയശാസ്ത്രം അധിനിവേശത്തിനുണ്ട്. ഒപ്പം തന്നെ അതില്‍ തിന്മയുടെ തുച്ഛത വലിയ തോതില്‍ അടങ്ങിയിരിക്കുന്നു.

കുറെ വര്‍ഷങ്ങള്‍ക്കു മുന്പ് അവിചാരിതമായി Explorations in Economic History എന്ന പ്രസിദ്ധീകരണത്തില്‍ തെക്കേ ഇന്ത്യയില്‍ നിന്നുള്ള കൊളോണിയല്‍ മനുഷ്യക്കടത്തിന്റെ ചില വിവരങ്ങള്‍ നല്‍കുന്ന ഒരു ലേഖനം ഞാന്‍ വായിക്കാന്‍ ഇടയായി (Lance Brennan, John McDonald and Ralph Shlomowitz, ‘Trends in the Economic Well-Being of South Indians under British Rule: The Anthropometric Evidence’, Explorations in Economic History, Volume 31, Issue 2, April 1994, Pages 225–260). തിരുവിതാംകൂറിന്റെ സാമ്പത്തിക ചരിത്രമായി ബന്ധപെട്ട ചില അന്വേഷനങ്ങല്‍ക്കിടയിലാണ് ഇത് ശ്രദ്ധയില്‍ പെട്ടത്. കേരളം തമിഴ്നാട് കര്‍ണ്ണാടക ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള മനുഷ്യക്കാദത്തിന്റെ വിവരങ്ങളാണ് ഇതിലുള്ളത്. 1834 മുതല്‍ 1917 വരെയുള്ള കാലത്ത് പതിനായിരക്കണക്കിനു ആളുകളെയാണ് മലബാറില്‍ നിന്നും തിരുവിതാംകൂറില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നുമൊക്കെ കൂലിയടിമകളായി കടത്തിക്കൊണ്ടു പോയത്. അങ്ങനെ കൊണ്ട് പോയവരുടെ മതവും ജാതിയും നെഞ്ചളവും പൊക്കവും തൂക്കവും ലിംഗവും പ്രായവും ഒക്കെ രേഖപ്പെടുത്തിയിരുന്നു. ആസ്ട്രെലിയയിലെ Flinders University –യിലെ സാമ്പത്തിക ചരിത്ര അധ്യാപകരായിരുന്നു അന്ന് ഈ ഗവേഷകര്‍. അവര്‍ നോക്കിയത് ഈ വിവരങ്ങള്‍ വിവിധ സമയങ്ങളില്‍ ശേഖരിക്കപെട്ടതായതുകൊണ്ട് 1834 മുതല്‍ 1917 വരെയുള്ള കാലത്ത് തെക്കേ ഇന്ത്യയിലെ മനുഷ്യരുടെ ജെവിടഹ് നിലവാരത്തില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ്. പൊക്കവും നെഞ്ചളവും തൂക്കവും ഒന്നും വലുതായി മാറിയില്ല എന്ന് മാത്രമല്ല കുറഞ്ഞിട്ടും ഉണ്ടെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഭരണത്തിന്‍ കീഴില്‍ യാതൊരു ഭൌതിക പുരോഗതിയും തെക്കേ ഇന്ത്യയില്‍ ഉണ്ടായില്ല എന്നര്‍ത്ഥം.

ഇങ്ങനെ കടത്തികൊണ്ടു പോയയവരില്‍ ദരിദ്രരായ ആഢ്യശൂദ്രന്മാരും കുറഞ്ഞ ശൂദ്രന്മാരും ദളിതരും ക്രിസ്ത്യാനികളും മുസ്ലീംങ്ങളും ഒക്കെ ഉണ്ടായിരുന്നു. പൊക്കം കുറവായിരുന്നെങ്കിലും കേരളത്തില്‍ നിന്നുള്ള കൂലിക്കാരാണ് കൂടുതല്‍ ആരോഗ്യമുള്ളവരെന്നു രേഖപ്പെടുത്തിയിരിക്കുന്നതത്രേ. അങ്ങേയറ്റം കഠിനമായ ജോലികള്‍ക്കാന് ഇവരെ കൊണ്ട് പോകുന്നത് എന്നതിനാല്‍ തെരഞ്ഞടുക്കുമ്പോള്‍ ആരോഗ്യം ശ്രദ്ധികണമെന്നു നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍ അറുപതു പുരുഷന്മാര്‍ക്ക് നാല്‍പ്പതു എന്ന കണക്കില്‍ സ്ത്രീകള്‍ ഉണ്ടാവണമെന്ന് നിര്‍ബന്ധിച്ചിരുന്നതിനാല്‍ സ്ത്രീകളുടെ ഫിറ്റ്നസ് കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഫിജി, മൌരീഷ്യസ്, ദക്ഷിണാഫ്രിക്ക, ജമൈക്കയും ട്രിനിനാടും തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇങ്ങനെ ആയിരക്കണക്കിന് മലയാളികളെ കടത്തിക്കൊണ്ടു പോയിട്ടുണ്ട്. കടത്തപ്പെട്ടവരില്‍ ഏതാണ്ട് 11-12 ശതമാനം പേര്‍ മലയാളികള്‍ ആയിരുന്നു. 18 വയസ്സിനു മുകളില്‍ ഉള്ളവരെയാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞിരുന്നെങ്കിലും 14-16 വയസ്സൊക്കെ ഉള്ള കുട്ടികളെയും കടത്തിയതായി കാണുന്നു.

വലിയൊരു മര്‍ദ്ദക ചൂഷക സംവിധാനം ഉപയോഗിച്ചാണ് പഴയ മനുഷ്യ കടത്തു നടത്തിയിരുന്നത്. അത് നിയമാനുസൃതമായ വ്യാപരമായിരുന്നു എന്നതാണ് വസ്തുത. അതില്‍ ഏര്‍പ്പെട്ടിരുനവര്‍ അങ്ങനെയാണ് അത് മനസിലാക്കിയിരുന്നത്. മനുഷ്യരെ കടത്തുന്നതും കൂലി അടിമകളാക്കി നില നിര്ത്തുന്നതും അവര്‍ ഒരു കുടമായി മനസ്സിലാക്കി ഇരുന്നില്ല. ഒരു നാസി ജൂതരെ കൊല്ലാനുള്ള, പീഡിപ്പിക്കാനുള്ള അപരജനത ആയി മനസ്സിലാക്കുന്നത് പോലെ, കൊളോണിയലിസം നല്‍കിയ പ്രത്യശാസ്ത്ര ബോധമാണ് അടിമ വ്യാപാരത്തെ നിസ്സാരമായി ചെയ്യാവുന്ന വ്യാപാരമായി നിര്‍വചിച്ചത്‌. എന്നാല്‍ പാശ്ചാത്യര്‍ അന്നും ഇന്നും (പാശ്ചാത്യര്‍ എന്നാല്‍ ഇന്നത്തെ അര്‍ഥം അമേരിക്ക എന്നാണു എന്ന് ഗായത്രി സ്പിവക് പകുതി തമാശയായി എഴുതിയിട്ടുണ്ട്) സ്വയം ഒരു ഉപരി വര്‍ഗ്ഗവും വംശവുമായി മനസ്സിലാക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ സമയത്ത് ക്രിസ്ത്യാനികളെ കൂടുതലായി ദേശീയ സമരത്തിന്റെ ഭാഗമാക്കാന്‍ ഉണ്ടായ വലിയൊരു വാദം, ഇന്ത്യന്‍ ക്രിസ്ത്യാനികളോടെ മതപരമായ അനുകമ്പ ഒന്നും വെള്ളക്കാര്‍ കാണിക്കുന്നില്ലെന്നതായിരുന്നു.

കൊളോണിയലിസതിന്റെ ഇത്തരം ഹിപ്പോക്രസികള്‍ക്കെതിരെ ആഞ്ഞടിച്ച ഒരു പുസ്തകമായിരുന്നു Jonathan Swift എഴിതിയ Gulliver’s Travels (1726, rivised in 1735). അതൊരു ‘ബാലസാഹിത്യ’ കൃതിയായി മനസ്സിലാക്കപ്പെടുകയും അതിന്റെ സംഗ്രഹിച്ച രൂപങ്ങള്‍ മാത്രം വായിക്കപ്പെടുകയും ചെയുന്നു എന്നത് വലിയൊരു ദുര്യോഗമാണ്‌. അധിനിവേശത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക യുക്തികളെ പിടിച്ചുലക്കുന്ന ഒരു പുസ്തകമാണത്. ധാര്‍മ്മികതയുടെ കപട നാട്യങ്ങളെയും മൃഗ-മനുഷ്യാവസ്ഥകളുടെ തന്നെ ആപേക്ഷികതയേയും അത് തുറന്നു കാട്ടുന്നു. കുതിരകള്‍ മനുഷ്യരെ പോലെ സംസാരിക്കുന്ന നാട്ടില്‍ ചെല്ലുന്ന ഗള്ളിവര്‍ കാണുന്നത് അവിടെ ‘മൃഗ’സദൃശമായും സംസ്കാരര രഹിതരായും കുതിരകളുടെ അടിമളായും ജീവിക്കുന്നത് ഇരുകാലികളായ ‘മനുഷ്യ’ജീവികളാണ് എന്നതാണ്. അവരേ കുതിരകള്‍ വിളിക്കുന്നത്‌ ‘യാഹുക്കള്‍’ എന്നാണു. പുതിയ ഇന്റര്‍നെറ്റ്‌ യുഗത്തിലെ ആദ്യത്തെ വലിയ കമ്പനികളില്‍ ഒന്ന് സ്വയം സ്വീകരിച്ചത് ഈ പേരായിരുന്നു – Yahoo!. ഗള്ളിവര്‍ ലില്ലിപുട്ടിലും ലാപുട്ടയിലും ബോബ്ഡിഗ്നാഗിലും ഒക്കെ നേരിട്ടത് അപരത്വതിന്റെ ധാര്‍മ്മിക സമസ്യകളും ധാര്‍മ്മികതയുടെ തന്നെ അപേക്ഷികതകളും ആയിരുന്നു. ഇന്നത്തെ പോസ്റ്റ്‌ കൊളോണിയല്‍ ലോകത്തിന്റെ നൈതിക പ്രശ്നങ്ങള്‍ സ്വിഫ്റ്റ് ഉന്നയച്ചവയില്‍ നിന്ന് വളരെയൊന്നും വ്യത്യസ്തമല്ല എന്നത് ഒരു നടുക്കത്തോടെയെ ഓര്‍ക്കാന്‍ കഴിയൂ.

നാം കോസ്മോപോളിറ്റനിസത്തെക്കുറിച്ചും ട്രാന്‍സ്നാഷനലിസത്തെ കുറിച്ചുമൊക്കെ പറയുമ്പോള്‍ ഈ മലയാളികളെ, ഇന്ത്യാക്കാരെ എങ്ങനെ കണക്കില്‍ പെടുത്തുന്നു എന്നത് ഒരു അക്കാദമിക് പ്രശ്നം മാത്രമല്ല. പോസ്റ്റ്‌ കൊളോണിയല്‍ പഠനങ്ങളുടെ പ്രശസ്ത വക്താവായ ഓട്ടോ ക്വയ്സന്‍ എഡിറ്റ്‌ ചെയ്തു ബ്ലാക്ക് വെല്‍ പ്രസിദ്ധീകരിച്ച ‘A Companion to Diaspora and Transnationalism’ (Ato Quayson and Girish Daswani (eds.) Blackwell Companion to Diaspora and Transnational Studies, Blackwell Publishers, 2013) എന്ന പുസ്തകത്തില്‍ ബാംഗ്ളൂരിലെ techno class-നെ കുറിച്ചുള്ള എന്റെ ഒരു ചെറിയ പഠനം ചേര്‍ത്തിട്ടുണ്ട്. യാദൃശ്ചികമായി സംഭവിച്ചതാണ്. ഓട്ടോ ക്വയ്സന്‍ സംഘടിപ്പിച്ച ഒരു സെമിനാറില്‍ ഈ പ്രബന്ധം അവതരിപ്പിച്ചപ്പോള്‍ പുസ്തകത്തിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞെങ്കിലും ഇത് കൂടി ഉള്‍പ്പെടുത്താന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞു അദ്ദേഹം വാങ്ങി ചേര്‍ക്കുക ആയിരുന്നു. ആ പഠനം തയ്യാറാക്കുമ്പോള്‍, ഇന്നത്തെ പുതിയ ഇന്ത്യന്‍ മൈഗ്രന്റ്സ് പഴയ ഇന്ത്യന്‍ ഡയോസ്പറയില്‍ എത്രയോ വ്യത്യസ്തരാണ് എന്ന് ഞാന്‍ ഓര്‍ക്കുന്നുണ്ടായിരുന്നു. എങ്കിലും ചില താരതമ്യങ്ങള്‍ പ്രസക്തമാണു എന്ന് തന്നെയാണ് എന്റെ വിശ്വാസം.

പുതിയ ആഗോളവല്കൃത ലോകത്തെ ‘ഇന്ത്യന്‍ തൊഴിലാളി’, ‘മൂന്നാം ലോക തൊഴിലാളി’ ആരാണ് എന്നത് നാം പരിചിന്തിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യം അതിന്റെ ആമുഖം കൂടിയായി ഞാന്‍ സൂചിപ്പിച്ചതാണ്. അന്നും ഇന്നും യൂറോപ്യന്‍ വര്‍ണ്ണവെറി കൊടിയിറങ്ങാതെ നില്‍പ്പുണ്ട്. കൊളോണിയല്‍ തന്ത്രങ്ങള്‍ വ്യത്യസ്തമായിരിക്കുന്നു. പക്ഷെ എസ. കെ. പൊറ്റക്കാട്‌ കണ്ടു പരിഭ്രമിച്ച വര്‍ണ്ണവെറിയുടെ പരിചിത രൂപങ്ങള്‍ ഇന്നും ദംഷ്ട്ര നീട്ടി നില്‍ക്കുന്നുണ്ട്. പുതിയ പലായനങ്ങളുടെ സാമ്പത്തിക യുക്തികള്‍, അധികാര ബന്ധങ്ങള്‍, സാംസ്കാരിക പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയൊക്കെ ഉപരിതതലത്തില്‍ മാത്രമാണ് വ്യത്യസ്ഥമായിരിക്കുന്നത് എന്നത് കാണാതിരിക്കാനാവില്ല. കൂടുതല്‍ വിശദീകരണവും വിശകലനവും ആവശ്യമുള്ള പ്രശ്നമാണിത്.