എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പിയും: ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ രണ്ടു കുറുക്കു വഴികള്‍

ഡോ. ടി ടി ശ്രീകുമാര്‍ (മാധ്യമം വാര്‍ഷികപ്പതിപ്പ്, 2013)

ജാതിയുടെ രാഷ്ട്രീയം ജാതി രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമാണ്. ജാതി രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നതിനുള്ള ഒരു ഉപാധി കൂടിയാണ് ജാതിയുടെ രാഷ്ട്രീയം. കേരളത്തെ ജാതി ദുര്‍ഭൂതം വിഴുങ്ങുന്നു എന്ന് ഇപ്പോള്‍ വേവലാതികള്‍ ഉയര്‍ന്നിരിക്കുന്നു. എന്താണ് ഇതിന്റെ അടിസ്ഥാനം? ജാതിയില്ലാത്ത ഇന്ത്യയെ, കേരളത്തെ ഉടനെയൊന്നും സങ്കല്പ്പിക്കാന്‍ കഴിയില്ല. ജനാധിപത്യത്തില്‍ ജാതി എങ്ങനെ സ്വീകരിക്കപ്പെടണo, വിമര്‍ശിക്കപ്പെടണം എന്നത് അല്‍പ്പം സങ്കീര്‍ണ്ണമായ ഒരു കാര്യമാണ്. കേരളത്തില്‍ ഇപ്പോള്‍ ഈ പ്രശ്നം സജീവമാകാനുള്ള കാരണം എന്‍ എസ്. എസ്. നേതൃത്വത്തിന്റെയും എസ്. എന്‍. ഡി. പി നേതൃത്വത്തിന്റെയും ചില പരസ്യ രാഷ്ട്രീയ നിലപാടുകളാണ്. പ്രാതിനിധ്യ ജനാധിപത്യത്തെയും അതിന്റെ ചിട്ടവട്ടങ്ങളെയും അപഹസിക്കുന്ന വിധത്തിലുള്ള അല്‍പ്പത്തം നിറഞ്ഞ പ്രസ്താവനകളിലൂടെ സര്‍വരുടെയും പരിഹാസ പാത്രമാവാന്‍ ആദ്യമായാണ് ഈ സംഘടനകള്‍ തുനിയുന്നത്.

വെള്ളാപ്പള്ളി യോഗ നേതൃത്വം പിടിച്ചെടുത്ത ശേഷം ഹിന്ദുത്വ ശക്തികളുമായി നിസ്സങ്കോചം കൈകോര്‍ത്ത്‌ കൊണ്ട് തുടര്‍ച്ചയായി ഇത്തരം പല പ്രസ്താവനകളും നടത്തുകയും വി എം സുധീരനും മറ്റും എതിരെ പരസ്യമായി രംഗത്ത്‌ വന്നു ജനങ്ങളാല്‍ തിരസ്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സംയമനത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്ന, പ്രാതിനിധ്യ ജനാധിപത്യത്തിന്റെ സൌമനസ്യങ്ങളെ, അതിനു മേല്‍ തങ്ങള്‍ക്കുള്ള ആധിപത്യത്തിന്റെ അടയാളങ്ങളാണെന്നു ധരിക്കുന്ന നേതൃത്വങ്ങളുടെ കൈപ്പിടിയില്‍ എന്‍. എസ്. എസ്സും എസ്. എന്‍. ഡി. പി യും ഒതുങ്ങിപ്പോയത് ചരിത്രത്തിലെ അവയുടെ ജന്മോദ്ദേശം പൂര്ത്തീകരിക്കപ്പെട്ടത്തിന്റെയും, അവ പൂര്‍ണമായും അപ്രസക്തമായി സമൂഹം കയ്യൊഴിയേണ്ട ബാധ്യതകളായിക്കഴിഞ്ഞു എന്നതിന്റെയും സൂചനയായാണ് മനസ്സിലാക്കേണ്ടത്.

ജാതി വിഭജിത സമൂഹത്തില്‍ ജാതി സംഘടനകള്‍ എങ്ങനെയാവരുത് എന്നതിന്റെ കടുത്ത മാതൃകകളായി എന്‍. എസ്. എസ്സും എസ്. എന്‍. ഡി. പി യും മാറിയതിനുള്ള ഉത്തരവാദിത്തം അവയുടെ ഇപ്പോഴത്തെ നേതൃത്വത്തിനാണ്. സങ്കീര്‍ണ്ണമായ അംഗത്വഘടനയും സമ്പത്തും സംഘടനാ രൂപവും, സ്ഥാപനങ്ങളും നല്‍കുന്ന സാമ്രാജ്യഭരണബോധമല്ലാതെ ഈ സമ്പത്തിന്റെയും സംഘടനാ ശക്തിയുടെയും സാമൂഹികമായ അടിസ്ഥാനത്തെ കുറിച്ചുള്ള രാക്ഷ്ട്രീയമായ ധാരണയില്ലയ്മയില്‍ നിന്നാണ് ഇവരുടെ മെഗലോമാനിയ ഉത്ഭവിക്കുന്നത്. തങ്ങള്‍ ഏതോ വോട്ടു ബാങ്കുകള്‍ക്ക് മുകളില്‍ ഇരിക്കുകയാനെന്ന മിഥ്യാധാരണയാല്‍ നയിക്കപ്പെടുന്ന ഈ നേതൃത്വങ്ങള്‍ക്ക്‌ സ്വന്തം പ്രവൃത്തികളിലൂടെ ഈ അവകാശവാദം വകവച്ചു കൊടുക്കുന്ന രണ്ടു മുന്നണികളും, ഇവരുടെ മൃദു ശക്തി തങ്ങളുടെ ശക്തി കൂടിയാണെന്നു മനസ്സിലാക്കുന്ന സംഘപരിവാറുമാണ് ഇവിടെ ഉള്ളത്.

സെല്‍വരാജ് വീണ്ടും മത്സരിക്കുമ്പോള്‍ വിജയകുമാറിനെ പെരുന്നയിലേക്കയച്ചില്ലെങ്കില്‍ ഉറക്കം വരാത്ത സി പി എം നേതൃത്വം ഉള്ളപ്പോള്‍, തങ്ങളുടെ മന്ത്രിസ്ഥാനങ്ങളും തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വവും കെ പി സി സിയിലെ ഭാരവഹിത്വവുമെല്ലാം ഇവരുടെ അനുഗ്രഹമാണെന്ന് വിശ്വസിക്കുന്ന കോണ്ഗ്രസ് നേതൃത്വo ഉള്ളപ്പോള്‍, ഇത്തരം മേഗലോമാനിയകള്‍ ഇവര്‍ക്ക് ഉണ്ടായില്ലെങ്കിലെ അത്ഭുതപ്പെടെണ്ടതുള്ളു. അല്ലെങ്കില്‍ ചരിത്രത്തിലെ സ്വന്തം സ്ഥാനത്തെ കുറിച്ച് ബോധം വേണം. കുറഞ്ഞപക്ഷം സാമാന്യബോധമെങ്കിലും വേണം.

എന്‍. എസ്. എസ്സും എസ. എന്‍. ഡി. പിയും പോലുള്ള സംഘടനകള്‍ കേരളത്തില്‍ രൂപം കൊള്ളുന്നതിനു പിന്നില്‍ സവിശേഷമായ ഒരു സാമൂഹിക ചരിത്രമുണ്ട്. കേരളത്തിലെ സങ്കീര്‍ണമായ ജാതി വ്യവസ്ഥയുമായി അത് കേട്ട് പിണഞ്ഞു കിടക്കുന്നു. 1890 -1910 കാലഘട്ടം കേരളത്തിലെ ബ്രാഹ്മണാധിപത്യം പ്രത്യശാസ്ത്രപരമായി പുനര്നിര്‍വചിക്കപ്പെട്ട കാലമായിരുന്നു. 1800 മുതല്‍ തുടങ്ങിയ മാറ്റങ്ങള്‍ തലമുറകളിലൂടെ കടന്നു ജാതിവ്യവസ്ഥയെ അതിന്റെ സമൂര്‍ത്തമായ സാമൂഹിക-സാമ്പത്തികാവസ്ഥകളില്‍ മനസ്സിലാക്കാനും വിശദീകരിക്കാനും കഴിയുന്ന രാഷ്ട്രീയ പക്വത ഉണ്ടാവുന്നത് ഈ കാലത്താണ്. 1850 ശേഷമുണ്ടായ സാമൂഹിക മാറ്റങ്ങളുടെ രാഷ്ട്രീയ ഫലങ്ങള്‍ കണ്ടു തുടങ്ങുന്നത് ഈ ദശകങ്ങളിലാണ്.

സാഹിത്യത്തിലെ ഇതിന്റെ ഏറ്റവും നല്ല ഉദാഹരങ്ങള്‍ ഒയ്യാരത് ചന്തുമേനോന്റെ ‘ഇന്ദുലേഖ’യും പോത്തേരി കുഞ്ഞമ്പുവിന്റെ ‘സരസ്വതി വിജയ’വും ആണ്. 1888 -ലെ അരുവിപ്പുറം പ്രതിഷ്ഠ, 1893 ലെ അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര, മലയാളി മെമ്മോറിയലിനെ തുടര്‍ന്നുണ്ടായ ഈഴവ മെമ്മോറിയല്‍, 1898-99 കാലത്തെ സവര്‍ണ്ണ-ദളിത്‌ കായിക സംഘട്ടനങ്ങള്‍, തുടര്‍ന്ന് നടന്ന കാര്‍ഷിക സമരം, അയ്യങ്കാളിയുടെ സാധുജന പരിപാലന സംഘം രൂപീകരണം, അദ്ദേഹത്തിന്റെ പ്രജാ സഭയിലേക്കുള്ള പ്രവേശനം തുടങ്ങി സവര്‍ണ്ണാധിപത്യ പ്രത്യശാസ്ത്രം ഏറ്റവും കൂടുതല്‍ തിരിച്ചടികള്‍ നേരിട്ട ദശകങ്ങളായിരുന്നു 1890-1910 കാലഘട്ടം. കേരള ചരിത്രത്തില്‍ നായര്‍ – നമ്പൂതിരി സമവായം പൊളിഞ്ഞതും ഈ കാലഘട്ടത്തിലാണ്. അടിക്കടി ഉണ്ടായ ദളിത്‌ മുന്നേറ്റo ഈ സമവായത്തിന് അധിക കാലം പ്രത്യയശാസ്ത്ര സാധുത ഉണ്ടാവില്ലെന്ന് നായര്‍ വിഭാഗങ്ങളെ ബോധ്യപ്പെടുത്തി. അയ്യങ്കാളിയുടെ രാഷ്ട്രീയത്തിന്റെ സ്വാധീനം തന്നെ ആയിരുന്നു ഈഴവ രാഷ്ട്രീയത്തിലെയും മാറ്റങ്ങള്‍ക്കു ഒരു പരിധി വരെ കാരണമായത്. സവര്‍ണ്ണ രാഷ്ട്രീയ മുന്നണിയുടെ പല തലങ്ങളിലുള്ള വിള്ളലുകള്‍ക്ക് വഴിമരുന്നിട്ട ഇടപെടലുകളായിരുന്നു അയ്യങ്കാളിയുടെത്.

സൂരി നമ്പൂതിരിപ്പാട്‌ എന്ന കഥാപാത്രത്തിലൂടെ 1891-ല്‍ ചന്തു മേനോന്‍ ആണു ആദ്യമായി നമ്പൂതിരിയെ പരസ്യമായി ഒരു ശൂദ്രന്‍ നിന്ദിക്കുന്ന വ്യവഹാരം അന്നത്തെ മലയാണ്‍മയില്‍ കൊണ്ട് വരുന്നത്. എത്ര നിന്ദ്യനായാലും നമ്പൂതിരി ആദരിക്കപ്പെടെണ്ടവണെന്ന പൊതു ധാരണയെ ചന്തുമേനോന്‍ അട്ടിമറിക്കുക ആയിരുന്നു. നായര്‍-നമ്പൂതിരി സമവായം ഒരു അധികാരം പങ്കു വയ്ക്കല്‍ മാത്രം ആയിരുന്നില്ല. സഗോത്ര വിവാഹം പിന്തുടര്‍ന്നിരുന്ന നായര്‍ സമുദായത്തിന്റെ ഒരാവശ്യം കൂടി ആയിരുന്നു (അമ്മാവന്റെ മകളെ വിവാഹം കഴിക്കുന്ന രീതി അതിന്റെ ഒരു വകഭേദമായി കാണാം). ഇരുപതാം നൂറ്റാണ്ടോടെ ഈ സമവായo നായര്‍ സമുദായത്തിന് ആവശ്യമില്ലാതാവുകയും ചന്തുമേനോന്‍ മുതല്‍ ചട്ടമ്പി സ്വാമികള്‍ വരെയുള്ളവരുടെ വിമര്‍ശനങ്ങള്‍ സമുദായ നേതൃത്വം ഏറ്റെടുക്കയും ചെയ്തപ്പോഴാണ് തങ്ങള്‍ പെട്ടിരിക്കുന്ന വലിയ കെണിയെ കുറിച്ച് നമ്പൂതിരി സമുദായത്തിന് ബോധ്യം വരുന്നത്. സംബന്ധം തന്നെ ഒരു കെണി ആയിരുന്നു.

സഗോത്ര വിവാഹത്തിലൂടെ ഉണ്ടാവുന്ന വലിയ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിച്ച ഒരു നിയമ വിധേയ മാര്‍ഗം ആയിരുന്നു നമ്പൂതിരിയെ സംബന്ധം ചെയ്തു അതില്‍നിന്ന് അയാളുമായി മാനസിക ബന്ധമില്ലാത്ത കുട്ടികളെ ജനിപ്പിക്കുക എന്നത്. ഇത്തരത്തില്‍ വെറുമൊരു സ്പേം ഡോണര്‍ മാത്രം ആയിരിക്കുന്ന അയാള്‍ക്കാവട്ടെ അച്ഛന്‍ എന്ന രീതിയിലുള്ള യാതൊരു അവകാശവും ഇല്ല. അയാളുടെ സ്വത്തും നായര്‍ സമുദായം ചോദിച്ചില്ല. അതിനു വേണ്ടി നമ്പൂതിരിമാരെ ധാരാളമായി കിട്ടാന്‍ വേണ്ടി ഉണ്ടാക്കിയതാണ് നമ്പൂതിരിമാരില്‍ മൂത്ത മകന്‍ മാത്രം സ്വന്തം സമുദായത്തില്‍ നിന്ന് കല്യാണം കഴിച്ചാല്‍ മതി എന്ന നിയമം. ഇതെങ്ങനെ നായന്മാര്‍ക്ക് നമ്പൂതിരിമാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞു എന്നത് ഇപ്പോഴും കുഴക്കുന്ന ഒരു പ്രശ്നമാണ്. തിരിച്ചായിരുന്നു അധികാരത്തിന്റെ വഴി എന്നത് സാങ്കേതികമായി ശരിയാണെങ്കിലും ഈ നിയമബന്ധനങ്ങള്‍ ഏതു സമുദായത്തിനാണ് ഗുണം ചെയ്തത് എന്നത് വിസ്മരിച്ചു കൊണ്ട് അതിന്റെ ഗുണ ദോഷവിചാരം സാധ്യമാവുന്നതെങ്ങനെ?

അതുവഴി നിരവധി നമ്പൂതിരി സ്ത്രീകള്‍ അവിവാഹിതരായി കഴിയേണ്ടി വന്നിരുന്നു എന്ന് കൂടി ഓര്‍ക്കുമ്പോള്‍ ഈ നായര്‍-നമ്പൂതിരി സമവായത്തില്‍ നമ്പൂതിരി സമുദായതിനുണ്ടായ നഷ്ടം ചെറുതല്ല എന്ന് കാണാം. പുതിയ സാമ്പത്തിക ശക്തികള്‍ രൂപം കൊണ്ടതോടെ മരുമക്കത്തായം തകര്‍ന്ന് തുടങ്ങുകയും നായര്‍ സമുദായത്തില്‍ സ്വന്തം തറവാട്ട്‌ സ്വത്തു സൂക്ഷിക്കുന്നതിനും സഗോത്ര വിവാഹജന്യമായ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഉണ്ടാക്കിയ സംബന്ധം എന്ന സ്ഥാപനo അധികപ്പറ്റായിത്തീരുകയും ചെയ്തു. ഇതോടെ വഴിയാധാരമായത് നമ്പൂതിരിമാരാണ്.

ഈ പശ്ചാത്തലത്തിലാണ് ചട്ടമ്പി സ്വാമികളുടെ രൂക്ഷമായ നമ്പൂതിരി വിമര്‍ശനം ഉണ്ടായത്. നമ്പൂതിരിമാര്‍ക്ക് നല്‍കി പോരുന്ന ആദരവ് അവര്‍ അര്‍ഹിക്കുന്നില്ലെന്നും അത് എത്രയും പെട്ടെന്ന് നിര്‍ത്തണമെന്നും ശക്തമായി തന്നെ അദ്ദേഹം എഴുതിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചുണ്ടായ സംഘടന ആണു എന്‍ എസ് എസ്. ബ്രാഹ്മണാധിപത്യത്തില്‍ നിന്ന് ആത്യന്തികമായി പുറത്തു കടക്കാനും എന്നാല്‍ അത് സൃഷ്ടിച്ച അധികാരത്തിന്റെ സൌജന്യങ്ങള്‍ തങ്ങള്‍ക്കു നഷ്ടപ്പെടാതെ സൂക്ഷിക്കാനും വെമ്പുകയും ചെയ്യുന്ന ഒരു രാഷ്ട്രീയമായിരുന്നു ആദ്യകാല എന്‍. എസ്. എസ്സിന്റെത്ത്. നായര്‍ മേല്ക്കൊയ്മക്ക് ഇടിവ് തട്ടാതെ കേരള സമൂഹത്തെ ജാതി വ്യവസ്ഥിയിയില്‍ തളച്ചിടുക, ദളിത്‌ വിഭാഗങ്ങളില്‍ നിന്നുണ്ടാവുന്ന ശക്തമായ പ്രതിഷേധത്തെയും അവരുടെ മുന്നേറ്റങ്ങളെയും തളക്കാന്‍ ഉതകുന്ന രാക്ഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്ക് നേതൃത്വം നല്‍കുക എന്നെ ലക്ഷ്യങ്ങളുമായാണ് എന്‍. എസ്. എസ്. പ്രധാനമായും പ്രവര്‍ത്തിച്ചിട്ടുള്ളത് എന്ന് കാണാം. പലപ്പോഴും എസ്. എന്‍. ഡി. പി യെ തങ്ങളുടെ വഴിക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ എന്‍. എസ്. എസ്. നടത്തിയിട്ടുണ്ട്. എന്നാല്‍ കടുത്ത ഹിന്ദുത്വ വാദിയായ വെള്ളാപ്പള്ളി നടേശന്‍ യോഗ നേതൃത്വം പിടിച്ചെടുക്കുന്നത് വരെ ഇങ്ങനെ എസ്. എന്‍ ഡി പി യെ സ്വന്തം ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ എന്‍. എസ്. എസ്സിന് ഒരിക്കലും കഴിഞ്ഞിട്ടില്ല.

1957 –ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പിന്തുണ കൊടുത്ത എന്‍. എസ്. എസ്. പാര്‍ട്ടിക്കെതിരെ തിരിഞ്ഞത് ആ ഭരണത്തിനെതിരെ ഉയര്‍ന്നു വന്ന ജനരോഷത്തിനു ഒപ്പം നില്ക്കുക, അങ്ങനെ സ്വന്തം ആധിപത്യം കൂടുതല്‍ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. ആ തന്ത്രം വിജയിച്ചതിന്റെ ഫലമായാണ്‌ ഇരു മുന്നണികളും ഇപ്പോള്‍ എന്‍. എസ്. എസ്സിനോട് അതിര് കടന്ന വിധേയത്വം കാട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയത്. കേരള രാഷ്ട്രീയത്തിലെ ഒരോ പ്രതിസന്ധി ഘട്ടത്തിലും ഇത്തരത്തിലുള അവസര വാദപരമായ ചാഞ്ചാട്ടങ്ങള്‍ എന്‍. എസ്. എസ്. നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ ചെയ്യുന്നത് പോലെയുള്ള പരസ്യമായ വിലപേശലിന്റെ അധമ രാഷ്ട്രീയത്ത്തിലേക്ക് സംഘടന പ്രവേശിക്കുന്നത് ഇന്നത്തെ നേതൃത്വത്തിന്റെ വരവോടെ ആണ്. എന്നാല്‍ ഇതിനു പിന്നില്‍ വെറും വിലപേശല്‍ തന്ത്രം മാത്രമാണോ ഉള്ളത്? അതിനെക്കാള്‍ വലിയ ഒരു പ്രത്യയശാസ്ത്ര-രാഷ്ട്രീയ അജണ്ട ഈ പുതിയ നീക്കത്തില്‍ ഉള്ചെര്‍ന്നിട്ടുണ്ടോ എന്ന് തീര്‍ച്ചയായും പരിശോധിക്കേണ്ടതുണ്ട്.

നായന്മാരുടെ വോട്ടു കൊണ്ടാണ് ജയിക്കുന്നത് എന്നത് കോണ്ഗ്രസ്സിന്റെ തെറ്റായ ധാരണ ആണ്. കൊണ്ഗ്രസ്സിനു ജയിക്കാന്‍ സാധിക്കുന്നത് ന്യൂനപക്ഷത്തിന്റെ വോട്ടു കൊണ്ട് മാത്രമാണ്. ഹിന്ദുക്കള്‍ ഏതാണ്ട് ഭൂരിപക്ഷവും ഇടതു പക്ഷത്തിനാണ് വോട്ട് ചെയുന്നത് എന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത് സര്‍വേ നടത്തി വിശദീകരിച്ചിട്ടുണ്ട് (A snapshot of Kerala: Life and Thoughts of the Malayalee People, 2008). അത് നോക്കിയാല്‍ കാണാന്‍ കഴിയുന്നത്‌ 2001 ലെ തെരഞ്ഞടുപ്പില്‍ എല്‍. ഡി. എഫ്-ന് കിട്ടിയ വോട്ടുകളില്‍ 70 ശതമാനവും ഹിന്ദുക്കളുടെതായിരുന്നു എന്നാണ്. 16.5 ശതമാനം വോട്ടു ക്രിസ്ത്യന്‍ സമുദായത്തിന്റെയും 13 ശതമാനം വോട്ടു മുസ്ലിം സമുദായത്തിന്‍റെതുമായിരുന്നു. അതായത് പ്രധാനമായും കേരളത്തിലെ നമ്പൂതിരി-നായര്‍-ഈഴവ വിഭാഗങ്ങളുടെ പിന്തുണയാണ് ഇടതു ജനാധിപത്യ മുന്നണിയുടെ ശക്തി എന്നര്‍ത്ഥം.

ഇത് മനസ്സിലാക്കികൊണ്ടാണ് ഇ. എം. എസ് മുതലുള്ള എല്‍ ഡി എഫ് നേതാക്കള്‍ ആ മുന്നണിയെ മൃദു ഹിന്ദുത്വ ശക്തിയാക്കി മാറ്റുകയും നിരന്തരം ന്യൂനപക്ഷ രാക്ഷ്ട്രീയത്തെ ആക്രമിക്കുന്നതില്‍ ഏര്‍പ്പെടുകയും ചെയ്യുവാന്‍ തുനിഞ്ഞിട്ടുള്ളത്. ഐക്യ ജനാധിപത്യ മുന്നണിയുടെ സാമൂഹികാടിത്തറ ന്യൂനപക്ഷ സമുദായങ്ങളാണ്. 2001-ല്‍, പരിഷത്തിന്റെ കണക്കനുസരിച്ച്, യു ഡി എഫിന് കിട്ടിയ വോട്ടുകളില്‍ 39 ശതമാനം മാത്രമാണ് ഹിന്ദു വോട്ടുകള്‍. യു. ഡി. എഫ്- ന് മൊത്തം ലഭിച്ച വോട്ടുകളില്‍ 31 ശതമാനം മുസ്ലീം വോട്ടുകളും 30 ശതമാനം ക്രിസ്ത്യന്‍ വോട്ടുകളുമാണ്. ന്യൂനനപക്ഷങ്ങളുടെ അകമഴിഞ്ഞ പിന്തുണ ആണു യു ഡി എഫി-നെ നിലനിര്‍ത്തുന്നത്.

ജാതി അടിസ്ഥാനത്തിലുള്ള കണക്കുകളും ശ്രദ്ധേയമാണ്. എല്‍ ഡി എഫിന് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വോട്ടുകളിന്മേലുള്ള സ്വാധീനം വലുതല്ല എന്നതാണത്. ഹിന്ദു മതത്തില്‍ നിന്ന് തന്നെ അകലാന്‍ ദളിത്‌ സമുദായങ്ങള്‍ ശ്രമിക്കുന്ന കാലത്ത് ഇത് യാദൃശ്ചികമല്ല. എല്‍. ഡി. എഫിന്റെ ജാതി വോട്ടുകളില്‍ 20 ശതമാനം ദളിത്‌ -ആദിവാസി വോട്ടുകളായിരുന്നെങ്കില്‍ യു ഡി എഫ് ന് 19 ശതമാനം വോട്ടുകള്‍ ഇവരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. പിന്നാക്ക വോട്ടുകളുടെ കാര്യത്തില്‍ 60 ശതമാനം എല്‍ ഡി എഫിനും 51 ശതമാനം യു ഡി എഫിനുമാണ് എന്ന് കാണാം. എന്നാല്‍ ഇതില്‍ മുസ്ലീം വോട്ടുകളും ഉണ്ട് എന്നതിനാല്‍ ഈ കണക്കു വിശകലനപരമായി ഒന്നും തന്നെ എടുത്തു പറയുന്നില്ല. അതുപോലെയാണ് മുന്നാക്ക സമുദായങ്ങളുടെ കാര്യവും. എല്‍ ഡി എഫ് 19, യു ഡി എഫ് 30 എനിങ്ങനെയാണ് ഇതിലെ ശതമാന കണക്കു എങ്കിലും ഇതില്‍ ക്രിസ്ത്യന്‍ സമുദായവും ഉള്‍പ്പെടുന്നു എന്ന് ഞാന്‍ വിചാരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ന്യൂനപക്ഷ ദളിത്‌ വോട്ടുകളാണ് യു. ഡി. എഫിനെ സഹായിക്കുന്നത്. അല്ലാതെ എന്‍. എസ് എസ്സിന്റെയും എസ്. എന്‍. ഡി. പിയുടെയും വോട്ടുകളല്ല. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണക്കുകള്‍ പ്രകാരം കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു മുന്നണി സി പി. എം നയിക്കുന്ന എല്‍ ഡി എഫ് ആണ്.

ഇപ്പോള്‍ എന്‍. എസ്. എസ്സും എസ്. എന്‍. ഡി. പിയും ന്യൂനപക്ഷ പ്രീണനത്തിന്റെ പേര് പറഞ്ഞു യു. ഡി. എഫിനെ ആക്രമിക്കുന്നത് ആ സഖ്യത്തിന്റെ സാമൂഹിക അടിത്തറ തകര്‍ത്തു ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ചിറകരിയുക എന്ന ലക്ഷ്യത്തോടെയാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തെ തകര്‍ക്കുന്നതിലൂടെ മാത്രമേ ഹിന്ദുത്വ ശക്തികള്‍ക്കു എല്‍. ഡി. എഫിലും അതിനു പുറത്തും മേല്‍ക്കോയ്മ തുടരാന്‍ പറ്റുകയുള്ളു എന്ന തിരിച്ചറിവാണ് ഈ ആക്രമണത്തിന്റെ അടിസ്ഥാനം എന്ന് തോന്നുന്നു. താക്കോല്‍ സ്ഥാനങ്ങളില്‍ സമുദായാംഗങ്ങള്‍ വേണമെന്ന ആവശ്യം ഉന്നയിക്കുനത് തന്നെ കപടമായ ന്യൂനപക്ഷ ഭീതിയുടെ രാഷ്ട്രീയം മുന്നണികളെക്കൊണ്ട് അംഗീകരിപ്പിക്കനാണ്. ബി ജെ പി-ക്കു നേരിട്ട് കേരളത്തില്‍ അധികാരത്തില്‍ വരാന്‍ കഴിയില്ല എന്നത് കൊണ്ടാവാം ഇവര്‍ ന്യൂനപക്ഷത്തിന്റെ പിന്തുണ തീരെയില്ലാത്ത എല്‍ ഡി എഫിനെ പിന്തുണക്കുന്നത്. എന്ത് വന്നാലും ഇനി ന്യൂനപക്ഷ സമുദായങ്ങള്‍ അധികാരത്തിലെക്കെത്തരുത് എന്ന ദുശ്ശാഠ്യം എന്‍. എസ്. എസ്സും എസ്. എന്‍. ഡി. പിയും ഇന്ന് ഒരുപോലെ വച്ച് പുലര്‍ത്തുന്നു എന്നത് ശ്രദ്ധേയമാണ്. പിന്നാക്ക സമുദായ മുന്നണിയില്‍ നിന്നുള്ള എസ്. എന്‍. ഡി. പി യുടെ തൊണ്ണൂറുകളിലെ പിന്മാറ്റവും ഹിന്ദുത്വ ശക്തികളുമായുള്ള ഇന്നത്തെ വലിയ ചങ്ങാത്തവും ഇപ്പോഴത്തെ പുതിയ നേതൃത്വം വന്നത്തിനു ശേഷമുള്ള നയം മാറ്റമാണ്.

കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ചേടത്തോളം എന്‍. എസ്. എസും എസ്. എന്‍. ഡി. പിയുo ഉയര്‍ത്തുന്ന വെല്ലുവിളി യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷങ്ങളുടെ പൌരത്വപരമായ നിലനില്പ്പിനെതിരെയുള്ള ഹിന്ദുത്വ ശക്തികളുടെ തന്നെ വെല്ലുവിളിയായി മനസ്സിലാക്കപ്പെടെണ്ടതുണ്ട്. ഇത് യു ഡി എഫിനോടുള്ള വെറും വിലപേശല്‍ രാഷ്ട്രീയമായി മാത്രം ചുരുക്കി കാണുന്നത് ഇതിനു പിന്നിലുള്ള വലിയ അജണ്ടകളെ കാണാതെ പോകുന്നതിനു തുല്യമാണ്.

ഒരു ജനാധിപത്യവും വലിയ അസമത്വങ്ങള്‍-സാമൂഹികമോ സാമ്പത്തികമോ ആയ അസമത്വങ്ങള്‍- ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ല. ഗ്രീക്ക് നഗര ജനാധിപത്യത്തില്‍ പൌരന്‍ ഒരു സ്വതന്ത്ര പുരുഷന്‍ ആണ്. ലിംഗപരമായ അസമത്വം പോലും അന്നത്തെ ജനാധിപത്യം ഉള്‍ക്കൊണ്ടിരുന്നില്ല. അടിമകളെയും വിദേശികളെയും മാറ്റി നിര്‍ത്തുന്നു എന്നതിനൊപ്പം വേണം സ്ത്രീകളെയും ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുപ്പിച്ചിരുന്നില്ല, സമ്പൂര്‍ണ്ണ പൌരത്വം നല്‍കിയിരുന്നില്ല എന്ന പ്രശ്നത്തെ മനസ്സിലാക്കാന്‍. ജനാധിപത്യത്തെ വിശാലമാക്കുക എന്നാല്‍ മാറ്റി നിര്ത്തപെട്ടിരുന്നവരെ മുഴുവന്‍ പൌരത്വത്തോടും കൂടി പങ്കാളികളാക്കുക എന്നതാണ്. അധികാരം എന്നത് ഒരു സാമൂഹിക ബന്ധം ആണ്. സാമൂഹികമായ സംഘര്‍ഷങ്ങളുടെ തലത്തിലാണ് അതിന്റെ സമവാക്യങ്ങള്‍ മനസ്സിലാക്കപ്പെടുന്നത്‌. ഗ്രീക്ക് നഗര ജനാധിപത്യത്തിലായാലും സമകാല പ്രാതിനിദ്ധ്യ ജനാധിപത്യത്തിലായാലും അധികാരത്തിന്റെ കേന്ദ്രീകരണവും വിതരണവും അതിന്റെ സങ്കീര്‍ണതകളും ഒഴിവാക്കി പൌരത്വത്തിന്റെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ആവില്ല. രണ്ടു പ്രധാന ഹിന്ദു ജാതി സംഘടനകളുടെ നേതൃത്വം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളിലെ രാഷ്ട്രീയo ന്യൂനപക്ഷ-പൌരത്വ വിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെതാണ്. മുന്നണികള്‍ ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ അത് ജനാധിപത്യത്തിന്‍റെ അന്ത:സത്തയെ തകര്‍ക്കുന്ന വലിയ ഭീഷണി ആയി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.