Categories
Malayalam Articles

ദളിത്‌ വിമോചനത്തിന്റെ സ്ത്രീശബ്ദം

ദളിത്‌ വിമോചനത്തിന്റെ സ്ത്രീശബ്ദം

ഡോ. ടി ടി ശ്രീകുമാര്‍ (പാഠഭേദം, ഒക്ടോബര്‍ 2013)

1114 –ന്‍റെ കഥ (അക്കാമ്മ ചെറിയാന്‍), ജാനു-സി.കെ.ജാനുവിന്റെ ജീവിതകഥ (ജാനു- ഭാസ്കരന്‍), മയിലമ്മ ഒരു ജീവിതം (മയിലമ്മ- ജ്യോതിബായ് പരിയാടത്ത്), പച്ചവിരല്‍ (ദയാഭായി-വിത്സണ്‍ ഐസക്) തുടങ്ങി ജനാധിപത്യാവകാശങ്ങളുടെ സ്ത്രീചരിത്രങ്ങള്‍ ആത്മകഥാപരമായി രേഖപ്പെടുത്തപ്പെട്ട പുസ്തകങ്ങളുടെ പരമ്പരയിലാണ് ഞാന്‍ ചെങ്ങറ സമരവും എന്റെ ജീവിതവും (സെലീന പ്രക്കാനം- ഒ. കെ. സന്തോഷ്‌, എം ബി. മനോജ്‌) എന്ന സെലീന പ്രക്കാനത്തിന്റെ ജീവിതകഥയും എടുത്തു വക്കുന്നത്. കേരളത്തിലെ നവസാമൂഹിക പ്രസ്ഥാനങ്ങളും സിവില്‍ സമൂഹ സമരങ്ങളും– ഏറ്റവും ഒടുവില്‍ ഡാര്‍ലി അമ്മൂമ്മയും ജസീറയും വരെ-, ത്യാഗഭരിതമായ ഒട്ടേറെ സ്ത്രീനേതൃത്വങ്ങളെ മുന്നോട്ടു കൊണ്ടുവന്നു. അല്ലെങ്കില്‍ അവര്‍ മുന്കയ്യെടുത്ത് ഒട്ടേറെ നവസമരങ്ങള്‍ക്കു രൂപം കൊടുക്കുകയും അത് സമൂഹത്തെ കൂടുതല്‍ ചലനാത്മകമാക്കുകയും ചെയ്തു. ആത്മപ്രകാശനത്തിന് അവസരങ്ങള്‍ ഉണ്ടാകാതിരുന്ന കാലത്തുനിന്നു സ്വന്തം ശബ്ദം വേറിട്ട്‌ കേള്‍പ്പിക്കാന്‍ കഴിയുന്ന കാലത്തേക്കുള്ള യാത്ര സങ്കീര്‍ണ്ണമായ ഫെമിന്സിറ്റ് രാഷ്ട്രീയ ചരിത്രമാണ്. അതില്‍ തന്നെ ജാതിയുടെ പാടുകള്‍ കൂടി പതിഞ്ഞിരിക്കുമ്പോള്‍ അത് കൂടുതല്‍ പ്രശ്നസങ്കുലമാവുന്നു.

അതുകൊണ്ട് തന്നെ സെലീനയുടെ ഈ ആത്മകഥക്ക് ഒന്നിലധികം സാംഗത്യങ്ങള്‍ വന്നു ചേരുന്നു. ചെങ്ങറ സമരത്തില്‍ ആവേശപൂര്‍വ്വം പങ്കെടുകയും, നേതൃത്വപരമായ പങ്കു വഹിക്കുകയും, ആ പ്രസ്ഥാനത്തില്‍ നിന്ന് ഒരു ഘട്ടത്തില്‍ പിന്‍വാങ്ങുകയും ചെയ്യേണ്ടി വന്ന സാഹചര്യങ്ങള്‍ വ്യക്തിപരമായ ഒട്ടേറെ വിശദീകരണങ്ങളും വിമര്‍ശനങ്ങളും സ്വയം വിമര്‍ശനവും അടങ്ങുന്ന ആഖ്യാനമാണ് എന്ന് സെലീന വ്യക്തമാക്കുന്നു. ഭീതിയുടെ, അവിശ്വാസത്തിന്റെ, അരക്ഷിതത്വത്തിന്റെ, വീര്‍പ്പുമുട്ടിക്കുന്ന രാഷ്ട്രീയ-വൈകാരിക സമ്മര്‍ദ്ദങ്ങളുടെ ഹതാശമായ അന്തരീക്ഷത്തിലും സ്ഥൈര്യം കൈവിടാതെ മുന്നോട്ടുപോയതിന്റെ പ്രത്യാശകളും വേദനകളുമാണ് സെലീന വായനക്കാരുമായി പങ്കു വയ്ക്കുന്നത്.

ചെങ്ങറ സമരം സെലീനയ്ക്ക് മണ്ണിനു വേണ്ടി മാത്രമല്ല, മനസ്സിനും കൂടി വേണ്ടിയുള്ള സമരമായിരുന്നു എന്ന് ഈ പുസ്തകം നമ്മെ അറിയിക്കുന്നുണ്ട്. മനുഷ്യജീവിതത്തെ കുറിച്ച്, മതത്തെ കുറിച്ച്, ജാതിയെ കുറിച്ച്, അധികാരത്തെ കുറിച്ച്, സാമൂഹിക സംഘാടനത്തെ കുറിച്ച്, ജനാധിപത്യത്തെ കുറിച്ച് ഒക്കെതന്നെ പുതിയ ഉള്‍ക്കാഴ്ചകളിലേക്ക് നീങ്ങാന്‍ ഈ സമരം എങ്ങനെ സഹായകമായി എന്ന് ഈ പുസ്തകം വിവരിക്കുന്നു. ജാതിക്കുള്ളിലെ സമരം, ദളിത്‌ നേതൃത്വത്തിലേക്ക് നുഴഞ്ഞു കയറുന്ന നവഹൈന്ദവ പക്ഷപാതങ്ങള്‍, സി. പി. ഐ. (എം), ആര്‍ എസ്. എസ്. നേതൃത്വങ്ങളുടെ ആക്രമണങ്ങള്‍, ഭരണകൂടത്തിന്റെ നിരന്തരമായ പീഡനങ്ങള്‍- കേരളത്തിലെ ദളിത്‌ ജീവിതത്തിന്റെ ഈ യാഥാര്‍ത്ഥ്യത്തോടാണ് സെലീനയുടെ പുസ്തകം സംവദിക്കുന്നത്. അതുകൊണ്ട് തന്നെ സെലീനയുടെ ഓരോ വാക്കും ശ്രദ്ധിച്ചു കേള്‍ക്കാനുo മനസ്സിലാക്കാനും ഉള്ളതാണ്.

പൊള്ളുന്ന ഒരു ജീവിതമായിരുന്നു ചെങ്ങറ സമരഭൂമിയിലേത്. അത് സൃഷ്ടിച്ച വലിയ ആഘാതങ്ങളില്‍ നിന്ന് പുതിയ ചിന്തകള്‍ നെയ്തെടുത്ത സമാന്തരമായ ഒരു ജീവിത സമരകഥ കൂടിയാണിത്. കേരളത്തിലെ ദളിത്‌ സമരവേദിയിലെ ഏറ്റവും പ്രധാനപ്പെട്ട ശബ്ദം സെലീനയുടെതാണ് എന്ന് ഞാന്‍ കരുതുന്നു. ജാനുവും മയിലമ്മയും സെലീനയും ഒക്കെ തമ്മിലുള്ള സമാന്തരങ്ങള്‍ ശ്രദ്ധേയമാണ്. സെലീന തന്നെ പറയുന്നു: “ദളിതരുടെ, ആദിവാസികളുടെ വിമോചനത്തിനു കുറുക്കു വഴികളൊന്നുമില്ല. ഒരുപാട് ചിന്തകളും നേതൃത്വങ്ങളും ഉണ്ടായി വരണം. സി. കെ. ജാനുവിനോട്‌ എനിക്ക് ഒരുതരം ആരാധന തന്നെ ഉണ്ടായിരുന്നു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും വരുന്ന സഹോദരിയാണല്ലോ അവര്‍. സ്വന്തം സമൂഹത്തോട് അവര്‍ക്കുള്ള കാഴ്ച്ചപ്പാട്, സമരത്തിനായുള്ള ആഹ്വാനം, എല്ലാം ഒരുപാട് വലുപ്പമുള്ളതായിട്ടു തോന്നിയിട്ടുണ്ട്. തീര്‍ച്ചയായും അത്തരത്തിലൊരു മനസ്സിന്റെ ഉടമക്ക് മാത്രമേ വിശാലമായി ചിന്തിക്കാന്‍ പറ്റൂ.” സമാനമായ സമരങ്ങളില്‍ നിന്ന്, അതില്‍ സ്ത്രീ നേതൃത്വങ്ങള്‍ ഉണ്ടായതില്‍ നിന്ന് വിവേകപൂര്‍വ്വമായ നിഗമനങ്ങളില്‍ എത്തി ചേരാന്‍ സെലീന നമ്മോട് ആവശ്യപ്പെടുകയാണ് ഇവിടെ.

ഡി. എച്ച്. ആര്‍. എമ്മിനെ പോലെ വിട്ടുവീഴ്ച്ചയില്ലാതെ ദളിത്‌ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഒരു സംഘടനയില്‍ ആണു സെലീന ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കേരളീയ സമൂഹത്തിന്റെ ആദ്യത്തെ സമഗ്രമായ ദളിത്‌പക്ഷ വിമര്‍ശനം ഉണ്ടായത് ഡി. എച്ച്. ആര്‍. എമ്മില്‍ നിന്നാണ്. അവരുടെ രാഷ്ട്രീയ പ്രയോഗത്തില്‍ നിന്നാണ്. അതുകൊണ്ട് തന്നെ അവര്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. ചെങ്ങറ സമരഭൂമിയില്‍ നിന്ന് പോകുന്ന സെലീന കൂടുതല്‍ ദുര്‍ഘടമായ ഒരു സുദീര്‍ഘസമരത്തിന്റെ വഴിയിലേക്കാണ് നീങ്ങിയിരിക്കുന്നത്.

ഞാന്‍ ഇതെഴുമ്പോഴും സെലീന കഴിഞ്ഞ ആഴ്ച നേരിട്ട ആക്രമണത്തിന്റെ മുറിവില്‍ നിന്ന് പൂര്‍ണ്ണമായും മോചിതയായിട്ടുണ്ടാവില്ല എന്ന് എനിക്കറിയാം. ഉമ്മന്‍ ചാണ്ടിയുടെ പോലീസുകാര്‍ സി. പി. ഐ. (എം) പ്രവര്‍ത്തകന്റെ ജനനേന്ദ്രിയത്തില്‍ കൈവച്ചപ്പോള്‍ മറ്റൊരിടത്ത് സി. പി. ഐ. (എം) സെലീനയെ തല്ലിവീഴ്ത്തുക ആയിരുന്നു. ഡി. എച്ച്. ആര്‍. എമ്മിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും അവരുടെ പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യാനും ഉള്ള സാഹചര്യം ഉണ്ടായേ മതിയാകൂ. അതിനു വേണ്ടിയുള്ള സെലീനയുടെ സമരങ്ങളോട് തീര്ച്ചയായും ഐക്യദാര്‍ഢ്യം ഉണ്ടാവണം.
കുടുംബത്തില്‍ നിന്ന്, സമരസഹോദരരില്‍ നിന്ന്, സഹഭാവമുള്ള സംഘടനകളില്‍ നിന്ന്, സഹായിക്കും എന്ന് കരുതുന്ന വ്യക്തികളില്‍ നിന്ന് എതിര്‍പ്പും വിദ്വേഷവും ഉണ്ടാവുമ്പോഴും തളരാതെ രാഷ്ട്രീയ ബോധം ഉറപ്പിച്ചു നിര്‍ത്തുന്നത് പ്രയോഗത്തിന്റെ സാധനയാണ്‌. അതിലൂടെ മുന്നോട്ടു പോയ സമര ജീവിതമാണ് ഈ പുസ്തകത്തില്‍ തീക്ഷ്ണമായി വിവരിക്കപ്പെടുന്നത്. ഈ പുസ്തകം വായിക്കപ്പെടെണ്ടതാണ് എന്ന് ഞാന്‍ കരുതുന്നു. മുപ്പത് വയസ്സിനുള്ളില്‍ ഇത്രയും പോരാട്ടങ്ങളുടെ മുറിവുകള്‍ ശരീരത്തിലും ഹൃദയത്തിലും പേറുന്ന സെലീന ജനാധിപത്യകേരളത്തിന്റെ ധീരമായ സ്ത്രീശബ്ദമാണ്.