ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌: കര്‍ഷക സമരത്തില്‍ ന്യായമുണ്ട്

ഡോ. ടി ടി ശ്രീകുമാര്‍ (മംഗളം ദിനപ്പത്രം, നവംബര്‍ 28 2013)

http://www.mangalam.com/opinion/122619

കടുത്ത അക്രമങ്ങളിലേക്കും തുടര്‍ഹര്‍ത്താലുകളിലേക്കും കേരളത്തെ തള്ളിവിടാന്‍ മാത്രം ജനവിരുദ്ധമല്ല ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടും കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടും എന്ന്‌ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ബാധ്യതയുള്ളവരാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍.കത്തിച്ച ടയറും ആക്രോശങ്ങളുമായി ഇറങ്ങിയ അക്രമി സംഘങ്ങളുടെ താളത്തിനു തുള്ളിയ കാഴചയ്‌ക്ക്‌ കേരളീയര്‍ സാക്ഷികളായി. ഈ കുറിപ്പ്‌ സമരത്തെ ആക്ഷേപിക്കാനുള്ളള്ളതല്ല.

ഗാഡ്‌ഗില്‍ ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ച സമയത്തു സമിതിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ എന്നെയും ക്ഷണിച്ചിരുന്നു. അന്ന്‌ അതില്‍ പങ്കുചേരാന്‍ കഴിഞ്ഞില്ലെങ്കിലും ഗാഡ്‌ഗില്‍ അടക്കമുള്ളവര്‍ അംഗങ്ങളായിരുന്ന ഒരു ഗ്രൂപ്പില്‍ എന്നെയും ഉള്‍പ്പെടുത്തിയിരുന്നു. എങ്കിലും എല്ലാവരെയും പോലെ റിപ്പോര്‍ട്ട്‌ പൊതു സമൂഹത്തിനു മുന്‍പില്‍ എത്തിയപ്പോഴാനു ഞാനും അത്‌ പൂര്‍ണമായും വായിക്കാന്‍ ഇടയായത്‌. പല തവണ അത്‌ വായിച്ചു . തീര്‍ച്ചയായും കര്‍ഷകരുടെ ഭാഗത്തു നിന്ന്‌ എനിക്ക്‌ ചിന്തിക്കാന്‍ കഴിയും. പരിസ്‌ഥിതിയുടെ പേരില്‍ വിദഗ്‌ധ സമിതികള്‍ എത്തിച്ചേരുന്ന നിഗമനങ്ങള്‍ തങ്ങളുടെ നിലനില്‌പ്പിനെ ബാധിക്കാന്‍ ഇടയുണ്ടോ എന്ന്‌ അവര്‍ സംശയ്‌ക്കുന്നതില്‍ അടിസ്‌ഥാനമില്ല എന്ന്‌ ഞാന്‍ പറയില്ല. ഉദാഹരണത്തിന്‌ ഒരിക്കല്‍ പരിസ്‌ഥിതിലോല പ്രദേശമായി നിര്‍വചിക്കെപ്പെട്ടു കഴിഞ്ഞാല്‍ അതിനു മുകളില്‍ നാളെ മറ്റെന്തു നിയമം ഉണ്ടാവും എന്ന്‌ ഇപ്പോള്‍ പ്രവചിക്കാനാവില്ല എന്നും ,അന്ന്‌ അത്‌ തടയാന്‍ കഴിഞ്ഞേക്കില്ല എന്നും അവര്‍ വിചാരിച്ചാല്‍ അതിനെ കുറ്റം പറയാന്‍ പറ്റില്ല. കര്‍ഷകരെ ശത്രുക്കളായി കാണുന്ന ഒരു സമീപനം ഒരിക്കലും സ്വീകാര്യവുമല്ല.

എന്നാല്‍ ഇവിടെ രണ്ടു കാര്യങ്ങള്‍ ഉണ്ടായി. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ ഒരു സമവായത്തില്‍ എത്തുന്നതിനു മുമ്പ്‌ കസ്‌തൂരിരംഗന്‍ കമ്മിറ്റി രൂപീകരിച്ചു. മിന്നല്‍ വേഗത്തിലാണ്‌ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നത്‌. മൂന്നു നൂറ്റാണ്ടു കാലത്തെ ചൂഷണസ്വഭാവ ചരിത്രമുള്ള പശ്‌ചിമഘട്ടം ഒന്നോ രണ്ടോ വര്‍ഷംകൊണ്ടു പൂര്‍ണമായും ഇല്ലാതാവുമെന്നൊക്കെ ഭയന്നാണ്‌ ഈ ധൃതികൂട്ടല്‍ എന്ന്‌ വിശ്വസിക്കാന്‍ പ്രയാസമാണ്‌.

എന്ത്‌ അടിയന്തര പ്രാധാന്യമുള്ള കാര്യമാണെങ്കിലും വലിയ വിഭാഗം ജനങ്ങള്‍ പങ്കെടുക്കുന്ന സമരങ്ങളെ മതത്തിന്റെയും ജാതിയുടെയും ഒക്കെ പേരില്‍ കളംതിരിച്ചു നിര്‍ത്തി ആക്ഷേപിക്കുന്നത്‌ ശരിയായ രീതിയല്ല. സഭയും സി പി എമ്മും കോണ്‍ഗ്രസ്സുമൊക്കെ ഇക്കാര്യത്തില്‍ ഒരു പക്ഷത്തായി എന്നത്‌ ശരിയാണ്‌.കേരളത്തിലെ മലയോര കുടിയേറ്റ ഗ്രാമങ്ങളുടെ ഘടനയും അവിടുത്തെ സാമ്പത്തിക ജീവിതത്തിന്റെ സവിശേഷതകളും അറിയുന്നവരാരും കര്‍ഷകരുടെ ആശങ്കകള്‍ക്ക്‌ അടിസ്‌ഥാനമില്ല എന്ന്‌ പറയില്ല. ഇക്കാര്യത്തില്‍ മറ്റു സംസ്‌ഥാനങ്ങളെ കേരളവുമായി താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. കേരളത്തിലെ കിഴക്കന്‍ പ്രദേശങ്ങളിലെ അധിവാസ മാതൃകയോ സാമ്പത്തിക പ്രവര്‍ത്തനങ്ങളോ അല്ല അവിടെ ഉള്ളത്‌.

പരിസ്‌ഥിതി സൗഹൃദപരമായ ഒരു കമ്മിറ്റി റിപ്പോര്‍ട്ട്‌ വന്നാല്‍ അതിനെതിരേയുള വാദങ്ങളെ ആക്‌ടിവിസ്‌റ്റുകള്‍ക്ക്‌ തീര്‍ച്ചയായും സ്വന്തം വാദമുഖങ്ങള്‍ ഉപയോഗിച്ച്‌ നേരിടാം. എന്നാല്‍ സര്‍ക്കാരിന്‌ അതിനുപരിയായ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്‌. കേരളത്തിനായി ഗാഡ്‌ഗില്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങളുടെ പ്രായോഗികത പരിശോധിക്കുന്നതിനു ഒരു പുതിയ അനേ്വഷണം എന്തുകൊണ്ട്‌ ആരംഭിച്ചുകൂട? അതില്‍ എന്തുകൊണ്ട്‌ കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൂട? ആദിവാസി പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൂട? ആദിവാസികളും കര്‍ഷകരാണ്‌. ദളിത്‌ വിഭാഗങ്ങളെ പോലെ ഭൂമി സ്വന്തമായി ഇല്ലാത്തത്‌ കൊണ്ടാണ്‌ അവരും കര്‍ഷക തൊഴിലാളികളായി ജീവിക്കുന്നത്‌. കര്‍ഷകര്‍ക്കും കത്തോലിക്കാ സഭക്കും പരിസ്‌ഥിതി നശിപ്പിച്ച്‌ ഭൂമിയെ ഇല്ലാതാക്കുന്നതില്‍ സവിശേഷ താല്‍പ്പര്യമുണ്ടെന്ന മട്ടില്‍ ചര്‍ച്ചകള്‍ കൊണ്ട്‌ പോകുന്നത്‌ എന്തിനാണ്‌?

ആദിവാസികളും കുടിയേറ്റക്കാരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ രാഷ്‌ട്രീയ നേതൃത്വത്തിനു കഴിഞ്ഞില്ല. ആദിവാസികള്‍ക്ക്‌ ഭൂമി തിരികെ നല്‍കാനുള്ള കോടതി നിര്‍ദേശം നടപ്പില്‍വരുത്താന്‍ കഴിഞ്ഞില്ല. ഇനിയൊരിക്കലും അതിനു കഴിയാത്ത രീതിയില്‍ നിരവധി നിയമങ്ങള്‍കൊണ്ടുവന്ന്‌ ആ പ്രശ്‌നത്തെ ഇല്ലാതാക്കുക കൂടി ചെയ്‌തു ഇവിടുത്തെ രാഷ്‌ട്രീയ നേതൃത്വം. വനം കൊള്ളയ്‌ക്കെതിരേയുള്ള നിയമങ്ങള്‍ നടപ്പാക്കാന്‍ അവര്‍ക്കു കഴിയില്ല. പക്ഷേ തീ കത്തിക്കാന്‍ വിറകുശേഖരിക്കുന്ന ആദിവാസികളെ പിടിച്ചു പീഡിപ്പിക്കാന്‍ കഴിയും. ഇപ്പോള്‍ ഗാഡ്‌ഗില്‍ കസ്‌തൂരിരംഗന്‍ റിപ്പോട്ടുകള്‍ നടപ്പിലാക്കിയാല്‍ കര്‍ഷകരുടെ ചെറിയ പ്രവര്‍ത്തനങ്ങള്‍ തടയാനും അവരെ പീഡിപ്പിക്കാനും നടക്കുന്ന ഉദ്യോഗസ്‌ഥ വൃന്ദത്തിന്‌ വലിയ പരിസ്‌ഥിതി നാശം ഉണ്ടാക്കുന്നവരെ തൊടാന്‍ പോലും കഴിയില്ല. ഇക്കാര്യങ്ങള്‍ എല്ലാം മറന്നു കൊണ്ട്‌ ഈ സമരത്തെ പൂര്‍ണമായും അധിക്ഷേപിക്കാന്‍ ഒരുക്കമല്ല.

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ കസ്‌തൂരിരംഗന്‍ സമിതി ഉണ്ടാക്കുകയും ഇപ്പോള്‍ ധൃതിപിടിച്ച്‌ ആ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഉത്തരവ്‌ ഇറക്കുകയും ചെയ്യുന്നതും സമവായത്തെ സഹായിക്കുന്ന നടപടി ആയിരുന്നില്ല. വിജ്‌ഞാപനങ്ങള്‍ക്കു നിയമ സാധുതയുണ്ട്‌. അവ ഓരോ പ്രദേശത്തെയും എങ്ങനെ വ്യത്യസ്‌തമായി ബാധിക്കുന്നു എന്നത്‌ സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല.

സമരം അക്രമാസക്‌തമാകുന്നതിനു പിന്നില്‍ നിക്ഷിപ്‌ത തല്‌പ്പര്യക്കാരുടെ ചരടുവലികള്‍ ഉണ്ടാകാം. അത്‌ പ്രതിപക്ഷത്തോ, ഭരണപക്ഷത്തോ ഉള്ളവരോ, മാഫിയകളോ ആവാം. പക്ഷേ കര്‍ഷകര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്ക്‌ യാതൊരു അടിസ്‌ഥാനവും ഇല്ല എന്ന നിലപാട്‌ അംഗീകരിക്കാന്‍ കഴിയില്ല.

കാരണം അവരുടെ നിത്യജീവിതത്തെ സാരമായി സ്‌പര്‍ശിക്കുന്ന ഒരു റിപ്പോട്ടാണത്‌. കൃഷി എങ്ങനെ ഭാവിയില്‍ മാറ്റണം എന്നതിനെ കുറിച്ചുള്ള വ്യക്‌തമായ ചില നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്‌. കൃഷി മാത്രമല്ല, നിരവധി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ വിവിധ സന്ദര്‍ഭങ്ങളിലായി റിപ്പോര്‍ട്ടില്‍ കടന്നു വരുന്നു. ഇവയെ കുറിച്ച്‌ അഭിപ്രായം പറയാനുള്ള കര്‍ഷകരുടെ അവകാശത്തെ ചോദ്യം ചെയ്യുന്നത്‌ ശരിയല്ല.

അടിയന്തരമായി ചെയ്യാനുള്ള കാര്യങ്ങള്‍

1. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അടിസ്‌ഥാനപ്പെടുത്തി ഇറക്കിയ വിജ്‌ഞാപനം പിന്‍വലിക്കുക. 2. ഭൂമിയുടെ പുനര്‍വിതരണവുമായി ബന്ധപ്പെട്ട്‌ ആദിവാസികള്‍ ഉയര്‍ത്തിയിട്ടുള്ള പ്രശ്‌നങ്ങള്‍ അടക്കം കുടിയേറ്റ പ്രദേശങ്ങളിലെ ഭൂപ്രശ്‌നം അടിയന്തര അജണ്ടയായി ഏറ്റെടുക്കുക. 3. പരിസ്‌ഥിതി ചൂഷണം തടയുന്നതിന്‌ -ക്വാരീയിംഗ്‌ അടക്കം നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക. അതിനെ കുറിച്ചുള്ള ഒരു സ്‌റ്റാറ്റസ്‌ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കുക. 4. സമരസമിതിയുമായും ഒപ്പം ആദിവാസി സംഘടനകളുമായും ചര്‍ച്ച നടത്തുക. 5. പശ്‌ചിമഘട്ടത്തെ ജനസാന്ദ്രതയുടെ അടിസ്‌ഥാനത്തില്‍ കണ്ടുകൊണ്ടു വിവിധ സംസ്‌ഥാനങ്ങള്‍ക്ക്‌ പശ്‌ചിമ ഘട്ട പരിസ്‌ഥിതി നയരൂപീകരണത്തില്‍ സ്വയംഭരണം നല്‍കുക.