Categories
Malayalam Articles

ഭരണ ഭീകരതയുടെ നഗര മുഖത്തില്‍

ഭരണ ഭീകരതയുടെ നഗര മുഖത്തില്‍

ഡോ. ടി ടി. ശ്രീകുമാര്‍. (ഇന്ത്യാ വിഷന്‍ അതിഥി, 11 അഗസ്റ് 201)

അഭൂതപൂര്‍വ്വമായ ഒരു സാഹചര്യമാണ് തിരുവനന്തപുരത്ത് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കേരളത്തിലെ രണ്ടു പ്രബല മുന്നണികള്‍ പരസ്പരം യുദ്ധ സന്നദ്ധരായിരിക്കുന്നു. മുന്‍പ് കേരളത്തില്‍ കേട്ട് കേള് വിയില്ലാത്ത ഒരു സമര മുറയാണ്‌ എല്‍. ഡി. എഫ് സ്വീകരിച്ചിരിക്കുന്നത്. ലോകത്തെമ്പാടും സിവില്‍ സമൂഹം സ്വന്തം പരിമിതികളുടെ അടിസ്ഥാനത്തില്‍ ചരിത്രപരമായി സാധ്യമായതെന്ന് കണ്ടെത്തിയതും ആരുടേയും നേതൃത്വത്തിലല്ലാതെ ജനങ്ങള്‍ സ്വയം സംഘടിച്ചു വിജയകരമായി പല രാജ്യങ്ങളിലും പരീക്ഷിച്ചതുമായ അനിശ്ചിത കാല ഭരണ കേന്ദ്ര ഉപരോധ സമരം എല്‍. ഡി. എഫ്. പോലെ ശക്തമായ കേഡര്‍ അടിത്തറയുള്ള ഒരു മുന്നണി സ്വയം സേവകരെ മുന്‍‌കൂര്‍ തിരെഞ്ഞെടുത്തു അയച്ചു നടത്തുവാന്‍ പോവുകയാണ്. ഇത് നേരിടുന്നതിനാവട്ടെ ഇതിനു മുന്‍പൊന്നും കണ്ടിട്ടില്ലാത്ത സന്നാഹങ്ങളാണ് യൂ. ഡി. എഫ്. സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. തികച്ചും ആശങ്കാജനകമായ സാഹചര്യമാണിത്.

സമരത്തിന്റെ ലക്‌ഷ്യം മുഖ്യമന്ത്രിയുടെ രാജിയാണ് എന്ന് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് നേടിയെടുക്കുo വരെ ഉപരോധം തുടരും എന്നാണു അവര്‍ പറയുന്നത്. എന്നാല്‍ ഭരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഉറപ്പു വരുത്താന്‍ ആവശ്യമായ സജ്ജീകരണങ്ങളാണ് ചെയ്യുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. സമരത്തിന്റെ ന്യായാന്യായങ്ങള്‍ അവിടെ നില്‍ക്കട്ടെ. കേരളത്തിലെ ദളിത്‌-ആദിവാസി ഭൂപ്രശ്നം പരിഹരിക്കാതെ ഭരണം തുടരാന്‍ അനുവദിക്കില്ലെന്നൊന്നും പറഞ്ഞു ഇന്ന് വ്യവസ്ഥാപിത പാര്‍ട്ടികള്‍ ഏതെങ്കിലും സമരം ചെയ്യും എന്ന് വിശ്വസിക്കാന്‍ മാത്രം നമ്മള്‍ നിഷ്കളങ്കരല്ല. യഥാര്‍ത്ഥ ജനകീയ സമരങ്ങളോട്, ചെങ്ങറ മുതല്‍ അരിപ്പ വരെയുള്ള ഭൂസമരങ്ങളോട്, കാതിക്കുടം സമരത്തോട്, അവരാരെങ്കിലും ഐക്യദാര്‍ഡ്യo പ്രഖ്യാപിക്കും എന്നുപോലും നാം ഒരിക്കലും കരുതുന്നില്ല. കക്ഷി രാക്ഷ്ട്രീയ സമരങ്ങളെല്ലാം അധികാരത്തിനു വേണ്ടിയാണ്. ഈ സമരവും അങ്ങനെ തന്നെ. ആദിവാസികള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സര്‍ക്കാരിനോട് പൊറുക്കുന്ന, എന്നാല്‍ അധികാര സമരത്തിന്റെ പാചകപ്പുരകള്‍ക്ക് ജീവന്‍ കൊടുത്തും കാവല്‍ നില്‍ക്കാന്‍ മുതിരുന്ന, അത് വിളിച്ചു പറയുന്ന, നേതൃത്വപരമായ മുന്‍ഗണനകള്‍ തീരുമാനിക്കപ്പെട്ടുകഴിഞ്ഞതാണ് കേരള രാക്ഷ്ട്രീയം. ഇന്ത്യന്‍ രാക്ഷ്ട്രീയവും.

അതുകൊണ്ട് തന്നെ, ഇവിടെ പ്രധാനമായിട്ടുള്ളത്, സമരത്തിന്റെ ന്യായാന്യായങ്ങളല്ല. സമരങ്ങളോടുള്ള ഭരണകൂട സമീപനത്തിന് ഏതളവുവരെ പോകാം എന്നുള്ളതാണ്. പുതിയ കീഴ്വഴക്കങ്ങള്‍ക്ക് കാരണമായേക്കാവുന്ന കടുത്ത നടപടികള്‍ സ്വീകരിക്കുന്ന ഭരണകൂടമാണ്‌ ശ്രദ്ധിക്കാന്‍ ബാധ്യതപ്പെട്ടവര്‍. എല്‍. ഡി. എഫിന്റെ സമരം അക്രമാസക്തമാവാന്‍ ഇടയുണ്ട് എന്ന കാരണത്താല്‍ ഒരു ജനാധിപത്യ ഭരണകൂടത്തിനു എന്തൊക്കെ നടപടികള്‍ സ്വീകരിക്കാo, സ്വീകരിക്കാന്‍ പാടില്ല എന്നതിനെ കുറിച്ചുള്ള എല്ലാ മാനദണ്ഡങ്ങളെയും മാറ്റി മറിക്കുന്ന താണ് ഉമ്മന്‍ ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഇപ്പോഴത്തെ സമീപനം.

തികഞ്ഞ ഏകാധിപതികള്‍ ഇത്തരം സമരങ്ങളോട് സ്വീകരിക്കാറുള്ള കടുത്ത നടപടികള്‍ മുന്‍കൂറായി സ്വീകരിച്ചിരിക്കുന്നു. പ്രതിപക്ഷ സമരത്തെ നേരിടാന്‍ കേന്ദ്ര സേനയെ വിളിച്ചു. ഹോട്ടലുകളില്‍ സമരത്തിനെത്തുന്നവരെ താമസിപ്പിക്കുന്നതിന് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തി. പൊതു കക്കൂസുകളും മൂത്രപ്പുരകളും അടച്ചിടും എന്ന് പ്രഖ്യാപിച്ചു. സമരത്തിന്‌ എത്തുന്നവര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം പാചകം ചെയ്യാന്‍ അനുവദിക്കില്ലെന്ന് നിലപാടില്‍ പോലീസിനെ അയച്ചു. എന്തിനു വീടുകളില്‍ ബന്ധുക്കളെ താമസിപ്പിക്കാന്‍ കൂടി അനുവദിക്കില്ലെന്ന് ഗ്രാമങ്ങള്‍ തോറുമെത്തി ഭീഷണിപ്പെടുത്തുന്ന സ്ഥിതി വരെ കാര്യങ്ങളെത്തി. മദ്യവില്‍പ്പന തടയലും കരുതല്‍ തടങ്കലും മറ്റും വേറെയും. നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ആലോചന ഉണ്ടായിരുന്നത്രേ!

ഇത് ജനാധിപത്യം സംരക്ഷിക്കാനാണ് പൌരാവകാശം സംരക്ഷിക്കാനാണ് എന്ന വാദം എത്ര പൊള്ളയാണ്‌. പൌര സ്വാതന്ത്ര്യത്തിന്റെ, മനുഷ്യാവകാശങ്ങളുടെ, അടിസ്ഥാന മാനദണ്ഡങ്ങളെ പോലും അവഗണിച്ചുകൊണ്ട് ഭരണകൂട ഭീകരത അഴിച്ചു വിടാനുള്ള സന്ദര്ഭമാക്കി ഈ സമരത്തെ ഉപയോഗിക്കാനുള്ള അമിതാധികാര വ്യഗ്രതയാണ് ഒരു ജനാധിപത്യ പാര്‍ട്ടിയുടെ രണ്ടു നേതാക്കള്‍ കാട്ടിയിരിക്കുന്നത്. ഇതു മന്ത്രിസഭയുടെയോ, യു. ഡി. എഫിലെ പാര്ട്ടികകളുടെയോ, എന്തിന്റെ കോണ്ഗ്രസ്സിന്റെ തന്നെയോ സമ്മതത്തോടെ ചെയ്തിട്ടുള്ളതല്ല എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. യൂ. ഡി. എഫ് നേതൃത്വവും, കോണ്ഗ്രസ് നേതൃത്വവും ഇതംഗീകരിക്കാന്‍ ബാദ്ധ്യസ്ഥരായി തീരുന്നു എന്നുള്ളത് ഇതുമായി ബന്ധെപ്പെടുത്തെണ്ടതില്ല. ഇത്രയും വലിയ ജാനാധിപത്യ ധ്വംസനം ഒരു ചെറിയ നഗരത്തിനു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഭരണ നേതൃത്വത്തിലെ രണ്ടു വ്യക്തികള്‍ വിചാരിച്ചാല്‍ കഴിയും എന്നത് നമ്മെ ചിന്തിപ്പിക്കേണ്ട വസ്തുതയാണ്. ഇത്തരം നേതാക്കളുടെ തീരുമാനങ്ങളെ പിന്നീട് പാര്ട്ടികള്‍ക്ക് അംഗീകരിക്കേണ്ടി വരുന്നത് മുന്‍പും ഉണ്ടായിട്ടുള്ളതാണ്. ഇങ്ങനെ ഇ. എം എസിന്റെ പിടിവാശിക്ക് വഴങ്ങി, അദ്ദേഹത്തിന്റെ പോലീസ് നടത്തിയ ചന്ദനതോപ്പ് വെടിവയ്പ്പിനെ പാര്‍ട്ടിക്ക് ന്യായീകരിക്കേണ്ടി വന്ന ഗതികേടിനെ കുറിച്ച് കെ. ദാമോദരന്‍ എഴുതിയിട്ടുണ്ട്. ഇതൊരിക്കലും ആശാസ്യമല്ല.

അനിശ്ചിതകാല ഭരണ കേന്ദ്ര ഉപരോധം എന്ന സമര മാര്‍ഗ്ഗം ശരിയോ തെറ്റോ എന്നത് അവിടെ നില്‍ക്കട്ടെ. മുഖ്യമന്ത്രിയുടെ ഓഫീസ് യൂ. എന്‍. അവാര്‍ഡ് നേടിയത് അതിന്റെ അഴിമതി വിരുദ്ധ പ്രവര്ത്തനത്തിനാണ്‌ എന്ന് ഇപ്പോഴും ആ വെബ്‌ സൈറ്റില്‍ ഉണ്ട്. അവാര്‍ഡ്‌ മുഖ്യമന്ത്രിക്കായിരുന്നില്ല, അദ്ദേഹത്തിന്റെ ഓഫീസിനായിരുന്നു. ആ ഓഫീസാണ് ആരോപണ വിധേയമായത്. ആ ഓഫീസിലെ ജീവനക്കാരെയാണ് പുറത്താക്കേണ്ടി വന്നത്. ആ ഓഫീസിലെ ജീവനക്കാരെ ആണു തട്ടിപ്പ് കേസ്സില്‍ അറസ്റ്റ് ചെയ്യേണ്ടി വന്നത്. അവര്‍ കുറ്റം ചെയ്തു എന്ന് തെളിയുന്നതുവരെ നിരപരാധികള്‍ ആണ്. എന്നാല്‍ ജനാധിപത്യ രാക്ഷ്ട്രീയത്തിലെ സാമാന്യ മര്യാദ എന്താണ്? പൊതു ധാര്‍മികത എന്താണ്? ഇത്രയും വലിയ ആരോപണങ്ങള്‍ ഉണ്ടാവുമ്പോള്‍, ഇത്രയും പേരെ പുറത്താക്കേണ്ടി വരുമ്പോള്‍, അവരില്‍ പലരും സര്‍ക്കാര്‍ ജീവനക്കാര്‍ അല്ല, രാക്ഷ്ട്രീയമായി നിയമിതരായവരായിരുന്നു എന്നത് കൂടി ചേര്‍ത്ത് വച്ച് ആലോചിക്കുമ്പോള്‍, ഏറ്റവും ഉചിതമായ തീരുമാനം ആ ഓഫീസിന്റെ മുഖ്യ ചുമതലയുള്ള മുഖ്യ മന്ത്രി രാജി വയ്ക്കുക എന്നതായിരുന്നു. പ്രാതിനിധ്യ ജനാധിപത്യമാണ്. പാര്‍ട്ടിക്ക് മറ്റൊരാളെ നിയോഗിക്കാം. ഈ വാര്‍ത്ത വന്നപ്പോള്‍ തന്നെ യു. എന്‍. ആ അവാര്‍ഡ്‌ പിന്‍ വലിക്കണം എന്നാണ്‌ പലരും പങ്കു വച്ച ഒരഭിപ്രായo എന്ന നിലയില്‍ ഞാനും എഴുതിയിരുന്നത്. അന്ന് പ്രതിപക്ഷം സമരം തുടങ്ങിയിരുന്നില്ല. അതിനു മുന്‍പ് ആ അവാര്‍ഡു തന്നെ സംശയത്തിന്റെ നിഴലിലാണ് എന്നതും, അതിന്റെ നാമ നിര്‍ദേശത്തെ കുറിച്ച് വ്യക്തതയില്ലെന്നതും എനിക്ക് കുറിക്കേണ്ടി വന്നിരുന്നു- സോഷ്യല്‍ മീഡിയയില്‍. അന്ന് സോളാര്‍ സംഭവo തന്നെ പുറത്ത് വന്നിരുന്നില്ല.

ഇങ്ങനെ ഭരണ നേതൃത്വം സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഒരു സാഹചര്യത്തിലാണ്, ഉമ്മന്‍ ചാണ്ടി രാജി വയ്ക്കാനോ, കോണ്ഗ്രസ് പാര്‍ട്ടി ഉമ്മന്‍ ചാണ്ടിയെ മാറ്റി നിര്‍ത്തി മറ്റൊരാളെ മുഖ്യമന്ത്രിയാക്കാനോ തയ്യാറാവാത്ത സാഹചര്യത്തിലാണ്, ഞാന്‍ അമിത സമര സമാഹരണം എന്ന് പല കാരണങ്ങള്‍കൊണ്ടും ഇപ്പോഴും വിശ്വസിക്കുന്ന, ഈ എല്‍. ഡി. എഫ് സമരം നടക്കുന്നത്. ഇന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ച 13 ചോദ്യങ്ങള്‍ എത്ര പ്രസക്തമാണെങ്കില്‍ പോലും അവ ചോദിക്കാനുള്ള ധാര്‍മ്മികമായ അവകാശം അദ്ദേഹത്തിനു ഉണ്ടോ എന്നത് അദേഹം തന്നെ ആലോചിക്കേണ്ടതാണ്. ആ ചോദ്യങ്ങളില്‍ ഒന്ന് ലാവലിന്‍ പ്രശ്നത്തില്‍ പ്രതിയായ പിണറായി വിജയനല്ലേ സമരം നയിക്കുന്നത് എന്നതായിരുന്നു. നിസ്സാരമായ യുക്തികളുടെ അകമ്പടിയുള്ള ദയനീയമായ സ്വയംരക്ഷകളിലേക്ക് മുഖ്യമന്ത്രിക്ക് ചുരുങ്ങേണ്ടി വന്നിരിക്കുന്നു.

ഇത്തരം വലിയ ഭരണകൂട ഭീകരതക്കുള്ള എല്‍ ഡി എഫിന്റെ മറുപടി തങ്ങള്‍ യാതൊരു ക്രമ സമാധാന പ്രശ്നവും ഉണ്ടാക്കില്ല എന്നാണു. വീണ്ടും വീണ്ടും പ്രതിപക്ഷ നേതാക്കന്മാരെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത് തന്നെ എത്ര ലജ്ജാകരമാണ്. അതുതന്നെ ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ തന്ത്രമാണ്. പിണറായി വിജയന്‍റെ പത്ര സമ്മേളനത്തില്‍ പോലും വലിയൊരു ഭാഗം ചെലവഴിച്ചത്‌ തങ്ങള്‍ അക്രമം അഴിച്ചു വിടില്ല എന്ന് വീണ്ടും വീണ്ടും പറയാനായിരുന്നു. പോലീസ് എവിടെ നില്‍ക്കുന്നോ അവിടെ ഞങ്ങള്‍ മുന്നോട്ടുള്ള യാത്ര അവസാനിപ്പിക്കും അറസ്റ്റ് ചെയ്തു നീക്കിക്കൊള്ളട്ടെ എന്നൊക്കെ ഇങ്ങനെ ദയനീയമായി മുന്‍‌കൂര്‍ പറയിപ്പിക്കാന്‍ സാഹചര്യം ഉണ്ടാക്കുന്നത്, ഇങ്ങനെ സമരക്കാരെയെല്ലാം നിരന്തരം മുന്‍‌കൂര്‍ പ്രതിരോധത്തിലാക്കുന്നത് എകാധിപതികളുടെ രീതിയാണ് എന്ന് ഖേദപൂര്‍വ്വം പറയേണ്ടി വന്നിരിക്കുന്നു.

കേരളത്തിലെ ഒരു മാധ്യമ സ്ഥാപനത്തിനും ഈ നിലപാടുകളെ അംഗീകരിക്കാന്‍ന് കഴിയില്ല എന്നാണ് എന്റെ വിശ്വാസം. ഈ സമരത്തിന്റെ പേരിലുണ്ടായിരിക്കുന്ന യുദ്ധസന്നാഹം കേരളത്തില്‍ വളര തെറ്റായ ചില മാമൂലുകളാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ഇത് പോലീസിനു നല്‍കുന്ന ദുരധികാര ബോധം ചെറുതായിരിക്കില്ല. ഈ ഗവര്‍മെന്റു എക്കാലത്തും നിലനില്‍ക്കില്ല. അടുത്ത ഭരണക്കാലത്തും ഇതേ നടപടികള്‍ ഉണ്ടായേക്കും. എക്കാലത്തേക്കുമായി കേരള പോലീസിനെ ഭീകരവല്ക്കരിക്കുകയാണ് ഇപ്പോഴത്തെ നടപടികളിലൂടെ ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചെയ്തിരിക്കുന്നത്. ഇതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം ഈ രണ്ടു വ്യക്തികള്‍ക്കുമാണ്. ചരിത്രത്തിന്റെ ഏതോ ചൂണ്ടു വിരല്‍ അവര്‍ക്ക് നേരെ ഉയരുന്നത് ഞാന്‍ കാണുന്നുണ്ട്.

Categories
Malayalam Articles

ഭൂപടത്തിനടിയിലെ മണ്‍പാളികള്‍

ഭൂപടത്തിനടിയിലെ മണ്‍പാളികള്‍

ഡോ. ടി ടി ശ്രീകുമാര്‍ (മാതൃഭുമി ആഴ്ചപ്പതിപ്പ്, ആഗസ്റ്റ് 4 2013)

പോസ്റ്റ്‌ കൊളോണിയല്‍ സാഹിത്യവും പഠനങ്ങളും ഇന്ന് വലിയൊരു അക്കാദമിക് മേഖലയാണ്. അതിന്റെ ബഹുസ്വരത അമ്പരപ്പിക്കുന്ന വൈവിദ്ധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തവുമാണ്. ഈ കുറിപ്പില്‍ അതിന്റെ വിപുലമായ സാധ്യതകളെകുറിച്ചല്ല ഞാന്‍ ചര്‍ച്ച ചെയ്യുന്നത്. മറിച്ചു ചരിത്രം മറിച്ചിട്ട ഒരു ഭൂപടത്തിന്റെ അടിയിലെ തകര്‍ന്ന മണ്‍പാളികളിലേക്ക് നോക്കുകയാണ്. തെക്ക് കിഴക്കന്‍ ഏഷ്യയിലെയും വെസ്റ്റ് ഇന്‍ഡീസ്സിലെയും രണ്ടു വ്യത്യസ്ത ഉദാഹരണങ്ങള്‍ എന്റെ മുന്‍പിലുണ്ട്. അവിടുത്തെ ഇന്ത്യക്കാരെ കുറിച്ചു ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ എത്തുന്നത് പ്രതിരോധം എന്നത് ചരിത്രത്തിന്റെ എത്രയോ നിസ്സഹായതകളുടെ മേലാണ് പടുത്തുയര്‍ത്തേണ്ടി വരിക എന്ന കടുത്ത വ്യാകുലതയാണ്. ലോകം മുഴുവന്‍ ഒരു പോസ്റ്റ്‌ കൊളോണിയതയില്‍ മുങ്ങി നില്‍ക്കുന്നു പോസ്റ്റ്‌ കൊളോണിയല്‍ സിദ്ധാന്തത്തിന്റെ നോട്ടത്തില്‍. ഇത് ഹാസ്യമല്ല. രീതിശാസ്ത്രത്തിന്റെ സവിശേഷതയാണ്. സ്പിവക്കിന്റെ താരതമ്യേന സൌമ്യമായ പോസ്റ്റ്‌ കൊളോണിയല്‍ സൈദ്ധാന്തിക വിമര്‍ശനത്തെ (Spivak, G. C, 1999.‘A Critique of Post-Colonial Reason: Toward a History of the Vanishing Present’, Harvard) നിശിതമായി വിമര്‍ശിക്കുന്നുണ്ട് ടെറി ഈഗില്‍ട്ടന്‍ (London Review of Books,Vol. 21 No. 10 · 13 May 1999). എന്നാല്‍ ലോകം മുഴുവന്‍ ഇന്ന് യൂറോപ്യന്‍ ഭരണത്തിലല്ല. രാജ്യങ്ങള്‍ സ്വതന്ത്രരായിക്കഴിഞ്ഞു. എന്നാല്‍ ഏതാണ്ട് എല്ലായിടത്തും ഡീകോളനൈസേഷൻ സ്വാ തന്ത്ര്യത്തോടൊപ്പം ദേശീയ ന്യൂനപക്ഷങ്ങളെയും സൃഷ്ടിച്ചു. പൌരത്വത്തിന്റെ അടിസ്ഥാന പ്രശ്നം ദേശീയതയുമായി കെട്ടു പിണഞ്ഞു കിടക്കുന്നു എന്നതിനാല്‍ ഇതിന്റെ രാഷ്ട്രീയം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ എളുപ്പത്തില്‍ മറികടക്കാവുന്നതല്ല. ശ്രീലങ്കയില്‍ നടന്ന ആഭ്യന്തര യുദ്ധവും അതിന്റെ രക്തസ്നാതമായ പര്യവസാനവും നോക്കുക. മലേഷ്യയിലെ ഇന്ത്യന്‍ വംശജരുടെ സമരങ്ങള്‍ നോക്കുക. സിംഗപ്പൂരിലെ ഒച്ചയില്ലാത്ത പരാതികള്‍ നോക്കുക. പ്രതിനിധാനത്തി നു വാക്കും ഭാഷയും തേടുന്ന ഇത്തരം നിരവധി ഏഷ്യന്‍ ആഫ്രിക്കന്‍ സമൂഹങ്ങളുണ്ട്. അവിടുത്തെ ഭരണ കൂടങ്ങള്‍ കയ്യൊഴിയുകയാണ്. എന്തിനു ഞങ്ങള്‍ കൊളോണിയലിസ്റ്റുകളുടെ പാപഭാരം ചുമക്കണം? യൂറോപ്പിലേയോ അമേരിക്കയിലേയോ ഭരണകൂടങ്ങളെ നേരിടുന്ന അതേ പ്രതിരോധ രാഷ്ട്രീയവുമായി ഏഷ്യയിലെ തദ്ദേശ ഭരണകൂടങ്ങളെ നേരിടാന്‍ കഴിയില്ലെന്നതാണ് വസ്തുത. അവര്‍ സ്വയം തങ്ങളെ തന്നെ ആഗോളവല്‍ക്കരണത്തിന്റെ ഇരകളായി പ്രഖ്യാപിക്കുന്നു.

അനുഭവങ്ങളും അവയുടെ ആവിഷ്കാരവും തമ്മില്‍ വലിയ കാലയളവുകളുടെ വിടവ് D­mhmdp­v. t]mÀ¯pഗീസുകാര്‍ വന്നപ്പോള്‍ എഴുത്തച്ഛന്‍ മിണ്ടാതിരുന്നോ എന്ന് നാം വ്യാകുലപ്പെടുന്നത്‌ ഒരു പക്ഷെ സാഹിത്യത്തിന്റെ, ഭാഷയുടെ രാഷ്ട്രീയമായ ഇത്തരം കാത്തിcn പ്പുകള്‍ അവഗണിക്കുന്നതുകൊണ്ടാവാം.. മാത്രമല്ല, അറബി മലയാളം മുതലുള്ള വിമര്‍ശനാത്മക രചനകളെയും എഴുത്തച്ഛനെയും ചേര്‍ത്ത് വച്ചാല്‍ ചിലപ്പോള്‍ ഈ ചോദ്യം തന്നെ അസാധുവാക്കുന്ന ഞടുക്കുന്ന ഉത്തരങ്ങളിലേക്ക്‌ കടക്കുവാനും കഴിഞ്ഞേക്കും. മലയാളത്തിലെ ആദ്യത്തെ ‘ബ്രിട്ടീഷ് വിരുദ്ധ കവിത’ എന്ന് ഞാന്‍ വിശേഷിപ്പിക്കുന്നത് എഴുതപ്പെട്ടത് 1907-ല്‍ ആണു. പില്‍ക്കാലത്ത് ഇതേ കവി തന്നെ ബ്രിട്ടീഷ് ചക്രവÀ¯níp മംഗള ഗീതങ്ങള്‍ എഴുതിയി«pണ്ട്. എന്ന് മാത്രമല്ല, വള്ളത്തോളിന്റെ മാതൃഭക്തി നിര്‍ഭരമായ ദേശീയതയല്ല ഈ കവിതയില്‍ ഉള്ളതും

ഞാന്‍ സൂചിപ്പിക്കുന്നത് വി സി ബാലകൃഷ്ണ പണിക്കര്‍ 1907-ല്‍ എഴുതിയ ‘വര്‍ഷാചന്ദ്രന്‍’ എന്ന കവിതയാണ്. എന്റെ അറിവില്‍ ഇത് ഗാന്ധിയെ കുറിച്ചാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. എങ്കിലും എനിക്ക് തോന്നുന്നത് ഒരു പക്ഷെ ഗാന്ധിയെ കുറിച്ചുള്ള ആദ്യത്തെ രാഷ്ട്രീയ കവിത ഇതായിരിക്കുമെന്നാണ്. ഇതിന്റെ പ്രമേയം allegoricalആണ്. അങ്ങനെ വായിച്ചാലേ അതിലെ രാഷ്ട്രീയം തെളിഞ്ഞു വരൂ.

“ഉള്ളത്തില്‍ സുഖമേകുമാറുദിതനാം

നിന്നെപ്പടിഞ്ഞാറെഴും

വെള്ളക്കാര്‍ പിടിപെട്ടു ഗോനിര തടു-

ത്തയ്യോ കുഴക്കുന്നിതേ

കൊള്ളക്കാരിവരസ്തമിക്കുമൊരുനാ-

ളന്നല്‍ഭുത ശ്രീരസം

തള്ളട്ടേ നവതാത, ഭാരത മഹീ

സൌഭാഗ്യ ഭാഗ്യപ്പടി”

1907-ല്‍ അന്ന് പതിനെട്ടു വയസ്സ് തികഞ്ഞിട്ടില്ലാ യിരുന്ന ഒരു മലയാളി ചെറുപ്പക്കാരന്റെ കവിതയില്‍ നിന്നാണ് ‘വെള്ളക്കാരെ” കുറിച്ച് ആദ്യമായി “കൊള്ളക്കാരവരസ്തമിക്കുമൊരുനാൾ” എന്ന പ്രസ്താവം ഉണ്ടായത്. ഈ വാക്യശകലം ഉള്‍ക്കൊള്ളുന്ന പദ്യത്തിനു ഒട്ടേറെ സവിശേഷതകളുണ്ട്. വി സി ബാലകൃഷ്ണ പണിക്കര്‍ ചക്രവര്‍ത്തിമംഗളങ്ങള്‍ എഴുതുന്നതിനും വളരെ മുന്‍പ് (സാമ്രാജ്യഗാഥ, ഭൂപാലമംഗളം, ഹാനോവര്‍ വംശാവലി) എഴുതിയ കവിതയാണ് ‘വര്‍ഷാചന്ദ്രൻ ‘ എന്നതും ശ്രദ്ധേയമാണ് .

ഇതില്‍ (ചന്ദ്രനെ മറയ്ക്കുന്ന) പടിഞ്ഞാറെഴും ‘വെള്ളക്കാർ’ കൊള്ളക്കാരാണെന്ന് 1907-ല്‍ പറഞ്ഞ യുവകവി ദേശീയപ്രസ്ഥാനത്തിനും വളരെ മുന്‍പിലായിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വാസമില്ലാത്തവര്‍ക്കായി ഇത് കൂടി ഉദ്ധരിക്കാം:

“കൊണ്ടൽക്കോളുകളൊത്തുവന്നിഹ
പടിഞ്ഞാറെക്കടല്ക്കിപ്പുറം
കണ്ടപ്പോളലറിച്ചിരിച്ചീവിധം
നിന്നെപ്പിടിച്ചെങ്കിലും
ഇണ്ടൽപെട്ടുവിളങ്ങിടേണ്ട വെറുതേ
വങ്കാറ്റുവന്നാലുടൻ
കിണ്ടംപറ്റുമവർക്കു
നീവിലസുമന്നിന്ത്യാ’സ്വരാജോ’പമം ”

ഈ കവിത അന്ന് സൌത്ത് ആഫ്രിക്കയിലായിരുന്ന ഗാന്ധിയെ കുറിച്ചായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആണെന്ന് ഉറപ്പിച്ചു പറയാന്‍ കവിതയിലെ textual തെളിവുകള്‍ മാത്രമേ എന്റെ കയ്യിലുള്ളു. ഇവിടെ വര്‍ഷാചന്ദ്രന്‍ മോഹന്‍ദാസ് കരംചന്ദ് തന്നെ. വെള്ളക്കാർ അദ്ദേഹത്തെ ഇപ്പോള്‍ മറച്ചാലും സ്വരാജ്യം വരുമ്പോള്‍ നവതാതനായി അദ്ദേഹം വിലസും എന്ന് 1907-ല്‍ പറഞ്ഞ പതിനെട്ടുകാരന്‍ മലയാള കവിയുടെ രാഷ്ട്രീയദീര്‍ഘവീക്ഷണത്തെ കുറിച്ച് അധികമൊന്നും പറഞ്ഞു കേട്ടിട്ടില്ല. അന്ന് 29 വയസ്സുണ്ടായിരുന്ന, പിന്നീട് ‘ദേശീയതയുടെ കവി’ ആയി വാഴ്ത്തപ്പെട്ട വള്ളത്തോള്‍ ഇതൊക്കെ അക്കാലത്ത് ആലോചിച്ചിട്ടു പോലും ഇല്ലായിരുന്നു എന്നാണ് തോന്നുന്നത്. ഗാന്ധിയെ കുറിച്ച് എഴുതിക്കാണുമ്പോള്‍ മനം അഭിമാനപൂരിതമാവുകയോ ഞരമ്പില്‍ ചോര തിളക്കുകയോ ഒന്നും ചെയ്യുന്നില്ല എനിക്ക്. ഗാന്ധിയെ മാറിയ രാക്ഷ്ടീയ സാഹചര്യങ്ങളിൽ വിമര്‍ശനാത്മകമായി കാണണമെന്നും ജയന്‍ ചെറിയാനും കന്തസ്വാമിയുമൊക്കെ നടത്തുന്ന നിശിതമായി വിചാരണകളോട് ഒപ്പം നില്‍ക്കണമെന്നും തന്നെയാണ് എന്റെ അഭിപ്രായം. എങ്കിലും ഈ കവിതക്കുള്ള ചരിത്ര പരമായ പ്രാധാന്യമോ അതിന്റെ കൊളോണിയല്‍ വിരുദ്ധ ഉള്ളടക്കമോ കണ്ടില്ലെന്നു നടിക്കാന്‍ ആവില്ല. നവതാതനെന്നും , സ്വരാജ്യമെന്നും, വെള്ളക്കാരെന്ന കൊളളക്കാര്‍ ഒടുവില്‍ ഒഴിഞ്ഞു പോവേണ്ടി വരുമെന്നുമൊക്കെ പറയുന്ന യുവാവ് ഇതൊക്കെ ഏതു തലത്തില്‍ നിന്നാണ് പറഞ്ഞിരുന്നത് എന്നത് അന്വേഷിക്കേണ്ട കാര്യമാണ്. അപ്പോള്‍ ഇതിനു ലാവണ്യപരമായ മറ്റൊരു പ്രാധാന്യം കൂടി കൈവരുന്നു. ഇത് ശക്തമായൊരു political allegoryആയിട്ടാണ് നാം വായിക്കേണ്ടത് എന്നതാണത്. പ്രതിരോധത്തിന്റെ രാഷ്ട്രീയ സന്ദര്‍ഭം കേരളത്തില്‍ ശക്തമാവാതിരുന്നതും മറ്റു കവികള്‍ ഈ വഴിക്ക് ചിന്തിക്കുക പോലും ചെയ്യാതിരുന്നതും ഒരു പക്ഷെ ‘ഒരു വിലാപ’ ത്തിലേക്കുള്ള വളര്‍ച്ചയില്‍ അദ്ദേഹം ഈ രാഷ്ട്രീയo വിസ്മരിച്ചതുമൊക്കെയാവാം ഇതിനു തുടര്‍ച്ചകള്‍ ഉണ്ടാവാതെ പോയതിനു കാരണം.

എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ചരിത്രപരമായ മാതൃകകളോ രീതികളോ കണ്ടെത്താന്‍ വിഷമമാണ്. മക്സ്വേല്‍ 1965 –ല്‍ എഴുതിയ പഠനം പോസ്റ്റ്‌ കൊളോണിയല്‍ സാഹിത്യത്തിന്റെ രണ്ടു സാധ്യതകളെ- അമേരിക്കയും ആസ്ട്രേലിയയും കാനഡയും പോലുള്ള സെറ്റ്ലര്‍ കോളനികളും ഇന്ത്യയും നൈജീരിയയും പോലുള്ള അധിനിവേശ ഭരണ പ്രദേശങ്ങളും തമ്മിലുള്ള വ്യത്യാസം സൃഷ്ടിക്കുന്ന ഭാഷാപരമായ പ്രശ്നങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നതാണ് (D. E. S. Maxwell (1965) “Landscape and Theme,” Commonwealth Literature: Unity and Diversity in a common Culture” ed. John Press, London: Heinemann p.82-89). കരീബിയന്‍ ദ്വീപുകളില്‍ കൂലിയടിമകളെ കൊണ്ട് വന്നു അവരുടെ ഭാഷ നശിപ്പിക്കുന്നതിനു വേണ്ടി ഒരു ബാബേല്‍ പരീക്ഷണമാണ് ബ്രിട്ടീഷുകാര്‍ നടത്തിയത്- ഒരേ ഭാഷ സംസാരിക്കുന്നവരെ ഒരുമിച്ചു താമസിക്കാന്‍ അനുവദിക്കാതിരിക്കുക. കലാപം ഉണ്ടാവാതിരിക്കാനുള്ള മുന്കരുതലായിരുന്നത്രേ ഇത്! ഭാഷയുടെ മേലുള്ള ഈ ക്രൂരതയേക്കാള്‍ വലിയ ഹീനകൃത്യമുണ്ടോ എന്ന് സംശയിച്ചു പോവുകയാണ്. ഏഷ്യയെയും ആഫ്രിക്കയെയും അപേക്ഷിച്ച് കൂടുതല്‍ കാലം കോളനിവല്‍ക്കരണം നേരിട്ട കരീബിയന്‍ ദ്വീപുകളില്‍ സാഹിത്യത്തിന്റെ പ്രതിരോധം തുടങ്ങുന്നത് പതുക്കെയാണെന്നു രാജീവ് പാട്കെ നിരീക്ഷിക്കുന്നുണ്ട് (Rajiv S. Patke (2002) ‘Post-Colonial Poetry in English’, Oxford University Press). വെസ്റ്റ്‌ ഇന്ത്യന്‍ കവിത കാലുറപ്പിക്കുന്നത് തന്നെ രണ്ടാം ലോക യുദ്ധത്തിനു ശേഷമുള്ള കാലത്താണ്. ബ്രിട്ടനുമായുള്ള ബന്ധം സൃഷ്ടിച്ച ധൈഷണികമായ ഉണർവുകൾ കരീബിയന്‍ രാഷ്ട്രീയചിന്തയെയാണ് കൂടുതല്‍ സജീവമാക്കിയത്. ഫ്രാന്‍സ് ഫാനന്‍, സി. എല്‍. ആര്‍. ജെയിംസ് എന്നിവരുടെ രാഷ്ട്രീയ വിചാരങ്ങള്‍ കൊളോണിയല്‍-വംശീയവിരുദ്ധ രാഷ്ട്രീയ ചിന്തയെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തി.1868-ല്‍ ജനിച്ചു 1963-ല്‍ അന്തരിച്ച ആഫ്രിക്കന്‍-അമേരിക്കന്‍ ചിന്തകന്‍ ഡബ്ല്യൂ. ഇ. ബി. ഡുബോയിസ് സൃഷ്ടിച്ച വിചാരലോകം വിസ്മരിച്ചുകൊണ്ടല്ല, ഫാനന്‍ തുടങ്ങിയവരുടെ ചിന്തയിലുള്ള അതിന്റെ വലിയ സ്വാധീനങ്ങള്‍ അവഗണിച്ചുകൊണ്ടും അല്ല, ബ്രിട്ടീഷ് ബന്ധത്തെ കുറിച്ച് സൂചിപ്പിക്കുന്നത്. കോളനികളിലെ ധൈഷണിക പരിണാമങ്ങളെ വ്യത്യസ്ത ബൌദ്ധിക-രാഷ്ട്രീയ തലങ്ങളില്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇതെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുമുണ്ട്‌. ഡുബോയിസ് പി എച്. ഡി നേടുന്ന ആദ്യത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ ആയിരുന്നു. പാര്‍ശ്വവല്‍ക്കരണത്തിന്റെ അനുഭവത്തെ അഗാധമായി ദാര്‍ശനികവല്ക്കരിക്കുകയും രാഷ്ട്രീയവല്ക്കരിക്കുകയും ചെയ്തു അദ്ദേഹം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളിലാണ് ഡുബോയിസ് The Souls of Black Folkഎഴുന്നത്. വംശീയതയുടെ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകളെ അത് ആഴത്തില്‍ മാറ്റിമറിച്ചു. വംശീയതയുടെ വിചിന്തനങ്ങളും വ്യവഹാരങ്ങളും എന്നേക്കുമായി കേവല സമത്വ വാദത്തിന്റെ ഭാഷയില്‍ നിന്ന് സ്വത്വരാഷ്ട്രീയത്തിന്റെ ഭാഷയിലേക്ക് മാറ്റി എന്നതാണ് ഡുബോയിസ് നല്‍കിയ ഏറ്റവും വലിയ സംഭാവന. ഇനി തിരിച്ചു പോകാന്‍ കഴിയാത്ത വണ്ണം സ്വത്വരാഷ്ട്രീയത്തെ താത്വികമായി ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

എന്നാല്‍ ആത്യന്തികമായി സി. എല്‍. ആര്‍. ജെയിംസിന്റെയും ഫാനന്റെയും രചനകള്‍ തിരിച്ചു അമേരിക്കയിലെ വംശീയതാ വിരുദ്ധ പോരാട്ടങ്ങളെയും ശക്തിപ്പെടുത്തിയിട്ടുണ്ട്. സാര്‍ത്രിന്റെ അവതാരികയോടെ പ്രസിദ്ധീകരിച്ച ഫാനന്റെ ‘Wretched of the Earth’ (Frantz Fanon, 1961,‘The Wretched of the Earth’, Reprint (1983), with Preface by Jean Paul Satre, Middlesex: Penguin Books) അതിനു ഒരു ദശാബ്ദം മുന്‍പ് പ്രസിദ്ധീകരിച്ച Black Skin, White Masks (1952, London: Pluto, 1986, Translation c1967).തുടങ്ങിയ പുസ്തകങ്ങള്‍ പോസ്റ്റ്‌ കൊളോണിയല്‍ വിശകലനത്തിന്റെ അടിസ്ഥാന രേഖകളായി മാറിയിട്ടുണ്ട്. ഫ്രാന്‍സിലും വടക്കന്‍ ആഫ്രിക്കയിലും അള്‍ജീരിയയിലും ബ്രിട്ടിനിലുമൊക്കെ ആയാണ് ഫാനന്റെ ജീവിതം ചിതറിക്കിടക്കുന്നത്. 1961-ല്‍മുപ്പത്തി അഞ്ചാം വയസ്സില്‍ ലുക്കേമിയ ബാധിച്ചു അദ്ദേഹo മരണമടഞ്ഞു.

സി. എല്‍. ആര്‍. ജെയിംസിന്റെ, മാര്‍ക്സിസവും ലെനിനിസവുമായുള്ള ദാര്‍ശനിക യോജിപ്പുകള്‍ പുതിയ സന്ദര്‍ഭത്തില്‍ കൂടുതല്‍ അടുത്ത് പരിശോധിക്കേണ്ടതാണ് എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ സ്റ്റാലിനിസത്തോടുള്ള പിൽക്കാല വിയോജിപ്പുകള്‍ക്കൊപ്പവും ട്രോസ്കിയിസവുമായുള്ള സമീപന വ്യതിയാനങ്ങള്‍ക്കൊപ്പവും ചേര്‍ത്ത് വായിക്കുകയും ചെയ്യാം. മക്കര്ത്തിയന്‍ അന്‍പതുകളില്‍ അദ്ദേഹം അമേരിക്കയില്‍ നിന്ന് പുറത്താക്കപ്പെട്ടു. ക്രിക്കറ്റിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഇപ്പോഴും ആഘോഷിക്കപ്പെടുന്നവയാണ്. അദ്ദേഹത്തിന്റെ Beyond A Boundary(1963)എന്ന വിഖ്യാതമായ പുസ്തകത്തിന്റെ അന്‍പതാം വാര്‍ഷികം ഇക്കഴിഞ്ഞ 2013 മേയ് മാസത്തില്‍ ഗ്ല്സഗോ സര്‍വ്വകലാശാലയില്‍ പുസ്തകത്തെ കുറിച്ചും ജെയിംസിനെ കുറിച്ചുമുള്ള ഒരു അന്താരഷ്ട്ര കോണ്‍ഫറൻസ് നടത്തിയാണ് ആഘോഷിച്ചത്.

കരീബിയന്‍ റാഡിക്കല്‍ ചിന്തകരെ പോലെ തന്നെ ഭരണകൂടവുമായി ചേര്‍ന്ന് നിന്നിട്ടുള്ള എന്നാല്‍ പോസ്റ്റ്‌ കൊളോണിയല്‍ വിമത രാഷ്ട്രീയത്തിന് ശക്തി പകര്‍ന്ന അക്കാദമിക് ഗവേഷകരും അദ്ധ്യാപകരും ഉണ്ട്. ആര്‍തര്‍ ലൂയിസ് ഉദാഹരണം. നോബല്‍ ജേതാവായ ഈ കരീബിയന്‍ ധനതത്വ ശാസ്ത്രന്ജനെ കുറിച്ച് ഞാന്‍ കലാശാല വിദ്യാഭ്യാസത്തിന്റെ തുടക്കത്തില്‍ അറിയാനിടയായത്‌ സാമ്പത്തികശാസ്ത്രം പഠിച്ചത് കൊണ്ട് മാത്രമാണ് എന്ന് തോന്നുന്നു. മുഖ്യധാരയില്‍ അദ്ദേഹത്തിന്റെ പേര് കേട്ടിരുന്നില്ല. ആതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് തോന്നാമെങ്കിലും ആര്‍തര്‍ ലൂയീസ് കേവലം ഒരു ബൂര്‍ഷ്വാ ധനതത്വശാസ്ത്രഞ്ജന്‍ മാത്രമായിരുന്നില്ല. മൂന്നാം ലോകത്തിന്റെ വികസനത്തെ കുറിച്ച് പാശ്ചാത്യ കേന്ദ്രിതമായ സിദ്ധാന്തങ്ങള്‍ തലങ്ങും വിലങ്ങും ഉയര്‍ന്ന അന്‍പതുകളില്‍ അതില്‍ നിന്ന് വേറിട്ട്‌ ചിന്തിക്കുകയും ക്ലാസിക്കൽ സമ്പദ്ശാസ്ത്രത്തിന്റെ വിമര്‍ശനാത്മക സ്വാംശീകരണതിലൂടെ ഒട്ടൊക്കെ യുക്തിഭദ്രമായ ഒരു വികസന സിദ്ധാന്തം ആവിഷ്കരിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിനായത് കരീബിയന്‍ കൊളോണിയല്‍ ചരിത്രത്തെ രാഷ്ട്രീയമായി ഉപയോഗിച്ചതുകൊണ്ട് കൂടിയാണ്.”Economic Development with Unlimited Supplies of Labour” എന്ന അദ്ദേഹത്തിന്റെ പ്രമുഖ ലേഖനം വികസന പഠനമേഖലയില്‍ തന്നെ പരിപ്രേക്ഷ്യപരമായ ഒരു മാറ്റത്തിനുകാരണമായി. ഇന്നും കേരള സര്‍വ്വകലാശാലയിലെത് അടക്കമുള്ള പല ധനതത്വ ശാസ്ത്ര വകുപ്പുകളിലും ആര്‍തര്‍ ലൂയിസിന്റെ ഈ ലേഖനം പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിന്‍റെ ധൈഷണിക- രാഷ്ട്രീയ ചരിത്ര പശ്ചാത്തലം ചര്‍ച്ച ചെയ്യുന്നുണ്ടോ എന്നതില്‍ സംശയമുണ്ട്‌.

അധീശത്വത്തിന്റെ രാഷ്ട്രീയം സൃഷ്ടിക്കുന്ന വീര്‍പ്പുമുട്ടലുകള്‍ സാംസ്കാരികമായ, പ്രതിനിധാനങ്ങളിലേക്ക് നീങ്ങുന്നത്‌ ഒറ്റയടിപ്പാതകളിയലൂടെയല്ല. അതിന്റെ തീവ്രതയും സാന്ദ്രതയുമൊക്കെ കാലദേശങ്ങള്‍ക്കനുസരിച്ചു വ്യത്യസ്തമായിരിക്കുകയും ചെയ്യും. ബ്രിട്ടീഷ് കവികളുടെ രചനകളായിരുന്നു കൊളോണിയല്‍ കാലത്ത് വെസ്റ്റ് ഇന്ത്യന്‍ കവിതയായി അറിയപ്പെട്ടിരുന്നത്. അതാവട്ടെ ബ്രിട്ടീഷ് കാവ്യപാരമ്പര്യങ്ങളുടെ അനുകരണങ്ങള്‍ മാത്രമായിരുന്നു. യൂറോപ്യന്‍ പാസ്റ്ററല്‍ മാതൃക പിന്തുടര്‍ന്ന് വെസ്റ്റ് ഇന്ത്യന്‍ ഭൂമിശാസ്ത്രത്തെ അവഗണിച്ചുകൊണ്ടുള്ള കവിതകളായിരുന്നു ആ കാലത്ത് എഴുതപ്പെട്ടത്. രചയിതാവാരെന്നറിയാത്ത Whole Proceedings of Captain Dennis’s Expedition (ജമൈക്ക, 1718), അടിമത്തത്തെ അനുകൂലിച്ചെഴുതിയ എം ജെ ചാപ്മാന്റെ Barbadoes(1833) തുടങ്ങിയ രചനകളുടെ ഉദാഹരണം ഇക്കാര്യം വിശദീകരിക്കാന്‍ പാട്കെ നല്‍കുന്നുണ്ട്. കരീബിയന്‍ രാഷ്ട്രീയത്തിന്റെയും സമരങ്ങളുടെയും വിശദമായ ചര്‍ച്ചയിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. മാത്രമല്ല, കരീബിയന്‍ കോളനിവല്‍ക്കരണത്തിന്റെ സങ്കീര്‍ണ്ണമായ ഭൂതകാലം പെട്ടെന്ന് പറഞ്ഞു തീര്‍ക്കാവുന്നതല്ല. സ്പാനിഷ് കരിമ്പ് കൃഷിയില്‍ തുടങ്ങുന്ന അതിദീര്‍ഘമായ ഒരു ചരിത്രമാണത്. കരിമ്പ് പാടങ്ങളിലേക്ക് പതിനേഴാം നൂറ്റാണ്ട് മുതല്‍ ആഫ്രിക്കയില്‍ നിന്ന് കരീബിയന്‍ നാടുകളിലേക്ക് മനുഷ്യക്കടത്ത് നടത്തിയിരുന്നു. അടിമത്തം നിരോധിച്ചതിന് ശേഷമാണ് ഇന്ത്യയില്‍നിന്നും ചൈനയില്‍ നിന്നും കൂലിയടിമകളെ കൊണ്ടുവരുന സമ്പ്രദായം തുടങ്ങിയത്. ഇതാവട്ടെ ഫലത്തില്‍ ട്രാന്‍സ് അറ്റ്ലാന്റിക് അടിമ വ്യാപാരത്തിന്റെ മാതൃകയില്‍ തന്നെ ഉള്ളതായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചതിയും ഭീഷണിയും ബലപ്രയോഗവും കപട വാഗ്ദാനങ്ങളും അനുനയവും എല്ലാം ചേര്‍ന്നുള്ള ദയാരഹിതമായ ഒരു ചൂഷണ വ്യവസ്ഥ ആയിരുന്നു ഇന്ത്യയില്‍ നിന്ന് വൻ തോതില്‍ കൂലിയടിമകളെ കൊണ്ട് പോകാന്‍ അടിമത്തം നിരോധിച്ച ബ്രിട്ടനും സ്വീകരിച്ചത്.

ഇപ്പോഴത്തെ കരീബിയന്‍ ദ്വീപുകളിലെ ഇന്നത്തെ വംശഘടനയില്‍ നിന്ന് തന്നെ വ്യക്തമാവുന്നത് പോലെ തെക്കേ ഇന്ത്യയില്‍ ചെന്നൈ കേന്ദ്രീകരിച്ചും വടക്കേ ഇന്ത്യയില്‍ ഗംഗാസമതലങ്ങളില്‍ നിന്നുമാണ് കൂലിയടിമകള്‍ കടത്തപ്പെട്ടത്‌. ഗയാനയിലെ കവി മഹാദായ് ദാസിന്റെ ഒരു കവിത പാട്കെ ഉദ്ധരിക്കുന്നുണ്ട്:

From across the seas they came

Britain colonizing India, transporting her chains

fromChota Nagpur and Gangetic Plains

they came in droves

like cattle

brown like cattle

eyes limpid like cattle (They came in ships)

അഗാധമായ ഭൂതാതുരതകളുടെ സാഹസിക വ്യവഹാരമായി കവിതയും നോവലും മറ്റു സാഹിത്യ രൂപങ്ങളും മാറുന്നത് എങ്ങനെ എന്നതിന് ഏറ്റവും നല്ല കരീബിയന്‍ ഉദാഹരണം വി എസ നയ്‌പാള്‍ തന്നെയാണ്. ഏതെല്ലാം തരo സ്വീകരണങ്ങളും തിരസ്കാരങ്ങളുമാണ് നയ്‌പാള്‍ നേരിട്ടത് എന്നോര്‍ക്കുമ്പോള്‍ പോസ്റ്റ്‌ കൊളോണിയല്‍ സാക്ഷരതയുടെ സങ്കീര്‍ണ്ണമായ ചരിത്രം കൂടിയാവുന്നു അത്. വലിയ വേദനകളാണ് തോട്ടം തൊഴിലാളികളുടെ പിന്‍തലമുറകള്‍ അനുഭവിക്കേണ്ടി വന്നത്. അടിമത്തത്തിന്റെ, അസ്വതന്ത്രതയുടെ മാനസിക-ശാരീരിക വേദനകള്‍ മാത്രമായി അതിനെ ചുരുക്കി കാണാന്‍ ആവില്ല. ദേശം അകലെയെങ്ങോ ആണെന്ന വിചാരത്തിന്റെ നീറ്റലില്‍ വാക്കുകളെ അര്‍ത്ഥത്തിന്റെ അരാജകത്വത്തില്‍പിന്തുടരുന്ന യാതനാഭരിതമായ ഒരു സാക്ഷരത ആണത്. പാര്‍ശ്വവല്ക്കരിക്കപെടുന്ന എല്ലാവരുടെയും യാതനകളുമായി അതിനു സമാനതകള്‍ ഉണ്ടെങ്കിലും സ്വന്തം ചരിത്രത്ത്തിന്റെ ഭൂഖണ്ഡാന്തര വിഭജനങ്ങള്‍ ഓര്മ്മിക്കുക എന്നത് ദുര്‍ഘടങ്ങള്‍ നിറഞ്ഞ ഒരു രാഷ്ട്രീയ സാംസ്കാരിക യാത്രയാണ്. അതിന്റെ പ്രതിനിധാനങ്ങള്‍ക്ക് സ്വന്തമായി ഭാഷ പോലും ഇല്ലാതെ വരുന്നു എന്നത് അതിനെ കൂടുതല്‍ വ്യഥിതമാക്കുന്നു. ഓര്‍മ്മയുടെ ഈ യാതനയാണ് ഗയാനയിലെ തന്നെ കവി ഷന യര്ദന്‍ (Shana Yardan) വിവരിക്കുന്നത്:

For you cannot remember India

the passage of time

has too long been trampled over

to bear your wistful recollections

and you only know the name

of the ship they brought you on

because your daadi told it to you (Earth is Brown)

ഡെറിക്ക് വാല്‍കോട്ട്, ലൂസി ബെന്നെറ്റ്, ഇ. ഏ. മര്ഖാം, ഗ്രേസ് നിക്കോള്‍സ്, ഡെനിസ് സ്കോട്ട് തുടങ്ങി നിരവധി പ്രമുഖ ആഫ്രിക്കന്‍ വoശജരായ കവികള്‍ കരീബിയന്‍ സാഹിത്യത്തെ ചലനാത്മകമാക്കിയ ചരിത്രമുണ്ടെങ്കിലും ഞാന്‍ തുടര്‍ച്ചയായി ഇന്ത്യന്‍ വംശജരെ ഉദ്ധരിക്കുന്നതിനു ഒരു കാരണം കൂടി ഉണ്ട്. കരീബിയന്‍ പോസ്റ്കൊളോണിയാല്‍ സാഹിത്യത്തെ അടുത്തറിയാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ വായനക്കിടയിലാണ് പ്രശസ്ത കവി ഇ. ഏ. മര്ഖാം എഡിറ്റ്‌ ചെയ്ത ‘Hinter land: Caribbean Poetry from the West Indies & Britain’ (Markham, E. A. 1995, Newcastle upon Tyne:Bloodaxe Books)എന്ന കവിതാ സമാഹാരം ശ്രദ്ധയില്‍ പെടുന്നത്. ആദ്യം നോക്കാന്‍ തോന്നിയത് അതില്‍ ഇന്ത്യന്‍ വംശജരുടെ കവിതകളാണ്. കവികളുടെ ജീവചരിത്രവും, അവരുമായുള്ള അഭിമുഖവും, അവരുടെ തെരഞ്ഞെടുത്ത കവിതകളും ചേര്‍ത്തിട്ടുള്ള പുസ്തകത്തിലെ പതിമ്മൂന്നു കവികളില്‍ ഒരാള്‍ പോലും ഇന്ത്യന്‍ വംശജന്‍ ആയിരുന്നില്ല. ആ സമയത്ത് ട്രിനിനാഡില്‍ നിന്നുള്ള ഇന്ത്യന്‍ വംശജ ആയ ഒരു വിദ്യാര്‍ഥിനി എന്റെ ഒരു (പോസ്റ്റ്‌) ഗ്രാജ്വേറ്റ് ക്ലാസ്സില്‍ ചേര്‍ന്നതും ക്ലാസ് റൂം ചര്‍ച്ചകളില്‍ കരീബിയന്‍ സംസ്കാരവും രാഷ്ട്രീയവും കടന്നു വരാന്‍ ഇടയാക്കി. അങ്ങനെയാണ് ഞാന്‍ കൂടുതല്‍ ഈ കാര്യത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇടയായത്. ഇത്തരം ചില യാദൃശ്ചികതകള്‍ അത്ഭുതപ്പെടുത്തുന്നതാണ് എന്ന് പറയേണ്ടല്ലോ. പഠനവും ഗവേഷണവും പലപ്പോഴും ചില ആകസ്മിക സംഭവങ്ങളിലൂടെ പുതിയ വഴികളിലേക്ക് കടക്കാറുണ്ട്.

ഇന്ത്യന്‍ ദേശീയവികാരം വളര്‍ത്തുക എന്നതല്ല ഈ പംക്തിയുടെ ലക്ഷ്യം. എങ്കിലും നമ്മുടെ പോസ്റ്റ്‌ കൊളോണിയല്‍ ജീവിതത്തില്‍ ‘ദേശീയ’തയുടെ സെമിയോടിക്സ് നിറഞ്ഞു നില്‍ക്കുന്നതിനാല്‍ അതിനെ അവഗണിക്കാന്‍ വയ്യ എന്നതാണ് വസ്തുത. ഇന്ത്യ ഇവിടെ ഒരു ഉദാഹരണം മാത്രമാണ്. ഗായത്രി സ്പിവാക് പറഞ്ഞത് പോലെ, ലോകത്തെവിടെയുമുള്ള ഇന്ത്യന്‍ വംശജരുടെ പാര്‍ശ്വവല്‍ക്കരണത്തെ വിമര്‍ശിക്കുമ്പോള്‍ ഇന്ത്യയിലെ ദളിത് പാര്‍ശ്വ വല്‍ക്കരണം പരിഹരിച്ചിട്ടില്ല എന്നത് വിസ്മരിക്കുന്നതെങ്ങനെ?

എങ്കിലും ഒരു കാലത്ത് യൂറോപ്യന്‍ മൂലധനത്തിന്റെ വിപുലമായ കച്ചവട താല്പര്യങ്ങള്‍ക്കായി ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് അവര്‍ കൊണ്ടുപോയ ഇന്ത്യന്‍ വംശജര്‍ ഇന്ന് പലയിടത്തും കടുത്ത വിവേചനത്തിന്റെ ഇരകളായ ന്യൂനപക്ഷങ്ങളാണ്. മര്ഖാം എഡിറ്റ്‌ ചെയ്ത കരീബിയന്‍ കവിതകളുടെ ആന്തോളജിയില്‍ ഒരു ഇന്ത്യന്‍ കവി ഉണ്ടാകാതിരുന്നതിന്റെ ഒരു കാരണം സസെനരിന്‍ പ്രസാദ് (SasenarinePersaud)എന്ന കരീബിയന്‍ ഇന്ത്യന്‍ കവി ഇങ്ങനെ പകര്‍ത്തിയിരിക്കുന്നു:

I walk in the equatorial heat

Of discriminations everyday

I chew gums with blacks

Who grind apartheid into

Molar dust

And practice it

Here they are the white (In the heat)

പഴയ കൂലിയടിമകളുടെ പിന്മുറക്കാരായ ഇന്ത്യക്കാര്‍ ഇന്ന് അനുഭവിക്കുന്ന വിവേചനത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുക എന്നതിനപ്പുറം ഈ വരികള്‍ ഉദ്ധരിക്കുന്നത്തില്‍ ഇന്ത്യന്‍ ദേശീയതയുടെ കാവലാള്‍പ്പണി ചെയ്യുക എന്ന ഉദ്ദേശമെനിക്കില്ല. എന്നാല്‍ ഇത് ഒരു ചെറിയ പ്രശ്നമല്ല. കരീബിയന്‍ ദ്വീപുകളില്‍ മാത്രമല്ല ഏഷ്യക്കുള്ളില്‍ തന്നെ ഇന്ത്യന്‍ വംശജര്‍ കടുത്ത വര്‍ണ്ണവെറി നേരിടുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. മലേഷ്യയില്‍, സിംഗപ്പൂരില്‍, ഹോങ്ങ് കോങ്ങില്‍, മറ്റു പ്രദേശങ്ങളില്‍ കൊളോണിയല്‍ കാലത്തെ മുതലാളിത്ത സാഹസങ്ങളില്‍ ചിതറിപ്പോയ ഇന്ത്യക്കാര്‍ വേരുകള്‍ നഷ്ടപ്പെട്ടും, വിഭാഗീയതകളുടെ ഇരകളായും വ്യത്യസ്ത തീവ്രതയിലുള്ള വംശനിന്ദ അനുഭവിക്കുന്നുണ്ട്. സിംഗപ്പൂരിലെ വ്യത്യസ്തമായ ചിത്രത്തെ കുറിച്ച് മറ്റൊരിക്കല്‍ വിശദമായി പറയുന്നതിന് മുന്‍പ് മറ്റൊരു തെക്കനേഷ്യന്‍ നഗരത്തിലെ വംശവെറിയും അതിനോടുള്ള ഇന്ത്യന്‍ നിസ്സഹായതയും സൂചിപ്പിക്കേണ്ടതുണ്ട്.

ഹരീന്ദര്‍ വീരയ്യ എന്ന ഇന്ത്യന്‍ വംശജ ആയ മലേഷ്യന്‍ യുവതി ഹോങ്ങ് കോങ്ങിലെ ഒരു ആസ്പത്രിയില്‍ ചികിത്സ ലഭിക്കാതെ മരിച്ചത് ഞാന്‍ അവിടെ ചെല്ലുന്നതിനു അല്‍പ്പകാലം മുന്‍പാണ്. അന്ന് അതവിടെ ഇന്ത്യന്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ചര്‍ച്ച ആയിരുന്നു. എന്നെ സംബന്ധിച്ചേടത്തോളം വ്യക്തിപരമായി തന്നെ പല തരത്തിലുള്ള വിചിന്തനങ്ങള്‍ക്കു ആ സംഭവത്തെ കുറിച്ചുള്ള തിരിച്ചറിവുകള്‍ കാരണമായി. ഹരീന്ദര്‍ പേരെടുത്ത വക്കീലായിരുന്നു. ഇംഗ്ലണ്ടിലും മലേഷ്യയിലും അവര്‍ ജോലി നോക്കിയിട്ടുണ്ട്. അവരുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ ജാക്വിസ് എന്ന വെള്ളക്കാരനായിരുന്നു. ഉയര്‍ന്ന സാമൂഹിക പദവിയും സമ്പത്തും ഉണ്ടായിരുന്ന ദമ്പതികളായിരുന്നു അവര്‍. എന്നാല്‍ ആസ്പത്രിയില്‍ അവര്‍ മരിക്കാന്‍ ഇടയായത് ആവശ്യമായ ചികിത്സ ലഭിക്കാഞ്ഞത് കൊണ്ടാണെന്നും, ചികിത്സ നിഷേധിച്ചത് അവര്‍ ഇന്ത്യന്‍ വംശജ ആയതുകൊണ്ടും ഹോങ്ങ്കോങ്ങിലെ ചൈനീസിതര വംശജരോടുള്ള വിവേചനം അവര്‍ക്ക് നേരെ കാട്ടിയിട്ടാണെന്നും മാര്‍ട്ടില്‍ ജാക്വിസ് പറയുകയും ഇതെകുറിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനം അവിടുത്തെ പ്രമുഖ പത്രമായ ‘സൌത്ത് ചൈനാ മോര്‍ണിംഗ് പോസ്റ്റി’ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ ഈ സംഭവം ഹോങ്ങ് കോങ്ങിലെ വംശീയ വിദ്വേഷങ്ങളെ കുറിച്ചുള്ള പരസ്യമായ ചര്‍ച്ചക്ക് കാരണമായി. മാര്‍ക്സിസ്റ്റ്‌ ചരിത്രകാരനായ എറിക് ഹോബ്സ്ബോം കുടുംബ സമേതം അവരെ സന്ദര്‍ശിച്ച സമയത്തായിരുന്നു ഹരീന്ദറിനു അസുഖം ബാധിച്ചത്.

ഏഷ്യന്‍ വംശീയതയെ മനസ്സിലാക്കുക എന്നത് എന്നെ സംബന്ധിച്ചെടത്തോളം വ്യക്തിപരമായി അതുവരെ ഒരു വലിയ രാഷ്ട്രീയ പ്രശ്നമായിരുന്നില്ല എന്നതാണ് വാസ്തവം. യൂനിവേര്‍സിറ്റി കാമ്പസ്സുകള്‍ പലപ്പോഴും പൊതു സമൂഹത്തിലെ മോശം പ്രവണതകളുടെ വിളനിലങ്ങളല്ല. അവ കൂടുതല്‍ ജാനാധിപത്യപരവും സൌഹൃദപൂര്‍ണ്ണവുമാണ്. തീരെ ഇല്ലെന്നല്ല. അങ്ങനെയാവാന്‍ കാമ്പസുകള്‍ ഭൂമിക്കു പുറത്തല്ലല്ലോ. അത്രയ്ക്ക് പ്രകടമാവാറില്ല എന്നത് സത്യമാണ്. ഇന്ത്യന്‍ കാമ്പസ്സുകളാവട്ടെ പലപ്പോഴും അതി സൂക്ഷ്മമായും ചിലപ്പോള്‍ പ്രകടമായും ജാതി-മത വര്‍ണ്ണ വെറികളുടെ വേദികളാവാറുണ്ട്. ഇപ്പോള്‍ ഹൈദരബാദ് യൂനിവേര്സിറ്റിയില്‍ ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു ഉണ്ടായ സമരങ്ങളും കെ. കെ. ബാബുരാജ് ‘മാതൃഭൂമി’യില്‍ മഹാരാജാസ് കോളേജിനെ കുറിച്ചെഴുതിയ ലേഖനവും ഇത്തരം സംഘര്‍ഷങ്ങളുടെ സൂക്ഷ്മ-സ്ഥൂല മാനങ്ങള്‍ വെളിവാക്കുനതാണ്. ടി. കെ മാധവന്റെ ആത്മകഥയില്‍ ഒരു ബ്രാഹ്മണ വിദ്യാര്‍ഥി മാധവനോട് അയിത്തം കാട്ടാതിരിക്കുകയും, മറ്റൊരു കുട്ടിയോട് അയിത്തത്തെ കുറിച്ച് കര്‍ക്കശനാവുകയും ചെയ്യുന്നതിനു പറഞ്ഞ ന്യായം മാധവന്‍ സഹപാഠി ആണെന്നത് ആയിരുന്നു. മുപ്പതുകളില്‍ പോലും സ്കൂളിനു ഈയൊരു ജനാധിപത്യ തലം ഉണ്ടായിരുന്നു. അതിനര്‍ത്ഥം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എക്കാലത്തും സമഭാവന വളര്‍ത്തുന്നു എന്നല്ല എന്ന് അതിനര്‍ത്ഥം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എക്കാലത്തും സമഭാവന വളര്‍ത്തുന്നു എന്നല്ല . ഇത് കേരള ചരിത്രം നമ്മെ പഠിപ്പിക്കുന്നുമുണ്ട്

യൂനിവേര്‍സിറ്റിയില്‍ തന്നെ താമസിച്ചിരുന്നത് കൊണ്ടാവണം ഹോങ്ങ് കോങ്ങില്‍ എത്തി ആഴ്ചകള്‍ കഴിഞ്ഞിട്ടും അവിടുത്തെ വംശീയ പ്രശ്നത്തെ നേരിട്ടറിയാനുള്ള അവസരങ്ങള്‍ എനിക്കുണ്ടായതേയില്ല. ചില ഇന്ത്യന്‍ വിദ്യാര്‍ഥികളും അധ്യാപകരും നല്‍കിയ സൂചനകളെ ഞാന്‍ അവഗണിക്കുക ആയിരുന്നു പതിവ്. അവിടെ വച്ച് പാസ്പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ടു ഞാന്‍ പരിചയപ്പെട്ട ഇന്ത്യന്‍ എംബസ്സിയിലെ ചെറുപ്പക്കാരനായ ഉദ്യോഗസ്ഥന്റെ ചൈനീസ് വിരുദ്ധ പരദൂഷണവും ഞാന്‍ പുഞ്ചിരിച്ചു തള്ളികളഞ്ഞിരുന്നു. മാത്രമല്ല, ഇത്തരം വിവരങ്ങളും കഥകളും അവിടെ ചെന്നപ്പോള്‍ മുതല്‍ ചൈനീസ് വംശജരായ സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും എനിക്ക് കിട്ടിക്കൊണ്ടിരുന്ന ഊഷ്മളമായ സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും അന്തരീക്ഷത്തില്‍ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുമായിരുന്നു. ഞാന്‍ ഇത് എഴുതുമ്പോള്‍ ഹോങ്ങ് കോങ്ങില്‍ കഴിഞ്ഞ മാസം ഒരു ഇന്ത്യന്‍ വംശജന്‍ ബെയ്ജിങ്ങില്‍ നിന്നുള്ള ഒരു കോളേജ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ആക്രമിച്ചതിന്റെ പേരിലുള്ള സോഷ്യല്‍ മീഡിയ വിവാദം നടക്കുകയാണ്. വോങ്ങ് കാര്‍ വായുടെ ചുങ്ങ്കിംഗ്‌ എക്സ്പ്രസ്സ്‌ എന്ന സിനിമയിലൂടെ ലോകമെങ്ങുംഅറിഞ്ഞ അതെ ചുങ്ങ് കിംഗ്‌ മാന്ഷനിലാണ് ഈ അതിക്രമം നടന്നത്. പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തെങ്കിലും ഇന്ത്യാവിരുദ്ധവികാരം സോഷ്യല്‍ മീഡിയയില്‍ ആളിപ്പടരുകയാണ്. ബലാല്‍സംഗം ഇന്ത്യയുടെ ദേശീയ വിനോദമാണെന്നു വരെ കമന്റുകള്‍ വരുന്നുണ്ട്. അതവിടെ നില്‍ക്കട്ടെ.

വെള്ളക്കാര്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയുമൊക്കെ നിറവ്യത്യാസമുള്ള മനുഷ്യരോട് കാട്ടുന്ന വിവേചനം വംശീയതയുടെ ഏറ്റവും നിന്ദ്യമായ രൂപമാണെന്നു തിരിച്ചറിയുന്ന ഒരാള്‍ എന്ന നിലയില്‍ ഏഷ്യക്കുള്ളിലെ വംശീയ വിദ്വേഷങ്ങളുടെയും ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഗോത്രയുദ്ധങ്ങളുടെയും രാഷ്ട്രീയ സമ്പത്ത്ശാസ്ത്രത്തെ ഞാന്‍ ഒരിക്കലും യൂറോ-യൂ.എസ് മാതൃകയിലുള്ള വംശീയതയുമായി താരതമ്യപ്പെടുത്തി വീക്ഷിച്ചിട്ടില്ല. ഇതിന്‍റെ ഒരു കുഴപ്പം ഏഷ്യയിലെ വംശീയതയെ രാഷ്ട്രീയമായി അവഗണിക്കാന്‍ അത് ഇടയാക്കുന്നു എന്നതാണ്. തീര്‍ച്ചയായും ഇത് പെരുപ്പിച്ചു കാട്ടുന്നത് സഹായകമാവുക യൂറോപ്പിലെ യാഥാസ്ഥിതിക രാഷ്ട്രീയത്തിന് മാത്രമാണ്. എന്നെ സംബന്ധിച്ചെടത്തോളം അന്നും ഇന്നും ആത്യന്തികമായി രാഷ്ട്രീയം തന്നെയാണ് നിലപാടുകള്‍ എടുക്കുന്നതിനുള്ള മാനദണ്ഡം. വൈകാരികമായ സമീപനം പലപ്പോഴും രാഷ്ട്രീയമായ കൃത്യതകളെ ചതിക്കുന്നതയാണ് കണ്ടു വരുന്നത്. എപ്പോഴും നിയതമായ കളത്തില്‍ തന്നെ ചവുട്ടി നിന്ന് രാഷ്ട്രീയകൃത്യത പാലിക്കുന്നതിനു സാധിക്കുമെന്നോ അത് മാത്രമാണ് ശരിയായ സമീപനമെന്നോ അല്ല. ശ്രമിക്കേണ്ടത് വിപുലമായ രാഷ്ട്രീയസഖ്യങ്ങളെ രൂപപ്പെടുത്താനും നില നിര്ത്താനുമാണ് എന്നതാണ് എന്‍റെ സമീപനം. സിവില്‍ സമൂഹത്തിലെ രാഷ്ട്രീയമുന്നണി തിരഞ്ഞെടുപ്പുകൾ ജയിക്കാനുള്ളതല്ല . കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള വിശാലമായ ചേരിയാണത്.

സ്ത്രീകള്‍ക്ക് അനുകൂലമായ നിരവധി നിയമ നിര്‍മ്മാണങ്ങള്‍ ഉണ്ടായത് ഇന്ത്യയില്‍ ഫെമിന്സിറ്റ് പ്രസ്ഥാനം ശക്തിപ്പെട്ടതിനു ശേഷം മാത്രമാണ്. ജാതിപരമായ പ്രശ്നങ്ങളില്‍ കര്‍ശന നിയമ നിര്‍മ്മാണങ്ങള്‍ ഉണ്ടായത് ദളിത്‌ പ്രസ്ഥാനം സംഘടിത സിവില്‍ സമൂഹരാഷ്ട്രീയത്തിലേക്ക് നീങ്ങിയതിനു ശേഷമാണ്. ശക്തമായ പരിസ്ഥിതി നിയമങ്ങള്‍ ഉണ്ടായതും, വമ്പന്‍ ട്രേഡ് യൂണിയനുകളെ പോലും അടിയറവു പറയിപ്പിക്കുന്ന രീതിയില്‍ പൊതു സമൂഹത്തില്‍ പരിസ്ഥിതി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട് അഭിപ്രായ രൂപീകരണം സാധ്യമായതും പരിസ്ഥിതിരാഷ്ട്രീയം പ്രചരിച്ചതോടെയാണ്‌. ഒരു രാഷ്ട്രീയപാര്‍ട്ടിയും മുന്‍കൈ എടുത്തിട്ടായിരിക്കില്ല ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായ നിയമനിര്‍മ്മാണങ്ങള്‍ ഇനി ഉണ്ടാകുവാന്‍ പോകുന്നത്. തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിന് ഉപരിയായി നടക്കുന്ന ഇത്തരം വിപുലമായ ആശയ സമരങ്ങളിലൂടെയാണ് ജനാധിപത്യം ശക്തിപ്പെടുന്നതും പൌരത്വത്തിന്റെ പ്രശ്നം നിരന്തരം ഉന്നയിക്കപ്പെടുന്നതും.

അത്തരം ഒരു പൊതു നിലപാടുള്ളതിനാല്‍ ഏഷ്യയിലെ ഇത്തരം വംശീയ വിദ്വേഷങ്ങളെ ഒരു പരിധി വരെ അവഗണിക്കുക എന്നതായിരുന്നു എന്റെ സമീപനം. യൂറോ-യൂ.എസ് വര്‍ണ്ണവിവേചനത്തിനെതിരെ ഒരുമിക്കേണ്ടവര്‍ക്കിടയിലെ ഈ ചെറിയ പിണക്കങ്ങളെ എന്തിനു കാര്യമാക്കുന്നു എന്ന് ചിന്തിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ഹരീന്ദര്‍ വീരയ്യയുടെ മരണം സംഭവിക്കുന്നതും അവരുടെ വെള്ളക്കാരനായ ഭര്‍ത്താവ് ഹോങ്ങ്കോങ്ങിലെ ഭരണകൂടത്തിനും തദ്ദേശ വാസികള്‍ക്കുമെതിരെ ഗുരുതരമായ വര്‍ണ്ണ വിവേചണം ആരോപിക്കുന്നതും. ജാക്വിസ്സിന്‍റെ ലേഖനം പല തലത്തില്‍ വായിക്കാവുന്നതായിരുന്നു. ജാക്വിസ് മാര്‍ട്ടിന്റെ പ്രധാന ആരോപണം ഹോങ്ങ്കോങ്ങിലെ വംശ വെറി വെള്ളക്കാരൊഴികെയുള്ള ന്യൂനപക്ഷങ്ങളോടാണ് എന്നതായിരുന്നു. മൂന്നു ലക്ഷം വരുന്ന ഫിലിപ്പിനാ വീട്ടു ജോലിക്കാര്‍, ഇന്ത്യക്കാര്‍, ആഫ്രിക്കക്കാര്‍, നേപ്പാളികള്‍, പാക്കിസ്ഥാനികള്‍ തുടങ്ങിയവരോടൊക്കെ ആണു ഹോങ്ങ്കോങ്ങുകാര്‍ വിവേചനം കാട്ടുന്നതെന്നും തങ്ങളെ ചൂഷണം ചെയ്യുകയും അടക്കി ഭരിക്കുകയും ചെയ്ത വെള്ളക്കാരോട് അവര്‍ക്ക് യാതൊരു വിദ്വേഷവുമില്ലെന്നുമായിരുന്നു ജാക്വിസ് എഴുതിയത്. എന്നാല്‍ ഇത്തരമൊരു വംശീയ സ്വഭാവം ഹോങ്ങ്കോങ്ങിനു നല്‍കുന്നതില്‍ ബ്രിട്ടീഷ് ഭരണം വഹിച്ച പങ്കിനെ കുറിച്ച് അദ്ദേഹം മിണ്ടുന്നതേയില്ല.

ഇത് ഹോങ്ങ്കോങ്ങിന്റെ ഒറ്റപ്പെട്ട സ്ഥിതിയല്ല. എഷ്യയിലുടനീളം കൊളോണിയല്‍ ഭരണത്തിന്റെ ബാക്കിപത്രമായി പരസ്പര വിദ്വേഷത്തിന്റെ, അപരനിന്ദയുടെ, അവിശ്വാസത്തിന്റെ, പുച്ഛത്തിന്റെ, ഭീതിയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. പോസ്റ്റ്‌ കൊളോണിയല്‍ ഏഷ്യ, പഴയ യൂറോപ്പ് കൊടിയ പരസ്പര വൈരത്തിന്റെ വിത്ത് പാകി മുളപ്പിച്ചു വളര്‍ത്തിയാണ് ഉപേക്ഷിച്ചത്. നവ കൊളോണിയലിസത്തിന്റെ സാംസ്കാരിക അടിത്തറ യൂറോപ്യന്‍ അധീശത്വത്തിന്റെ മാത്രം സംഭാവനയായ ഏഷ്യയുടെ ഈ കെട്ടടങ്ങാത്ത പരസ്പര വംശീയസ്പര്‍ദ്ധയാണ്.

യൂറോപ്പിലെ ഏഷ്യാ വിരുദ്ധതയും ഏഷ്യയിലെ വംശീയസ്പര്‍ദ്ധയും പ്രതിനിധാനം ചെയ്യുന്നത് തികച്ചും വ്യത്യസ്തമായ രണ്ടു ആഗോള രാഷ്ട്രീയത്തെയാണ്. ഒന്ന് പഴയ കൊളോണിയല്‍ മേധാവിത്തത്തിന്റെ തുടര്‍ച്ചയാണ്. എഷ്യയിലേത് ആ മേധാവിത്തം സൃഷിടിച്ച ചരിത്രപരമായ അന്യഥാത്വത്തിന്റെ ബഹിര്‍സ്ഫുരണമാണ്. ഈ വ്യത്യാസം പ്രധാനമാണ് എന്ന് ഞാന്‍ കരുതുന്നു. ‘ഏഷ്യന്‍ നൂറ്റാണ്ട്’ എന്ന് വിശേഷിപ്പിക്കപെടുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കടുത്ത സാംസ്കാരിക നിസ്സഹായതകളുടെ യാതനകളാണ് ഏഷ്യന്‍ രാജ്യങ്ങളിലെ ഇന്ത്യക്കാരും ദക്ഷിണേഷ്യന്‍ വംശജര്‍ പൊതുവെയും നേരിടുന്നത് എന്ന വസ്തുത മറച്ചു വയ്ക്കാന്‍ കഴിയില്ല. ഇത് ഒരിക്കലും ഇന്ത്യയുടെ മാത്രം കഥയല്ല. ശ്രീലങ്ക മുതല്‍ പാകിസ്ഥാൻ വരെയുള്ള തെക്കനേഷ്യന്‍ രാജ്യങ്ങളിലെ കൊളോണിയല്‍ കുടിയേറ്റക്കാര്‍ മറ്റ് ഏഷ്യന്‍ നഗരങ്ങളില്‍ അനുഭവിക്കുന്ന നിത്യ ജീവിതത്തിന്റെ ദുഷ്കര യാഥാർത്ഥ്യമാണ്.

കരീബിയന്‍ ദ്വീപുകളില്‍ എന്നത് പോലെ ധീരമായി ഏഷ്യന്‍ രാജ്യങ്ങളിലെ കുടിയേറ്റ ഇന്ത്യക്കാരുടെ പിന്‍തലമുറകളില്‍ നിന്ന് സാസ്കാരിക പ്രതിനിധാനത്തിന്റെ ശബ്ദങ്ങള്‍ ഇനിയും ഉച്ചത്തില്‍ കേട്ട് തുടങ്ങിയിട്ടില്ല. മലേഷ്യയിലെ ദീപക് കുമാരന്‍ മേനന്റെ സിനിമ പ്രവര്‍ത്തനത്തെ കുറിച്ച് ഞാന്‍ കഴിഞ്ഞ ലക്കത്തില്‍ എഴുതിയിരുന്നു. ഹോങ്ങ്കോങ്ങിലാവട്ടെ, ഈ അടുത്ത കാലത്താണ് ഇന്ത്യന്‍ എഴുത്തുകാര്‍ എന്നൊക്കെ പറഞ്ഞു തുടങ്ങുന്നത് തന്നെ. എടുത്തു പറയത്തക്ക സംഭാവനകളൊന്നും അവരുടേതായി ഉണ്ടായിട്ടില്ല. ‘The Long Walk Home’ (2009) ‘The Taj Conspiracy’ (2012) തുടങ്ങിയ നോവലുകള്‍ പ്രസിദ്ധീകരിച്ച മന്‍റീത് സോധി സോമേശ്വര്‍, ‘Karmic Blues’(2005) ‘The Silent Monument’ (2012) തുടങ്ങിയ നോവലുകള്‍ എഴുതിയ ശോഭ നിഹലാനി എന്നിങ്ങനെ വിരലില്‍ എണ്ണാവുന്ന ഇന്ത്യന്‍ എഴുത്തുകാരേ ഹോങ്ങ്കോങ്ങില്‍ നിന്ന് ഉണ്ടായിട്ടുള്ളു. ഇതൊക്കെ സാഹിത്യത്തിന്റെ വലിയ ധര്‍മ്മങ്ങള്‍ ഈട്ടെടുക്കുന്ന രചനകളല്ല. ഞാന്‍ ഷാനറുകളുടെ വക്താവല്ല. എങ്കിലും ഒന്നോ രണ്ടോ യുവഎഴുത്തുകാരുടെ ചെറിയ ക്രൈം ത്രില്ലറുകളുടെ അടിസ്ഥാനത്തില്‍ ഹോങ്ങ്കോങ്ങിലെ ‘ഇന്ത്യന്‍ സാഹിത്യം’ വിലയിരുത്തുവാന്‍ സാധ്യമല്ലെന്ന് പറയാന്‍ ഞാന്‍ ഉത്തരാധുനികതയോട് മുഴുവന്‍ ഖേദം രേഖപ്പെടുത്തേണ്ടണ്ടതില്ല. ഇത് തന്നെയും വളരെ സമീപകാലത്തെ സംഭവവികാസമാണ്. ഇന്ത്യന്‍ രചനകള്‍ യൂറോപ്പിലെയും അമേരിക്കയിലെയും മണ്ണില്‍ ശക്തി പ്രാപിക്കുകയും വളരുകയും ചെയ്യുന്നുന്ടെങ്കിലും അതിനു സമാനമായ ഒരു പ്രവണത ഏഷ്യയിലെ ഇന്ത്യന്‍ ഡയസ്പൊറയില്‍ ദൃശ്യമല്ല. അസ്തിത്വത്തിന്റെ രാഷ്ട്രീയം ഈ രണ്ടു ഭൂഖണ്ഡങ്ങളിലും തികച്ചും വ്യത്യസ്തങ്ങളാണ് എന്നതാണ് ഇതിന്റെ കാരണം. യൂറോപ്പിനെ നമുക്ക് അവരുടെ സാമൂഹികമായ കുറ്റബോധം കൊണ്ട് കുറച്ചെങ്കിലും നേരിടാം. അവര്‍ നമ്മെ കൊണ്ട് പോയി ചാടിച്ച ഹോങ്ങ്കോങ്ങിലും വെസ്റ്റ് ഇന്‍ഡീസ്സിലും സിംഗപ്പൂരിലുമൊക്കെ കൊളോണിയല്‍ യജമാനന്മാര്‍ പൊയ്ക്കഴിഞ്ഞ ചരിത്രത്തിന്റെ പുതിയ വേദിയില്‍ ന്യൂനപക്ഷമായ ഇന്ത്യന്‍ വംശജര്‍ സൂക്ഷ്മവും സ്ഥൂലവുമായ വംശവെറികളുടെ പശ്ചാത്തലത്തില്‍ പൌരത്വത്തിന്റെ കുഴക്കുന്ന പദപ്രശ്നത്തിനു ഉത്തരം കാണാന്‍ അറിയാതെ, സ്വന്തം വേദനകളുടെ പ്രതിനിധാനത്തിനു ഭാഷയില്ലാതെ, സാഹിത്യമില്ലാതെ പകച്ചു നില്‍ക്കുകയാണ്.

Categories
Malayalam Articles

കവിതയും സാമ്രാജ്യത്വവും കോഴിക്കോട് സര്‍വകലാശാലയും

കവിതയും സാമ്രാജ്യത്വവും കോഴിക്കോട് സര്‍വകലാശാലയും

ഡോ. ടി ടി ശ്രീകുമാര്‍ (ജൂലൈ 25, 2013 ഇന്ത്യാ വിഷന്‍ അതിഥി)

എന്തിനാണ് മുന്‍ ഗ്വാണ്ടനാമോ തടവുകാരനായ അല്‍ റുബായിഷിന്‍റെ ‘കടലിനു ഒരു ഗീതം’ എന്ന ഇംഗ്ലീഷ് ബിരുദ പഠനത്തിനു ഉള്‍ക്കൊള്ളിച്ചിരുന്ന കവിത കോഴിക്കോട് സര്‍വകലാശാല ഇപ്പോള്‍ തിടുക്കപ്പെട്ടു പിന്‍വലിച്ചത്? കവിത എഴുതിയത് അല്‍ഖ്വൈദയുടെ ഭാഗമായ അല്‍ റുബായിഷ് എന്നാ ഭീകരവാദി ആണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ കവിത പഠിപ്പിക്കരുതെന്നും ആവശ്യപ്പെട്ടത് സംഘ പരിവാര്‍ ആണ്. കവിത തെരെഞ്ഞെടുത്തതിന്റെ മാനദണ്ഡം സര്‍വ്വകലാശാല തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യത്തെ കുറിച്ചുള്ള, മനുഷ്യാവകാശത്തെ കുറിച്ചുള്ള കവിതകളുടെ സമാഹാരത്തിലാണ് ഈ കവിത ഉള്‍പ്പെടുത്തിയത്. കവിതയുടെ സാഹിത്യ മൂല്യത്തെ കുറിച്ച് പാരമ്പര്യ വാദികള്‍ക്ക് പോലും സംശയമുണ്ടായിരുന്നില്ല. അല്‍ റുബായിഷിന്‍റെ കവിത മനുഷ്യന്റെ മോചനപ്രതീക്ഷയുടെ തീക്ഷ്ണമായ ഒരു സന്ദര്‍ഭത്തെ ആവിഷ്കരിക്കുന്നതാണ് എന്ന കാര്യത്തില്‍ ജനാധിപത്യ വാദികള്‍ക്ക് തര്‍ക്കമുണ്ടായിരുന്നില്ല.

അതിനൊരു കാരണം ഉണ്ടായിരുന്നു. ലോകമെങ്ങുമുള്ള ജനാധിപത്യ വാദികള്‍ അപലപിച്ചുകൊണ്ടിരിക്കുന്നതാണ് ഗ്വാണ്ടനാമോയിലെ ലോക നിയമങ്ങള്‍ക്കു വിരുദ്ധമായ അമേരിക്കന്‍ തടവറയും അവിടുത്തെ കൊടും പീഡനങ്ങളും. അവിടെ അടക്കപ്പെട്ടിരിക്കുന്നവരില്‍ പലര്‍ക്കും എതിരെ അമേരിക്കന്‍ കോടതികള്‍ക്ക് പോലും വിശ്വാസ്യമായ തെളിവുകള്‍ കൊണ്ട് വരാന്‍ സാധിക്കാതെ സൈന്യവും ഭരണകൂടവും ബുദ്ധിമുട്ടുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. ആ തടവറയിലെ ദുസ്സഹമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ അടങ്ങാത്ത സ്വാതന്ത്ര്യ ദാഹത്തോടെ കരി കൊണ്ടും പേസ്റ്റ് കൊണ്ടും ഒക്കെ ചുവരിലും പാത്രങ്ങളിലുമൊക്കെ എഴുതിയ കവിതകള്‍ ‘Poems from Guantanamo: The Detainees Speak’ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ നിന്നാണ് സര്‍വകലാശാല ഈ കവിത തെരഞ്ഞെടുത്തിരുന്നത്. ഉന്നതമായ കവിത്വശക്തിയും സാര്‍വലൌകികമായ സ്വാതന്ത്ര്യ സന്ദേശവും, ഇരുട്ടറയിലെ ലോകം അപലപിച്ച പീഡിത ജീവിതത്തിന്റെ മുറിവിലെ രക്തമായി പുറത്തേക്കു വന്നപ്പോള്‍ ഉണ്ടായ സ്വീകാര്യതയാണ് ഗ്വാണ്ടനാമോക്കവിതകളില്‍ തന്നെ അല്‍ റുബായിഷിന്‍റെ കവിതയെ വ്യതസ്തമാക്കിയത്.

സോവിയറ്റ് യൂണിയനില ലേബര്‍ ക്യാമ്പുകളില്‍, നാസി ജര്‍മനിയിലെ കൊണ്സേന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഒക്കെ ഇതുപോലെ തടവുകാര്‍ കവിതകള്‍ എഴുത്തിയിട്ടുണ്ട്. ജീവിതം നിരാശയുടെ പടുകുഴിയില്‍ പൊള്ളിപ്പിടയുമ്പോഴും, പ്രത്യാശയുടെ ഒരു വിദൂര കിരണം പോലും ഇരുട്ടറയിലേക്ക് കടക്കാതിരിക്കുന്ന ദുസ്സഹ കാലത്തെ തരണം ചെയ്യാന്‍, മര്‍ദ്ദനത്തിന്റെയും അന്തസ്സ് ചോദ്യം ചെയ്യപ്പെടുന്നതിന്റെയും നിത്യമായ അപമാനനത്തിന്റെയും നിസ്സീമമായ വേദനകളെ മറികടക്കാന്‍ തടവുകാര്‍ കണ്ടെത്തുന്ന മാര്‍ഗ്ഗമാണ് രഹസ്യമായ സാഹിത്യ രചന. കടലാസും പേനയുമില്ലാതെ, മറ്റു എഴുത്തുപകരണങ്ങള്‍ ഒന്നുമില്ലാതെ തടവറയില്‍ കിട്ടുന്ന സാമഗ്രികള്‍ കൊണ്ട് ഒരിക്കലുo മറ്റാരും വായിക്കാന്‍ കൂടി ഇടയില്ലെന്ന് വിശ്വസിച്ചുകൊണ്ടു തന്നെ എഴുതി വയ്ക്കുന്ന കവിതകള്‍ മനുഷ്യ സ്വാതന്ത്ര്യ വാഞ്ചയുടെ എക്കാലത്തെയും വലിയ പ്രതീകങ്ങളാണ്.

ഗ്വാണ്ടനാമോ തടവറ കേരളത്തിനു അപരിചിതമല്ല. കേരളീയ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒക്കെ ഗ്വാണ്ടനാമോയിലെ അമേരിക്കന്‍ സൈന്യ ഭീകരതയെ അപലപിച്ചിട്ടുണ്ട്. അവിടെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ് എന്ന് കവലകള്‍ തോറും നേതാക്കള്‍ പ്രസംഗിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ ഇങ്ങനെ തെരുവുകളില്‍ തൂക്കിയിട്ടു പ്രദര്‍ശിപ്പിക്കുന്ന സാമ്രാജ്യത്വ വിരുദ്ധത കുറച്ചു കേരള മുത്തലിക്കുകള്‍ വിരല്‍ വിറപ്പിച്ചപ്പോള്‍ കാണാതാവുകയാണ്. ഗ്വാണ്ടനമോയിലെ പീഡനത്തെ കുറിച്ച് കണ്ണീര്‍ ഫീച്ചര്‍ എഴുതാം. സാമ്രാജ്യത്വത്തെ അപലപിക്കാം. ഒബാമയുടെ കോലം കത്തിക്കാം. സ്നോഡനു അഭയം കൊടുക്കാത്തതിനു മന്‍മോഹന്‍ സിംഗിനെ ആക്രമിക്കാം. എന്നാല്‍ പീഡനം അനുഭവിച്ചവര്‍ അതെ കുറിച്ച് കവിത എഴുതുന്നത് നിരോധിക്കണം എന്ന് പറഞ്ഞു ഹിന്ദുത്വ വാദികള്‍ ഇളകി വരുമ്പോള്‍ പ്രതിരോധിക്കാന്‍ വിദ്യാര്‍ഥി സംഘടനകളും അദ്ധ്യാപക സംഘടനകളും യുവജന സംഘടനകളും ഒന്നുമില്ല. സമരവുമില്ല, പ്രതിഷേധവുമില്ല. ആരും ഒന്നും കേട്ടില്ല, കണ്ടില്ല.

അല്‍ റുബായിഷ് ഭീകരവാദിയാണോ എന്നത് ഈ സന്ദര്‍ഭത്തില്‍ പ്രസക്തമല്ലെങ്കില്‍ പോലും, ആ ആരോപണം തന്നെയും പൂര്‍ണ്ണമായും സത്യമല്ല എന്നാണു മനസ്സിലാകുന്നത്‌. Poems from Guantánamo: The Detainees Speak, എന്ന പുസ്തകത്തിന്റെ എഡിറ്റര്‍ മാര്‍ക്ക് ഫല്ക്കൊഫ് അല്‍ റുബായിഷിനെ പരിചയപ്പെടുത്തുന്നത് അദ്ദേഹം പാകിസ്ഥാനില്‍ അദ്ധ്യാപകന്‍ ആയിരുന്നപ്പോള്‍ കൂലിപ്പട്ടാളക്കാര്‍ അറസ്റ്റ് ചെയ്തു അമേരിക്കയെ ഏല്‍പ്പിക്കുക ആയിരുന്നു എന്നാണു. അഞ്ചു വര്ഷം ഗ്വാണ്ടനാമോ യില്‍ തടവിലായിരുന്ന അദ്ദേഹം പിന്നീട് മോചിതനായി. വിക്കിപ്പീടിയയിലും മറ്റും കൊടുത്തിട്ടുള്ള വിവരങ്ങള്‍ വസ്തുതാപരമാണോ എന്ന് സംശയമുണ്ട്‌. സൗദിയുടെ ഭീകരവാദ ലിസ്റ്റ് എന്നൊക്കെ പറയുന്നതും ഇന്നത്തെ അമേരിക്കന്‍ സൗദി ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസയോഗ്യമല്ല എന്നാണു തോന്നുന്നത്.

ഗ്വാണ്ടനാമോ കവിതകള്‍ ഒരു തീവ്രവാദ സംഘടനയുടെയും രഹസ്യ പ്രസിദ്ധീകരണമല്ല. അതിലെ വിരങ്ങള്‍ക്കുള്ള ഉത്തരവാടുത്തം അത് എഡിറ്റ്‌ ചെയ്ത പ്രോഫസ്സര്‍ ഫല്‍ക്കൊഫ്ഫിനുള്ളതാണ്. അദ്ദേഹം അമേരിക്കയിലെ നോര്‍ത്തേന്‍ ഇലിനോയിസ് യൂനിവേര്സിറ്റിയിലെ നിയമ വിഭാഗത്തില്‍ അദ്ധ്യാപകനാണ്. അത് പ്രസിദ്ധീകരിച്ചത് അമേരിക്കയിലെ പ്രസിദ്ധമായ അയോവ സര്‍വകലാശാലയാണ്. അമേരിക്കയിലെ ഒരു പ്രോഫസ്സര്‍ എഡിറ്റ്‌ ചെയ്തു അവിടുത്തെ മറ്റൊരു പ്രശസ്ത സര്‍വകലാശാല പ്രസിദ്ധീകരിച് അവിടുത്തെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരു പുസ്തകത്തിലെ കവിതയാണ് ഇവിടെ നിരോധിക്കണം എന്ന് പറഞ്ഞു ശബ്ദമുയര്ത്തുന്നത്. അമേരിക്കയിലെ സര്‍വ്വകലാശാലകള്‍ക്കില്ലാത്ത എന്ത് ഭീതിയാണ് ഇവിടെ ഈ കവിത പഠിപ്പിക്കുന്നതില്‍ കോഴിക്കോട് സര്‍വ്വകലാശാലക്കുള്ളത് എന്ന് മനസ്സിലാവുന്നില്ല.

കവിത പിന്‍ വലിച്ച തീരുമാനമാണ് സര്‍വ്വകലാശാല പിന്‍ വലിക്കേണ്ടത്. അതിനായി വേണം ജനാധിപത്യവാദികള്‍ ശബ്ദമുയര്ത്തെണ്ടത് എന്നാണ് എന്റെ അഭിപ്രായം.

Categories
Malayalam Articles

യൂറോപ്പും ഏഷ്യകളും ആഗോള രാഷ്ട്രീയവും

യൂറോപ്പും ഏഷ്യകളും ആഗോള രാഷ്ട്രീയവും

ഡോ. ടി ടി ശ്രീകുമാര്‍ (മാതൃഭുമി ആഴ്ചപ്പതിപ്പ് 2013 ജൂണ്‍ 23)

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവൽ വേദിയില്‍ വച്ചാണ് ദീപക് കുമരന്‍ മേനന്‍ എന്ന ചെറുപ്പക്കാരനെ ഞാന്‍ പരിചയപ്പെടുന്നത്. അവിടെ അയാളുടെ ഒരു സിനിമ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. സിനിമയുടെ പേര് ‘ചെമ്മണ്‍ ചാലൈ’ (The Gravel Road). കുമരന്‍ മേനന്‍ എന്നത് കുമാരന്‍ മേനോന്‍ ആണ് എന്നും അയാള്‍ മലയാളി ആണ് എന്നും ഞാന്‍ സംശയിച്ചു. സംശയം പൂര്‍ണ്ണമായും തെറ്റായിരുന്നില്ല. അച്ഛന്‍ കുമാരന്‍ മേനോന്‍ തന്നെ. പക്ഷെ അമ്മ തമിഴ് വംശജ ആയിരുന്നു. മലേഷ്യയിലെ ബ്രിട്ടീഷ് തോട്ടങ്ങളിലൊന്നില്‍ ആയിരുന്നു അവര്‍ പണിയെടുത്തിരുന്നത്‌. മലയാളം അല്ല, തമിഴാണ് മാതൃഭാഷയായി കരുതിപ്പോരുന്നത്. അച്ഛനും തമിഴാണ് സംസാരിച്ചിരുന്നത്. മലയാളം പറയാറെയില്ല. തീരെ അറിഞ്ഞുകൂടാ എന്നുതന്നെ പറയാം. റബ്ബര്‍ തോട്ടത്തിലാണ് ദീപക് ജനിച്ചു വളര്‍ന്നത്‌. അന്ന് ഇരുപതുകളില്‍ എത്തി നിന്ന ആ ചെറുപ്പക്കാരന്റെ ചെമ്മണ്‍ ചാലൈ എന്ന സിനിമയുടെ പ്രദര്‍ശനം കൂടാതെ അയാളുമായുള്ള ആശയ സംവാദവും ഉണ്ടായിരുന്നു. ആ സിനിമ കാണാന്‍ പോകാനുള്ള കാരണം അതിനെ കുറിച്ചുള്ള ലഘുവിവരണത്തില്‍ ഉണ്ടായിരുന്ന രണ്ടു രസകരമായ പരാമര്‍ശങ്ങള്‍ കൂടി ആയിരുന്നു. ഒന്ന് ഇത് മലേഷ്യയിലെ ആദ്യത്തെ തമിഴ് ചിത്രമാണ്; രണ്ട്, ഇത് ഡാന്‍സും പാട്ടുമില്ലാത്ത തമിഴ് ചിത്രമാണ്!. ഡാന്‍സും പാട്ടുമില്ലാത്തത് മലേഷ്യയില്‍ അതെല്ലാം നിരോധിച്ചിട്ടൊന്നുമല്ല. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമെന്നത് കേള്‍ക്കുമ്പോള്‍ അതെക്കുറിച്ച് മുന്‍വിധികള്‍ ഉള്ളവര്‍ക്ക് മാത്രമേ അങ്ങനെ തോന്നേണ്ടതുള്ളു. അടൂരിന്റെ ‘സ്വയംവരം’ പോലെ നിശിതമായ റിയലിസത്തിന്റെ ചട്ടക്കൂടില്‍ എടുത്തിട്ടുള്ള സിനിമയായിരുന്നു ചെമ്മണ്‍ ചാലൈ. മാത്രമല്ല മലേഷ്യയിലെ ഇന്ത്യന്‍ വംശജർക്കി ടയില്‍ ഇന്ത്യയില്‍ നിന്നുള്ള മുഖ്യ ധാര തമിഴ് സിനിമകള്‍ക്ക് വലിയ പ്രചാരമാണുള്ളത്. അത്തരം സിനിമകളുമായുള്ള ഒരു നിഷേധപരമായ താരതമ്യം ബോധപൂര്‍വം കൊണ്ട് വരിക ആയിരുന്നു പരസ്യത്തില്‍ ദീപക് ചെയ്തത്. എന്നാല്‍ അതൊന്നുമല്ല ദീപക്കിന്റെ സിനിമയെ ശ്രദ്ധേയമാക്കിയത്. ഹതാശമായ ഒരു ചരിത്രത്തില്‍ നിന്ന് കുടിയേറ്റക്കാരുടെ ജീവിതത്തിന്റെ ഒരു വശം കണ്ടെടുക്കുകയും ആത്മാംശത്തോടെ അത് അവതരിപ്പിക്കുകയും ചെയ്തു എന്നതായിരുന്നു ആ ചെറിയ സിനിമയെ ലോക വേദികളില്‍ ശ്രദ്ധേയമാക്കിയത്. നിരവധി പുരസ്കാരങ്ങള്‍ ആ 35 mm ചിത്രത്തിനു ലഭിച്ചിട്ടുണ്ട്. ഒരു തോട്ടം തൊഴിലാളി കുടുംബത്തിലെ പെണ്‍കുട്ടി അവള്‍ക്കു അപ്രാപ്യമായിരുന്ന യൂനിവേര്‍സിറ്റി വിദ്യാഭ്യാസത്തിന് പോകാന്‍ തയ്യാറെടുക്കുന്നതായിരുന്നു ചിത്രത്തിന്റെ ലളിതമായ ഇതി വൃത്തം. ഈ സിനിമയെ കുറിച്ച് വിശദമായി ഡേവിഡ് വാല്‍ഷ് വേള്‍ഡ് സോഷ്യലിസ്റ്റ് വെബ്‌ സൈറ്റില്‍ എഴുതിയിട്ടുണ്ട്. 2005 -ലെ ഏറ്റവും നല്ല ലോക ചിത്രങ്ങളില്‍ ഒന്നായി അദ്ദേഹം ഈ സിനിമ തിരഞ്ഞെടുത്തിരുന്നു. സിനിമയോളം തന്നെ ശക്തമായിരുന്നു ദീപക് നടത്തിയ ഒരു പ്രസ്താവനയും. സിനിമാ പ്രദര്‍ശനം കഴിഞ്ഞു ആശയ സംവാദം തുടങ്ങിയപ്പോള്‍ ആവേശഭരിതരായി ഇരുന്ന കാണികളോട് ദീപക് പറഞ്ഞു: “I am a foreign Director in my own country”. ഏറെ അര്‍ഥങ്ങള്‍ ഉള്ള പ്രസ്താവനയാണത്. കാരണം മലേഷ്യയില്‍ തമിഴ് ഒരു അംഗീകൃത ഭാഷയല്ല. ആ ഭാഷയില്‍ എടുക്കുന്ന സിനിമ വിദേശ സിനിമയാണ്. അതിനു സര്‍ക്കാരിന്റെ യാതൊരു സബ്സിഡികള്‍ക്കും അര്‍ഹതയില്ല! 1940 -കളില്‍ ബ്രിട്ടീഷ്കാരാണ് ഇന്ത്യയില്‍ നിന്ന് മലേഷ്യയിലെ റബ്ബര്‍ തോട്ടങ്ങളില്‍ പണിയെടുക്കാന്‍ തൊഴിലാളികളെ കൊണ്ട് വന്നത്. അവരുടെ പിന്മുറക്കാരാണ് അവിടെ കൂടുതലുമുള്ളത്. ജനസംഖ്യയുടെ എട്ടു ശതമാനത്തോളം വരും ഇന്ത്യക്കാര്‍. പക്ഷെ ഒരു ന്യൂനപക്ഷത്തിന്റെ എല്ലാ സമ്മര്‍ദ്ദങ്ങളും അവിടെ അവര്‍ അനുഭവിക്കുന്നു. ഇത് കുടിയേറ്റത്തിന്റെ ഒറ്റപ്പെട്ട കഥയല്ല. അധിനിവേശത്തിന്റെ ചരിത്രം ലോക ഭൂപടം തലങ്ങും വിലങ്ങും കീറിയെറിഞ്ഞതിന്റെ ചരിത്രം കൂടിയാണ്. കൊളോണിയലിസം വ്യത്യസ്ത സമൂഹങ്ങളെ സ്വന്തം മണ്ണില്‍ നിന്ന് അടര്‍ത്തിമാറ്റി വിദൂരങ്ങളില്‍ പടര്‍ത്തി വിട്ടു. അവിടങ്ങളില്‍ അവരൊക്കെ കൊളോണിയല്‍ കാലം താണ്ടി കൂടുതല്‍ സങ്കീര്‍ണ്ണമായ പോസ്റ്റ്‌ കൊളോണിയല്‍ രാഷ്ട്രീയത്തെയും ജീവിതത്തെയും നേരിടുകയാണിന്ന്. അതിലെ ഒരു ഏട് മാത്രമാണ് ദീപക്കിന്റെ കഥ. ഏഷ്യയുടെ വൈകാരിക സംയോജനം അസാധ്യമാക്കിയ ഒരു ചരിത്രം കൂടി കൊളോണിയല്‍ ലെഗസിയുടെ ഭാഗമായി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. സ്വന്തം രാജ്യത്ത് വിദേശ സംവിധായകനായി അറിയപ്പെടുക എന്ന വിധി ആ ചരിത്രത്തിന്റെ ഭാഗമാണ്. ഏഷ്യ എന്നത് ഒരു ഭൂഖണ്ഡമാണെങ്കിലും അത് ഭൂമിശാസ്ത്രത്തിന്റെ പാടിപ്പതിഞ്ഞുപോയ സൗകര്യം മാത്രമാണ്. വികാരപരമായി അങ്ങനെ ഒന്നുണ്ടോ? യൂറോപ്പ് എന്ന് കേള്‍ക്കുമ്പോഴത്തെ പോലെ, ആഫ്രിക്ക എന്ന് കേള്‍ക്കുമ്പോഴത്തെ പോലെ, എല്ലാ വൈപരീത്യങ്ങള്‍ക്കും വൈരുധ്യങ്ങള്‍ക്കും ഇടയിലുള്ള ഒരു അടിസ്ഥാന ഭാവത്തിന്റെ ഓര്‍മ്മ അത് ഉണർത്തുന്നുണ്ടോ? യൂറോപ്പ് എന്നാല്‍, ആഫ്രിക്കയെന്നാല്‍ എന്തിനു ലാറ്റിന്‍ അമേരിക്ക എന്ന് പറഞ്ഞാല്‍ പോലും ഉണ്ടാകുന്ന ഒരു തൊലിപ്പുറമെയെങ്കിലുമുള്ള ഏകതാഭാവം പോലും ഏഷ്യ എന്ന പേര് തൊട്ടുണർത്തുന്നില്ല എന്നതാണ് വാസ്തവം. നിരവധി രൂപകങ്ങളില്‍, വിശകലനങ്ങളില്‍ നമുക്ക് യൂറോപ്പും ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയുമൊക്കെ പകര്‍ന്നു തരുന്ന ഉള്‍പ്പിരിവുകള്‍ നിറഞ്ഞതെങ്കിലും സാന്ദ്രഘടിതമായ ഒരു സമഗ്രത , ഏഷ്യ എന്ന പ്രയോഗത്തിന് നല്‍കാന്‍ കഴിയുന്നില്ല (Gayatri Spivak, 2008, ‘Our Asias’, USA: Blackwell Publishing). കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെ കാലത്ത് പോലും അതുണ്ടായിട്ടില്ല. പോസ്റ്റ്‌ കൊളോണിയല്‍ കാലത്താവട്ടെ രാഷ്ട്രീയ സാംസ്കാരിക വൈരുധ്യങ്ങള്‍ കൂടുതല്‍ ശക്തമാവുകയാണ് ഉണ്ടായത്. ലാറ്റിനമേരിക്കയിലെ ചില രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളപ്പോള്‍ സ്പാനിഷ് ഭാഷയുമായി ബന്ധപ്പെട്ട ചില സാംസ്കാരിക സംയോജനങ്ങള്‍ ആ രാജ്യങ്ങളെ പലതിനെയും വൈകാരികമായി അടുപ്പിക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കൊളോണിയല്‍ ലെഗസി എന്നതിനെ enabling violation എന്ന് ഗായത്രി സ്പിവക് വിശേഷിപ്പിച്ചതിന്റെ ചില അര്‍ത്ഥങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ അവിടെ ഉണ്ടായിരുന്നു എന്ന് തോന്നി. ആഫ്രിക്കയില്‍, തമ്മില്‍ പൊരുതുന്ന ഗോത്ര വൈരത്തിന്റെ ഞടുക്കുന്ന രക്തപ്പാച്ചിലിനിടയിലും ‘ഇരുണ്ട ഭൂഖണ്ഡ’മെന്ന വര്‍ണ്ണവെറി കലര്‍ന്ന പ്രയോഗത്തിന്റെ അടിയിലും കിടക്കുന്ന ഒരു സാകല്യബോധം, അതെത്ര ലോലമാണെങ്കില്‍ പോലും, നമുക്ക് അവഗണിക്കാന്‍ കഴിയുന്നതല്ല. യൂറോപ്പില്‍ തന്നെ മുതലാളിത്തത്തിന്റെ ആവിർഭാവത്തില്‍ അതിനു മുന്‍പ് ഫ്യൂഡലിസത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും നിര്‍ലീനമായിരുന്ന നിരവധി വ്യത്യസ്തതകള്‍ക്കിടിയിലാണ് നാം വെസ്റ്റ് എന്ന, യൂറോപ് എന്ന ഒരു ഒരു പൊതു അധിനിവേശ ശക്തിയെ കണ്ടെത്തുന്നത്. ഇതിനു ഒരു പരിധിവരെ, ലോകത്തെ തങ്ങളും മറ്റുള്ളവരുമായി മാത്രം വിഭജിച്ചു കണ്ട യൂറോപ്പിന്റെ തന്നെ അധിനിവേശ രാഷ്ട്രീയ സാംസ്കാരിക യുക്തിയുടെ സ്വാധീനo കാരണമായിട്ടുണ്ട് എന്നത് സത്യമാണ്. യൂറോ കേന്ദ്ര വാദത്തിന്റെ അസ്ഥിവാരം തന്നെ അതാണ്‌ എന്ന് നമുക്കറിയാം. ജോര്‍ജ് ഗീവര്‍ഗീസ്‌ ജോസഫിന്റെ ക്രെസ്റ്റ് ഓഫ് പീകോക്ക് (George Gheverghese Joseph, 2000. ‘The Crest of the Peacock: Non-European Roots of Mathematics’, London: Penguin Books), മാര്‍ട്ടിന്‍ ബെര്നലിന്റെ ബ്ലാക്ക്‌ അഥീന (Martin Bernal.1987. ‘Black Athena: The Afroasiatic Roots of Classical Civilization’. Rutgers University Press, 3 വോള്യങ്ങള്‍) തുടങ്ങിയ പുസ്തകങ്ങള്‍ (മറ്റനവധി കൃതികള്‍ക്കൊപ്പം) യൂറോ കേന്ദ്രവാദത്തിന്റെ ജ്ഞാനമൂഢതകളെ ശക്തമായി പിടിച്ചുലച്ച ഇടപെടലുകളായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചരിത്രകാരന്മാര്‍ സൃഷ്ടിച്ച ഒരു പുകമറ മാത്രമാണ് യൂറോപ്പിന്റെ ആര്യപാരമ്പര്യമെന്നും അതൊരു വംശീയ വാദം മാത്രമായിരുന്നുവെന്നുമാണ് മാര്‍ട്ടിന്‍ ബെര്‍നല്‍ കണ്ടെത്തിയത്. ആഫ്രിക്കയുമായും കിഴക്കന്‍ രാജ്യങ്ങളുമായുള്ള ഗ്രീസിന്റെ കൊടുക്കല്‍ വാങ്ങലുകളെ മുഴുവന്‍ തമ്സ്കരിച്ചുകൊണ്ടാണ് ഈ ആര്യവ്യാഖ്യാനം മുഖ്യധാരാ ചരിത്രമായത്. രണ്ടു സമീപനങ്ങള്‍ ആണ് അദ്ദേഹം പരിശോധിച്ചത്. മധ്യ യൂറോപ്പില്‍ നിന്ന് വന്ന ആര്യന്മാരാണ് ഗ്രീസിലെ സംസ്കാരം സൃഷ്ടിച്ചത് എന്നതും അതല്ല വടക്ക് ഫോണീഷ്യയില്‍ നിന്ന് വന്നവരാണ് ഗ്രീക്ക് അധിനിവേശകര്‍ എന്നതുമാണ് ആ രണ്ടു സമീപനങ്ങള്‍. ഇതില്‍ ആര്യ സിദ്ധാന്തം പൂര്‍ണ്ണമായും ബെര്‍നല്‍ നിരാകരിക്കുന്നു. മെഡിറ്ററേനിയന്‍ പശ്ചാത്തലമല്ല, മറിച്ചു അവര്‍ക്ക് ഫോണീഷ്യന്‍/ആഫ്രിക്കന്‍ പാരമ്പര്യമാണ് ഉള്ളതെന്നാണ് ബെര്‍നലിന്റെ വാദം. പ്രാധാന ഗ്രീക്ക് ചിന്തകരൊക്കെ ഇങ്ങനെയാണ് വിശ്വസിച്ചിരുന്നത് എന്ന് ബെര്‍നല്‍ പറയുന്നു. യൂറോപ്പിന്റെ ആര്യപാരമ്പര്യം എങ്ങനെ നിര്‍മ്മിക്കപ്പെട്ടുവെന്നും, അതിനെതിരെയുള്ള പുരാവസ്തുപരവും, ഭാഷാപരവും തെളിവുകള്‍ എന്തൊക്കെയാണെന്നും അദ്ദേഹം വിശദമായി പറയുന്നുണ്ട്. പല വിധത്തിലുള്ള അക്കാദമിക് വിമര്‍ശനങ്ങള്‍ തന്നെ ഈ പഠനം നേരിട്ടിട്ടുണ്ട്. എങ്കിലും ഇന്നും അത് വായിക്കപ്പെടുകയും അതിന്റെ മുഖ്യ അനുമാനം പൂര്‍ണ്ണമായും നിരാകരിക്കപ്പെടാതെ നിലനില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ യൂറോപ്പ് എന്ന സങ്കല്പം ആര്യവാദത്തിന്റെ തലത്തില്‍ പ്രത്യയശാസ്ത്രപരമായി നിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതിനെ കൂടുതല്‍ തെളിവുകളും വാദങ്ങളും കൊണ്ട് മാത്രം ഇല്ലാതാക്കാനാവില്ല. ആ സങ്കല്പം നമ്മുടെ ചരിത്രത്തില്‍, രാഷ്ട്രീയത്തില്‍ ജീവിതത്തില്‍ സര്‍വ്വതല സ്പര്‍ശിയായി സ്വാധീനo ചെലുത്തുന്നു. തികച്ചും വസ്തുതാപരമായി മാത്രമല്ല ഈ പ്രശ്നത്തെ നോക്കിക്കാണുന്നത് എന്ന് ആദ്യമേ പറയട്ടെ. ഇതില്‍ തീര്‍ച്ചയായും എന്റെ വിശകലനരീതിയുടെ പരിധിയും പരിമിതിയും തെളിയുന്നുണ്ടാവും എന്ന് എനിക്കറിയാം. ചില രാജ്യങ്ങളുടെ സമുച്ചയത്തിനു ഉണ്ടാവുന്ന വൈകാരിക ഐക്യത്തിന് പല കാരണങ്ങള്‍ ഉണ്ടാവാം. എങ്കിലും അത്തരമൊരു തലം ഒരിക്കലും ഞാന്‍ ഏഷ്യയില്‍കണ്ടിട്ടില്ല. എഷ്യക്കുള്ളില്‍ പോലും- ദക്ഷിണേഷ്യയില്‍ തന്നെയുള്ള സാര്‍ക്ക് എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ക്കിടയില്‍, മധ്യ കിഴക്കെനേഷ്യയിലെ അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍, തെക്ക്-കിഴക്കനേഷ്യയിലെ രാജ്യങ്ങള്‍ക്കിടയില്‍- ഒരു വൈകാരിക ഐക്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആഗോളവല്‍ക്കരണത്തിന്റെ നിര്‍ബന്ധങ്ങളില്‍ പെട്ട് രൂപം കൊള്ളുന്ന പ്രാദേശിക വ്യാപാര കരാറുകള്‍ ചില സവിശേഷ സാമ്പത്തിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും, ജനകീയ/ജനപ്രിയ സംസ്കാരിക വ്യവഹാരങ്ങള്‍ നവ മാധ്യമങ്ങളിലൂടെയുള്ള കൊടുക്കല്‍വാങ്ങലുകളിലൂടെ പുതിയ പാരസ്പര്യങ്ങള്‍ വളർത്തുന്നുണ്ടെങ്കിലും, യൂറോപ്പിലെ പോലെ ഒരു പൊതു രാഷ്ട്രീയ സമ്പദ് വ്യവസ്ഥയിലേക്കു പോകാന്‍ ഏഷ്യ ഇപ്പോഴും സന്നദ്ധമല്ല എന്ന് കാണാന്‍ വിഷമമില്ല. യൂറോപ്പില്‍ സംയോജനത്തിന്റെ പ്രശ്നങ്ങള്‍ അവസാനിച്ചു എന്നല്ല. അത്തരം സംയോജനങ്ങളാണ് ആവശ്യം എന്ന ധ്വനിയുമില്ല. എങ്കിലും ബെര്‍ലിന്‍ മതില്‍ തകരുന്നതിനു മുന്‍പുള്ള യൂറോപ്പല്ല ഇപ്പോഴുള്ളത്. ജപ്പാനോടും ചൈനയോടും അമേരിക്കയോടും വിലപേശാന്‍ ഒന്നിക്കുന്ന, യാഥാസ്ഥിതിക-വംശീയ പാര്‍ട്ടികളുടെ ഒരു വിശാല വലതുപക്ഷ സഖ്യം രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്തെക്ക് വ്യാപിച്ചിട്ടുള്ള പുതിയ യൂറോപ്പാണത്. തുര്‍ക്കിയെ പടിക്ക് പുറത്തു നിർത്തിയിരിക്കുന്നടക്കമുള്ള നിരവധി വൈരുധ്യങ്ങളുടെ കാരണവും കാര്യവുമായ യൂറോപ്പ് എന്നുകൂടി പറയാം. യൂറോപ്പിന്റെ ചരിത്രനിര്‍മ്മിതിയും അതിന്റെ വര്‍ണ്ണ-വംശ വിചാരവും പരസ്പരം ബന്ധപ്പെട്ടതാണ്. മറ്റു ഭൂമിശാസ്ത്ര പരികല്‍പ്പനകള്‍ക്ക് യൂറോപ്പിനെ സന്ധിക്കാതെ വിശകലന സാധ്യതയില്ല എന്നതാണ് സത്യം. ഇത് അധിനിവേശത്തിന്റെ മാത്രം പ്രശ്നമല്ല. അധിനിവേശം എന്ന രാഷ്ട്രീയ സംസ്കാരിക പ്രശ്നം തന്നെ യൂറോപ്പിന്റെ പരികല്‍പ്പനാപരമായ പരിധികളെ ആശ്രയിച്ചു നില്‍ക്കുന്നതാണ്. ആഗോളവല്‍ക്കരണ കാലത്തെ സമരം പരികല്‍പ്പനകളിലെ സമരം കൂടിയാണ്. അമേരിക്കന്‍ ഐക്യ നാടുകള്‍ ഉണ്ടാവുന്നത് ബ്രിട്ടനുമായുള്ള ബ്രിട്ടീഷ് കുടിയേറ്റക്കാരുടെ യുദ്ധത്തിലൂടെ ആണ് എന്ന് നമുക്കറിയാം. അമേരിക്കന്‍ സ്വാതന്ത്ര്യ സമരം രാജഭരണത്തിന് എതിരായി രൂപം കൊണ്ടു, അതിനെ പരാജയപ്പെടുത്തി, ആദ്യത്തെ ആധുനിക ജനായത്ത ഭരണകൂടം സ്ഥാപിച്ചു എന്ന് ഓര്‍ക്കുമ്പോള്‍ അമേരിക്കയുടെ സാമൂഹിക മനസ്സ് ഈ വസ്തുതയുമായി പൊരുത്തപ്പെട്ടിട്ടുണ്ടോ എന്ന് സംശയം തോന്നിക്കുന്ന ഒരു കാര്യം ഈയിടെ ശ്രദ്ധയില്‍ പെട്ടു. ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് അമേരിക്കയിലെ സ്കൂള്‍ കുട്ടികള്‍ക്ക് വായിക്കാനുള്ള ഒരു ചരിത്ര പുസ്തകം കാണാന്‍ ഇടയായി. അതിന്റെ തുടക്കം എന്നെ അത്ഭുതപ്പെടുത്തിയില്ല. അമേരിക്കയുടെ ചരിത്രം അതില്‍ ആരംഭിക്കുന്നത് തദ്ദേശ ജനതയുടെ സാംസ്കാരിക പാരമ്പര്യത്തില്‍ ഒന്നുമല്ല. അത് നാം പ്രതീക്ഷിക്കുന്നില്ല. തങ്ങളുടെ പൂര്‍വികരുടെ അരുംകൊലകള്‍ വിശദമായി കുട്ടികളെ പഠിപ്പിക്കും അവിടെ എന്ന് വിശ്വസിക്കാന്‍ മാത്രം നാം മണ്ടന്മാരല്ലല്ലോ. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു അതിലെ പ്രാരംഭഭാഗങ്ങള്‍. ജോര്‍ജ് വാഷിങ്ങ്ടന്‍ എന്ന വീര പുരുഷന്റെ വര്‍ണ്ണനയായിരുന്നു അത് എന്നതുമല്ല അപ്രതീക്ഷിതമായിരുന്നത്. ആ വര്‍ണ്ണന മുഴുവന്‍ അദ്ദേഹം ആകാരത്തില്‍ എങ്ങനെ ജോര്‍ജ് ഒന്നാമന്‍ രാജാവിനെ പോലെ കുലീനനും സുന്ദരനും ആയിരുന്നു എന്നതായിരുന്നു! ഇരുവര്‍ക്കും ആറടി പൊക്കം ഉണ്ടായിരുന്നുവത്രേ. അന്നത്തെ അവസ്ഥയില്‍ അതൊരു വലിയ പൊക്കമായിരുന്നു എന്ന ഓര്‍മ്മപ്പെടുത്തലുമുണ്ട്. രണ്ടു പേരുടെയും കണ്ണുകള്‍ക്ക്‌ കുലീനതയുടെ നീല നിറമായിരുന്നുവത്രേ! രണ്ട് പേരും വലിയ കുതിര സവാരിക്കരായിരുന്നുവത്രേ. മള്‍ട്ടി കള്‍ച്ചറിസിത്തിന്റെ നാട്ടിലെ കുട്ടികളുടെ ചരിത്ര പാഠമാണ്! ഇതാണ് യൂറോപ്പിന്റെ അടിസ്ഥാന വംശ-വര്‍ണ്ണ സ്വാംശീകരണം പരികല്‍പ്പനാപരമാണ് എന്ന് പറയുന്നതിന്റെ കാരണം. ഇത് വിശേഷിച്ചും പ്രസക്തമാകുന്നത് ഇപ്പോള്‍ യൂറോപ്പില്‍ നടക്കുന്ന വലതുപക്ഷ നവീകരണവുo ക്രോഡീകരണവും ഉയര്‍ത്തുന്ന രാഷ്ട്രീയമായ, സാമ്പത്തികമായ വെല്ലുവിളികള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് കൊണ്ട് കൂടിയാണ്. നവ യാഥാസ്ഥിതികത്വത്തിനു മാര്‍ഗരറ്റ് താച്ചറുടെ ഏറ്റവും വലിയ സംഭാവന അവരുടെ നിയോലിബറല്‍ നയങ്ങളല്ല. ആ നയങ്ങളെ സാമാന്യവല്‍ക്കരിക്കുന്നതിലൂടെ ലേബര്‍ പാർട്ടിയെക്കൊണ്ടും ഒരുവലിയ വിഭാഗം ഇടത് പക്ഷത്തെക്കൊണ്ടും സ്വന്തം അജണ്ടകളെ യാഥാസ്ഥിക നയങ്ങള്‍ക്ക് സമാനമാക്കിയില്ലെങ്കില്‍ നിലനില്‍പ്പുണ്ടാവില്ല എന്ന വിചാരത്തിലേക്ക് മാറി ചിന്തിപ്പിച്ചതാണ്. ഇതോടെ യൂറോപ്പില്‍ ഇടതു പക്ഷം ഇല്ലാതായി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ഇടതു പക്ഷത്തെ വിപ്ലവ വ്യാമോഹങ്ങളില്‍ നിന്ന് മുക്തരാക്കിയെങ്കില്‍ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ സര്‍വ്വസമ്മിതി ഇടതുപക്ഷത്തെ പ്രത്യശാസ്ത്രപരമായി ഇല്ലാതാക്കി. ഇടതു പാര്‍ട്ടികള്‍ ഇല്ലതായെന്നോ ഒരു ജാഥ നടത്താന്‍ പോലും ആളെ കിട്ടാതായെന്നോ അല്ല ഞാന്‍ പറയുന്നത്. ഇടതുപക്ഷ പാര്‍ട്ടികള്‍ ഏതാണ്ട് പൂര്‍ണ്ണമായും വലതുപക്ഷ ബ്ലാക്മെയിലിന് വഴങ്ങി സ്വന്തം അജണ്ടകള്‍ തിരസ്കരിച്ചിരിക്കുകയാണെന്നു പറഞ്ഞത് സാക്ഷാല്‍ സ്ലാവോ സിസേക് തന്നെ ആണ് (“Class struggle or postmodernism? Yes please” in Contingency, Hegemony, Universality: Contemporary Dialogues On The Left is a collaborative book by the political theorists Judith Butler, Ernesto Laclau, and Slavoj Žižek London/New York: 2000). ടോണി ബ്ലെയറിന്റെ ലേബര്‍ ഭരണകൂടം ലോകത്തിലെ ഏറ്റവും വലിയ യാഥാസ്ഥിതിക നിലപാടുകളെ പുണര്‍ന്നു നിന്നിരുന്നു. ഇറാക്ക് യുദ്ധം അവിടെ നില്‍ക്കട്ടെ, ആഫ്രിക്കന്‍ അമേരിക്കക്കാരെ മുഴുവന്‍ സാധ്യതാ-കുറ്റവാളികളായി കാണുന്ന സമീപനത്തോടുള്ള ഔദ്യോഗികവും ഔപചാരികവുമായ എതിര്‍പ്പിനെ പോലും പരിഹസിക്കാന്‍ ബ്ലെയര്‍ തയ്യാറായത്- പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സിന്റെ പേരില്‍ സത്യം പറയാന്‍ നാം മടിക്കരുതെന്ന് പറഞ്ഞുകൊണ്ട്- ഈ പശ്ചാത്തലത്തില്‍ ആയിരുന്നു. വര്‍ണ്ണവെറി പുതിയതല്ലെങ്കിലും കടുത്ത വര്‍ണ്ണവെറിയുടെ ഇന്നത്തെ യൂറോപ്പ് രൂപം കൊണ്ട ദശകമായിരുന്നു തൊണ്ണൂറുകള്‍. യൂറോപ്പില്‍ ഇടതുപക്ഷം തഴച്ചു വളരുകയാണെന്നും കഴിഞ്ഞ ദശകത്തിലെ മുതലാളിത്ത സാമ്പത്തിക കുഴപ്പങ്ങള്‍ ആ വളര്‍ച്ചക്ക്‌ ആക്കം കൂട്ടിയെന്നും വിശ്വസിക്കുന്നവര്‍ ഉണ്ട്. ഓക്കുപ്പൈ വാള്‍സ്ട്രീറ്റ് മുതലുള്ള പ്രക്ഷോഭങ്ങളെ അതിന്റെ പ്രതീകമായി കണ്ടവര്‍ ഉണ്ട്. എന്നാല്‍ സിസെക്കിന്റെ First as Tragedy, Then as farce (London: Verso, 2009) എന്ന പുസ്തകം അടക്കം പുതിയ മുതലാളിത്ത പ്രതിസന്ധിയുടെ കാരണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും അന്വേഷിക്കുന്ന ചില പുസ്തകങ്ങള്‍ വിമര്‍ശനാത്മകമായി വായിച്ചതിന്റെയും, സമരം ഏറ്റവും ശക്തമായിരുന്ന കാലത്ത് തന്നെ അമേരിക്കയിലും ചില യൂറോപ്യന്‍ നഗരങ്ങളിലും സഞ്ചരിച്ച് ഓക്കുപ്പൈ സമരങ്ങള്‍ പലതും നേരിട്ട് കണ്ടതിന്റെയും, അതില്‍ പങ്കെടുക്കുന്ന വ്യക്തികളുമായും ഗ്രൂപ്പുകളുമായും സംവദിച്ചതിന്റെയും അവരുടെ ലഘു ലേഖകളും മറ്റും പഠിച്ചതിന്റെയും അടിസ്ഥാനത്തില്‍ എനിക്ക് തോന്നിയിട്ടുള്ളത് ഈ ശുഭാപ്തി വിശ്വാസം അങ്ങേയറ്റം അതിര് കടന്നതാണ് എന്നാണ്. യൂറോപ്പ് വലതുപക്ഷവല്‍ക്കരണത്തിന്റെ കടുത്ത രാഷ്ട്രീയത്തിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. ഇടതു പ്രതിരോധം ശുഷ്കമായിരിക്കുന്നു. സിവില്‍സമൂഹ രാഷ്ട്രീയം ഏതാണ്ട് പൂര്‍ണ്ണമായും തന്നെ ഭരണകൂട പക്ഷപാതി ആയിരിക്കുന്നു. യൂറോകേന്ദ്രവാദം പുതിയ പ്രത്യയശാസ്ത്ര യുദ്ധങ്ങള്‍ തുടങ്ങിയിരിക്കുന്നു. വംശീയ ന്യൂനപക്ഷങ്ങള്‍ ആശയറ്റ് കൂടുതല്‍ അരക്ഷിതത്വത്തിലേക്ക് നീങ്ങിയിരിക്കുന്നു. പാശ്ചാത്യ മതേതരത്വം അതിന്റെ എല്ലാ മുഖം മൂടികളും ഊരിക്കളഞ്ഞു ഇതരമത പീഡനതിന്റെ ഉത്തരാധുനിക രൂപങ്ങള്‍ കണ്ടെത്തുകയും അവ ഉപയോഗിക്കുകയും ചെയ്യുന്നു. നവ ലിബറല്‍ നയങ്ങളും നവകൊളോണിയലിസവും കൈകോര്‍ത്തു ലോകസാമ്പത്തികാധിപത്യം ശക്തമാക്കുന്നു. മൂലധനം അതിന്റെ ഇരട്ടയായ അധ്വാനത്തെ, സാമൂഹികാവശ്യപരമായ അധ്വാനസമയം ഓരോ സവിശേഷ അധ്വാനത്തിനും കുറച്ചു കൊണ്ട് വന്നു മൂല്യസിദ്ധാന്തത്തിന്റെ പ്രായോഗിക അടിത്തറ തോണ്ടുന്നു. ഈ വസ്തുതകള്‍ എല്ലാം മറച്ചു വച്ചുകൊണ്ടുള്ള രാഷ്ട്രീയ വിചാരണകളും വിപ്ലവത്തിന്റെ പുതിയ ഏജന്‍സിയെ കണ്ടെത്തലുമെല്ലാo അസത്യത്തിന്റെ മാത്രം അലങ്കാര ഭാഷയില്‍ ചമയ്ക്കാവുന്ന വിശകലനങ്ങളാണ് എന്ന് ഞാന്‍ കരുതുന്നു. ആഗോള രാഷ്ട്രീയവും അതിന്റെ ഭാഗമായ ആയുധ-യുദ്ധ സാങ്കേതിക വിദ്യകളും, സമൂഹത്തിന്റെ പല തലങ്ങളിലായുള്ള വലുതും ചെറുതുമായ വിഭജനങ്ങളും സാംസ്കാരികപ്പകർച്ചകളും മുന്‍പില്ലാത്ത വിധം സങ്കീര്‍ണ്ണമായിരിക്കുന്നു. ഇതിനുള്ളില്‍ നിന്ന് നിസ്സാരമായി വിപ്ലവത്തിന്റെ ഏജന്‍സിയെ കണ്ടെടുക്കുന്ന ഒക്കള്‍ട്ടിസമായി ഒരു പാശ്ചാത്യ ചിന്തകനും ഇന്ന് മാര്‍ക്സിസത്തെ വ്യാഖ്യാനിക്കുന്നില്ല. മറിച്ചുള്ള സൈദ്ധാന്തിക വാദങ്ങള്‍ മൂന്നാം ലോകത്തിന്റെ (ഇനിയും അങ്ങനെ പറയാമെങ്കില്‍) രാഷ്ട്രീയ ബാധ്യതകളെ തന്നെ ചതിക്കുന്ന ബൌദ്ധിക ഗർവമാണ്. ‘ഇതാണ് ഇന്നിന്റെ മാര്‍ക്സിസം, എല്ലാ പാർട്ടികളും ഇത് എടുത്തുകൊള്ളുക’ എന്ന് പ്രധാന ചിന്തകരാരും വെളിമ്പുറങ്ങളില്‍ വിളംബരം ചെയ്യുന്നില്ല. രാഷ്ട്രീയമായ ഇടപെടലുകളുടെ സാമൂഹിക രൂപങ്ങള്‍ മാറുന്നുണ്ട്. പഴയത് മുഴുവന്‍ ഇല്ലതായിട്ടല്ല പുതിയ രൂപങ്ങള്‍ ഉണ്ടാവുന്നത്. അവ സഹവർത്തി ക്കുകയാണ്. പണിമുടക്ക്‌ പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല. എന്നാല്‍ ഒക്കുപ്പൈ വാള്‍സ്ട്രീറ്റ് പോലുള്ള ആള്‍ക്കൂട്ട സമരങ്ങള്‍ കൂടുതല്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. സ്വത്വവാദത്തിനെതിരെ വര്‍ഗ്ഗവാദം ഉന്നയിക്കുന്നവരുണ്ട്. വര്‍ഗ്ഗം എന്നത് ആഗോളതലത്തില്‍ അനുഭവിക്കുന്നതെങ്ങനെ എന്ന് പറയാന്‍ കഴിയില്ല. ഒരു കാലത്തും ഇതിനു കഴിയുമായിരുന്നില്ല എന്നതാണ് സത്യം. കാരണം, കൊളോണിയല്‍ അധിനിവേശത്തിന്റെ പ്രധാന ഗുണഭോക്താക്കളിലൊന്ന് യൂറോപ്പിലെ തൊഴിലാളിവര്‍ഗ്ഗം തന്നെ ആയിരുന്നു. പ്രാധാനമായും കൊളോണിയലിസം യൂറോപ്യന്‍ തൊഴിലാളി-കര്‍ഷക വര്‍ഗങ്ങളെ രണ്ടു രീതിയില്‍ സഹായിച്ചു. ഒന്നാമതായി കൊളോണിയല്‍ കൊള്ളമുതല്‍ വ്യാവസായികവല്‍ക്കരണത്തെ ത്വരിതപ്പെടുത്തുകയും ലാഭ വര്‍ദ്ധന ഉണ്ടാവുകയും ചെയ്തപ്പോള്‍ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതാ-വേതന വ്യവസ്ഥയിലേക്കു മുതലാളിത്ത ഉല്‍പ്പാദനം പരിവർത്തനം ചെയ്യപ്പെടുകയും നികൃഷ്ടമായ പഴയ തൊഴില്‍ പരിപാലന രീതികളില്‍ നിന്ന് വിട്ടുമാറി മാന്യമായ പുതിയ മാനേജ്മെന്റ്രീതികള്‍ കൊണ്ട് വരികയും ചെയ്തു. രണ്ടാമതായി കുടിയേറ്റ കോളനികള്‍ സ്ഥാപിക്കാനും അങ്ങനെ ലോകത്തിന്റെ ഭൂവുടമസ്ഥത യൂറോപ്പിന്റെയും വെളുത്ത വംശത്തിന്റെയും കയ്യിലായതില്‍ വലിയൊരു പങ്ക് സ്വന്തമാക്കാനും കഴിഞ്ഞു. യൂറോപ്യന്‍ സംസ്കാരത്തിന്റെ അധോമണ്ഡലങ്ങളിലെ നൃശംസതകള്‍, സ്വന്തം നാട്ടിലെ തൊഴിലാളി വര്ഗ്ഗത്തിന്മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് പിന്മാറി യൂറോപ്യന്‍ ഭരണകൂടങ്ങള്‍ അത് ഏഷ്യനാഫ്രിക്കന്‍ കോളനികളിലെ പുതിയ ഭരണീയരിലേക്ക് മാറ്റി. അധികാരത്തെയും ബുദ്ധിജീവികളെയും വിശകലനം ചെയ്യുന്ന വിഖ്യാതമായ ഫൂക്കോ-ദേല്യൂസ് സംഭാഷണത്തെക്കുറിച്ച് (The Intellectuals and Power: A Discussion between Michel Foucault and Gilles Deleuze, Telos Summer 1973:103-109) സ്പിവാക് നടത്തുന്ന ചര്‍ച്ചയില്‍ (Gayatri Chakravorty Spivak, “Can the Subaltern Speak?,” In Marxism and Interpretation of Culture, eds. Cary Nelson and Lawrence Grossberg (Urbana: University of Illinois Press, 1988) അടിസ്ഥാനധാരയായി കാണുന്ന വിമര്‍ശനം മൂന്നാം ലോകത്തെ കൊളോണിയല്‍ ആധിപത്യത്തെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുമുള്ള അവരുടെ ആധികാരികമായ അജ്ഞ്ഞതയെക്കുറിച്ചുള്ള (sanctioned ignorance) നിരീക്ഷണം കൂടിയാണ്. ശരീരത്തെ രൂപകമാക്കി, ശരീരത്തെ ചരിത്രവല്‍ക്കരിച്ച് ഫൂക്കോ നടത്തുന്ന നിരീക്ഷണങ്ങളിലൊന്നും യൂറോപ്പും കോളനികളും തമ്മിലുള്ള അധികാരബന്ധവും അത് യൂറോപ്പിന്റെ സാമൂഹിക വ്യവസ്ഥയെ പുനര്‍ നിര്‍വചിച്ചതെങ്ങനെ എന്ന ചിന്തയും ഒരിക്കലും കടന്നു വരുന്നില്ല. ഫൂക്കോയുടെ ആര്‍ക്കിയോളജിയും ജനിയൊളജിയുമെല്ലാം രീതിപരവും ചരിത്രപരവുമായ ഇത്തരമൊരു പരിമതിക്കുള്ളിലാണ് മനസ്സിലാക്കപ്പെടെണ്ടത്. നിശിതമായ വിമര്‍ശനമാണ് സ്പിവാക് നടത്തുന്നത്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എന്നാല്‍ സ്പിവാക്കിന്റെ 1985 –ലെ ലേഖനം കാണുന്നതിനും മുന്‍പാണ് യാന്‍ ബ്രെമന്റെ (Jan Breman, Taming the Coolie Beast: Plantation Society and the Colonial Order in Southeast Asia, Delhi: Oxford University Press, 1989) എന്ന പുസ്തകം വായിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ നടുക്കുന്ന ഒരനുഭവമായിരുന്നു ആ വായന നല്‍കിയത്. എന്റെ അദ്ധ്യാപകനായിരുന്ന ഡോ. കെ. പി. കണ്ണന്റെ റിസര്‍ച് സൂപ്പര്‍വൈസര്‍ ആയിരുന്നു യാന്‍ ബ്രെമന്‍. ഈ പുസ്തകം ഇറങ്ങിയപ്പോള്‍ അതിന്റെ ഒരു കോപ്പി നല്‍കിയിട്ട് വായിക്കേണ്ട പുസ്തകമാണെന്നും താല്‍പ്പര്യമുണ്ടെങ്കില്‍ റിവ്യൂ ചെയ്യണമെന്നും കണ്ണന്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ 1990-ല്‍ Taming the Coolie Beast വായിക്കാന്‍ ഇടയായത്. അന്ന് തിരുവനന്തപുരത്തെ സി. ഡി. എസ്സില്‍ പലപ്പോഴും വരാറുണ്ടായിരുന്ന യാന്‍ ബ്രെമനെ എനിക്ക് നേരിട്ട് പരിചയമുണ്ടായിരുന്നു. ഒരു സാമൂഹിക ശാസ്ത്ര പഠിതാവിന് ഉണ്ടായിരിക്കേണ്ട ചരിത്രബോധവും ജനാധിപത്യവിവേകവും തന്റെ സമീപനത്തില്‍ പുലര്‍ത്തുന്ന അധ്യാപകനും ഗവേഷകനുമാണ് ബ്രെമന്‍. അദ്ദേഹത്തിന്റെ അധസ്ഥിത തൊഴിലാളിപക്ഷവീക്ഷണവും, കീഴാളപക്ഷ വീക്ഷണവും പല പഠനങ്ങളിലും തെളിഞ്ഞു കാണാവുന്നതാണ്. വളരെ സ്നേഹ വാല്‍സല്യങ്ങളോടെ എന്നോട് പെരുമാറിയിട്ടുള്ള അദ്ദേഹവുമായി സുദീര്‍ഘമായ ചര്‍ച്ചകള്‍ നടത്താനും അന്ന് കഴിഞ്ഞിരുന്നു. ഫൂക്കോ, യൂറോപ്പില്‍ നടന്ന വലിയ രാഷ്ട്രീയ പരിണാമങ്ങളെ കുറിച്ച് പറയുമ്പോള്‍ (“ഗവണ്‍മെന്റാലിറ്റി” അടക്കമുള്ള ചരിത്ര സംക്രമണങ്ങള്‍) അതെ കൊളോണിയല്‍ ഭരണകൂടങ്ങള്‍ തങ്ങള്‍ യൂറോപ്പില്‍ വലിച്ചെറിഞ്ഞ പദ്ധതികളും ഭരണ രീതികളും അതിന്റെ എത്രയോ ഇരട്ടി തീക്ഷ്ണതയോടെ കോളനികളില്‍ അടിച്ചേല്‍പ്പിക്കുകയും പരീക്ഷിക്കുകയുമായിരുന്നു. ബ്രെമന്റെ പുസ്തകം അതിന്റെ ഉള്ളടക്കത്തിനപ്പുറത്തുള്ള ചില പ്രശ്നങ്ങളെ കുറിച്ച് ചിന്തിപ്പിച്ചതിനുള്ള ഒരു പ്രധാന കാരണം ആയിടക്കാണ് ഫൂക്കോയുടെ ചില പുസ്തകങ്ങള്‍ അവധാനതയോടെ വായിക്കാന്‍ കഴിഞ്ഞത് എന്നതായിരുന്നു. അതില്‍ പ്രധാനം Discipline and Punish : The Birth of the Prison (Translated from the French by Alan Sheridan, New York : Vintage Books, 1977) ആയിരുന്നു. അന്ന് ഞാന്‍ സ്പിവക്കിന്റെ ഫൂക്കോ-ദേല്യൂസ് വിമര്‍ശനം വായിച്ചിരുന്നില്ല. ശക്തമായ ഒരു പുസ്തകമാണ് ഫൂക്കോയുടെതെന്നു എടുത്ത് പറയേണ്ടല്ലോ. എനിക്കാണെങ്കില്‍ അന്ന് പോസ്റ്റ്‌ സ്ട്രകച്ചറലിസ്റ്റ് ചിന്തകള്‍ കേരളത്തില്‍ അവതരിപ്പിച്ചു പോന്ന രീതിയോടു കടുത്ത എതിര്‍പ്പും ഉണ്ടായിരുന്നു. ഫൂക്കോയുടെ പുസ്തകത്തില്‍ പാശ്ചാത്യ ലോകത്ത്, വിശേഷിച്ചും ഫ്രാന്‍സിലെ, പീനല്‍ വ്യവസ്ഥയില്‍ സംഭവിച്ച അടിസ്ഥാന മാറ്റത്തെ കുറിച്ചുള്ള ചരിത്രപരവും സൈദ്ധാന്തികവുമായ വിശകലനമുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ നിന്ന് പത്തൊന്‍പതാം നൂറ്റാണ്ടിലെത്തിയപ്പോഴെക്ക് യൂറോപ്പിലെ പീനല്‍ വ്യവസ്ഥ അടിമുടി മാറിയിരുന്നു. കുറ്റവാളികളെ പരസ്യമായി ക്രൂരപീഡനത്തിനു വിധേയരാക്കി, ശിക്ഷയെ ഒരു മഹാപ്രദര്‍ശനമാക്കുന്ന രീതിയായിരുന്നു പതിനെട്ടാം നൂറ്റാണ്ടില്‍ നിലവിലുണ്ടായിരുന്നത്. അതിന്റെ ഒരു ഉദാഹരണമായി ഫ്രാന്‍സിലെ ലൂയി പതിനഞ്ചാമനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പിടിയിലായ വീട്ടുജോലിക്കാരനായ യുവാവിനെ (Robert-François Damiens) ക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്നതിന്റെ സുദീര്‍ഘമായ വിവരണത്തോടെയാണ് ഫൂക്കോയുടെ ഈ പുസ്തകം ആരംഭിക്കുന്നത്. ആ വിവരണം പൂര്‍ണ്ണമായി ഇവിടെ ആവര്‍ത്തിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. വാസവദത്തയുടെ കരചരണങ്ങള്‍ അരിഞ്ഞു കളയുക ആയിരുന്നെങ്കില്‍ ഇവിടെ അയാളെ ശരീരഭാഗങ്ങളില്‍ നിന്ന് നിഷ്കരുണം മാംസം അടര്‍ത്തി മാറ്റി പല രീതിയില്‍ പൊള്ളിച്ച ശേഷം ആറു കുതിരകളെ കയ്യിലും കാലിലും കെട്ടി വലിച്ചുകീറുക ആയിരുന്നു. എന്നിട്ടും കീറിപ്പോകാതിരുന്നപ്പോള്‍ കത്തികൊണ്ട് വെട്ടിക്കൊടുത്തു എന്നുണ്ട്. എല്ലാ ശിക്ഷകളും ഇത്രയ്ക്കു ക്രൂരമായിരുന്നിരിക്കില്ല. പക്ഷെ ഇത് പരസ്യമായി ചെയ്യുന്നതിന്റെ, ശിക്ഷ പ്രദര്‍ശനമാക്കി, ആള്‍ക്കൂട്ടത്തിനു മുന്നില്‍, അവരുടെ ആക്രോശങ്ങള്‍ക്കിടയില്‍, നടപ്പിലാക്കുന്നതിന്റെ യുക്തി പിന്നീട് മാറുകയാണ്. ഇത് സംഭവിച്ചത് ഭരണകൂടം കൂടുതല്‍ മനുഷ്യത്വവല്ക്കരിക്കപ്പെട്ടതുകൊണ്ടല്ല, മറിച്ച്, ഭരണo എന്ന ആശയത്തില്‍ തന്നെ വന്ന പരിണാമം ആയിട്ടാണ് ഫൂക്കോ കാണുന്നത്. ജയില്‍ എന്ന സംവിധാനം മുഖ്യ ശിക്ഷാ രീതിയായി മാറിയതിന്റെ രാഷ്ട്രീയ താത്വിക മാനങ്ങള്‍ ഫൂക്കോ വിശദീകരിക്കുന്നുണ്ട്. ഫൂക്കൊയോട് നീതി പുലര്‍ത്തിക്കൊണ്ട് പറഞ്ഞാല്‍ പുതിയ ശിക്ഷാരീതി പഴയതിനേക്കാള്‍ മെച്ചമാണെന്ന ധാരണ നല്‍കാനല്ല അദ്ദേഹം ശ്രമിക്കുന്നത്. മാറുന്ന കാഴ്ചപ്പാടിന്റെ പിന്നിലുള്ള സാങ്കേതിക രാഷ്ട്രീയത്തെയും അധികാര രൂപങ്ങളെയും വിഗ്രഹിക്കാനാണ്. അതിനെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. എന്നാല്‍ അന്ന് ആ പുസ്തകം നല്‍കിയ ഉള്‍ക്കാഴ്ചകളുടെയും സൈദ്ധാന്തികമായ അരക്ഷിതത്വത്തിന്റെയും, വിമര്‍ശനാത്മകമായ സ്വാംശീകരണത്തിന്റെയും പശ്ചാത്തലത്തില്‍ യാന്‍ ബ്രെമന്റെ പുസ്തകം വായിക്കപ്പെടാനുള്ള കാരണം, അദ്ദേഹത്തിന്റെ പുസ്തകത്തിന്‍റെ വ്യത്യസ്ഥമായ ഉള്ളടക്കം തന്നെ ആയിരുന്നു. ‘കൂലി ജന്തുക്കളെ മെരുക്കു’ ന്നതിനെ കുറിച്ചുള്ള ബ്രെമന്റെ പുസ്തകം വിവരിക്കുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിലെ ഡച്ച് കോളനിയായിരുന്ന സുമാത്രയിലെ (ഇന്തോനേഷ്യ) പുകയില തോട്ടങ്ങളില്‍ പണിയെടുത്തിരുന്ന കൂലിയടിമകളുടെ അത്യന്തം ദുരിതപൂര്‍ണ്ണമായിരുന്ന ജീവിതത്തെ കുറിച്ചാണ്. പതിവ് കൊളോണിയല്‍ ഭൂതാതുര കഥകളിലെപ്പോലെ ഒരു സാഹസികനായ യൂറോപ്പ്യന്‍ സംരംഭകനാണ് ഇവിടെയും പുകയില തോട്ടങ്ങള്‍ ആരംഭിച്ചതെങ്കിലും 1860 –നു ശേഷമുള്ള കാലത്ത് അവയെല്ലാം യൂറോപ്യന്‍ കോര്‍പറെറ്റ് ഭീമന്മാരുടെ നിയന്ത്രണത്തിലായി. ഈ കമ്പനികള്‍ക്ക് ആയിരുന്നു പുകയില കൃഷിയുടെയും പുകയില വ്യാപാരത്തിന്റെയും ആഗോള കുത്തക ഉണ്ടായിരുന്നത്. ലാഭം കുമിഞ്ഞുകൂടുകയും തോട്ടങ്ങള്‍ വളരെ പെട്ടെന്ന് വികസിക്കുകയും കൂടുതല്‍ മൂലധനം തോട്ടം മേഖലയിലേക്ക് ഒഴുകുകയും ചെയ്തു. അതോടെ പ്രാദേശിക കൂലിക്കാരെ കൊണ്ട് മാത്രം അവ നടത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടായി. മുതലാളിത്ത രീതിയില്‍ നടത്തിയിരുന്ന തോട്ടങ്ങള്‍ ആയിരുന്നതിനാല്‍ കൂലിപ്പണിക്കാരെ ആണ്, അടിമകളെ അല്ല ജോലിക്ക് നിര്‍ത്തിയിരുന്നത്. എന്നാല്‍ ഇത് പ്രത്യക്ഷത്തില്‍ മാത്രമായിരുന്നു. ആധുനിക മുതലാളിത്തത്തിന്റെ ഒരു വ്യത്യസ്ഥമായ മുഖമായിരുന്നു അത്. കൂലിപ്പണി എന്നത് ‘സ്വതന്ത്ര’ ജോലിയാണ്. സ്വന്തം അധ്വാന ശക്തി വില്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ തത്ത്വത്തില്‍ തൊഴിലാളിക്ക് സ്വാതന്ത്ര്യമുണ്ട്. ഇത് ചെറിയൊരു സ്വാതന്ത്ര്യമല്ല, മനുഷ്യ ചരിത്രത്തില്‍. ഇന്നത്തെ ലോകത്തെ വിമോചന പോരാട്ടങ്ങള്‍ വരെ നീളുന്ന ഒരു പ്രത്യയശാസ്ത്ര തലം അതിലുണ്ട്. നിസ്സാരമല്ല അതിന്റെ സാമൂഹിക മാനങ്ങള്‍ എന്ന് മാര്‍ക്സിന്റെ കൃതികള്‍ വായിച്ചിട്ടുള്ളവര്‍ക്കറിയാം. എന്നാല്‍ ഈ തോട്ടങ്ങളിലെ തൊഴിലാളികള്‍ കൂലി അടിമകളായിരുന്നു. തോട്ടങ്ങളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ ചൈനയില്‍ നിന്ന് വന്‍ തോതില്‍ മനുഷ്യ ഇറക്കുമതി നടത്താനായിരുന്നു തോട്ടം മൂലധനത്തിന്റെ ബുദ്ധികേന്ദ്രങ്ങള്‍ തീരുമാനിച്ചത്. അത് കൂടാതെ, ദൂരെ ഇന്ത്യയില്‍ നിന്നും, അടുത്ത് ജാവയില്‍ നിന്നും തായ് ലാന്റില്‍ നിന്നും കൂലിക്കാരെ ഇറക്കുമതി ചെയ്തു. അതായത് ദക്ഷിണേഷ്യ മുതല്‍, തെക്ക് കിഴക്കന്‍ ഏഷ്യയും മധ്യേഷ്യയും വരെ പരന്നു കിടന്ന ഒരു വിപുലമായ അടിമവേല വ്യാപാരത്തിന് അത് തുടക്കമിട്ടു എന്നര്‍ത്ഥം. ആഫ്രിക്കയില്‍ നിന്ന് അമേരിക്കന്‍ ഐക്യനാടുകളിലേക്ക് അടിമപ്പണിക്ക് വേണ്ടി നടത്തിയ ക്രൂരമായ മനുഷ്യ വേട്ടയുടെ കഥകള്‍ നമുക്ക് പരിചിതമാണെങ്കിലും ഏഷ്യയിലെ കൊളോണിയല്‍ അടിമവേലയുടെ ചരിത്രo അത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അമേരിക്കന്‍ അടിമത്ത പുരാവൃത്തങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഏഷ്യന്‍ അടിമ വ്യാപാരത്തിന്റെ ചരിത്രം. പതിനാറാം നൂറ്റാണ്ടില്‍ തുടങ്ങിയ ട്രാന്‍സ് അറ്റ്ലാന്റിക് അടിമക്കച്ചവടവും പത്തൊന്‍പതാം നൂറ്റാണ്ടില്‍ എബ്രഹാം ലിങ്കന്റെ നേതൃത്വത്തില്‍ അടിമത്ത നിര്‍മ്മാര്‍ജ്ജനത്തിനുള്ള ശ്രമങ്ങള്‍ സൃഷ്ടിച്ച അമേരിക്കയിലെ ആഭ്യന്തര യുദ്ധവും അതില്‍ പൊലിഞ്ഞ ആറു ലക്ഷം മനുഷ്യ ജീവനും ആഫ്രിക്കന്‍ അമേരിക്കന്‍ ജനതയുടെ പിന്നീടുള്ള മനുഷ്യാവകാശ സമരങ്ങളുമെല്ലാം ചേര്‍ന്ന ഇന്ന് ഒബാമയുടെ അമേരിക്കന്‍ പ്രസിഡണ്ട് പദവിയില്‍ എത്തി നില്‍ക്കുന്ന സംഘര്‍ഷഭരിതമായ തുടര്‍ചരിത്രമല്ല ഏഷ്യയിലെ അടിമവേലയുടെത്. അമേരിക്കയില്‍ തന്നെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ മോചനത്തിന്റെ പേരില്‍ പ്രകീർത്തിക്കപ്പെടുന്ന എബ്രഹാം ലിങ്കണ്‍ തദ്ദേശീയരായ ആദിമനിവാസികള്‍ക്ക് വലിയ ദുരന്തങ്ങള്‍ നല്‍കിയ ഭരണാധികാരിയാണ്. ന്യൂ മെക്സിക്കോയില്‍ ലിങ്കണ്‍ ഭരണകൂടത്തിന്റെ വികസന നയങ്ങളുടെ പേരില്‍ സ്വന്തം ഭൂമിയില്‍ നിന്ന് നിഷ്കാസനം ചെയ്യപ്പെട്ട് 450 മൈല്‍ അകലെയുള്ള ബോസ്ക് റെഡാന്ടോയിലേക്ക് പലായനം ചെയ്തവരില്‍ ഏതാണ്ട് രണ്ടായിരത്തിലധികം പേര്‍ വഴിയില്‍ മരിച്ചു വീണതാണ്. ആഭ്യന്തര യുദ്ധ കുറ്റവാളികളായി പിടിക്കപ്പെട്ട വെള്ളക്കാരെ ആരെയും തൂക്കിലിടാതിരുന്ന ലിങ്കണ്‍ കലാപകാരികളായിരുന്ന 38 തദ്ദേശവാസികളെ നൂറു കണക്കിന് വെള്ളക്കാരെ സാക്ഷി നിര്‍ത്തി തൂക്കിലേറ്റുകയുണ്ടായിട്ടുണ്ട് എന്നത് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ നിരന്തരം ഉന്നയിച്ചു പോരുന്നു. ശിക്ഷയെ പ്രദര്‍ശനമാക്കി മാറ്റാന്‍ അപരര്‍ സ്വന്തം നിയന്ത്രണത്തില്‍ ഉണ്ടെങ്കില്‍ വെള്ളക്കാര്‍ പരസ്പരം മാന്യന്മാരാവുകയും തങ്ങളുടെ പരപീഡന വ്യഗ്രതകളെ അവരില്‍ പരീക്ഷിക്കുകയും ചെയ്യും എന്നതിന്റെ ഉദാഹരണമായി വേണമെങ്കില്‍ ഇതിനെ വായിക്കാം. മാര്‍ക്സ് “തൊഴിലാളി വര്‍ഗ്ഗത്തിന്റെ ധീര പുത്രന്‍” (the single-minded son of the working class) എന്ന് വിളിച്ച റിപ്പബ്ലിക്കന്‍ നേതാവാണു ലിങ്കന്‍. അമേരിക്കന്‍ സ്വാതന്ത്ര്യ സമരം മധ്യവര്‍ഗ്ഗത്തിന്റെ വിജയമായിരുന്നെങ്കില്‍ അടിമത്ത നിരോധനം തൊഴിലാളി വര്‍ഗ്ഗത്തിന് സഹായകമാവുമെന്നതായിരുന്നു മാര്‍ക്സിന്റെ വിലയിരുത്തല്‍. അതെന്തായാലും, അമേരിക്കയില്‍ അടിമത്ത നിര്‍മ്മാര്‍ജ്ജന നിയമം നടപ്പിലാക്കുന്നതും ഫൂക്കോ യൂറോപ്പിലാകെ പീനല്‍ വ്യവസ്ഥയിലുണ്ടായ വലിയ പരിണാമത്തെ കുറിച്ച് പറയുകയും ചെയുന്ന കാലത്താണ് ബ്രെമന്റെ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്ന ഡച്ച് കോളനിയിലെ പുകയില തോട്ടങ്ങളിലെ സംഭവങ്ങള്‍ തെക്ക് കിഴക്കന്‍ ഏഷ്യന്‍ കോളനിയില്‍ ഉണ്ടായത്. ഹതഭാഗ്യരായ പാവപ്പെട്ട ചൈനീസ് തൊഴിലാളികളെ കൂട്ടമായി സുമാത്രയിലെ തോട്ടങ്ങളില്‍ അടിമ വേലക്കായി എത്തിക്കാന്‍ വിപുലമായ റിക്രൂട്ട്മെന്റ് സംവിധാനങ്ങളാണ് ഉണ്ടായിരുന്നത്. ഹീനവും നിന്ദ്യവുമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാണ് തൊഴിലാളികളെ കൊണ്ടുവന്നിരുന്നത്. ചതിയുടെയും ഹിംസയുടെയും മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചത്. ഇതിനായി ഇടനിലക്കാരുടെ ഒരു വലിയ ശൃംഖല തന്നെ സൃഷ്ടിക്കപ്പെട്ടിരുന്നു. തൊഴില്‍ കരാറുകള്‍ മാന്യമായ വേതന ഉടമ്പടികള്‍ ആയിരുന്നില്ല. മറിച്ചു അവയെല്ലാം ഒപ്പന്തം (indenture) എന്ന വെറുക്കപ്പെട്ട അടിമക്കരാറുകള്‍ ആയിരുന്നു. ഒരു വശത്ത് ചൈനീസ് അടിമ വേലക്കാരും മറുവശത്ത് വെള്ളക്കാരായ തോട്ടമുദ്യോഗസ്ഥരുമെന്ന അധികാര ശ്രേണിയാണ് ഉണ്ടായിരുന്നത്. കടുത്ത പട്ടാള നിയന്ത്രങ്ങളായിരുന്നു പണിസ്ഥലത്തുo വാസസ്ഥലത്തും തൊഴിലാളികള്‍ക്ക് നേരിടേണ്ടി വന്നത്. യൂറോപ്പില്‍ പുതിയ ലേബര്‍ മാനെജ്മെന്റ് തന്ത്രങ്ങള്‍ അവതരിപ്പിക്കപ്പെട്ട കാലത്ത് സുമാത്രയില്‍ പൊതിരെ തല്ലി പണിയെടുപ്പിക്കുന്ന രീതിയാണ് ഡച്ച് അധിനിവേശകര്‍ സ്വീകരിച്ചത്. യൂറോപ്പ് ഫൂക്കോ പറയുന്ന പീനല്‍ വ്യവസ്ഥയിലെ മാറ്റങ്ങള്‍ക്കു വിധേയമാകുന്ന കാലത്ത് പാവപ്പെട്ട ചൈനീസ് തൊഴിലാളികളെ കന്നുകാലികളെ പോലെയാണ് ഡച്ച് കൊളോണിയല്‍ തോട്ടമുടമകള്‍ ഉപയോഗിച്ചിരുന്നത്. ചെറിയ കുറ്റങ്ങള്‍ക്ക് പോലും ചങ്ങലക്കിട്ടു പരസ്യമായി ക്രൂര മര്‍ദ്ദനങ്ങള്‍ക്കും ശാരീരിക പീഡനങ്ങള്‍ക്കും ഇരയാക്കുകയായിരുന്നു ചൈനീസ് തൊഴിലാളികളെ ഡച്ചുകാര്‍. ആവശ്യത്തിനു ഭക്ഷമില്ലാതെ, മര്‍ദ്ദനങ്ങള്‍ സഹിച്ചു, രോഗ ബാധിതരായി അനേകം ചൈനീസ് തൊഴിലാളികള്‍ മരിച്ചു കൊണ്ടിരുന്നു. ജൂനിയര്‍ യൂറോപ്പ്യന്‍ അസ്സിസ്ടന്റുമാരും ചില ഏഷ്യന്‍ ഫോര്മാന്മാരും ഈ കമ്പനികള്‍ക്ക് വേണ്ടി തൊഴിലാളികള്‍ക്കിടയില്‍ കടുത്ത മര്‍ദ്ദനങ്ങളിലൂടെ അച്ചടക്കം നടപ്പിലാക്കിക്കൊണ്ടിരുന്നു. ബ്രെമന്‍ കണ്ടെത്തിയത് അങ്ങേയറ്റത്തെ വംശവെറിയുടെ, തുറന്ന റേസിസത്തിന്റെ, കുറ്റബോധമേതുമില്ലാത്ത ക്രൂരപീഡനങ്ങളാണ് തൊഴിലാളികളെ നിയന്ത്രിക്കാന്‍ വെള്ളക്കാര്‍ ഉപയോഗിച്ചിരുന്നത് എന്നതാണ്. കോര്‍പൊറല്‍ ശിക്ഷയുടെയും മര്‍ദ്ദനതിന്റെയും അടിമജോലിയുടെയും നിയമലംഘനങ്ങള്‍ അനുഭാവ പൂര്‍വ്വo അനുവദിച്ചു കൊടുക്കുകയാണ് ഡച്ച്ഭരണകൂടം ചെയ്തിരുന്നത്. തൊഴിലാളികളെ ചങ്ങലക്കിട്ട് ചാട്ടവാറിനു അടിച്ചാണ് പണിയെടുപ്പിച്ചിരുന്നത്. പത്തു ലക്ഷo ചൈനക്കാരെ അവരുട വിദൂരമായ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്ന് ബലമായി അടര്‍ത്തി മാറ്റി, അവരുടെ കുടുംബങ്ങള്‍ ശിഥിലീകരിച്ച്, അവരുടെ ശരീരത്തെ മൃഗീയമായ പീഡനങ്ങള്‍ക്കും അദ്ധ്വാനത്തിന്റെ അളവില്ലാത്ത ചൂഷണത്തിനും വിധേയമാക്കി സുമാത്രയിലെ പുകയിലക്കാടുകളില്‍ കൊന്നു തള്ളിയതിന്റെ ചരിത്രം നിസ്സാരമായി കാണാനാവില്ല. ഇതിനൊക്കെ ഫൂക്കോയുടെ വിവരണ പ്രകാരം സ്വന്തം നാട്ടില്‍ പുതിയ യൂറോപ്യന്‍ പീനല്‍ വ്യവസ്ഥയിലേക്കു പ്രവേശിച്ചിരുന്ന ഡച്ച് ഭരണകൂടം അനുവാദം നല്‍കിയിരുന്നു എന്ന് കാണാം. എന്ത് മാറ്റമാണ് അപ്പോള്‍യൂറോപ്പിന് പത്തൊന്‍പതാം നൂറ്റാണ്ടില്‍ സംഭവിച്ചത്? ഏതായാലും ഒരു നൈതിക അളവുകോലല്ല (normative parameter) അല്ല അദേഹം ഉപയോഗിക്കുന്നത് എന്നതിനാല്‍ ഇതില്‍ ഫൂക്കൊയെ ചോദ്യം ചെയ്യാന്‍ ഒന്നുമില്ല. ഇത് ഫൂക്കോ വിമര്‍ശനമല്ല. പക്ഷെ ഇന്നത്തെ യൂറോപ്പിന്റെ വലതുപക്ഷ ക്രോഡീകരണത്തിന്റെ സന്ദര്‍ഭത്തില്‍ യൂറോപ്യന്‍ ഇരട്ടത്താപ്പുകളുടെ കാര്യം സ്പര്‍ശിക്കാതെ വയ്യ. ഫൂക്കോല്ഷ്യന്‍ നിലപാടുകളുടെ ഒരു നോര്‍മെറ്റിവ് വിമര്‍ശനമായിരുന്നുവോ സ്പിവക്കു നടത്തിയത് എന്നതും ഇപ്പോള്‍ ഞാന്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. സുമാത്രയിലെ അടിമജോലിയെ കുറിച്ചുള്ള ചിത്രങ്ങളും ലേഖനങ്ങളും ഡച്ച് പത്രങ്ങള്‍ പുറത്ത്കൊണ്ടുവരികയും അവിടുത്തെ പത്തു ലക്ഷം ചൈനക്കാരായ അടിമകളുടെ ദുരിത ജീവിതത്തെ കുറിച്ച് വാന്‍ ഡെന്‍ ബ്രാന്‍ഡ് എന്ന ഒരു വക്കീല്‍ തന്റെ സോഷ്യലിസ്റ്റ് ആദര്‍ശങ്ങളുടെ വെളിച്ചത്തില്‍ തയ്യാറാക്കിയ ലഘുലേഖ സിവില്‍ സമൂഹത്തിലെ ചർച്ചകള്‍ക്ക് കാരണമാവുകയും ചെയ്തു. ഡച്ച് ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. ജെ. സി. ടി. റെoറെവിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഘുലേഖയിലെ നിഗമനങ്ങള്‍ ശരി വയ്ക്കുന്നവ ആയിരുന്നു. ആ ചര്‍ച്ച സജീവമായപ്പോള്‍ യാഥാസ്ഥിതികര്‍ എടുത്ത നിലപാടാണ് ഈ പ്രശ്നത്തില്‍ യൂറോപ്പിന്റെ ഈ ഇരട്ട മുഖത്തെ കുറിച്ചുള്ള കാതലായ ഒരു സൂചന നല്‍കുന്നത്. കോളനികളിലെ ക്രൂരതകളെ കുറിച്ചുള്ള ചര്‍ച്ച സജീവമായപ്പോള്‍, യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ കോളനികളുടെ ഭരണത്തില്‍ പാലിക്കേണ്ടതില്ല എന്നതായിരുന്നു ആ നിലപാട്. “യൂറോപ്യന്‍ മാനദണ്ഡങ്ങള്‍” ഉണ്ടാവുന്നത് അപരത്വത്തെ നിര്‍വചിക്കാനുള്ള മേഖല യൂറോപ്പില്‍ നിന്ന് കോളനികളിലേക്ക് മാറ്റിക്കൊണ്ടാണെന്നതാണ് ഇവിടെ ശ്രദ്ധേയമായിട്ടുള്ള വസ്തുത. പോസ്റ്റ്‌ കൊളോണിയല്‍ കാലത്ത് ഓരോ യൂറോപ്യന്‍ രാജ്യങ്ങളും ഈ അപര പ്രവേശനത്തിന്റെ ഫലമായി മള്‍ട്ടികള്‍ച്ചറല്‍ ചരിത്രത്തിലേക്ക് നിസ്സഹായതയോടെ കാലെടുത്തു വച്ചു. അതിന്റെ പേരില്‍ ഉണ്ടായ ധ്രുവീകരണത്തിന്റെ ഏറ്റവും ഹിംസാത്മകമായ പ്രതികരണങ്ങളില്‍ ഒന്നായിരുന്നു 2011 –ല്‍ നോര്‍വയില്‍ വര്‍ക്കേര്‍സ് യൂത്ത് ലീഗിന്റെ സമ്മര്‍ ക്യാമ്പിലേക്ക് ആന്ടെഴ്സ് ബെറിംഗ് ബ്രെവൈക് എന്ന യാഥാസ്ഥിതിക വംശീയ വാദി നടത്തിയ 69 പേരുടെ കൊലയില്‍ കലാശിച്ച ആക്രമണം. ഭരണകൂടങ്ങള്‍ തന്നെ ഇതര മത ചിന്ഹങ്ങളെ -ഹിജാബ് മുതല്‍ സിഖ് തലപ്പാവ് വരെ – മതേതര യൂറോപിന്റെ കളങ്കമായി കാണുന്നതും ഇതേ മള്‍ട്ടികള്‍ച്ചറിസത്തിന്റെ പശ്ചാത്തലത്തില്‍ ആണ്. ഈ പുതിയ പലായനങ്ങള്‍ പഴയ ആക്രമണങ്ങളും അധിനിവേശവും സൃഷ്ടിച്ച ചരിത്ര-പ്രത്യയ ശാസ്ത്ര – സാമൂഹികതക്കുള്ളിലാണ് രൂപം കൊള്ളുന്നത്‌ എന്നതിനാല്‍ ഇതിന്റെ രാഷ്ട്രീയമായ പ്രതിനിധാനങ്ങള്‍ യൂറോപ്പിലും ഏഷ്യയിലും വ്യത്യസ്ഥമായി തീരുന്നു. ഒരേ സമയം യൂറോപ്യന്‍ മാനദണ്ഡങ്ങളിലേക്ക് നിര്‍ബന്ധിക്കുകയും (ആധുനികവല്‍ക്കരണ സിദ്ധാന്തം മുതല്‍ ജനാധിപത്യവും സാംസ്കാരിക വിമര്‍ശനവും വരെ) എന്നാല്‍ എഷ്യയെയും ആഫ്രിക്കയേയുമൊക്കെ അപരവല്കരിച്ചു കൊണ്ട് സ്വയം വേറിട്ട്‌ നിര്‍വചിക്കുകയും ചെയ്യുന്ന യൂറോപ്പിനെയാണ് നാം എപ്പോഴും സന്ധിക്കുന്നത്. എന്താണ് യൂറോപ്പിനെ ഇങ്ങനെ വേറിട്ട്‌ അറിയുക എന്നതിലെ രാഷ്ട്രീയം? ‘യൂറോപ്പിന്റെ പ്രാദേശികവല്‍ക്കരണം’ എന്ന കൃതിയില്‍ ദീപേഷ് ചക്രവര്‍ത്തി (Dipesh Chakrabarty. 2000. ‘Provincializing Europe: Postcolonial thought and historical difference’. Princeton: Princeton University Press.) നല്‍കുന്ന സുദീര്‍ഘമായ ചർച്ചയിലേക്കല്ല പോകുന്നത്. ഇതേ കുറിച്ച് മറ്റൊരിക്കല്‍ എഴുതുന്നുണ്ട്. പോസ്റ്റ്‌ കൊളോണിയല്‍ ജീവിതാനുഭവങ്ങളും പോസ്റ്റ്‌ കൊളോണിയല്‍ ആധുനികതയെ വ്യാഖ്യാനിക്കുന്നതിന് പാശ്ചാത്യ പരികല്‍പ്പനകള്‍ ഇപ്പോഴും ഉപയോഗിക്കുന്നു എന്ന യാഥാര്‍ത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേട് ചരിത്രരചയിതാക്കള്‍ കാണാതെ പോകരുത് എന്ന് ദീപേഷ് ചക്രവര്‍ത്തി പറയുന്നത് ഒരു ചൂണ്ടു പലകയാണ്. പാശ്ചാത്യേതര രാജ്യങ്ങളിലെ പോസ്റ്റ്‌ കൊളോണിയല്‍ രാഷ്ട്രീയം മനസ്സിലാക്കുന്നതിനു യൂറോപ്യന്‍ ചിന്ത ഒരേ സമയം അത്യന്താപേക്ഷിതവും എന്നാല്‍ അപര്യാപ്തവുമാണ് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ആധുനികതയുടെ ഈറ്റില്ലം എന്ന നിലയില്‍ മിത്തായി മാറിയിട്ടുള്ള ഒരു ഭാവനാത്മക-ആദര്‍ശാത്മക യൂറോപ്പിലേക്കുള്ള പ്രയാണമായി ഓരോ ഏഷ്യന്‍ രാജ്യത്തിന്റെ ചരിത്രത്തെയും കാണുന്ന പ്രവണത ഇപ്പോള്‍ സാമൂഹിക ശാസ്ത്രം ഒട്ടൊക്കെ ഉപേക്ഷിച്ചു എന്ന് പറയാമെങ്കിലും ഏഷ്യയിലെ ജനാധിപത്യവല്‍ക്കരണത്തിന്റെ സ്ഥൂല രാഷ്ട്രീയത്തിലും സംസ്കാരത്തിന്റെ സൂക്ഷ്മ രാഷ്ട്രീയത്തിലും പുതിയ യൂറോപ്പ് അതിന്റെ യാഥാസ്ഥിതിക അധികാര-അധീശത്വ സ്ഥാനങ്ങള്‍ അവകാശമാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ, യൂറോപ്പിനെ അറിയാതെ ഏഷ്യയെ അറിയാന്‍ കഴിയുന്നില്ല എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാനാവില്ല. എന്നാല്‍ എങ്ങനെയാണ് യൂറോപ്പിനെ അറിയുക എന്ന ചോദ്യം നമ്മെ നയിക്കുക കടുത്ത വിയോജിപ്പുകളുടെ മേഖലയിലേക്കാണ്. ആഗോള രാഷ്ട്രീയത്തിന്റെ ഒരു പശ്ചാത്തലമില്ലാതെ ഇത്തരമൊരു അന്വേഷണം സാധ്യമാവുകയില്ല. തെക്ക് കിഴക്കന്‍ ഏഷ്യയിലെ നവ വികസിത രാജ്യങ്ങള്‍ കൊളോണിയല്‍ പാരമ്പര്യത്തോട് പ്രതികരിക്കുന്നത് അടിസ്ഥാനപരമായ ശത്രുതയോടെയല്ല എന്നത് ശ്രദ്ധേയമാണ്. ഹോങ്കോങ്ങില്‍ ഞാന്‍ കണ്ടിട്ടുള്ളത് കടുത്ത കൊളോണിയല്‍ വിധേയത്വമാണ്. 99 -കൊല്ലത്തെ പാട്ടത്തിനു ചൈനയുടെ കയ്യില്‍ നിന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വാങ്ങിയ പ്രദേശമാണ് ഹോങ്കോങ്ങ്. 1997-ല്‍ അത് ചൈനക്ക് തിരികെ നല്‍കുമ്പോള്‍ ഹോങ്കോങ്ങിലെ വളരെ ചെറിയൊരു വിഭാഗം മാത്രമേ അതിനെ അനുകൂലിക്കാന്‍ ഉണ്ടായിരുന്നുള്ളൂ. ചൈനയും ബ്രിട്ടനുമായുള്ള കരാര്‍ പ്രകാരം ഹോങ്കോങ്ങിലെ ഇപ്പോഴത്തെ ഭരണ സംവിധാനം അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷമേ മാറ്റാന്‍ പാടുള്ളൂ എന്നതായിരുന്നു. എന്നാല്‍ കൊളോണിയില്‍ ശക്തിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടിരിക്കുന്നു എന്നല്ല, ചൈനയുടെ ഭാഗമാവാന്‍ പോകുന്നു എന്ന വിചാരമാണ് ഹോങ്കോങ്ങ് നിവാസികളെ വേദനിപ്പിച്ചത്. അതിന്റെ പ്രതിഫലമായിരുന്നു വോങ്ങ് കാര്‍ വൈയുടെ (Wong Kar-wai) വിഖ്യാത ചിത്രമായ In the mood for love എന്ന ചിത്രത്തില്‍ കണ്ടത്. അപ്രധാനം എന്ന് തോന്നാവുന്നതായിരുന്നു അതിലെ കമിതാക്കള്‍ ഒന്നിക്കുന്ന ഹോട്ടല്‍ മുറിയുടെ നമ്പര്‍- 2046. പിന്നീട് 2046 എന്ന പേരില്‍ തന്നെ ഒരു സിനിമ വോങ്ങ് കാര്‍ വൈ എടുത്തു. അത് വെറുമൊരു സംഖ്യയല്ല. അത് AD 2046 ആണ്; ഹോങ്കോങ്ങുകാര്‍ കാത്തിരിക്കാത്ത കലണ്ടര്‍ വര്‍ഷമാണ്‌. ആ വര്‍ഷമാണ്‌ 50 വര്‍ഷത്തേക്ക് മാറ്റില്ല എന്ന് ഇംഗ്ലണ്ടിനു ചൈന വാക്ക് കൊടുത്തിട്ടുള്ള ഭരണമാറ്റത്തിന്റെ വർഷം ! കൊളോണിയലിസത്തെ അല്ല, അവരുടെ പഴയ രാജ്യമായ ചൈനയെ ആണു അവര്‍ ശത്രുവായി കാണുന്നത്. ഏഷ്യാ ചരിത്രത്തിലെ ഇത്തരം ഐറണികള്‍ അപവാദങ്ങളല്ല. പല ഏഷ്യകള്‍ ഉള്ളതുപോലെ ഓരോ ഏഷ്യക്കും ഓരോ യൂറോപ്പും ഉണ്ടാവുന്നു എന്നര്‍ത്ഥം. ഏഷ്യ ഇന്ന് ഏഷ്യയില്‍ മാത്രമല്ല എന്നത് പോലെ പ്രധാനമാണ് ഏഷ്യക്കുള്ളിലെ ഉള്‍വലിയലുകളെ തിരിച്ചറിയുക എന്നതും. മൂലധനത്തിന്റെയും അധ്വാന ശക്തിയുടെയും അസമമായ സഞ്ചാര സ്വാതന്ത്ര്യങ്ങള്‍, അതിന്റ പ്രത്യാഘാതങ്ങള്‍, അതിന്റെ സംഘര്‍ഷങ്ങള്‍, ഒക്കെ ചര്‍ച്ച ചെയ്യുന്ന വലിയൊരു ഉട്ടോപ്പിയ കൂടി ആയി ട്രാന്‍സ് നാഷണലിസവും കൊസ്മോപോളിറ്റനിസവും ഇന്ന് അക്കാദമിക് മേഖലയിലെ സജീവ വിഷയങ്ങളാണ്. മാറുന്ന ലോകത്തെ മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു ആഗോള രാഷ്ട്രീയത്തിലേക്ക് ഈ സമ്മര്‍ദ്ദങ്ങള്‍ നമ്മെ നയിക്കുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ട്. സിസെക്കിന്റെ സന്നിഗ്ദ്ധമായ ഉള്‍ക്കാഴ്ചകളില്‍ ഒന്ന് രാഷ്ട്രീയത്തോട് ഒരു ആഗോള സമീപനം വേണമെന്നതാണ് (“Class struggle or postmodernism? Yes please”). എങ്ങനെയാണ് ഈ ആഗോളസമീപനം രൂപപ്പെടുത്തുക എന്നതിനെ കുറിച്ച് അധികമൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാല്‍ രാഷ്ട്രീയത്തിലെ ആഗോള സമീപനം എന്നത് ഒരു പ്രായോഗിക പ്രശ്നം മാത്രമല്ല, ഒരു സൈദ്ധാന്തിക പ്രശ്നം കൂടിയാണെന്ന് തോന്നുന്നു. പ്രായോഗികവും സൈദ്ധാന്തികവുമായി ഏഷ്യയെ പ്രശ്നവല്‍ക്കരിക്കുകയും ഏഷ്യ എന്ന വിഘടിത സ്വത്വത്തിന്റെയും യൂറോപ്പ് എന്ന ഭാവനാത്മക സാകല്യത്തിന്റെയും ഇടയിലുള്ള വൈരുദ്ധ്യങ്ങളുടെ അനാവരണങ്ങള്‍ നല്‍കുന്ന സൂചനകളിലൂടെ സഞ്ചരിക്കുകയുമാണ് ഈ പംക്തിയിലെ കുറിപ്പുകള്‍ ലക്ഷ്യം വക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തിനിടയില്‍ ലോകത്തിലെ വിവിധ രാജ്യങ്ങള്‍ എന്റെ പഠന-ഗവേഷണ യാത്രകളുടെ ഭാഗമായി ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. വിശദമായ പഠന യാത്രകള്‍ കൂടുതലും ഏഷ്യന്‍ രാജ്യങ്ങളിലേക്കായിരുന്നു. ഒരേ രാജ്യം തന്നെ പല തവണ സന്ദര്‍ശിച്ചിട്ടുണ്ട്. നിരവധി വ്യക്തികളും ഗ്രൂപ്പുകളും അടങ്ങുന്ന വൈവിധ്യമാര്‍ന്ന ഒരു സൌഹൃദശൃംഖലയിലെ കണ്ണിയാകുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ കുറിപ്പുകളില്‍ തീര്‍ച്ചയായും അത്തരം യാത്രകളുടെ, സൌഹൃദങ്ങളുടെ ഓര്‍മ്മകളും അടയാളങ്ങളും കടന്നു വരാതിരിക്കാന്‍ കഴിയില്ല. കാരണം വായനക്കൊപ്പം ആ സംഭാഷണങ്ങളും കൂടിച്ചേരലുകളും പങ്കുവയ്ക്കലുകളും എന്റെ അനുഭവത്തെ സമ്പന്നമാക്കിയിടുണ്ട്. അതുകൊണ്ട് തന്നെ ഇതൊരു യാത്രാവിവരണ പരമ്പരയല്ലെങ്കിലും എന്റെ വായനയുടെയും, വിശകലനശേഷിയുടെയും പരിമിതിയെ, ഞാന്‍ ഈ യാത്രകളില്‍ കണ്ട കാഴ്ചകളുടെ, അറിഞ്ഞ യാഥാര്‍ത്ഥ്യങ്ങളുടെ, ഗ്രാമീണരും തൊഴിലാളികളും യുവാക്കളും വിദ്യാർത്ഥികളും ആക്ടിവിസ്റ്റുകളും, അക്കാദമിക് സുഹൃത്തുക്കളും ഒക്കെ പലപ്പോഴായി പങ്കുവച്ച നേരറിവുകളുടെ സാക്ഷ്യങ്ങള്‍ കൊണ്ട് കൂടി മറികടക്കാന്‍ നോക്കുന്നത്, ആ അനുഭവങ്ങളുടെ ഊഷ്മളത മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നതുകൊണ്ട് കൂടിയാണ്. ചെന്ന് കണ്ടാലുടനെ അറിയാന്‍ പാകത്തില്‍ ഒരു രാജ്യവും സമൂഹവും ആര്‍ക്കും നിന്ന് കൊടുക്കുന്നില്ല. അതുകൊണ്ട് തന്നെ മനുഷ്യസഞ്ചാരങ്ങളുടെ അടയാളങ്ങളെ അവയുടെ രാഷ്ട്രീയത്തില്‍, സാമൂഹികതകളില്‍, ചരിത്ര സന്ദര്‍ഭങ്ങളില്‍ മനസിലാക്കുക എന്ന രീതിയാണ് ഞാന്‍ സ്വീകരിക്കുന്നത്. രാഷ്ട്രീയത്തിലെ ആഗോള സമീപനം എന്നാല്‍ ഒരു ദേശീയ-അന്തര്‍ദേശീയ നിഷ്പക്ഷതയല്ല എന്ന് എനിക്കറിയാം. സ്വത്വ വിസ്ഫോടനത്തിന്റെ ആഗോള പരിസരം ദേശീയ പ്രാദേശിക രാഷ്ട്രീയത്തിലേക്ക് വിവര്‍ത്തനം ചെയ്യുക എന്ന ബാധ്യതയില്‍ നിന്നു ഒഴിഞ്ഞുകൊണ്ടുള്ള സമീപനം ഉണ്ടാവില്ല. ഞാന്‍ ആദ്യം സൂചിപ്പിച്ച എന്റെ സുഹൃത്ത്‌ ദീപക് കുമാരന്‍ മേനന്‍ കാണിച്ചു തരുന്നതു പോലുള്ള അഗാധമായ മുറിവുകളെ കുറിച്ച് നാം സാധാരണ സംസാരിക്കാറില്ല. ഏഷ്യയുടെ സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ പരിസരത്ത് നിന്നുകൊണ്ട് അത്തരം മുറിവുകളുടെ ചരിത്രത്തിലേക്ക് ചില കാതലായ അന്വേഷണങ്ങള്‍ നടത്തുമ്പോള്‍ സമകാല രാഷ്ട്രീയത്തിന്റെ അനിവാര്യമായ തിരുത്തലുകളിലേക്ക് അവയെ ബന്ധിപ്പിക്കാന്‍ സാധിക്കുന്നതെങ്ങനെ എന്നത് എന്നെ വല്ലാതെ വേവലാതിപ്പെടുത്തുന്നുണ്ട്. എങ്കിലും എഴുത്തും പ്രതിഫലനങ്ങളും സാര്‍ത്ഥകമാവുന്നത് അത്തരം സംയോഗങ്ങളുടെ ജൈവതലം സജീവമാമ്പോഴാണ് എന്ന് ഞാന്‍ ശക്തമായി തിരിച്ചറിയുകയും അതിന്റെ സാധ്യതകളിലേക്ക് ഉറ്റു നോക്കുകയും ചെയ്യുന്നു.

Categories
Malayalam Articles

ജനപക്ഷ രാഷ്ട്രീയത്തിന്‍റെ ജൈവ സംയോജനം

ജനപക്ഷ രാഷ്ട്രീയത്തിന്‍റെ ജൈവ സംയോജനം

ഡോ.ടി.ടി. ശ്രീകുമാര്‍ (20 മെയ്‌ 2013 മാധ്യമം ആഴ്ചപ്പതിപ്പ്) സോളിഡാരിട്ടി പത്താം വാര്‍ഷിക ഉത്ഘാടന പ്രസംഗം, തൃശൂര്‍)

സോളിഡാരിറ്റി അതിന്‍െറ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സോഷ്യല്‍ ഓഡിറ്റിങ്ങില്‍ പങ്കെടുക്കാന്‍ എന്നെക്കൂടി ക്ഷണിച്ചതില്‍ നന്ദി രേഖപ്പെടുത്തുന്നു.

സോഷ്യല്‍ ഓഡിറ്റിങ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഭയമാണ്. കാരണം, അതില്‍ രണ്ടു പദങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഒന്ന് സോഷ്യല്‍, മറ്റേത് ഓഡിറ്റിങ്. ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഭയക്കുന്ന പദമാണ് ഓഡിറ്റിങ്. നിരന്തരം കംട്രോളര്‍ ജനറലിന്‍െറ ഓഡിറ്റിങ് റിപ്പോര്‍ട്ടുകള്‍ വരുകയും അപ്പോഴൊക്കെ പല വിഗ്രഹങ്ങളും ഉടഞ്ഞുവീഴുകയും ചെയ്യുന്നത് നാം കാണുന്നുണ്ട്. സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാകുമ്പോള്‍ വിഗ്രഹം പൂര്‍ണമായും ഉടഞ്ഞില്ലെങ്കിലും അംഗഭംഗമെങ്കിലും സംഭവിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കുഴപ്പമില്ല എന്ന ആത്മവിശ്വാസമുള്ളവര്‍മാത്രമേ സോഷ്യല്‍ ഓഡിറ്റിങ്ങിന് തയാറാവുകയുള്ളൂ.
ഒരു സംഘടന സോഷ്യല്‍ ഓഡിറ്റിങ്ങിന് തയാറാകുമ്പോള്‍ അത് സ്വാഭാവികമായും സംഘടനയുടെ പ്രവര്‍ത്തനങ്ങളെ, അതിന്‍െറ രീതികളെ, അതിന്‍െറ മാനേജ്മെന്‍റ് ശൈലിയെ, അത് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ പ്രതികരണങ്ങളെ, അതിന്‍െറ പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങളെയെല്ലാം കുറെയെങ്കിലും നിഷ്പക്ഷമായും വസ്തുനിഷ്ഠമായും പരിശോധിക്കാന്‍ തയാറുണ്ട് എന്ന പ്രഖ്യാപനം കൂടിയാവുന്നു. അതുകൊണ്ടാണ് സന്തോഷപൂര്‍വം ഞാനീ ഉത്തരവാദിത്തം ഏറ്റെടുക്കാനായി സമ്മതിച്ച് ഇവിടെ എത്തിച്ചേര്‍ന്നത്.
നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യമെന്നത്, ഇത്തരത്തിലുള്ള സാമൂഹിക പ്രതിബദ്ധതയും സാമൂഹികമായ കണക്കെടുപ്പുകളും സംഘടനകള്‍ക്കു മാത്രമല്ല വ്യക്തികള്‍ക്കും ആവശ്യമായിട്ടുള്ള കാലമാണ്. സാമൂഹിക പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന വ്യക്തികളെ സംബന്ധിച്ചിടത്തോളവും സംഘടനകളെ സംബന്ധിച്ചിടത്തോളവും ഏറ്റവും അത്യന്താപേക്ഷിതമായ കാര്യമാണ് സാമൂഹികമായ കണക്കെടുപ്പിന് നിന്നുകൊടുക്കുകയെന്നത്. അതിന്‍േറതായ ഒരു രാഷ്ട്രീയ സംസ്കാരം ഉണ്ടാവണം. ആ രാഷ്ട്രീയ സംസ്കാരത്തില്‍ പരസ്പര ബഹുമാനത്തിന്‍െറയും അംശമുണ്ടായിരിക്കണം. പരസ്പര വിമര്‍ശത്തിന്‍െറയും സ്വയം വിമര്‍ശത്തിന്‍േറതുമായ അംശങ്ങളെ ഇത്തരത്തില്‍ പരസ്പര ബഹുമാനത്തില്‍ സ്വീകരിക്കാന്‍ കഴിയുന്ന സാംസ്കാരിക അന്തരീക്ഷം ഉണ്ടാവണം. ഇത്തരം സാംസ്കാരിക അന്തരീക്ഷം ഉണ്ടാകുന്നതിന് ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ സഹായകമാകും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
സോളിഡാരിറ്റിപോലുള്ള സാമൂഹിക പ്രസ്ഥാനങ്ങള്‍ക്ക് കേരള ചരിത്രത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കണം. അത്തരത്തിലുള്ള ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇന്ന് കേരളത്തില്‍, സിവില്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. കാരണം, കേരളത്തിന്‍െറ സിവില്‍ സമൂഹം രൂപംകൊള്ളുന്നത് നിര്‍ണായകമായ ചില ചലനങ്ങള്‍ 1850 നുശേഷമുള്ള കാലഘട്ടത്തില്‍ കേരളത്തില്‍ ഉണ്ടായതിന്‍െറ പശ്ചാത്തലത്തിലാണ്. 19ാം നൂറ്റാണ്ടിന്‍െറ രണ്ടാം പകുതിയിലും 20ാം നൂറ്റാണ്ടിന്‍െറ ആദ്യപകുതിയിലും കേരളത്തിലുണ്ടായ രാഷ്ട്രീയ ചലനങ്ങളെ ഓരോ തലമുറയും പുതുതായി വിശകലനംചെയ്യേണ്ടതുണ്ട്. നമുക്ക് മുന്‍കൂട്ടി തയാര്‍ ചെയ്തുവെച്ച ചരിത്രമുണ്ട്. മുന്‍കൂട്ടി തയാര്‍ ചെയ്തുവെച്ച ചരിത്രമെന്ന് പറയുന്നത് ഓരോ കാലഘട്ടത്തിലും ആ ചരിത്രം ആവശ്യമുണ്ടായിരുന്നവര്‍ എഴുതിയ ചരിത്രമാണ്. ഓരോ പുതിയ കാലഘട്ടത്തിലും ചരിത്രം മാറ്റിയെഴുതപ്പെടുകയാണ്. അങ്ങനെ നോക്കുമ്പോള്‍ ചരിത്രം ചലനാത്മകമാണ്. ചരിത്രം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. നമ്മുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച്, സമൂഹത്തിന്‍െറ ഗതിവേഗങ്ങള്‍ക്കനുസരിച്ച്, സമൂഹത്തിന്‍െറ കുതിപ്പുകള്‍ക്കനുസരിച്ച്, സമൂഹത്തിന്‍െറ പുതിയ പുതിയ ആവശ്യങ്ങള്‍ക്കനുസരിച്ച് ചരിത്രം മാറുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള പുതിയ നിര്‍വചനങ്ങളിലേക്ക് ചരിത്രത്തെ നിര്‍ബന്ധിക്കുന്ന ഒരു രാഷ്ട്രീയം തീര്‍ച്ചയായും ഉരുത്തിരിഞ്ഞുവരേണ്ടതുണ്ട്.
അത് പറയാനുള്ള പ്രധാനമായ ഒരു സാമൂഹിക സന്ദര്‍ഭം, ഈയിടെ എ.കെ. ഗോപാലന്‍െറ ചിത്രം ഹൈന്ദവ ഫാഷിസ്റ്റ് സംഘടനകള്‍ ഹൈന്ദവ നവോത്ഥാന നായകന്‍ എന്ന രീതിയില്‍ എടുത്തിരിക്കുന്നു എന്നുള്ളതാണ്. കേരള- ഇന്ത്യാ ചരിത്രത്തില്‍ 1920കള്‍ എന്തായിരുന്നു എന്നുകൂടി ചോദിച്ചുകൊണ്ടു മാത്രമേ ഈ പ്രശ്നത്തെ അഭിമുഖീകരിക്കാന്‍ കഴിയൂ. എ.കെ. ഗോപാലന്‍ സി.പി.എമ്മിന്‍െറ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായിരുന്നു എന്നതുകൊണ്ടുതന്നെ പാര്‍ട്ടി അതിനോട് ‘‘ഞങ്ങളുടെ നേതാവിനെ നിങ്ങള്‍ സ്വാംശീകരിക്കാനും സ്വന്തമാക്കാനും പാടില്ല’’ എന്നുപറഞ്ഞുകൊണ്ട് വികാരപരമായി പ്രതികരിച്ചിട്ടുണ്ട്.

എ.കെ. ഗോപാലനെപ്പോലുള്ള സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ 1920-30കളില്‍ എന്തു ചെയ്തു എന്നതിനെക്കുറിച്ചുള്ള, അല്ലെങ്കില്‍ അത്തരം പ്രവര്‍ത്തനങ്ങളിലേക്ക് അവര്‍ എന്തുകൊണ്ട് നിര്‍ബന്ധിക്കപ്പെട്ടു എന്നതിനെക്കുറിച്ചുള്ള ചരിത്രപരമായ ഒരു വിശകലനം ഈ സന്ദര്‍ഭത്തില്‍ വളരെ പ്രസക്തമാണ്.

1920കള്‍ ഇന്ത്യയെയും കേരളത്തെയും സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു ദശകമായിരുന്നു. 1920കളോടെയാണ് ദേശീയ പ്രസ്ഥാനത്തിന്‍െറ രാഷ്ട്രീയം മുഴുവനായി മാറ്റി എഴുതപ്പെട്ടത്. 1920കളിലാണ് കേരളത്തില്‍ ഏറ്റവും ശക്തമായി മനുഷ്യാവകാശത്തിന്‍െറ രാഷ്ട്രീയം ഉയര്‍ന്നുവന്നത്. 1920കളിലാണ് കേരളത്തിലെ നവജാത ബൂര്‍ഷ്വാസി അതിന്‍െറ രാഷ്ട്രീയത്തെ കണ്ടെത്തുകയും അത് കണ്ടെത്തിയതിന്‍െറ പശ്ചാത്തലത്തില്‍ നിരന്തരമായ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്തത്.

കേരളത്തിലെ ഈഴവ-ക്രിസ്തീയ-മുസ്ലിം സമുദായങ്ങളുടെ സംയുക്ത രാഷ്ട്രീയ പ്രസ്ഥാനത്തിന്‍െറ ആഭിമുഖ്യത്തില്‍ ശ്രീമൂലം അസംബ്ളിയില്‍ ജനസംഖ്യക്ക് ആനുപാതികമായി പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ ധീരമായ സമരമാണ് നിവര്‍ത്തന പ്രക്ഷോഭമെന്ന പേരില്‍ അറിയപ്പെടുന്നത്. അതിന് നിവര്‍ത്തന പ്രക്ഷോഭമെന്ന പേരുകൊടുക്കുന്നതിനൊരു കാരണമുണ്ട്. അന്ന് ഇന്ത്യയില്‍ നിസ്സഹകരണ പ്രസ്ഥാനം നിലനില്‍ക്കുന്നുണ്ടായിരുന്നു. അതുകൊണ്ട്, നിസ്സഹകരണത്തില്‍നിന്ന് വ്യത്യസ്തമായ ഒരു വാക്കുവേണം ഉപയോഗിക്കാനെന്ന് അതിന്‍െറ നേതൃത്വത്തിനു നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ടാണ് ചര്‍ച്ചചെയ്ത് നിവര്‍ത്തന പ്രക്ഷോഭമെന്ന് അതിനു പേര് കൊടുത്തത്. കേരളത്തിലെ ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങളാണ് ശക്തമായി, തികച്ചും നിര്‍ഭയമായി സി.പി. രാമസ്വാമി അയ്യരെ എതിര്‍ത്തിട്ടുള്ളത്. നിവര്‍ത്തന പ്രക്ഷോഭത്തിനു മുമ്പുള്ള കാലഘട്ടത്തില്‍തന്നെ ഇന്ത്യയില്‍ ഒരു സവിശേഷ രാഷ്ട്രീയ സാഹചര്യം ഉയര്‍ന്നുവന്നിരുന്നു. 1927ല്‍ ‘മദര്‍ ഇന്ത്യ’എന്നൊരു പുസ്തകം കാതറിന്‍ മേയോ എഴുതുകയുണ്ടായി. ഇന്ത്യയുടെ അടിമത്തത്തിന്‍െറ കാരണം കൊളോണിയല്‍ ഭരണമല്ല. മറിച്ച്, ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാമൂഹിക-സാംസ്കാരിക-മതപരമായ അവസ്ഥകളാണ് എന്നും അതുകൊണ്ടുതന്നെ ഇന്ത്യക്കാര്‍ക്ക് സ്വയംഭരണം നല്‍കേണ്ടതില്ല എന്നും ശക്തമായി വാദിക്കുന്ന പുസ്തകമായിരുന്നു അത്. അങ്ങേയറ്റം ഹീനമായാണ് അതില്‍ ഇന്ത്യയെ ചിത്രീകരിച്ചിരിക്കുന്നത് എന്ന് വിമര്‍ശമുണ്ടായി. തന്നെയുമല്ല, പിന്നീടുണ്ടായ ചില പഠനങ്ങള്‍ കാതറിന്‍ മേയോക്ക് സാമ്രാജ്യത്വശക്തികളോട് വിശേഷിച്ച്, ബ്രിട്ടീഷ് സാമ്രാജ്യത്തോടുള്ള ബന്ധവും തുറന്നുകാട്ടുകയുണ്ടായി. അന്ന് ബ്രിട്ടനിലെ യാഥാസ്ഥിതികര്‍ക്ക് എന്താണോ ആവശ്യമായിരുന്നത്, അത് നല്‍കുകയാണ് കാതറിന്‍ മേയോ ചെയ്തത് എന്ന വാദം 1920നുശേഷം ഉണ്ടായ ചില ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ടു. അതിനെയൊന്നും ഖണ്ഡിക്കാനല്ല ഞാനുദ്ദേശിക്കുന്നത്. അതില്‍ വളരെ ശക്തമായി അവര്‍ ഉന്നയിച്ച വാദമെന്ന് പറയുന്നത്, ഇന്ത്യയിലെ സവര്‍ണ രാഷ്ട്രീയമാണ് അല്ലെങ്കില്‍ അതിന്‍െറ യാഥാസ്ഥിതികത്വമാണ് ഇന്ത്യയിലെ സ്ത്രീകളെ തടവിലിടുന്നത്, ഇന്ത്യയിലെ പുരുഷന്മാരെ നിര്‍വീര്യമാക്കുന്നത് എന്നൊക്കെയുള്ള, അവരുടെ സ്വന്തമായ നിഗമനങ്ങള്‍ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്. അവരുടെ മനസ്സിലുള്ള ഇന്ത്യ എന്ന ഒരു സങ്കല്‍പത്തെയാണ് അവരതിലവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ വന്ന് ഓടകള്‍ മാത്രം നോക്കിപ്പോയ സ്ത്രീയെന്നാണ് കാതറിന്‍ മേയോയെ ഗാന്ധി വിശേഷിപ്പിച്ചത്.

കേരളത്തിലും കാതറിന്‍ മേയോക്കെതിരെ വിമര്‍ശങ്ങളുണ്ടായി. ‘ചിത്രശാല’ എന്ന ഉള്ളൂരിന്‍െറ ഖണ്ഡകാവ്യം ‘മദര്‍ ഇന്ത്യ’ എന്ന പുസ്തകത്തോടുള്ള പ്രതികരണമായിരുന്നു.
‘‘ഭാരതക്ഷമേ നിന്‍െറ പെണ്‍മക്കള്‍ അടുക്കള
ക്കാരികള്‍ വീടാം കൂട്ടില്‍ കുടുങ്ങും തത്തമ്മകള്‍
നരന്ന് ഗര്‍ഭധാനപാത്രങ്ങളാജന്മാന്തം
പരതന്ത്രകള്‍ പശുപ്രായകള്‍ അബലകള്‍’’

എന്നൊക്കെ കാതറിന്‍ മേയോ പറഞ്ഞ കാര്യങ്ങള്‍ തന്‍േറതായ രീതിയില്‍ സംഗ്രഹിച്ചതിനുശേഷം ഉള്ളൂര്‍ എഴുതിയത്:

‘‘ഇമ്മട്ടില്‍ കടന്നോതിയിന്നലെ ദ്വിപാത്തായോ-
രമ്മരിക്കതന്‍ വിത്താമമ്മേയോ ധ്വരശ്ശിണി
അല്‍പവും ധരിച്ചോരല്ലമ്മതന്‍ പരമാര്‍ത്ഥ-
മപ്പച്ചപ്പരിഷ്കാരക്കാരിയാം ചട്ടക്കാരി.’’

ഇന്നലെ പൊട്ടിമുളച്ച നാഗരികതയായ അമേരിക്കയില്‍നിന്നുവന്ന പച്ചപ്പരിഷ്കാരിയായ ചട്ടക്കാരി ‘മദര്‍ ഇന്ത്യ’യെപ്പറ്റി ഒന്നും മനസ്സിലാക്കിയവളല്ല എന്നാണ് ഉള്ളൂര്‍ എഴുതിയത്. ‘മദര്‍ ഇന്ത്യ’യെക്കുറിച്ച് നടക്കുന്ന സമകാലിക ചര്‍ച്ചകളില്‍ ഉള്ളൂരിന്‍െറ ഈ കവിത പരാമര്‍ശിക്കപ്പെടാറില്ല. നമ്മുടെ കൊളോണിയല്‍ വിരുദ്ധ സാഹിത്യത്തിന്‍െറ കണക്കെടുപ്പില്‍ ഇതുംകൂടി ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്.

കാരണം,1920കളിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍െറ മാറുന്ന മുഖച്ഛായ മനസ്സിലാക്കിക്കൊണ്ട് യാഥാസ്ഥിതികത്വത്തിനുവേണ്ടി ആ രാഷ്ട്രീയത്തെ മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാതറിന്‍ മേയോ ‘മദര്‍ ഇന്ത്യ’ എന്ന പുസ്തകം എഴുതുന്നത്. ആ സാഹചര്യത്തിലാണ് ഇന്ത്യയിലും കേരളത്തിലുമൊക്കെത്തന്നെ ഹിന്ദുമതത്തിനുള്ളില്‍നിന്ന് നവോത്ഥാനത്തിന്‍െറ പുതിയ ശക്തികള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയത്. സഖാവ് കൃഷ്ണപ്പിള്ള അമ്പലത്തില്‍ കയറി മണിയടിക്കുന്നതും എ.കെ. ഗോപാലന്‍ ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള സമരങ്ങളിലേക്ക് എടുത്തു ചാടുന്നതുമൊക്കെ 1920കളില്‍ സവര്‍ണ രാഷ്ട്രീയത്തിന്‍െറ അടിസ്ഥാനശിലതന്നെ പിടിച്ചുലച്ചുകൊണ്ടുള്ള വിമര്‍ശങ്ങള്‍ ഉണ്ടായതിന്‍െറ പശ്ചാത്തലത്തില്‍കൂടിയാണ്.
‘‘പുരുഷനൊപ്പം സ്ത്രീയും സ്വാതന്ത്ര്യം കൈക്കൊള്ളട്ടെ
പേറട്ടെ സീമാദരം രണ്ട് കൂട്ടരും സമം’’
എന്ന് ഉള്ളൂര്‍ എഴുതിയതും ഈ പശ്ചാത്തലത്തില്‍തന്നെയാണ്.
ഇപ്പോള്‍ എ.കെ. ഗോപാലന്‍െറ ചിത്രം സവര്‍ണ രാഷ്ട്രീയം സ്വാംശീകരിക്കുമ്പോള്‍ സി.പി.എം ചെയ്തതുപോലെ വൈകാരികമായി പ്രതികരിച്ചതുകൊണ്ട് പ്രശ്നം തീരുന്നില്ല. എന്തുകൊണ്ടാണ് എ.കെ. ഗോപാലനെ സവര്‍ണ രാഷ്ട്രീയം സ്വാംശീകരിക്കാന്‍ ശ്രമിക്കുന്നത് എന്ന് ചോദിച്ചാല്‍ അതിനുത്തരം, സ്വാതന്ത്ര്യത്തിനുശേഷമുണ്ടായിട്ടുള്ള മാറുന്ന കേരള രാഷ്ട്രീയത്തില്‍ സവര്‍ണ രാഷ്ട്രീയത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള വലിയ വലിയ ചലനങ്ങളുണ്ടാക്കി ദലിത് പിന്നാക്ക വിഭാഗങ്ങള്‍ പുതിയ രാഷ്ട്രീയം മുന്നോട്ടുവെച്ചതിന്‍െറ പശ്ചാത്തലത്തില്‍ സ്വയം പുനര്‍നിര്‍വചിക്കാനായി ആര്‍.എസ്.എസും സവര്‍ണ രാഷ്ട്രീയവും നടത്തുന്ന ശ്രമത്തിന്‍െറ ഭാഗമായാണ് ഇത് സംഭവിക്കുന്നത് എന്നാണ്. അല്ലാതെ ഞങ്ങളുടെ വിവേകാനന്ദനെ നിങ്ങളെടുത്തതുകൊണ്ട് നിങ്ങളുടെ എ.കെ. ഗോപാലനെ ഞങ്ങളെടുക്കുകയാണ് എന്നല്ല ആര്‍.എസ്.എസും സവര്‍ണ ഹിന്ദുസംഘടനകളും പറയുന്നത്.
സവര്‍ണ രാഷ്ട്രീയം എ.കെ. ഗോപാലനെ സ്വാംശീകരിക്കുന്നത് അദ്ദേഹം സി.പി.എമ്മിന്‍െറ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായതുകൊണ്ടോ സി.പി.എമ്മിനുവേണ്ടി ശബ്ദിച്ചിരുന്നതുകൊണ്ടോ അല്ല. 1920കളിലും 1930കളിലും സവര്‍ണ രാഷ്ട്രീയത്തിന്‍െറ അടിത്തറ ഉലച്ച വിമര്‍ശങ്ങളുണ്ടായതിന്‍െറ പശ്ചാത്തലത്തില്‍, ആ വിമര്‍ശത്തിന്‍െറ തുടര്‍ച്ചയെന്നോണം അംബേദ്കറിസത്തിന്‍െറ രാഷ്ട്രീയം ഇന്ത്യയിലെമ്പാടുംതന്നെ ശക്തമാവുകയും ചെയ്യുമ്പോള്‍ ആ വിമര്‍ശത്തോടു പ്രതികരിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന് ബോധ്യമായ സാഹചര്യത്തില്‍ പഴയ കൊളോണിയല്‍ വിരുദ്ധ നവോത്ഥാന പാരമ്പര്യത്തെ തങ്ങളുടേതാക്കാനുള്ള ശ്രമമാണ് ആര്‍.എസ്.എസും സവര്‍ണ ഫാഷിസ്റ്റ് ശക്തികളും നടത്തുന്നത്. എ.കെ. ഗോപാലനെ സ്വാംശീകരിക്കുന്നതും അതിന്‍െറ ഭാഗമാണ്. അല്ലാതെ, ഒരു കമ്യൂണിസ്റ്റ് നേതാവ് നായരും നമ്പ്യാരുമായതുകൊണ്ട് ഇരിക്കട്ടെ തങ്ങളുടെ ചിത്രത്തിലെന്നനിലക്കല്ല. നായരായതുകൊണ്ടല്ലല്ലോ മന്നത്ത് പത്മനാഭന്‍െറ ചിത്രം ഡി.വൈ.എഫ്.ഐക്കാര്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതിന്‍െറ പിന്നിലൊക്കെ ആന്തരികമായ ഒരു യുക്തിയുണ്ട്. അത് ഉപരിപ്ളവമായി കണ്ടുപിടിച്ച് പറയാന്‍ കഴിയുന്നതല്ല. ഈ ആന്തരികയുക്തി മാറുന്ന കേരള രാഷ്ട്രീയത്തിന്‍െറ യുക്തിയാണ്. ഈ മാറുന്ന യുക്തി മനസ്സിലാക്കുകയെന്നത് സോളിഡാരിറ്റിക്ക് മാത്രമല്ല, എല്ലാ ജനപക്ഷപ്രസ്ഥാനങ്ങള്‍ക്കും പ്രധാനപ്പെട്ട സംഗതിയാണ്.
ഇത്തരം പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള ഒരു ഐക്യദാര്‍ഢ്യമാണ്, ഐക്യമുന്നണി ഉണ്ടാവുക എന്നതാണ് ഏറ്റവും പ്രധാനമായി എനിക്ക് തോന്നുന്നത്. ഐക്യദാര്‍ഢ്യം സമര മുഖങ്ങളില്‍ മാത്രം ഉണ്ടാകേണ്ടതല്ല; പ്ളാച്ചിമടയിലും എക്സ്പ്രസ് വേ സമരമുഖങ്ങളിലും ഉണ്ടായിരുന്ന ഐക്യമാണോ സോളിഡാരിറ്റിയും മറ്റു പ്രസ്ഥാനങ്ങളും തമ്മിലുള്ള ഐക്യമെന്ന് പറയുന്നത്?
എന്താണ് ഐക്യമുന്നണി എന്നു പറയുന്നത്? ഐക്യമുന്നണി എന്നത് മറ്റ് സംഘടനകളെയെല്ലാം വിഴുങ്ങിക്കളയുന്ന മുന്നണിസങ്കല്‍പമല്ല. മറിച്ച്, അത് ജനാധിപത്യപരമായ ഒരു പ്രക്രിയയാണ്. സംഘടനകള്‍ പരസ്പര ബഹുമാനത്തോടെ ഒരു മുന്നേറ്റത്തില്‍ പങ്കുചേരുകയും പരസ്പരം അറിയാന്‍ ശ്രമിക്കുകയും പരസ്പരം അറിവുകള്‍ പങ്കുവെക്കുകയും അങ്ങനെ സമാനലക്ഷ്യങ്ങള്‍ക്കായി ഒന്നിച്ചു മുന്നേറുകയും ചെയ്യുന്ന ഒന്നാണ് ഐക്യമുന്നണി എന്നു പറയുന്നത്. സോളിഡാരിറ്റിയും ഇതര സംഘടനകളും മനസ്സിലാക്കിയിരിക്കേണ്ടതാണ് ഐക്യമുന്നണിയുടെ രാഷ്ട്രീയം. ഐക്യമുന്നണിരാഷ്ട്രീയത്തില്‍ ഏറ്റവും പ്രസക്തമായിട്ടുള്ളതാണ് പരസ്പരം മനസ്സിലാക്കുകയെന്നത്. അവിടെ ആര് ചെറുത്, ആര് വലുത് എന്നതല്ല. അതൊക്കെ പാര്‍ലമെന്‍ററിമാത്ര രാഷ്ട്രീയത്തിന്‍െറ ചിട്ടകളും യുക്തികളുമാണ്. അതിനപ്പുറത്തേക്ക് പോകാന്‍ സിവില്‍ സമൂഹത്തിലെ സംഘടനകള്‍ക്ക് സാധിക്കേണ്ടതാണ്. അത്തരമൊരു ഐക്യമുന്നണി ഉണ്ടാകുന്നതിന് തടസ്സമാകുന്ന കാര്യങ്ങളെന്തൊക്കെയെന്ന് മനസ്സിലാക്കാനുള്ള ബാധ്യത സംഘടനകള്‍ക്കൊക്കെയുണ്ട്.
ലിബറല്‍ സെക്കുലര്‍ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വലിയ ഒരു വിഭാഗം ബുദ്ധിജീവികളും വ്യക്തികളും സംഘടനകളും ഇന്ത്യയിലും കേരളത്തിലുമുണ്ട്. അത്തരം സംഘടനകളോടുള്ള സമീപനം എപ്പോഴും ഒരു പ്യൂരിറ്റാനിസ്റ്റ് രാഷ്ട്രീയ നിലപാടില്‍ – അത് ദലിത് ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്‍േറതായാലും മറ്റ് സിവില്‍ സമൂഹ സംഘടനകളുടെ രാഷ്ട്രീയത്തിന്‍േറതായാലും ശരി – മാത്രംനിന്നുകൊണ്ട് ഒരു വിശാലമായ ഐക്യമുന്നണി സാധ്യമാവുകയില്ല, പൊതുശത്രുവിനെതിരെയുള്ള, സവര്‍ണ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള, ഇന്ത്യന്‍ ഭരണകൂടത്തിന്‍െറ നയങ്ങള്‍ക്കെതിരെയുള്ള ഐക്യമുന്നണികളുണ്ടാകണമെങ്കില്‍ വിശാലമായ ചില വിട്ടുവീഴ്ചകള്‍ക്ക് എല്ലാ സംഘടനകളും വ്യക്തികളും തയാറായെങ്കില്‍ മാത്രമേ സാധ്യമാകൂ.
അങ്ങേയറ്റം ‘പ്യൂരിറ്റാനിസ്റ്റിക്’ ആയിട്ടുള്ള സമീപനം സ്വീകരിച്ചുകൊണ്ട് അക്കാദമിക് നിലപാടുകള്‍ എടുക്കാന്‍ വളരെ എളുപ്പമാണ്. അത്തരം അക്കാദമിക് നിലപാടുകളല്ല പ്രായോഗിക രാഷ്ട്രീയത്തെ സ്വാധീനിക്കുന്നത്. അക്കാദമിക് നിലപാടുകളല്ല കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുന്നോട്ടുവെച്ചത്. ‘ദാസ ് ക്യാപിറ്റലി’ലെ മുതലാളിത്തത്തിന്‍െറ വിശകലനമല്ല ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’യില്‍ കാണാന്‍ കഴിയുക. അതില്‍ ഐക്യമുന്നണിക്കുള്ള ആഹ്വാനമാണ്. ആരൊക്കെ നമ്മുടെകൂടെ ചേരണം, ആരോടൊക്കെയൊപ്പം നമുക്ക് ചേരാം എന്നുള്ള നിശിതമായ നിരീക്ഷണമാണത്. അക്കാദമിക് പഠനങ്ങളെ മാത്രം ആസ്പദമാക്കി ഒരു ദലിത് രാഷ്ട്രീയമോ ഒരു മൈനോരിറ്റി രാഷ്ട്രീയമോ ഫെമിനിസ്റ്റ് രാഷ്ട്രീയമോ ഇന്ത്യയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണ്. അക്കാദമിക് പഠനങ്ങളെ തള്ളിക്കളയണം എന്നല്ല; അവക്കുള്ള സമ്പൂര്‍ണമായ പ്രാധാന്യം ആ അക്കാദമിക് മണ്ഡലത്തില്‍ മാത്രമാണ്. അതിനു പുറത്തേക്ക് അവയെ സ്വീകരിക്കുന്നതിന് ചില രീതികളുണ്ട്. ആ രീതികളെ പാടേ വിസ്മരിച്ചുകൊണ്ട് കേവലം അക്കാദമിക തലത്തിലേക്ക് നമ്മുടെ രാഷ്ട്രീയ വിമര്‍ശം ചുരുങ്ങിപ്പോയിരിക്കുന്നു. ഒരു അക്കാദമിക് സമീപനത്തിലൂടെ മറ്റുള്ളവരെയെല്ലാം വിമര്‍ശിച്ച് ഒഴിവാക്കാന്‍ നമുക്ക് സാധിക്കും. മുമ്പുചെയ്ത പഠനങ്ങളെയും രീതികളെയും വിമര്‍ശിച്ചുകൊണ്ടാണ് പുതിയ പഠനം ഉണ്ടാകുന്നത്. പക്ഷേ, അത്തരം വിമര്‍ശം മുന്നില്‍നിര്‍ത്തി ഒരു ഐക്യമുന്നണി രാഷ്ട്രീയം കെട്ടിപ്പടുക്കുക ബുദ്ധിമുട്ടാണ്. ദലിത് ന്യൂനപക്ഷ സിവില്‍ സമൂഹ സംഘടനകള്‍ക്ക് സെക്കുലര്‍ ലിബറല്‍ നിലപാടുകളോട് വിമര്‍ശമുണ്ടാകാം. സെക്കുലര്‍ ലിബറല്‍ നിലപാടുകള്‍ പോരായെന്ന് തോന്നാം. എങ്കിലും, ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ബോധമുണ്ടാകണം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായ സവര്‍ണ ഫാഷിസ്റ്റ് സാന്നിധ്യമുണ്ടെന്നും ആ സാന്നിധ്യത്തെ ചെറുത്തുതോല്‍പിക്കുകയെന്നത് എളുപ്പമല്ല എന്നും ഓര്‍ക്കണം. 1977ല്‍ എ.കെ. ഗോപാലന്‍ മരിക്കുമ്പോള്‍ സി.പി.എം തന്നെ ജയപ്രകാശ് നാരായണനും ആര്‍.എസ്.എസും ബാങ്ക് ദേശസാല്‍ക്കരണത്തെപോലും എതിര്‍ത്തിരുന്ന മൊറാര്‍ജി ദേശായിയും അടങ്ങുന്ന വലതുപക്ഷ മുന്നണിയിലാണ്. ആര്‍.എസ്.എസിന് വേണമെങ്കില്‍ ആ രീതിയിലും എ.കെ. ഗോപാലനെ സ്വാംശീകരിക്കാവുന്നതേയുള്ളൂ. ഇത്തരം സ്വാംശീകരണം വിലകുറഞ്ഞ ഒരു രാഷ്ട്രീയംകൂടിയാണ്. ദലിത് മൈനോറിറ്റി രാഷ്ട്രീയത്തെ മുരടിപ്പിക്കുന്നതിനുവേണ്ടിയുള്ള ബുദ്ധിയാണ് സവര്‍ണ രാഷ്ട്രീയം ഈ രീതിയില്‍ പ്രകടിപ്പിക്കുന്നത്.
ഞാന്‍ ഭരണകൂടത്തിന്‍െറ, ഭൂരിപക്ഷ മതാധിപത്യപരമായ സെക്കുലറിസത്തെ അംഗീകരിക്കുന്നില്ല. എന്‍െറ വീക്ഷണത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമായി ഇന്ന് കാണുന്ന മതേതരത്വബോധം സവര്‍ണ ഭൂരിപക്ഷ മതേതരത്വബോധമാണ്. അത് എതിര്‍ക്കേണ്ടതുണ്ട്. അതുതന്നെയും 17,18 നൂറ്റാണ്ടുകളില്‍ മതവും ഭരണകൂടവും തമ്മില്‍ യൂറോപ്പിലുണ്ടായ ഒരു ധാരണയുടെയും സന്ധിയുടെയും ഫലമായി ഉണ്ടായ മതേതര സങ്കല്‍പമാണ്. അതുകൊണ്ടാണ് യൂറോപ്പില്‍ കുരിശുമാല ധരിക്കുന്നത് സാമാന്യരീതിയും ശിഖവെക്കുന്നതും താടിവളര്‍ത്തുന്നതും ഹിജാബ് ധരിക്കുന്നതും തെറ്റുമായി മാറുന്നതും. കാരണം, ഭൂരിപക്ഷ മതത്തിന്‍െറ ചിഹ്നങ്ങള്‍, അടയാളങ്ങള്‍, അനുഷ്ഠാനങ്ങള്‍, രീതികള്‍ എല്ലാം ഭരണകൂടത്തിന്‍െറ ചിഹ്നങ്ങളും അടയാളങ്ങളും അനുഷ്ഠാനങ്ങളുമായി മാറിക്കഴിഞ്ഞിരിക്കുന്നു യൂറോപ്പില്‍. അതേ മതേതരത്വത്തെ ഏതാണ്ടതേപടി പകര്‍ത്തുകയെന്നതാണ് ഇന്ത്യയിലും സംഭവിച്ചിരിക്കുന്നത്. ഒരു മുസ്ലിം നേതാവ് നിലവിളക്കു കൊളുത്താന്‍ വിസമ്മതിച്ചാല്‍ എ.കെ.ജി സെന്‍റര്‍ മുതല്‍ ഇന്ദിരകോണ്‍ഗ്രസിന്‍െറ പ്രാദേശിക ആപ്പീസുവരെ ചെയ്തത് തെറ്റായിപ്പോയെന്ന് പറഞ്ഞ് കത്തിജ്വലിക്കും. ഇതാണ് മതേതരത്വത്തിന്‍െറ ചിഹ്നമെന്ന് പറഞ്ഞ് അവതരിപ്പിക്കുന്നത്. സവര്‍ണചിഹ്നങ്ങളെ ആന്തരവത്കരിച്ച ഒരു സമൂഹത്തിന്‍െറ അവസ്ഥയെയാണിത് കാണിക്കുന്നത്. എന്തിനെയാണ് വിമര്‍ശിക്കേണ്ടത് എന്നറിയാത്തതല്ല. ഇതാണ് വിമര്‍ശിക്കേണ്ടത് എന്ന് പഠിച്ചുപോയതിന്‍െറ കുഴപ്പമാണ്. അത്തരത്തിലുള്ളൊരു മതേതരത്വമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത് എന്നാണ് എന്‍െറ വിശ്വാസം. എന്നുവെച്ച് ആ നിലപാടിനെ അംഗീകരിക്കുന്നവരോടു മാത്രമേ ഞാന്‍ കൂട്ടുകൂടൂ, അവരുടെ തോളില്‍ മാത്രമേ കൈയിടൂ. അവരോടു മാത്രമേ സംസാരിക്കൂ, അവരെ കണ്ടാല്‍ മാത്രമേ പുഞ്ചിരിക്കുകയുള്ളൂ എന്ന് തീരുമാനിക്കുന്നത് ശരിയായ രാഷ്ട്രീയമല്ല. ലിബറല്‍ സെക്കുലര്‍ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരെ വിമര്‍ശിച്ചുതള്ളി, കലര്‍പ്പില്ലാത്ത ഭൂരിപക്ഷ മതേതരത്വ വിരുദ്ധ രാഷ്ട്രീയം ഉണ്ടായിവരുന്നതിലാണ് എല്ലാ രാഷ്ട്രീയ ശുദ്ധതയും എന്ന് വിശ്വസിച്ചിട്ടു കാര്യമില്ല.
ഐക്യമുന്നണിയില്‍ പല നിലപാടുകളുള്ളവരുമുണ്ടാകും. ആ നിലപാടുകളിലെ പൊതുധാരയെ കണ്ടെത്തുകയാണ് സോളിഡാരിറ്റിയും മറ്റു പ്രസ്ഥാനങ്ങളും ചെയ്യാന്‍ ശ്രമിക്കേണ്ടത്. അങ്ങനെയാണെങ്കില്‍ മാത്രമേ ശക്തമായ ഒരു സാമൂഹിക മുന്നേറ്റത്തിനൊപ്പംനില്‍ക്കാന്‍ സാധിക്കൂ.
ഒരു സംഘടനയും ഒന്നിനും നേതൃത്വം കൊടുക്കുന്നില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനങ്ങളൊന്നാകെയാണ് ഒരു സമൂഹത്തെ മാറ്റുന്നത്. ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനും ചെയ്യാന്‍ സാധിക്കാത്തത് അയ്യങ്കാളിക്കും ശ്രീനാരായണ ഗുരുവിനും ചെയ്യാന്‍ കഴിഞ്ഞത് അവര്‍ ജനമനസ്സിനോട് സംസാരിച്ചതുകൊണ്ടാണ്. അപ്പോഴാണ് അത് എല്ലാവരും ഏറ്റെടുക്കുകയും ഏറ്റെടുക്കാത്തവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നത്. ശ്രീനാരായണ ഗുരുവിന്‍െറ രാഷ്ട്രീയത്തില്‍ നാം കണ്ടത് അതാണ്. അതാണ് പില്‍ക്കാലത്ത് അയ്യങ്കാളിയുടെ രാഷ്ട്രീയത്തില്‍ ഉണ്ടായത്. ശ്രീനാരായണ ഗുരുവിന്‍െറയും അയ്യങ്കാളിയുടെയും രാഷ്ട്രീയം ശക്തമായത് അവര്‍ ജനങ്ങളോട്, സമുദായങ്ങളോട് നേര്‍ക്കുനേരെ സംസാരിച്ചതുകൊണ്ടാണ്. അത്തരത്തിലൊരു മുന്നണിയുണ്ടാവണം. പൊതുവായ ചില രാഷ്ട്രീയധാരകള്‍ വളര്‍ത്തിയെടുക്കണം. ചില കാര്യങ്ങളില്‍ സന്ധി ഉണ്ടാക്കേണ്ടിവരും. ശത്രുക്കളുമായിട്ടുള്ള സന്ധിയല്ല; ആവശ്യമായ സന്ദര്‍ഭത്തില്‍ ചില പിന്മാറ്റങ്ങള്‍ വേണ്ടിവന്നേക്കാം.
സമാനചിന്താഗതിക്കാരെ കൂടെനിര്‍ത്താന്‍ സഹിഷ്ണുതയുടേതായ ഒരു സാംസ്കാരിക രാഷ്ട്രീയസമീപനം മുന്നണിയിലുള്ള എല്ലാ സംഘടനകളും കാണിക്കേണ്ടതാണ്. തെറ്റിപ്പിരിയാന്‍ എളുപ്പമാണ്. ഇത് അങ്ങനെ പിരിയാനുള്ള ഒന്നല്ല. ഇതിന് ശക്തമായ ചില അടിസ്ഥാനങ്ങളുണ്ട്. അതുകൊണ്ടാണ് പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്‍റ് പ്യൂരിറ്റനിസത്തിന് സമാനമായ രാഷ്ട്രീയം സ്വീകരിക്കുന്നത് ശരിയാവില്ല എന്ന് പറഞ്ഞത്. അതിന്‍െറ ചരിത്രത്തിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.
കേരളത്തിലെ മൈനോറിറ്റി രാഷ്ട്രീയവുമായി, സവര്‍ണ രാഷ്ട്രീയവുമായി, മുതലാളിത്ത രാഷ്ട്രീയവുമായി ബന്ധപ്പെട്ട നിലപാടുകളും സോളിഡാരിറ്റിയുടെ നിലപാടുകളും മറ്റുള്ളവരുടെ നിലപാടുകളും വ്യത്യസ്തമായിരിക്കും. അത് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. അതോടൊപ്പംതന്നെ മനസ്സിലാക്കേണ്ടത് ഈ വിശാലമായ മുന്നണി ഒരു രാഷ്ട്രീയപ്രയോഗമായി വളര്‍ത്തിയെടുക്കുക എളുപ്പമല്ല എന്നതാണ്. അതിന് സോളിഡാരിറ്റിക്ക് കഴിയണമെന്നാണ് എന്‍െറ ആഗ്രഹം.
2003ലാണ് സോളിഡാരിറ്റി രൂപവത്കരിക്കപ്പെട്ടത്. 2003ന് എത്രയോ മുമ്പുതന്നെ കേരളത്തില്‍ ശക്തമായ സിവില്‍സമൂഹ രാഷ്ട്രീയമുണ്ട്. ആ സിവില്‍സമൂഹ രാഷ്ട്രീയത്തിന്‍െറ ഉള്ളിലേക്കാണ് സോളിഡാരിറ്റി സ്വന്തമായ രാഷ്ട്രീയവുമായി കടന്നുവരുന്നത്. നവസാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി, സിവില്‍ സമൂഹ പ്രസ്ഥാനങ്ങളുമായി സോളിഡാരിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്‍െറ പേരില്‍ വിമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിമര്‍ശങ്ങളിലെ നെല്ലുംപതിരും തിരയാതെ അവ സ്വീകരിക്കാനാവില്ല.
സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സിവില്‍ സമൂഹ രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആ ടെമ്പോ ഈ പ്രസ്ഥാനം നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ സങ്കുചിതമായ രാഷ്ട്രീയത്തിലേക്ക് പിന്മടങ്ങാതിരിക്കുക. രാഷ്ട്രീയമായ വിശാല മനസ്കതയുണ്ടാവുക. സഹിഷ്ണുതയുണ്ടാവുക. പരമതങ്ങളെ, പരസംഘടനകളെ, പരരാഷ്ട്രീയത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള വിശാലതയുണ്ടാവുക എന്നത് അത്യാവശ്യമാണ്. അത്തരത്തിലുള്ള പുതിയ ജൈവ സംയോജനം സിവില്‍ സമൂഹരാഷ്ട്രീയത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. സിവില്‍ സമൂഹ രാഷ്ട്രീയം അതിന്‍െറതന്നെ ഒരു ജഡാവസ്ഥയെയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. ചലനാത്മകത അതിന് നഷ്ടപ്പെട്ടിട്ടുണ്ട്. സിവില്‍ സമൂഹ സംഘടനകളെ, അതിന്‍െറ പ്രവര്‍ത്തകരെ ഭീകരപ്രവര്‍ത്തകരായി മുദ്രകുത്താന്‍ ശ്രമങ്ങള്‍ ഉണ്ടാകുന്നു. അത്തരം ആക്രമണങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും സിവില്‍സമൂഹം തളര്‍ന്നുപോകുന്നു. സമരങ്ങള്‍തന്നെ അവയുടെ സ്വാഭാവികത നഷ്ടപ്പെട്ട് അനുഷ്ഠാനങ്ങളായിരിക്കുന്നു. ബി.ഒ.ടി, പ്ളാച്ചിമട, മൂലമ്പിള്ളിപോലുള്ള നിരവധി സമരങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒന്നിക്കുകയും പിന്നീട് അതിനെ വിശാല രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കാതെ വരുകയും ചെയ്യുന്ന ഒരു ഘട്ടം വന്നിരിക്കുന്നു. പല കാരണങ്ങളും പലര്‍ക്കും അതിന് ചൂണ്ടിക്കാണിക്കാനും സാധിക്കും. എങ്കിലും ഈ ജഡതയെ തകര്‍ക്കേണ്ടതുണ്ട്. അതിന് കഴിയുന്ന ഒരു ഐക്യമുന്നണിയെ വീണ്ടും കണ്ടെത്തുകയാണ് വേണ്ടത്.
അതുകൊണ്ടുതന്നെ, ശിഥിലീകരണ പ്രവണതകളെ മാറ്റിവെച്ചുകൊണ്ട് കൂടുതല്‍ ഐക്യത്തോടെ മുന്നോട്ടുപോകാന്‍ കഴിയുന്ന ഒരു രാഷ്ട്രീയത്തിന്‍െറ ചര്‍ച്ചകള്‍കൂടി ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സിവില്‍ സമൂഹരാഷ്ട്രീയത്തിന്‍െറ ഐക്യത്തെ തകര്‍ക്കാന്‍ മാത്രം ഉന്നംവെച്ചുള്ള നിഷേധാത്മക വിമര്‍ശങ്ങളെ കണ്ടറിഞ്ഞു പ്രതിരോധിക്കാന്‍ സാധിക്കേണ്ടിയിരിക്കുന്നു. ഒപ്പംതന്നെ ആത്മവിമര്‍ശത്തിന്‍െറയും ജനാധിപത്യപരമായ പരസ്പര വിമര്‍ശത്തിന്‍െറയും സാധ്യതകള്‍ തുറന്നിട്ടുകൊണ്ട് കൂടുതല്‍ യോജിപ്പിന്‍െറ മേഖലകള്‍ സൃഷ്ടിക്കുക എന്നതും ആവശ്യമായിരിക്കുന്നു.

Categories
Malayalam Articles

മനുഷ്യനു് ഒരു ആമുഖം: ദേശചരിത്രത്തിലെ ജാതി ചരിത്രം

മനുഷ്യനു് ഒരു ആമുഖം: ദേശചരിത്രത്തിലെ ജാതി ചരിത്രം

ഡോ. ടി. ടി. ശ്രീകുമാര്‍ ഉത്തരകാലം മാര്‍ച്ച്‌ 17, 2013

ദേശത്തിന്റെ ചരിത്രമെഴുതുന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ നോവലിന്റെ എക്കാലത്തെയും സമീപന പ്രശ്നമാണ്. അതിന്റെ രാഷ്ട്രീയം, ദര്‍ശനം, സാംസ്കാരിക സന്ദിഗ്ദ്ധതകള്‍ തുടങ്ങിയ കാര്യങ്ങള്‍ നോവലിന്റെ രൂപത്തിന്റെയും ഉള്ളടക്കത്തിന്റെയും സവിശേഷമായ വെല്ലുവിളികള്‍ ആണ്. ദേശചരിത്ര നോവലുകള്‍ അധിനിവേശ വിരുദ്ധ സമരവുമായി ബന്ധപ്പെട്ടു രൂപം കൊണ്ട നവദേശീയ ചരിത്രമല്ല എഴുതുന്നത്‌. സി. വി. രാമന്‍പിള്ളയുടെ നോവലുകള്‍ കൊളോണിയല്‍ വിരുദ്ധ ദേശീയതയെ എഴുതുന്നത് അധിനിവേശത്തെ പ്രതിനിധാനം ചെയ്യാന്‍ വൈവിധ്യമാര്‍ന്ന വ്യവഹാരരീതികള്‍ രൂപപ്പെടുത്തിക്കൊണ്ടാണ്. പ്രതിനിധാനത്തിന്റെ അമിതമായ ഉല്ക്കണ്ഠകളാല്‍ ഭാഷ ആറു കാലങ്ങളില്‍, സന്ദര്‍ഭം പോലെ ഉച്ച നീച സ്ഥായികളില്‍ ആലപിച്ച് സി. വി. തന്റെ പിരിമുറുക്കങ്ങളെ അയച്ചുവിട്ടു. കടുത്ത സംസ്കൃതം മുതല്‍ ‘ഭരിച്ചാല്‍ ഭരുമോ’ എന്ന നാട്ടുവഴക്കം വരെ ഉപയോഗിച്ച് ഭാഷയുടെ സാദ്ധ്യതകളെ അദ്ദേഹം തന്റെ ഭാവനാ സാമ്രാജ്യ സൃഷ്ടിക്കായി വ്യയം ചെയ്തു. ദേശമെന്നാല്‍ രാഷ്ട്രമായി കാണേണ്ട രാഷ്ട്രീയമാണ് സി.വി. യെ എഴുത്തിലേക്ക്‌ നിര്‍ബന്ധിച്ചത്. വലിയ ഒരു സാമ്രാജ്യത്തിന്റെ തനിപ്പകര്പ്പായി തിരുവിതാംകൂറിനെ എഴുതിപ്പൊലിപ്പിക്കാന്‍ സി. വി. മടിച്ചില്ല. ഭാഷ തന്നെ സി. വി. ക്ക് ഈ സാമ്രാജ്യ നിര്മ്മിതിക്കുള്ള ഒരു അസംസ്കൃത വസ്തുവായി മാറി. ‘രാജ്യ രാഷ്ട്രീയം” എന്ന് ഡോ. കെ. വിനോദ്ചന്ദ്രന്‍ വിളിക്കുന്ന ഈ പ്രതിഭാസം ദേശചരിത്രത്തിന്റെ ഒരു പുതിയ രാഷ്ട്രീയ മാതൃകയെ ഉയര്‍ത്തിക്കാട്ടി.

തിരുവിതാംകൂര്‍ രാജ്യം ഒരു വലിയ രാഷ്ട്രമായി അതിന്റെ ശത്രുക്കളെ എതിര്‍ത്തും അവരുടെ ഗൂഢവും പ്രത്യക്ഷവുമായ ആക്രമണങ്ങളെ പരാജയപ്പെടുത്തിയും ലോക ചരിത്രത്തിനു പുറത്ത്, അതിന്റെ സമ്പദ് വ്യവസ്ഥക്കും ജിയോ പൊളിറ്റിക്സിനും അപ്പുറത്തെ മായാലോകത്തില്‍ അധൃഷ്യമായി നിലകൊള്ളുന്നുവെന്നു സി.വി. എഴുതിക്കൊണ്ടിരുന്നു. ഈ മായാലോകം ചരിത്രത്തോടല്ല, സ്വന്തം അധിനിവേശ കാലത്തിന്റെ അപകര്‍ഷതയോടാണ്, അതിന്റെ വിഷാദങ്ങളോടാണ് കണക്കു പറയുന്നത്. കാലത്തിന്റെ ഒരാവശ്യമായിരുന്നു അത്. തുറന്നു പറയാനാവാത്ത ഒരു രാഷ്ട്രീയത്തെ വഹിക്കാന്‍ കെല്‍പ്പുള്ള ഭാഷയുടെ വലിയൊരു പേടകമായി സി. വി. നോവലിനെ മനസ്സിലാക്കി. അതിനെ ശക്തമായി ഉപയോഗിച്ചു. അങ്ങനെ തിരുവിതാംകൂര്‍ സ്ഥാപിച്ചതിലെ അധാര്‍മ്മികതകളെ, കുതന്ത്രങ്ങളെ, ഹിംസകളെ, അത് നിലനിര്‍ത്താന്‍ ചെയ്ത അനീതികളെ, വിസ്മരിക്കാനും പൊറുക്കാനും, ഒരു ‘പൊതു’ സാസ്കാരിക രാഷ്ട്രീയ ചരിത്രത്തിലേക്ക് ചേര്‍ന്ന് നിന്ന് അധിനിവേശം സൃഷ്ടിക്കുന്ന അപകര്‍ഷതകളെ മറികടക്കാനും കഴിയുമെന്ന് സി. വി. വിശ്വസിച്ചു.

‘ഒരു ദേശത്തിന്റെ കഥ’ എഴുതിയ എസ്. കെ. പൊറ്റക്കാടിനൊ, ‘കയര്‍’ എഴുതിയ തകഴിക്കോ ഇത്തരം അതീതബാധ്യതകളോ, ഭാരങ്ങളോ ഉണ്ടായിരുന്നില്ല. പോസ്റ്റ്‌ കൊളോണിയല്‍ കാലത്തിന്റെ ലിബറല്‍ ഭൂമികയില്‍ പദമൂന്നിനിന്നുകൊണ്ട് അവര്‍ക്ക് എഴുതാന്‍ കഴിയുന്നുണ്ടായിരുന്നു. അവര്‍ ദേശചരിത്രം പുതുക്കിപ്പണിഞ്ഞ രീതിയും അതിനു ഉപയോഗിച്ച ഉപാദാനങ്ങളും വ്യത്യസ്തമായിരുന്നു. അവരുടെ കൃതികളില്‍ ഐറണികളുടെ സൂക്ഷ്മമായ ഉപയോഗത്തിലൂടെ ദേശചരിത്രം ദേശീയ ചരിത്രത്തിന്റെ വാചാടോപത്തെ മറികടന്നു. എസ് കെ. പൊറ്റക്കാടിനെ അറിയാന്‍ ശ്രമിക്കുന്നതില്‍ വലിയൊരു മുന്നോട്ടു പോക്ക് നടത്തുന്നുണ്ട് കെ. പി. അപ്പന്‍. പൊറ്റക്കാടിന്റെ നോവലുകള്‍ ‘കേരളത്തിന്റെ സ്വഗതാഖ്യാനങ്ങള്‍’ ആണ് എന്ന് അപ്പന്‍ പറഞ്ഞു. ‘പത്രവാര്ത്തയാകാവുന്ന സംഭവങ്ങള്‍ കൊണ്ടാണ്’ പൊറ്റക്കാട് നോവല്‍ നിമ്മിച്ചിരിക്കുന്നതെന്നദ്ദേഹം കണ്ടെത്തി. ‘വസ്തുനിഷ്ഠമായ ആത്മ നിഷ്ഠതയാണ്’ ആ വാര്‍ത്തയെഴുത്തില്‍ ഉള്ളതെന്നും അതില്‍ ‘ചരിത്ര നിര്‍മ്മിതിയിലെ ഭൌതികവാദ’ ധാരണയുമുണ്ടെന്നുകൂടി അപ്പന്‍ വിശ്വസിച്ചിരുന്നു. വാര്‍ത്തയെഴുത്ത് ഒരു സമരമാണെന്നും ആ സമരത്തിനു പൊറ്റക്കാട്‌ സൌന്ദര്യം നല്‍കിയെന്നും അപ്പന്‍ അദ്ദേഹത്തെ വാഴ്ത്തി. ഇത്രയൊക്കെ പറഞ്ഞിട്ടും കേരളത്തിന്റെ സ്വഗതാഖ്യാനം, നാട്, വാര്‍ത്ത, സൌന്ദര്യം എന്നൊക്കെ കുറിച്ചിട്ടും അത് വാര്‍ത്തയെഴുത്തിന്‍റെ രാഷ്ട്രീയമല്ല, രീതിപരവും ലാവണ്യതീക്ഷ്ണവുമായ ദേശചരിത്ര രചനയുടെ സര്‍ഗ്ഗാത്മകതയാണ് എന്ന കണ്ടെത്തലിന് തൊട്ടു മുന്‍പ്, പൊറ്റക്കാടിനെ ഡിക്കിന്‍സിനോടുപമിച്ചു ആ പഴയ നിരൂപണം പിന്‍വാങ്ങുക ആയിരുന്നു.

‘ഖസാക്കിന്റെ ഇതിഹാസം’ തന്നെ ദേശചരിത്ര വിചാരത്തിന്റെ ഒരു അമൂര്‍ത്ത മാതൃക ആയിരുന്നു. അന്പതുകളിലെ കേരളീയ ഗ്രാമത്തിന്റെ ചില പരിണാമങ്ങളെ, ഖസാക്ക് സൂക്ഷ്മമായി പിടിച്ചെടുത്തു. അയ്യപ്പപ്പണിക്കരുടേയും മാധവന്‍ അയ്യപ്പത്തിന്റെയും വരവറിഞ്ഞതിനു ശേഷമുള്ള ആധുനികത ആയിരുന്നു ഖസാക്കിന്റെയും സാഹിത്യ പരിസരം. എന്നാല്‍ നഗരവാസി ഗ്രാമത്തെ കാണുന്ന അനുകമ്പാരഹിതമായ ഒരു കൌതുകം, ആ അമൂര്‍ത്ത മാതൃകയില്‍ നിഴലിട്ടിരുന്നു. അവരുടെ ചെറിയ ജീവിതത്തെ, സിവിലിസേഷന്റെ സ്ഥൂലബിംബമായ എകാധ്യാപകന്‍ ഇഴപിരിക്കുന്നതുപോലൊരു അനുഭവം ഖസാക്കിലുണ്ട്. ‘കയറി’ലോ ‘ദേശത്തിന്റെ കഥ’യിലോ ഉള്ള ഹാസ്യമല്ല ഖസാക്കിലേത്. പുറത്തു നിന്നുള്ള നോട്ടം (gaze) സൃഷ്ടിക്കുന്ന പരിഹാസവും അനുകമ്പയും ഏതൊക്കെയോ അളവില്‍ ചേര്‍ത്ത ഹാസ്യമാണത്. പഴത്തൊലിയില്‍ തട്ടി അപരന്‍ വീഴുമ്പോള്‍ ഉണ്ടാവുന്ന ചിരിയാണ് പലപ്പോഴും ഖസാക്കിലെ രവിയുടെ ദാര്‍ശനികമായ ചിരി. അവര്‍ക്കായുള്ള അയാളുടെ വ്യസനങ്ങള്‍ പോലും കൃത്രിമവും സാംസ്കാരികദൂരത്തിന്റെ ഓര്‍മ്മകള്‍ ഉയര്ത്തുന്നതുമാണ്. ചിരിയുടെ വിരുദ്ധപ്രതീതികള്‍ ഉറപ്പിക്കുന്നത് നോട്ടത്തിന്റെ ആധികാരികതയാണ്. ശിവരാമന്‍ നായര്‍ ആയാലും, പാര്‍ട്ടി സഖാക്കള്‍ ആയാലും, നൈജാമലി ആയാലും അള്ളാപ്പിച്ച മൊല്ലാക്ക ആയാലും അവരെല്ലാം അപരരാണ്. ഒരു ചെറിയ ഗ്രാമത്തിന്റെ നിസ്സാരതകളിലേക്ക് വഴിതെറ്റി വന്ന നാഗരികന്റെ അപരിചിതത്വം സൃഷ്ടിക്കുന്ന ചിരിയാണ്, അവരുടെ കാരിക്കേച്ചറുകള്‍ നല്‍കുന്നത്.

തന്റെ രചനാ വൈഭവത്താല്‍ വിജയന്‍ സൃഷ്ടിച്ചത് ഖസാക്കിലെ മനുഷ്യരെ അല്ല, അവരുടെ കാരിക്കേച്ചറുകളെ ആണ്. നാഗരികര്‍ക്ക് ആസ്വദിക്കാനുള്ള സുന്ദരമായ ഹാസ്യരേഖകളിലേക്ക് വിജയന്‍ അവരെയെല്ലാം അന്യവല്‍ക്കരിച്ചു. ‘കറുവപ്പേച്ച്’ എല്ലാ ഭാഷകള്‍ക്കും മീതെയാണ് എന്നത് ഒരേ സമയം മൈനോറിറ്റി രാഷ്ട്രീയത്തിന്റെ ആഘോഷവും, ഒപ്പം നാഗരികന്റെ കാഴ്ചപാടില്‍ ആ നിലപാടിന്റെ ചരിത്ര നിസ്സാരതയെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലും ആവുന്നു. പോസ്റ്റ്‌കൊളോണിയല്‍ ആധുനികതയുടെ പക്ഷത്ത് നിന്ന് അനുഭാവ പൂര്‍വ്വം നോക്കുമ്പോള്‍ പോലും താന്‍ ഇതിന്റെ ഭാഗമല്ല എന്ന ഗർവ്വ് ആ നോട്ടത്തിനുണ്ട്. കുട്ടാടന്‍ പൂശാരിയും ഗോപാലുപ്പണിക്കന്റെ മന്ത്രവാദവും മൊല്ലാക്കയുടെ ഓതലും ഒക്കെച്ചെര്‍ന്ന കീഴാള ആഭിചാരങ്ങള്‍, വിജയന്‍ നമുക്കായി ചേര്‍ത്ത് വക്കുന്നത് ജയദേവന്റെ ഗീതഗോവിന്ദത്തിലെ ‘വേദാനുദ്ധരതെ’ എന്ന ശ്ലോകത്തില്‍ തുടങ്ങി ഉപനിഷത്തും ആസ്ട്രോഫിസിക്സും ഒക്കെയായി ഹൈന്ദവ ദാര്‍ശനികതയുടെ ആഴങ്ങള്‍ കണ്ടു വന്നിരിക്കുന്ന ഈ പരിഷ്കൃത ഹൈന്ദവനോടാണ്. അയാളാകട്ടെ, അവിടെ എത്തും മുന്‍പ് അവസാനമായി അന്തിയുറങ്ങിയത് പോലും ഒരു ഹൈന്ദവ ആശ്രമത്തിലാണ്. അവിടുത്തെ സംന്യാസിനിയെ കൂടി ഭോഗിച്ചിട്ടു വരുന്ന വരവാണ് കൂമന്‍കാവിലേക്ക്. വേദാന്തം പഠിച്ച മാധവന്‍ നായര്‍ മാത്രമാണ് അയാള്‍ അവിടെ തനിക്കു അല്‍പ്പമെങ്കിലും തുല്യനായി കണ്ട ഒരു സുഹൃത്ത്‌.. പല തലമുറകളെ രവിയുമായി താദാത്മ്യപ്പെടാന്‍ പ്രേരിപ്പിച്ചത് ഒരു പക്ഷെ ഈ ഭേദചിന്ത നല്‍കിയ ആത്മവിശ്വാസമാണ്. പിടിച്ചടക്കിയ ഒരു രാജ്യത്തെ അധിനിവേശ ഭരണാധികാരി ആയിരുന്നു വിജയന്‍റെ രവി. അയാളുടെ സ്വേച്ഛാപരമായ ലൈംഗികതയും കൃത്രിമമായ നിര്‍മ്മമതയും കീഴാളര്‍ക്കു വിദ്യാഭ്യാസം നല്‍കാനുള്ള ‘പ്രജാക്ഷേമ തല്പ്പരത’യും മിതത്വമുള്ള ഹിംസയും എല്ലാം ഉദാരനായ ഒരു ഏകാധിപതിയുടെ മാനങ്ങള്‍ ആ കഥാപാത്രത്തിനു നല്‍കി. ഇതിനെ ദാര്‍ശനികവല്ക്കരിച്ചത് അന്നത്തെ നിരൂപകരാണ്. അവിടുത്തെ ഏക റിബല്‍ ആയ നൈജാമലിയെ രവി അടിച്ചിടുന്നുണ്ട്. അയാളെ മാത്രമാണ് പോലീസ് മര്‍ദ്ദിക്കുന്നത്. അയാള്‍ രവിക്കും ഭരണകൂടത്തിനും വഴങ്ങി ശിഷ്ടജീവിതം നയിക്കുന്നു.

തന്റെ രചനാ വൈഭവത്താല്‍ വിജയന്‍ സൃഷ്ടിച്ചത് ഖസാക്കിലെ മനുഷ്യരെ അല്ല, അവരുടെ കാരിക്കേച്ചറുകളെ ആണ്. നാഗരികര്‍ക്ക് ആസ്വദിക്കാനുള്ള സുന്ദരമായ ഹാസ്യരേഖകളിലേക്ക് വിജയന്‍ അവരെയെല്ലാം അന്യവല്‍ക്കരിച്ചു. ‘കറുവപ്പേച്ച്’ എല്ലാ ഭാഷകള്‍ക്കും മീതെയാണ് എന്നത് ഒരേ സമയം മൈനോറിറ്റി രാഷ്ട്രീയത്തിന്റെ ആഘോഷവും, ഒപ്പം നാഗരികന്റെ കാഴ്ചപാടില്‍ ആ നിലപാടിന്റെ ചരിത്ര നിസ്സാരതയെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലും ആവുന്നു. പോസ്റ്റ്‌കൊളോണിയല്‍ ആധുനികതയുടെ പക്ഷത്ത് നിന്ന് അനുഭാവ പൂര്‍വ്വം നോക്കുമ്പോള്‍ പോലും താൻ ഇതിന്റെ ഭാഗമല്ല എന്ന ഗർവ് ആ നോട്ടത്തിനുണ്ട് .

ഈ അന്യനോട്ടത്തിന്റെ മറുപുറം കണ്ടതുപോലെ ഒരു വാചകം പൊറ്റക്കാടിന്റെ ‘ഒരു ദേശത്തിന്റെ കഥ’യില്‍ ഉണ്ട്. ദശാബ്ദങ്ങള്‍ക്ക് ശേഷം നാട്ടിലൂടെ നടക്കുമ്പോള്‍ അപരിചിതത്വം മൂടുന്നു ശ്രീധരനെ. അയാളെ ഒരു പയ്യന്‍ തുറിച്ചു നോക്കുന്നു. “Who is this guy?” എന്നല്ലേ അവന്റെ കണ്ണുകള്‍ തിരക്കുന്നത് എന്നാണ് ശ്രീധരന്റെ തലയില്‍ മിന്നിത്തെളിയുന്നത്. ഇനിയും ഈ ദേശത്തിന്റെ കഥ പറയാന്‍ താന്‍ യോഗ്യനല്ല എന്ന ഒരു ഞടുക്കം,

അന്യനായിപ്പോയോ എന്ന സന്ദേഹത്താല്‍, അപരത്വതിന്റെ വിനയത്താല്‍ കുനിഞ്ഞു പോകുന്ന ഒരു ശിരസ്സിന്റെ ഭാരം, ആ വാചകത്തില്‍ ഉണ്ട്. ദേശത്തിന്റെ കഥ അങ്ങനെയാണ് അവസാനിക്കുന്നത്. ഇനി പറയാന്‍ കഥ ഇല്ലാഞ്ഞിട്ടല്ല. അതിനു ഇനിയും താന്‍ അധികാരിയല്ല എന്ന് മനസ്സിലാക്കി അവസാനിപ്പിക്കുകയാണ്.

ഇത്തരം വിനയപൂര്‍ണ്ണമായ പിന്മടക്കത്തോടെയുള്ള, പരിചിതത്വവും അപരിചിതത്വും എവിടെ തുടങ്ങുന്നു, എവിടെ അവസാനിക്കുന്നു എന്ന് കൃത്യമായി തിരിച്ചറിയുന്ന, ധീരമായ ദേശചരിത്ര വിചാരണ പുതിയ എഴുത്തുകാരില്‍ ശക്തമായി കാണുവാന്‍ കഴിയും. രണ്ടു കാര്യങ്ങള്‍ ശ്രദ്ധേയമാണ്. അത് നാഗരികന്റെ അപരിചിതത്വമാര്‍ന്ന നോട്ടമല്ല. മാറിയ കാലത്തിന്റെ ദാര്‍ശനിക സാമൂഹിക മുദ്രകളോടെയാണ് ദേശചരിത്രം പുനരാനയിക്കപ്പെടുന്നത്. അന്യന്റെ ഖസാക്കല്ല, സ്വന്തം തച്ചനക്കരകളാണ് അവര്‍ ആവിഷ്ക്കരിക്കുന്നത്. മാറ്റത്തെ അറിയുകയും മാറ്റത്തിന്റെ സമസ്യകളെ അനാവരണം ചെയ്യുകയും ചെയ്യുന്ന സമീപനമാണ് അവരുടേത്. ചരിത്രം ചലനാത്മകമാണ് എന്നവര്‍ക്കറിയാം. ചരിത്രമെന്നാല്‍ ചരിത്രത്തെ കുറിച്ചുള്ള വായനയാണ്, കാഴ്ചപ്പാടാണ് എന്നവര്‍ക്കറിയാം. എല്ലാവര്‍ക്കും സ്വീകാര്യമായ വസ്തുനിഷ്ഠമായ ഒരു ചരിത്രം ഉണ്ടാവില്ലെന്നതാണ് അവരെ ദേശചരിത്ര രചയിതാക്കളാക്കുന്നത് തന്നെ. ചരിത്രം മാറിക്കൊണ്ടിരിക്കുന്നു എന്നറിയുന്നതുകൊണ്ട് ചരിത്രത്തെ കുറിച്ചുള്ള സ്വന്തം തലമുറയുടെ വീക്ഷണം അവര്‍ എഴുതി വയ്ക്കുന്നു. അതിന്റെ ആത്മനിഷ്ഠതകളെ ഭയക്കുന്നില്ല.

സുഭാഷ് ചന്ദ്രന്റെ “മനുഷ്യന് ഒരാമുഖം” എന്ന നോവല്‍ നോക്കുക. ജാതി എന്ന സംവര്‍ഗ്ഗം ദേശചരിത്രത്തിലെ എത്ര വലിയ ഒരു ഘടകമാണ് എന്ന് ഈ നോവല്‍ ഓര്‍മ്മിപ്പിക്കുന്നു. വല്ലാത്തൊരു ഭ്രാന്തതലത്തില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത് കഥാനായകനായ ജിതേന്ദ്രന്റെ അകാല മരണം. തുടര്‍ന്ന് തിരുവിതാംകൂറിലെ ഒരു വധശിക്ഷയുടെ സുദീര്‍ഘമായ വിവരണത്തിലേക്ക് നോവല്‍ പ്രവേശിക്കുന്നു. ഒറ്റ നോട്ടത്തില്‍ തച്ചനക്കര എന്ന ഗ്രാമത്തിലെ ഒരു വീട്ടുപേരുണ്ടായതിന്റെ –അയ്യാട്ടുമ്പിള്ളി പശ്ചാത്തലം മാത്രമാണ് ആ കഥ. ഗ്രാമത്തിലെ ഒരു വ്യക്തി വഞ്ചീശകോപത്തിന്റെ ഫലമായി അന്ന് നിലവിലിരുന്ന ഒരു സവിശേഷ വധശിക്ഷക്ക് വിധേയനായതിന്റെ കഥയാണ് അത്. എന്നാല്‍ ആ പ്രാധ്യാന്യം മാത്രമല്ല ആ ചെറുകഥനത്തിനു നോവലില്‍ ഉള്ളത്. നോവലിന്റെ അന്തര്‍ഘടനയെ നിര്‍ണ്ണയിക്കുന്ന ഹിംസയുടെ പിശാചരഹസ്യമാണ്. തച്ചനക്കരയുടെ മണ്ണില്‍ നടന്ന ആ വധശിക്ഷയെ, ജീവനോടുള്ള ജന്തുസഹജമായ ആര്ത്തിയില്‍ അനിയന്ത്രിതനായി, മരണത്തോടുള്ള ഫലശൂന്യമായ ചെറുത്തുനില്പ്പിലൂടെ അവിസ്മരണീയമാക്കി മാറ്റിയ ഒരു മനുഷ്യന്റെ കഥയാണത്. അതു നോവലില്‍ ഏതൊക്കയോ ഘട്ടങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നു. ഭൂതകാലം ഒരു നേര്‍വരയും സ്വീകരിക്കാതെ, ജീവിതത്തില്‍ മുന്‍ നിശ്ചയയങ്ങളില്ലാത്ത സമയങ്ങളില്‍ കടന്നു വരുന്നു.

ഈ വധശിക്ഷ അതിന്റെ നിഷ്ഠൂരതയില്‍ കൊളുത്തിക്കിടന്ന്, നിത്യവും നിസ്സാരവല്‍ക്കരിക്കപ്പെടുന്ന ജീവിതത്തില്‍ മരണം കൊണ്ടുവരുന്ന ആപല്‍ക്കരമായ ഗൌരവത്തെ വായനക്കാരന് പകര്‍ന്നു നല്‍കുന്നുണ്ട് . മരണം അനുഭവിക്കുന്നത് വ്യക്തിയും കുടുംബവുമല്ല, ദേശമാണ്‌ എന്ന്, ദേശമില്ലാത്തവരുടെ മരണത്തിനു അശാന്തിയുടെ ഗന്ധമാണ് എന്ന് സുഭാഷ് ചന്ദ്രന്‍ കാട്ടിത്തരുന്നു. തിരുവിതാംകൂറില്‍ നിലനിന്നിരുന്ന ഒരു സവിശേഷ ശിക്ഷാവിധിയായിരുന്നു അനങ്ങാന്‍ പറ്റാത്ത ഇരുമ്പു കൂട്ടില്‍ അടച്ചു വളരെ ഉയര്‍ന്ന വൃക്ഷശിഖരത്തില്‍ തൂക്കിയിട്ടു ക്രൂരമായ പട്ടിണി മരണത്തിനു വിധേയമാക്കുന്നത്. ശരീരം അനക്കാന്‍ കഴിയാതെ, മാംസപേശികള്‍ വലിഞ്ഞു മുറുകി, വരാന്‍ പോകുന്ന മരണത്തെ മുന്നില്‍ കണ്ട്, ഉറങ്ങാന്‍ പോലുമാവാതെ വെള്ളവും ഭക്ഷണവുമില്ലാതെ ദിവസങ്ങള്‍ കഴിച്ച്, കുറ്റവാളിയെ അന്യാദൃശമായ നിത്യപീഢയില്‍ സഹനപാരമ്യങ്ങള്‍ തൊട്ടറിയിച്ച്, ഭീതിദമായ മരണത്തിലേക്ക് അയക്കുന്ന മനുഷ്യത്വരഹിതമായ ശിക്ഷാവിധിയാണത്. പത്ത് ദിവസത്തില്‍ കൂടുതല്‍ പിടിച്ചു നില്‍ക്കാന്‍ ആര്‍ക്കും കഴിയാറില്ല.

എന്നാല്‍ ഈ വ്യക്തി അസമാന്യന്‍ ആയിരുന്നു. ഇരുപത്തേഴു ദിവസമാണ് അയാള്‍ ആ കമ്പിക്കൂട്ടില്‍ ജലപാനം പോലുമില്ലാതെ, ഇടുങ്ങി നിന്ന് മരണത്തെ വെല്ലുവിളിച്ചത്. താഴെ നിന്നിരുന്ന കാവല്ക്കാരെയും ദൂരെ നിന്നെത്തിയ കാഴ്ച്ചക്കാരെയും വിഭ്രമിപ്പിച്ചു കൊണ്ട് അയാള്‍ ഇരുപത്തേഴു ദിവസമാണ് മരത്തിലെ ഇരുമ്പു കൂട്ടില്‍ തൂങ്ങിക്കിടന്നത്.
പത്താമത്തെ ദിവസം സാധാരണ സംഭവിക്കാറുള്ള മരണത്തെ ലക്‌ഷ്യം വച്ച് കൃത്യം ഒന്‍പതാം ദിവസം ആ ജഡത്തിന്റെ അവകാശിയാണെന്ന ധാര്‍ഷ്ട്യത്തോടെ എത്തിച്ചേര്‍ന്നത് ഒരു കഴുകനായിരുന്നു. ആ കുറ്റവാളിയാകട്ടെ, അതിനെ തന്റെ മുഴുവന്‍ ശക്തിയുമെടുത്തു “ഫോ!” എന്ന് ആട്ടുക ആയിരുന്നു. മരണത്തെ ‘ഫോ!’ എന്നാട്ടിയകറ്റുന്ന, പ്രതീക്ഷയുടെ അംശം പോലുമില്ലാത്ത, തന്റെ ജീവിതാന്ത്യത്തെ മാത്രം മുന്നില്‍ കാണുമ്പോഴും, വരാന്‍ പോകുന്ന മൃത്യുവിന്റെ ചിറകടി ശബ്ദമായി വന്നു ചേര്‍ന്ന ഗൃദ്ധ്രത്തെ അവശേഷിക്കുന്ന ജീവന്റെ മുഴുവന്‍ രോഷവും പ്രതിഷേധവും ചേര്‍ത്ത് പ്രത്യാക്രമിക്കുന്ന, ജീവിതേച്ഛയുടെ, ഏറ്റവും പ്രത്യാശാരഹിതമായ ക്രൂരകാലത്തിലും ജീവിതത്തോടു ജന്തുലോകം കാട്ടുന്ന ആര്‍ത്തിയുടെ, ഇരുപത്തേഴു ദിവസങ്ങളാണ് ആയാള്‍ ആ ഇരുമ്പുചട്ടത്തില്‍ ചെലവഴിച്ചത്‌.

ഇരുട്ടിലും വെളിച്ചത്തിലും ‘ഫോ’ എന്ന് ആട്ടിയാട്ടി തന്റെ ആകാശ മരണത്തെ അയാള്‍ ജീവിതത്തിന്റെ അന്യാദൃശമായ ക്രുദ്ധസുവിശേഷമാക്കി ഒരു ദേശത്തെ വിഭ്രമിപ്പിച്ചു. അതിലിരമ്പുന്ന അസഹ്യമായ അശാന്തിയില്‍ നിന്ന് രക്ഷ നേടാന്‍ അവര്‍ ചെവിയില്‍ പഴന്തുണി തിരുകി വിറങ്ങലിച്ചിരുന്നു. അയ്യാപിള്ള എന്നായിരുന്നു ആ അന്‍പത്തഞ്ചുകാരന്റെ പേര്. അയാള്‍ മരണത്തിന്റെ പ്രതിരൂപമായി തനിക്കു ചുറ്റും കൂടിയ ഗൃദ്ധ്രങ്ങളെ ആട്ടിയാട്ടി തളര്‍ന്നിട്ടും ഒടുവില്‍ ഉഗ്രമായ അവസ്സാനമായി ഒന്നുകൂടി “ഫോ!” എന്ന് ഉഗ്രമായി ആട്ടിയാണ് പ്രാണന്‍ വെടിഞ്ഞത്. അങ്ങനെ അയാളുടെ തറവാടിനു അയ്യാട്ടുമ്പിള്ളി എന്ന് പേര് വന്നു. ഒരു കുലത്തിന്റെ, ദേശത്തിന്റെ കഥ അവിടെ തുടങ്ങുകയായിരുന്നു. അയാളുടെ കുറ്റമെന്തായിരുന്നു എന്ന് പറയുന്നില്ല. രാജാവിന് ഹിതകരമല്ലാത്തതെന്തോ ചെയ്തതിനാണ് എന്നേ സൂചനയുള്ളു. ഇത്രയും കഠിനമായ ശിക്ഷ എന്തിനുമാകാം. നിയമം അന്ന് രാജശാസനത്തിന്റെ സ്വേച്ഛാപരതയില്‍ നിര്‍ണ്ണയിക്കപ്പെട്ടിരുന്ന വ്യവഹാരം ആയിരുന്നു. വൃക്ഷത്തിന്റെ ചുവട്ടില്‍ കൂടിയ ജനാവലി അയ്യാപിള്ളയെ ‘മാപാപി’ ആയികണ്ടത് അയാളുടെ തെറ്റിന്റെ ബലത്തിലല്ല, ശിക്ഷയുടെ കാഠിന്യതിലാണ്. തെറ്റും പാപവും രാജവാഴ്ച്ചയില്‍ ഒന്നാവുന്നത് രാജാവ് പ്രത്യക്ഷ ദൈവതം ആയതു കൊണ്ടാണ്. അവിടെ നിന്നാണ് മുതലാളിത്തത്തിലേക്ക് കടക്കുന്നത്‌. ദൈവമായി കരുതപ്പെടുന്ന മറ്റൊരു മനുഷ്യന് (രാജാവ്) മുന്നിലല്ല, നിയമത്തിനുമുന്നിലാണ് അവിടെ എല്ലാവരും തുല്യരാവുന്നത്. “പാപത്തിന്റെ കൊടിമരത്തില്‍ പാറിയ പതാക പോലെ” അയാള്‍ അങ്ങുയരത്തില്‍ ഞാന്നു കിടന്നു ക്രുദ്ധനായി പ്രാണന്‍ വെടിഞ്ഞപ്പോള്‍ അതിന്റെ മതാത്മകതയെ, പ്രത്യക്ഷ ദൈവതവുമായുള്ള വൈരുദ്ധ്യത്തെ സൂചിപ്പിക്കാന്‍ ഒരേ ഒരു അടയാളമേ സുഭാഷ് ചന്ദ്രന്‍ നല്‍കുന്നുള്ളു. അത് കഴുകിനെ അടുത്ത് കാണുമ്പോഴത്തെ അയാളുടെ ‘പിച്ചും പേയും’ ആണ്: “കുടുമ വച്ച് മേലും കീഴും മൈര്‍ കളക. വെളുത്ത പുടവ ഉടുത്തിട്ടു ഉപാസകനാക. പഞ്ചശിക്ഷാ പാദം പഠിക്ക. പൂണൂല് കാലൂടെ അഴിച്ചു കുടുമയും മുറിച്ചു കയ്യില്‍ പിടിച്ചു ഊര്‍ദ്ധ്വ ലോകം ഗച്ഛ എന്ന് ചൊല്ക! ഫോ!”

പ്രാചീന ബുദ്ധിസ്റ്റ് പാരമ്പര്യത്തിലെ, വിശേഷിച്ചു ലാമായിസ്റ്റ് ബുദ്ധിസത്തിലെ സംന്യാസത്തിനുള്ള മുന്‍പുള്ള അനുഷ്ഠാനങ്ങളാണ് ഏതാണ്ട് അക്ഷരം പ്രതി പഞ്ചശിക്ഷ അടക്കം അയ്യാപിള്ള പിച്ചും പേയുമായി പറയുന്നത്! ഉപവാസം, വ്രതം, സദ്‌വാക്യം, ലഹരി വര്ജ്ജനം, സ്വമത ഗര്‍വ്വനിരാസം ഇങ്ങനെ അഞ്ചു കല്‍പ്പനകളെ ആണ് പഞ്ചശിക്ഷ എന്ന് പറയുന്നത്. അതിനോടൊപ്പമാണ് മുടികളഞ്ഞു പൂണുനൂലും ഉപേക്ഷിച്ചു ശ്വേതവസ്ത്രം ധരിച്ചു ഉപാസകനാവുന്നത്. കാലദേശങ്ങള്‍ക്കനുസരിച്ചു രീതികളില്‍ ചില വ്യത്യസ്തകകള്‍ ഉണ്ടാവാമെങ്കിലും ആത്യന്തികമായി ഇത് ഓര്‍മ്മപ്പെടുത്തുന്നത്‌ ഒരു ബുദ്ധിസ്റ്റ് അനുഷ്ഠാനത്തെത്തന്നെയാണ്. എന്നാല്‍ ഇത് ബുദ്ധിസ്റ്റ് തര്‍ക്കശാസ്ത്രത്തിന്റെ ഭാഗമല്ല. മഹാഭാരതത്തിലും പഞ്ചശിക്ഷയെ കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും ബുദ്ധമതവുമായാണ് അതിനു കൂടുതല്‍ ദൃഢമായ ബന്ധം കാണുന്നത്. അതായത് അയ്യാപിള്ളയുടെ അകാല മരണം കേവലമായ ഒരു തെറ്റിന്റെ പേരിലല്ല. പാപവും കുറ്റവും ഒന്നാകുന്ന മതപരമായ സംഘര്‍ഷത്തിന്റെ വിഹ്വലമായ ഒരു പശ്ചാത്തലം ആ രാജശാസനയുടെ പിന്നിലുണ്ട്. അയാളുടെ കരളുറപ്പിന്റെ കാരണം, താന്‍ ചെയ്യാന്‍ തുടങ്ങിയ ശരിയെക്കുറിച്ചുള്ള മനസ്സിന്റെ ഉറപ്പാണ്. രാജാവ് അധികാരിയായിരിക്കുന്ന വ്യവഹാരത്തിന് തന്നെ കൊല്ലുവാന്‍ കഴിയും. പക്ഷെ താന്‍ കീഴ്പ്പെടുന്ന വ്യവഹാരം രാജശാസനതിന്റെതല്ല. അധികാരത്തെ വെല്ലുവിളിച്ചു ആ ഇരുമ്പു ചട്ടത്തിനുള്ളില്‍ അദമ്യമായ സ്വാതന്ത്ര്യേച്ഛയെ പ്രകാശിപ്പിക്കുക ആയിരുന്നു അയ്യാപിള്ള.

അയ്യാപിള്ള മതസ്വാതന്ത്ര്യത്തിനാണോ രക്തസാക്ഷി ആയത് എന്ന ചോദ്യം ഈ നോവലിനെ സംബന്ധിച്ചെടത്തോളം പ്രധാനമാകുന്നത് ഇതില്‍ സ്വീകരിച്ചിരിക്കുന്ന മതാത്മക സമീപനത്തിന്റെ സവിശേഷത കൊണ്ടാണ്. അയ്യാപിള്ളയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയായി ആ വീട്ടുപേര്‍ മാത്രമേ ഉള്ളു. അതിനപ്പുറത്തേക്ക് ബുദ്ധമത ദര്‍ശനത്തെ നോവലിസ്റ്റ് കൊണ്ട്പോകുന്നില്ല എന്നത് കേരള ചരിത്രത്തിലെ ബുദ്ധമത പാരമ്പര്യത്തിന്‍റെ തന്നെ ഇടർച്ചകളുടെ കൂടി സൂചകമായി വായിക്കാം എന്നു തോന്നുന്നു. ധര്‍മ്മം, അര്‍ഥം, കാമം, മോക്ഷം എന്നിങ്ങനെ നാല് ഭാഗങ്ങളായാണ് നോവലിന്റെ ഘടന സംവിധാനം ചെയ്തിരിക്കുന്നത്. പുരുഷാര്‍ത്ഥ സങ്കല്‍പ്പത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് മനുഷ്യ ജീവിതത്തെ കാണുന്ന സമീപനം ഹൈന്ദവമാണ് എന്നു പറയാമെങ്കിലും അതില്‍ അടങ്ങിയിട്ടുള്ള അച്ചടക്കം സാര്‍വ്വജനീനമാണ്. ഫ്രോയിഡിന്‍റെ Civilization and Its Discontents പോലുള്ള കൃതികളില്‍ നമുക്കിത് പരിചിതമാണ്.

മാത്രമല്ല, ജിതേന്ദ്രന്‍ എന്ന കേന്ദ്രകഥാപാത്രത്തിനും അയാളുടെ മുത്തച്ഛനായി നോവലില്‍ നിറഞ്ഞു നില്‍ക്കുന്ന നാറാപിള്ളക്കും ഇടയില്‍ വന്നു പോകുന്ന വ്യക്തികളൊക്കയും കറങ്ങുന്നത് പുരുഷാര്‍ത്ഥ കാമനകളുടെ സന്ദേഹങ്ങളിലാണ്. എന്നാല്‍ കൃത്യമായ അച്ചടക്കത്തോടെ പാലിക്കപ്പെടുന്നതോ പാലിക്കപ്പെടാനുള്ളതോ അല്ല ഇത്. ഒരോ ഘട്ടത്തിലും മനുഷ്യമനസ്സ് ഇതില്‍നിന്ന് കുതറുകയും ഇതിലേക്ക് അടിഞ്ഞു വീഴുകയും ചെയ്യുന്നു. ജീവിതത്തെ അളക്കാനുള്ള ഒരു മതാത്മക മാനകം ആണ് പുരുഷാര്‍ത്ഥം. അതിന്റെ കടുത്ത നിരാകരണങ്ങള്‍ ആവശ്യമാണ്‌. അതിന്റെ യുക്തികളെ, കാര്‍ക്കശ്യങ്ങളെ, ദൈവശാസ്ത്രത്തെ, ശ്രേണീപരതയെ, അത് കൊളുത്തി ഇട്ടിരിക്കുന്ന ജാതിവ്യവസ്ഥയെ, എതിര്ക്കേണ്ടതുണ്ട്. ഒരു സാധാരണ മനുഷ്യന്‍ തന്റെ ചിന്തകളിലൂടെ, പ്രവൃത്തികളിലൂടെ, പുരുഷാര്‍ത്ഥയുക്തിയെ ചോദ്യംചെയ്യുകയും ജീവിതത്തിന്റെ അര്‍ത്ഥത്തെ സ്വന്തമായരീതിയില്‍ പുനര്‍ നിര്‍വചിക്കുകയും ചെയ്യുന്നതെങ്ങനെ എന്ന് ഈ നോവല്‍ കാട്ടി തരുന്നു. ഒരു സവിശേഷ തലത്തില്‍ മതാത്മകമായിരിമ്പോള്‍ തന്നെ ഈ നോവല്‍ മതജാതി വൈരുദ്ധ്യങ്ങളുടെ യാഥാര്‍ത്ഥ്യത്തെ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നില്ല.

ഈ നോവലില്‍ സുഭാഷ് ചന്ദ്രന്‍ അനുഭവിപ്പിക്കുന്ന സംഘര്‍ഷം ആത്മീയവിരുദ്ധമായ മതാത്മകതയുടെതാണ്. ഒപ്പം ലിബറല്‍ വ്യക്തിവാദത്തെ സംശയത്തോടെ വീക്ഷിക്കുന്ന ഒരു കമ്യൂണിറ്റേറിയന്‍ വിമര്‍ശന സമീപനം ഇതിന്റ അന്തര്‍ധാര ആകുന്നുമുണ്ട്. അടിമത്ത വ്യവസ്ഥിതിയും ഗോത്ര സമൂഹവും ഫ്യൂഡലിസവും ആധുനിക മുതലാളിത്ത സമൂഹവും പലതരത്തിലുള്ള അച്ചടക്കത്തെ ജീവിതത്തിനു നിഷ്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം പുരുഷാധിപത്യപരവും ഇതരലിംഗ വിരുദ്ധവുമാണ്. സ്വാതന്ത്ര്യത്തിന്റെ അര്‍ഥം പുരുഷന്റെ സ്വാതന്ത്ര്യം മാത്രമായിരുന്ന കാലങ്ങളുടെ ചരിത്രസന്ദര്ഭങ്ങളാണ് അവയിലുള്ളത്. മനുഷ്യന്റെ അല്ല, പുരുഷന്റെ കഥയാണിത്. ‘പുരുഷന് ഒരു ആമുഖം’ എന്നതാണ് ഈ നോവലിന് യോജിക്കുന്ന യഥാര്‍ത്ഥ തലക്കെട്ട്‌.. പുരുഷ കേന്ദ്രിതമായി മാത്രം സങ്കല്പ്പിക്കപ്പെട്ടിട്ടുള്ള കഥകളുടെ ഏകപക്ഷീയത ഇതിന്റെ ആഖ്യാനത്തിലുണ്ട്. ജിതേന്ദ്രന്‍ എന്ന കഥാപാത്രം അയ്യാപിള്ളയുടെ കുടുംബത്തില്‍ ജനിച്ച നാറാപിള്ള എന്ന ക്രുദ്ധനും ക്രൂരനുമായ മനുഷ്യന്റെ മകളുടെ മകനാണ്. മകളാവട്ടെ അച്ഛനെപ്പോലെ പരനിന്ദയിലും ജാത്യാനുനിഷ്ഠകളിലും അഭിരമിച്ചാണ് ജീവിച്ചത്. അന്യ ജാതിമത വിവാഹബന്ധങ്ങള്‍ അവര്‍ക്ക് അസഹ്യമാണ്.

എന്നാല്‍ അതിനപ്പുറം ഈ നോവലിന്റെ ചരിത്രപരിസരം അയ്യാപിള്ളയുടെ രക്തസാക്ഷിത്വത്തിന് ശേഷം തച്ചനക്കരയുണ്ടായ പരിവര്‍ത്തനങ്ങളെ കുറിച്ച് കൂടി ഉള്ളതാണ്. അഭിരുചികള്‍, ആഭിമുഖ്യങ്ങള്‍, അനുഭൂതികളെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എല്ലാം മാറുന്നതിന്റെ അനുഭവചിത്രണമാണ്. തച്ചനക്കര എന്നപേരുതന്നെ പെരുന്തച്ചന്റെ ഗ്രാമമാണ് പുഴക്കക്കരെ എന്നതിന്റെ സൂചനയാണ്. അയ്യാപിള്ളയുടെ കാലത്ത് നിന്ന് നോവല്‍ ദേശചരിത്രത്ത്തിന്റെ രണ്ടാം ഘട്ടം തൊടുന്നത് ഏറെക്കാലം കഴിഞ്ഞു നാറാപിള്ളയുടെ കാലത്താണ്. അപ്പോഴേക്ക് ഇരുപതാം നൂറ്റാണ്ട് തച്ചനക്കരയില്‍ എത്തിയിരുന്നു. ഒപ്പം ജാനാധിപത്യവും, മനുഷ്യാവകാശവും ജാത്യാധിപത്യവിരുദ്ധ രാഷ്ട്രീയവും ഗുരുവും ഗാന്ധിയുമെല്ലാം അവിടെ എത്തിയിട്ടുണ്ടായിരുന്നു.

എന്നാൽ അതിനെയെല്ലാം അതിനിർണയിക്കുന്ന ചരിത്ര ഘടകം ജാതി തന്നെയാണ്. നാറാപിള്ള ജാതിയുടെ, ശ്രേണീബദ്ധതയുടെ, അധികാരത്തിന്റെ, ഒപ്പം നിന്ന സ്വാർത്ഥനായ മനുഷ്യനായിരുന്നു. അയാള്‍ മാറ്റങ്ങളെ വെറുക്കുകയും ഭയക്കുകയും ചെയ്തു. നായര്‍ എന്ന തന്റെ ശൂദ്രാസ്തിത്വത്തെ അയാള്‍ അത്മരതിയോളം ഉയര്‍ത്തി ആനന്ദിച്ചു. ഗാന്ധി ശ്രീനാരായണഗുരുവിനെ കാണുന്നത് പോലും അയാളെ അസ്വസ്ഥനാക്കി. “അങ്ങേരെന്തിനാ ഒരു ഈഴവ സന്യാസ്യെ കാണാന്‍ ഇങ്ങട് എഴുന്നള്ളീത്?” എന്ന് നാറാപിള്ള ഒളിവില്ലാതെ ജാതിക്കെറുവില്‍ തിളച്ചു. മൂന്നുവര്ഷം കൂടി കഴിഞ്ഞപ്പോള്‍

ശ്രീനാരായണഗുരു സമാധി ആയി. അതിന്റെ പിറ്റേ ആഴ്ചയിലായിരുന്നു നാറാപിള്ളയുടെ വിവാഹം. അയാളുടെ ആദ്യരാത്രിയിലേക്കായിരുന്നു ഗുരു നാറാപിള്ളക്കുള്ള മറുപടി കരുതി വച്ചിരുന്നത്. തന്റെ പണത്തേക്കാള്‍ അവള്‍ എന്താണ് ഇഷ്ടപ്പെടുന്നതെന്ന ഭാര്യയോടുള്ള ചോദ്യത്തിന് ചോദ്യത്തിന് ‘നാരായണന്‍’ എന്ന അയാളുടെ മുഴുവന്‍ പേരാണെന്നും അതിനുള്ള കാരണം അത് ആയിടെ സമാധി ആയ ഗുരുവിന്റെ പേരായതു കൊണ്ടാണെന്നും പറഞ്ഞു ഭാര്യ അയാളെ ആദ്യരാത്രിയില്‍ തന്നെ തകര്‍ത്തു കളഞ്ഞു.

അതൊരു തുടക്കമായിരുന്നു. നാറാപിള്ളയുടെ മകനും മരുമകനും കമ്യൂണിസ്റ്റ് അനുഭാവികളായി. മകന്‍ ഒരു ഈഴവസ്ത്രീയ കല്യാണം കഴിച്ചു. അയാളുടെ കൊച്ചുമകന്‍ ഒരു ക്രിസ്ത്യന്‍ യുവതിയെ ആണ് വിവാഹം ചെയ്തത്. അധിനിവേശാനന്തര കേരളത്തിലെ മാറുന്ന ജാതിബന്ധങ്ങള്‍ക്കുള്ളിലെ മറാത്ത യാഥാസ്ഥിതികത്വമായി, മാറുന്ന സ്ത്രീപുരുഷ ബന്ധങ്ങളിലെ മാറാന്‍ വിസമ്മതിക്കുന്ന നെറികെട്ട പിതൃരൂപമായാണ് നാറാപിള്ള തച്ചനക്കരയില്‍ ജീവിച്ചു മരിച്ചത്. കുറ്റിപ്പുഴ കൃഷ്ണപിള്ളയെ കണ്ടു ചങ്ങമ്പുഴ കൃഷ്ണപിള്ള ആണെന്ന് കരുതി നാറാപിള്ള പുച്ഛിക്കുന്ന ഒരു രംഗമുണ്ട്.

അതുപോലെ ഗാന്ധി അയ്യങ്കാളിയെ സന്ദര്‍ശിച്ചതും നാറാപിള്ളയ്ക്ക് സഹിച്ചില്ല. ചുറ്റുമുള്ള മാറുന്ന ലോകത്തെ യാഥാസ്ഥിതികത്വം അറിയുന്നില്ലെന്നല്ല. അതിന്‍റെത് എപ്പോഴും ഒരു മിസ്‌റെക്കഗ്നിഷന്‍ ആയിരിക്കും. മാറ്റത്തെ തെറ്റായി മനസ്സിലാക്കാനുള്ള വിധിയാണ് അതിനുള്ളത്. തച്ചനക്കരയിലെ സാമൂഹിക പരിണാമത്തെ ജിതേന്ദ്രന്‍ എന്ന അയാളുടെ കൊച്ചുമകന്‍ ഉള്‍ക്കൊണ്ട പുതിയ ജാനാധിപത്യബോധങ്ങളുടെ പശ്ചാത്തലത്തില്‍ വരച്ചിട്ടിരിക്കുന്നതാണ് ഈ നോവലിന്റെ രൂപഘടനയിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. മാറ്റങ്ങള്‍ എത്ര സ്വാഭാവികമായും എന്നാല്‍ തുടര്ച്ചകളുടെ കണ്ണികളില്‍ തൂങ്ങിയുമാണ് എത്തുന്നത്‌ എന്ന് ഈ നിര്‍രേഖീയമായ ഘടന ശക്തമായി ഓര്‍മ്മപ്പെടുത്തുന്നു. അയ്യാപിള്ളയെ പോലെ നാറാപിള്ളയും പല തവണ ജീവിതത്തില്‍ ‘ഫോ’ എന്ന് ആട്ടുന്നുണ്ട്. പക്ഷെ പുതിയ കാലത്തെ അങ്ങനെ നിസ്സാരമായി ആട്ടിയകറ്റാന്‍ അയാള്‍ക്ക്‌ കഴിയുന്നില്ല.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതും ചട്ടമ്പി സ്വാമികളുടെയും ശ്രീനാരായണ ഗുരുവിന്റെയും ജീവിതവും യുക്തിവാദവും ജനാധിപത്യസമരങ്ങളും ക്ഷേത്രപ്രവേശന വിളംബരവും കമ്യൂണിസത്തിന്റെ വരവും കാക്കി നിക്കറുമിട്ടു ആര്‍. എസ്. എസ് എത്തുന്നതും ഏറ്റവുമൊടുവില്‍ നക്സലിസത്തെ കുറിച്ചുീ ബാബറി മസ്ജിദ് തകര്ത്തതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും അടക്കം ഒരു ഗ്രാമം കേരള ചരിത്രത്തിലൂടെ കടന്നു പോയ ഘട്ടങ്ങളെ സധാരണമനുഷ്യരുടെ നിത്യജീവിത സംഘര്‍ഷങ്ങള്‍ക്ക് സമാന്തരമായി, അവരുടെ ചെറിയ അനുഭവങ്ങളിലെ മിന്നലാട്ടങ്ങളായി അവതരിപ്പിച്ചുകൊണ്ടാണ് നോവലിലെ ദേശചരിത്രത്തിന്റെ ഒരു പുതിയ മാതൃക സുഭാഷ്ചന്ദ്രന്‍ അവതരിപ്പിക്കുന്നത്‌. . ക്ഷേത്ര പ്രവേശന വിളംബരം വന്നിട്ടും ക്ഷേത്രങ്ങള്‍ സവര്‍ണ്ണരുടെ മാത്രം സ്ഥലമായി തുടര്‍ന്നു. ഇന്നും തുടരുന്നു.

ജാതിയുടെ അനുരഞ്ജനങ്ങള്‍ എപ്പോഴും കേരളത്തില്‍ തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. വ്യക്തി സമത്വത്തിനു ജാതിസമത്വം എത്ര അത്യാവശ്യമാണ് എന്ന്, സാമ്പത്തിക ഉന്നമനംകൊണ്ട് മാത്രം സാമൂഹികസ്ഥാനം ഉയരുന്നില്ലെന്ന്, തിരിച്ചറിയാത്തവര്‍ ഉണ്ടോ? സവര്‍ണ്ണ ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയമാണ് ഇപ്പോഴും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീ യം.
കേരളീയ സിവില്‍സമൂഹം അതിന്റെ സ്ഥൂലരൂപം തേടുന്ന കാലഘട്ടത്തെ, അതില്‍ ഇഴചേര്‍ന്നിട്ടുള്ള ഓരോ സൂക്ഷ്മസ്ഥലികളും സ്വന്തം സമരങ്ങളിലൂടെ കുടുംബത്തിലെ, വായനശാലകളിലെ, വിദ്യാലയങ്ങളിലെ, മറ്റു സ്ഥാപനങ്ങളിലെ, ആശയങ്ങളിലെ, സൌഹൃദങ്ങളിലെ, ജാതിയിലെ, ലിംഗരാഷ്ട്രീയത്തിലെ സംഘര്‍ഷങ്ങളിലൂടെ, സമരങ്ങളിലൂടെ ദൃഢപ്പെടുത്തുകയോ ദുര്ബ്ബലപ്പെടുത്തുകയോ ചെയ്തതെങ്ങനെ എന്ന കാതലായ രാഷ്ട്രീയ പ്രശ്നം ഈ നോവലിന്റെ താളുകളില്‍ പ്രകാശപ്പെടുന്നു. സിവില്‍ സമൂഹത്തിലെ വലിയ സമരങ്ങള്‍ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്നത് സമൂഹത്തിന്റെ അനേകം സൂക്ഷ്മഘടനകളിലെ ചെറിയ സമരങ്ങള്‍ക്ക് അവ പ്രേരകമാവുമ്പോള്‍ മാത്രമാണ്. ശ്രീനാരായണ ഗുരുവിനും അയ്യങ്കാളിക്കും ചെയ്യാന്‍ കഴിഞ്ഞത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിലപ്പോള്‍ ചെയ്യാന്‍ കഴിയാത്തത് അതുകൊണ്ടാണ്.

ജിതേന്ദ്രന്‍ എന്ന വ്യക്തി ആധുനിക കേരളത്തിന്റെ രാഷ്ട്രീയസൃഷ്ടി ആണ്. അയാളുടെ മതാതീത പ്രണയത്തെ പോലും സാധ്യമാക്കുന്നത് കേരളീയ സിവില്‍ സമൂഹത്തിന്റെ സൃഷ്ടിക്കു അയാളുടെ അച്ഛനും അമ്മാവനും അടക്കമുള്ള തലമുറയുടെ ഉല്‍പതിഷ്ണുത വഹിച്ച പങ്കാണെന്ന് ഈ നോവല്‍ എടുത്തുകാട്ടുന്നു. എങ്കിലും ജിതേന്ദ്രന്‍ ആധുനികതയിലും ഉത്തരാധുനികതയിലും കൂടി കടന്നുപോയ ശിഥിലീകൃതമായ ഒരു വ്യക്തിഘടനയുടെ ഉടമയാണ്. ലിബറല്‍ വ്യക്തിവാദത്തിന്റെ പരിമിതികളിലേക്ക്‌ അയാളെ നിര്‍ബന്ധിക്കുന്ന വിഘടനത്തിന്റെ യുക്തി അയാള്‍ക്ക് മുന്‍പുള്ള തലമുറയുടെ കാലത്ത് തന്നെ ആരംഭിച്ചതാണെന്നു പറയാം. അല്ലെങ്കില്‍ അങ്ങനെയാണയാള്‍ കരുതുന്നത്. അത് അയാളുടെ തന്റെ പ്രണയിനിക്കെഴുതിയ കത്തുകളില്‍ നിന്ന് വ്യക്തമാണ്. എങ്കിലും തീക്ഷ്ണമായ ഒരു യൌവ്വനത്തിന്റെ ഓര്‍മ്മകള്‍ അയാളെ ജീവിതാന്ത്യത്തിലും തന്നിലേക്ക് നോക്കാനുള്ള ഒരു മൂന്നാംകണ്ണിന്റെ കൂടി ഉടമയക്കുന്നു. ജിതേന്ദ്രന്‍ കൂടുതല്‍ സെല്‍ഫ് റിഫ്ലക്സീവ് ആവുന്നത് തച്ചനക്കര എന്ന ഗ്രാമത്തിന്റെ ചരിത്രത്തിനുള്ളില്‍ അയാള്‍ ജീവിക്കുന്നതുകൊണ്ടാണ്. ദേശം നമ്മുടെ ഉള്ളില്‍ നിറയുന്നതിന്റെ അനുപാതത്തില്‍ ആത്മവിചാരണയുടെ സാന്ദ്രത കൂടുകയാണ് ചെയ്യുന്നത്. ‘തച്ചനക്കരക്കാര്‍’ എന്നൊരു കര്‍തൃത്വം ഈ നോവലില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ദേശം ഒന്നാകെ ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വ്യക്തിയുടെ സ്മൃതിവ്യവസ്ഥയിലാണ്. ദേശം എന്നത് ഒരു കൂട്ടുകര്തൃത്വമായി, ഒരു അബോധവ്യവസ്ഥയായി വര്‍ത്തിക്കുന്നു എന്നര്‍ത്ഥം.

എന്നാല്‍ ഈ നോവലില്‍ തന്നെ ഇതിന്റെ അവസാന ഭാഗങ്ങളില്‍ രാഷ്ട്രീയമായ ചില നിഷ്കര്‍ഷകള്‍ വിശേഷിച്ചും സ്ത്രീശരീരത്തിന്റെ പ്രതിനിധാനവുമായി ബന്ധപ്പെട്ടവ കീഴ്മേല്‍ മറിയുന്നുണ്ട്. യൌവനയുക്തനായ ജിതേന്ദ്രന്റെ മനസ്സ് പ്രതിനിധാനം ചെയ്യുന്ന വിവരണങ്ങളില്‍ ആണ് കൂടുതലായും മിസോജനിയുടെ പ്രകാശനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും കടന്നു വരുന്നത്. തന്റെ സുഹൃത്തായ സോഫിയ ബീഗത്തെ കുറിച്ച് “തലയും മുലയുമുള്ള ഒരേയൊരു പെണ്ണ്” എന്ന് ജിതേന്ദ്രന്‍ ഡയറിയില്‍ എഴുതുന്നതായി പറയുന്നത് മാത്രമല്ല ഇതിനുള്ള ഉദാഹരണം. ഇതിന്റെ തന്നെ തുടര്‍ച്ചയായി വായിക്കാവുന്നതാണ് ജിതേന്ദ്രന്റെ സോഫിയ ബീഗവുമായുള്ള ഒരു സംഭാഷണ ശകലം:
“ഇക്കാലത്ത് ആണുങ്ങളില്‍ കാണാന്‍ കിട്ടാത്ത ഒന്ന് നിനക്ക് കൂടുതലായുണ്ട്”. അവസാനമായി വായനശാലയില്‍ വന്ന ദിവസം സോഫിയ ബീഗം അവനോടു പറഞ്ഞു. “ആണത്തം!”.
“അങ്ങനെയാണെങ്കില്‍” ജിതന്‍ പറഞ്ഞു: “അധികം വൈകാതെ നമുക്ക് പിണങ്ങേണ്ടി വരും! കാരണം എന്റെ രക്തത്തിലുള്ളത് പെണ്ണുങ്ങളെ ചവിട്ടുന്ന തരത്തിലുള്ള ഒരാണത്തമാണ്. ഏറ്റവും അധമം!”
“അതെനിക്ക് ഇഷ്ടമാണ്,” സോഫിയ പറഞ്ഞു: “എനിക്ക് പുകവലിക്കുന്ന പുരുഷന്മാരെ ഇഷ്ടമാണ്. അല്‍പ്പം മദ്യപിച്ചിട്ടു ഹൃദയം തുറന്നു സരസമായി സംസാരിക്കുന്ന ബുദ്ധിയുള്ള ആണുങ്ങളെ ഇഷ്ടമാണ്. സ്നേഹിക്കാന്‍ അവന് അറിയാമെന്നു ഉറപ്പുണ്ടെങ്കില്‍ ചവിട്ടേണ്ടവളെ ചവിട്ടുന്ന പുരുഷനെയും എനിക്കിഷ്ടമാണ്”
ഇത് ഒരു യഥാര്‍ത്ഥ സംഭാഷണശകലം ആകാമോ എന്നതല്ല ഇവിടെ പ്രസക്തമായിട്ടുള്ളത്. അങ്ങനെയൊരു ചോദ്യമേ ഉദ്ഭവിക്കുന്നില്ല. എന്നാല്‍ ഈ സംഭാഷണശകലം യഥാര്‍ത്ഥത്തില്‍ സ്ത്രീയുമായി പുരുഷന്‍ നടത്തുന്നതല്ല. പുരുഷന്‍ പുരുഷനോട് നിരന്തരം നടത്തുന്നതാണ്.

താന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന വ്യവസ്ഥയുടെ യാഥാസ്ഥിതികത്വത്തെ, നൈതികബോധത്തെ ആന്തരികവല്‍ക്കരിക്കുകയും, എന്നാല്‍ ഈ പരിമിതിയെക്കുറിച്ച്‌ അറിയാതിരിക്കുകയും ചെയ്യുന്ന വിപ്ലവകാരിയാണ് വിപ്ലവത്തിന്റെ ഏറ്റവും വലിയ ശത്രു എന്നതാണത്. കേരളത്തെ മാറ്റാന്‍ ശ്രമിക്കുന്ന മലയാളി ഇത്തരത്തില്‍ പഴയ വ്യവസ്ഥയുടെ രാഷ്ട്രീയത്തടവുകാരനോ തടവുകാരിയോ ആയിരിക്കുന്നു. ഗുരുവിന്റെയും അയ്യങ്കാളിയുടെയും ഒക്കെ കാലത്തെപ്പോലെ ജാതിയെ നേരിടാനുള്ള ഉള്ക്കരുത്തില്ലാതെ രാഷ്ട്രീയം ഉള്‍വലിയുന്നു. എല്ലാ പാര്‍ട്ടികളും സവര്‍ണ്ണ രാഷ്ട്രീയത്തെ പിന്‍പറ്റുന്നു. ഇത് കേരളത്തിന്റെ സാംസ്കാരിക നിശ്ചലതക്ക് സാന്ദ്രത കൂട്ടുന്നു. ഇങ്ങനെ ചരിത്രം നിലച്ചുപോകരുതേ എന്നൊരു വേദനയിലേക്ക് ഉണര്ത്തുന്നുണ്ട് ഈ നോവല്‍…….

എങ്ങനെയുള്ള പുരുഷനെ ആണ് തനിക്കിഷ്ടം എന്ന്, അല്ലെങ്കില്‍ എങ്ങനെയുള്ള പുരുഷന്‍ ആകാനാണ് തനിക്കിഷ്ടം എന്ന് പുരുഷന്മാര്‍ തമ്മില്‍ പറയുന്നതാണ്. അത്പോലെ ഈ നോവലിന്റെ ഒരു ഭാഗത്ത് സ്വന്തം വീട് പണിക്കു ഇഷ്ടിക ചുമന്നു തന്റെ അമ്മയുടെ മൂന്നാമത്തെ ഗര്‍ഭം ഇല്ലാതായതിനെക്കുറിച്ച് പറയുന്ന ഒരു ഭാഗമുണ്ട്. പരുഷമായ ഒരു പുരുഷഭാഷ അവിടെ നിര്‍മ്മമതയുടെ വ്യാജവേഷത്തില്‍ തുറുകണ്ണ്‍ തുറക്കുന്നുണ്ട്: “അങ്ങനെ അവളുടെ മൂന്നാമത്തെ ഗര്‍ഭം മൂന്നുമാസം വിടര്ച്ചയുള്ള ഒരു മാംസപിണ്ഡമായി പുറത്തു ചാടി ഒടുങ്ങി” എന്ന്. അവസാന അദ്ധ്യായങ്ങളില്‍ വീണ്ടും, ഉച്ചപ്പടങ്ങളിലെ നീലരംഗങ്ങളിലെ തെളിമയുള്ള നിറക്കാഴ്ചകള്‍ തച്ചനക്കരയിലെ യുവാക്കളെ കുളിക്കടവിലെ അസൌകര്യങ്ങള്‍ നിറഞ്ഞ ഒളിഞ്ഞു നോട്ടങ്ങളില്‍ താല്‍പ്പര്യം കുറഞ്ഞവരാക്കി എന്ന്, അത് ആണ്‍കണ്ണുകളുടെ അകാംക്ഷകള്‍ അവസാനിച്ചു കഴിഞ്ഞ പുതിയ ആണ്‍പെണ്‍ ബന്ധങ്ങളെ സൃഷ്ടിക്കുന്നു എന്ന് സുഭാഷ്ചന്ദ്രന്റെ അലസമായ മിസോജെനിക് ഭാവന ശുഷ്ക്കമാവുന്നുണ്ട്.

അതുപോലെ ജിതേന്ദ്രന്റെ ചെറിയച്ചന്‍ പങ്കജാക്ഷന്‍ എന്ന പഴയ പോലീസുകാരന്‍ വീട്ടുജോലികള്‍ ചെയ്യുന്ന ഭാര്യയെ നോക്കി മനസ്സില്‍ വിചാരിക്കുന്ന ഭാഗവും ശ്രദ്ധേയമാണ്: “മൂന്നാറിലെ ചില്ലുജാലകങ്ങള്‍ ചൂഴ്ന്ന മധുവിധുവില്‍ തന്നോടൊപ്പമുണ്ടായിരുന്ന സുന്ദരി, ഇപ്പോള്‍ എല്ലുമുറിയെ പണിയെടുത്തു പ്രാഞ്ചിനടക്കുന്ന ഈ തൈക്കിളവി തന്നെയായിരുന്നു എന്ന് പങ്കജാക്ഷന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല”. ഇത്തരം പ്രതിനിധാനങ്ങളോടുള്ള അനുഭാവത്തിന്റെ ഒരു തലം ഈ നോവലിനുണ്ടോ എന്ന് ചോദിയ്ക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍, തീര്‍ത്തും വിമര്‍ശനരഹിതമായി, ഇത്തരം മുള്ളുകള്‍ നോവലില്‍ പലയിടത്തും കൂര്‍ത്ത് നില്‍ക്കുന്നുണ്ട്. സുഭാഷ്ചന്ദ്രന്റെ കല കാലക്രമത്തില്‍ പൂര്‍ണ്ണമായും ഈ മിസോജെനിക് ഭാവുകത്വത്തിന്‌ പുറത്തേക്ക് വരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

എങ്കിലും ഇത്തരം പരിമിതികള്‍ക്കപ്പുറം, ആധുനിക കേരളം നേരിടുന്ന ആഴമേറിയ ഒരു സ്വത്വപ്രതിസന്ധിയെ, അതിന്റെ ചരിത്രപരിണാമങ്ങളുടെ മാറുന്ന സന്ദര്‍ഭങ്ങളില്‍ കണ്ടെത്താന്‍ സുഭാഷ്ചന്ദ്രന് കഴിയുന്നുണ്ട്. അന്പത്തിനാലാം വയസ്സില്‍ മരിച്ചു പോകുന്ന, ‘പുരുഷഗ്രന്ഥിയില്‍ ഉണ്ടായ ഒരു നീര്‍വീക്കം’ ഉണ്ടായപ്പോള്‍ നിയന്ത്രണമില്ലാതെ മൂത്രമൊഴിച്ചു പോകുന്ന അസുഖത്തിന്റെ ഫലമായി, കുട്ടികളുടെ പറ്റുതുണി അടിവസ്ത്രത്തിനുള്ളില്‍ ഉപയോഗിച്ച് തുടങ്ങിയിരുന്ന, സ്വന്തം ഭൂതകാലത്തെ ദേശത്തിന്റെ പരിണാമങ്ങളുടെ ചരിത്രഭൂമികയില്‍ അതിന്റെ നൈതികചോദനകളുടെ വിരുദ്ധവ്യവഹാരങ്ങളുടെ സാകല്യമായി മനസ്സിലാക്കിയ, ഒരു സാധാരണ വ്യക്തിയുടെ ജീവിതാവിഷ്ക്കാരത്തിലൂടെ പോസ്റ്കൊളോണിയല്‍ കാലത്തിന്റെ വലിയ സാമൂഹിക സങ്കടങ്ങളെയാണ് ഈ നോവല്‍ അഭിസംബോധന ചെയ്യുന്നത്. ദേശചരിത്രത്തെ ഈ നോവല്‍ ആദര്‍ശവല്‍ക്കരിക്കുന്നില്ല. രാഷ്ട്രീയ റിയലിസത്തിലൂടെ അതിനെ മൂർത്തവല്‍ക്കരിക്കുകയാണ്.
ജിതേന്ദ്രന്‍ പാവകള്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പണിയെടുത്ത് അതിന്റെ മേധാവി ആയി സ്വയം വിരമിച്ചു എന്നത് ഒരു പ്രതീകമാണ്. ചെണ്ടകൊട്ടുന്ന കുരങ്ങന്മാരെ മാത്രമായിരുന്നു ആ കമ്പനിയില്‍ നിര്‍മ്മിച്ചിരുന്നത്. അയാള്‍ മേധാവിയായതോടെ കമ്പനിയുടെ ഉല്‍പ്പന്നവൈവിദ്ധ്യവല്‍ക്കരണത്തിന് വച്ച നിര്‍ദ്ദേശം ഇതായിരുന്നു: കളിപ്പാട്ടങ്ങള്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് മാത്രമുള്ളതല്ല. അതിനാല്‍ പുതിയ കേരളത്തിലെ ഗൃഹനാഥന്മാരുടെ താല്‍പ്പര്യത്തിനു പറ്റുന്ന രീതിയില്‍ കലാ, കായിക, സാഹിത്യ പ്രതിഭകളുടെ മാതൃകകള്‍ ചെണ്ടയോ ഇടക്കയോ ഒക്കെ കൊട്ടട്ടെ. അത് വാങ്ങി അവരുടെ ആരാധകരായ ഗൃഹനാഥന്മാര്‍ വീടുകളിലും ആഫീസുകളിലും സൂക്ഷിക്കും. പുതിയ കാലത്തിന്റെ കളിപ്പാട്ടങ്ങളാണ് സെലിബ്രിട്ടികള്‍ എന്നത് മാറുന്ന ഒരു ഉപഭോഗ സമൂഹത്തിന്റെ അബോധത്തിന്റെ ആഴങ്ങളില്‍ നിന്ന് സുഭാഷ്ചന്ദ്രന്‍ കണ്ടെടുക്കുന്ന ഞടുക്കമാണ്. എഴുതാന്‍ ആഗ്രഹിച്ചിരുന്ന ഒരു ദേശ ചരിത്രം അയാള്‍ക്ക് എഴുതി മുഴുമിക്കാനായില്ല എന്നതാണ് അയാളുടെ മരണത്തെ ഭാര്യ ആന്‍മേരിക്ക് പോലും അസഹനീയമാക്കുന്നത്. മറ്റൊരാള്‍ അത് പൂര്‍ത്തിയാക്കി നല്‍കുന്നതായി അവര്‍ സ്വപ്നം കാണുന്നുണ്ട്.

പുതിയ തലമുറയെ തനിക്കു മനസ്സിലാകുന്നില്ല, അവര്‍ക്ക് തന്നെ മനസ്സിലാകുന്നില്ല എന്നതിലെ സ്വാഭാവികതയിലാണ് അയാള്‍ തച്ചനക്കരയില്‍ തിരിച്ചെത്തി ഒരു ഫ്ലാറ്റ് വാങ്ങി ജീവിക്കുന്നത്. ക്വിറ്റ്‌ ഇന്ത്യക്ക് ശേഷം ഇന്ത്യ മുഴുവന്‍ ഏറ്റു പറഞ്ഞ പദം ‘ഹൌസാറ്റ്‌’ ആണെന്ന്, ടെലിവിഷനിലെ ക്ലോസപ്പുകളില്‍ കാണുന്ന അമ്പയര്‍മാര്‍ക്ക് മൌണ്ട്ബാറ്റണിന്റെയും വെല്ലെസ്ലീയുടെയും ഛായയാണെന്ന്, അര്‍ണ്ണോസു പാതിരിയെ മലയാളം പഠിപ്പിച്ച കുഞ്ഞന്‍ നമ്പൂതിരിയുടെ പിന്മുറക്കാരനാണ് എന്നതാണ് വര്‍ഗീസ് അഭിരമിക്കുന്ന സ്വത്വാവബോധമെന്ന്‍, അഞ്ഞൂറുകൊല്ലം മുന്‍പ് ഗാമയുടെ മുതുകില്‍ വീണ അതെ വെയിലാണ് ഇപ്പോഴും കടല്‍ക്കരയില്‍ തിളങ്ങുന്നതെന്ന്, ജിതേന്ദ്രന്‍ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ കൊളോണിയല്‍കാലത്തിന്റെ അപക്ര്‍ഷതകളില്‍ നിന്ന് പോസ്റ്കൊളോണിയല്‍ സങ്കടങ്ങളിലേക്കുള്ള സംഘര്‍ഷഭരിതമായ തച്ചനക്കരയുടെ യാത്രയെ എഴുതി മുഴുമിക്കാനാവാതെ, സ്വന്തം വിസര്‍ജ്ജ്യത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട്, തന്റെ ചുമലില്‍ തൂങ്ങുന്നു എന്നയാള്‍ ധരിച്ച അഞ്ചു തലമുറകളുടെ ഭാരം ചുമക്കാനാവാതെ, ജിതേന്ദ്രന്‍ മരിച്ചുപോവുന്നു. അയാളുടെ കഥയിലൂടെ, അയാളുടെ ദേശത്തിന്റെ കഥയിലൂടെ, കേരള സമൂഹത്തിന്റെ വലിയ രാഷ്ട്രീയ വ്യസനങ്ങളെ സുഭാഷ്‌ചന്ദ്രന്‍ ചരിത്രവല്ക്കരിക്കുന്നു. വ്യക്തിയും സാമൂഹിക ചരിത്രവും തമ്മിലുള്ള ബന്ധത്തിന്റെ വൈരുദ്ധ്യാത്മക തലത്തെ വരച്ചുകാട്ടുന്നു. ജാതിയുടെ സാമൂഹികതലങ്ങളെ നേരിടാതെ ഒരു ദേശചരിത്രത്തിനും സാംഗത്യമില്ലെന്നു അടിവരയിട്ടു പറയുന്നു.

ഈ നോവല്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യം ചിന്തയെ ആഴത്തില്‍ പൊള്ളിക്കുന്നതാണ്. താന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന വ്യവസ്ഥയുടെ യാഥാസ്ഥിതികത്വത്തെ, നൈതികബോധത്തെ ആന്തരികവല്‍ക്കരിക്കുകയും, എന്നാല്‍ ഈ പരിമിതിയെക്കുറിച്ച്‌ അറിയാതിരിക്കുകയും ചെയ്യുന്ന വിപ്ലവകാരിയാണ് വിപ്ലവത്തിന്റെ ഏറ്റവും വലിയ ശത്രു എന്നതാണത്. കേരളത്തെ മാറ്റാന്‍ ശ്രമിക്കുന്ന മലയാളി ഇത്തരത്തില്‍ പഴയ വ്യവസ്ഥയുടെ രാഷ്ട്രീയത്തടവുകാരനോ തടവുകാരിയോ ആയിരിക്കുന്നു. ഗുരുവിന്റെയും അയ്യങ്കാളിയുടെയും ഒക്കെ കാലത്തെപ്പോലെ ജാതിയെ നേരിടാനുള്ള ഉള്ക്കരുത്തില്ലാതെ രാഷ്ട്രീയം ഉള്‍വലിയുന്നു. എല്ലാ പാര്‍ട്ടികളും സവര്‍ണ്ണ രാഷ്ട്രീയത്തെ പിന്‍പറ്റുന്നു. ഇത് കേരളത്തിന്റെ സാംസ്കാരിക നിശ്ചലതക്ക് സാന്ദ്രത കൂട്ടുന്നു. ഇങ്ങനെ ചരിത്രം നിലച്ചുപോകരുതേ എന്നൊരു വേദനയിലേക്ക് ഉണര്ത്തുന്നുണ്ട് ഈ നോവല്‍…… നമ്മുടെ സിവില്‍സമൂഹം അതിന്റെ എല്ലാ രാഷ്ട്രീയ വിവേകത്തിനും അപ്പുറം ആന്തരികമായി വിഘടിക്കുകയും ശിഥിലീക്കരിക്കപ്പെടുകയും ചെയ്യുന്നു എന്ന ഏറ്റവും ചരിത്രസംഗതമായ കമ്യൂണിറ്റേറിയന്‍ ആശങ്കയാണ് ഈ നോവല്‍ പങ്കുവയ്ക്കുന്നത്. ഈ കമ്യൂണിറ്റേറിയന്‍ തലം മതിയോ പുതിയ രാഷ്ട്രീയത്തിന് എന്ന ചോദ്യം ഞാന്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. അതിനപ്പുറം, മലയാളത്തിലെ കരുത്തുറ്റ രാഷ്ട്രീയ നോവലുകളില്‍ ഒന്നായി ‘മനുഷ്യന് ഒരു ആമുഖം’ വായനയുടെ അനന്തമായ സാധ്യതകള്‍ അനുവാചകര്‍ക്കു മുന്നില്‍ തുറന്നിടുന്നു എന്നതിനെയാണ് ഞാന്‍ പ്രധാനമായി കാണുന്നത്.

Categories
Malayalam Articles

ആരാച്ചാര്‍: കൊല്ലുന്ന പെണ്ണിന്റെ ചരിത്രപുസ്തകം

ആരാച്ചാര്‍: കൊല്ലുന്ന പെണ്ണിന്റെ ചരിത്രപുസ്തകം

ഡോ.ടി.ടി. ശ്രീകുമാര് മാധ്യമം 2013 ജനുവരി

കാലത്തോട് സംവദിക്കുന്നതെങ്ങനെ എന്നത് ഓരോ എഴുത്തുകാരനെയും എഴുത്തുകാരിയെയും അലട്ടുന്ന പ്രശ്നമാണ്. നിരൂപണത്തിന്‍െറ പ്രശ്നവും അതുതന്നെയാണെന്ന് കെ.പി. അപ്പനും കരുതിയിരുന്നു. നിരൂപണത്തിന്‍െറ മുന്‍ ഉപാധി കാലത്തെ കാണുന്ന, കാണിക്കുന്ന എഴുത്താണ്. നിരൂപണം ഉണ്ടാവുന്നതിന്‍െറ കാരണംതന്നെ അതിന്‍െറ വിഭ്രമങ്ങളാണ്, വിങ്ങലുകളാണ്. അതുകൊണ്ട്, എല്ലാ വിലയിരുത്തലുകളും നിരൂപണമാവുന്നില്ല എന്ന് കെ.പി. അപ്പന്‍ കരുതിയിരുന്നു എന്നു തോന്നാറുണ്ട്. നിരൂപണത്തിന്‍െറ ദര്‍ശനം, ലാവണ്യപ്രതീക്ഷകള്‍ ഒക്കെ കൃതിയും കാലവുമായി ബന്ധപ്പെടുന്നതിന്‍െറ ഒരു മാട്രിക്സ് ആണ് സൃഷ്ടിക്കുന്നത്. ചില എഴുത്തുകാരും കൃതികളും ഈ കാലസമസ്യയെ സൂക്ഷ്മമായി സന്ധിച്ച് നിരൂപണത്തിന്‍െറ സാധ്യതകള്‍ ഉദാരമാക്കുന്നു.
ബാഷ്ലര്‍ദിന്‍െറ ‘The Poetics of Reverie’ എന്ന പുസ്തകത്തില്‍ (Gaston Bachelard, 1960, Tran. Daniel Russell, 1969, Boston: Beacon Press) ചര്‍ച്ചചെയ്യുന്ന ഒരു കാര്യം അല്‍പം ദു$സ്വാതന്ത്ര്യമെടുത്ത് മാറ്റിപ്പറയുകയാണെങ്കില്‍ അദ്ദേഹം, പരികല്‍പനാത്മക ചിന്തയും (നിരൂപണം) ഭാവനാത്മക ചിന്തയും (ഫിക്ഷന്‍) തമ്മില്‍ ഒരു സാത്മീകരണം സാധ്യമാവുകയില്ലെന്നു സംശയിക്കുകയാണ്. ഇത് ഒരു വെല്ലുവിളിയാവുന്നത് നിരൂപണത്തിനാണ് എന്നു പറയേണ്ടതില്ലല്ലോ. കൃതിയുടെ ഒരു സവിശേഷപ്രകാശനമാവണം നിരൂപണം എന്നതാണ് വലിയ സൃഷ്ടികളുടെ നിരൂപണം അ/സാധ്യമാക്കുന്ന ഘടകംതന്നെ. മലയാളത്തിലെ നോവല്‍ സാഹിത്യം എപ്പോഴും അത്തരം വലിയ സൃഷ്ടികളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാവാറുണ്ട്. മറ്റു സാഹിത്യശാഖകളെ അപേക്ഷിച്ച് നോവല്‍ മലയാളത്തില്‍ വലിയ ദൂരങ്ങള്‍ ദാര്‍ശനികമായി താണ്ടിയിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇത്തരം നിരീക്ഷണങ്ങളിലുള്ള ആത്മനിഷ്ഠവശങ്ങളെ നിരാകരിക്കുന്നില്ല. ചന്തുമേനോന്‍, പോത്തേരി കുഞ്ഞമ്പു, സി.വി. രാമന്‍ പിള്ള, തകഴി, ബഷീര്‍, കേശവദേവ്, ഉറൂബ്, ഒ.വി. വിജയന്‍, മുകുന്ദന്‍, സേതു, പുനത്തില്‍ കുഞ്ഞബ്ദുള്ള, എം. ടി, ലളിതാംബിക അന്തര്‍ജനം, കോവിലന്‍, ആനന്ദ്, പി. വത്സല, സാറാ ജോസഫ്, എന്‍.എസ്. മാധവന്‍, മേതില്‍ രാധാകൃഷ്ണന്‍, കെ.പി. നിര്‍മല്‍കുമാര്‍, സി.ആര്‍. പരമേശ്വരന്‍, ടി.വി. കൊച്ചുബാവ, കെ.പി. രാമനുണ്ണി, സി.വി. ബാലകൃഷ്ണന്‍, കെ. അരവിന്ദാക്ഷന്‍, സുഭാഷ്ചന്ദ്രന്‍, സുസ്മേഷ് ചന്ത്രോത്ത്, ബെന്യാമിന്‍ എന്നിവര്‍ വലിയ രാഷ്ട്രീയ-ദാര്‍ശനിക സമസ്യകളെ നോവല്‍ എന്ന മാധ്യമത്തിലൂടെ ശക്തമായി ആവിഷ്കരിച്ചിട്ടുള്ളവരില്‍ പ്രമുഖരാണ്. ഗൗരവപൂര്‍ണമായ രചനകളിലൂടെ മറ്റനവധി എഴുത്തുകാരും ഈ മാധ്യമം മികവോടെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഈ നിരയിലേക്ക് തികച്ചും നൂതനമായ ഒരു സര്‍ഗാത്മക പരീക്ഷണത്തിന്‍െറ വിജയവുമായി കെ.ആര്‍. മീരയുടെ ‘ആരാച്ചാര്‍’ കടന്നുവരുകയാണ്. ഒരു മലയാളി എഴുതിയ ബംഗാളി കഥയാണിത്. ഒരു ബംഗാളി കുടുംബത്തിന്‍െറ, ഒരു ആരാച്ചാര്‍ കുടുംബത്തിന്‍െറ കഥയാണ്. ആ കഥയില്‍ മീര കൊരുത്തിട്ടിരിക്കുന്ന ഉപകഥകളുടെകൂടി സാന്നിധ്യത്തിലൂടെ സമൃദ്ധമാകുന്ന ഒരു ആഖ്യാനത്തിന്‍െറ തീക്ഷ്ണതയാണ്.

ഈ നോവലിനെക്കുറിച്ച് എഴുതുക എന്നത് എളുപ്പമല്ല. വായനക്ക്, വിമര്‍ശത്തിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു ഈ കഥാകാരി. ഒരു പാന്‍-ഇന്ത്യന്‍ നോവല്‍ എന്ന വിശേഷണം ഇത് അര്‍ഹിക്കുന്നുണ്ട്. സമകാല ഇന്ത്യയുടെ രാഷ്ട്രവ്യവഹാരത്തിന്‍െറ സൂക്ഷ്മമായ ചില തലങ്ങളെ ചെന്നുതൊടുന്നതും ഇന്ത്യാചരിത്രത്തിന്‍െറ സംഘര്‍ഷങ്ങളെ മുഴുവന്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിന്‍െറ യുദ്ധരംഗത്തേക്ക് കൊണ്ടുവന്ന് സംഭ്രമിപ്പിക്കുന്നതുമായ ഒരു രചനാതന്ത്രം ഇവിടെ സ്വീകരിക്കപ്പെട്ടിരിക്കുന്നു. മലയാളത്തിലെ പോസ്റ്റ് കൊളോണിയല്‍ സാഹിത്യത്തിലെ ശക്തമായ സാന്നിധ്യം അടയാളപ്പെടുത്തുന്ന രചനകളില്‍ മുഖ്യസ്ഥാനം ഈ നോവലിനുണ്ടായിരിക്കും എന്നു നിസ്സംശയം പറയാം. വ്യത്യസ്തമായ രീതികളില്‍ വായിച്ചെടുക്കാവുന്ന ഒരു പാഠസംവിധാനമുള്ള ഈ കൃതിയുടെ ഒരു പ്രാഥമിക വിശകലനത്തിനേ ഞാന്‍ ഇവിടെ മുതിരുന്നുള്ളൂ.
കാലത്തെ അഭിസംബോധനചെയ്യാന്‍ ചരിത്രമല്ലാതെ തീവ്രമായ മറ്റൊരു അനുഭവമണ്ഡലമില്ലെന്ന വലിയ തിരിച്ചറിവിലൂടെ കടന്നുപോയ ഒരു എഴുത്തുകാരിയെയാണ് നാം ഈ നോവലില്‍ സന്ധിക്കുക. വംഗദേശത്തിന്‍െറ ഒരു പ്രതിനിധാനത്തിനുള്ള ശ്രമം സങ്കീര്‍ണമായ ഒട്ടനവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പുള്ളതാണ്. കേരളത്തില്‍ ഒരേസമയം നിരവധി പ്രതീകരൂപങ്ങളില്‍ നിലനില്‍ക്കുന്നതാണ് ബംഗാളിന്‍െറ ചരിത്രവും വര്‍ത്തമാനവും. മലയാളത്തില്‍ എഴുതുന്ന ബംഗാളിന്‍െറ കഥ എന്നു പറയുമ്പോള്‍ അവിടെ താമസിക്കുന്ന മലയാളി ആഖ്യാതാവിന്‍െറ നറേഷന്‍ എന്ന സാമ്പ്രദായിക രീതിയിലുള്ള കഥയല്ല. മലയാളിയെ ഈ നോവലില്‍നിന്ന് ഏതാണ്ട് പൂര്‍ണമായും തന്നെ ഒഴിവാക്കി നിര്‍ത്തുകയും ഒടുവില്‍ അപരനെ വില്ലനാക്കുന്ന പതിവ് തെറ്റിച്ച് ഒരു അര്‍ധമലയാളിയെ ‘വില്ല’നാക്കുകയും അയാളുടെ വഞ്ചനകളില്‍ മനസ്സ് നൊന്തുനീറിയ വംഗയുവതി പ്രതീകാത്മകമായി അയാളെ അയാളുടെ നിന്ദ്യമായ തെറ്റുകള്‍ക്ക് ജീവിതം എന്ന കോടതിയില്‍ നിശ്ശബ്ദ വിചാരണചെയ്തു ശിക്ഷിക്കുകയും ചെയ്യുന്നു.
ദയാഹരജികളെല്ലാം തള്ളിപ്പോയി യതീന്ദ്രനാഥ് ബാനര്‍ജിയുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള വഴിതുറന്നതോടെയാണ് ഈ ആരാച്ചാര്‍ കുടുംബം വാര്‍ത്തകളില്‍ സ്ഥാനംപിടിക്കുന്നത്. എണ്‍പത്തെട്ടു വയസ്സായ ഇപ്പോഴത്തെ ആരാച്ചാര്‍ ഫണിഭൂഷന്‍ ഗൃദ്ധാ മല്ലിക്ക് തന്‍െറ മകളായ ചേതനാ ഗൃദ്ധാ മല്ലിക്കിനെ പുതിയ ആരാച്ചാരായി നിയമിക്കണം എന്നു സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതോടെയാണ് സംഘര്‍ഷാത്മകമായ ഒരു ആഖ്യാനത്തിന്‍െറ കുത്തനെയുള്ള ചരുവിലേക്ക് ഈ കഥ കയറിപ്പോകുന്നത്. ചേതന പ്ളസ് ടു ഉയര്‍ന്ന ഡിസ്റ്റിങ്ഷനോടെ പൂര്‍ത്തിയാക്കിയവളാണ്. എന്നാല്‍, സാമ്പത്തിക പരിമിതികള്‍മൂലം തുടര്‍ന്നുപഠിക്കാന്‍ കഴിഞ്ഞില്ല. അവളെയാണ് തനിക്കുപകരം ആരാച്ചാരാക്കണമെന്ന് ഫണിഭൂഷന്‍ ആവശ്യപ്പെടുന്നത്. കൂടാതെ, അവള്‍ക്ക് മറ്റെന്തെങ്കിലും സ്ഥിരം ജോലി നല്‍കണമെന്നും. എന്നാല്‍, കഥയിലെ വഴിത്തിരിവ് എന്നു വിചാരിക്കാവുന്നത്, ആരാച്ചാര്‍ കുടുംബവും സര്‍ക്കാറും തമ്മിലുള്ള ഈ വിലപേശലിലേക്ക്, പുതിയൊരു ഘടകംകൂടി കടന്നുവരുന്നതാണ്. കുടുംബത്തിനും സര്‍ക്കാറിനുമിടയിലേക്ക് കടന്നുവരുന്നത് ഫോര്‍ത്ത് എസ്റ്റേറ്റ് ആയ മാധ്യമങ്ങള്‍തന്നെയാണ്. ഒരു ടി.വി ചാനല്‍. നിരവധി ചാനലുകള്‍ക്കിടയില്‍നിന്ന് ഒരു മാധ്യമ സൂത്രശാലി സ്വന്തം ചാനലിനുവേണ്ടി ഈ മുഴുവന്‍ നാടകവും എക്സ്ക്ളൂസിവ് ആയി കിട്ടുന്നതിനുവേണ്ടി നടത്തുന്ന ഒരു നീക്കം കഥയുടെ കേന്ദ്രബിന്ദുവായി മാറുന്നുണ്ട്.

കുറഞ്ഞ തുകക്ക് ചേതനയെ താന്‍ ജോലി ചെയ്യുന്ന ടി.വി ചാനലിന്‍െറ മുഖ്യസമയ സായാഹ്ന പരിപാടിയിലേക്ക് കരാര്‍ ചെയ്യുന്ന സഞ്ജയ് കുമാര്‍ മിത്ര എന്ന സൂത്രശാലിയായ റിപ്പോര്‍ട്ടര്‍ സ്വന്തം ചാനലിന്‍െറ റേറ്റിങ് കൂട്ടുന്നതിനുവേണ്ടി പയറ്റുന്ന വിലകുറഞ്ഞ തന്ത്രങ്ങള്‍ ചേതന എന്ന സ്വതന്ത്രമനസ്കയായ യുവതിയില്‍ ഏല്‍പിക്കുന്ന ആഘാതങ്ങള്‍ ഒരു പ്രണയിനി എന്ന നിലയില്‍ അവള്‍ക്ക് അയാളുമായുണ്ടാവുന്ന അടുപ്പത്തെ സ്വാധീനിക്കുന്നതിന്‍െറ, അതവളില്‍ വളര്‍ത്തുന്ന പുച്ഛത്തിന്‍െറ, രോഷത്തിന്‍െറ, വികര്‍ഷണത്തിന്‍െറ, വെറുപ്പിന്‍െറ, തീവ്രമായ സംഘര്‍ഷങ്ങള്‍ നോവലില്‍ ഉടനീളം നിലനില്‍ക്കുന്നു. ഒരു വലിയ കമ്പോളത്തിലേക്ക്, അതിന്‍െറ നിഷ്ഠുരമായ യുക്തികളിലേക്ക് തന്‍െറ ഇച്ഛയും കാമനയും വലിച്ചിഴക്കപ്പെടുമ്പോള്‍, നിര്‍വികാരയും നിസ്സഹായയുമായി മാറാന്‍ വിസമ്മതിക്കുന്ന ഒരു യുവതിയുടെ രോഷമെന്താണെന്ന്, അവള്‍ അനുഭവിക്കുന്ന തീവ്രമായ വേദനയെന്താണെന്ന്, ഉള്ളില്‍ അടക്കുന്ന പുച്ഛത്തിന്‍െറ അര്‍ഥമെന്താണെന്ന് ചൊടിപ്പിക്കുന്ന ഭാഷയില്‍ മീര ആവിഷ്കരിക്കുന്നു. അവളുടെ പ്രതികാരത്തിന്‍െറ ഭാഷ അസാമാന്യമായ ആത്മനിയന്ത്രണത്തിന്‍െറയും എന്നാല്‍, ആത്മവിശ്വാസത്തിന്‍േറതുമാകുന്നതെങ്ങനെ എന്നു സൂക്ഷ്മമായി വരച്ചുകാട്ടുന്നു.
ഒരു ആരാച്ചാര്‍ കുടുംബത്തിന് ചരിത്രമുണ്ടോ എന്ന ചോദ്യം ആരും നേരിട്ട് ചോദിക്കുന്നില്ലെങ്കിലും എല്ലാ ചോദ്യത്തിനും ഫണിഭൂഷന്‍ ഗൃദ്ധാ മല്ലിക് നല്‍കുന്ന ഉത്തരം നീതി എന്ന വിചാരത്തെ ഭരണം എന്ന രാഷ്ട്രീയവുമായി കൂട്ടിയിണക്കുന്നതിനിടയിലെ കണ്ണിയായി തന്‍െറ കുടുംബം എപ്പോഴും നിലനില്‍ക്കേണ്ടിയിരുന്നു എന്ന അനിവാര്യതയെക്കുറിച്ചാണ്. അല്ലെങ്കില്‍, അത്തരമൊരു അനിവാര്യതയെ കുറിച്ചുള്ള ബോധമാണ് അയാളുടെ എല്ലാ വ്യവഹാരങ്ങളെയും നിര്‍ണയിച്ചിരുന്നത് എന്നും പറയാം. ഭരണകൂടത്തിന് ആരാച്ചാരോടുള്ള ബന്ധം നീതിക്ക് രാഷ്ട്രീയത്തോടുള്ളതാണ് എന്ന് അയാള്‍ വിശ്വസിക്കുന്നുണ്ട്. സ്വന്തം കുടുംബ ചരിത്രത്തിന്‍െറ പൗരാണികതയുടെ അര്‍ഥം അധികാരത്തിന്‍െറ ഇടവഴികളിലാണ് തിരയേണ്ടത് എന്ന് ഈ ആരാച്ചാരെ ആരും പഠിപ്പിക്കേണ്ടതില്ല. ഫണിഭൂഷന്‍ ഗൃദ്ധാ മല്ലിക് മാത്രമല്ല, കുടുംബത്തിലെ ഓരോ അംഗവും ഈ വിധിവിചാരത്തിന്‍െറ സ്രഷ്ടാക്കളും അതിന്‍െറ വിശ്വാസികളുമാണ്. മതത്തിലെ ദൈവത്തെപോലെ, മുതലാളിത്തത്തിലെ ചരക്കിനെപോലെ ചിലപ്പോള്‍ ചരിത്രവും മാര്‍ക്സ് പറഞ്ഞിട്ടുള്ള ഫെറ്റിഷിന്‍െറ ഉദാഹരണമാകും. ഇവിടെ ചരിത്രത്തിന്‍െറ ആത്മനിഷ്ഠവും അമൂര്‍ത്തവുമായ ഒരു പ്രായോഗികമൂല്യത്തെ, അതില്‍ അന്തര്‍നിഹിതമായിട്ടുള്ള ഒരു വസ്തുനിഷ്ഠ മൂല്യമായി ഗൃദ്ധാ മല്ലിക് വാഴ്ത്തുകയാണ്. ഈ വാഴ്ത്തില്ലാതെ, വിശ്വാസമില്ലാതെ, അതിന്‍െറ പൊങ്ങച്ചങ്ങളുടെ നിഗൂഢ വ്യാമോഹങ്ങളില്ലാതെ ഗൃദ്ധാ മല്ലിക്കിന് ജീവിക്കാനാവില്ല. രാഷ്ട്ര വ്യവഹാരത്തില്‍ ആരാച്ചാര്‍ എന്ന സ്ഥാപനത്തിനുണ്ടെന്ന് അയാള്‍ വിശ്വസിക്കുന്ന ഉദാത്ത സ്ഥാനമാണ് ഗൃദ്ധാ മല്ലിക്കിന്‍െറ ലോകത്തെ ചലനാത്മകമാക്കുന്നത്.

എന്നാല്‍, ഇത് ഏകപക്ഷീയമായി ഈ നോവലില്‍ തളംകെട്ടി കിടക്കുകയല്ല. മീര തന്‍െറ രചനാതന്ത്രത്തിന്‍െറ ഏറ്റവും സവിശേഷമായ ഒരു നീക്കത്തിലൂടെയാണ് ഫണിഭൂഷന്‍െറ ഈ ചരിത്രവ്യവഹാരത്തെ കുത്തിയുടക്കുന്നത്. ഫണിഭൂഷന്‍ ഗൃദ്ധാ മല്ലിക്കിന്‍െറ വ്യഥിത സ്മൃതികളെ, അതിലാരോപിക്കപ്പെടുന്ന വസ്തുനിഷ്ഠതയെ തകര്‍ക്കുന്ന, അതിന്‍െറ വ്യാജമായ പ്രശാന്തികളെ വെല്ലുവിളിക്കുന്ന, അതിന്‍െറ വ്യാവഹാരിക ലോകത്തെ വിഘടിപ്പിച്ചു ചിതറിക്കുന്ന പ്രതിവിചാരമാണ് അയാളുടെ ഏകപുത്രിയായ ചേതന ഗൃദ്ധാ മല്ലിക്കിന്‍േറത്. ആത്യന്തികമായി അവള്‍ ആരാച്ചാരും അധികാരവും തമ്മിലുള്ള ബന്ധത്തിന്‍െറ ഈ വ്യാജവ്യവഹാരത്തെ ചോദ്യം ചെയ്യുകയും തന്‍േറതായ രീതിയില്‍ ഡീ കണ്‍സ്ട്രക്ട് ചെയ്യുകയും ചെയ്യുന്നു. ആ വലിയ നിയോഗമാണ് തനിക്കുള്ളതെന്ന് തിരിച്ചറിയുന്നതിലൂടെ അവള്‍ സാങ്കല്‍പിക ചരിത്രത്തില്‍നിന്ന് യഥാര്‍ഥ ചരിത്രത്തിലേക്ക് ഉറച്ച ചുവടുവെപ്പോടെ കടന്നുവരുന്നു. ഭവിഷ്യത്ത് മാസികയുടെ എഡിറ്റോറിയല്‍ ഓഫിസിലെ ജോലിയിലേക്കുള്ള അവളുടെ പ്രവേശനം മീര ഒരു ആകസ്മികത ആയല്ല അവതരിപ്പിക്കുന്നത്. ചേതനയുടെ ആന്തരികമായ രൂപാന്തരീകരണങ്ങളുടെ, പ്രതിനിധാനമെന്നതുതന്നെ നിര്‍വഹിക്കപ്പെടുന്നത് ഈ ജോലിയിലേക്ക് പ്രവേശിക്കുന്ന ഒരു പുതിയ ചേതനയെ അവതരിപ്പിച്ചുകൊണ്ടാണ്. സൂക്ഷ്മമായ പാത്രസൃഷ്ടിയുടെ അദ്ഭുതങ്ങളിലേക്ക് ഈ നോവലില്‍ മീര നമ്മെ നിരന്തരം കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. കലയുടെ തീക്ഷ്ണമായ അനുഭവത്തില്‍ വായനക്കാരെ പൊള്ളിക്കുക എന്ന എഴുത്തിന്‍െറ ധര്‍മത്തെക്കുറിച്ച് മീരക്ക് ബോധ്യമുണ്ട്. അവള്‍ അതുകൊണ്ടുതന്നെയാണ് ഓരോ ചാനല്‍ചര്‍ച്ചയിലും ആരാച്ചാര്‍ എന്ന സ്ഥാപനത്തെ ഡീമിത്തിഫൈ ചെയ്യുന്ന അനുസരണക്കേടിന്‍െറ വാക്കുകളിലേക്ക് വീണ്ടും വീണ്ടും ബോധപൂര്‍വം വഴിതെറ്റുന്നത്.

അതുകൊണ്ടുതന്നെ, ഫണിഭൂഷന്‍ ഗൃദ്ധാ മല്ലിക് എന്ന ആരാച്ചാരുടെ, മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അധികാരത്തെക്കുറിച്ചും ഭരണകൂടത്തെക്കുറിച്ചുമുള്ള ധാരണകള്‍ സൃഷ്ടിച്ച ചിന്താലോകമാണ് ചേതന പിന്‍പറ്റുന്നത് എന്നു പുറമേക്ക് തോന്നാമെങ്കിലും അവള്‍ വ്യഗ്രതാപൂര്‍വം അതിനപ്പുറത്തേക്ക് പോകുന്നുണ്ട്, സ്വന്തം ലോകത്തെ കണ്ടെടുക്കാനുള്ള പരിശ്രമത്തില്‍. അച്ഛനോടുള്ള മകളുടെ ആ വെല്ലുവിളിയില്ലാതെ ഈ നോവലില്ല. അധികാരത്തോടുള്ള പെണ്ണിന്‍െറ വെല്ലുവിളിതന്നെയാണത്. ഫണിഭൂഷന്‍െറ ആത്മനിഷ്ഠമായ ചരിത്രലോകത്തിലെ അടയാളങ്ങളില്‍നിന്ന്, വ്യഥിതമായ ആത്മവിശ്വാസങ്ങളില്‍നിന്ന്, അന്യാപദേശകഥകളില്‍നിന്ന്, നുണകളില്‍നിന്ന്, അര്‍ധസത്യങ്ങളില്‍നിന്ന് തന്‍േറതായ ഒരിടം അവള്‍ തിരയുന്നു എന്നതാണ് ഒടുവില്‍ അച്ഛനെതന്നെ ധിക്കരിക്കാന്‍ അവളെ പ്രാപ്തയാക്കുന്നത്. ശാക്തീകരണം എന്ന അശ്ളീലമല്ല അത്. ശാക്തീകരണം എന്നത് ഒരു ഭരണകൂട അശ്ളീലംതന്നെയാണ്. ശാക്തീകരണത്തെ കുറിച്ച് പറയുന്ന ഓരോ രാഷ്ട്രീയ നേതാവും ഭരണകൂടത്തിന്‍െറ ഒരു അധീശവ്യവഹാരത്തെ അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കുകയാണ്. ഗേ സയന്‍സില്‍ നീത്ഷെ ഇത് വ്യക്തമായി നിര്‍വചിക്കുന്നുണ്ട്. കൂടുതല്‍ കീഴ്പ്പെടുത്താം എന്നുറപ്പുള്ളപ്പോള്‍ ഭരണകൂടം നല്‍കുന്ന ഔാര്യമാണ് ശാക്തീകരണം എന്ന് ഈ വാക്കിന് പ്രചാരമില്ലാതിരുന്ന ഒരു കാലത്തുതന്നെ നീത്ഷെ പറഞ്ഞുവെച്ചു. അച്ഛന്‍െറ മാത്രമല്ല, ഭരണകൂടത്തിന്‍െറതന്നെ ശാക്തീകരണ ശ്രമങ്ങളെ ഊറിയൂറി വരുന്ന പരിഹാസത്തോടെ നോക്കിക്കാണുന്ന ചേതനയെ മീര വരച്ചിടുന്നത് ഉള്ളില്‍ മുനകൂര്‍പ്പിച്ച ഒരു നീത്ഷെയന്‍ പെന്‍സില്‍കൊണ്ടാണെന്ന് എനിക്ക് തോന്നുകയാണ്. ഈ കഥാകാരി ഏതൊക്കെയോ കാന്‍വാസുകളും ചായങ്ങളും പെന്‍സിലുകളും ഉപയോഗിച്ചുണ്ടാക്കുന്ന അമ്പരപ്പിക്കുന്ന ചിത്രകൗശല വിസ്മയങ്ങളില്‍ ഈ നീത്ഷെയന്‍ കരിപ്പെന്‍സില്‍ സൃഷ്ടിക്കുന്ന ഇരുള്‍രൂപങ്ങളിലെ സൂക്ഷ്മതകള്‍, സമാന്തരങ്ങള്‍ അപൂര്‍വമായ ഐന്ദ്രിക ചാരുതയുടെതാണ് എന്ന് എടുത്തുപറയേണ്ടതുണ്ട്.

എന്നാല്‍, ഗൃദ്ധാ കുടുംബത്തിന്‍െറ മെഗലോമാനിയകളെ ചേതന ആന്തരികവത്കരിച്ചിട്ടില്ല എന്ന് ഇതിന് അര്‍ഥമില്ല. അവളുടെ മാനുഷികതയെ നിര്‍വചിക്കുന്നതില്‍ അതിനും ഒരു പങ്കുണ്ട്. മാത്രമല്ല, അതവളെ ചരിത്രത്തിലെ തന്‍െറ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ ബോധവതിയാക്കുന്നു. ഉള്ളില്‍ പാരമ്പര്യത്തിന്‍െറ ഒരു വിഭ്രമാത്മക സമുദ്രത്തെ അവള്‍ അതിന്‍െറ എല്ലാ അരക്ഷിതത്വത്തോടുംകൂടി പേറുകയാണ്. തനിക്കു മോചിപ്പിക്കാനാവാത്ത ആ ജലസാന്ദ്രത തന്‍െറ ഉള്ളില്‍ എപ്പോഴും തിളച്ചു മറിഞ്ഞുകൊണ്ടിരിക്കുമെന്നതാണ് അവളെ മുന്നോട്ടുനയിക്കുന്നതുതന്നെ. സഞ്ജീവ്കുമാര്‍ മിത്രയുടെ പൂര്‍വകാലം തിരയുന്നതുതന്നെ ഈ ചരിത്രബോധം മാത്രമാണ് പ്രതിരോധമായി തന്‍െറ കൈയിലുള്ളതെന്ന തിരിച്ചറിവില്‍നിന്നാണ്. അയാള്‍ പാതി മലയാളിയും അയാളുടെ പൂര്‍വികരില്‍ ഒരാള്‍ മോഷ്ടാവുമാണെന്നു കണ്ടെത്തുന്നതോടെയാണ് അയാളുമായുള്ള അവസാന ബലാബലത്തിന് അവള്‍ സന്നദ്ധയാവുന്നത്. ആ ശീതസമരത്തില്‍ അന്തിമവിജയം തനിക്കായിരിക്കുമെന്ന ബോധം ചരിത്രമാണ് അവള്‍ക്കു നല്‍കുന്നത്. അതിനെ അവള്‍ മുറുകെപിടിക്കുന്നു. അതിന്‍െറ നാനാര്‍ഥങ്ങളില്‍ അവളുടെ നിര്‍ഭീതമായ മനസ്സ് അഭിരമിക്കുകയാണ്. അതിന്‍െറ ഗൂഢമായ ആഹ്ളാദങ്ങള്‍ അവളെ ഉന്മത്തയാക്കുന്നുണ്ട്, അവള്‍ അത് പതഞ്ഞുതുളുമ്പാതെ, ലഹരിയായി പടര്‍ത്താതെ, തന്‍െറ പതിഞ്ഞ ചിന്തയുടെ കോണില്‍ ഒളിപ്പിക്കുകയാണെങ്കിലും. ആ പതിഞ്ഞ ധിക്കാരമാണ് ചേതനാ ഗൃദ്ധാ മല്ലിക്. ചരിത്രത്തിന്‍െറ സത്യമറിഞ്ഞ ആ ധിക്കാരമാണ് സ്ത്രീ.

നോവലില്‍ ഒരിടത്ത് ചേതന ഇങ്ങനെ അമ്പരക്കുന്നു: ‘‘ഇംഫാലില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ പേരിലുള്ള വാര്‍ത്തകളായിരുന്നു പിന്നീട് സ്ക്രീനില്‍ നിറഞ്ഞത്. ഒരു പെണ്‍കുട്ടിയെ കൊന്നതിന്‍െറ പേരില്‍ കാവല്‍ക്കാരനായ യതീന്ദ്രനാഥ് ബാനര്‍ജി ആലിപ്പൂര്‍ ജയിലില്‍ മരണംകാത്ത് കഴിയുമ്പോള്‍ അതേ കുറ്റം ചെയ്തതിന്‍െറ പേരില്‍ രാജ്യത്തിന്‍െറ സൈനികര്‍ക്കെതിരെ ജനം തെരുവിലിറങ്ങി സമരംചെയ്യുന്നതിന്‍െറ അവിശ്വസനീയത അപാരമായിരുന്നു.’’ ഈ അമ്പരപ്പ് തിരിച്ചറിവില്ലാത്തവളുടെ പതര്‍ച്ചയല്ല. മനസ്സിലെ ദൃഢമായ ചിന്തകളുടെ രാഷ്ട്രീയത്തില്‍ സ്ഫുടം ചെയ്ത് എടുത്തതാണ്. ഈ നോവലിന്‍െറ ഓരോ താളിലും ഹിംസയുടെ അതിരൂക്ഷമായ ചിത്രണങ്ങളുണ്ട്. രാഷ്ട്ര വ്യവഹാരത്തിന്‍െറ പ്രതിനിധാനങ്ങളില്‍ അത് ഒഴിവാക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ ഒരു എഴുത്തുകാരിയെ നമുക്കിവിടെ കാണാം. ഹിംസയും പ്രതിഹിംസയും ശക്തമായി ആവിഷ്കരിക്കുന്ന സന്ദര്‍ഭങ്ങള്‍ വര്‍ത്തമാനകാലത്തുനിന്ന് മാത്രമല്ല, നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത ഒരു വിദൂര ഭൂതകാലത്തുനിന്നും കൊളോണിയല്‍ കാലത്തുനിന്നും കണ്ടെടുക്കുന്നുണ്ട് മീര. യുദ്ധവും ചതിയും പ്രതികാരവും കാലഘട്ടങ്ങള്‍ മാറുമ്പോള്‍ കുടുംബങ്ങള്‍ക്ക്, രാജപരമ്പരകള്‍ക്ക്, ആശയങ്ങള്‍ക്ക് ഉണ്ടാവുന്ന പരിണാമങ്ങളുടെ വൈചിത്ര്യങ്ങളും ഐറണികളും ചരിത്രത്തിന്‍െറ അമ്പരപ്പിക്കുന്ന നീക്കിയിരിപ്പാണെന്ന് നോവലിന്‍െറ കഥാതന്തുവിനോട് സമര്‍ഥമായി കണ്ണിചേര്‍ക്കപ്പെട്ടിട്ടുള്ള ഉപകഥകളിലൂടെ, അന്യാപദേശ കഥകളിലൂടെ കഥാകാരി കാട്ടിത്തരുന്നു.
ചേതന എന്ന പാത്രസൃഷ്ടി നോവല്‍ ചരിത്രത്തില്‍ വല്ലപ്പോഴും സംഭവിക്കുന്നതാണ്. സ്ത്രീ എന്ന സ്വത്വത്തിന്‍െറ വിരുദ്ധ ഭാവങ്ങളെ അതിസൂക്ഷ്മമായി കടയുന്ന ഒരു എഴുത്തുകാരിയുടെ കൈവിരുത് അതില്‍ കാണുവാന്‍ കഴിയും. അവളുടെ അനുവാദമില്ലാതെ അവളുടെ ഇടത് മാര്‍വിടത്തില്‍ കൈയമര്‍ത്തുകയും ‘‘നിന്നെ എനിക്ക് ഒന്ന് അനുഭവിക്കണം’’ എന്നു പറഞ്ഞ് അയാളോടുള്ള അവളുടെ പ്രണയത്തിന്‍െറ ഓര്‍മക്കിളുന്തുപോലും നുള്ളി എറിയുകയും ചെയ്ത സഞ്ജീവ്കുമാര്‍ മിത്രയോട് പിന്നീട് തിരിച്ച് ‘‘നിങ്ങളെ എനിക്കൊന്നു അനുഭവിക്കണം’’ എന്നു പറഞ്ഞ് പരിഹസിക്കുന്നുണ്ടവള്‍. കാഴ്ചക്കമ്പോളത്തിലെ തന്‍െറ വില്‍പനവസ്തുവായി മാത്രം അവളെ കൊണ്ടുനടക്കുകയും അതിനുള്ള ലൈസന്‍സ് എന്നവണ്ണം അവളുടെ അച്ഛനോട് അവളെ വിവാഹം കഴിച്ചു നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത് ഒരു പ്രണയത്തിന്‍െറ നിശ്ശബ്ദചാരുത അയാള്‍ തല്ലിക്കെടുത്തിയതിലെ അടങ്ങാത്ത ഹൃദയരോഷം അയാളോട് തോളുരുമ്മി നടക്കുമ്പോഴും ഉള്ളില്‍ അവള്‍ ജ്വലിപ്പിച്ചു നിര്‍ത്തി -പകരംചോദിക്കാന്‍ തന്‍േറതായ ഒരു നിമിഷം ഉണ്ടാവും എന്ന ആത്മവിശ്വാസത്തില്‍. തന്നെ സ്വന്തം കരിയറിന്‍െറ ചവിട്ടുപടി ആയി ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ഒരു പുരുഷനെ, അതിന് സ്ത്രീ എന്ന നിലയില്‍ തന്‍െറ സ്വത്വത്തില്‍ അന്തര്‍ലീനമായിരിക്കുന്നു എന്നയാള്‍ വിശ്വസിക്കുന്ന മസൃണതകളെ ചൂഷണംചെയ്യുമെന്ന് കരുതുന്ന പുരുഷനെ, എങ്ങനെ നേരിടണമെന്ന് അറിയാവുന്ന യുവതിയാണ് ചേതന. ആ ആത്മബോധത്തിന്‍െറ കരുത്ത് നല്‍കുന്ന അപാരമായ ശക്തിയാണ് അവളെ നയിക്കുന്നത്. ഇത് ഒരു പുതിയ സ്ത്രീ അല്ല. പെണ്‍പ്രതിരോധത്തിന്‍െറ മുഴുവന്‍ ചരിത്രത്തെയും ഉള്‍ക്കൊള്ളുന്ന പ്രതിനിധാനമാണ്.

പ്ളസ് ടു വിദ്യാഭ്യാസത്തിനുശേഷം തുടര്‍ന്ന് പഠിക്കാന്‍ കഴിയാതെ ഒരു പ്രസില്‍ പ്രൂഫ് റീഡര്‍ ആയിപ്പോകുന്ന അവളെ പ്രസ് ഉടമ പിന്നില്‍നിന്ന് വന്ന് മാര്‍വിടത്തില്‍ സ്പര്‍ശിക്കുന്നുണ്ട്. ആ പതിനേഴുകാരി എഴുന്നേറ്റ് അയാളെ തന്‍െറ ദുപ്പട്ടയുടെ തുമ്പിലിട്ട ആരാച്ചാര്‍ കുടുക്കില്‍, അവളുടെ കുടുംബ പാരമ്പര്യത്തില്‍നിന്ന് ലഭിച്ച അനന്യലഭ്യമായ ആ കൊലക്കുരുക്കിന്‍െറ പ്രതിരോധത്തില്‍, വലിച്ചു മുറുക്കുകയാണ് ചെയ്യുന്നത്. ആ ചേതനയോടാണ് സഞ്ജീവ്കുമാര്‍ മിത്രയും പിന്നീട് പൊലീസ് ഐ. ജിയും മറ്റു പലരും തങ്ങളുടെ പുരുഷ ചാപല്യങ്ങളുടെ വിലയില്ലാത്ത പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്ന് പരാജിതരാവുന്നത്. എങ്കിലും ഏറ്റവും വലിയ പരാജയം കാത്തിരുന്നത് സഞ്ജീവ് കുമാര്‍ മിത്രയെതന്നെ ആയിരുന്നു. ചരിത്രത്തില്‍നിന്ന് ഊര്‍ജംകൊള്ളുന്ന അവളോട് സഞ്ജീവ് കുമാര്‍ മിത്ര എന്തിനു ഇത്രമാത്രം കഥകള്‍ ഓര്‍ത്തുവെക്കുന്നു എന്ന് ചോദിക്കുന്നുണ്ട് ഒരിക്കല്‍. അപ്പോള്‍ അവളുടെ മനസ്സിലേക്കെത്തുന്നത് അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലിരുന്നു ജോര്‍ജ്് ഫെര്‍ണാണ്ടസ് 1975ല്‍ എഴുതിയതും നക്സല്‍ ബന്ധമുണ്ടായിരുന്ന അവളുടെ ബന്ധു സുദേവ് കാക്കു വിതരണം ചെയ്തതുമായ ലഘുലേഖയിലെ, സെന്‍സര്‍ഷിപ്പിന്‍െറ കാലത്ത് നാവില്‍നിന്ന് നാവുകളിലേക്ക് നീങ്ങി, ഒടുവില്‍ പ്രായപൂര്‍ത്തിയായ എല്ലാവരുടെയും ചെവിയിലെത്തുന്ന കഥകളുടെ ഗണിതശേഷി ഓര്‍മിപ്പിക്കുന്ന ‘‘ formula three raised to the power of eighteen will work here’’ എന്നു തുടങ്ങുന്ന പ്രശസ്തമായ വരികളാണ്. എന്നിട്ട് അവള്‍ ഇങ്ങനെ വിചാരിക്കുന്നു: ‘‘ഥാക്കുമായും അച്ഛനും ഞാനും മന$പൂര്‍വമല്ലെങ്കിലും ‘ത്രീ റയിസ്ഡ് ടു ദ പവര്‍ ഓഫ് എയ്റ്റിന്‍’ എന്ന തത്ത്വത്തിന്‍െറ പ്രായോജകരായി. ഞങ്ങളും ഞങ്ങളുടെ സ്മരണകളുടെ പ്രജനനത്തിനായി ഉറവിടത്തിലേക്ക് ശ്രമപ്പെട്ടു നീന്തി. ഓരോ സ്മരണയും മൂന്നു മുട്ടകള്‍വീതം ഇടുകയും ഓരോ മുട്ടയില്‍നിന്നും മൂന്നു ദര്‍ശനങ്ങള്‍ വീതം വിരിഞ്ഞു പുറത്തിറങ്ങുകയും ചെയ്തിരുന്നെങ്കില്‍ നദിയും സാഗരവും ഭൂമിയും ആകാശവുമെന്നതുപോലെ ലോകത്തെ പ്രായപൂര്‍ത്തി കൈവരിച്ച മുഴുവന്‍ ജനങ്ങളുടെയും ജീവിതങ്ങള്‍ മരണത്തിന്‍െറയും പ്രണയത്തിന്‍െറയും സമത്വദര്‍ശനങ്ങള്‍കൊണ്ട് ശാശ്വതമായി തീരുമായിരുന്നു. അയാളുടെ ചുവന്ന പട്ടുവിരിച്ച കിടക്കയില്‍ ഇല്ലാത്ത സ്വാതന്ത്ര്യത്തോടെ മലര്‍ന്നുകിടക്കെ മൂന്നുകളുടെ ശൃംഖല പൊട്ടിച്ചിതറുന്നതും ഉച്ചരിക്കപ്പെട്ട വാക്കുകള്‍ വരിയുടക്കപ്പെടുന്നതും ഭൂമി തരിശായി രക്തമൊഴുക്കുന്നതും ദര്‍ശിച്ച് ഞാന്‍ അസ്വസ്ഥയായി. എനിക്ക് സഞ്ജീവ്കുമാര്‍ മിത്രയോട് പുച്ഛം തോന്നി.’’

ഈ പുച്ഛം ഒടുവില്‍ അയാള്‍ക്കുവേണ്ടി കൂടി ഒരു കുരുക്ക് ദുപ്പട്ടയുടെ തുമ്പില്‍ അവള്‍ ഇടുന്നിടംവരെ എത്തി എന്നത് ചേതനയുടെയും സഞ്ജീവ്കുമാര്‍ മിത്ര എന്ന പാതിമലയാളിയുടെയും പ്രണയത്തിന്‍െറ പര്യവസാനം മാത്രമല്ല. അയാള്‍ ഈ നോവലില്‍ അവളെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തി മാത്രമല്ല, സ്ത്രീയെ അവളുടെ സ്വത്വത്തിന്‍െറ നിഗൂഢതകളില്‍ തളച്ചിട്ട് മുന്നോട്ടേക്ക്, സ്വന്തം ലക്ഷ്യങ്ങളിലേക്ക് കുതിക്കുന്ന മുഴുവന്‍ വ്യവസ്ഥയുടെയും പ്രതിനിധികൂടിയാണ്. അയാള്‍ക്കുള്ള ശിക്ഷ കേവലം തന്‍െറ ലോലമായ പ്രണയതന്ത്രികള്‍ പൊട്ടിച്ചതിനോ കൈവളകള്‍ മോഷ്ടിച്ചു നല്‍കി അപമാനിച്ചതിനോ കുടുംബപാരമ്പര്യം അവശേഷിപ്പിച്ച സ്വര്‍ണനാണയം അപഹരിച്ചതിനോ ആരാച്ചാരായ അച്ഛന്‍ തൂക്കിക്കൊന്ന ഒരു ചെറുപ്പക്കാരന്‍െറ അച്ഛന്‍ പ്രതികാരമായി അംഗഭംഗം വരുത്തിയതിനാല്‍ മൃതപ്രായമായി എപ്പോഴും ശയ്യാവലംബിയായിക്കിടന്നിരുന്ന തന്‍െറ സഹോദരനെ നിരന്തരം അവഗണനയിലൂടെ അപമാനിച്ചതിനോ തന്നെ ടി.വി റേറ്റിങ്ങിനുള്ള ഉപകരണമാക്കിയതിനോ ഉള്ള കേവലമായ പ്രതികാരമല്ല. അത് മാധ്യമ ഇടപെടലുകളോടുള്ള, ഭരണകൂട ഇച്ഛകളുടെ നിഴല്‍നാടകത്തില്‍ കേവലം കളിപ്പാവകള്‍ മാത്രമായി വ്യക്തികളെ കാണുന്ന ആധുനികവും പൗരാണികവുമായ എല്ലാ രാഷ്ട്രവ്യവഹാരത്തോടുമുള്ള സ്ത്രീയുടെ അദമ്യമായ പുച്ഛവും രോഷവും പ്രതികാരവുമാണ്. തകഴിയുടെ ‘കയര്‍’ തുടങ്ങുന്നതുതന്നെ പുല്ലുചെത്തുന്ന രണ്ടു സ്ത്രീകള്‍ രാജാധികാരത്തിന്‍െറ ഇരട്ടത്താപ്പിനെ പരിഹസിക്കുന്നിടത്തുനിന്നാണ് എന്നത് യാദൃച്ഛികമാവാന്‍ ഇടയില്ല. അധികാരത്തിന്‍െറ ഇരട്ടത്താപ്പുകള്‍ സ്ത്രീകളെക്കാള്‍ നന്നായി ആര്‍ക്കു പറയാന്‍ കഴിയും.
പെണ്‍ചരിത്രത്തെ അടുക്കളയില്‍നിന്ന് രാഷ്ട്രവ്യവഹാരത്തിന്‍െറ ചോരമണക്കുന്ന ഇടനാഴികളിലേക്കു മീര കൂട്ടിക്കൊണ്ടുവരുന്നു. അവിടെ സ്ത്രീകള്‍ നിഴലുകളല്ല. തിരശ്ശീലക്കു പിന്നിലെ പതറുന്ന വളകിലുക്കങ്ങളല്ല. പകയുടെയും പ്രതികാരത്തിന്‍െറയും മറ്റെല്ലാ മനുഷ്യവികാരങ്ങളുടെയും ഉടമകളും സ്വന്തം നിയതിയുടെ വിധാതാക്കളുമാണ്. അവര്‍ പരാജയപ്പെടുന്നുണ്ട്, പക്ഷേ, കലാപത്തിലൂടെയുള്ള പരാജയത്തെ വിജയമായി കാണുന്ന പോരാളികള്‍കൂടിയാണ്. ആണ്‍ലോകത്തെ, അതിന്‍െറ കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്നവരാണ്.
ഷേബാരാജ്ഞി സുലൈമാന്‍ രാജാവിനെ വെല്ലുവിളിച്ചത് തന്ത്രജ്ഞതയുടെ ഭാഷയിലായിരുന്നു. താന്‍ അടിമപ്പെട്ടാലും തന്‍െറ ജനത അടിമപ്പെടരുതെന്ന ഇച്ഛയിലായിരുന്നു. രാജാവിന്‍െറ മുന്നിലെത്തിയപ്പോള്‍ അവര്‍ കണ്ടത് തന്‍െറ സിംഹാസനം അപഹരിച്ച് തനിക്ക് ഇരിക്കാനായി കൊണ്ടിട്ടിരിക്കുന്നതാണ്. തന്‍െറതന്നെ ഈ ഫലിതത്തില്‍ അഭിരമിച്ച് സുലൈമാന്‍ ഷേബാരാജ്ഞിയോട് ചോദിച്ചു: ഇരിക്കാന്‍ ഈ സിംഹാസനം മതിയാകുമോ? ശത്രുവിന്‍െറ ഈ ഫലിതത്തെ അവര്‍ നേരിട്ടത് ‘‘ഇത് ഇപ്പോള്‍ ഒരു കസേര മാത്രമാണ്. ഇത് സിംഹാസനം ആവണമെങ്കില്‍ എന്‍െറ ജനം ഇതിനെ വണങ്ങണം’’ എന്നു സുലൈമാനെ ഓര്‍മിപ്പിച്ചുകൊണ്ടാണ്.

പിംഗളകേശിനി ആരാച്ചാരായിരുന്നു. ചേതനക്ക് മുമ്പ് ആ കുടുംബത്തില്‍നിന്ന് ആരാച്ചാരായ ഒരേ ഒരു വനിത. അവര്‍ ആരാച്ചാരായത് ആരും നിര്‍ബന്ധിച്ചിട്ടല്ല. അവരുടെ അനിതരസാധാരണമായ ജീവിതത്തിലെ അനിവാര്യതയായിരുന്നു അത്. അവരുടെ ഭര്‍ത്താവ് അവരെ ബംഗാള്‍ ഗവര്‍ണര്‍ തുഘന്‍ഖാനെഭയന്ന് അയാള്‍ക്ക് വെപ്പാട്ടിയായി വിട്ടുകൊടുത്തു. അയാള്‍ അവരെ സിന്ദൂരം മായ്ച്ചുകളഞ്ഞ് മതംമാറ്റി കൂടെ പാര്‍പ്പിച്ചകാലത്ത് താന്‍ പ്രസവിച്ച ഒമ്പതു മക്കളെയും അവര്‍ ജന്മനൂല്‍കൊണ്ടുതന്നെ തൂക്കിലേറ്റി. നരസിംഹദേവ് രാജാവ് തുഘന്‍ഖാനെ പരാജയപ്പെടുത്തിയപ്പോള്‍ അവര്‍ ഒറിയാ പട്ടാളത്തിന്‍െറ കൈയിലായി. വീണ്ടും സിന്ദൂരം തൊടുവിക്കപ്പെട്ട അവര്‍ പട്ടാളത്തിന്‍െറ ലൈംഗികാക്രമണത്തില്‍ ശരീരം മുറിഞ്ഞുതകര്‍ന്ന നിലയിലാണ് കൂടാരത്തിന് പുറത്തെ ത്തുന്നത്. ഒരു ദിവസം അവിടന്ന് രക്ഷപ്പെട്ട് അവര്‍ ഒരു ബുദ്ധവിഹാരത്തില്‍ ഭിക്ഷുണിയായി. പിന്നീട് അമില്‍ ഖാന്‍ എന്ന ഗവര്‍ണര്‍ ആ ബുദ്ധവിഹാരം തകര്‍ത്തപ്പോള്‍ അമ്പതു വയസ്സായിരുന്ന പിംഗളകേശിനിയെ അയാളുടെ പട്ടാളക്കാര്‍ വെപ്പാട്ടിയാക്കി.
തുഘന്‍ഖാന്‍െറ കാലം വീണ്ടും തെളിഞ്ഞപ്പോള്‍ അയാളുടെ സൈന്യം അമീല്‍ ഖാനെ പരാജയപ്പെടുത്തി. കൂടാരത്തില്‍നിന്നു പിംഗളകേശിനിയും പിടിക്കപ്പെട്ടു. അവര്‍ വീണ്ടും തുഘന്‍ഖാന്‍െറ അടിമയായി. ബാല്ബനുമായുള്ള തുഘന്‍ഖാന്‍െറ യുദ്ധത്തിനിടയില്‍ അന്തപുരത്തില്‍നിന്ന് രക്ഷപ്പെട്ട് നാടോടികളുടെ കൂടെ കൂടി. എന്നാല്‍, ബാല്ബ്ന്‍െറ സൈന്യം അവരെ കണ്ടെത്തി അയാളുടെ മുന്നില്‍ എത്തിച്ചു. തുഘന്‍ഖാനെ പരാജയപ്പെടുത്താന്‍ അവര്‍ ബാല്ബനു സഹായം വാഗ്ദാനം ചെയ്തു. തുഘന്‍ഖാനെ ചതിയില്‍ കറുപ്പ് നല്‍കി മയക്കി അവര്‍ ബാല്ബന്‍െറ വിജയം ഉറപ്പാക്കി. പകരം അവര്‍ ചോദിച്ചത് അയാളുടെ ശരീരം ആയിരുന്നു. അയാളെ തൂക്കിലേറ്റാനുള്ള അനുവാദമായിരുന്നു. തന്‍െറ വസ്ത്രം അഴിച്ചുകെട്ടിയ കുരുക്കിലാ ണ് നഗ്നയായിനിന്ന് അവര്‍ അയാളെ തൂക്കിയത്. ഒറ്റയടിക്ക് കൊന്നില്ല. ഒരു രാത്രി മുഴുവന്‍ ആ ശരീരം അവര്‍ അയാളുടെ കാല്‍ച്ചുവട്ടിലെ പലക തട്ടിനീക്കിയും തിരിച്ചുവെച്ചും അയാളുടെ മരണവെപ്രാളം കണ്ട് ആനന്ദിച്ചിട്ടാണ് ഒടുവില്‍ അയാളുടെ ജീവന്‍ അവര്‍ എടുക്കുന്നത്.
വിപ്ളവകാരിയെ ഒറ്റിക്കൊടുത്ത ഭര്‍ത്താവിനെ തന്‍െറ കണ്‍മുന്നില്‍വെച്ച് പ്രതികാരത്തോടെ അയാളുടെ അനുയായി വെട്ടിക്കൊന്നിട്ടും മറ്റൊരു സ്ത്രീ കൊലയാളിയെ പൊലീസിനു കാട്ടിക്കൊടുക്കാന്‍ വിസമ്മതിക്കുന്ന കഥയുമുണ്ട്. ഭര്‍ത്താവിന്‍െറ നീചമായ ചതിയാണ് അയാളുടെ മരണത്തെക്കാള്‍ അവരെ വേദനിപ്പിച്ചത്. ഭര്‍ത്താവ് വിപ്ളവത്തോട് ചെയ്തത് പൊറുക്കാനാവാത്ത അപരാധമാണ് എന്നവര്‍ കരുതി.
ഈ സ്ത്രീലോകം ഇവിടെ എല്ലായ്പോഴും ഉണ്ടായിരുന്നു. ഇല്ലെന്നുപറയുന്ന ചരിത്രത്തിന്‍െറ കള്ളം മീര പൊളിച്ചുകളയുന്നു. അങ്ങനെ പൊളിച്ചുകളയുന്നതിനാല്‍ സഞ്ജീവ്കുമാര്‍ മിത്ര ഒടുവില്‍ സ്റ്റുഡിയോയിലെ തൂക്കുമരത്തില്‍ തൂങ്ങിയാടുമ്പോള്‍, ‘‘വെള്ളം നിറച്ച പ്ളാസ്റ്റിക് ബാഗ് അമര്‍ത്തിപ്പിടിച്ചാല്‍ എന്നതുപോലെ അയാളുടെ ജീവന്‍ പല വഴികളിലൂടെ പുറത്തുചാടാന്‍’’ ശ്രമിക്കുമ്പോള്‍, നാം അമ്പരക്കുന്നില്ല. പകരം, നാം പിംഗളകേശിനിയെ കുറിച്ച് ഓര്‍ക്കുന്നു. ചരിത്രത്തിന്‍െറ മറുലിംഗഭാഷ്യം ചോരയില്‍ തൊട്ടറിയുന്നു.

കൈകാര്യം ചെയ്യുന്ന വിഷയത്തിന്‍െറ തീക്ഷ്ണതയും തീവ്രതയും നോവലിന്‍െറ രൂപഘടനയെ പിടിച്ചുലക്കുകയും പലേടത്തും ഇടിച്ചുതകര്‍ക്കുകയും ചെയ്യുന്നുണ്ട്. ഇതൊരു പാളിച്ചയായി ഞാന്‍ കാണുന്നില്ല. ഇത്തരം ഒരു വിഷയം തിരഞ്ഞെടുക്കുമ്പോള്‍തന്നെ അത് സൃഷ്ടിക്കുന്ന ദാര്‍ശനികമായ വൈഷമ്യങ്ങള്‍ എന്തായിരിക്കുമെന്ന്, അത് സൃഷ്ടിക്കുന്ന ഭാഷാപരമായ വെല്ലുവിളികള്‍ എത്ര സങ്കീര്‍ണമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
പൗരത്വത്തിന്‍െറ സങ്കീര്‍ണമായ പ്രശ്നത്തെ മീര നേരിടുന്നുണ്ട് ഈ നോവലില്‍ എന്നതാണ് ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയത്. തുടക്കംമുതല്‍ മലയാള നോവലില്‍ കടന്നുവരുന്ന പ്രമേയമാണിത്. എങ്കിലും നിര്‍വിശങ്കം ഇതേക്കുറിച്ചുള്ള വിധിപ്രസ്താവങ്ങള്‍ക്ക് മുതിരുന്നില്ല മീര. എന്നാല്‍, സ്ത്രീയുടെ, പാര്‍ശ്വവത്കൃതരുടെ, പൗരത്വത്തിന്‍െറ പ്രശ്നം പരിഹരിക്കാത്ത ഒരു സിവില്‍ സമൂഹത്തിന്‍െറ നേര്‍ക്ക് മീര ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ദേശം-രാഷ്ട്രം എന്ന പരിപ്രേക്ഷ്യത്തിനു പുറത്ത് പൗരത്വത്തിന്‍െറ പ്രശ്നം ഉയര്‍ത്തുകയാണ് ചെയ്യുന്നത്. സ്ത്രീ അനുഭവത്തിന്‍െറ വ്യത്യസ്തമായ ഒരു ചരിത്രനിര്‍മിതിയിലൂടെയാണ് മീര ഈ കൃത്യം നിര്‍വഹിക്കുന്നത്. അതുകൊണ്ടുതന്നെ, യഥാര്‍ഥ ചരിത്രത്തിന്‍െറ അനുബന്ധമല്ല ഇത്. നാം ഹിസ്റ്റോറിക്കല്‍ നോവല്‍ എന്നു വ്യവഹരിക്കുന്ന രചനാരൂപവുമല്ല. ഇതിനു കൂടുതല്‍ ആനുരൂപ്യം ഹിസ്റ്റീരിയോഗ്രാഫിക്ഷന്‍ എന്ന രീതിയോടാണ്.

ഭരണകൂടവും സിവില്‍ സമൂഹവും തമ്മില്‍ ജനാധിപത്യ- ബഹുസ്വര രാഷ്ട്രങ്ങളില്‍ രൂപംകൊള്ളുന്ന സംഘര്‍ഷത്തെയും വൈരുധ്യങ്ങളെയും സ്ത്രീവാദത്തിന്‍െറകൂടി കാഴ്ചപ്പാടില്‍നിന്നുകൊണ്ട് ചരിത്രവത്കരിക്കുക എന്ന ശ്രമകരമായ യത്നത്തില്‍ മീര വിജയിക്കുന്നുണ്ട് എങ്കിലും ആധുനികതയുടെ വ്യക്തിവാദത്തിന്‍െറ പഴയ ദാര്‍ശനികതലം മീരയും പിടികൂടുന്നുണ്ട് ഈ നോവലില്‍. നിഹിലിസ്റ്റ് യുക്തിയുടെ സാധ്യതകളില്‍ അമിതമായി മുങ്ങിപ്പോകുന്നതിനാണ് പലപ്പോഴും ചരിത്രത്തിന്‍െറ-അത് ഫിക്ഷനല്‍ ആയിരിക്കുമ്പോള്‍പോലും- അടരുകളിലേക്ക് മീര കടന്നുചെല്ലുന്നത്. വരേണ്യ ചരിത്രത്തിന്‍െറ സ്ഥൂലരാഷ്ട്രീയത്തെ ചോദ്യംചെയ്യുന്നുണ്ടെങ്കിലും ഈ നോവലിലെ ചരിത്ര നിര്‍മിതി അതിന്‍െറ സൂക്ഷ്മതകളില്‍ ലിംഗനീതിയുടെ പ്രശ്നത്തിന്‍െറ കേവല പരിഹാരം നിര്‍ദയമായ സ്വയം ശാക്തീകരണം മാത്രമല്ലേ എന്ന സന്ദേഹം ആവര്‍ത്തിക്കുന്നതായി തോന്നും.
എങ്കിലും, ചരിത്രത്തിന്‍െറ ഒരു ലിബറല്‍ വായനയാല്‍ നിര്‍ബന്ധിക്കപ്പെടുന്ന എഴുത്തുകാരി എന്നത് ഒരു പരിമിതിയായല്ല ഞാന്‍ മനസ്സിലാക്കുന്നത്. ഗോര്‍ക്കിയുടെ ‘അമ്മ’യില്‍ പോലുമുള്ളത് സമകാല ചരിത്രത്തിന്‍െറ ഒരു ലിബറല്‍ വായനയാണ്. സമകാല ഇന്ത്യയുടെ രാഷ്ട്രീയ വൈരുധ്യങ്ങളോടാണ് മീര സംസാരിക്കുന്നത്. ഒരു സ്ത്രീ ആരാച്ചാരാകുന്നതോടെ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്ന ഒരു ജോലികൂടി ലിംഗനിരപേക്ഷമാകുന്നു എന്നു വിശ്വസിക്കുന്ന ഫെമിനിസ്റ്റുകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വധശിക്ഷയോടുള്ള നിലപാട് എന്തായിരിക്കുമെന്നത് തീര്‍ച്ചയായും ഒരു ലിബറല്‍ പരിപ്രേക്ഷ്യത്തില്‍ മാത്രം ഉന്നയിക്കപ്പെടുന്ന ചോദ്യമാണ്. എന്നാല്‍, ചോദ്യങ്ങളെ വര്‍ഗീകരിക്കുന്നതിനു മുമ്പ് നമുക്ക് രാഷ്ട്രീയത്തിലെ മറ്റനേകം ഗൃഹപാഠങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട് എന്ന് ഈ നോവല്‍ ഓര്‍മിപ്പിക്കുന്നു.

Categories
Malayalam Articles

ആള്‍ക്കൂട്ടങ്ങള്‍ പിരിഞ്ഞു പോകുമ്പോള്‍

ആള്‍ക്കൂട്ടങ്ങള്‍ പിരിഞ്ഞു പോകുമ്പോള്‍

ഡോ. ടി ടി ശ്രീകുമാര്‍

ആഹ്വാനവും നേതൃത്വവുമില്ലാത്ത സമരങ്ങളുടെ കാലമായെന്നും വ്യവസ്ഥാപിത രാഷ്ട്രീയത്തിന് മരണമണി മുഴങ്ങിക്കഴിഞ്ഞെന്നുമൊക്കെ പലരും പറയാന്‍ ശ്രമിക്കുന്നുണ്ടിപ്പോള്‍. സൈബര്‍ കണ്ണികളിലെ പ്രതിഷേധങ്ങളും അഭിപ്രായ രൂപീകരണങ്ങളും തെരുവിലെ കൂടിച്ചേരലുകളിലേക്ക് കൂടി നയിക്കുന്ന പ്രവണത തുടങ്ങിയിട്ട് കുറച്ചു കാലമേ ആയുള്ളുവെങ്കിലും, അതിന്റെ നൈസര്‍ഗ്ഗിഗകതയും തല്‍ക്ഷണതയും ആള്‍ക്കൂട്ടങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള പുനര്‍ വി ചാരണകള്‍ക്ക് കാരണമായിട്ടുണ്ട്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധ സമരത്തിന്റെ ഒരു സവിശേഷത അതില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ, ഗ്രൂപ്പിന്റെയോ നിര്‍ദ്ദേശപ്രകാരം എത്തിച്ചേര്ന്നവരായിരുന്നില്ല എന്നതാണ്. ബി ജെ പി, സി പി ഐ (എം) തുടങ്ങി വലുതും ചെറുതുമായ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിന്നീട് സമരത്തിന്‌ പിന്തുണ പ്രഖ്യാപിക്കുകയും സമര നിരയില്‍ അണിചെരുകയും ഒക്കെ ചെയ്തെങ്കിലും പ്രക്ഷോഭത്തിന്റെ- അങ്ങനെ അതിനെ വിളിക്കാമെങ്കില്‍- തുടക്കം അദൃശ്യമായ ഏതോ സൈബര്‍ ചര്‍ച്ചയില്‍ നിന്നായിരുന്നു. സാധാരണ അത്തരം കൂടിച്ചേരലുകളില്‍ കണാനിടയില്ലാത്ത സമരവീര്യവും ചെറുത്തുനില്‍പ്പും അവരുടെ ഭാഗത്ത്‌ നിന്നുണ്ടായി എന്നതും ശ്രദ്ധേയമായിരുന്നു.

കാതലായ ചില ചോദ്യങ്ങള്‍ പൊതു സമൂഹത്തിനു മുന്നില്‍ ഉന്നയിക്കാന്‍ ശ്രമിച്ച അരുന്ധതി റോയിക്കൊപ്പം ചേരാന്‍ പലരും വിസമമതിച്ചതിന്റെ ഒരു കാരണം ഈ ആള്‍ക്കൂട്ടത്തിന്റെ നൈസര്‍ഗ്ഗിഗകതയോടും സമര വീര്യത്തോടുമുള്ള പ്രതിപത്തിയും അതില്‍ ദര്‍ശിച്ച ഭാവി പ്രതിരോധ സാധ്യതകളെ കുറിച്ചുള്ള പ്രതീക്ഷകളും കൂടി ആയിരുന്നു എന്നു ഞാന്‍ വിചാരിക്കുന്നു. അതിവൈകാരികതയുടെതായ ഒരു രാഷ്ട്രീയാന്തരീക്ഷo ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കുമെന്നതും ഒരു കാരണമാണ്. തന്ത്ര പ്രധാനമായ സുരക്ഷിതത്വ ആശങ്കകള്‍ ഉയര്‍ത്തുന്ന നഗര ഭാഗത്താണ് സമരം നടന്നത് എന്നത് അതിനെതിരെ ബലപ്രയോഗത്തിന് മുതിരാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുകയും ചെയ്തു. ചൈനയിലെ ടിയാന്മെന്‍ ചത്വരത്തിലെപ്പോലെ കൂട്ടക്കൊലയൊന്നും നടന്നില്ലെങ്കിലും സമരത്തില്‍ പങ്കെടുത്ത വിദ്യാര്ഥികള്‍ക്കും മറ്റനവധി പേര്‍ക്കും ലാത്തി ചാര്‍ജ്ജില്‍ പരിക്ക് പറ്റുകയും സമരത്തെ ദുര്‍ബലപ്പെടുത്താന്‍ നിരന്തരം പോലീസിനെ ഉപയോഗിച്ച് കൊണ്ട് സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിച്ചതിന്റെ ഫലമായി നിരവധി ശാരീരികവും മാനസികവുമായ പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വരികയും ചെയ്തു. ഇതും സമരത്തോടുള്ള പൊതു സഹഭാവത്തെ ശക്തിപ്പെടുത്തുകയുണ്ടായി.

‘മതജീവിതത്തിന്റെ അടിസ്ഥാന രൂപങ്ങള്‍’ എന്ന കൃതിയില്‍ ദര്ഖീം വിവരിക്കുന്ന തരത്തിലുള്ള ഒരാള്‍ക്കൂട്ടമായിരുന്നു അത് (‘The Elementary Forms of Religious Life’, Durkheim, 1912). ആള്‍ക്കൂട്ടങ്ങള്‍ ഒരു തരo വൈദ്യതി സൃഷ്ടിക്കുകയും അതിന്റെ പ്രസരണത്തില്‍ പ്രകടിപ്പിക്കപ്പെടുന്ന ഓരോ വികാരവും യാതൊരു പ്രതോരോധവുമില്ലാതെ മറ്റു മനസ്സുകളിലേക്ക് കൂടി വ്യാപിക്കുകയും ചെയ്യുന്നു എന്നു ദര്ഖീം വിലയിരുത്തിയിട്ടുണ്ട്. “And as such active passions so free from all control could not fail to burst out, on every side one sees nothing but violent gestures, cries, veritable howls, and deafening noises of every sort, which aid in intensifying still more the state of mind which they manifest” എന്നാണു ദര്ഖീം പറഞ്ഞത്. എന്നാല്‍ ഇത്തരം കൂടിച്ചേരലുകള്‍, വൈകാരിക പ്രകടനങ്ങള്‍, കേവലം പ്രതിഷേധത്തിന്റെ നൈസര്‍ഗ്ഗികതയാല്‍ മാത്രം രൂപം കൊള്ളുന്നവയാണോ? അവയ്ക്ക് പിന്നിലെ ചരിത്രപരവും ഘടനാപരവുമായ കാരണങ്ങള്‍ തീര്‍ത്തും അപ്രധാനമാണോ? സാഹചര്യങ്ങളുടെ ചരിത്രപരത പൂര്‍ണ്ണമായും വിസ്മരിക്കപ്പെടണ്ടതാണോ? ഒരു പക്ഷെ അരുന്ധതിയുടെ തന്നെ ആശങ്കകള്‍ മനസ്സിലാക്കുന്നതിനു കുറേകൂടി അവധാനതയോടെ ഈ പ്രശ്നത്തെ സമീപിക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു.

‘ആള്‍ക്കൂട്ടങ്ങളും അധികാര’വും എന്ന പുസ്തകം ഏലിയാസ് കാനേറ്റി എഴുതുന്നത്‌ 1960 –ലാണ്. ഈ പുസ്തകത്തിന്റെ പ്രകാശനത്തെ തുടര്‍ന്ന് തിയദര്‍ അഡോര്ണോ കാനേറ്റിയുമായി ഒരു സുദീര്ഘ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. തങ്ങളുടെ സമീപനങ്ങള്‍ തമ്മിലുള്ള സമാനതകളെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് തുടങ്ങുന്ന ആ ചര്‍ച്ചയില്‍ കാനെറ്റി ഉയര്‍ത്തിയ വലിയ ചിന്താസമസ്യകളെ സ്വന്തം വിശ്ലേഷണ ചാതുര്യം കൊണ്ട് വികസിപ്പിക്കാനും നിരവധി ഉപരിചിന്തകളിലേക്ക് ചര്‍ച്ച വികസിപ്പിക്കാനും അഡോര്ണോ മുതിരുന്നതായി കാണാം. ആള്‍ക്കൂട്ടങ്ങളെക്കുറിച്ച് മന:ശാസ്ത്രപരമായും നരവംശ ശാസ്ത്രപരമായും ഉളള ഗഹനമായ നിരീക്ഷണങ്ങളാണ് കാനെറ്റി നടത്തുന്നത്. നിയതമായ ലക്ഷ്യങ്ങളുള്ള ജനാവലികളെ മാത്രമല്ല, മനുഷ്യസാന്നിദ്ധ്യമില്ലാത്ത കാടുകള്‍, ധാന്യക്കൂമ്പാരങ്ങള്‍, കടല്‍, നിധികള്‍, തുടങ്ങി മനുഷ്യമനസ്സുകളില്‍ സൂചകങ്ങളാകുന്ന കൂട്ടങ്ങളെ കുറിച്ചും, ആദിമ മനുഷ്യര്ക്കിടയിലും മതത്തിന്റെ അനുഷ്ടാനപരതയിലും നിലനില്‍ക്കുന്ന ജീനുകളുടെയും മാലഖമാരുടെയും (മുപ്പത്തിമുക്കോടി ബ്രാഹ്മണ ദൈവങ്ങളുടെയും എന്നും ചേര്‍ക്കാം), പിശാചുക്കളുടെയും ഒക്കെ അദൃശ്യമായ കൂട്ടങ്ങളെ കുറിച്ചും കാനെറ്റി ചര്‍ച്ച ചെയ്യുന്നുണ്ട് തന്റെ പുസ്തകത്തില്‍. അതുകൊണ്ട് തന്നെ അഡോര്ണോ ഈ പ്രശ്നം ഉന്നയിച്ചുകൊണ്ടു യഥാര്‍ത്ഥ ജനാവലികളില്‍ നിന്ന് ഇത്തരം പ്രതീകാത്മക കൂട്ടങ്ങളെയും അദൃശ്യ ജനക്കൂട്ടത്തെയും വേര്‍തിരിച്ചു കാണെണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സൂചിപ്പിമ്പോള്‍ തന്നെ കാനെറ്റി ചൂണ്ടിക്കാട്ടുന്നത് ആള്‍ക്കൂട്ടത്തിന്റെ അദൃശ്യവും പ്രതീകാത്മകവുമായ വശങ്ങള്‍ താന്‍ പരാമര്‍ശിച്ചു എന്നത് കൊണ്ട് യഥാര്‍ത്ഥ ജനക്കൂട്ടത്തിന്റെ പ്രായോഗിക മൂല്യത്തെ കുറച്ചു കാട്ടുന്നു എന്നു അര്‍ത്ഥമാക്കേണ്ടതില്ലെന്നാണ്. എന്നാല്‍ ഈ പ്രതീകങ്ങളും അദൃശ്യരൂപികളുടെ കൂട്ടങ്ങളും എല്ലാം ആള്‍ക്കൂട്ടങ്ങളെ അപഗ്രഥിക്കുമ്പോള്‍ ഒഴിവാക്കാനാവാത്ത ഘടകങ്ങളാണ്. ഏകാധിപത്യത്തിന്റെ വളര്‍ച്ച പരിശോധിച്ചാല്‍ അതെപ്പോഴും യഥാര്‍ത്ഥ ആള്കൂട്ടങ്ങളെ ആശ്രയിച്ചാണ് നിലകൊണ്ടിട്ടുള്ളതെന്നു കാണാമെന്നു കാനെറ്റി മറുപടിയായി പറയുന്നുണ്ട്.

ആള്‍ക്കൂട്ടങ്ങളുടെയും അധികാരത്തിന്റെയും പ്രശ്നം അതീവ ഗഹനമായി കാനെറ്റി തന്റെ പുസ്തകത്തില്‍ ഉന്നയിക്കുകയും അവയില്‍ പലതും അഡോര്ണോ സമഗ്രമായ വിശദീകരണങ്ങള്‍ക്ക് കാനെറ്റിയെ നിര്‍ബന്ധിച്ചുകൊണ്ട് വിപുലീകരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും മാക്യവല്ലിയും ഹോബ്സും സ്പിനോസയും ഫ്രോയിഡുo ടാര്ദേയും ഒടുവില്‍ ഹാര്ഡ്ട്ടും നെഗ്രിയും വരെയുള്ള ചിന്തകര്‍ ജനാവലി എന്ന സങ്കലപ്പനത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന ആശയത്തെ അത് ശക്തിയായി സ്പര്ശിക്കുന്നുണ്ടോ എന്നു സംശയമാണ്. സ്പിനോസയെ പിന്തുടര്‍ന്നുകൊണ്ട് ദേല്യൂസ് ആള്‍ക്കൂട്ടങ്ങളെ ഓരോ തരo പ്രകാശനങ്ങള്‍ മാത്രമായി വിവക്ഷിക്കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ഡല്‍ഹിയിലെ ആള്‍ക്കൂട്ടവും ഒരു പ്രകാശനം മാത്രമായിരുന്നു. അതിനപ്പുറമുള്ള അര്‍ഥങ്ങളുo വ്യാഖ്യാനങ്ങളും ആ കൂടിച്ചേരലിന്റെ ചരിത്ര സന്ദര്ഭത്തെയോ അതിന്റെ പിന്നിലുള്ള ഒട്ടനവധി കാരണത കളെയോ (causalities) കണക്കിലെടുക്കുന്നില്ല. ഹാര്ഡ്ട്ട്ുo നെഗ്രിയും സൂചിപ്പിക്കുന്ന, സ്പീനോസായില്‍ നിന്ന് തന്നെ കടംകൊണ്ട, പുതിയ കാലത്തിലെ കമ്മ്യൂണിസ്റ്റ് ഏജന്സിയും ഇതില്‍ കണ്ടെത്താന്‍ കഴിയും എന്നു തോന്നുന്നില്ല.

പരസ്പരം സ്പര്‍ശിക്കാന്‍ ആളുകള്‍ക്ക് ഭയമാണങ്കിലും ഒരു ആള്‍ക്കൂട്ടത്തിനുള്ളില്‍ വളരെ വേഗം ഈ സ്പര്‍ശന ഭയം അപ്രത്യക്ഷമാകുന്നുവെന്നു കാനെറ്റി പറയുന്നു. ആള്‍ക്കൂട്ടങ്ങളുടെ മറ്റൊരു പ്രത്യേകത അവ കൂടുതല്‍ വലുതാകാന്‍ ശ്രമിക്കും എന്നുള്ളതാണ്. അനുക്ഷണ വികസ്വരതയാണ് ആള്‍ക്കൂട്ടങ്ങളില്‍ കാണുവാന്‍ കഴിയുക. ഉപരാക്ഷ്ട്രീയത്തിന്റെ ഒരു സമരമുഖം ഈ പ്രക്ഷോഭത്തില്‍ തെളിയുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ഉപരാഷ്ട്രീയം തീര്‍ത്തും വൈകാരിക ക്ഷോഭങ്ങളുടെ മാത്രം ഉല്‍പ്പന്നമല്ല. അതിന്റെ പിന്നില്‍ നവ സാമൂഹിക പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന സിവില്‍ സമൂഹ രാഷ്ട്രീയത്തിന്റെ നൈതിക-ജനാധിപത്യ വിചാരങ്ങളുടെ പാരമ്പര്യമുണ്ട്. ഈ സമരത്തിനു വ്യക്തമായ ലക്ഷ്യങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. സി പി എമ്മിനോ, ബി ജെ പി ക്കോ, ഏന്തിനു കൊണ്ഗ്രസ്സിനു തന്നെയോ പിടിച്ചെടുക്കാനും തങ്ങളുടെ അജണ്ടകളിലേക്ക് അവാഹിക്കാനും കഴിയുന്ന ഉള്ക്കരുത്തേ അതിനുണ്ടായിരുന്നുള്ളു. എത്ര പെട്ടെന്നാണ് വധശിക്ഷയുടെ അജണ്ട സമരത്തിന്റെ ഉപോലപ്പന്നമായി മാധ്യമങ്ങള്‍ അവതരിപ്പിച്ചത് എന്നതോര്‍ക്കുമ്പോള്‍ ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ ജനാധിപത്യത്തെ ഏതു വിധത്തിലാണ് നവീകരികുന്നത് എന്നതിനെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള അന്വേഷണങ്ങള്‍ ആവശ്യമാണെന്ന് തോന്നുന്നു.

അതുകൊണ്ട് തന്നെ എല്ലാ തര്‍ക്കങ്ങളെയും പോലെ ഡല്‍ഹിയിലെ സമരവും അതിനാസ്പദമായ ദാരുണ സംഭവവും സ്വത്വ-വര്‍ഗ്ഗ വിചാരത്തിന്റെ വിലയിരുത്തലുകളിലേക്ക് കടക്കുകയാണ്. ചില സമരങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് അത് നഗരങ്ങളില്‍, വിശേഷിച്ചു തലസ്ഥാന നഗരങ്ങളില്‍ നടക്കുന്നത് കൊണ്ടാണ്. ഭരണകൂടങ്ങളുടെ പ്രതീകാത്മക ശക്തികേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ചെയ്യുന്ന സമരങ്ങള്‍ മാധ്യമ സഹായത്തോടെ ചിലപ്പോള്‍ യഥാര്ഥത്തില്‍ സമാഹരിക്കുന്നതിനെക്കാള്‍ കൂടുതല്‍ കരുത്തുള്ളവ എന്ന പ്രതീതി ജനിപ്പിക്കാറുണ്ട്. ചിലപ്പോള്‍ ഇത്തരം സമരങ്ങള്‍ അതിലെ പങ്കാളികളുടെ വര്‍ണ്ണ-വര്‍ഗ്ഗ പശ്ചാത്തലം മാധ്യമങ്ങള്‍ക്ക് താല്പ്പര്യമുള്ളതുകൊണ്ടു കൂടുതല്‍ ശ്രദ്ധിക്കപ്പെടാം. ഡല്‍ഹിയിലെ സമരം അതിന്റെ നൈസര്‍ഗ്ഗിഗത്വം കൊണ്ട് കൂടിയാണ് ശ്രദ്ധിക്കപ്പെട്ടത് എന്നതിനെ നിരാകരിക്കുന്നില്ല. മാത്രമല്ല, അപൂര്‍വ്വം എന്നു ഒരിക്കലും പറയാനാവില്ലെങ്കിലും അതിനിഷ്ടൂരമായിത്തന്നെയാണ് പെണ്‍കുട്ടി ആക്രമികപ്പെട്ടത്‌. ഒരു ലൈംഗികാക്രമണം എന്നതിലുപരിയായ ശാരീരികപീഡനം അതിലുണ്ടായി. കൂടാതെ, സാധാരണ ഗതിയില്‍ അത്തരം നീചമായ അക്രമങ്ങള്‍ ചെയ്യുന്നത് ഭരണകൂടത്തിന്റെ പിന്തുണയോടെ പോലീസോ പട്ടാളമോ ആയിരിക്കും. അല്ലെങ്കില്‍ ഏതെങ്കിലും ഗ്രാമത്തിലെയോ ചെറു നഗരത്തിലെയോ സവര്‍ണ്ണര്‍ ആയിരിക്കും . അപ്പോള്‍ പലരും മൌനം പാലിക്കുകയോ, സത്യാവസ്ഥ തങ്ങള്‍ക്കറിയില്ലെന്നു നടിക്കുകയോ ചെയ്യും. അതിനുള്ള സാധ്യത ഇവിടെ കുറവായിരുന്നു. ഇന്ത്യയിലെ സാമൂഹികാവസ്ഥയില്‍ വര്‍ണ്ണ, വര്‍ഗ്ഗ, രാഷ്ട്രീയ അധീശത്വത്തിന്റെ ഇരയാവാന്‍ സ്വാഭാവിക സാധ്യതയുള്ള ഒരു പെണ്കുട്ടി ആയിരുന്നില്ല അക്രമത്തിനു ഇരയായത്. മറിച്ച് അതില്‍ നിന്നെല്ലാം സുരക്ഷിതയായ ഒരു മധ്യവര്‍ഗ്ഗ വിദ്യാര്ഥിനി ആണ് ഇവിടെ തന്റെ സുഹൃത്തിനോടൊപ്പം സുരക്ഷിതയായി സഞ്ചരിക്കുമ്പോള്‍ തികച്ചും ആകസ്മികമായി ആക്രമണത്തില്‍ പെട്ടത്. ആക്രമിച്ചവരാകട്ടെ, ‘അല്ലെന്നു തെളിയിക്കുന്നതുവരെ’ എപ്പോഴും സമൂഹത്തില്‍ ‘കുറ്റവാളികള്‍’ എന്നു പൊതുവേ സംശയിക്കപ്പെടുന്ന ദരിദ്ര തൊഴിലാളികളും. തലസ്ഥാനത്ത്, ഒരു സാധാരണ മധ്യവര്‍ഗ്ഗ യുവതിയുടെ മേല്‍ ദരിദ്ര തൊഴിലാളികള്‍ നടത്തിയ കുറ്റകൃത്യം എന്ന നിലയിലുള്ള രാഷ്ട്രീയ പ്രാധാന്യം മാധ്യമങ്ങളെ സംബന്ധിച്ചേടത്തോളം ഈ ആക്രമണത്തിനുണ്ടായിരുന്നു. ആശയപരമായ ഒരു പ്രാധാന്യം, ഉപരി-മധ്യവരഗ്ഗങ്ങളുടെ, സമ്പന്നരായ സവര്ണ്ണരുടെ, എക്കാലത്തെയും വലിയ അരക്ഷിതത്വമായ, വര്‍ഗ്ഗ/വര്‍ണ്ണ പ്രതികാര ഭീതി ഊട്ടി ഉറപ്പിക്കുന ഒരു മാനം ഈ സംഭവിത്തിനുണ്ടായിരുന്നു എന്നതുo ശ്രദ്ധേയമാണ്. പുലപ്പേടി മണ്ണാപ്പെടി എന്നൊക്കെ വ്യവഹരിച്ചിരുന്ന പഴയ ചരിത്ര മാതൃകകള്‍ നിര്‍വഹിച്ചിരുന്ന നിരവധി രാഷ്ട്രീയ ധര്‍മ്മങ്ങളില്‍ ഒന്ന് കീഴാള വിഭാഗങ്ങളുടെ പ്രതികാര ഭീതി വരേണ്യാബോധത്തില്‍ ശക്തമായി നിക്ഷേപിക്കുക എന്നതായിരുന്നു. അത്തരത്തിലൊരു സമീപനം ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചു കാണാറുണ്ട്‌.

മറ്റൊന്ന് കോണ്ഗ്രസ് ഭരണത്തിന് ഇതിനകം സംഭവിച്ചിട്ടുള്ള ലെജിറ്റിമേഷന്‍ പ്രതിസന്ധി ആണ്. പ്രതിപക്ഷം എന്ന രീതിയില്‍ ഹിന്ദുത്വ ശക്തികള്‍ക്കു ഉണ്ടായിട്ടുള്ള മേല്‍ക്കൈ കേവലം സംഘടനാപരമല്ല. ഉദാരവല്‍ക്കരണം മധ്യവര്ഗ്ഗത്തെ പലപ്പൊഴുo ഭരണകൂട വിരുദ്ധ നിലപാടുകളിലേക്ക്‌ എത്തിക്കാറുണ്ടെങ്കിലും അതൊരു സ്ഥായിയായ വൈരുധ്യമല്ല. എന്നാല്‍ അഴിമതികളും രാഷ്ട്രീയ നേതൃത്വത്തിന്റെ ധൂര്ത്തുകളും മധ്യവര്‍ഗ്ഗത്തെ ചൊടിപ്പിക്കുകയും അത് പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പുകളില്‍ തുണക്കുകയും ചെയ്യുന്നത് സാധാരണയാണ്. ഹസാരേ പ്രക്ഷോഭത്തിനും മറ്റുമുണ്ടായ സ്വീകാര്യതയും പിന്തുണയും ഇതിന്റെ പേരിലായിരുന്നു. നിരവധി പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന കോണ്ഗ്രസ് സര്‍ക്കാര്‍ ഗുരുതരമായ ഒരു ലെജിറ്റിമേഷന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. അതിന്റെ ഭാഗമായി സര്‍ക്കാര്‍ വിരുദ്ധ സമീപനം പൊതുവില്‍ നഗരങ്ങളിലെ മധ്യവരഗ്ഗതിനിടയില്‍ ശക്തമായിട്ടുണ്ട്. ആത്യന്തികമായി ഹിന്ദുത്വ ശക്തികളാണ് ഈ കോണ്ഗ്രസ് വിരുദ്ധതയില്‍ നിന്ന് മുതലെടുക്കാന്‍ പോകുന്നതെങ്കിലും ബി ജെ പ്പി യെ മറ്റൊരു പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ മാത്രമാണ്- ഹിന്ദുത്വ അജണ്ട യുടെ അവിഭാജ്യ ഘടകo എന്ന നിലയിലല്ല പല വോട്ടര്‍മാരും കാണുന്നത് എന്നത് മറക്കാനാവില്ല. അതുകൊണ്ട് തന്നെ സര്ക്കാര വിരുദ്ധ വികാരങ്ങള്‍ ഉണര്‍ന്നു നില്‍ക്കുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷം ചെറിയ സംഭവങ്ങളെള്‍ പോലും മധ്യവര്‍ഗ്ഗത്തെ പെട്ടെന്ന് സമര ബദ്ധരാകാന്‍ നിര്‍ബന്ധിക്കാറുണ്ട്. അത്തരമൊരു സന്ദര്‍ഭം ഇപ്പോള്‍ ഇന്ത്യയില്‍ ഉണ്ട് എന്നതും ഇതുമായി ബന്ധപ്പെട്ടു ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ബി ജെപ്പിയെ കൂടാതെ ദേശീയ തലത്തില്‍ കൂടി പ്രവര്‍ത്തിക്കുന്ന ചെറിയ പാര്‍ട്ടികളായ സി പി ഐയും സി പി ഐ എo-ഉം മറ്റും സര്‍ക്കാരിന്റെ നിലപാടുകളെ നിരന്തരം വിമര്‍ശിച്ച് അവര്‍ക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇവരോട് ആഭിമുഖ്യമുള്ള ഒരു വിഭാഗം ഇടത്തരക്കാര്‍ സര്‍ക്കാരിന്റെ സമീപനത്തോട് എതിര്‍പ്പുള്ളവരാണ്. എല്ലാറ്റിലുമുപരി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ ശക്തമായ ഒരു സിവില്‍ സമൂഹം ഇവിടെ ഉയര്‍ന്നു വന്നിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മാത്രമല്ല, ബി. ജെ. പി-യുടെയും സി പിഎമ്മിന്ടെയുമൊക്കെ ജനവിരുദ്ധ നിലപാടുകളെ കര്‍ശനമായി നേരിടുന്ന ഒരു പാര്‍ലിമേന്റിതിര പ്രതിപക്ഷമായി സിവില്‍ സമൂഹ ശക്തികള്‍ ഇന്ത്യയില്‍ ശക്തി പ്രാപിച്ചിട്ടുണ്ട്. സിവില്‍ സമൂഹ സമരങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുള്ള മുദ്രാവാക്യങ്ങള്‍ ഒരു വലിയ വിഭാഗം ഇടത്തരക്കാര്‍ക്കും തൊഴിലാളികള്‍ക്കും സ്വീകാര്യമായിട്ടുമുണ്ട്. കോണ്ഗ്രസ് സര്‍ക്കാരിന്റെ പ്രതിസന്ധി എന്നതില്‍ നിന്ന് ഭരണകൂടത്തിന്റെ തന്നെ വിശ്വാസ്യതയെ ഇത് പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്.

ഇത്തരത്തില്‍ ഡല്‍ഹി സംഭവത്തിന്റെ സവിശേഷതകള്‍ക്കപ്പുറം നിലവിലുള്ള രാഷ്ട്രീയ അന്തരീക്ഷത്തിന്റെ സന്ദിഗ്ധതകളും ഭാവി രാഷ്ട്രീയത്തെ കുറിച്ചുള്ള ഉല്ക്കണ്ഠകളും സൃഷ്ടിക്കുന്ന ഒരു അരക്ഷിതത്വതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡല്‍ഹിയിലെ ആള്‍ക്കൂട്ടത്തെ നാം വിലയിരുത്തേണ്ടത്. എന്നാല്‍ അതേസമയം തന്നെ ഒരു പ്ലൂരളിസ്റ്റ് ഭരണ സംവിധാനം നിലനിര്‍ത്തുന്ന ചില ജനാധിപത്യ ധാരണകള്‍ ഉണ്ട്. പ്രാതിനിധ്യ വ്യവസ്ഥയില്‍ ഭരണ മാറ്റത്തിന് അടുത്ത് തെരഞ്ഞെടുപ്പു വരെ കാത്തിരിക്കുക എന്നതാണത്. എകാടിപത്യ, സൈനിക, സമഗ്രാധിപത്യ ഭരണ വ്യവസ്ഥകളില്‍ അത്തരം കാത്തിരുപ്പുകള്‍ക്ക് സാധുതയില്ല. ഒരു സമരത്തിന്റെ സ്ഫുലിoഗത്തെ അതിന്റെ യുക്തിപരമായ പരിസമാപ്തിയിലേക്ക്, ഭരണ സംവിധാനത്തിന്റെ നിഷ്കാസനത്തിലേക്ക്, എത്തിക്കാന്‍ കെല്‍പ്പുള്ള തീക്കടലാക്കുക എന്നത് അവിടെ ഒരു പ്രതീക്ഷ ആയിരിക്കും. ബെര്‍ലിന്‍ മതില്‍ തകര്ത്തവരും, ടിയാന്മെന്‍ ചത്വരത്തില്‍ പിടഞ്ഞ്ഞ്ഞു വീണു മരിച്ച കുട്ടികളും, എസ്ട്രോഡക്കെതിന്റെ മാനിലയില്‍ പ്രസിഡന്ഷ്യല്‍ കൊട്ടാരത്തിനു മുന്നില്‍ അണിനിരന്നവരും, താഹ്രിര്‍ ചത്വരത്തില്‍ കുതിച്ചെത്തിയവരും എല്ലാം ഇത്തരത്തില്‍ ഒരന്ത്യപ്രതീക്ഷയുടെ വക്താക്കളായിരുന്നു. ജയിക്കുക അല്ലെങ്കില്‍ മരിക്കുക എന്നത് അവരുടെ ആത്യന്തികമായ മുദ്രാവാക്യമായിരിക്കും. അത്തരം ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കാന്‍ മാത്രം ഇന്ത്യന്‍ ഭരണകൂടം വിശ്വാസ്യതതയില്‍ തകര്‍ന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

അഡോര്ണോ മറ്റൊരു വിധത്തില്‍ ഈ പ്രശ്നം കാനേറ്റിയുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കുന്നുണ്ട്‌. അങ്ങേയറ്റത്തെ ഫാസിസ്റ്റ് ഭരണകൂടങ്ങളും പ്രസ്ഥാനങ്ങളും പോലും എല്ലാ ജനാധിപത്യാവകാശങ്ങളും ഇല്ലായ്മ ചെയ്തതിനു ശേഷമാണെങ്കിലും ജനതതിയുടെ ചില താല്‍പ്പര്യങ്ങളെ അനുഭാവപൂര്‍വ്വം സമീപിക്കുന്നു എന്നതാണത്. വില്ല്യം റീഹിന്റെ അപഗ്രഥനത്തിലും ജനങ്ങള്‍ എങ്ങനെയാണ് ഫാസിസത്തിന്റെ പ്രത്യയ ശാസ്ത്രത്തില്‍ ആകൃഷ്ടരാവുന്നത് എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. ജനാവലി ഫാസിസത്താല്‍ ചതിക്കപ്പെടുനില്ല, അവര്‍ അതിനെ ആഗ്രഹിച്ചു സ്വീകരിക്കുകയാണെന്ന് അദ്ദേഹം വിലയിരുത്തി എന്നത് മറക്കാന്‍ കാലമായിട്ടില്ല നമുക്ക്. ഇതിനു അടിവര ഇട്ടുകൊണ്ടാണ് ദേല്യൂസ് ഇച്ഛയുടെ ഒരു പെര്‍വേര്‍ഷനിലേക്കാണ് ഫാസിസം ജനാവലികളെ നയിക്കുന്നതെന്നും ഇച്ഛകളെ ആണ് അവ ചൂഷണം ചെയ്യുന്നതെന്നും വിശദീകരിച്ചത്. ഇന്നത്തെ ഇന്ത്യയില്‍ ബൂര്‍ഷ്വാ ദേശീയത, ഭൂരിപക്ഷ മതാതിധികാരം, വികസനം, ഉപഭോഗ സംസ്കാരം എന്നീ അധിവ്യവഹാരങ്ങളാല്‍ ഒന്നിച്ചു ചേര്‍ക്കപ്പെട്ട ഒരു രാഷ്ട്രബോധം വര്‍ഗ്ഗ, വര്‍ണ്ണ മത വൈരുധ്യങ്ങളെ ദമിതമാക്കുകയും ഭരണകൂടത്തിന്റെ നൈരന്തര്യത്തിന്റെ ആവശ്യകത ഒരു ജനഹിതമാക്കി നിര്‍മ്മിച്ചെടുക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ ജനാവലികള്‍ രൂപം കൊള്ളുകയും വന്‍ തിരയിളക്കങ്ങള്‍ സൃഷ്ടിച്ച ശേഷം അപ്രത്യക്ഷമാവുകയും ചെയ്യന്നു. ജനാവലികളുടെ കൂടിച്ചേരലുകള്‍ക്ക് കാരണമാവുന്ന സംഭവങ്ങള്‍ പോലും പരിഹരിക്കപ്പെടുന്നതിനുള്ള കാലയളവ്‌ വരെ പോലും ഇവ ഐക്യദാര്‍ഡ്യത്തോടെ നിലകൊള്ളുന്നില്ല. ഗ്രാമങ്ങളിലെ ജനതതികളുടെ നിലനില്‍പ്പിനായുള്ള ജീവല്‍സമരങ്ങളിലെന്നത് പോലെയുള്ള ദീര്‍ഘമായ ചെറുത്തുനില്‍പ്പുകളോ, സഹനങ്ങളോ ഇന്ത്യന്‍ ജനാവലികള്‍ കാണിക്കാറില്ല. പ്രാതിനിധ്യ ജനാധിപത്യത്തിന്റെ സംവേദന ക്ഷമതയും സ്വീകാര്യതയുമാണ് ഇതിനുള്ള മുഖ്യ കാരണം. എന്നാല്‍ കീഴാള, ആദിവാസി, ഗ്രാമസമുദായ സമരങ്ങളില്‍ സ്ഥിതി ഇതല്ല. അവിടെ ഭരണകൂടത്തിന്റെയും ഭൂരിപക്ഷ മുഖ്യധാരയുടെയും നിലപാടുകള്‍ക്ക് എതിരാണ് അടിസ്ഥാനപരമായി ഇവരുടെ സമരങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍. ബി ജെ പി, കോണ്ഗ്രസ്, സി പി എം തുടങ്ങി പ്രാദേശിക പാര്‍ട്ടികള്‍ വരെയുള്ള പാര്‍ളിമെന്റരി പ്രസ്ഥാനങ്ങളെപ്പോലെ അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി മാത്രം സമരങ്ങളെ കാണുകയോ അധികാരം കിട്ടുന്നതോടെ സമരങ്ങളുടെ യവനിക താഴ്ത്തുകയോ ചെയ്യാന്‍ കഴിയുന്നതല്ല പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍. അതുകൊണ്ട് തന്നെ അവ ഭരണമാറ്റങ്ങളെ അതിജീവിക്കുകയും എല്ലാ സര്‍ക്കാരുകളാലും അടിച്ചമര്ത്തപ്പെടുമ്പോഴും ആ ചോരമണ്ണില്‍ തന്നെ വീണ്ടും വീണ്ടും മുളച്ചു പൊന്തുകയും ചെയ്യുന്നു.

സമകാല ഇന്ത്യന്‍ അവസ്ഥയില്‍ അടുത്ത തെരഞ്ഞെടുപ്പു വരെ ഡല്‍ഹി മാതൃകയിലുള്ള സമരങ്ങള്‍ കൂടുതല്‍ ഉണ്ടാവാന്‍ ഉളള രാഷ്ട്രീയ സാഹചര്യമാണുള്ളത്. അത്തരം സമരങ്ങള്‍ക്ക് കിട്ടുന്ന മാധ്യമ സഹാഭാവം കൂടങ്കുളം പ്രക്ഷോഭത്തിനോ, ആദിവാസി-ദളിത് വിഭാഗങ്ങളുടെ അതിജീവന സമരങ്ങള്‍ക്കോ കിട്ടുകയില്ല എന്നത് തീര്‍ച്ചയാണ്. വികസനത്തിന്റെ ഇരകള്‍, ഇന്ത്യന്‍ ദേശീയതയുടെയും ഭൂരിപക്ഷ മതാധിപത്യത്തിന്റെയും ശത്രുപക്ഷത്താണ്. എന്നാല്‍ ഡല്‍ഹിയിലെ സമരത്തിനു അത്തരമൊരു വൈരുധ്യം ഭരണകൂടവുമായോ അതിന്റെ ബൃഹദ് ആഖ്യായികകളോടോ ഇല്ല. ഡല്‍ഹിയിലെ നിഷ്ട്ടൂരമായ ലൈംഗികാക്രമണം സൃഷ്ടിച്ച ഞെട്ടലില്‍ നിന്ന് രൂപം കൊണ്ട സമരം എന്നാല്‍ വെറുതെ ആകാശത്തില്‍ നിന്ന് പോട്ടിവീണതല്ല. അത്തരം സമരങ്ങള്‍ രൂപം കൊള്ളാന്‍ സഹായകമായ ഒരു രാഷ്ട്രീയാന്തരീക്ഷം ഇന്ന് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ സമരo എന്ത് ചോദ്യമാണ് ഉയര്‍ത്തുന്നതെന്ന്, ഏതു ഉത്തരമാണ് തേടുന്നത് എന്നതിനെക്കുറിച്ച് ഇപ്പോള്‍ നിഗമനങ്ങളില്‍ എത്താന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

രാഷ്ട്രീയവും പ്രത്യശാസ്ത്രപരവുമായ ഈ ശൂന്യതയില്‍ മസ്കുലിനിറ്റിയെ (ആണത്തം) കുറിച്ചുള്ള നിരവധി പോപ്‌ ആശയങ്ങള്‍ സൈബര്‍ ലോകത്ത് സ്റ്റാറ്റസ് മെസ്സജുകളായി വന്നു. വളരെയധികം പേര്‍ വധശിക്ഷയെകുറിച്ചും വന്ധ്യംകരണത്തെ കുറിച്ചും അത്യന്തം ലഘുവായി സംസാരിക്കയും അങ്ങനെ അറുപിന്തിരിപ്പന്‍ ‘വിപ്ലവവീര്യം’ പ്രകടമാക്കുകയും ചെയ്തു. ഫെമിനിസ്റ്റ് രാഷ്ട്രീയo വിശേഷിച്ചും സിവില്‍ സമൂഹരാഷ്ട്രീയം പൊതുവിലും നേടിയിട്ടുള്ള സൈന്ധാന്തിക-പ്രത്യയശാസ്ത്ര മേല്‍ക്കൈ തകരരുത് എന്ന അടിസ്ഥാന ധാരണയില്‍ വളരെ കുറച്ചു ഇടപെടലുകളെ ഉണ്ടായുള്ളൂ. അരുന്ധതിയുടെത് അത്തരത്തിലൊന്നായിരുന്നു. 1895 –ല്‍ ലെ ബോണ്‍ ‘ജനക്കൂട്ടം: ജനകീയ മനസ്സിന്റെ പഠനം’ (‘The Crowd: A Study of the Popular Mind’ Le Bon G) എന്ന പുസ്തകത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് വൈകാരികത സൃഷ്ടിക്കാന്‍ കഴിയുമെങ്കിലും ബൌധികനിലവാരം ഉണ്ടാവണമെന്നില്ല എന്നൊരു നിരീക്ഷണം നടത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനം എന്തായാലും, ഏതു ഫാസിസ്റ്റ് ശക്തിക്കും കൈവശപ്പെടുത്താനും, തങ്ങളുടെ രാഷ്ട്രീയാജണ്ടകള്‍ക്ക് മാത്രമായി ഉപയോഗിക്കാനും കഴിയുന്ന ഒരു ആള്‍ക്കൂട്ടരാഷ്ട്രീയത്തെ കുറിച്ച് ജാഗ്രത പാലിക്കാന്‍ സിവില്‍ സമൂഹത്തിനു ബാധ്യതയുണ്ട്. ഹസാരെയും കേജ്രിവാലും ഉണ്ടെങ്കിലും ഇല്ലങ്കിലും ഓടിക്കൂടുന്ന ഈ ആള്‍ക്കൂട്ടത്തിനെ നിരകാരിക്കാന്‍ നമുക്കാവില്ല. അത് ഇന്ന് ഉയര്‍ന്നു വരുന്ന പുതിയ രാഷ്ട്രീയ യാഥാര്‍ത്യമാണ്. പക്ഷെ അതിന്റെ സാധ്യതകളെ കുറിച്ച് അമിത പ്രതീക്ഷകള്‍ വച്ച് പുലര്‍ത്തുകയും അതില്‍ ഇതുവരെ ഉണ്ടായിട്ടുള്ള ജനാധിപത്യ സമരങ്ങളുടെ നേര്‍ പാരമ്പര്യം കണ്ടെത്തുകയും ചെയ്യുക എന്നത് അലസമായ സമീപനമാണ്.

മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായി വികസിക്കുന്ന ഉപരാഷ്ട്രീയം കൂടുതല്‍ ശക്തിപ്പെടെണ്ടതുണ്ട്. പക്ഷെ അതിനു ക്ഷമാപൂര്‍വ്വമായ ശാക്തിക സമാഹാരണവും സൈന്ധാന്ധികാടിത്തറയുടെ നിരന്തരമായ വിപുലീകരണവും ആവശ്യമാണ്‌. നേതൃത്വവും ആഹ്വാനവുമില്ലാതെ ഓടിക്കൂടുന്ന ആള്‍ക്കൂട്ടങ്ങളെ കുറിച്ചുള്ള കാല്‍പ്പനിക മോഹങ്ങള്‍ ആ രാഷ്ട്രീയത്തെ ഒട്ടും വിശകലനാത്മ്കമായി സഹായിക്കുന്നില്ല. ഡല്‍ഹിയിലെ സമരത്തിന്റെ നേര്‍ക്ക്‌ നോക്കി അരുന്ധതി നടത്തിയ വെല്ലുവിളി ചരിത്രത്തില്‍ വലിയ പ്രാധാന്യമുള്ളതായി ഞാന്‍ കരുതുന്നു. ഒടുവില്‍ മരിച്ച പെണ്‍കുട്ടിക്ക് വേണ്ടി മെഴുകുതിരി കൊളുത്തി ആ ആള്‍ക്കൂട്ടം പിരിഞ്ഞു പോവുമ്പോള്‍ സോണി സോറിയും, ഇറോം ശര്മ്മിലയും ഉയര്‍ത്തുന്ന പ്രശ്നങ്ങളും, മറ്റനവധി മനുഷ്യാവകാശ ലംഘനങ്ങളും ദളിത്‌- ആദിവാസി പീഡനങ്ങളും അവരെ സ്പര്ശിക്കുന്നില്ലെന്നു നാം തിരിച്ചറിയുന്നു. ഈ സമരത്തെ അതിന്റെ തുടക്കത്തില്‍ തന്നെ വിമര്‍ശിക്കാന്‍ കഴിഞ്ഞു എന്നത് നിസ്സാര കാര്യമല്ല. പുതിയ ജനാധിപത്യ രാഷ്ട്രീയത്തെ ഏകപക്ഷീയമായി നിര്‍വചിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഹസാരെമാര്‍ക്കും കേജ്രിവാള്മാര്‍ക്കും ഉള്ള താക്കീതാണത്. ഒപ്പം ഇത്തരം ആള്‍ക്കൂട്ടങ്ങളില്‍ സ്വന്തം അജണ്ടകലും ഫാസിസ്റ്റ് സമഗ്രാധിപത്യ രാഷ്ട്രീയവും എങ്ങനെ കൊണ്ടെത്തിക്കം എന്നു കാത്തിരിക്കുന്ന വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും. ഈ സമരം ഇപ്പോള്‍ കോണ്ഗ്രസ് സര്‍ക്കാര്‍ നേരിടുന്ന പ്രതിപക്ഷ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ അതിന്റെ ലെജിറ്റിമേഷന്‍ പ്രതിസന്ധിയെ തീക്ഷ്ണമാക്കി എന്നത് സത്യമാണ്. എന്നാല്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധമായ സമീപനത്തിനു അത് കൂടുതല്‍ ശക്തി പകരുകയാണ് ചെയ്തത്. ഇതാകട്ടെ ഈ വ്യവസ്ഥാപിത പ്രസ്ഥാനങ്ങള്‍ക്കും ആഹ്ലാദകരമായ വാര്ത്തയാണ്. ഈ സമരത്തെ തള്ളിപ്പറയുകയോ സ്വീകരിക്കുകയോ ചെയ്യുന്നുണ്ടോ എന്നതല്ല മുഖ്യ പ്രശ്നം. കാരണം ഈ ആള്‍ക്കൂട്ടവും അതിന്റെ രാഷ്ട്രീയ മിച്ചമൂല്യവും ഏതു സാമൂഹിക മൂലധനത്തിന്റെതാണ് എന്നത് നാം കാണാനിരിക്കുന്നതേയുള്ളൂ.

Categories
Malayalam Articles

വായനയുടെ പ്രതിരോധങ്ങള്‍

വായനയുടെ പ്രതിരോധങ്ങള്‍

ഡോ. ടി ടി ശ്രീകുമാര്‍ മാധ്യമം ഒക്ടോബര്‍ 22 2012

ഗൗരവമായി വായിക്കുന്നവര്‍ക്കറിയാം അതൊരിക്കലും രേഖീയമായ ഒരു പ്രക്രിയയല്ലെന്ന്. എന്നെ സംബന്ധിച്ചിടത്തോളം പഠനത്തിന്‍െറ, ഗവേഷണത്തിന്‍െറ, അധ്യാപനത്തിന്‍െറ, സാമൂഹിക പ്രക്ഷോഭങ്ങളുമായുള്ള നിരന്തരസമ്പര്‍ക്കത്തിന്‍െറ പശ്ചാത്തലത്തിലാണ് വായനയുടെ സന്ദര്‍ഭങ്ങള്‍, അതിന്‍െറ നൈരന്തര്യങ്ങള്‍, വിച്ഛേദങ്ങള്‍ ഒക്കെ സംഭവിക്കുന്നത്. മാത്രവുമല്ല, മാറുന്ന സന്ദര്‍ഭങ്ങള്‍ വായനയുടെയും പുനര്‍വായനയുടെയും ഉള്ളടക്കത്തെയും അതിനോടുള്ള വ്യാഖ്യാന സന്നദ്ധതകളെയും സ്വാധീനിക്കുകയുംചെയ്യുന്നു. അതിനുമപ്പുറം, സമകാലികരും അല്ലാത്തവരുമായ വലിയ ചിന്തകരുടെ രചനാശേഖരങ്ങള്‍ ഒറ്റയടിക്ക് വായിച്ചുതീര്‍ക്കാറുമില്ല. അവരുടെ കൃതികളിലൂടെ അവരെക്കുറിച്ചുള്ള മറ്റു ഗവേഷകരുടെ പഠനങ്ങളിലൂടെ, നാം നിത്യജീവിതത്തില്‍ നേരിടുന്ന രാഷ്ട്രീയസന്ദര്‍ഭങ്ങളില്‍ പ്രസക്തമാകുന്ന പുസ്തകങ്ങളുടെയോ പുസ്തകഭാഗങ്ങളുടെയോ വായനയിലൂടെയും പുനര്‍വായനയിലൂടെയുമാണ് ചിന്തകരെക്കുറിച്ചും, അവരുടെ ആശയങ്ങള്‍, സാധ്യതകള്‍, പരിമിതികള്‍ എന്നിവയെക്കുറിച്ചുമുള്ള വിചാരങ്ങള്‍ രൂപപ്പെടുന്നത്. മാര്‍ക്സ് ഉല്‍പാദനത്തെക്കുറിച്ച് പറഞ്ഞത് അതില്‍ ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ ഉപഭോഗംകൂടി അടങ്ങിയിരിക്കുന്നു എന്നാണ്. വായനയും ആത്മനിഷ്ഠ-വസ്തുനിഷ്ഠഘടകങ്ങള്‍ അടങ്ങിയിട്ടുള്ള തെരഞ്ഞെടുപ്പുകളാണെന്നത് കേവലസൗന്ദര്യവാദത്തെ തൊട്ടുതലോടുന്ന ലിബറല്‍ വായനാസങ്കല്‍പത്തിനുള്ള മറുപടി മാത്രമല്ല. മറിച്ച്, എപ്പോഴും ഉയര്‍ത്തിപ്പിക്കേണ്ട ഒരു നിലപാടുകൂടിയാണ് എന്നാണ് തോന്നിയിട്ടുള്ളത്.

അത്തരം വായനയുടെ നിരവധി സന്ദര്‍ഭങ്ങളില്‍ അനിവാര്യമായ കണ്ടുമുട്ടലുകളുടെ ഓര്‍മകളും അറിവുകളും പ്രതിഷേധങ്ങളും വിമര്‍ശങ്ങളും ഇച്ഛാഭംഗങ്ങളും ചേര്‍ന്നതാണ്, ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് അന്തരിച്ച എറിക് ഹോബ്സ്ബാമെന്ന പാശ്ചാത്യ മാര്‍ക്സിസ്റ്റ് ചിന്തകനെന്നോ യൂറോ-കമ്യൂണിസ്റ്റ് പണ്ഡിതനെന്നോ എനിക്ക് വിശേഷിപ്പിക്കാന്‍ തോന്നുന്ന ബ്രിട്ടീഷ് ചരിത്രകാരന്‍െറ കൃതികളുമായുള്ള ദീര്‍ഘകാലത്തെ എന്‍െറ വായനാനുഭവം. വിവിധ കാലഘട്ടങ്ങളില്‍ വായിക്കുമ്പോള്‍ ഇത്തരം അനുഭവങ്ങളുടെതന്നെ തീവ്രതകളില്‍ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാ ആശയങ്ങളെയും സംഭവങ്ങളെയും പ്രസ്ഥാനങ്ങളെയും മാര്‍ക്സിസവുമായി മാത്രം ബന്ധിപ്പിച്ച് കാണാന്‍ ശീലിച്ചിരുന്ന കാലത്തും കുറെക്കൂടി എക്ലക്ടിക് ആയ പരിസരങ്ങളിലേക്ക് ജ്ഞാന-ഭവശാസ്ത്രപരമായ വിചാരങ്ങള്‍ സഞ്ചരിക്കാന്‍ തുടങ്ങിയ പില്‍ക്കാലത്തും ഹോബ്സ്ബാമിന്‍െറ കൃതികള്‍ വായിക്കേണ്ടിവന്നിട്ടുണ്ട്. അതിനാല്‍, കേവലം ഒരു മരണാനന്തര-അനുസ്മരണകുറിപ്പിന്‍െറ പരിമിതികള്‍ മാത്രമല്ല, സൈദ്ധാന്തികമായും വ്യക്തിപരമായുമുള്ള കരുതലുകളുംകൂടി നിശ്ചയിച്ചുറപ്പിച്ച ഒരു നിലപാടില്‍നിന്നുകൊണ്ടുമാത്രം അദ്ദേഹത്തെ വിലയിരുത്താന്‍ ശ്രമിക്കുന്നതില്‍നിന്ന് എന്നെ ഇതെഴുതുമ്പോള്‍ നിരന്തരം വിലക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട് എന്നത് സൂചിപ്പിക്കാതിരിക്കാനാവില്ല. ഈ കുറിപ്പിന്‍െറ അവ്യവസ്ഥകള്‍ ഹോബ്സ്ബാമിനെ വായിക്കാന്‍ ശ്രമിച്ചിട്ടുള്ളതിന്‍െറ അനുഭവചരിത്രത്തിനുള്ളിലെ സമ്മര്‍ദങ്ങള്‍ സൃഷ്ടിക്കുന്ന അവ്യവസ്ഥകളാണ്.

ഇവിടെ പ്രധാനമായും ജ്ഞാനശാസ്ത്രപരമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന അദ്ദേഹത്തിന്‍െറ ചില സംഭാവനകളിലാണ് ഞാന്‍ ഊന്നല്‍നല്‍കാന്‍ ശ്രമിക്കുന്നത്. ഒരു മാര്‍ക്സിസ്റ്റ് ചിന്തകനും ചരിത്രകാരനുമായി അറിയപ്പെടുന്നു അദ്ദേഹം എന്നത് സുവിദിതമാണ്. എന്നാല്‍, ഒരു മാര്‍ക്സിസ്റ്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്‍െറ വൈരുധ്യാത്മകസമീപനം ചരിത്രരചനയില്‍ അദ്ദേഹം ഉപയോഗിച്ചത് എങ്ങനെയെന്നും അത് നല്‍കുന്ന സൂക്ഷ്മമായ ഉള്‍ക്കാഴ്ചകള്‍ എന്തൊക്കെയാണെന്ന ജിജ്ഞാസയുമാണ് ഒരു കാലഘട്ടത്തില്‍ എന്നെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചത്.
ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളില്‍ കേരളചരിത്ര സംവാദങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയിരുന്ന കാലത്താണ് ഗൗരവകരമായി ഹോബ്സ്ബാമിനെ സമീപിക്കേണ്ട രണ്ടു വായനാസന്ദര്‍ഭങ്ങള്‍ സംജാതമായത്. തൊണ്ണൂറുകള്‍ എന്ന് പറഞ്ഞതുകൊണ്ട് 1994ല്‍ അദ്ദേഹം എഴുതിയ The Age of Extremes എന്ന ഗ്രന്ഥത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത് എന്ന് വിചാരിക്കേണ്ടതില്ല. അത് പ്രസിദ്ധീകരിച്ച സമയത്ത് ആ ബൃഹദ്ഗ്രന്ഥം അടിയന്തരപ്രാധാന്യത്തോടെ വായിച്ചുതീര്‍ക്കാനുള്ള കാരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും (സോവിയറ്റ് യൂനിയന്‍െറ പതനം, മുതലാളിത്ത പ്രതിസന്ധി, ദേശീയതകളുടെ ഇടതു-വലത് രൂപങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്) അതിനുള്ള സാവകാശമോ സന്നദ്ധതയോ അപ്പോള്‍ ഉണ്ടായിരുന്നില്ല. കുറച്ചുനാള്‍കൂടികഴിഞ്ഞ്, സിവില്‍സമൂഹത്തെക്കുറിച്ചും നവസാമൂഹിക പ്രസ്ഥാനങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമായ കാലത്താണ് The Age of Extremesലേക്ക് ശ്രദ്ധതിരിയുന്നത്. തൊണ്ണൂറുകളില്‍ ഞാന്‍ വായിക്കാന്‍ തീരുമാനിച്ചതും ഗൗരവകരമായി സമീപിച്ചതും അദ്ദേഹത്തിന്‍െറ ആദ്യകാല കൃതികളില്‍നിന്ന് എനിക്ക് ഒഴിവാക്കാനാവത്തത് എന്ന് തോന്നിയ രണ്ടു കൃതികളായിരുന്നു-1969ല്‍ രചിച്ച Banditsഉം 1983ല്‍ ടെറന്‍സ് റേഞ്ചറുമായി ചേര്‍ന്ന് എഴുതിയ The Invention of Traditionഉം.

ഞാന്‍ നടന്നുകയറിയ ഗവേഷണത്തിന്‍െറ ഒരു ചെറിയ ഇടവഴിയില്‍ കണ്ടെത്തിയ ഉല്‍പാദനങ്ങളോട് സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ചും കേരളീയതയുമായി ബന്ധപ്പെട്ട് സ്വീകരിച്ച രാഷ്ട്രീയനിലപാടുകളുടെ കൃത്യതകളെക്കുറിച്ചുള്ള സന്ദേശങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിന്‍െറ ഭാഗമായിട്ടുമായിരുന്നു ഈ രണ്ടു കൃതികളും സൂക്ഷ്മമായി വായിക്കാന്‍ ഞാന്‍ തീരുമാനിച്ചത്.

കഥാഗാനങ്ങളുടെ ചരിത്രപരത

കേരളചരിത്രത്തെക്കുറിച്ചുള്ള ചെറിയ ചില അന്വേഷണങ്ങളുടെ ഇടയിലാണ് തെക്കന്‍പാട്ടുകളെക്കുറിച്ച് കൂടുതലറിയുന്നതും അതേക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചതും. തെക്കന്‍പാട്ടുകളുടെ ഒരു വിപുലമായ ലോകം കേരള ചരിത്രരചനയില്‍ അവഗണിക്കപ്പെട്ടുകിടക്കുകയാണെന്നത് എന്നെ ഞെട്ടിച്ച തിരിച്ചറിവായിരുന്നു. കേരളത്തിലെ പ്രധാന ചരിത്രരചയിതാക്കളുടെ ലേഖനങ്ങളും കൃതികളും ഞാന്‍ അവ അര്‍ഹിക്കുന്ന അക്കാദമിക് ഗൗരവത്തോടെ പരിശോധിച്ചെങ്കിലും ഒരു അടിക്കുറിപ്പായിപ്പോലും തെക്കന്‍പാട്ടുകളെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നത് കേരളത്തിലെ ഔദ്യാഗിക ചരിത്രഗവേഷകരുടെ കൃതികള്‍ക്ക് ഭൂഷണമായല്ല എനിക്ക് അനുഭവപ്പെട്ടത്. ഇക്കാര്യത്തിലുള്ള അവരുടെ അജ്ഞത അമ്പരപ്പിക്കുന്നതുതന്നെയായിരുന്നു. തെക്കന്‍പാട്ടുകള്‍ പരിശോധിച്ചതോടെ തെക്കന്‍ തിരുവിതാംകൂറില്‍ നിലനിന്നിരുന്ന മരുമക്കത്തായം പരമ്പരാഗത കേരളത്തില്‍നിന്ന് (പി.കെ. ബാലകൃഷ്ണന്‍െറ പ്രയോഗം) വിഭിന്നമാണെന്നും ഒപ്പം അവിടത്തെ ജാതിയുടെയും ലിംഗനീതിയുടെയും ധാരണകളും ചരിത്രവും തികച്ചും വ്യത്യസ്തമാണെന്നുമുള്ള നിഗമനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. എന്നാല്‍, ഇതിന്‍െറ കൂടുതല്‍ വിശകലനത്തിലേക്ക് കടക്കുന്നതിന് തടസ്സങ്ങളുണ്ടായിരുന്നു. നാടന്‍പാട്ടുകളുടെ ചരിത്രപരിസരം അടയാളപ്പെടുത്തുക എളുപ്പമല്ല. രീതിശാസ്ത്രപരമായ പ്രശ്നങ്ങള്‍കൂടാതെ മറ്റു ഉപദാനങ്ങളുടെ സാക്ഷ്യങ്ങളുമായി നമ്മുടെ വ്യാഖ്യാനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ചേര്‍ന്നുനില്‍ക്കാന്‍ കഴിയുമോ എന്നതും പ്രധാനപ്പെട്ട ചോദ്യമായിരുന്നു. മാത്രവുമല്ല, തെക്കന്‍പാട്ടുകളിലെ പ്രതിനിധാനത്തില്‍, അവ പ്രതിനിധാനംചെയ്യുന്ന ഭൗതികചരിത്രത്തെ കാണാന്‍ ശ്രമിക്കുന്ന സമീപനത്തിന്‍െറ വിശ്വാസ്യതയെക്കുറിച്ചും എനിക്ക് സംശയമുണ്ടായിരുന്നു.

ഈ സന്ദര്‍ഭത്തിലാണ് ഹോബ്സ് ബാമിന്‍െറ Bandits എന്ന കൃതിയെക്കുറിച്ചുള്ള ഒരു റിവ്യൂ എന്‍െറ ഓര്‍മയിലെത്തിയത്. റബേലിയാസിന്‍െറ ലോകവും (Bhakthin : Rabelais and His World) മറ്റു പല ഗവേഷണ ഗ്രന്ഥങ്ങളും വിട്ട് ഞാന്‍ Bandits വായിക്കാന്‍ തുടങ്ങി. അപ്പോള്‍ മറ്റൊരു സമീപനത്തെക്കുറിച്ചുകൂടി മനസ്സിലാക്കാമെന്ന വിചാരമേ എനിക്കുണ്ടായിരുന്നുള്ളൂ. Banditsന്‍െറ ഒന്നാമത്തെ ആകര്‍ഷണം, പ്രസ്തുത കൃതിയുടെ രചനകളില്‍ അദ്ദേഹം കവര്‍ച്ചയെക്കുറിച്ചും കവര്‍ച്ചക്കാരെക്കുറിച്ചുമുള്ള ഭാവനാനിര്‍മിതികളെയാണ് പ്രധാനമായും ആശ്രയിച്ചത് എന്നതായിരുന്നു. അതിലൂടെ സൂക്ഷ്മമായി സോഷ്യല്‍ ബാന്‍ഡിറ്റ് (Social Bandit) എന്ന ഒരു സങ്കല്‍പനം രൂപപ്പെടുത്തുകയായിരുന്നു അദ്ദേഹം ചെയ്തത്.ഇത്തരത്തില്‍ ഒരു സങ്കല്‍പനത്തിലേക്ക് എത്തുന്നതിന്, സാമൂഹികതയെക്കുറിച്ചും അതിനടിസ്ഥാനമായ ഭൗതികമായ ഉല്‍പാദന-ഉപഭോഗ-വിതരണ ക്രമത്തെക്കുറിച്ചും നിശിതമായി പരിശോധിക്കേണ്ടതുണ്ട്. അതിന്‍െറ അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്ന പരികല്‍പനകളുടെയും അനുമാനങ്ങളുടെയും പശ്ചാത്തലത്തില്‍ മാത്രമേ, ഒരു സാമൂഹിക പ്രതിഭാസമായി കവര്‍ച്ചയെയും അത് പ്രതിനിധാനംചെയ്യുന്ന പ്രതിരോധ സമീപനത്തെക്കുറിച്ചും നിലപാടുകള്‍ രൂപവത്കരിക്കാന്‍ കഴിയൂ; നാടന്‍പാട്ടുകള്‍ക്കും കഥകള്‍ക്കും വിഷയമായിത്തീര്‍ന്ന വിവിധസംസ്കാരങ്ങളിലെ നാട്ടുവീരന്മാരുടെ കഥകളില്‍നിന്ന് ഫ്യൂഡലിസത്തിനുള്ളിലെ പ്രതിരോധരാഷ്ട്രീയത്തിന്‍െറ സാധ്യതയെക്കുറിച്ചുള്ള അതിശക്തമായ ഒരു അനുമാനത്തിലേക്കാണ് ഹോബ്സ്ബാം എത്തിച്ചേര്‍ന്നത്. അനീതിയെ എതിര്‍ക്കുന്ന, സമ്പത്തിന്‍െറ പുനര്‍വിതരണത്തില്‍ വിശ്വസിക്കുന്ന, സമ്പന്നര്‍ക്കെതിരെ ദരിദ്രര്‍ക്കൊപ്പം നില്‍ക്കുന്ന, പ്രാദേശിക സമുദായങ്ങളുമായി ജൈവബന്ധവും അവര്‍ക്കിടയില്‍ സ്വീകാര്യതയുമുള്ള ഒരു പ്രതിരോധ നേതൃത്വത്തിന്‍െറ വിപ്ളവാത്മകതയുടെ സാമൂഹികചിത്രമാണ് ഹോബ്സ്ബാം വരച്ചുകാട്ടാന്‍ ശ്രമിച്ചത്. ഏഷ്യനാഫ്രിക്കന്‍ ഭൂഖണ്ഡങ്ങളില്‍നിന്നും ലാറ്റിനമേരിക്കയില്‍നിന്നുമെല്ലാം ശേഖരിച്ച കഥകളും പാട്ടുകളും അദ്ദേഹത്തിന്‍െറ ഈ രാഷ്ട്രീയ-സാംസ്കാരിക-ചരിത്രപഠനത്തെ സമ്പന്നമാക്കിയിരുന്നു.

കാര്‍ഷികവ്യവസ്ഥയുടെ അടിസ്ഥാന ഭൗതികതലവുമായി കവര്‍ച്ചയുടെ പ്രതിനിധാനങ്ങളെ ബന്ധപ്പെടുത്തുന്ന ഒരു രീതിശാസ്ത്രമായിരുന്നു ഹോബ്സ്ബാം ഉപയോഗിച്ചത്. കര്‍ഷകര്‍ക്കുവേണ്ടി ആയുധമേന്തുന്ന സോഷ്യല്‍ ബാന്‍ഡിറ്റിന് കര്‍ഷകര്‍ അഭയം നല്‍കുകയും നിയമപാലകരില്‍നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നതിന്‍െറ രാഷ്ട്രീയമാണ് ഹോബ്സ്ബാം അനാവരണംചെയ്യാന്‍ ശ്രമിച്ചത്. പ്രതിരോധത്തിന്‍െറ രാഷ്ട്രീയം അധികാരവ്യവസ്ഥയില്‍ രൂപപ്പെടുന്നതിന്‍െറ ചരിത്രസാഹചര്യത്തെ വിശദീകരിക്കുകയല്ല. മറിച്ച്, കഥാഗാനങ്ങളിലെ സംഘര്‍ഷാത്മകമായ ജീവിതസന്ദര്‍ഭങ്ങളില്‍നിന്ന്, സാമൂഹിക പ്രതിരോധത്തിന്‍െറ അമൂര്‍ത്തവും എന്നാല്‍, ചരിത്രബന്ധവുമായ സാധ്യതയെ നിര്‍മിച്ചെടുക്കുകയാണ് ഹോബ്സ്ബാം ചെയ്യുന്നതെന്ന് എനിക്ക് ബോധ്യമാവുകയായിരുന്നു.

എന്നാല്‍, ഈ കൃതിയുടെ രചനക്കുശേഷം ഈ വിഷയത്തെക്കുറിച്ചു നടന്ന ഗവേഷണങ്ങള്‍ അദ്ദേഹത്തിന്‍െറ അനുമാനങ്ങളില്‍ പലതും തള്ളിക്കളഞ്ഞതിന്‍െറ ചരിത്രം അവഗണിച്ചുകൊണ്ടും അദ്ദേഹംതന്നെ 1981ല്‍ നടത്തിയ സ്വയംവിമര്‍ശങ്ങള്‍ക്ക് മുഖംതിരിഞ്ഞുനിന്നുകൊണ്ടും അസമീക്ഷ്യമായി അദ്ദേഹത്തിന്‍െറ ആ രീതിശാസ്ത്രം സ്വീകരിക്കുക സാധ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ ‘ജാതിസംഘര്‍ഷത്തിന്‍െറ മാനങ്ങള്‍ തെക്കന്‍പാട്ടുകളില്‍’, ‘പെണ്‍പ്രതിരോധം തെക്കന്‍പാട്ടുകളില്‍’ എന്നീ ലേഖനങ്ങളില്‍ അദ്ദേഹത്തിന്‍െറ സമീപനത്തിലെ കാതലായ ഒരുവശം- കഥാഗാനങ്ങള്‍ സാമൂഹിക പ്രതിരോധത്തെക്കുറിച്ച് നല്‍കുന്ന സൂക്ഷ്മാവബോധത്തെ വിശകലനംചെയ്യുന്നതിന്‍െറ രാഷ്ട്രീയമായ സാംഗത്യം മാത്രം ഞാന്‍ കടംകൊള്ളുകയായിരുന്നു. അദ്ദേഹം Bandits രചിക്കുന്നതിനും ഞാന്‍ അത് ഗൗരവമായി വായിക്കുന്നതിനും ഇടയില്‍ നിരവധി ഗവേഷകര്‍ അദ്ദേഹത്തിന്‍െറ സമീപനത്തെ വിമര്‍ശിച്ചുകൊണ്ട് വിവിധ പ്രദേശങ്ങളിലെ കഥാഗാനങ്ങള്‍ വിശകലനംചെയ്ത് പുത്തന്‍ സമീപനങ്ങളും പരികല്‍പനകളും രൂപപ്പെടുത്തിക്കഴിഞ്ഞിരുന്നു. Anton Blokന്‍െറ ‘The Peasant and the Brigand: Social Banditry Reconsidered (Comparative Studies in Society and History, 14 (4), 1972), Pat O’ Malleyയുടെ Journal of Peasant Studies, 1979ല്‍ പ്രസിദ്ധീകരിച്ച ‘Social Bandits, Modern Capitalism and the Traditional Peasantry: A critique of Hobsbawm, 6 (4) തുടങ്ങിയ പഠനങ്ങള്‍ ഞാന്‍ ആഴത്തില്‍ പരിശോധിച്ചിരുന്നു. ബ്ളോക്കിന് ഹോബ്സ്ബാം നല്‍കിയ മറുപടിയും ഞാന്‍ വായിച്ചു. അതിന്‍െറ പശ്ചാത്തലത്തില്‍, ഈ വിമര്‍ശങ്ങളെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ഹോബ്സ്ബാമിന്‍െറ മാതൃക പിന്തുടരുക സാധ്യമായിരുന്നില്ല. ബ്ളോക്കിന്‍െറ വിമര്‍ശത്തിന്‍െറ കാതല്‍ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു -ഹോബ്സ്ബാമിന്‍െറ സോഷ്യല്‍ ബാന്‍ഡിറ്റുകളെക്കുറിച്ചുള്ള താരതമ്യപഠനം ഇത്തരം കവര്‍ച്ചക്കാരുടെ അധികാരശക്തികളുമായുള്ള ബന്ധത്തെ പൂര്‍ണമായും അവഗണിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളിലെ പ്രതിരോധരാഷ്ട്രീയത്തെ അമിതമായി ആദര്‍ശവത്കരിക്കുകയും ചെയ്യുന്നു എന്നതായിരുന്നു ആ വിമര്‍ശം. ഹോബ്സ് ബാമിനെ വിര്‍മശാത്മകമായല്ലാതെ സ്വാംശീകരിക്കുന്നതില്‍നിന്ന് എന്നെ തടയുന്നതിനും തെക്കന്‍പാട്ടുകളിലെ ദലിത് പ്രതിരോധവും പെണ്‍പ്രതിരോധവും കുറെക്കൂടി യഥാതഥമായ ഭൗതിക-സാംസ്കാരികതലത്തിന്‍െറ പശ്ചാത്തലത്തില്‍ വിശകലനംചെയ്യുന്നതിനും ആ പ്രതിവായന എന്നെ സഹായിച്ചു എന്നു പറയുന്നതില്‍ തെറ്റില്ല. അതുപോലെ Pat O’ Malleyയുടെ പഠനത്തിനും ഒരു സവിശേഷതയുണ്ടായിരുന്നു. പരമ്പരാഗത കാര്‍ഷികവ്യവസ്ഥയുടെ സജീവതയും ആധുനിക വ്യവസായ മുതലാളിത്തത്തിന്‍െറ അസാന്നിധ്യവുമാണ് ഹോബ്സ്ബാം, സാമൂഹിക പ്രതിരോധത്തിന്‍െറ മുന്‍ ഉപാധികളായി വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, ഇതോടൊപ്പം, ഉല്‍പാദകരെ സാമൂഹിക-സാമ്പത്തിക ഘടകമായി ഐക്യപ്പെടുത്തുന്ന വര്‍ഗസമരത്തിന്‍െറ അനിവാര്യതയും ഉല്‍പാദക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്ഥാപനസംവിധാനങ്ങളുടെ അസാന്നിധ്യവും ഈ സാഹചര്യത്തെ നിര്‍മിക്കുന്നതിന് ചരിത്രപരമായി ആവശ്യമുണ്ടെന്ന് O’ Malley അഭിപ്രായപ്പെട്ടിരുന്നു. ജാതിസംഘര്‍ഷത്തെക്കുറിച്ചും കാര്‍ഷികവ്യവസ്ഥയിലെ ഉല്‍പാദനബന്ധങ്ങളുമായി അതിനുള്ള ബന്ധത്തെക്കുറിച്ചും തെക്കന്‍പാട്ടുകളെക്കുറിച്ചുള്ള പഠനത്തില്‍ ഊന്നല്‍ നല്‍കുന്നതിന് ഈ വിമര്‍ശവും ഒരുപരിധിവരെ സഹായിച്ചു എന്നതാണ് സത്യം. John S. Koliopoulos (Brigands with a Cause: Brigandage and Irredentism in Modern Greece, 1987); Billy Chandler (King of the Mountain:The Life and Death of Giuliano the Bandit, 1988) തുടങ്ങിയ കൃതികളും മറ്റു ചില പഠനങ്ങളും അക്കാലത്ത് പരിശോധിച്ചിരുന്നു. തികച്ചും വ്യത്യസ്തമായ വായനയുടെയും വൈരുധ്യാത്മക സമീപനത്തിന്‍െറയും ലോകത്തേക്ക് തികഞ്ഞ ഒരു വായനാസഹായിയായി ഹോബ്സ്ബാം മാറുകയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം. അതിന്‍െറ ഊഷ്മളമായ ഓര്‍മകള്‍ ഒരിക്കലും വിസ്മരിക്കാനാവില്ല.

പാരമ്പര്യവും ബദല്‍ ആധുനികതകളും

കേരള ദേശീയതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും സജീവമായതിന്‍െറ പശ്ചാത്തലത്തില്‍ പാരമ്പര്യത്തെക്കുറിച്ചും സ്വത്വത്തെക്കുറിച്ചുമുള്ള അന്വേഷണങ്ങള്‍ക്ക് രാഷ്ട്രീയമായ സാംഗത്യം വര്‍ധിക്കുകയും മാര്‍ക്സിസത്തിന്‍െറ ഇത്തരം കാര്യങ്ങളിലുള്ള സമീപനത്തെക്കുറിച്ച് അന്വേഷണങ്ങള്‍ ആവശ്യമായി വരുകയും ചെയ്ത സാഹചര്യത്തിലാണ് ഹോബ്സ്ബാം റേഞ്ചറുമായി ചേര്‍ന്നെഴുതിയ ‘The Invention of Tradition’ എന്ന ഗ്രന്ഥം ഞാന്‍ വായിക്കുന്നത്. Banditsന്‍െറ വായനപോലെ തന്നെ ഇവിടെയും ജ്ഞാന-രീതിശാസ്ത്രപരമായ ഉള്‍ക്കാഴ്ചകള്‍ക്കുവേണ്ടിയുള്ള തിരച്ചിലാണ് എന്നെ ഈ കൃതിയിലേക്കെത്തിച്ചത്. വിശേഷിച്ചും അക്കാലത്ത് നാട്ടറിവ് പഠനകേന്ദ്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും കടലും സംസ്കാരവും എന്ന ഒരു സ്പെഷല്‍ ഇഷ്യൂ നാട്ടറിവ് മാസികക്കുവേണ്ടി ഞാന്‍ എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു (ഡി.സി ബുക്സ് പിന്നീട് ഇത് ‘കടലറിവുകള്‍’ എന്ന പേരില്‍ പുന$പ്രസിദ്ധീകരിച്ചു). ഒപ്പംതന്നെ സി.ആര്‍. രാജഗോപാലന്‍, വിജയകുമാര്‍ മേനോന്‍ എന്നിവരുമായി ചേര്‍ന്ന് ‘കൃഷിഗീത’യുടെ ഒന്നാം പതിപ്പ് പ്രസിദ്ധീകരിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു.
പാരമ്പര്യത്തോട് എന്തു നിലപാട് സ്വീകരിക്കണമെന്നത് സങ്കീര്‍ണമായ ഒരു പ്രശ്നമായിരുന്നു. സവര്‍ണ ഹൈന്ദവ വാദികളുടെ പാരമ്പര്യവാദത്തിലേക്ക് വഴുതിപ്പോകാത്തതും ആധുനികതയുടെ യുക്തിശാഠ്യങ്ങളോട് സന്ധിചെയ്യാന്‍ വിസമ്മതിക്കുന്നതുമായ ഒരു സമീപനം രൂപപ്പെടുത്തുക എന്നത് അന്ന് വളരെ പ്രധാനമായിരുന്നു. അതിന്‍െറ സമ്മര്‍ദങ്ങള്‍ രാഷ്ട്രീയമായി അനുഭവിക്കുമ്പോഴാണ് ഹോബ്സ്ബാമിന്‍െറ ഗ്രന്ഥത്തിലേക്ക് ശ്രദ്ധതിരിഞ്ഞത്. ഒരിക്കല്‍ വായിക്കാന്‍ ശ്രമിച്ച്, താല്‍പര്യക്കുറവുമൂലം വായന നിര്‍ത്തി ഉപേക്ഷിച്ചതായിരുന്നു ആ പുസ്തകം. ഒരു സംശയനിവാരണത്തിനായി വീണ്ടും വായിക്കാന്‍ തുടങ്ങിയപ്പോഴാണ് അന്ന് മനസ്സിനെ മഥിച്ചിരുന്ന പാരമ്പര്യത്തെക്കുറിച്ചുള്ള രാഷ്ട്രീയ പ്രശ്നത്തിന് നേരിട്ടുള്ള ഉത്തരമല്ലെങ്കിലും ചില ഉത്തരങ്ങളിലേക്ക് നയിക്കുന്ന വിധ്വംസകവിചാരങ്ങള്‍ (Peter Burkeന്‍െറ ആശയം 1986ല്‍ എഴുതിയ റിവ്യൂ.) ആ കൃതിയില്‍ ഉള്ളതായി തോന്നിത്തുടങ്ങിയത്. ഗൗരവമായിത്തന്നെ ‘The Invention of Tradition’ വായിക്കാന്‍ തീരുമാനിക്കുന്നത് അങ്ങനെയാണ്. ആമുഖവും അവസാന അധ്യായവും മാത്രമാണ് ഹോബ്സ്ബാമിന്‍േറതായിട്ടുള്ളത്. റേഞ്ചറെ കൂടാതെ, ട്രെവര്‍ റോപ്പര്‍, പ്രസു മോര്‍ഗന്‍, ഡേവിഡ് കാനഡിന്‍, ബെര്‍ണാഡ് കോന്‍ തുടങ്ങിയവരുടെ പഠനങ്ങളും ഈ പുസ്തകത്തിലുണ്ട്. അതില്‍തന്നെ ബെര്‍ണാഡ്കോനിന്‍െറ പഠനം, വിക്ടോറിയന്‍ ഇന്ത്യയെക്കുറിച്ചുള്ളതാണ്. ആധികാരികതയുടെ പ്രതിനിധാനങ്ങള്‍ വിക്ടോറിയന്‍ ഇന്ത്യയില്‍ (Representing Authority in Victorian India).

ലിബറല്‍ ചരിത്രസമീപനത്തിന്‍െറ ആധുനികതയെക്കുറിച്ചുള്ള രേഖീയ സങ്കല്‍പത്തെ തകര്‍ത്തുകൊണ്ട് പാരമ്പര്യമെന്നതുതന്നെ ആധുനികതയുടെ ഘടനകളില്‍ നിരന്തരം സൗകര്യപൂര്‍വം പുനര്‍നിര്‍മിക്കപ്പെടുന്ന ക്രമങ്ങളുടെയും ശീലങ്ങളുടെയും ചര്യകളുടെയും പ്രയോഗങ്ങളുടെയും വ്യവഹാരസാകല്യമാണെന്ന് കണ്ടെത്തുകയും ചെയ്യുന്നതിലൂടെയാണ് ഹോബ്സ്ബാം തന്‍െറ സമീപനത്തെ തികച്ചും വിധ്വംസാത്മകമാക്കിയത്. ഈ പ്രക്രിയയില്‍ ‘പാരമ്പര്യത്തിന്‍െറ കണ്ടെത്തല്‍’ ചരിത്രവുമായി, ഭൂതകാലവുമായി വര്‍ത്തമാനത്തെ ബന്ധിപ്പിക്കുന്ന സമൂര്‍ത്തമായ ഒരു ഇടപെടലാണെന്ന്, അതിന് അതിന്‍േറതായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ശക്തമായി ഓര്‍മിപ്പിക്കുന്നതാണ് ഹോബ്സ്ബാമിന്‍െറ ആമുഖം. പാരമ്പര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഭൂതകാലത്തെ കേവലസത്തയായി അവതരിപ്പിക്കുന്നതിനു പിന്നിലെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പായാണ് ഞാന്‍ ഹോബ്സ്ബാമിന്‍െറ ആമുഖം വായിച്ചെടുത്തത്.

കേരളത്തിലെ സവിശേഷമായ രാഷ്ട്രീയസാഹചര്യത്തില്‍, ഇടതു-വലത് യാഥാസ്ഥിതികത്വങ്ങള്‍ പാരമ്പര്യത്തെ ഒരേസമയം സമാശ്ളേഷിക്കുകയും അകല്‍ച്ച പുലര്‍ത്തുകയുംചെയ്യുന്ന സ്ഥിതിവിശേഷം മനസ്സിലാക്കുന്നതിന് വളരെ പെട്ടെന്ന് ഹോബ്സ്ബാം വായന സഹായകരമായിത്തീരുകയായിരുന്നു. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള വൈരുധ്യാത്മകമായ ബന്ധത്തെക്കുറിച്ചും വൈപരീത്യങ്ങളും സംഘര്‍ഷങ്ങളും പഴമകളെ പുതുമകളിലേക്ക് സ്വാംശീകരിക്കാനായി നവീനമായി കണ്ടെത്തുന്നതിലൂടെയും നിരന്തരസന്ദര്‍ഭങ്ങളില്‍ രൂപംകൊള്ളുന്നതിനെക്കുറിച്ചുമുള്ള വ്യക്തമായ ഉള്‍ക്കാഴ്ചകളിലേക്കാണ് ആ വായന എന്നെ നയിച്ചത്. പാരമ്പര്യത്തെ കണ്ടെത്തുന്നതിന്‍െറ മൂന്നു വ്യത്യസ്ത മാതൃകകളാണ് ഹോബ്സ്ബാം മുന്നോട്ടുവെച്ചത്. സാമൂഹിക സംഘാടനത്തിലെ സ്വത്വനിര്‍മിതികളുമായി ബന്ധപ്പെട്ടതാണ് അതില്‍ ഒന്നാമത്തേത്. വിശേഷിച്ച് സാമൂഹികമായ സ്വത്വനിര്‍മിതികള്‍. മറ്റൊന്നില്‍ സ്ഥാപനങ്ങളുടെയും അധികാരശ്രേണികളുടെയും ലെജിറ്റിമേഷനുമായി ബന്ധപ്പെട്ടതാണ്. മൂന്നാമതായി, സവിശേഷ സാമൂഹിക സന്ദര്‍ഭങ്ങളിലേക്ക് വ്യക്തികളെ സ്ഫുടംചെയ്തെടുക്കുന്നതാണ്. ഇവിടെയെല്ലാം, ഭൂതകാലമെന്നത് ഒരു ഉപകരണമാണ്. രാഷ്ട്രീയമായ, സാമൂഹികമായ ആവശ്യങ്ങള്‍ക്കുവേണ്ടി, സൗകര്യപൂര്‍വം ഭൂതകാലത്തെ പുനര്‍നിര്‍മിക്കുകയാണ്. ലിബറല്‍ ചരിത്രസമീപനം ഇതിനെ പാരമ്പര്യത്തിന്‍െറ തുടര്‍ച്ചയായി വിശേഷിപ്പിക്കാനാണ് താല്‍പര്യപ്പെടുക. എന്നാല്‍, എനിക്ക് ബോധ്യമായ ഒരു കാര്യം രാഷ്ട്രീയ- സാമൂഹിക മാധ്യസ്ഥതകളില്ലാത്ത, ശുദ്ധവും കേവലവുമായ ഒരു ഭൂതകാല സ്വാംശീകരണം സാധ്യമല്ലെന്ന് വൈരുധ്യാത്മക സമീപനത്തിന്‍െറ വെളിച്ചത്തില്‍ ഹോബ്സ്ബാം ചൂണ്ടിക്കാണിക്കുന്നു എന്നതാണ്. തികച്ചും unmediated ആയ തിരിച്ചുപിടിക്കലുകളും പുനര്‍നിര്‍മിതികളും ഒരിക്കലും സംഭവിക്കുന്നില്ലെന്നും പാരമ്പര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആധുനികതയെക്കുറിച്ചും ബദല്‍ ആധുനികതകളെക്കുറിച്ചുമുള്ള അന്വേഷണത്തിനുകൂടി വഴിതെളിക്കുകയാണ് ചെയ്യുന്നതെന്നും ശക്തമായി ബോധ്യപ്പെടാനും അതിന്‍െറ രാഷ്ട്രീയത്തെ തിരിച്ചറിയാനും ആ വായന എന്നെ സഹായിച്ചു. ചാക്രിക-രേഖീയ ചരിത്രനിര്‍മാണരീതി ശാസ്ത്രത്തിന്‍െറ പരിമിതികള്‍ മനസ്സിലാക്കാന്‍ സമൂര്‍ത്തമായ ഒരു സൈദ്ധാന്തിക ഇടപെടലിലൂടെ, ജ്ഞാനശാസ്ത്രപരമായ ഒരു കാല്‍വെപ്പിലൂടെ വഴികാട്ടിത്തരുകയായിരുന്നു ഹോബ്സ്ബാം ചെയ്തത്.

തെക്കന്‍പാട്ടുകളുടെ പഠനത്തിലേക്ക് തിരിച്ചുപോയില്ലെങ്കിലും പാരമ്പര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും വീണ്ടും ആധുനികതയെയും ബദല്‍ ആധുനികതകളെയുംകുറിച്ചുള്ള ചര്‍ച്ചകളില്‍ കടന്നുവന്നുകൊണ്ടിരുന്നു. ഏഷ്യന്‍ മൂല്യങ്ങളെക്കുറിച്ചും ഏഷ്യന്‍ ജനാധിപത്യത്തിലെ രാഷ്ട്രീയ സങ്കീര്‍ണതകളെക്കുറിച്ചും ദേശരാഷ്ട്ര രൂപവത്കരണ പ്രക്രിയകളുടെ ഏഷ്യന്‍ സന്ദര്‍ഭങ്ങളെക്കുറിച്ചുമൊക്കെയുള്ള അന്വേഷണങ്ങളില്‍ ഹോബ്സ്ബാമിന്‍െറ നിര്‍വചനങ്ങളും നിഗമനങ്ങളും കടന്നുവരുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഏഷ്യന്‍ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പാശ്ചാത്യ ആധുനികതയുമായുള്ള കണക്കുതീര്‍ക്കല്‍ ഇനിയും നടന്നിട്ടില്ല.

തികച്ചും സ്വകീയമായ രീതിയില്‍ സ്വന്തം ആധുനികതകളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഏഷ്യ-പസഫിക് ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇതിന്‍െറ ആഖ്യാനങ്ങളും ഉപാഖ്യാനങ്ങളും പോസ്റ്റ് കൊളോണിയല്‍ പ്രതിരോധത്തിന്‍െറ സാമൂഹിക-രാഷ്ട്രീയ സന്ദര്‍ഭത്തെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുന്നുമുണ്ട്. സ്വന്തം ഭൂതകാലത്തെയും ഭാവിയെയും നിയന്ത്രിക്കാനുള്ള ഏഷ്യന്‍-ആഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ ദേശ-രാഷ്ട്രങ്ങളുടെ നിര്‍ണയാവകാശ ബോധത്തെ ഉദ്ദീപിപ്പിക്കുന്ന രാഷ്ട്രീയമാണ് ബദല്‍ ആധുനികതകളുടേത്. പ്രാദേശിക മൂല്യങ്ങളെ പുനര്‍നിര്‍മിതിയിലൂടെ സ്വന്തം രാഷ്ട്രീയ-സാമ്പത്തിക വ്യതിരിക്തതകളെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം, സാമൂഹികമായും ചരിത്രപരമായും പ്രാധാന്യമുള്ളതാണ്. എന്നാല്‍, ഇതിനകം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതുപോലെ, ബദല്‍ ആധുനികതകള്‍ക്കായുള്ള വിമര്‍ശാത്മകമായ ദേശീയക്കുതിപ്പുകള്‍ എപ്പോഴും മൂലധനത്തിന്‍െറയോ മൂലധനതാല്‍പര്യങ്ങളുടെയോ വിമര്‍ശത്തില്‍ ഊന്നിക്കൊണ്ടുള്ളതല്ല എന്നതും യാഥാര്‍ഥ്യമാണ്. ഹോബ്സ്ബാം ചൂണ്ടിക്കാട്ടുന്നതുപോലെ പാരമ്പര്യത്തെ സൗകര്യപൂര്‍വം ആധുനികതയുടെ അടരുകളില്‍ ചേര്‍ത്തുവെച്ചാണ് പലപ്പോഴും ബദല്‍ ആധുനികതകളെക്കുറിച്ചുള്ള ആഖ്യാനങ്ങളും ഉപാഖ്യാനങ്ങളും രൂപപ്പെടുന്നത് എന്നതിന് സമകാല ഏഷ്യാചരിത്രത്തില്‍നിന്നുതന്നെ നിരവധി സാക്ഷ്യങ്ങളുണ്ട്.

നേരത്തേ സൂചിപ്പിച്ചതുപോലെ ഹോബ്സ്ബാം വായന എന്നെ സംബന്ധിച്ചിടത്തോളം ഇത്തരത്തില്‍ രാഷ്ട്രീയ നിലപാടുകള്‍ രൂപപ്പെടുത്തുന്നതിന് സഹായകമായ വ്യക്തിനിഷ്ഠവും വസ്തുനിഷ്ഠവുമായ തലങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒരു പ്രക്രിയയായിരുന്നു എക്കാലത്തും. അദ്ദേഹത്തിന്‍െറ എല്ലാ കൃതികളും ഞാന്‍ വായിച്ചിട്ടില്ല. പല ചിന്തകരുടെയും മുഴുവന്‍ കൃതികളും പലപ്പോഴും വായിക്കാന്‍ സാധിക്കാറില്ല. ഇംഗ്ളീഷില്‍ ലഭ്യമായിട്ടുള്ള എല്ലാ കൃതികളും വായിച്ചിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പിച്ചുപറയാന്‍ കഴിയുന്ന ഒരു ചിന്തകന്‍ അല്‍ത്തുസ്സര്‍ മാത്രമാണ്. അതിനുള്ള കാരണം, ഞാന്‍ കലാലയവിദ്യാര്‍ഥിയായിരുന്ന കാലത്ത്, പുത്തന്‍ ഇടതുപക്ഷമായി കേരളത്തില്‍ അറിയപ്പെട്ട, സി.പി.ഐ-എം.എല്‍ വിഭാഗവുമായി ബന്ധമുണ്ടായിരുന്ന പലരും അദ്ദേഹത്തെ നിരന്തരം ഉദ്ധരിക്കുകയും പലപ്പോഴും തെറ്റായി വിവര്‍ത്തനവും വ്യാഖ്യാനവും നല്‍കുകയും ചെയ്തിരുന്നു എന്നതാവാം. വായനയുടെ വിശേഷിച്ച് മാര്‍ക്സിസ്റ്റ് വായനയുടെ, ഒരു അനിവാര്യ ഭാഗമായി അല്‍ത്തുസ്സര്‍ വായന അവതരിപ്പിക്കപ്പെട്ടിരുന്നു ഒരുകാലത്ത് കേരളത്തില്‍. സിദ്ധാന്തത്തിന്‍െറയും പ്രയോഗത്തിന്‍െറയും ഗവേഷണത്തിന്‍െറയും അധ്യാപനത്തിന്‍െറയും വഴിയില്‍, അസമീക്ഷ്യമായി ഒന്നും സ്വീകരിക്കാതിരിക്കുക എന്നതാണ് ഞാന്‍ പിന്തുടര്‍ന്നിട്ടുള്ള മാര്‍ഗം. ഹോബ്സ്ബാമിന്‍െറ കൃതികളില്‍ പലതും വായിച്ചിട്ടുള്ളതും ആ രീതിയില്‍തന്നെ.

വായനയുടെ തുടര്‍ച്ചകള്‍

ഭരണകൂടവും സിവില്‍ സമൂഹവും വിവരസാങ്കേതിക യുഗത്തില്‍ (State and Civil Society in the Informatic Age) എന്ന സെമിനാര്‍ പഠിപ്പിക്കുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് The Age of Revolution, The Age of Capital, The Age of Empire എന്നീ ഹോബ്സ്ബാം രചനകള്‍ ഞാന്‍ പരിശോധിച്ചിട്ടുള്ളത്. നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങള്‍ക്കിടക്ക് The Age of Extremesഎന്ന ബൃഹദ്ഗ്രന്ഥവും വായിക്കാനിടയായിട്ടുണ്ട്. ഹോബ്സ്ബാം സ്റ്റാലിനെക്കുറിച്ച് എന്തു വിചാരിച്ചു, വിപ്ളവങ്ങളിലെ ഹിംസയെക്കുറിച്ച് പറഞ്ഞിട്ടുള്ളതിലെ സന്ദേഹങ്ങള്‍ എന്തൊക്കെയാണ്, അദ്ദേഹം തികഞ്ഞ മാര്‍ക്സിസ്റ്റാണോ യൂറോ കമ്യൂണിസത്തിന്‍െറ ആചാര്യനാണോ ബംഗാളില്‍ സി.പി.എം തോറ്റുതോപ്പിയിടുമെന്ന് പ്രകാശ് കാരാട്ട് തന്നോട് പറഞ്ഞതായി അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത് സത്യമാണോ എന്നതൊന്നും വലിയ ദാര്‍ശനിക പ്രശ്നങ്ങളായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. രാഷ്ട്രീയാന്വേഷണങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ ഞാന്‍ ആശ്രയിക്കുകയും വിയോജിക്കുകയും ചെയ്തിട്ടുള്ള ഒരു ചരിത്രകാരനാണ് എറിക് ഹോബ്സ്ബാം.

The Age of Extremesല്‍ അദ്ദേഹം നടത്തുന്ന രണ്ടു സുപ്രധാന നിരീക്ഷണങ്ങള്‍ സമകാല പ്രസക്തമാണ് എന്നതുകൊണ്ടുമാത്രം ഞാന്‍ ഇവിടെ സൂചിപ്പിക്കുകയാണ്. അതിലൊന്ന് മൂന്നാംലോക കമ്യൂണിസത്തിന്‍െറ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ടതാണ്. മറ്റൊന്ന്, വലതുപക്ഷത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു നിരീക്ഷണമാണ്. 1920ല്‍ റഷ്യയിലെ ബോള്‍ഷെവിക്കുകള്‍ ചെയ്ത അക്ഷന്തവ്യമായ അപരാധം ലോകതൊഴിലാളിപ്രസ്ഥാനത്തെ സ്വന്തം താല്‍പര്യസംരക്ഷണത്തിനായി പിളര്‍ത്തി എന്നതാണ് എന്ന് സൂചിപ്പിക്കുന്ന ഹോബ്സ്ബാം, ഈ വാദത്തിന്‍െറ തുടര്‍ച്ചയായാണ് സോവിയറ്റ് യൂനിയന്‍ മൂന്നാംലോക രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് വിപ്ളവങ്ങളെ സ്വന്തം താല്‍പര്യത്തിനുവേണ്ടി നിരുത്സാഹപ്പെടുത്തിയത് എന്നു പറയുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യപോലുള്ള പ്രദേശങ്ങളിലെ ദുര്‍ബലനേതൃത്വങ്ങള്‍, സ്റ്റാലിന്‍െറ ആശ്രിതവിഭാഗങ്ങളായിരുന്നു. എന്നാല്‍ വിപ്ളവം നടന്ന യൂഗോസ്ലാവ്യ, അല്‍ബേനിയ, ചൈന എന്നിവിടങ്ങളിലെ നേതൃത്വം സ്റ്റാലിനെ ധിക്കരിച്ചാണ് ഇതിന് മുതിര്‍ന്നതെന്നും ഹോബ്സ്ബാം പറയുന്നു. അമേരിക്കയുമായി സഹവര്‍ത്തിത്വത്തില്‍ കഴിയാനും വിശാലമായ ആന്‍റി-ഫാഷിസ്റ്റ് ഐക്യം നിലനിര്‍ത്താനുമാണ് സ്റ്റാലിന്‍ ശ്രമിച്ചതെന്നും അതിന്‍െറ ഭാഗമായാണ് ഈ സമീപനം കൈക്കൊണ്ടതെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഈ വാദം സമകാല പ്രസക്തിയുള്ളതാണ്. സാമ്പ്രദായികമായ അര്‍ഥത്തിലുള്ള സോഷ്യലിസ്റ്റ് വിപ്ളവം കാലക്രമത്തില്‍ ഉപേക്ഷിച്ചതല്ല, ഇന്ത്യയിലെയും മറ്റും യാഥാസ്ഥിതിക ഇടതുപക്ഷ നേതൃത്വം. ഈ പാര്‍ട്ടികള്‍ രൂപംകൊള്ളുന്നതും ശക്തിപ്പെടുന്നതും വിപ്ളവവിമുഖമായ ഒരു ആഗോള പ്രത്യയശാസ്ത്ര സമീപനത്തിനുള്ളിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളിലെ നിയോ ലിബറല്‍ വലതുപക്ഷ രാഷ്ട്രീയത്തെ ചെറുക്കുന്നതിന് സഹായകമായ ഒരു നിരീക്ഷണം ഹോബ്സ്ബാം നടത്തുന്നത് യാഥാസ്ഥിതിക ഇടതുപക്ഷത്തിന്‍െറ പുതിയ രാഷ്ട്രീയത്തെ മനസ്സിലാക്കാന്‍ സഹായകമാണ്.

The Age of Extremesല്‍ ഹോബ്സ്ബാം, ജര്‍മനിയില്‍ 1933ല്‍ മേയ് ദിനം അവധിദിനമായി പ്രഖ്യാപിച്ചത് ഹിറ്റ്ലറായിരുന്നുവെന്ന് ഓര്‍മിപ്പിക്കുന്നുണ്ട്. നാഷനല്‍ സോഷ്യലിസം ഫാഷിസമാകുന്നതുപോലെ, നിയോലിബറല്‍ ഇടതുപക്ഷം ഫാഷിസ്റ്റ് ശക്തിയായി മാറാമെന്നത് ഒരു സാധ്യതതന്നെയാണ്. അതിന്‍െറ ഓര്‍മപ്പെടുത്തലുകളിലേക്ക്, വിമര്‍ശങ്ങളിലേക്ക് നിര്‍ബന്ധിക്കുന്നു എന്നതാണ് ഹോബ്സ്ബാം വായന തരുന്ന ഊര്‍ജവും പ്രത്യാശയും.

Categories
Malayalam Articles

അവസാനത്തെ പാര്‍ട്ടിയും കാലഹരണപ്പെടുമ്പോള്‍

അവസാനത്തെ പാര്‍ട്ടിയും കാലഹരണപ്പെടുമ്പോള്‍

ഡോ.ടി.ടി. ശ്രീകുമാര്‍

മാധ്യമം ആഴ്ചപ്പതിപ്പില്‍ ഏപ്രില്‍ 9 ലക്കത്തില്‍ പ്രസിദ്ധീകരിച്ചതു്

 

ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് സി.പി.എം പുറത്തിറക്കിയ കരട് പ്രത്യയശാസ്ത്ര രേഖയില്‍ പൊതുസമൂഹത്തിന് താല്‍പര്യമുള്ള ചില കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ഇത്തരമൊരു രേഖ ഇതിന് മുമ്പ് സി.പി.എം പ്രസിദ്ധീകരിച്ചിരുന്നത് ഇരുപതു കൊല്ലം മുമ്പാണ്. രണ്ടു ദശാബ്ദക്കാലത്തെ ഇടവേളക്കുശേഷം അവതരിപ്പിച്ചിരിക്കുന്ന പുതിയ പ്രത്യയശാസ്ത്രരേഖ പരിശോധിക്കുമ്പോള്‍ ചില സുപ്രധാന വസ്തുതകള്‍ അതിന്‍െറ പശ്ചാത്തലം എന്ന നിലയില്‍ ഊന്നിപ്പറയേണ്ടതുണ്ട്. ഒന്ന്, കഴിഞ്ഞ ഇരുപതു കൊല്ലത്തിനിടയില്‍ ഒരു പാര്‍ട്ടി എന്ന നിലയില്‍ പാര്‍ലമെന്‍റിനകത്തും പുറത്തും സി.പി.എം ഒരു പ്രധാന രാഷ്ട്രീയശക്തി അല്ലാതായി എന്നുള്ളതാണ്. അഖിലേന്ത്യാ രാഷ്ട്രീയത്തില്‍ പ്രായേണ പാര്‍ശ്വവത്കരിക്കപ്പെടുകയും പല സംസ്ഥാനങ്ങളിലും നാമമാത്രമാവുകയും ശക്തികേന്ദ്രങ്ങളായിരുന്ന ചില സംസ്ഥാനങ്ങളില്‍ കാര്യമായ ശക്തിക്ഷയം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പഴയ ജനസംഘം ഉള്‍പ്പെട്ട എഴുപതുകളിലെ വലതുപക്ഷ മുന്നണിയില്‍നിന്ന് സി.പി.എം പുറത്തുവന്നതിനുശേഷം ശക്തമായി മുന്നോട്ടുവെച്ച മൂന്നാം മുന്നണി സങ്കല്‍പം പല ഘട്ടങ്ങളിലും പാര്‍ട്ടിക്ക് പ്രതീക്ഷ ഉണര്‍ത്തിയെങ്കിലും അതിനു നേതൃത്വം നല്‍കുന്നതിന് പോയിട്ട്, അത്തരമൊരു ധ്രുവീകരണത്തിന്‍െറ ചാലകശക്തിയാവാന്‍പോലും തങ്ങള്‍ക്കാവില്ലെന്ന് സി.പി.എം തിരിച്ചറിഞ്ഞ കാലഘട്ടമായിരുന്നു കടന്നുപോയത്. രണ്ട്, 1992ല്‍ പ്രത്യയശാസ്ത്രരേഖ പുറത്തിറക്കുമ്പോള്‍ ഉണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യം പാടേ മാറിപ്പോയിരിക്കുന്നു. അന്ന് അത്തരമൊരു രേഖ ആവശ്യമായിത്തീര്‍ന്നതുതന്നെ സോവിയറ്റ് യൂനിയനിലെയും മറ്റ് വാഴ്സാ സഖ്യരാജ്യങ്ങളിലെയും കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ അവിടങ്ങളില്‍ ഉണ്ടായ വലിയ ജനകീയ മുന്നേറ്റത്തിലും പ്രക്ഷോഭത്തിലും തകര്‍ന്നടിഞ്ഞ സാഹചര്യത്തിലായിരുന്നു. എന്നാല്‍, ഈ സാഹചര്യത്തെ മനസ്സിലാക്കുന്നതിനോ ശരിയായി വിലയിരുത്തുന്നതിനോ കഴിയുന്ന രാഷ്ട്രീയ, സൈദ്ധാന്തിക സമീപനം അക്കാലത്ത് സി.പി.എമ്മിന് ഉണ്ടായിരുന്നില്ല.

 

ഇതിനുള്ള പ്രധാന കാരണം ഈ പ്രതിസന്ധി രൂപപ്പെടുന്നതിനെക്കുറിച്ചുള്ള ഒരുവിധ ചര്‍ച്ചക്കും തയാറില്ലാത്ത അടഞ്ഞ സമീപനമായിരുന്നു ഇതേക്കുറിച്ച് പാര്‍ട്ടി സ്വീകരിച്ചിരുന്നത്. ആഗോള കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ചയിലേക്ക് നയിച്ച ആഭ്യന്തര കാരണങ്ങള്‍ പല കോണുകളില്‍നിന്നായി ചര്‍ച്ചക്ക് ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അതിനെല്ലാം മുഖംതിരിഞ്ഞുനിന്നുകൊണ്ട് സോവിയറ്റ് സോഷ്യലിസം അജയ്യമാണെന്നും അതു തകരില്ലെന്നുള്ള രാഷ്ട്രീയ ദുശ്ശാഠ്യത്തിലായിരുന്നു പാര്‍ട്ടിയും അതിന്‍െറ നേതൃത്വവും. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ മുതലാളിത്തത്തിലേക്ക് തിരിച്ചുപോകുന്നത് മനുഷ്യന്‍ വീണ്ടും കുരങ്ങാകും എന്നു പറയുന്നതുപോലെയുള്ള അസംബന്ധമാണെന്ന പരിഹാസ്യമായ നിലപാട് ഇ.എം.എസ് സ്വീകരിച്ചപ്പോള്‍, പാര്‍ട്ടിക്കുള്ളിലെ ചിന്താശക്തിയുള്ള വിഭാഗങ്ങള്‍പോലും നിശ്ശബ്ദരായിപോവുകയാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ 1992ലെ പ്രത്യയശാസ്ത്രരേഖ, സൈദ്ധാന്തിക -രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുള്ള സി.പി.എമ്മിന്‍െറ വ്യക്തതകളെക്കാള്‍, പരിഭ്രമവും ആശയക്കുഴപ്പവും നിറഞ്ഞ ഒരു പ്രതികരണമായി മാറിപ്പോവുകയാണുണ്ടായത്.

 

പാര്‍ട്ടിയും സിവില്‍ സമൂഹവും

 

മൂന്ന്, 1990കളുടെ തുടക്കത്തില്‍ ശക്തിപ്രാപിച്ച ഇന്ത്യന്‍ ഭരണകൂടത്തിന്‍െറ നവ ലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കെതിരെ, സി.പി.എമ്മിന്‍െറയോ മറ്റ് ഇടതുപക്ഷ- പ്രതിപക്ഷ പാര്‍ട്ടികളുടെയോ നേതൃത്വമോ പിന്തുണയോ കൂടാതെ സിവില്‍ സമൂഹമേഖലയില്‍ വമ്പിച്ച ജനമുന്നേറ്റങ്ങള്‍, വിശേഷിച്ചും പാര്‍ശ്വവത്കൃതരുടെയും ദലിത് ആദിവാസി വിഭാഗങ്ങളുടെയും സമരങ്ങള്‍ ഉയര്‍ന്നുവന്നു. അതോടൊപ്പംതന്നെ എഴുപതുകളിലെ പ്രസ്ഥാനത്തിന്‍െറ തുടര്‍ച്ചയല്ലെങ്കിലും എഴുപതുകളോടെ ഏതാണ്ട് പൂര്‍ണമായും അവസാനിച്ചു എന്ന് സി.പി.എം കരുതിയിരുന്ന മാവോയിസ്റ്റ് സായുധസമരം ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും വീണ്ടും ശക്തിയാര്‍ജിച്ചു. ഈ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ പ്രത്യയശാസ്ത്രപരമായ വെല്ലുവിളികള്‍, അഖിലേന്ത്യാതലത്തിലും പാര്‍ട്ടിക്ക് അധികാരമുണ്ടായിരുന്ന പശ്ചിമബംഗാളിലും സി.പി.എമ്മിന് നേരിടേണ്ടതായി വന്നു. നാല്, സോവിയറ്റ് യൂനിയന്‍െറ പതനത്തിനു മുമ്പുതന്നെ ചൈനയില്‍ ആരംഭിക്കുകയും 1990കളില്‍ ശക്തിപ്രാപിക്കുകയും ചെയ്ത വിപണികേന്ദ്രിത സാമ്പത്തിക പരിഷ്കാരങ്ങള്‍ മറ്റു ചെറിയ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലേക്ക് വ്യാപിക്കുകയും ഏറ്റവും ഒടുവിലായി ക്യൂബ അടക്കമുള്ള പ്രദേശങ്ങള്‍ വിപണിയധിഷ്ഠിത സമ്പദ്വ്യവസ്ഥ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. അഞ്ച്, സി.പി.എം അധികാരത്തിലിരുന്ന സംസ്ഥാനങ്ങളില്‍, വിശേഷിച്ചും കേരളത്തിലും പശ്ചിമബംഗാളിലും, കേന്ദ്ര നേതൃത്വത്തിന്‍െറ നയങ്ങള്‍ക്ക് വിരുദ്ധമായി വലതുപക്ഷ വ്യതിയാനവാദം നേതൃനിരയില്‍ ശക്തമാവുകയും അതിനെതിരെ ഈ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍തന്നെയുണ്ടായ എതിര്‍പ്പുകള്‍ വെട്ടിനിരത്തപ്പെട്ടപ്പോള്‍ കേന്ദ്ര നേതൃത്വം നിസ്സഹായമായിപ്പോവുകയും ചെയ്തു. ബംഗാളിലെയും കേരളത്തിലെയും വലതുനേതൃത്വങ്ങളോട് പൊരുത്തപ്പെടുകയും അവരുടെ നയങ്ങളെ ഒരു പരിധിവരെയെങ്കിലും ന്യായീകരിക്കുകയും ചെയ്യേണ്ട സ്ഥിതിവിശേഷം കേന്ദ്ര നേതൃത്വത്തിനുണ്ടായി. ബ്ളോഗുകളിലും മറ്റും പരസ്യമായിത്തന്നെ വലതു വ്യതിയാനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിബുദ്ധിജീവികള്‍, കേന്ദ്ര നേതൃത്വത്തിന്‍െറ യാഥാസ്ഥിതികവിഭാഗത്തോടുള്ള മൃദുസമീപനത്തെ വിമര്‍ശിച്ചുകൊണ്ടിരുന്നു.

 

അങ്ങനെ, പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും ഒരു പാര്‍ട്ടി എന്ന നിലയില്‍ ബാഹ്യവും ആഭ്യന്തരവുമായ പ്രതിസന്ധികളില്‍പെട്ട് ശക്തിക്ഷയിച്ച്, നേതൃത്വംതന്നെ ദുര്‍ബലമാക്കപ്പെട്ട ഒരു അവസ്ഥയിലാണ് സി.പി.എമ്മിന്‍െറ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ മുന്നോടിയായി പുറത്തിറക്കിയിട്ടുള്ള പ്രത്യയശാസ്ത്രരേഖ പാര്‍ട്ടിയും പൊതുസമൂഹവും ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. ഇവിടെ പ്രധാനമായിട്ടുള്ള വസ്തുത, അഖിലേന്ത്യാ തലത്തിലും മിക്ക സംസ്ഥാനങ്ങളിലും പാര്‍ട്ടി പരിക്ഷീണമായിക്കഴിഞ്ഞെങ്കിലും ഇപ്പോഴും ശക്തമായ പ്രതിപക്ഷമായി സി.പി.എം തുടരുന്ന കേരളത്തിലും പശ്ചിമബംഗാളിലും ആളും അര്‍ഥവും പ്രഹരശേഷിയുമുള്ള ഏറ്റവും പ്രബല ഒറ്റക്കക്ഷി സി.പി.എമ്മാണ് എന്നുള്ളതാണ്. അതുകൊണ്ടുതന്നെ, ഈ സംസ്ഥാനങ്ങളിലെ പൊതുസമൂഹത്തിനും സിവില്‍ സമൂഹത്തിനും വ്യത്യസ്ത രാഷ്ട്രീയ -സാമൂഹിക- സാംസ്കാരിക- സാമ്പത്തിക പ്രശ്നങ്ങളില്‍ പാര്‍ട്ടി സ്വീകരിക്കാന്‍ പോകുന്ന നിലപാടുകളെക്കുറിച്ച് അറിയുന്നതിനും പ്രതികരിക്കുന്നതിനും ശ്രമിക്കാതെ തരമില്ല. ഇന്ത്യയുടെ മറ്റു പ്രദേശങ്ങളില്‍ അപ്രസക്തമാണെങ്കിലും ഈ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കുള്ള സ്വാധീനം അവഗണിക്കാനാവുന്നതല്ല.

 

പാര്‍ട്ടിയുടെ വ്യാകുലതകള്‍

 

കരട് പ്രത്യയശാസ്ത്ര രേഖയിലൂടെ കടന്നുപോകുന്ന ഒരു വായനക്കാരന് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു വസ്തുത ഇതിന്‍െറ രചനയില്‍ സ്വീകരിച്ചിട്ടുള്ള അക്കാദമിക് സമീപനമാണ്. നേതൃത്വത്തിന്‍െറ അവ്യക്തതകളും സൈദ്ധാന്തിക പരിമിതികളുംകൊണ്ടാവാം ഇത്തരമൊരു സമീപനം സ്വീകരിച്ചിരിക്കുന്നതെങ്കിലും രേഖ നല്‍കുന്ന അക്കാദമിക് വിശദീകരണങ്ങള്‍ കൂടുതല്‍ സമൂര്‍ത്തമായ ചര്‍ച്ചകള്‍ക്ക് സഹായകമാവുന്നുണ്ട് എന്നു പറയാതെ വയ്യ. ലോക മുതലാളിത്ത പ്രതിസന്ധിയെക്കുറിച്ചുള്ള ലെനിനിസ്റ്റ് വിശദീകരണങ്ങള്‍ക്ക് അടിവരയിടുകയും ഇത$പര്യന്തം ലോകത്തിലുണ്ടായ സകല മാറ്റങ്ങളും അതിനെ ശരിവെക്കുകയാണ് ചെയ്യുന്നതെന്നും ആവര്‍ത്തിക്കുന്ന ആദ്യഭാഗം ഒഴിച്ചാല്‍, സങ്കീര്‍ണമായ പുതിയ പ്രശ്നങ്ങളെ പ്രത്യയശാസ്ത്രപരമായും സൈദ്ധാന്തികമായും സമീപിക്കാന്‍ ശ്രമിക്കുന്ന രീതിയാണ് രേഖയില്‍ കാണാന്‍ കഴിയുക. നാലു പ്രശ്നങ്ങളാണ് രേഖയുടെ സന്ദര്‍ഭത്തില്‍ പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളവും പ്രസക്തമായിട്ടുള്ളത്. ഒന്ന്, ചൈനയിലും കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന വിയറ്റ്നാം, ഉത്തരകൊറിയ, ക്യൂബ എന്നിവിടങ്ങളിലും ഉണ്ടായിട്ടുള്ള രാഷ്ട്രീയ- സാമ്പത്തിക മാറ്റങ്ങളോട് വിമര്‍ശാത്മകമായി പ്രതികരിക്കാന്‍ സി.പി.എം നിര്‍ബന്ധിതമായിരിക്കുന്നു എന്നുള്ളതാണ്. എന്നാല്‍, ഈ പ്രതികരണത്തിന്‍െറ സ്വഭാവത്തെക്കുറിച്ചും അതുയര്‍ത്തുന്ന ആശയക്കുഴപ്പങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യേണ്ടതുണ്ട്. രണ്ട്, നവസാമൂഹിക പ്രസ്ഥാനങ്ങളോട് വിശേഷിച്ചും സിവില്‍ സമൂഹ രാഷ്ട്രീയത്തോട് പൊതുവെയും തുറന്ന യുദ്ധപ്രഖ്യാപനമാണ് രേഖയിലുള്ളത്. സി.പി.എമ്മുമായി സഹകരിക്കുന്ന ജനകീയ പ്രസ്ഥാനങ്ങളെ സംബന്ധിച്ചും ഉയര്‍ന്നുവരുന്ന വൈവിധ്യമാര്‍ന്ന സമരമുഖങ്ങളില്‍ സി.പി.എം കൂടി കടന്നുവരുമ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും സിവില്‍ സമൂഹ സംഘങ്ങള്‍ക്ക് പുനരാലോചന ചെയ്യേണ്ട സാഹചര്യമാണ് ഈ രേഖയുടെ സന്ദര്‍ഭത്തില്‍ സംജാതമായിട്ടുള്ളത്. മൂന്ന്, ലോകമെമ്പാടും ഉയര്‍ന്നുവന്നിട്ടുള്ളതും ഇന്ത്യയിലും ശക്തമായ അനുരണനങ്ങളും മൗലിക സാന്നിധ്യവും ദൃശ്യമായിട്ടുള്ളതുമായ സ്വത്വ രാഷ്ട്രീയത്തോടുള്ള സമീപനമാണ്. വര്‍ഗരാഷ്ട്രീയത്തിന്‍െറ കര്‍ക്കശമായ മാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്ന സ്വത്വരാഷ്ട്രീയത്തിന്‍െറ ചരിത്രത്തെയോ വര്‍ത്തമാനത്തെയോ ഉള്‍ക്കൊള്ളാന്‍ വിസമ്മതിച്ചുകൊണ്ട്, സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ ഡോഗ്മാറ്റിക് സമീപനത്തില്‍ പാര്‍ട്ടി കുടുങ്ങിക്കിടക്കുന്നതിന്‍െറ സൂചനകളാണ് രേഖയില്‍ കാണാന്‍ കഴിയുന്നത്. നാല്, കല-സാംസ്കാരിക-ദാര്‍ശനിക അക്കാദമിക് മേഖലകളില്‍ പ്രബലമായി വന്നിട്ടുള്ള ഉത്തരാധുനിക സമീപനങ്ങള്‍ക്കെതിരെ രേഖ സ്വീകരിച്ചിട്ടുള്ള അതിരൂക്ഷമായ വിമര്‍ശമാണ്. ഈ മേഖലയിലെ സ്വതന്ത്രാന്വേഷണങ്ങളോട് കര്‍ക്കശമായ വിരുദ്ധ നിലപാടായിരിക്കും പാര്‍ട്ടിക്കുണ്ടാവുക എന്ന് അസന്ദിഗ്ധമായി രേഖ വ്യക്തമാക്കുന്നു. ധൈഷണികമേഖലകളിലുള്ളവര്‍ക്കും കവികള്‍, കലാകാരന്മാര്‍, മറ്റു സാഹിത്യ പ്രവര്‍ത്തകര്‍, ഗവേഷകര്‍ തുടങ്ങിയവരെ സംബന്ധിച്ചിടത്തോളം ശക്തമായ വെല്ലുവിളിയാണ് സി.പി.എം ഇതിലൂടെ ഉയര്‍ത്തിയിട്ടുള്ളത്.

 

ഇന്നുള്ളതിനെക്കാള്‍ കൂടുതല്‍ കര്‍ക്കശമായ ഡോഗ്മാറ്റിക് യുഗത്തിലേക്ക് പാര്‍ട്ടി കടക്കുകയാണോ എന്ന സന്ദേഹം ശക്തിപ്പെടുത്തുന്നതാണ് ഈ നാലു പ്രശ്നങ്ങളെക്കുറിച്ചും കരട് പ്രത്യയശാസ്ത്രരേഖ മുന്നോട്ടുവെച്ചിട്ടുള്ള സമീപനങ്ങള്‍ എന്ന് കരുതാന്‍ കാരണങ്ങളുണ്ട്. മാറുന്ന ലോകത്ത് മാറാന്‍ ആഗ്രഹിക്കാത്ത ഒരു പാര്‍ട്ടിയുടെ ചിത്രമാണ് രേഖ നല്‍കുന്നത്. അതുകൊണ്ടുതന്നെ, ഈ സമീപനം കൂടുതല്‍ സമഗ്രമായി ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു.

 

ചൈനാ വിമര്‍ശത്തിന്‍െറ പരിമിതികള്‍

 

ചൈനയുടെയും മറ്റ് ‘നിലനില്‍ക്കുന്ന’ ചെറു കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെയും അനുഭവങ്ങളും പാളിച്ചകളും അതിക്രമങ്ങളും സങ്കുചിത ദേശീയതയുമെല്ലാം നിരന്തരം ചര്‍ച്ചചെയ്യപ്പെടുന്ന സാഹചര്യങ്ങളില്‍ കേവലം നിരുത്തരവാദപരമായ നിലപാടുകളാണ് ഇത്രയും കാലം സി.പി.എം പിന്തുടര്‍ന്നുപോന്നിരുന്നത്. ഇത്തരം പ്രവണതകളെ വിമര്‍ശിക്കുന്ന വ്യക്തമായ സമീപനം ഒരുകാലത്തും സി.പി.എം കൈക്കൊണ്ടിട്ടില്ല. അതുകൊണ്ടുതന്നെ, കരട് പ്രത്യയശാസ്ത്ര രേഖയില്‍ സ്വീകരിച്ചിട്ടുള്ള വിമര്‍ശാത്മക സമീപനം തികച്ചും അപര്യാപ്തവും കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ നിലപാടുകളെ ആഴത്തില്‍ പരിശോധിക്കാനുള്ള പാര്‍ട്ടിയുടെ വൈമനസ്യത്തിന്‍െറ ദൃഷ്ടാന്തവുമായി മാറിയിരിക്കുന്നു. ഈ വൈമനസ്യമാവട്ടെ അപ്രസക്തവും അപക്വവും അര്‍ഥരഹിതവുമായ വിമര്‍ശവാചാടോപം മാത്രമായി ഈ പ്രത്യയശാസ്ത്രരേഖയെ മാറ്റിയിരിക്കുന്നു.

 

ചൈനയിലെ സംഭവവികാസങ്ങളെ പ്രത്യയശാസ്ത്രരേഖ രണ്ടായി തരംതിരിച്ചിരിക്കുന്നു. ഒന്ന്, സി.പി.എമ്മിന് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍. രണ്ട്, പാര്‍ട്ടിക്ക് തീരെ മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ (imponderables).

സി.പി.എമ്മിന് ഇപ്പോള്‍ ചൈനയില്‍ നടക്കുന്ന കാര്യങ്ങളില്‍ മനസ്സിലായി എന്ന് പ്രത്യയശാസ്ത്രരേഖ പറയുന്ന കാര്യങ്ങള്‍ രസകരമാണ്. അവ അറിയാത്തതായി ഇതുവരെ ലോകത്ത് സി.പി.എം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു മാത്രമേ രേഖയില്‍ അവ ഉള്‍പ്പെടുത്തിയതില്‍നിന്ന് നാം വായിച്ചെടുക്കേണ്ടതുള്ളൂ. അത്രക്ക് സാമാന്യമായ പൊതുവിജ്ഞാനം മാത്രമാണത്. കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി ചൈനീസ് സമ്പദ്വ്യവസ്ഥ അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ചു എന്നും എന്നാല്‍, അതുമായി ബന്ധപ്പെട്ട് അസമത്വങ്ങള്‍ വര്‍ധിക്കുകയും ഗ്രാമ- നഗര വ്യത്യാസങ്ങള്‍ ശക്തിപ്പെടുകയും അഴിമതി വ്യാപകമാവുകയും ചെയ്തു എന്നാണ് സി.പി.എം ഇപ്പോള്‍ മനസ്സിലാക്കുന്നത്. പരിഷ്കാരങ്ങള്‍ തുടങ്ങിവെച്ചനാള്‍മുതല്‍ കണ്ടുവരുന്ന പ്രവണതയാണിതെന്ന് എത്രയോ ഗവേഷകരും നിരീക്ഷകരും ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. 1992ലെ 14ാം പാര്‍ട്ടികോണ്‍ഗ്രസിന്‍െറ സമയത്ത് ആഗോളതലത്തിലും ചൈനയില്‍തന്നെയും ഇത് ആഴത്തില്‍ ചര്‍ച്ചചെയ്തിരുന്നതാണ്. എങ്കിലും അന്നത്തെ പ്രത്യയശാസ്ത്രരേഖ ഈ പ്രശ്നത്തെക്കുറിച്ച് മൗനംപാലിക്കുകയാണ് ചെയ്തത്.

 

അസമത്വത്തിനും അഴിമതിക്കുമെതിരെ ചൈനയില്‍ ഉയര്‍ന്നുവന്ന വമ്പിച്ച യുവജന പ്രക്ഷോഭത്തിന്‍െറ പശ്ചാത്തലത്തിലായിരുന്നു സി.പി.എമ്മിന്‍െറ 14ാം പാര്‍ട്ടികോണ്‍ഗ്രസ് മദ്രാസില്‍ ചേര്‍ന്നത്. ടിയാനന്‍മെന്‍ സ്ക്വയറില്‍ സമരയോദ്ധാക്കളെ ചൈനീസ് പട്ടാളം കൂട്ടക്കൊലചെയ്തതിനെ അന്ന് പരസ്യമായി ന്യായീകരിക്കുകയാണ് സി.പി.എം ചെയ്തത്. എന്തിനായിരുന്നു സമരമെന്നുപോലും നേരിട്ട് സൂചിപ്പിക്കാതെ, ‘സോഷ്യലിസത്തെ അസ്ഥിരപ്പെടുത്താനുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍െറ 1989ലെ ഇടപെടലുകളെ ചൈനീസ് പാര്‍ട്ടി ചെറുത്തുതോല്‍പിച്ചു എന്നു മാത്രമായിരുന്നു പ്രത്യയശാസ്ത്ര രേഖയില്‍ സി.പി.എം അന്ന് സൂചിപ്പിച്ചത്. ചുരുങ്ങിയത് ഇരുപതു കൊല്ലം മുമ്പെങ്കിലും എല്ലാവര്‍ക്കും മനസ്സിലായ കാര്യമാണ് ഇപ്പോള്‍ തങ്ങള്‍ക്കും മനസ്സിലായതായി സി.പി.എം സമ്മതിച്ചിരിക്കുന്നത്. ടിയാനന്‍മെന്‍ സ്ക്വയറിലെ കൂട്ടക്കൊല ഉണ്ടായപ്പോള്‍ രാംലീലാ മൈതാനിയില്‍ ഇതുപോലെ ജനക്കൂട്ടം വന്നാല്‍ രാജീവ് ഗാന്ധി ചെയ്യാനിടയുള്ളതേ ചൈനീസ് പട്ടാളം ചെയ്തുള്ളൂ എന്നായിരുന്നു അന്ന് ദേശാഭിമാനി മുഖപ്രസംഗം എഴുതിയത്. രാംലീലാ മൈതാനിയില്‍ ബാബാ രാംദേവിനെ പിടിച്ചിറക്കിയാല്‍പോലും പ്രതിഷേധവുമായി എത്തുന്ന നേതൃത്വമാണ് ഈ വ്യാഖ്യാനവുമായി അന്ന് രംഗത്തുവന്നത്.

 

മുപ്പതുവര്‍ഷത്തെ സാമ്പത്തിക പരിഷ്കാരങ്ങള്‍ വലിയ ദുരിതങ്ങളാണ് ചൈനയിലെ തൊഴിലാളിവര്‍ഗത്തിനും മറ്റ് പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ക്കും കര്‍ഷകര്‍ക്കും സമ്മാനിച്ചതെന്ന് അണികളോട് തുറന്നുപറയുന്നതില്‍ എന്താണ് കുഴപ്പം? ഒരു കുഴപ്പമേയുള്ളൂ- സോഷ്യലിസ്റ്റ് പരിണാമത്തില്‍ ഇത്തരം പ്രവണതകളെ ചെറുത്തുകൊണ്ട് നവലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ആവില്ലെന്ന് തുറന്നു സമ്മതിക്കേണ്ടിവരും. ആ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് പ്രത്യയശാസ്ത്ര രേഖ ചെയ്തിരിക്കുന്നത്. മാത്രമല്ല, സി.പി.എം അധികാരത്തിലിരുന്ന കേരളത്തിലും പശ്ചിമബംഗാളിലും നടപ്പാക്കിയിരുന്നത് ഇതേ നവ ലിബറല്‍നയങ്ങള്‍തന്നെ ആയിരുന്നു എന്നും ഈ ‘ചൈനീസ് പാത’യല്ലാതെ മറ്റൊരു സൈദ്ധാന്തിക പ്രത്യയശാസ്ത്രസമീപനവും സി.പി.എമ്മിന് ഇന്ത്യയിലും മുന്നോട്ടുവെക്കാന്‍ ഇല്ലെന്നുമുള്ള വസ്തുത ഇതോടെ തീര്‍ച്ചയായിരിക്കുകയാണ്. ചൈനയിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ തൊഴിലാളികളുടെ ദുരിതപൂര്‍ണമായ ജീവിതത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗ്രാമീണമേഖലയിലെ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുകയാണ്. ഈ യാഥാര്‍ഥ്യത്തിന് മറയിടാനോ മുഖംതിരിഞ്ഞുനില്‍ക്കാനോ ഇനിയും സി.പി.എമ്മിന് കഴിയുമെന്ന് തോന്നുന്നില്ല.

 

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനങ്ങളില്‍ സി.പി.എമ്മിന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് (imponderables) പാര്‍ട്ടിയുടെ കരട് പ്രത്യയശാസ്ത്രരേഖ പറയുന്നത് രണ്ടു കാര്യങ്ങളെക്കുറിച്ചാണ്. ‘സാമ്രാജ്യത്വം’ എന്ന സങ്കല്‍പം പാര്‍ട്ടി ഉപേക്ഷിച്ചതിന്‍െറയും പാര്‍ട്ടിയില്‍ വന്‍കിട മുതലാളിമാര്‍ക്കും മാനേജ്മെന്‍റ് വിദഗ്ധര്‍ക്കും (ഇവന്‍റ് മാനേജ്മെന്‍റല്ല) അംഗത്വം നല്‍കുന്നതിന്‍െറയും അര്‍ഥമാണ് പിടികിട്ടാത്തത്. കേരളത്തിലെ ഏതെങ്കിലും കുണ്ടനിടവഴി ലോക്കല്‍ കമ്മിറ്റിയിലെ സാധാരണ സഖാക്കളോട് ചോദിച്ചാല്‍പോലും അവര്‍ വിശദമായി ഇതിന്‍െറ അര്‍ഥം പ്രകാശ് കാരാട്ടിന് പറഞ്ഞുകൊടുക്കും. എങ്കില്‍ പിന്നെ പോളിറ്റ്ബ്യൂറോക്കുമാത്രം ഇതു പിടികിട്ടാതെ പോകുന്നത് എന്തുകൊണ്ടാണ്? ചൈനയിലെ പാര്‍ട്ടിക്കുള്ളിലും ചൈനയിലെ പൊതുസമൂഹത്തിലും ഇതേക്കുറിച്ച് ഇപ്പോഴും സജീവമായി നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് പ്രത്യയശാസ്ത്രരേഖ മൗനംപാലിക്കുകയോ അറിയില്ലെന്ന് നടിക്കുകയോ ചെയ്യുന്നു എന്നതാണ് യാഥാര്‍ഥ്യം.

 

ഡീക്വാങ്ങിന്‍െറ വിമര്‍ശം

 

2002ല്‍ ചൈനയിലെ ട്രേഡ് യൂനിയനുകളുമായി ചേര്‍ന്ന ഗാങ്ഷൗവില്‍വെച്ച് ഏഷ്യാ പസഫിക് റിസര്‍ച്ച് നെറ്റ്വര്‍ക്ക് ചൈന ലോക വ്യാപാര സംഘടനയില്‍ ചേര്‍ന്നാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സംഘടിപ്പിച്ച ഒരു കോണ്‍ഫറന്‍സില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ചൈനീസ് ഗവണ്‍മെന്‍റിന്‍െറ സാമ്പത്തിക പരിഷ്കാരങ്ങള്‍ ചൈനയില്‍ വലിയ എതിര്‍പ്പുകളാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് അവിടെ എനിക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞു. ആ സമ്മേളനത്തില്‍ ബെയ്ജിങ് യൂനിവേഴ്സിറ്റിയിലെ പ്രഫസറായ ഹാന്‍ ഡീക്വാങ് ചൈനയിലെ ഗ്രാമീണ സമ്പദ്വ്യവസ്ഥ നേരിടുന്ന ആഴമേറിയ പ്രതിസന്ധികള്‍ വിശദമായി വരച്ചുകാണിച്ചു. ആഗോള കുത്തുകകളുടെ മുന്നില്‍ മുട്ടുമടക്കുകയും തൊഴിലാളികളെയും കര്‍ഷകരെയും ദ്രോഹിക്കുന്നതുമാണ് ചൈനീസ് ഭരണകൂടം പിന്തുടരുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. ഹാന്‍ഡീക്വാങ് പ്രഭാഷണം അവസാനിപ്പിച്ചത് ഇങ്ങനെ ആയിരുന്നു: ‘‘Now we may conclude… Chinese economy is encountering a great, financial crisis. It is the truth of the Chinese economy guided by neo-liberalism and the true morass China will face after accession to WTO’’ (ചൈനീസ് സമ്പദ് വ്യവസ്ഥ ഒരു വലിയ ധനകാര്യ സാമ്പത്തികക്കുഴപ്പത്തിലാണ്. നവ ലിബറലിസത്താല്‍ നയിക്കപ്പെടുന്ന ചൈനീസ് സമ്പദ്വ്യവസ്ഥയുടെയും WTOയില്‍ ചേരുമ്പോള്‍ ചൈന അഭിമുഖീകരിക്കാന്‍ പോകുന്ന ചതിക്കുഴിയുടെയും സത്യം ഇതാണ്).

 

ഹാന്‍ഡീക്വാങ്ങിനെ അമേരിക്കന്‍ പക്ഷപാതി എന്നു വിളിച്ച് തള്ളിക്കളയാന്‍ സി.പി.എമ്മിന് കഴിയുമോ? അമേരിക്ക ഇറാഖില്‍ നടത്തിയ അധിനിവേശത്തിനെതിരെ ബെയ്ജിങ്ങില്‍ പ്രതിഷേധിക്കാന്‍ ഇറങ്ങിയ അധ്യാപകനാണ് അദ്ദേഹം. ആ പ്രതിഷേധമാര്‍ച്ച് പൊലീസ് തടയുകയാണുണ്ടായത്. ‘സാമ്രാജ്യത്വം’ എന്ന സങ്കല്‍പനം രാഷ്ട്രീയ ധാരണയില്‍നിന്ന് ഉപേക്ഷിക്കുക മാത്രമല്ല, അതിന്‍െറ അനന്തരഫലമായി അമേരിക്കന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍പോലും ചൈനയില്‍ അനുവദിക്കുകയുംകൂടി ചെയ്യാത്ത തലത്തിലേക്ക് ചൈനീസ് ഭരണകൂടം നീങ്ങുന്നു എന്നത് സി.പി.എം ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു. പ്രതിഷേധമാര്‍ച്ച് നടത്താനുള്ള അനുവാദം നിഷേധിച്ചപ്പോള്‍ ഹാന്‍ഡീക്വാങ് ദീര്‍ഘദര്‍ശനത്തോടെ നടത്തിയ പ്രസ്താവന സി.പി.എം നേതൃത്വത്തിന് വായിച്ചുനോക്കാവുന്നതാണ്. അദ്ദേഹം പറഞ്ഞു: ‘‘ഇതാ ഞാന്‍ പറയുന്നു, നാളെ അമേരിക്ക സിറിയയെയും ഇറാനെയും ആക്രമിക്കുമ്പോള്‍ പ്രതിഷേധിക്കാന്‍ ഞങ്ങള്‍ ഭരണകൂടത്തിന്‍െറ അനുവാദത്തിനുവേണ്ടി ഇരക്കുകയില്ല. എനിക്ക് പേടിയില്ല. ഞങ്ങള്‍ തെരുവിലിറങ്ങും.’’

 

ചൈനയില്‍ വളരുന്ന ശക്തമായ സാമ്രാജ്യത്വ വിരുദ്ധ, അമേരിക്കന്‍ വിരുദ്ധ വികാരത്തെ മനസ്സിലാക്കുന്നതില്‍ വമ്പിച്ച പരാജയമാണ് സി.പി.എമ്മിന് ഉണ്ടായിരിക്കുന്നത് എന്ന് പ്രത്യയശാസ്ത്രരേഖയില്‍നിന്ന് വ്യക്തമാകുന്നു. അതുകൊണ്ടാണ് ഇത്തരം സമരങ്ങളെ വെറും ‘ദേശീയത’എന്ന് പ്രത്യയശാസ്ത്ര രേഖ വിശേഷിപ്പിക്കുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ സങ്കുചിത ദേശീയവാദ ചിന്താഗതിക്ക് അടിപ്പെട്ടിട്ടുള്ളത് ചൈനീസ് പാര്‍ട്ടി നേതൃത്വമാണ് എന്ന് അവരുടെ ഇത്രയും കാലത്തെ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് വീണുകിടക്കുന്ന ചളിക്കുഴിയെക്കുറിച്ചും ആ അവസ്ഥ സൃഷ്ടിക്കുന്നതില്‍ സി.പി.എമ്മിനും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുമുള്ള പങ്കിനെക്കുറിച്ചും ആഗോള സിവില്‍ സമൂഹത്തോട് തുറന്നുസമ്മതിക്കാന്‍ സി.പി.എം ഇനിയെങ്കിലും തയാറാവണം. ക്യൂബയിലും മറ്റു ചെറു സോഷ്യലിസ്റ്റ് സമൂഹങ്ങളിലും പരിഷ്കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ അത് സബ്സിഡികള്‍ നിര്‍ത്തുന്നതിലെയും റേഷന്‍ നിര്‍ത്തലാക്കുന്നതിലെയുംതന്നെ ഒരേദിശയില്‍ നീങ്ങുന്നതെന്തുകൊണ്ട് എന്ന് വിശദീകരിക്കാനുള്ള സി.പി.എമ്മിന്‍െറ സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ ത്രാണിക്കുറവാണ് ഈ രേഖയിലെ വിലക്ഷണ വിശദീകരണങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും പിന്നിലുള്ളത് എന്നതാണ് യാഥാര്‍ഥ്യം. ഈ വഴിയല്ലാതെ മറ്റൊരു വഴി സി.പി.എമ്മിന്‍െറ മുന്നിലില്ല.

 

ഉത്തരാധുനികതയും സ്വത്വരാഷ്ട്രീയവും

 

സ്വത്വരാഷ്ട്രീയത്തിനും അതിന്‍െറ ദാര്‍ശനിക അടിത്തറയാവുന്നു എന്ന് സി.പി.എം വിശ്വസിക്കുന്ന ഉത്തരാധുനികതക്കെതിരെയും തികച്ചും വിലക്ഷണവും ഉപരിപ്ളവവുമായ വിമര്‍ശങ്ങളാണ് കരട് പ്രത്യയശാസ്ത്ര രേഖ മുന്നോട്ടുവെച്ചിരിക്കുന്നത്. കരട് പ്രത്യയശാസ്ത്രരേഖയില്‍ സ്വത്വവാദ- ഉത്തരാധുനിക വിമര്‍ശങ്ങള്‍ക്ക് അടിസ്ഥാനമാവുന്നത് The Marxist എന്ന സി.പി.എം പ്രസിദ്ധീകരണത്തില്‍ 2011 ആദ്യം പ്രസിദ്ധീകരിച്ച ഐജാസ് അഹ്മദിന്‍െറ ‘On Post Modernism’ എന്ന ലേഖനവും പ്രകാശ് കാരാട്ടിന്‍െറ ‘The Challange of Identity Politics’ എന്ന ലേഖനവുമാണ്. ഈ രണ്ടു ലേഖനങ്ങളിലും നിഴലിക്കുന്നത്, ഇന്ത്യയില്‍ കഴിഞ്ഞ മൂന്നു ദശകക്കാലത്തിനിടയില്‍ ശക്തമായിത്തീര്‍ന്ന നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തെ സ്വന്തം വര്‍ഗസമര രാഷ്ട്രീയത്തിനുള്ള വെല്ലുവിളിയായി മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സങ്കുചിത രാഷ്ട്രീയമാണ്. ഐജാസ് അഹ്മദിന്‍െറ ലേഖനം ഫൂക്കോയെ അരാഷ്ട്രീയവാദിയായും ദെറീദയെ മാര്‍ക്സിസ്റ്റ് വിരുദ്ധനായും ലുതോര്‍ഡിനെ റീഗനും മുമ്പ് നവ ലിബറലിസം ഉദ്ഘോഷിച്ചവരില്‍ പ്രമുഖനായും ചിത്രീകരിക്കുന്നു. ഇത്തരം പ്രവണതകള്‍ ഉത്തരാധുനികതയിലുണ്ടെന്നുള്ളത് വലിയ വാര്‍ത്തയല്ല. 1989ല്‍ എഴുതിയ ഒരു വിമര്‍ശക്കുറിപ്പില്‍ അന്നു ലഭ്യമായിരുന്ന പുസ്തകങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ സമാനമായ വിമര്‍ശങ്ങള്‍ ഞാനും ഉന്നയിച്ചിരുന്നു (സാംസ്കാരിക മാസിക- 1989). എന്നാല്‍, എന്‍െറ വിമര്‍ശം ഞാന്‍ അക്കാലത്ത് സംഗ്രഹിക്കാന്‍ ശ്രമിച്ചത് ഇങ്ങനെ ആയിരുന്നു: ‘‘പുത്തന്‍ സാമൂഹിക പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന അധികാര വിരുദ്ധ രാഷ്ട്രീയത്തെ ചെറുക്കാനുള്ള യൂറോപ്യന്‍ നാഗരികതയുടെ ദാര്‍ശനിക സന്നാഹമാണ് ഉത്തരാധുനികത. സ്ത്രീകള്‍, കറുത്തവര്‍, ഏഷ്യക്കാര്‍, സ്വവര്‍ഗരതിക്കാര്‍, ആദിമ ജനതകള്‍, കൂലിരതിചെയ്യുന്നവര്‍, ദലിതര്‍ -യൂറോപ്യന്‍ സര്‍വ കേന്ദ്രവാദത്തെ ചോദ്യംചെയ്യുന്നവര്‍ ഏറെയാണ്. ‘പുരുഷന്‍’ എന്ന സങ്കല്‍പം ചോദ്യംചെയ്യപ്പെട്ടപ്പോള്‍ അത് ‘മനുഷ്യന്‍’ എന്ന സങ്കല്‍പത്തെ തിരിച്ചാക്രമിച്ചു. യൂറോകേന്ദ്രവാദത്തെ നിരസിച്ചപ്പോള്‍ അത് ‘കേന്ദ്രം’ എന്ന സങ്കല്‍പത്തെ അട്ടിമറിക്കാനെത്തി. പാശ്ചാത്യയുക്തിയുടെ അപ്രമാദിത്വം വെല്ലുവിളിക്കപ്പെട്ടപ്പോള്‍ അയുക്തികതയെ ആശ്ളേഷിക്കാന്‍ പറഞ്ഞു.’’ ഇപ്പോള്‍ സി.പി.എം ചെയ്യുന്നതെന്താണ്? വര്‍ഗസമരത്തിനെതിരെ മാത്രമുള്ള ഒരു വെല്ലുവിളിയായി ഉത്തരാധുനികതയെ വിമര്‍ശിക്കുക. അതിനൊപ്പംതന്നെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഉത്തരാധുനികതയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളെ കാണാതിരിക്കുകയും അതില്‍ രൂപംകൊണ്ടിട്ടുള്ള ജനാധിപത്യധാരകളെ അവഗണിക്കുകയും ചെയ്യുക.

 

സ്വത്വത്തെക്കുറിച്ച് ഒരു കാഴ്ചപ്പാടും മുന്നോട്ടുവെക്കാതെയാണ് സ്വത്വവാദത്തെയും നവ സാമൂഹിക പ്രസ്ഥാനങ്ങളെയും ഉത്തരാധുനികതയെയും കൂട്ടിക്കുഴച്ച് പ്രത്യയശാസ്ത്രരേഖ ഇപ്പോള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. കല-സാഹിത്യ- സാംസ്കാരിക-ഗവേഷണ മേഖലകളില്‍ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ക്കും ഭാവുകത്വത്തിനും നവീനതകള്‍ക്കും ഉത്തരാധുനികത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഉത്തരാധുനികത, അതിന്‍െറ ആദ്യകാല സൈദ്ധാന്തിക പരിസരത്തുനിന്നും മുന്നോട്ടുപോയതിനെക്കുറിച്ച് സി.പി.എം മൗനം പാലിക്കുന്നു.

 

ഉത്തരാധുനികതയുടെ ചരിത്രത്തെക്കുറിച്ച് തികച്ചും തെറ്റിദ്ധാരണാ ജനകമായ വിവരണമാണ് ഐജാസ് അഹ്മദ് പ്രസ്തുത ലേഖനത്തില്‍ നല്‍കുന്നത്. 1960കളില്‍ യൂറോപ്പിലും അമേരിക്കയിലും ശക്തിപ്രാപിച്ച സാമ്രാജ്യത്വ വിരുദ്ധ യുവജന പ്രക്ഷോഭത്തോട് ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നിലപാടിനെക്കുറിച്ചുള്ള ഐജാസ് അഹ്മദിന്‍െറ വിശദീകരണം ഇതിന് നല്ലൊരു ഉദാഹരണമാണ്. 1968ല്‍ ഉത്തരാധുനികതയുടെ രാഷ്ട്രീയ പശ്ചാത്തലമായി എന്ന് അദ്ദേഹം പറയുന്ന ഈ സമരത്തില്‍ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയും അണിചേര്‍ന്നിരുന്നു എന്ന് ഐജാസ് അഹ്മദ് തന്നെ ഓര്‍മിപ്പിക്കുന്നു. അതുതന്നെ, സമരത്തിന്‍െറ പശ്ചാത്തലത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍െറ പിന്നീടുള്ള വിവരണത്തെ മുന്‍കൂറായി അസാധുവാക്കുന്നുണ്ട്. എന്നാല്‍, രസകരമായിട്ടുള്ളത് കമ്യൂണിസ്റ്റ് പാര്‍ട്ടി സമരത്തില്‍നിന്ന് പിന്‍വാങ്ങിയതിന് അദ്ദേഹം പറയുന്ന ന്യായമാണ്. അന്നത്തെ സമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള പങ്കിനെ ചരിത്രകാരന്മാര്‍ കുറച്ചുകാണുന്നു എന്നാണ് ഐജാസ് അഹ്മദിന്‍െറ പരാതി. ഒരു വലിയ പൊതുപണിമുടക്കോടെ സമരത്തില്‍ പങ്കുചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി എന്തുകൊണ്ടാണ് മേയ് 11ന് സോര്‍ബോണ്‍ അങ്കണ (Sorbonne Courtyard)ത്തിലെ ‘ജനാവലി’യുടെ ഭാഗമാവാതെ മാറിനിന്നതും സമരത്തില്‍നിന്ന് പൂര്‍ണമായും പിന്‍വാങ്ങിയതും? കാരണം, ഇത്രയെയുള്ളൂ: അന്നത്തെ സമരത്തെ അടിച്ചമര്‍ത്താന്‍ ഫ്രഞ്ച് പട്ടാളത്തെ കൂടാതെ, വെസ്റ്റ് ജര്‍മനിയില്‍ താവളമടിച്ചിരുന്ന കുറെ അമേരിക്കന്‍ പട്ടാളക്കാരെകൂടി വിളിക്കാന്‍ ഫ്രഞ്ച് ഗവണ്‍മെന്‍റിന് പദ്ധതിയുണ്ടായിരുന്നുവത്രെ. ഇതു മനസ്സിലാക്കിയാണ് ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി 1968ലെ മേയ് കലാപത്തില്‍നിന്ന് ‘അച്ചടക്കത്തോടെ പിന്മാറി’യതത്രെ (orderly retreat). 1968നുശേഷം ഇതേ അമേരിക്കന്‍ പട്ടാളത്തെയാണ് വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ധീരമായി ചെറുത്തുതോല്‍പിച്ചത്! അമേരിക്കന്‍ പട്ടാളത്തെ ഭയക്കാത്ത വിയറ്റ്നാം കര്‍ഷകനെയും ‘ഉത്തരാധുനിക’ വിദ്യാര്‍ഥിയെയും അല്ല, അവരെ കണ്ടപ്പോള്‍ സമരം നിര്‍ത്തിപ്പോയ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയെയാണ് സി.പി.എം ഉയര്‍ത്തിപ്പിടിക്കുന്നത്. സമരമുഖത്തുനിന്ന് ഒളിച്ചോടിയ ഒരു പാര്‍ട്ടിയുടെ പേരില്‍ ‘ഉത്തരാധുനികത’യാണ് എല്ലാ കുഴപ്പത്തിനും കാരണം എന്ന ന്യായവിധിയുമായി വരുന്നത് ഈ പ്രത്യയശാസ്ത്രരേഖയെ കുറച്ചൊന്നുമല്ല പരിഹാസ്യമാക്കുന്നത്.

 

നവ സാമൂഹിക പ്രസ്ഥാനങ്ങളെയും ഉത്തരാധുനിക കല- സാഹിത്യ-ദാര്‍ശനിക പ്രവണതകളെയും എതിര്‍ക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് എതിര്‍പ്പിന്‍െറ പ്രായോഗികരൂപം എന്തായിരിക്കുമെന്നുകൂടി വ്യക്തമാക്കാന്‍ സി.പി.എമ്മിന് ബാധ്യതയുണ്ട്. വിശേഷിച്ചും കേരളത്തില്‍ ഉത്തരാധുനികതയുടെ പ്രചാരകന്മാരും പ്രവാചകന്മാരും കൂടുതലും പാര്‍ട്ടി ബുദ്ധിജീവികളായിരുന്നു എന്ന യാഥാര്‍ഥ്യംകൂടി കണക്കിലെടുക്കുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തതവേണ്ടത് അത്യാവശ്യമാണ്. 1992ലെ പ്രത്യയശാസ്ത്രരേഖയില്‍ ഉത്തരാധുനികതയെക്കുറിച്ചും സ്വത്വവാദത്തെക്കുറിച്ചും ഒന്നും പറയാന്‍ സി.പി.എം തയാറായിരുന്നില്ല. ഇന്നത്തെക്കാള്‍ ശക്തമായി, കല-സാഹിത്യ പ്രത്യയശാസ്ത്ര മേഖലകളില്‍ ഉത്തരാധുനിക ചിന്തകള്‍ പടര്‍ന്നുനിന്ന കാലമായിരുന്നു അത്. 1990കളില്‍ ഉത്തരാധുനികത വളര്‍ത്തുന്നതിന് കേരളത്തില്‍ മുന്‍കൈ എടുത്തത് പാര്‍ട്ടി ബുദ്ധിജീവികള്‍തന്നെ ആയിരുന്നു. അന്നൊന്നും അതിനെ പ്രതിരോധിക്കാതെ ഒഴിഞ്ഞുനിന്നശേഷം, സ്വത്വവാദരാഷ്ട്രീയത്തിന്‍െറയും നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ യാഥാര്‍ഥ്യത്തെ ശരിയായി മനസ്സിലാക്കുന്നതിനും അപഗ്രഥിക്കുന്നതിനുമുള്ള ശേഷിക്കുറവിനുള്ള മറയായി ഉത്തരാധുനികതാ വിമര്‍ശത്തെ അവതരിപ്പിക്കുകയാണ് സി.പി.എം ചെയ്യുന്നത്.

 

അവസാനത്തെ പാര്‍ട്ടി

 

ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ ഇന്നത്തെ നിലവെച്ചുനോക്കുമ്പോള്‍ അവസാനത്തെ യാഥാസ്ഥിതിക കമ്യൂണിസ്റ്റ് പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുകയാണ് എന്നുകാണാന്‍ കഴിയും. ഈ യാഥാര്‍ഥ്യത്തിന് അടിവരയിടുന്ന പാര്‍ട്ടിയിങ് (partying) ആയി പാര്‍ട്ടി കോണ്‍ഗ്രസ് മാറുകയാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിലും ഇന്ത്യയിലും ആഗോളീകരണത്തിന്‍െറ പാര്‍ശ്വവത്കരണത്തിനെതിരെ ശക്തമായ സമരങ്ങള്‍ ഉണ്ടാവുന്നുണ്ട്. സി.പി.എം വിഭാവനംചെയ്യുന്ന തൊഴിലാളി- കര്‍ഷകഐക്യം എന്നതിനപ്പുറം, വിപുലമായ ഐക്യദാര്‍ഢ്യങ്ങളാണ്, ആഗോളമൂലധനവും വികസിതരാഷ്ട്രങ്ങളിലെ കര്‍ഷക ജനവിഭാഗങ്ങളും തമ്മില്‍ ഉണ്ടായിരിക്കുന്നത്. യൂറോ -അമേരിക്കന്‍ തൊഴിലാളിവര്‍ഗം ഇപ്പോള്‍ മൂന്നാം ലോക രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗത്തിനും കര്‍ഷകര്‍ക്കും എതിരാണ്. അവിടത്തെ മൂലധനതാല്‍പര്യങ്ങളാണ് അവരും ഉയര്‍ത്തിപ്പിടിക്കുന്നത്. മൂന്നാം ലോകരാജ്യങ്ങളിലെ ഭൂമിയടക്കമുള്ള വിഭവങ്ങള്‍ വെട്ടിപ്പിടിക്കാന്‍ യൂറോ-അമേരിക്കന്‍ മൂലധനവും ട്രേഡ് യൂനിയനുകളും കൈകോര്‍ക്കുമ്പോള്‍ അതിനെ സഹായിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തള്ളിപ്പറയാന്‍ സി.പി.എം തയാറാവുന്നില്ല. ഇന്ത്യയില്‍ അതിനെതിരെ രൂപംകൊള്ളുന്ന നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ സമരമുഖങ്ങളില്‍ സി.പി.എമ്മിന്‍െറ ചില നേതാക്കള്‍ മുഖംകാണിക്കാറുണ്ടെങ്കിലും (ഉദാ: പ്ളാച്ചിമട -അച്യുതാനന്ദന്‍).

 

നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ സമരങ്ങളെ തങ്ങളുടെ വര്‍ഗസമര സിദ്ധാന്തത്തിനുള്ള വെല്ലുവിളി മാത്രമായി കാണാനാണ് സി.പി.എം ശ്രമിക്കുന്നത്. കാലഹരണപ്പെട്ട സൈദ്ധാന്തിക ശാഠ്യങ്ങള്‍, അപ്രസക്തമായ പ്രത്യയശാസ്ത്ര വിഷാദങ്ങള്‍, സന്ദിഗ്ധതകളും ആശയക്കുഴപ്പവും നിറഞ്ഞ നിരീക്ഷണങ്ങളും ഭാവിപരിപാടികളും എന്നിവ ഈ രേഖയുടെ മുഖമുദ്രകളാണ്.

 

സമകാല രാഷ്ട്രീയത്തിന് മുഖാമുഖം നില്‍ക്കാന്‍ സി.പി.എം തയാറാവണമെങ്കില്‍ ഈ രേഖ പൂര്‍ണമായും കൈയൊഴിയാന്‍ പാര്‍ട്ടി തയാറാവണം. പാര്‍ട്ടികോണ്‍ഗ്രസ് ഗൗരവമായി പ്രത്യയശാസ്ത്രരേഖയിലെ ഈ വലിയ പാളിച്ചകള്‍ ചര്‍ച്ചചെയ്യുമെന്നും തിരുത്തുമെന്നും നമുക്ക് പ്രതീക്ഷിക്കാം.