ഭരണ ഭീകരതയുടെ നഗര മുഖത്തില്‍

ഡോ. ടി ടി. ശ്രീകുമാര്‍. (ഇന്ത്യാ വിഷന്‍ അതിഥി, 11 അഗസ്റ് 201)

അഭൂതപൂര്‍വ്വമായ ഒരു സാഹചര്യമാണ് തിരുവനന്തപുരത്ത് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കേരളത്തിലെ രണ്ടു പ്രബല മുന്നണികള്‍ പരസ്പരം യുദ്ധ സന്നദ്ധരായിരിക്കുന്നു. മുന്‍പ് കേരളത്തില്‍ കേട്ട് കേള് വിയില്ലാത്ത ഒരു സമര മുറയാണ്‌ എല്‍. ഡി. എഫ് സ്വീകരിച്ചിരിക്കുന്നത്. ലോകത്തെമ്പാടും സിവില്‍ സമൂഹം സ്വന്തം പരിമിതികളുടെ അടിസ്ഥാനത്തില്‍ ചരിത്രപരമായി സാധ്യമായതെന്ന് കണ്ടെത്തിയതും ആരുടേയും നേതൃത്വത്തിലല്ലാതെ ജനങ്ങള്‍ സ്വയം സംഘടിച്ചു വിജയകരമായി പല രാജ്യങ്ങളിലും പരീക്ഷിച്ചതുമായ അനിശ്ചിത കാല ഭരണ കേന്ദ്ര ഉപരോധ സമരം എല്‍. ഡി. എഫ്. പോലെ ശക്തമായ കേഡര്‍ അടിത്തറയുള്ള ഒരു മുന്നണി സ്വയം സേവകരെ മുന്‍‌കൂര്‍ തിരെഞ്ഞെടുത്തു അയച്ചു നടത്തുവാന്‍ പോവുകയാണ്. ഇത് നേരിടുന്നതിനാവട്ടെ ഇതിനു മുന്‍പൊന്നും കണ്ടിട്ടില്ലാത്ത സന്നാഹങ്ങളാണ് യൂ. ഡി. എഫ്. സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. തികച്ചും ആശങ്കാജനകമായ സാഹചര്യമാണിത്.

സമരത്തിന്റെ ലക്‌ഷ്യം മുഖ്യമന്ത്രിയുടെ രാജിയാണ് എന്ന് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് നേടിയെടുക്കുo വരെ ഉപരോധം തുടരും എന്നാണു അവര്‍ പറയുന്നത്. എന്നാല്‍ ഭരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഉറപ്പു വരുത്താന്‍ ആവശ്യമായ സജ്ജീകരണങ്ങളാണ് ചെയ്യുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. സമരത്തിന്റെ ന്യായാന്യായങ്ങള്‍ അവിടെ നില്‍ക്കട്ടെ. കേരളത്തിലെ ദളിത്‌-ആദിവാസി ഭൂപ്രശ്നം പരിഹരിക്കാതെ ഭരണം തുടരാന്‍ അനുവദിക്കില്ലെന്നൊന്നും പറഞ്ഞു ഇന്ന് വ്യവസ്ഥാപിത പാര്‍ട്ടികള്‍ ഏതെങ്കിലും സമരം ചെയ്യും എന്ന് വിശ്വസിക്കാന്‍ മാത്രം നമ്മള്‍ നിഷ്കളങ്കരല്ല. യഥാര്‍ത്ഥ ജനകീയ സമരങ്ങളോട്, ചെങ്ങറ മുതല്‍ അരിപ്പ വരെയുള്ള ഭൂസമരങ്ങളോട്, കാതിക്കുടം സമരത്തോട്, അവരാരെങ്കിലും ഐക്യദാര്‍ഡ്യo പ്രഖ്യാപിക്കും എന്നുപോലും നാം ഒരിക്കലും കരുതുന്നില്ല. കക്ഷി രാക്ഷ്ട്രീയ സമരങ്ങളെല്ലാം അധികാരത്തിനു വേണ്ടിയാണ്. ഈ സമരവും അങ്ങനെ തന്നെ. ആദിവാസികള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സര്‍ക്കാരിനോട് പൊറുക്കുന്ന, എന്നാല്‍ അധികാര സമരത്തിന്റെ പാചകപ്പുരകള്‍ക്ക് ജീവന്‍ കൊടുത്തും കാവല്‍ നില്‍ക്കാന്‍ മുതിരുന്ന, അത് വിളിച്ചു പറയുന്ന, നേതൃത്വപരമായ മുന്‍ഗണനകള്‍ തീരുമാനിക്കപ്പെട്ടുകഴിഞ്ഞതാണ് കേരള രാക്ഷ്ട്രീയം. ഇന്ത്യന്‍ രാക്ഷ്ട്രീയവും.

അതുകൊണ്ട് തന്നെ, ഇവിടെ പ്രധാനമായിട്ടുള്ളത്, സമരത്തിന്റെ ന്യായാന്യായങ്ങളല്ല. സമരങ്ങളോടുള്ള ഭരണകൂട സമീപനത്തിന് ഏതളവുവരെ പോകാം എന്നുള്ളതാണ്. പുതിയ കീഴ്വഴക്കങ്ങള്‍ക്ക് കാരണമായേക്കാവുന്ന കടുത്ത നടപടികള്‍ സ്വീകരിക്കുന്ന ഭരണകൂടമാണ്‌ ശ്രദ്ധിക്കാന്‍ ബാധ്യതപ്പെട്ടവര്‍. എല്‍. ഡി. എഫിന്റെ സമരം അക്രമാസക്തമാവാന്‍ ഇടയുണ്ട് എന്ന കാരണത്താല്‍ ഒരു ജനാധിപത്യ ഭരണകൂടത്തിനു എന്തൊക്കെ നടപടികള്‍ സ്വീകരിക്കാo, സ്വീകരിക്കാന്‍ പാടില്ല എന്നതിനെ കുറിച്ചുള്ള എല്ലാ മാനദണ്ഡങ്ങളെയും മാറ്റി മറിക്കുന്ന താണ് ഉമ്മന്‍ ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഇപ്പോഴത്തെ സമീപനം.

തികഞ്ഞ ഏകാധിപതികള്‍ ഇത്തരം സമരങ്ങളോട് സ്വീകരിക്കാറുള്ള കടുത്ത നടപടികള്‍ മുന്‍കൂറായി സ്വീകരിച്ചിരിക്കുന്നു. പ്രതിപക്ഷ സമരത്തെ നേരിടാന്‍ കേന്ദ്ര സേനയെ വിളിച്ചു. ഹോട്ടലുകളില്‍ സമരത്തിനെത്തുന്നവരെ താമസിപ്പിക്കുന്നതിന് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തി. പൊതു കക്കൂസുകളും മൂത്രപ്പുരകളും അടച്ചിടും എന്ന് പ്രഖ്യാപിച്ചു. സമരത്തിന്‌ എത്തുന്നവര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം പാചകം ചെയ്യാന്‍ അനുവദിക്കില്ലെന്ന് നിലപാടില്‍ പോലീസിനെ അയച്ചു. എന്തിനു വീടുകളില്‍ ബന്ധുക്കളെ താമസിപ്പിക്കാന്‍ കൂടി അനുവദിക്കില്ലെന്ന് ഗ്രാമങ്ങള്‍ തോറുമെത്തി ഭീഷണിപ്പെടുത്തുന്ന സ്ഥിതി വരെ കാര്യങ്ങളെത്തി. മദ്യവില്‍പ്പന തടയലും കരുതല്‍ തടങ്കലും മറ്റും വേറെയും. നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ആലോചന ഉണ്ടായിരുന്നത്രേ!

ഇത് ജനാധിപത്യം സംരക്ഷിക്കാനാണ് പൌരാവകാശം സംരക്ഷിക്കാനാണ് എന്ന വാദം എത്ര പൊള്ളയാണ്‌. പൌര സ്വാതന്ത്ര്യത്തിന്റെ, മനുഷ്യാവകാശങ്ങളുടെ, അടിസ്ഥാന മാനദണ്ഡങ്ങളെ പോലും അവഗണിച്ചുകൊണ്ട് ഭരണകൂട ഭീകരത അഴിച്ചു വിടാനുള്ള സന്ദര്ഭമാക്കി ഈ സമരത്തെ ഉപയോഗിക്കാനുള്ള അമിതാധികാര വ്യഗ്രതയാണ് ഒരു ജനാധിപത്യ പാര്‍ട്ടിയുടെ രണ്ടു നേതാക്കള്‍ കാട്ടിയിരിക്കുന്നത്. ഇതു മന്ത്രിസഭയുടെയോ, യു. ഡി. എഫിലെ പാര്ട്ടികകളുടെയോ, എന്തിന്റെ കോണ്ഗ്രസ്സിന്റെ തന്നെയോ സമ്മതത്തോടെ ചെയ്തിട്ടുള്ളതല്ല എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. യൂ. ഡി. എഫ് നേതൃത്വവും, കോണ്ഗ്രസ് നേതൃത്വവും ഇതംഗീകരിക്കാന്‍ ബാദ്ധ്യസ്ഥരായി തീരുന്നു എന്നുള്ളത് ഇതുമായി ബന്ധെപ്പെടുത്തെണ്ടതില്ല. ഇത്രയും വലിയ ജാനാധിപത്യ ധ്വംസനം ഒരു ചെറിയ നഗരത്തിനു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഭരണ നേതൃത്വത്തിലെ രണ്ടു വ്യക്തികള്‍ വിചാരിച്ചാല്‍ കഴിയും എന്നത് നമ്മെ ചിന്തിപ്പിക്കേണ്ട വസ്തുതയാണ്. ഇത്തരം നേതാക്കളുടെ തീരുമാനങ്ങളെ പിന്നീട് പാര്ട്ടികള്‍ക്ക് അംഗീകരിക്കേണ്ടി വരുന്നത് മുന്‍പും ഉണ്ടായിട്ടുള്ളതാണ്. ഇങ്ങനെ ഇ. എം എസിന്റെ പിടിവാശിക്ക് വഴങ്ങി, അദ്ദേഹത്തിന്റെ പോലീസ് നടത്തിയ ചന്ദനതോപ്പ് വെടിവയ്പ്പിനെ പാര്‍ട്ടിക്ക് ന്യായീകരിക്കേണ്ടി വന്ന ഗതികേടിനെ കുറിച്ച് കെ. ദാമോദരന്‍ എഴുതിയിട്ടുണ്ട്. ഇതൊരിക്കലും ആശാസ്യമല്ല.

അനിശ്ചിതകാല ഭരണ കേന്ദ്ര ഉപരോധം എന്ന സമര മാര്‍ഗ്ഗം ശരിയോ തെറ്റോ എന്നത് അവിടെ നില്‍ക്കട്ടെ. മുഖ്യമന്ത്രിയുടെ ഓഫീസ് യൂ. എന്‍. അവാര്‍ഡ് നേടിയത് അതിന്റെ അഴിമതി വിരുദ്ധ പ്രവര്ത്തനത്തിനാണ്‌ എന്ന് ഇപ്പോഴും ആ വെബ്‌ സൈറ്റില്‍ ഉണ്ട്. അവാര്‍ഡ്‌ മുഖ്യമന്ത്രിക്കായിരുന്നില്ല, അദ്ദേഹത്തിന്റെ ഓഫീസിനായിരുന്നു. ആ ഓഫീസാണ് ആരോപണ വിധേയമായത്. ആ ഓഫീസിലെ ജീവനക്കാരെയാണ് പുറത്താക്കേണ്ടി വന്നത്. ആ ഓഫീസിലെ ജീവനക്കാരെ ആണു തട്ടിപ്പ് കേസ്സില്‍ അറസ്റ്റ് ചെയ്യേണ്ടി വന്നത്. അവര്‍ കുറ്റം ചെയ്തു എന്ന് തെളിയുന്നതുവരെ നിരപരാധികള്‍ ആണ്. എന്നാല്‍ ജനാധിപത്യ രാക്ഷ്ട്രീയത്തിലെ സാമാന്യ മര്യാദ എന്താണ്? പൊതു ധാര്‍മികത എന്താണ്? ഇത്രയും വലിയ ആരോപണങ്ങള്‍ ഉണ്ടാവുമ്പോള്‍, ഇത്രയും പേരെ പുറത്താക്കേണ്ടി വരുമ്പോള്‍, അവരില്‍ പലരും സര്‍ക്കാര്‍ ജീവനക്കാര്‍ അല്ല, രാക്ഷ്ട്രീയമായി നിയമിതരായവരായിരുന്നു എന്നത് കൂടി ചേര്‍ത്ത് വച്ച് ആലോചിക്കുമ്പോള്‍, ഏറ്റവും ഉചിതമായ തീരുമാനം ആ ഓഫീസിന്റെ മുഖ്യ ചുമതലയുള്ള മുഖ്യ മന്ത്രി രാജി വയ്ക്കുക എന്നതായിരുന്നു. പ്രാതിനിധ്യ ജനാധിപത്യമാണ്. പാര്‍ട്ടിക്ക് മറ്റൊരാളെ നിയോഗിക്കാം. ഈ വാര്‍ത്ത വന്നപ്പോള്‍ തന്നെ യു. എന്‍. ആ അവാര്‍ഡ്‌ പിന്‍ വലിക്കണം എന്നാണ്‌ പലരും പങ്കു വച്ച ഒരഭിപ്രായo എന്ന നിലയില്‍ ഞാനും എഴുതിയിരുന്നത്. അന്ന് പ്രതിപക്ഷം സമരം തുടങ്ങിയിരുന്നില്ല. അതിനു മുന്‍പ് ആ അവാര്‍ഡു തന്നെ സംശയത്തിന്റെ നിഴലിലാണ് എന്നതും, അതിന്റെ നാമ നിര്‍ദേശത്തെ കുറിച്ച് വ്യക്തതയില്ലെന്നതും എനിക്ക് കുറിക്കേണ്ടി വന്നിരുന്നു- സോഷ്യല്‍ മീഡിയയില്‍. അന്ന് സോളാര്‍ സംഭവo തന്നെ പുറത്ത് വന്നിരുന്നില്ല.

ഇങ്ങനെ ഭരണ നേതൃത്വം സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഒരു സാഹചര്യത്തിലാണ്, ഉമ്മന്‍ ചാണ്ടി രാജി വയ്ക്കാനോ, കോണ്ഗ്രസ് പാര്‍ട്ടി ഉമ്മന്‍ ചാണ്ടിയെ മാറ്റി നിര്‍ത്തി മറ്റൊരാളെ മുഖ്യമന്ത്രിയാക്കാനോ തയ്യാറാവാത്ത സാഹചര്യത്തിലാണ്, ഞാന്‍ അമിത സമര സമാഹരണം എന്ന് പല കാരണങ്ങള്‍കൊണ്ടും ഇപ്പോഴും വിശ്വസിക്കുന്ന, ഈ എല്‍. ഡി. എഫ് സമരം നടക്കുന്നത്. ഇന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ച 13 ചോദ്യങ്ങള്‍ എത്ര പ്രസക്തമാണെങ്കില്‍ പോലും അവ ചോദിക്കാനുള്ള ധാര്‍മ്മികമായ അവകാശം അദ്ദേഹത്തിനു ഉണ്ടോ എന്നത് അദേഹം തന്നെ ആലോചിക്കേണ്ടതാണ്. ആ ചോദ്യങ്ങളില്‍ ഒന്ന് ലാവലിന്‍ പ്രശ്നത്തില്‍ പ്രതിയായ പിണറായി വിജയനല്ലേ സമരം നയിക്കുന്നത് എന്നതായിരുന്നു. നിസ്സാരമായ യുക്തികളുടെ അകമ്പടിയുള്ള ദയനീയമായ സ്വയംരക്ഷകളിലേക്ക് മുഖ്യമന്ത്രിക്ക് ചുരുങ്ങേണ്ടി വന്നിരിക്കുന്നു.

ഇത്തരം വലിയ ഭരണകൂട ഭീകരതക്കുള്ള എല്‍ ഡി എഫിന്റെ മറുപടി തങ്ങള്‍ യാതൊരു ക്രമ സമാധാന പ്രശ്നവും ഉണ്ടാക്കില്ല എന്നാണു. വീണ്ടും വീണ്ടും പ്രതിപക്ഷ നേതാക്കന്മാരെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത് തന്നെ എത്ര ലജ്ജാകരമാണ്. അതുതന്നെ ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ തന്ത്രമാണ്. പിണറായി വിജയന്‍റെ പത്ര സമ്മേളനത്തില്‍ പോലും വലിയൊരു ഭാഗം ചെലവഴിച്ചത്‌ തങ്ങള്‍ അക്രമം അഴിച്ചു വിടില്ല എന്ന് വീണ്ടും വീണ്ടും പറയാനായിരുന്നു. പോലീസ് എവിടെ നില്‍ക്കുന്നോ അവിടെ ഞങ്ങള്‍ മുന്നോട്ടുള്ള യാത്ര അവസാനിപ്പിക്കും അറസ്റ്റ് ചെയ്തു നീക്കിക്കൊള്ളട്ടെ എന്നൊക്കെ ഇങ്ങനെ ദയനീയമായി മുന്‍‌കൂര്‍ പറയിപ്പിക്കാന്‍ സാഹചര്യം ഉണ്ടാക്കുന്നത്, ഇങ്ങനെ സമരക്കാരെയെല്ലാം നിരന്തരം മുന്‍‌കൂര്‍ പ്രതിരോധത്തിലാക്കുന്നത് എകാധിപതികളുടെ രീതിയാണ് എന്ന് ഖേദപൂര്‍വ്വം പറയേണ്ടി വന്നിരിക്കുന്നു.

കേരളത്തിലെ ഒരു മാധ്യമ സ്ഥാപനത്തിനും ഈ നിലപാടുകളെ അംഗീകരിക്കാന്‍ന് കഴിയില്ല എന്നാണ് എന്റെ വിശ്വാസം. ഈ സമരത്തിന്റെ പേരിലുണ്ടായിരിക്കുന്ന യുദ്ധസന്നാഹം കേരളത്തില്‍ വളര തെറ്റായ ചില മാമൂലുകളാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ഇത് പോലീസിനു നല്‍കുന്ന ദുരധികാര ബോധം ചെറുതായിരിക്കില്ല. ഈ ഗവര്‍മെന്റു എക്കാലത്തും നിലനില്‍ക്കില്ല. അടുത്ത ഭരണക്കാലത്തും ഇതേ നടപടികള്‍ ഉണ്ടായേക്കും. എക്കാലത്തേക്കുമായി കേരള പോലീസിനെ ഭീകരവല്ക്കരിക്കുകയാണ് ഇപ്പോഴത്തെ നടപടികളിലൂടെ ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചെയ്തിരിക്കുന്നത്. ഇതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം ഈ രണ്ടു വ്യക്തികള്‍ക്കുമാണ്. ചരിത്രത്തിന്റെ ഏതോ ചൂണ്ടു വിരല്‍ അവര്‍ക്ക് നേരെ ഉയരുന്നത് ഞാന്‍ കാണുന്നുണ്ട്.