ഡോ. ടി ടി ശ്രീകുമാര്‍, സമകാലിക മലയാളം വാരിക, വാര്‍ഷിക പതിപ്പ് 2014.
ജര്‍മ്മന്‍ നവദാര്‍ശനികനായ Peter Sloterdijk-ന്റെ You Must Change Your Life: On Anthropotechnics എന്ന പുസ്തകം വായനക്ക് ഒരു വലിയ വെല്ലുവിളിയാണ്. റില്‍ക്കെയും നീത്ചെയും കാഫ്ക്കയും മുതല്‍ റോമാനിയന്‍ അഫോറിസ്റ്റ് എമീല് ചോറാനും (Emile Cioran) ഗോസാലനും ബുദ്ധനും അരബിന്ദോയും വരെ എത്രയോ ചിന്തകരെയും എഴുത്തുകാരേയും ആശയങ്ങളെയും തത്വചിന്താപരമായ വിശകലനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം അണിനിരത്തുന്നു. റില്ക്കേയുടെ Archaic Torso of Apollo എന്ന കവിതയില്‍ നിന്നാണ് ഈ പുസ്തകത്തിന്റെ പേര് സ്വീകരിച്ചിരിക്കുന്നത്. കൈകാലുകളും ശിരസ്സും നഷ്ടപ്പെട്ട അപ്പോളോയുടെ ഒരു കബന്ധശില്പ്പമാണ് റില്‍ക്കെയുടെ കവിതയിലെ പ്രതിപാദ്യം. ആന്ത്രോപോട്ടെക്നിക്ക് എന്നത് മനുഷ്യനും യന്ത്രവും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രതലത്തെ ഓര്‍മ്മിപ്പിക്കുന്നു.
സ്ലോറ്റര്‍ഡീക്കിന്റെ ഒരു പുസ്തകം ഞാന്‍ ആദ്യം വായിക്കുന്നത് എണ്‍പതുകളിലാണ്–വിഖ്യാതമായ Critique of Cynical Reason. ഒറ്റത്തവണത്തെ വായനയില്‍ ഉള്ളടക്കം ഗ്രഹിച്ചു മടക്കി വയ്ക്കാനുള്ള പുസ്തകമായിരുന്നില്ല അത്. പല കാലങ്ങളിലായി, പല ഭാഗങ്ങളായി അത് നിരന്തരം വായിച്ചിട്ടുണ്ട്. ആ വായനയ്ക്ക് സമാന്തരമായാണ് പിന്നീടിറങ്ങിയ അദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങള്‍ വായിച്ചിട്ടുള്ളത്. സ്ലോറ്റര്‍ഡീക്കിന്റെ പുസ്തകങ്ങള്‍ ആശയ ലോകത്തെ നവീകരിക്കുന്നതിനും ചില കാര്യങ്ങളിലെങ്കിലും വഴിമാറി ചിന്തിക്കുന്നതിനും സഹായകമായിട്ടുണ്ട് എന്നതിനാല്‍ അദ്ദേഹത്തിന്റെ ഓരോ പുസ്തകവും ഞാന്‍ കൌതുകത്തോടെ പിന്തുടരുന്നു.
നീത്ചെയുടെ തത്വചിന്തയുടെ ചില സൂക്ഷ്മതലങ്ങള്‍ അറിഞ്ഞിരിക്കുന്നത്, അതുമായി ചിന്താപരമായ ബന്ധുതയുള്ളത്, പുസ്തകത്തിന്റെ വായനയെ സഹായിക്കുന്ന ഘടകമായിരിക്കും. സാമൂഹികഘടനകളുടെ അതിസൂക്ഷമായ ഒരു വായനയിലൂടെ ആശ്രമങ്ങള്‍ മുതല്‍ മതേതരമെന്നു കരുതപ്പെടുന്ന ഇടങ്ങളില്‍വരെ സംന്യാസത്തിന്റെ പ്രത്യയശാസ്ത്രം വേരിരക്കിയിരിക്കുന്നത് എങ്ങനെയെന്ന് ഒരു നീത്ചേയന്‍ വിശ്ലേഷണത്തിലൂടെ സ്ലോറ്റര്‍ഡീക് വിശദീകരിക്കുന്നു. “The re-secularization of the ascetically withdrawn subject” എന്നത് ആധുനികതയുടെ ഒരു അടിസ്ഥാന പ്രശ്നമാകുന്നു എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. യൂറോപ്പിനെ മതത്തിന്റെ ഭൂതം വിഴുങ്ങുന്നുവോ എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം പുസ്തകം ആരംഭിക്കുന്നത് തന്നെ.
പ്രസ്ഥാനങ്ങളെക്കുറിച്ച്, പ്രത്യയശാസ്ത്രധാരകളെക്കുറിച്ച് നിശിതമായ നിരീക്ഷണങ്ങള്‍ പുസ്തകത്തിലുണ്ട്. അച്ചടക്കത്തിന്റെ ആധുനികരൂപങ്ങള്‍ സമുദായങ്ങളില്‍ ഒരു സാംസ്കാരിക രോഗപ്രതിരോധശേഷി വളര്‍ത്തുന്നു. സമുദായം വര്ഗ്ഗങ്ങളുടെയല്ലാതെ വ്യത്യസ്തമായ ഏകോപനങ്ങളിലൂടെ, അനുഷ്ടാനശാഠ്യങ്ങളിലൂടെ അടഞ്ഞ ഗ്രൂപ്പുകളുടെ ഒരു നെറ്റ് വര്‍ക്കായി മാറുകയാണ്. നാമെല്ലാം ഒരു അച്ചടക്ക സമൂഹത്തിന്റെ അജണ്ടയിലേക്ക് നമ്മുടെ ജീവിതത്തെ ചേര്‍ത്ത് നിര്‍ത്തുന്നു. ജീവിതത്തെ മാറ്റാനുള്ള ത്വരയും എന്നാല്‍ അതിനുള്ള നിസ്സഹായതകളും നമ്മെ കുഴക്കുന്നുണ്ട്.
സാഹിത്യത്തില്‍ നിന്നും കലയില്‍ നിന്നും ഉദാഹരണങ്ങള്‍ സ്വതന്ത്രമായി ഉപയോഗിച്ച് സ്ലോറ്റര്‍ഡീക് സൃഷ്ടിക്കുന്ന വിചാരലോകം സമീപനത്തിന്റെ കാര്യത്തില്‍ മറ്റു ദാര്‍ശനിക രചനകളില്‍ നിന്ന് അകലം പാലിക്കുന്നു. ഗോസാലന്റെ ദര്‍ശനത്തെ വിമര്‍ശിച്ച ബുദ്ധന്റെ സമീപനത്തെ വിശദീകരിച്ചുകൊണ്ട് ‘കാത്തിരിപ്പ്’ എന്ന അടഞ്ഞ സന്ദേശമല്ല മനുഷ്യ സമൂഹത്തിന്റെ ചരിത്രം നല്‍കുന്നത് എന്ന് സ്ലോറ്റര്‍ഡീക് വ്യക്തമാക്കുന്നു. ബുദ്ധന്റെ കാലം മുതല്‍ ആന്തരികലോകത്തെ കാലത്തിന്റെ വേഗത ബാഹ്യ ലോകത്തെ വേഗരാഹിത്യത്തില് നിന്നെ നമ്മെ മോചിപ്പിക്കുന്നതെങ്ങനെ എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നുണ്ട്. പോസിറ്റിവിസ്റ്റ് ദാര്‍ശനികര്‍ ആദ്യം ഉദയം കൊണ്ടത് ഇന്ത്യയിലാണ് എന്ന് ഈ ചര്‍ച്ചക്കിടയില്‍ അദ്ദേഹം വിലയിരുത്തുന്നുണ്ട്. നവലോകത്തെ കുറിച്ചുള്ള രാഷ്ട്രീയമായ തീര്‍പ്പുകള്‍ അല്ല, ഒരു തുടര്സംഭാഷണത്തിനുള്ള ദാര്‍ശനിക സന്ദര്‍ഭമാണ് ഈ പുസ്തകം നമുക്ക് നല്‍കുന്നത്. പുസ്തകം Wieland Hoban വിവര്‍ത്തനം ചെയ്തു പോളിറ്റി പ്രസ്സ് ആണു പ്രസിദ്ധീകരിച്ചിരിക്കുന്നത്.