(ഫെയ്സ്ബുക് നോട്ട് , നവംബര്‍ 28 2013)
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പുരോഗമനപരമായ ഒരു നിലപാടായി അതിലെ ഭൂവുടമസ്ഥതയെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ മനസ്സിലാക്കപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു (സണ്ണി കപിക്കാട്). ഇത് എത്ര മാത്രം ശരിയാണ് എന്നത് നിശിതമായ വിശകലനത്തിന് വിധേയമാക്കേണ്ടതാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അമിതമായി ആദര്‍ശവല്‍ക്കരിക്കുന്ന സമീപനം വിമര്‍ശ്നാത്മകതയെ തളര്‍ത്തുകയും രാഷ്ട്രീയ വിശകലനത്തെ മരവിപ്പിക്കുകയും ചെയ്യുന്നു എന്നതുകൊണ്ടാണ് കൂടുതല്‍ ചര്‍ച്ച അനിവാര്യമാകുന്നത്. ചിലയിടത്ത് ഒസ്ട്രോമിന്റെയും (Ostrom) ചിലയിടത്ത് നിയോ ക്ലാസ്സിക്കല്‍ ധനശാസ്ത്രത്തിന്റെയും സ്മീപനങ്ങള്‍ കൈക്കൊള്ളുന്ന ഒരു എക്ല്ക്റ്റിക് സമീപനം ആണു റിപ്പോര്‍ട്ടിനുള്ളത്. അക്കദമിക് തലത്തില്‍ ഇത് സ്വീകാര്യമാണെങ്കിലും ഇതിനെ വളരെ പെട്ടെന്ന് ഒരു സമര മാനിഫെസ്റ്റോ ആക്കി ഉദാത്തവല്ക്കരിക്കുന്നത് ഗുണം ചെയ്യും എന്ന് തോന്നുന്നില്ല. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാന പ്രശ്നം രണ്ടാം ഭൂപരിഷ്കരണം എന്ന ദളിത്-ആദിവാസി അജണ്ടയെ അത് പിന്നോട്ടടിക്കുന്നു എന്നതാണ് എന്ന് ഞാന്‍ മുന്‍പ് ചൂണ്ടികാണിച്ചിട്ടുണ്ട്. ഉടമസ്ഥതയെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ നിഗമനത്തിന് അടിവരയിടുകയാണ് ചെയ്യുന്നത്. മൂന്നു പ്രധാന സന്ദര്‍ഭങ്ങളിലാണ് റിപ്പോര്‍ട്ടില്‍ ഉടമസ്ഥതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ കടന്നു വരുന്നത് (ഭാഗം രണ്ടില്‍).
ചെറുകിട വനോല്‍പ്പന്നങ്ങളുടെ സഹായത്തോടെ ആദിവാസി സമൂഹത്തിന്റെ ജീവിത നിലവാരം എങ്ങനെ മെച്ചപ്പെടുത്താം എന്ന സന്ദര്‍ഭമാണ് ഒന്ന്. അവിടെ റിപ്പോര്‍ട്ട് പറയുന്നത് സാമൂഹിക വന പരിപലനമോ സംയുക്ത വന പരിപാലനമോ ഇല്ലാത്ത നിരവധി വന പ്രദേശങ്ങള്‍ ഇപ്പോഴുമുണ്ടെന്നും അവിടങ്ങളിലെ ചെറുകിട വനോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് കേവലം ഉടമസ്ഥത പോരെന്നും ബോധപൂര്‍വ്വമായ വന നവീകരണം ആവശ്യമുന്ടെന്നുമാണ്. കമ്യൂണിറ്റി ഉടമസ്ഥത നിലനില്ക്കുന്നു എന്ന് കമ്മിറ്റി പറയുന്ന മേഖലകളിലെ കാര്യമാണിത്. PESA (Panchayath Extension of Scheduled areas), FRA (Forest Rights Act)തുടങ്ങിയ നിയമങ്ങളും, ഇവിടുത്തെ സാമൂഹിക ഉടമസ്ഥതയും വനവ്യവസ്ഥയുടെ തകര്‍ച്ചയെ തടയുന്നില്ലെന്നാണ് റിപ്പോര്‍ട് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ PESA, FRA, Forest Conservation Act (FCA) തുടങ്ങിയവയെ കുറിച്ചുള്ള അടിസ്ഥാന വിമര്‍ശനങ്ങളെ റിപ്പോര്‍ട്ട് കണ്ടില്ലെന്നു നടിക്കുന്നു. 2002 ലെ സര്‍ക്കുലര്‍ അനുസരിച്ച് ആദിവാസികളെ കയ്യേറ്റക്കാരായി കാണുന്ന സമീപനമാണ് കേന്ദ്ര വനം മന്ത്രാലയം സ്വീകരിച്ചിരുന്നത്. വന്‍കിട ചൂഷകര്‍ക്ക് പുറം വാതിലിലൂടെ വനം കൊള്ളക്ക് അവസരം ഉണ്ടാക്കുന്നതും എന്നാല്‍ ആദിവാസികളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുന്നതുമായ സമീപനമായിരുന്നു അവരുടേത്. വന സംരക്ഷണ നിയമം വന-ഇതര ഉപയോഗത്തിനുള്ള വന ഭൂവിനിയോഗം തടയുന്നെന്ടെങ്കിലും മുന്‍കൂര്‍ അനുവാദത്തോടെ ഇതാകം എന്ന നിബന്ധന അത്തരം വിനിയോഗങ്ങള്‍ ഫലത്തില്‍ അംഗീകരിക്കുകയാനുണ്ടായത്. മാത്രമല്ല വന്‍കിടക്കാര്‍ക്ക് വന ഭൂവിനിയോഗം എളുപ്പമാവുകയും ആദിവാസികള്‍ സംബന്ധിചെടത്തോളം അവരെ വന മേഖലകളില്‍ നിന്ന് ഇറക്കി വിടുന്നതിനു പോലും കഴിയുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. Protected Area Network എന്ന നിയമം വന്നതോടെ ഈ ദുരവസ്ഥ അതിന്റെ പാരമ്യത്തിലെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ , യാതൊരു പ്രത്യക്ഷാവകാശങ്ങളും നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത മേഖലകളില്‍ നിന്ന് ആദിവാസികളെ പുറത്താക്കുന്നത് ഭരണകൂടത്തിനു എളുപ്പമായി തീര്‍ന്നു. അവരുടെ അധിവാസ അവകാശം പോലും ചോദ്യം ചെയ്യപ്പെട്ടു. എന്ന് മാത്രമല്ല, 2002-ലെ വന്യജീവി സംരക്ഷണ നിയമം (Wildlife Protection Act , WLPA) PESA-യെ കുറിച്ച് മിണ്ടുന്നില്ല എന്ന് മാത്രമല്ല, സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടും അവകാശങ്ങള്‍ പിന്വളിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ഇതിനോടൊപ്പം അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയാണ് വന സംരക്ഷണ നിയമവും വന്യ ജീവി സംരക്ഷണ നിയമവും ഭരണഘടനാപരമായ PESA പോലെയുള്ള നിയമങ്ങളെക്കാള്‍ കൂടുതല്‍ കര്‍ക്കശമാണ് എന്നുള്ളത്. കൂടാതെ PESA പോലുള്ള നിയമങ്ങളുടെ പരിമിതികളെയും റിപ്പോര്‍ട്ട് ഒരു വലിയ പരിധി വരെ കണ്ടില്ലെന്നു നടിക്കുന്നു.
സാമൂഹിക ഉടമസ്ഥതയെ സംബന്ധിച്ചുള്ള ഇത്തരം സങ്കീര്‍ണ്ണമായ പ്രശനങ്ങളെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അവഗണിക്കുകയാണ് ചെയ്യുന്നത് എന്ന് കാണാം. വനം വകുപ്പിനെ കുറിച്ചുള്ള കേവല വിമര്‍ശനങ്ങളില്‍ റിപ്പോര്‍ട്ട് ഒതുങ്ങിപ്പോവുകയും ആദിവാസി മേഖലകളിലെ ഭരണപരമായ വലിയ വെല്ലുവിളികളെ അത് അവഗണിക്കുകയും ചെയ്യുന്നു. ആദിവാസി സ്വയം ഭരണത്തിന്റെ രാഷ്ട്രീയത്തെ ശക്തി പെടുത്തുന്നതിനു ഗാഡ് ഗില്‍ റിപ്പോര്‍ട്ടിലെ ടെക്നോക്രാറ്റിക്ക് സമീപനം മത്യാവാതെ വരുമെന്നും അതിനേക്കാള്‍ അടിസ്ഥാനപരമായ മുദ്രാവാക്യങ്ങള്‍ ആദിവാസി വിഭാഗങ്ങള്‍ ഇന്ത്യയിലും കേരളത്തിലും ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ടെന്നും മനസിലാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഉടമസ്ഥതയുടെ കാര്യത്തിലുള്ള മുന്നോട്ടു പോക്കായി കാണാന്‍ സാധ്യമല്ല എന്നതാണ് യാതാര്‍ത്ഥ്യം. വനാവകാശ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ നിന്ന് ചില വശങ്ങള് മാത്രം ആണു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സ്വീകരിച്ചിട്ടുള്ളത്.
രണ്ടാമതായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉടമസ്ഥതയുടെ പ്രശനം ചര്‍ച്ച ചെയ്യുന്നത് ജീവിത രീതിയും ഉടമസ്ഥതയും തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തിലാണ്. ഇവിടെ സാമൂഹികമായ ഉടമസ്ഥതയെ കുറിച്ചല്ല, സ്വകാര്യ ഉടമസ്തതെയെ കുറിച്ചാണ് പറയുന്നത്. ഗ്രാമവാസികള്‍ /നഗര വാസികള്‍ എന്നൊരു ലളിതമായ dichotomy ആണു ഗാഡ് ഗില്‍ സ്വീകരിച്ചിട്ടുള്ളത്. ഗ്രാമ വാസികള്‍ നഗര ജീവിതം ആസ്വദിക്കാന്‍ ഇഷ്ടപെടുന്നതുകൊണ്ട് ഭൂമി വിട്ടു നഗരത്തിലേക്ക് പോകുന്നുവെന്നും നഗര വാസികളാവട്ടെ ഗ്രാമ ജീവിതം ഇഷ്ടപ്പെട്ടു ഭൂമി വാങ്ങുകയും ചെയ്യുന്നു എന്ന്നുമാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. ‘ഉടമസ്ഥത’ ഭൂവിനിയോഗത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചുള്ള കമ്മിറ്റിയുടെ വിലയിരുത്തലിന്റെ സന്ദര്‍ഭം ഇതാണ് എന്ന് ഓര്‍ക്കേണ്ടതുണ്ട്. കാര്‍ഷിക വൃത്തിയില്‍ നിന്ന് കാര്‍ഷികേതര വൃത്തിയിലേക്ക് ഭൂമി മാറുന്നതിനു ഇത്തരം ഭൂമി വില്‍പ്പനയ കാരനമൌന്നു എന്ന ഒരു നിരീക്ഷണം മാത്രമാണ് കമ്മിറ്റി നടത്തുന്നത്. ഇതില്‍ പുതുതായി ഒന്നുമില്ലെന്ന് നമുക്കറിയാം. ഇത് ഉല്‍പ്പാദന ബന്ധം മാറുന്നതിനെ കുറിച്ചുള്ള ഒരു കാഴ്ചപ്പാടല്ല. ഭൂവിതരണത്തിന്റെ പ്രശനത്തെ ഇത് അഭിസംബോധന ചെയുന്നു പോലുമില്ല. ഇതിനുള്ള പരിഹാരത്തിലാവട്ടെ പൊതു ഉടമസ്ഥതിയിലുള്ള ഭൂമി ഒരു കാരണ വശാലും സ്വകാര്യ ഉടമസ്ഥതയിലാക്കരുത് എന്ന് പറയുന്നത് ഭൂപുനര്‍ വിതരണത്തിന്റെ അജണ്ടയെ നിര്‍വീര്യമാക്കുന്നതാണ് എന്നതും മനസ്സിലാക്കപ്പെടെണ്ടതുണ്ട്. ഉടമസ്ഥാവകാശത്തിന്റെ ഉടച്ചു വാര്‍ക്കല്‍ എന്ന രണ്ടാം ഭൂപരിഷ്കരണത്തിന്റെ അടിസ്ഥാന പരിസരത്തെ റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത. ഭൂ പുനര്‍വിതരണത്തിനായുള്ള സമരത്തിന്റെ മുദ്രാവാക്യത്തെ മുന്നോട്ടു കൊണ്ട് പോകാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഒരു ആയുധമാകുന്നില്ല എന്നു മാത്രമല്ല അത് ആ മുദ്രാവാക്യത്തെ പരിമിതപെടുത്തുകയുമാണ് ചെയ്യുന്നത്. ഭൂമിയുടെ ഉടമസ്ഥതയുടെ രീതികളെ കുറിച്ചുള്ള ഗാഡ്ഗില്‍ നിരീക്ഷണങ്ങള്‍ അല്ല, മറിച്ച്, ഉടമസ്ഥാവകാശം അതില്ലാത്തവര്‍ക്ക് നല്‍കുന്നതിനുള്ള ദളിത്-ആദിവാസി മുദ്രാവാക്യമാണ് മുന്നോട്ടു കൊണ്ട് പോകേണ്ടത്. ഗാഡ്ഗില്‍ നിരീക്ഷണം കേവല ധനശാസ്ത്ര യുക്തിയുടെ ആവര്‍ത്തനം മാത്രമാണ്.
എന്നാല്‍ ഏറ്റവും ശക്തമായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് രണ്ടാം ഭൂപരിഷ്കരണ അജണ്ടയെ ചോദ്യം ചെയ്യുന്നത് വന സംരക്ഷണത്തിനുള്ള പ്രതിഫലത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തിലാണ്. ഇവിടെ ഉടമസ്ഥതയെ സംബന്ധിച്ച് തികച്ചും യാഥാസ്ഥിതികവും, മൂലധന താല്പര്യങ്ങള് മാത്രം സംരക്ഷിക്കുന്നതുമായ ഒരു സമീപനമാണ് റിപ്പോര്‍ട്ട് വികസിപ്പിക്കുന്നത്. പ്രതിഫലം നല്കാനുള്ളവരുടെ കൂട്ടത്തില്‍ വന്‍കിട തോട്ടങ്ങളെയും ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് അവിടെ അത് അവസാനിപ്പിക്കുന്നില്ല. സ്വകാര്യ കമ്പനികളെയും തോട്ടങ്ങളെയും ഇതിന്റെ പരിധിയില്‍ കൊണ്ട് വരുന്നതിനുള്ള റിപ്പോര്‍ട്ടിന്റെ ആഭിമുഖ്യം എന്തെങ്കിലും നിക്ഷിപ്ത താല്‍പ്പര്യം കൊണ്ടാണ് എന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടു കമ്മിറ്റി എടുത്തിട്ടുള്ള നിലപാടുകള്‍ ഫലത്തില്‍ കേരളത്തിലെ ഭൂസമരങ്ങളുടെ യുക്തിയെ തന്നെ ചോദ്യം ചെയ്യുന്നതാണ് എന്നത് വിസ്മരിച്ചു കൂടാ. തോട്ടങ്ങളെ പൂര്‍ണ്ണമായ സ്വകാര്യ ഉടമസ്ഥതയില്‍ ഉള്ളതും സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്തവയും എന്നാണു കമ്മിറ്റി വേര്‍തിരിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്ത കമ്പനികളോടുള്ള സമീപനത്തെ കുറിച്ചു പ്രധാനപ്പെട്ട ചില നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. കേരളത്തിലെ ദളിത്-ആദിവാസി സമൂഹത്തെ സംബന്ധിചെടത്തോളം ഗാഡ് ഗില്‍ റിപ്പോര്‍ട്ടിലെ ഏറ്റവും യാഥാസ്ഥിതികവും അസ്വീകാര്യവുമായ ഭാഗങ്ങളില്‍ ഒന്നാണിത് എന്നാണ് എന്റെ അഭിപ്രായം. ഉടമസ്ഥതയെ കുറിച്ചുള്ള ഗാഡ്ഗില്‍ സമീപനത്തിന്റെ കാതല്‍ നമുക്കിവിടെ കാണാം.
ഇന്ന് കേരളത്തില്‍ നടക്കുന്ന ഭൂസമരങ്ങളില്‍ തോട്ടങ്ങളിലെ ഹാരിസന്റെ അടക്കം പാട്ട ഭൂമി പിടിച്ചെടുക്കുന്നത് സംബന്ധിച്ച മുദ്രാവാക്യങ്ങള്‍ ശക്തമായി ഉയര്‍ന്നിട്ടുണ്ട് എന്ന് നമുക്കറിയാം. ഇതേ കുറിച്ച് റിപ്പോര്‍ട്ട് തികച്ചും അസ്വീകാര്യമായ ഒരു നിലപാടാണ് മുന്നോട്ടു വയ്ക്കുന്നത്. ഇത് വിസ്മരിച്ചുകൊണ്ട് ഉടമസ്ഥതയെ കുറിച്ചുള്ള ഗാഡ്ഗില്‍ ദര്‍ശനം ചാര്‍ച്ച ചെയ്യാന്‍ കഴിയില്ല എന്നതാണ് വസ്തുത. ഇക്കാര്യത്തില്‍ യാതൊരു സന്ദിഗ്ധതയും റിപ്പോര്ട്ടില്ല് ഇല്ല. തോട്ടമുടമകള്‍ പാട്ടത്തിനു എടുത്തിട്ടുള്ള ഭൂമി കാലയളവ് അവസാനിക്കുന്നതോടെ തിരിച്ചെടുക്കണമെന്നും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും ഇതിനകം ആവശ്യം ഉയര്‍ന്നിട്ടുള്ളതാണ്. ഗാഡ് ഗില്‍ കമ്മിറ്റിയുടെ അഭിപ്രായത്തില്‍ ‘പ്രകൃതി സംരക്ഷകരുടെ’ ഈ വാദം തളിക്കളയേണ്ടതാണ്. അതിനുള്ള കാരണങ്ങളും കമ്മിറ്റി നിരത്തുന്നുണ്ട്. ഒന്ന് ഇത്തരം പാട്ടങ്ങളെ കുറിച്ചുള്ള ശരിയായ കണക്കുകള്‍ ലഭ്യമല്ല. രണ്ടു, കണക്കുകള്‍ ലഭ്യമല്ലെങ്കിലും തോട്ടങ്ങളുടെ പാട്ട ഭൂമി താരതമ്യേന നിസ്സാരമാണ് എന്ന് അഭ്യൂഹിക്കവുന്നതാണ്.. തോട്ടങ്ങളിലെ തൊഴിലാളികളുടെ ജോലി സാധ്യതയെ ബാധിക്കും എന്നുള്ളതുകൊണ്ട് ഇത്തരം ഭൂമി പിടിച്ചെടുക്കുന്നത് ശരിയല്ല. നാല്, അത്തരം ഭോമിയില്‍ കൃഷിയല്ല, വനവല്‍ക്കരണം ആണു നടക്കേണ്ടത്. അതുകൊണ്ട് അവ പിടിച്ചെടുക്കുന്നതോ കാര്‍ഷിക ഭൂമിയായി പുനര്‍ വിതരണം ചെയ്യുന്നതോ ശരിയല്ല. അഞ്ച്, ഏറ്റവും കുറഞ്ഞ ചെലവില്‍ പരിസ്ഥിതി സംരക്ഷണം നിര്‍വഹിക്കാന്‍ കഴിയുന്നത് സ്വകാര്യ മേഖലക്കായതിനാല്‍ ആ ചുമതല തോട്ടമുടമകളെ തന്നെ ഏല്‍പ്പിക്കുന്നതാണ് നല്ലത്.
ഇത്തരത്തില്‍ പല രീതിയിലും പ്രതിലോമകരമായതും കേരളത്തിലെ ചെങ്ങറ അടക്കമുള്ള ഭൂസമരങ്ങളുടെ യുക്തിയെ തന്നെ ചോദ്യം ചെയ്യുന്നതുമായ ഒരു സമീപനമാണ് ഗാഡ് ഗില്‍ കമ്മിറ്റി ഭൂവുടമാസ്ഥതയുടെ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത് എന്ന് കാണുവാന്‍ കഴിയും. ഗാഡ്ഗില്‍ കമിറ്റിയുടെ നല്ല വശങ്ങള് സ്വീകരിക്കുന്നതോടോപ്പം തന്നെ അതിനെ അമിതമായി ആദര്‍ശവല്‍ക്കരിക്കാതിരിക്കുകയും വിമര്‍ശനാത്മകമായി വീക്ഷിക്കുകയും ചെയുക എന്നത് പ്രധാനമാണ് എന്നു മനസ്സിലാക്കേണ്ടതുണ്ട്. തീര്‍ച്ചയയും കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാവേണ്ടതുണ്ട് എന്നതിലെക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. റിപ്പോര്‍ട്ടിനെ കുറിച്ചുള്ള അവസാന വാക്കുകള്‍ പ്രഖ്യാപിക്കുന്നതിനേക്കാള്‍ ഉചിതമാവുക സംഭാഷണത്തിന്റെ വാതിലുകള്‍ തുറന്നിടുക എന്നത് തന്നെയാണ്.