ഡോ.ടി.ടി. ശ്രീകുമാര്‍ (20 മെയ് 2013 മാധ്യമം ആഴ്ചപ്പതിപ്പ്) സോളിഡാരിട്ടി പത്താം വാര്‍ഷിക ഉത്ഘാടന പ്രസംഗം, തൃശൂര്‍)
സോളിഡാരിറ്റി അതിന്‍െറ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സോഷ്യല്‍ ഓഡിറ്റിങ്ങില്‍ പങ്കെടുക്കാന്‍ എന്നെക്കൂടി ക്ഷണിച്ചതില്‍ നന്ദി രേഖപ്പെടുത്തുന്നു.
സോഷ്യല്‍ ഓഡിറ്റിങ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഭയമാണ്. കാരണം, അതില്‍ രണ്ടു പദങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഒന്ന് സോഷ്യല്‍, മറ്റേത് ഓഡിറ്റിങ്. ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഭയക്കുന്ന പദമാണ് ഓഡിറ്റിങ്. നിരന്തരം കംട്രോളര്‍ ജനറലിന്‍െറ ഓഡിറ്റിങ് റിപ്പോര്‍ട്ടുകള്‍ വരുകയും അപ്പോഴൊക്കെ പല വിഗ്രഹങ്ങളും ഉടഞ്ഞുവീഴുകയും ചെയ്യുന്നത് നാം കാണുന്നുണ്ട്. സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാകുമ്പോള്‍ വിഗ്രഹം പൂര്‍ണമായും ഉടഞ്ഞില്ലെങ്കിലും അംഗഭംഗമെങ്കിലും സംഭവിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കുഴപ്പമില്ല എന്ന ആത്മവിശ്വാസമുള്ളവര്മാത്രമേ സോഷ്യല്‍ ഓഡിറ്റിങ്ങിന് തയാറാവുകയുള്ളൂ.
ഒരു സംഘടന സോഷ്യല്‍ ഓഡിറ്റിങ്ങിന് തയാറാകുമ്പോള്‍ അത് സ്വാഭാവികമായും സംഘടനയുടെ പ്രവര്‍ത്തനങ്ങളെ, അതിന്‍െറ രീതികളെ, അതിന്‍െറ മാനേജ്മെന്റ് ശൈലിയെ, അത് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ പ്രതികരണങ്ങളെ, അതിന്‍െറ പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങളെയെല്ലാം കുറെയെങ്കിലും നിഷ്പക്ഷമായും വസ്തുനിഷ്ഠമായും പരിശോധിക്കാന്‍ തയാറുണ്ട് എന്ന പ്രഖ്യാപനം കൂടിയാവുന്നു. അതുകൊണ്ടാണ് സന്തോഷപൂര്‍വം ഞാനീ ഉത്തരവാദിത്തം ഏറ്റെടുക്കാനായി സമ്മതിച്ച് ഇവിടെ എത്തിച്ചേര്‍ന്നത്.
നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യമെന്നത്, ഇത്തരത്തിലുള്ള സാമൂഹിക പ്രതിബദ്ധതയും സാമൂഹികമായ കണക്കെടുപ്പുകളും സംഘടനകള്‍ക്കു മാത്രമല്ല വ്യക്തികള്‍ക്കും ആവശ്യമായിട്ടുള്ള കാലമാണ്. സാമൂഹിക പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന വ്യക്തികളെ സംബന്ധിച്ചിടത്തോളവും സംഘടനകളെ സംബന്ധിച്ചിടത്തോളവും ഏറ്റവും അത്യന്താപേക്ഷിതമായ കാര്യമാണ് സാമൂഹികമായ കണക്കെടുപ്പിന് നിന്നുകൊടുക്കുകയെന്നത്. അതിന്‍േറതായ ഒരു രാഷ്ട്രീയ സംസ്കാരം ഉണ്ടാവണം. ആ രാഷ്ട്രീയ സംസ്കാരത്തില്‍ പരസ്പര ബഹുമാനത്തിന്‍െറയും അംശമുണ്ടായിരിക്കണം. പരസ്പര വിമര്‍ശത്തിന്‍െറയും സ്വയം വിമര്ശത്തിന്േറതുമായ അംശങ്ങളെ ഇത്തരത്തില്‍ പരസ്പര ബഹുമാനത്തില്‍ സ്വീകരിക്കാന്‍ കഴിയുന്ന സാംസ്കാരിക അന്തരീക്ഷം ഉണ്ടാവണം. ഇത്തരം സാംസ്കാരിക അന്തരീക്ഷം ഉണ്ടാകുന്നതിന് ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ സഹായകമാകും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
സോളിഡാരിറ്റിപോലുള്ള സാമൂഹിക പ്രസ്ഥാനങ്ങള്‍ക്ക് കേരള ചരിത്രത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കണം. അത്തരത്തിലുള്ള ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇന്ന് കേരളത്തില്‍, സിവില്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. കാരണം, കേരളത്തിന്‍െറ സിവില്‍ സമൂഹം രൂപംകൊള്ളുന്നത് നിര്‍ണായകമായ ചില ചലനങ്ങള്‍ 1850 നുശേഷമുള്ള കാലഘട്ടത്തില്‍ കേരളത്തില്‍ ഉണ്ടായതിന്‍െറ പശ്ചാത്തലത്തിലാണ്. 19ാം നൂറ്റാണ്ടിന്‍െറ രണ്ടാം പകുതിയിലും 20ാം നൂറ്റാണ്ടിന്‍െറ ആദ്യപകുതിയിലും കേരളത്തിലുണ്ടായ രാഷ്ട്രീയ ചലനങ്ങളെ ഓരോ തലമുറയും പുതുതായി വിശകലനംചെയ്യേണ്ടതുണ്ട്. നമുക്ക് മുന്‍കൂട്ടി തയാര്‍ ചെയ്തുവെച്ച ചരിത്രമുണ്ട്. മുന്‍കൂട്ടി തയാര്‍ ചെയ്തുവെച്ച ചരിത്രമെന്ന് പറയുന്നത് ഓരോ കാലഘട്ടത്തിലും ആ ചരിത്രം ആവശ്യമുണ്ടായിരുന്നവര്‍ എഴുതിയ ചരിത്രമാണ്. ഓരോ പുതിയ കാലഘട്ടത്തിലും ചരിത്രം മാറ്റിയെഴുതപ്പെടുകയാണ്. അങ്ങനെ നോക്കുമ്പോള്‍ ചരിത്രം ചലനാത്മകമാണ്. ചരിത്രം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. നമ്മുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച്, സമൂഹത്തിന്‍െറ ഗതിവേഗങ്ങള്‍ക്കനുസരിച്ച്, സമൂഹത്തിന്‍െറ കുതിപ്പുകള്ക്കനുസരിച്ച്, സമൂഹത്തിന്‍െറ പുതിയ പുതിയ ആവശ്യങ്ങള്‍ക്കനുസരിച്ച് ചരിത്രം മാറുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള പുതിയ നിര്‍വചനങ്ങളിലേക്ക് ചരിത്രത്തെ നിര്‍ബന്ധിക്കുന്ന ഒരു രാഷ്ട്രീയം തീര്‍ച്ചയായും ഉരുത്തിരിഞ്ഞുവരേണ്ടതുണ്ട്.
അത് പറയാനുള്ള പ്രധാനമായ ഒരു സാമൂഹിക സന്ദര്‍ഭം, ഈയിടെ എ.കെ. ഗോപാലന്‍െറ ചിത്രം ഹൈന്ദവ ഫാഷിസ്റ്റ് സംഘടനകള്‍ ഹൈന്ദവ നവോത്ഥാന നായകന് എന്ന രീതിയില്‍ എടുത്തിരിക്കുന്നു എന്നുള്ളതാണ്. കേരള- ഇന്ത്യാ ചരിത്രത്തില്‍ 1920കള്‍ എന്തായിരുന്നു എന്നുകൂടി ചോദിച്ചുകൊണ്ടു മാത്രമേ ഈ പ്രശ്നത്തെ അഭിമുഖീകരിക്കാന്‍ കഴിയൂ. എ.കെ. ഗോപാലന് സി.പി.എമ്മിന്‍െറ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്നു എന്നതുകൊണ്ടുതന്നെ പാര്‍ട്ടി അതിനോട് ‘‘ഞങ്ങളുടെ നേതാവിനെ നിങ്ങള്‍ സ്വാംശീകരിക്കാനും സ്വന്തമാക്കാനും പാടില്ല’’ എന്നുപറഞ്ഞുകൊണ്ട് വികാരപരമായി പ്രതികരിച്ചിട്ടുണ്ട്.
എ.കെ. ഗോപാലനെപ്പോലുള്ള സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ 1920-30കളില്‍ എന്തു ചെയ്തു എന്നതിനെക്കുറിച്ചുള്ള, അല്ലെങ്കില്‍ അത്തരം പ്രവര്‍ത്തനങ്ങളിലേക്ക് അവര്‍ എന്തുകൊണ്ട് നിര്‍ബന്ധിക്കപ്പെട്ടു എന്നതിനെക്കുറിച്ചുള്ള ചരിത്രപരമായ ഒരു വിശകലനം ഈ സന്ദര്‍ഭത്തില്‍ വളരെ പ്രസക്തമാണ്.
1920കള്‍ ഇന്ത്യയെയും കേരളത്തെയും സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു ദശകമായിരുന്നു. 1920കളോടെയാണ് ദേശീയ പ്രസ്ഥാനത്തിന്‍െറ രാഷ്ട്രീയം മുഴുവനായി മാറ്റി എഴുതപ്പെട്ടത്. 1920കളിലാണ് കേരളത്തില്‍ ഏറ്റവും ശക്തമായി മനുഷ്യാവകാശത്തിന്‍െറ രാഷ്ട്രീയം ഉയര്‍ന്നുവന്നത്. 1920കളിലാണ് കേരളത്തിലെ നവജാത ബൂര്‍ഷ്വാസി അതിന്‍െറ രാഷ്ട്രീയത്തെ കണ്ടെത്തുകയും അത് കണ്ടെത്തിയതിന്‍െറ പശ്ചാത്തലത്തില്‍ നിരന്തരമായ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്തത്.
കേരളത്തിലെ ഈഴവ-ക്രിസ്തീയ-മുസ്ലിം സമുദായങ്ങളുടെ സംയുക്ത രാഷ്ട്രീയ പ്രസ്ഥാനത്തിന്‍െറ ആഭിമുഖ്യത്തില്‍ ശ്രീമൂലം അസംബ്ളിയില്‍ ജനസംഖ്യക്ക് ആനുപാതികമായി പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ ധീരമായ സമരമാണ് നിവര്‍ത്തന പ്രക്ഷോഭമെന്ന പേരില്‍ അറിയപ്പെടുന്നത്. അതിന് നിവര്‍ത്തന പ്രക്ഷോഭമെന്ന പേരുകൊടുക്കുന്നതിനൊരു കാരണമുണ്ട്. അന്ന് ഇന്ത്യയില്‍ നിസ്സഹകരണ പ്രസ്ഥാനം നിലനില്‍ക്കുന്നുണ്ടായിരുന്നു. അതുകൊണ്ട്, നിസ്സഹകരണത്തില്‍നിന്ന് വ്യത്യസ്തമായ ഒരു വാക്കുവേണം ഉപയോഗിക്കാനെന്ന് അതിന്‍െറ നേതൃത്വത്തിനു നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ടാണ് ചര്‍ച്ചചെയ്ത് നിവര്‍ത്തന പ്രക്ഷോഭമെന്ന് അതിനു പേര് കൊടുത്തത്. കേരളത്തിലെ ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങളാണ് ശക്തമായി, തികച്ചും നിര്‍ഭയമായി സി.പി. രാമസ്വാമി അയ്യരെ എതിര്‍ത്തിട്ടുള്ളത്. നിവര്‍ത്തന പ്രക്ഷോഭത്തിനു മുമ്പുള്ള കാലഘട്ടത്തില്‍തന്നെ ഇന്ത്യയില്‍ ഒരു സവിശേഷ രാഷ്ട്രീയ സാഹചര്യം ഉയര്‍ന്നുവന്നിരുന്നു. 1927ല്‍ ‘മദര്‍ ഇന്ത്യ’എന്നൊരു പുസ്തകം കാതറിന് മേയോ എഴുതുകയുണ്ടായി. ഇന്ത്യയുടെ അടിമത്തത്തിന്‍െറ കാരണം കൊളോണിയല്‍ ഭരണമല്ല. മറിച്ച്, ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാമൂഹിക-സാംസ്കാരിക-മതപരമായ അവസ്ഥകളാണ് എന്നും അതുകൊണ്ടുതന്നെ ഇന്ത്യക്കാര്‍ക്ക് സ്വയംഭരണം നല്‍കേണ്ടതില്ല എന്നും ശക്തമായി വാദിക്കുന്ന പുസ്തകമായിരുന്നു അത്. അങ്ങേയറ്റം ഹീനമായാണ് അതില്‍ ഇന്ത്യയെ ചിത്രീകരിച്ചിരിക്കുന്നത് എന്ന് വിമര്‍ശമുണ്ടായി. തന്നെയുമല്ല, പിന്നീടുണ്ടായ ചില പഠനങ്ങള്‍ കാതറിന് മേയോക്ക് സാമ്രാജ്യത്വശക്തികളോട് വിശേഷിച്ച്, ബ്രിട്ടീഷ് സാമ്രാജ്യത്തോടുള്ള ബന്ധവും തുറന്നുകാട്ടുകയുണ്ടായി. അന്ന് ബ്രിട്ടനിലെ യാഥാസ്ഥിതികര്‍ക്ക് എന്താണോ ആവശ്യമായിരുന്നത്, അത് നല്‍കുകയാണ് കാതറിന് മേയോ ചെയ്തത് എന്ന വാദം 1920നുശേഷം ഉണ്ടായ ചില ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ടു. അതിനെയൊന്നും ഖണ്ഡിക്കാനല്ല ഞാനുദ്ദേശിക്കുന്നത്. അതില്‍ വളരെ ശക്തമായി അവര്‍ ഉന്നയിച്ച വാദമെന്ന് പറയുന്നത്, ഇന്ത്യയിലെ സവര്‍ണ രാഷ്ട്രീയമാണ് അല്ലെങ്കില്‍ അതിന്‍െറ യാഥാസ്ഥിതികത്വമാണ് ഇന്ത്യയിലെ സ്ത്രീകളെ തടവിലിടുന്നത്, ഇന്ത്യയിലെ പുരുഷന്മാരെ നിര്‍വീര്യമാക്കുന്നത് എന്നൊക്കെയുള്ള, അവരുടെ സ്വന്തമായ നിഗമനങ്ങള്‍ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്. അവരുടെ മനസ്സിലുള്ള ഇന്ത്യ എന്ന ഒരു സങ്കല്പത്തെയാണ് അവരതിലവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ വന്ന് ഓടകള്‍ മാത്രം നോക്കിപ്പോയ സ്ത്രീയെന്നാണ് കാതറിന് മേയോയെ ഗാന്ധി വിശേഷിപ്പിച്ചത്.
കേരളത്തിലും കാതറിന് മേയോക്കെതിരെ വിമര്‍ശങ്ങളുണ്ടായി. ‘ചിത്രശാല’ എന്ന ഉള്ളൂരിന്‍െറ ഖണ്ഡകാവ്യം ‘മദര്‍ ഇന്ത്യ’ എന്ന പുസ്തകത്തോടുള്ള പ്രതികരണമായിരുന്നു.
‘‘ഭാരതക്ഷമേ നിന്‍െറ പെണ്മക്കള് അടുക്കള
ക്കാരികള്‍ വീടാം കൂട്ടില്‍ കുടുങ്ങും തത്തമ്മകള്‍
നരന്ന് ഗര്ഭധാനപാത്രങ്ങളാജന്മാന്തം
പരതന്ത്രകള്‍ പശുപ്രായകള് അബലകള്‍’’
എന്നൊക്കെ കാതറിന് മേയോ പറഞ്ഞ കാര്യങ്ങള്‍ തന്‍േറതായ രീതിയില്‍ സംഗ്രഹിച്ചതിനുശേഷം ഉള്ളൂര്‍ എഴുതിയത്:
‘‘ഇമ്മട്ടില്‍ കടന്നോതിയിന്നലെ ദ്വിപാത്തായോ-
രമ്മരിക്കതന് വിത്താമമ്മേയോ ധ്വരശ്ശിണി
അല്പവും ധരിച്ചോരല്ലമ്മതന് പരമാര്‍ത്ഥ-
മപ്പച്ചപ്പരിഷ്കാരക്കാരിയാം ചട്ടക്കാരി.’’
ഇന്നലെ പൊട്ടിമുളച്ച നാഗരികതയായ അമേരിക്കയില്‍നിന്നുവന്ന പച്ചപ്പരിഷ്കാരിയായ ചട്ടക്കാരി ‘മദര്‍ ഇന്ത്യ’യെപ്പറ്റി ഒന്നും മനസ്സിലാക്കിയവളല്ല എന്നാണ് ഉള്ളൂര്‍ എഴുതിയത്. ‘മദര്‍ ഇന്ത്യ’യെക്കുറിച്ച് നടക്കുന്ന സമകാലിക ചര്‍ച്ചകളില്‍ ഉള്ളൂരിന്‍െറ ഈ കവിത പരാമര്‍ശിക്കപ്പെടാറില്ല. നമ്മുടെ കൊളോണിയല്‍ വിരുദ്ധ സാഹിത്യത്തിന്‍െറ കണക്കെടുപ്പില്‍ ഇതുംകൂടി ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്.
കാരണം,1920കളിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍െറ മാറുന്ന മുഖച്ഛായ മനസ്സിലാക്കിക്കൊണ്ട് യാഥാസ്ഥിതികത്വത്തിനുവേണ്ടി ആ രാഷ്ട്രീയത്തെ മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാതറിന് മേയോ ‘മദര്‍ ഇന്ത്യ’ എന്ന പുസ്തകം എഴുതുന്നത്. ആ സാഹചര്യത്തിലാണ് ഇന്ത്യയിലും കേരളത്തിലുമൊക്കെത്തന്നെ ഹിന്ദുമതത്തിനുള്ളില്നിന്ന് നവോത്ഥാനത്തിന്‍െറ പുതിയ ശക്തികള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയത്. സഖാവ് കൃഷ്ണപ്പിള്ള അമ്പലത്തില്‍ കയറി മണിയടിക്കുന്നതും എ.കെ. ഗോപാലന് ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള സമരങ്ങളിലേക്ക് എടുത്തു ചാടുന്നതുമൊക്കെ 1920കളില്‍ സവര്‍ണ രാഷ്ട്രീയത്തിന്‍െറ അടിസ്ഥാനശിലതന്നെ പിടിച്ചുലച്ചുകൊണ്ടുള്ള വിമര്‍ശങ്ങള്‍ ഉണ്ടായതിന്‍െറ പശ്ചാത്തലത്തില്‍കൂടിയാണ്.
‘‘പുരുഷനൊപ്പം സ്ത്രീയും സ്വാതന്ത്ര്യം കൈക്കൊള്ളട്ടെ
പേറട്ടെ സീമാദരം രണ്ട് കൂട്ടരും സമം’’
എന്ന് ഉള്ളൂര്‍ എഴുതിയതും ഈ പശ്ചാത്തലത്തില്‍തന്നെയാണ്.
ഇപ്പോള്‍ എ.കെ. ഗോപാലന്‍െറ ചിത്രം സവര്‍ണ രാഷ്ട്രീയം സ്വാംശീകരിക്കുമ്പോള്‍ സി.പി.എം ചെയ്തതുപോലെ വൈകാരികമായി പ്രതികരിച്ചതുകൊണ്ട് പ്രശ്നം തീരുന്നില്ല. എന്തുകൊണ്ടാണ് എ.കെ. ഗോപാലനെ സവര്‍ണ രാഷ്ട്രീയം സ്വാംശീകരിക്കാന്‍ ശ്രമിക്കുന്നത് എന്ന് ചോദിച്ചാല്‍ അതിനുത്തരം, സ്വാതന്ത്ര്യത്തിനുശേഷമുണ്ടായിട്ടുള്ള മാറുന്ന കേരള രാഷ്ട്രീയത്തില്‍ സവര്‍ണ രാഷ്ട്രീയത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള വലിയ വലിയ ചലനങ്ങളുണ്ടാക്കി ദലിത് പിന്നാക്ക വിഭാഗങ്ങള്‍ പുതിയ രാഷ്ട്രീയം മുന്നോട്ടുവെച്ചതിന്‍െറ പശ്ചാത്തലത്തില്‍ സ്വയം പുനര്‍നിര്‍വചിക്കാനായി ആര്.എസ്.എസും സവര്‍ണ രാഷ്ട്രീയവും നടത്തുന്ന ശ്രമത്തിന്‍െറ ഭാഗമായാണ് ഇത് സംഭവിക്കുന്നത് എന്നാണ്. അല്ലാതെ ഞങ്ങളുടെ വിവേകാനന്ദനെ നിങ്ങളെടുത്തതുകൊണ്ട് നിങ്ങളുടെ എ.കെ. ഗോപാലനെ ഞങ്ങളെടുക്കുകയാണ് എന്നല്ല ആര്.എസ്.എസും സവര്‍ണ ഹിന്ദുസംഘടനകളും പറയുന്നത്.
സവര്‍ണ രാഷ്ട്രീയം എ.കെ. ഗോപാലനെ സ്വാംശീകരിക്കുന്നത് അദ്ദേഹം സി.പി.എമ്മിന്‍െറ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായതുകൊണ്ടോ സി.പി.എമ്മിനുവേണ്ടി ശബ്ദിച്ചിരുന്നതുകൊണ്ടോ അല്ല. 1920കളിലും 1930കളിലും സവര്‍ണ രാഷ്ട്രീയത്തിന്‍െറ അടിത്തറ ഉലച്ച വിമര്ശങ്ങളുണ്ടായതിന്െറ പശ്ചാത്തലത്തില്‍, ആ വിമര്‍ശത്തിന്‍െറ തുടര്‍ച്ചയെന്നോണം അംബേദ്കറിസത്തിന്െറ രാഷ്ട്രീയം ഇന്ത്യയിലെമ്പാടുംതന്നെ ശക്തമാവുകയും ചെയ്യുമ്പോള്‍ ആ വിമര്‍ശത്തോടു പ്രതികരിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന് ബോധ്യമായ സാഹചര്യത്തില്‍ പഴയ കൊളോണിയല്‍ വിരുദ്ധ നവോത്ഥാന പാരമ്പര്യത്തെ തങ്ങളുടേതാക്കാനുള്ള ശ്രമമാണ് ആര്.എസ്.എസും സവര്‍ണ ഫാഷിസ്റ്റ് ശക്തികളും നടത്തുന്നത്. എ.കെ. ഗോപാലനെ സ്വാംശീകരിക്കുന്നതും അതിന്‍െറ ഭാഗമാണ്. അല്ലാതെ, ഒരു കമ്യൂണിസ്റ്റ് നേതാവ് നായരും നമ്പ്യാരുമായതുകൊണ്ട് ഇരിക്കട്ടെ തങ്ങളുടെ ചിത്രത്തിലെന്നനിലക്കല്ല. നായരായതുകൊണ്ടല്ലല്ലോ മന്നത്ത് പത്മനാഭന്‍െറ ചിത്രം ഡി.വൈ.എഫ്.ഐക്കാര്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതിന്‍െറ പിന്നിലൊക്കെ ആന്തരികമായ ഒരു യുക്തിയുണ്ട്. അത് ഉപരിപ്ളവമായി കണ്ടുപിടിച്ച് പറയാന്‍ കഴിയുന്നതല്ല. ഈ ആന്തരികയുക്തി മാറുന്ന കേരള രാഷ്ട്രീയത്തിന്‍െറ യുക്തിയാണ്. ഈ മാറുന്ന യുക്തി മനസ്സിലാക്കുകയെന്നത് സോളിഡാരിറ്റിക്ക് മാത്രമല്ല, എല്ലാ ജനപക്ഷപ്രസ്ഥാനങ്ങള്ക്കും പ്രധാനപ്പെട്ട സംഗതിയാണ്.
ഇത്തരം പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള ഒരു ഐക്യദാര്‍ഢ്യമാണ്, ഐക്യമുന്നണി ഉണ്ടാവുക എന്നതാണ് ഏറ്റവും പ്രധാനമായി എനിക്ക് തോന്നുന്നത്. ഐക്യദാര്‍ഢ്യം സമര മുഖങ്ങളില്‍ മാത്രം ഉണ്ടാകേണ്ടതല്ല; പ്ളാച്ചിമടയിലും എക്സ്പ്രസ് വേ സമരമുഖങ്ങളിലും ഉണ്ടായിരുന്ന ഐക്യമാണോ സോളിഡാരിറ്റിയും മറ്റു പ്രസ്ഥാനങ്ങളും തമ്മിലുള്ള ഐക്യമെന്ന് പറയുന്നത്?
എന്താണ് ഐക്യമുന്നണി എന്നു പറയുന്നത്? ഐക്യമുന്നണി എന്നത് മറ്റ് സംഘടനകളെയെല്ലാം വിഴുങ്ങിക്കളയുന്ന മുന്നണിസങ്കല്പമല്ല. മറിച്ച്, അത് ജനാധിപത്യപരമായ ഒരു പ്രക്രിയയാണ്. സംഘടനകള്‍ പരസ്പര ബഹുമാനത്തോടെ ഒരു മുന്നേറ്റത്തില്‍ പങ്കുചേരുകയും പരസ്പരം അറിയാന്‍ ശ്രമിക്കുകയും പരസ്പരം അറിവുകള്‍ പങ്കുവെക്കുകയും അങ്ങനെ സമാനലക്ഷ്യങ്ങള്ക്കായി ഒന്നിച്ചു മുന്നേറുകയും ചെയ്യുന്ന ഒന്നാണ് ഐക്യമുന്നണി എന്നു പറയുന്നത്. സോളിഡാരിറ്റിയും ഇതര സംഘടനകളും മനസ്സിലാക്കിയിരിക്കേണ്ടതാണ് ഐക്യമുന്നണിയുടെ രാഷ്ട്രീയം. ഐക്യമുന്നണിരാഷ്ട്രീയത്തില് ഏറ്റവും പ്രസക്തമായിട്ടുള്ളതാണ് പരസ്പരം മനസ്സിലാക്കുകയെന്നത്. അവിടെ ആര് ചെറുത്, ആര് വലുത് എന്നതല്ല. അതൊക്കെ പാര്ലമെന്ററിമാത്ര രാഷ്ട്രീയത്തിന്‍െറ ചിട്ടകളും യുക്തികളുമാണ്. അതിനപ്പുറത്തേക്ക് പോകാന്‍ സിവില്‍ സമൂഹത്തിലെ സംഘടനകള്‍ക്ക് സാധിക്കേണ്ടതാണ്. അത്തരമൊരു ഐക്യമുന്നണി ഉണ്ടാകുന്നതിന് തടസ്സമാകുന്ന കാര്യങ്ങളെന്തൊക്കെയെന്ന് മനസ്സിലാക്കാനുള്ള ബാധ്യത സംഘടനകള്‍ക്കൊക്കെയുണ്ട്.
ലിബറല്‍ സെക്കുലര്‍ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വലിയ ഒരു വിഭാഗം ബുദ്ധിജീവികളും വ്യക്തികളും സംഘടനകളും ഇന്ത്യയിലും കേരളത്തിലുമുണ്ട്. അത്തരം സംഘടനകളോടുള്ള സമീപനം എപ്പോഴും ഒരു പ്യൂരിറ്റാനിസ്റ്റ് രാഷ്ട്രീയ നിലപാടില്‍ – അത് ദലിത് ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്‍േറതായാലും മറ്റ് സിവില്‍ സമൂഹ സംഘടനകളുടെ രാഷ്ട്രീയത്തിന്‍േറതായാലും ശരി – മാത്രംനിന്നുകൊണ്ട് ഒരു വിശാലമായ ഐക്യമുന്നണി സാധ്യമാവുകയില്ല, പൊതുശത്രുവിനെതിരെയുള്ള, സവര്‍ണ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള, ഇന്ത്യന്‍ ഭരണകൂടത്തിന്‍െറ നയങ്ങള്‍ക്കെതിരെയുള്ള ഐക്യമുന്നണികളുണ്ടാകണമെങ്കില് വിശാലമായ ചില വിട്ടുവീഴ്ചകള്‍ക്ക് എല്ലാ സംഘടനകളും വ്യക്തികളും തയാറായെങ്കില്‍ മാത്രമേ സാധ്യമാകൂ.
അങ്ങേയറ്റം ‘പ്യൂരിറ്റാനിസ്റ്റിക്’ ആയിട്ടുള്ള സമീപനം സ്വീകരിച്ചുകൊണ്ട് അക്കാദമിക് നിലപാടുകള്‍ എടുക്കാന്‍ വളരെ എളുപ്പമാണ്. അത്തരം അക്കാദമിക് നിലപാടുകളല്ല പ്രായോഗിക രാഷ്ട്രീയത്തെ സ്വാധീനിക്കുന്നത്. അക്കാദമിക് നിലപാടുകളല്ല കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുന്നോട്ടുവെച്ചത്. ‘ദാസ ് ക്യാപിറ്റലി’ലെ മുതലാളിത്തത്തിന്‍െറ വിശകലനമല്ല ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’യില്‍ കാണാന്‍ കഴിയുക. അതില്‍ ഐക്യമുന്നണിക്കുള്ള ആഹ്വാനമാണ്. ആരൊക്കെ നമ്മുടെകൂടെ ചേരണം, ആരോടൊക്കെയൊപ്പം നമുക്ക് ചേരാം എന്നുള്ള നിശിതമായ നിരീക്ഷണമാണത്. അക്കാദമിക് പഠനങ്ങളെ മാത്രം ആസ്പദമാക്കി ഒരു ദലിത് രാഷ്ട്രീയമോ ഒരു മൈനോരിറ്റി രാഷ്ട്രീയമോ ഫെമിനിസ്റ്റ് രാഷ്ട്രീയമോ ഇന്ത്യയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണ്. അക്കാദമിക് പഠനങ്ങളെ തള്ളിക്കളയണം എന്നല്ല; അവക്കുള്ള സമ്പൂര്‍ണമായ പ്രാധാന്യം ആ അക്കാദമിക് മണ്ഡലത്തില്‍ മാത്രമാണ്. അതിനു പുറത്തേക്ക് അവയെ സ്വീകരിക്കുന്നതിന് ചില രീതികളുണ്ട്. ആ രീതികളെ പാടേ വിസ്മരിച്ചുകൊണ്ട് കേവലം അക്കാദമിക തലത്തിലേക്ക് നമ്മുടെ രാഷ്ട്രീയ വിമര്‍ശം ചുരുങ്ങിപ്പോയിരിക്കുന്നു. ഒരു അക്കാദമിക് സമീപനത്തിലൂടെ മറ്റുള്ളവരെയെല്ലാം വിമര്‍ശിച്ച് ഒഴിവാക്കാന്‍ നമുക്ക് സാധിക്കും. മുമ്പുചെയ്ത പഠനങ്ങളെയും രീതികളെയും വിമര്‍ശിച്ചുകൊണ്ടാണ് പുതിയ പഠനം ഉണ്ടാകുന്നത്. പക്ഷേ, അത്തരം വിമര്‍ശം മുന്നില്‍നിര്‍ത്തി ഒരു ഐക്യമുന്നണി രാഷ്ട്രീയം കെട്ടിപ്പടുക്കുക ബുദ്ധിമുട്ടാണ്. ദലിത് ന്യൂനപക്ഷ സിവില്‍ സമൂഹ സംഘടനകള്‍ക്ക് സെക്കുലര്‍ ലിബറല്‍ നിലപാടുകളോട് വിമര്‍ശമുണ്ടാകാം. സെക്കുലര്‍ ലിബറല്‍ നിലപാടുകള്‍ പോരായെന്ന് തോന്നാം. എങ്കിലും, ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ബോധമുണ്ടാകണം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായ സവര്‍ണ ഫാഷിസ്റ്റ് സാന്നിധ്യമുണ്ടെന്നും ആ സാന്നിധ്യത്തെ ചെറുത്തുതോല്‍പിക്കുകയെന്നത് എളുപ്പമല്ല എന്നും ഓര്‍ക്കണം. 1977ല്‍ എ.കെ. ഗോപാലന് മരിക്കുമ്പോള്‍ സി.പി.എം തന്നെ ജയപ്രകാശ് നാരായണനും ആര്.എസ്.എസും ബാങ്ക് ദേശസാല്ക്കരണത്തെപോലും എതിര്‍ത്തിരുന്ന മൊറാര്‍ജി ദേശായിയും അടങ്ങുന്ന വലതുപക്ഷ മുന്നണിയിലാണ്. ആര്.എസ്.എസിന് വേണമെങ്കില്‍ ആ രീതിയിലും എ.കെ. ഗോപാലനെ സ്വാംശീകരിക്കാവുന്നതേയുള്ളൂ. ഇത്തരം സ്വാംശീകരണം വിലകുറഞ്ഞ ഒരു രാഷ്ട്രീയംകൂടിയാണ്. ദലിത് മൈനോറിറ്റി രാഷ്ട്രീയത്തെ മുരടിപ്പിക്കുന്നതിനുവേണ്ടിയുള്ള ബുദ്ധിയാണ് സവര്‍ണ രാഷ്ട്രീയം ഈ രീതിയില്‍ പ്രകടിപ്പിക്കുന്നത്.
ഞാന്‍ ഭരണകൂടത്തിന്‍െറ, ഭൂരിപക്ഷ മതാധിപത്യപരമായ സെക്കുലറിസത്തെ അംഗീകരിക്കുന്നില്ല. എന്‍െറ വീക്ഷണത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമായി ഇന്ന് കാണുന്ന മതേതരത്വബോധം സവര്‍ണ ഭൂരിപക്ഷ മതേതരത്വബോധമാണ്. അത് എതിര്‍ക്കേണ്ടതുണ്ട്. അതുതന്നെയും 17,18 നൂറ്റാണ്ടുകളില്‍ മതവും ഭരണകൂടവും തമ്മില്‍ യൂറോപ്പിലുണ്ടായ ഒരു ധാരണയുടെയും സന്ധിയുടെയും ഫലമായി ഉണ്ടായ മതേതര സങ്കല്പമാണ്. അതുകൊണ്ടാണ് യൂറോപ്പില്‍ കുരിശുമാല ധരിക്കുന്നത് സാമാന്യരീതിയും ശിഖവെക്കുന്നതും താടിവളര്‍ത്തുന്നതും ഹിജാബ് ധരിക്കുന്നതും തെറ്റുമായി മാറുന്നതും. കാരണം, ഭൂരിപക്ഷ മതത്തിന്‍െറ ചിഹ്നങ്ങള്‍, അടയാളങ്ങള്‍, അനുഷ്ഠാനങ്ങള്‍, രീതികള്‍ എല്ലാം ഭരണകൂടത്തിന്‍െറ ചിഹ്നങ്ങളും അടയാളങ്ങളും അനുഷ്ഠാനങ്ങളുമായി മാറിക്കഴിഞ്ഞിരിക്കുന്നു യൂറോപ്പില്‍. അതേ മതേതരത്വത്തെ ഏതാണ്ടതേപടി പകര്‍ത്തുകയെന്നതാണ് ഇന്ത്യയിലും സംഭവിച്ചിരിക്കുന്നത്. ഒരു മുസ്ലിം നേതാവ് നിലവിളക്കു കൊളുത്താന്‍ വിസമ്മതിച്ചാല്‍ എ.കെ.ജി സെന്റര്‍ മുതല്‍ ഇന്ദിരകോണ്ഗ്രസിന്െറ പ്രാദേശിക ആപ്പീസുവരെ ചെയ്തത് തെറ്റായിപ്പോയെന്ന് പറഞ്ഞ് കത്തിജ്വലിക്കും. ഇതാണ് മതേതരത്വത്തിന്‍െറ ചിഹ്നമെന്ന് പറഞ്ഞ് അവതരിപ്പിക്കുന്നത്. സവര്ണചിഹ്നങ്ങളെ ആന്തരവത്കരിച്ച ഒരു സമൂഹത്തിന്‍െറ അവസ്ഥയെയാണിത് കാണിക്കുന്നത്. എന്തിനെയാണ് വിമര്‍ശിക്കേണ്ടത് എന്നറിയാത്തതല്ല. ഇതാണ് വിമര്‍ശിക്കേണ്ടത് എന്ന് പഠിച്ചുപോയതിന്െറ കുഴപ്പമാണ്. അത്തരത്തിലുള്ളൊരു മതേതരത്വമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത് എന്നാണ് എന്‍െറ വിശ്വാസം. എന്നുവെച്ച് ആ നിലപാടിനെ അംഗീകരിക്കുന്നവരോടു മാത്രമേ ഞാന്‍ കൂട്ടുകൂടൂ, അവരുടെ തോളില്‍ മാത്രമേ കൈയിടൂ. അവരോടു മാത്രമേ സംസാരിക്കൂ, അവരെ കണ്ടാല്‍ മാത്രമേ പുഞ്ചിരിക്കുകയുള്ളൂ എന്ന് തീരുമാനിക്കുന്നത് ശരിയായ രാഷ്ട്രീയമല്ല. ലിബറല്‍ സെക്കുലര്‍ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരെ വിമര്ശിച്ചുതള്ളി, കലര്‍പ്പില്ലാത്ത ഭൂരിപക്ഷ മതേതരത്വ വിരുദ്ധ രാഷ്ട്രീയം ഉണ്ടായിവരുന്നതിലാണ് എല്ലാ രാഷ്ട്രീയ ശുദ്ധതയും എന്ന് വിശ്വസിച്ചിട്ടു കാര്യമില്ല.
ഐക്യമുന്നണിയില്‍ പല നിലപാടുകളുള്ളവരുമുണ്ടാകും. ആ നിലപാടുകളിലെ പൊതുധാരയെ കണ്ടെത്തുകയാണ് സോളിഡാരിറ്റിയും മറ്റു പ്രസ്ഥാനങ്ങളും ചെയ്യാന്‍ ശ്രമിക്കേണ്ടത്. അങ്ങനെയാണെങ്കില്‍ മാത്രമേ ശക്തമായ ഒരു സാമൂഹിക മുന്നേറ്റത്തിനൊപ്പംനില്ക്കാന് സാധിക്കൂ.
ഒരു സംഘടനയും ഒന്നിനും നേതൃത്വം കൊടുക്കുന്നില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനങ്ങളൊന്നാകെയാണ് ഒരു സമൂഹത്തെ മാറ്റുന്നത്. ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനും ചെയ്യാന്‍ സാധിക്കാത്തത് അയ്യങ്കാളിക്കും ശ്രീനാരായണ ഗുരുവിനും ചെയ്യാന്‍ കഴിഞ്ഞത് അവര്‍ ജനമനസ്സിനോട് സംസാരിച്ചതുകൊണ്ടാണ്. അപ്പോഴാണ് അത് എല്ലാവരും ഏറ്റെടുക്കുകയും ഏറ്റെടുക്കാത്തവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നത്. ശ്രീനാരായണ ഗുരുവിന്‍െറ രാഷ്ട്രീയത്തില്‍ നാം കണ്ടത് അതാണ്. അതാണ് പില്ക്കാലത്ത് അയ്യങ്കാളിയുടെ രാഷ്ട്രീയത്തില്‍ ഉണ്ടായത്. ശ്രീനാരായണ ഗുരുവിന്‍െറയും അയ്യങ്കാളിയുടെയും രാഷ്ട്രീയം ശക്തമായത് അവര്‍ ജനങ്ങളോട്, സമുദായങ്ങളോട് നേര്‍ക്കുനേരെ സംസാരിച്ചതുകൊണ്ടാണ്. അത്തരത്തിലൊരു മുന്നണിയുണ്ടാവണം. പൊതുവായ ചില രാഷ്ട്രീയധാരകള്‍ വളര്‍ത്തിയെടുക്കണം. ചില കാര്യങ്ങളില്‍ സന്ധി ഉണ്ടാക്കേണ്ടിവരും. ശത്രുക്കളുമായിട്ടുള്ള സന്ധിയല്ല; ആവശ്യമായ സന്ദര്‍ഭത്തില്‍ ചില പിന്മാറ്റങ്ങള് വേണ്ടിവന്നേക്കാം.
സമാനചിന്താഗതിക്കാരെ കൂടെനിര്‍ത്താന്‍ സഹിഷ്ണുതയുടേതായ ഒരു സാംസ്കാരിക രാഷ്ട്രീയസമീപനം മുന്നണിയിലുള്ള എല്ലാ സംഘടനകളും കാണിക്കേണ്ടതാണ്. തെറ്റിപ്പിരിയാന്‍ എളുപ്പമാണ്. ഇത് അങ്ങനെ പിരിയാനുള്ള ഒന്നല്ല. ഇതിന് ശക്തമായ ചില അടിസ്ഥാനങ്ങളുണ്ട്. അതുകൊണ്ടാണ് പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് പ്യൂരിറ്റനിസത്തിന് സമാനമായ രാഷ്ട്രീയം സ്വീകരിക്കുന്നത് ശരിയാവില്ല എന്ന് പറഞ്ഞത്. അതിന്‍െറ ചരിത്രത്തിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.
കേരളത്തിലെ മൈനോറിറ്റി രാഷ്ട്രീയവുമായി, സവര്‍ണ രാഷ്ട്രീയവുമായി, മുതലാളിത്ത രാഷ്ട്രീയവുമായി ബന്ധപ്പെട്ട നിലപാടുകളും സോളിഡാരിറ്റിയുടെ നിലപാടുകളും മറ്റുള്ളവരുടെ നിലപാടുകളും വ്യത്യസ്തമായിരിക്കും. അത് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. അതോടൊപ്പംതന്നെ മനസ്സിലാക്കേണ്ടത് ഈ വിശാലമായ മുന്നണി ഒരു രാഷ്ട്രീയപ്രയോഗമായി വളര്‍ത്തിയെടുക്കുക എളുപ്പമല്ല എന്നതാണ്. അതിന് സോളിഡാരിറ്റിക്ക് കഴിയണമെന്നാണ് എന്‍െറ ആഗ്രഹം.
2003ലാണ് സോളിഡാരിറ്റി രൂപവത്കരിക്കപ്പെട്ടത്. 2003ന് എത്രയോ മുമ്പുതന്നെ കേരളത്തില്‍ ശക്തമായ സിവില്‍സമൂഹ രാഷ്ട്രീയമുണ്ട്. ആ സിവില്‍സമൂഹ രാഷ്ട്രീയത്തിന്‍െറ ഉള്ളിലേക്കാണ് സോളിഡാരിറ്റി സ്വന്തമായ രാഷ്ട്രീയവുമായി കടന്നുവരുന്നത്. നവസാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി, സിവില്‍ സമൂഹ പ്രസ്ഥാനങ്ങളുമായി സോളിഡാരിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്‍െറ പേരില്‍ വിമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിമര്‍ശങ്ങളിലെ നെല്ലുംപതിരും തിരയാതെ അവ സ്വീകരിക്കാനാവില്ല.
സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സിവില്‍ സമൂഹ രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആ ടെമ്പോ ഈ പ്രസ്ഥാനം നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ സങ്കുചിതമായ രാഷ്ട്രീയത്തിലേക്ക് പിന്മടങ്ങാതിരിക്കുക. രാഷ്ട്രീയമായ വിശാല മനസ്കതയുണ്ടാവുക. സഹിഷ്ണുതയുണ്ടാവുക. പരമതങ്ങളെ, പരസംഘടനകളെ, പരരാഷ്ട്രീയത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള വിശാലതയുണ്ടാവുക എന്നത് അത്യാവശ്യമാണ്. അത്തരത്തിലുള്ള പുതിയ ജൈവ സംയോജനം സിവില്‍ സമൂഹരാഷ്ട്രീയത്തില് ഉണ്ടാകേണ്ടിയിരിക്കുന്നു. സിവില്‍ സമൂഹ രാഷ്ട്രീയം അതിന്‍െറതന്നെ ഒരു ജഡാവസ്ഥയെയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. ചലനാത്മകത അതിന് നഷ്ടപ്പെട്ടിട്ടുണ്ട്. സിവില്‍ സമൂഹ സംഘടനകളെ, അതിന്‍െറ പ്രവര്‍ത്തകരെ ഭീകരപ്രവര്‍ത്തകരായി മുദ്രകുത്താന്‍ ശ്രമങ്ങള്‍ ഉണ്ടാകുന്നു. അത്തരം ആക്രമണങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും സിവില്‍സമൂഹം തളര്‍ന്നുപോകുന്നു. സമരങ്ങള്‍തന്നെ അവയുടെ സ്വാഭാവികത നഷ്ടപ്പെട്ട് അനുഷ്ഠാനങ്ങളായിരിക്കുന്നു. ബി.ഒ.ടി, പ്ളാച്ചിമട, മൂലമ്പിള്ളിപോലുള്ള നിരവധി സമരങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒന്നിക്കുകയും പിന്നീട് അതിനെ വിശാല രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കാതെ വരുകയും ചെയ്യുന്ന ഒരു ഘട്ടം വന്നിരിക്കുന്നു. പല കാരണങ്ങളും പലര്‍ക്കും അതിന് ചൂണ്ടിക്കാണിക്കാനും സാധിക്കും. എങ്കിലും ഈ ജഡതയെ തകര്‍ക്കേണ്ടതുണ്ട്. അതിന് കഴിയുന്ന ഒരു ഐക്യമുന്നണിയെ വീണ്ടും കണ്ടെത്തുകയാണ് വേണ്ടത്.
അതുകൊണ്ടുതന്നെ, ശിഥിലീകരണ പ്രവണതകളെ മാറ്റിവെച്ചുകൊണ്ട് കൂടുതല്‍ ഐക്യത്തോടെ മുന്നോട്ടുപോകാന്‍ കഴിയുന്ന ഒരു രാഷ്ട്രീയത്തിന്‍െറ ചര്‍ച്ചകള്‍കൂടി ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സിവില്‍ സമൂഹരാഷ്ട്രീയത്തിന്െറ ഐക്യത്തെ തകര്‍ക്കാന്‍ മാത്രം ഉന്നംവെച്ചുള്ള നിഷേധാത്മക വിമര്‍ശങ്ങളെ കണ്ടറിഞ്ഞു പ്രതിരോധിക്കാന്‍ സാധിക്കേണ്ടിയിരിക്കുന്നു. ഒപ്പംതന്നെ ആത്മവിമര്‍ശത്തിന്‍െറയും ജനാധിപത്യപരമായ പരസ്പര വിമര്‍ശത്തിന്‍െറയും സാധ്യതകള്‍ തുറന്നിട്ടുകൊണ്ട് കൂടുതല്‍ യോജിപ്പിന്‍െറ മേഖലകള്‍ സൃഷ്ടിക്കുക എന്നതും ആവശ്യമായിരിക്കുന്നു.