ഡോ. ടി.ടി ശ്രീകുമാര്‍ 2012 മാര്‍ച്ചില്‍ നാലാമിടത്തില്‍ പ്രസിദ്ധീകരിച്ചതു് ലോകത്തെ മാറ്റാന്‍ അദ്ധ്യാപകര്‍ക്കു കഴിയുന്ന ഒരേയൊരു സ്ഥലം ക്ളാസ് മുറി മാത്രമാണെന്ന് എന്നോട് പറഞ്ഞത് സന്ദര്‍ഭവശാല്‍ എന്റേയും അദ്ധ്യാപിക കൂടിയായിട്ടുള്ള പ്രശസ്ത ചിന്തകയും അക്കാദമിക് പണ്ഡിതയുമായ ഗായത്രി സ്പിവാക് ചക്രവര്‍ത്തി ആണ്. ഇങ്ങനെ ലോകത്തെ മാറ്റാനുള്ള ഒരിടം കൂടിയാണ് ക്ളാസ്സ്മുറി എന്നറിയുന്ന അദ്ധ്യാപകരുണ്ടാവുക എന്നതാണ് പ്രധാനം. എത്ര പരിമിതമായ ഒരിടപെടലിന്റെ സാദ്ധ്യതയെക്കുറിച്ചാണ് താന്‍ പറയുന്നതെന്ന ഉത്തമബോധ്യത്തോടെയാണ് പ്രൊഫ. സ്പിവാക് അതു പറഞ്ഞതെന്ന് എനിക്കറിയാം. എങ്കിലും തങ്ങള്‍ നില്ക്കുന്ന ക്ളാസ് മുറിക്ക് ഇത്തരം രാഷ്ട്രീയതലം ഉണ്ടെന്ന് മനസ്സിലാക്കുകയും അതിന്റെ എല്ലാ ഗൌരവത്തോടെയും അത് ഉള്‍ക്കൊണ്ട് അദ്ധ്യാപനത്തിലേര്‍പ്പെടുകയും ചെയ്യുക എന്നത് കനത്ത ഒരു വെല്ലുവിളിയാണ്. അദ്ധ്യാപകരെന്നാല്‍ നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥ, സ്വന്തം ശമ്പളക്കാരായി വ്യവസ്ഥയുടെ മൂല്യങ്ങള്‍ പകര്‍ന്നു നല്കാന് നിയമിക്കപ്പെട്ടവരാണെന്നും ഒറ്റപ്പെട്ട അദ്ധ്യാപകര്‍ എന്തു ചെയ്തിട്ടും കാര്യമില്ല, ഈ പൊതുധര്‍മ്മത്തിന്റെ പ്രഹരശേഷി കുറയ്ക്കാന്‍ അത്തരം ഇടപെടലുകള്‍ക്ക് കഴിയില്ല എന്നും അല്‍ത്തൂസര്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഒരു സവിശേഷ ചട്ടക്കൂടില്‍ നിന്നു നോക്കുമ്പോള്‍ ഇതു ശരിയാണെന്ന് തോന്നാം. എന്നാല്‍ ക്ളാസ്സ്മുറിയിക്കും അതിന്റേതായ ഒരു സജീവതയുണ്ട്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേരുന്ന ഒരു വിനിമയ സാകല്യത്തിന്റെ സാധ്യതകളെ അത് പൂര്‍ണ്ണമായും മനസ്സിലാക്കുന്നില്ല.
നമുക്കറിയാവുന്ന ചില അദ്ധ്യാപകരെങ്കിലും ഇത്തരത്തില്‍ സാമൂഹികമായ സ്വന്തം ധര്‍മ്മത്തെ വ്യത്യസ്തമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരാണ്. അത്തരത്തില്‍ ആഴത്തിലുള്ള ധൈഷണികതയുടേയും പ്രതിബദ്ധതയുടേയും മുദ്രയുള്ള അദ്ധ്യാപനത്തിലൂടെ ക്ലാസ്സ് മുറികളെ ചലനാത്മകമാക്കിയ വ്യക്തിത്വമാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 6 നു അന്തരിച്ച പ്രൊഫ. രാമചന്ദ്രന്‍നായരുടേത്. അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി ആയിരുന്നതുകൊണ്ടുതന്നെ എനിക്കിത് വ്യക്തിപരമായ ഒരനുഭവവും കൂടിയാണ്. കേരളയൂണിവേഴ്സിറ്റിയുടെ, കാര്യവട്ടത്തെ ധനതത്വശാസ്ത്രവകുപ്പില് വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് അദ്ദേഹത്തെ അറിയാനും അദ്ദേഹത്തിന്റെ ക്ളാസ്സില്‍ ഇരിക്കാനും അവസരമുണ്ടായത്. അതിനു ശേഷം ഗവേഷണ, അദ്ധ്യാപനരംഗത്തു തന്നെ തുടര്‍ന്നു എന്നതിനാല്‍ എം. എ കാലത്തിനു ശേഷവും അദ്ദേഹവുമായി നിരന്തരം വ്യക്തിതലത്തിലും ധൈഷണികതലത്തിലും ബന്ധപ്പെടുവാനും അടുപ്പം നിലനിര്‍ത്തുവാനും അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒട്ടേറെ സവിശേഷതകള്‍ ശാന്തത, സ്നേഹപൂര്‍വ്വമായ ഇടപെടലുകള്‍, പ്രതിബദ്ധതകള്‍, ഗുണമേന്മയുടെ സൌെമ്യമായ കാര്‍ക്കശ്യങ്ങള്‍, നിഷ്ഠകള്‍ ഇതൊക്കെ അദ്ദേഹവുമായുള്ള ബന്ധം ദൃഢമായതിന് പ്രേരകമായ ഘടകങ്ങളാണ്.
രാഷ്ട്രീയ ജാഗ്രത
തൊഴില്വിപണിയെക്കുറിച്ചും തൊഴിലാളികളുടെ ജീവിതാവസ്ഥകളെക്കുറിച്ചും സംഘശക്തിയുടെ സങ്കീര്‍ണ്ണമായ സാധ്യതകളേയും പരിമിതികളേയും കുറിച്ചുമെല്ലാം ആഴത്തില്‍ പഠിക്കുകയും ചിന്തിക്കുകയും ചെയ്തിരുന്ന ഗവേഷകനും അദ്ധ്യാപകനുമായിരുന്നു അദ്ദേഹം. ധനതത്വശാസ്ത്രപഠനത്തിന്റെ ഒരു പ്രത്യേകത, അതിന്റെ കരിക്കുലത്തില്‍ ബൂര്ഷ്വാധനതത്വശാസ്ത്രത്തിനുള്ള പ്രാമുഖ്യമാണ്. അതിന്റെ യുക്തിയും യുക്തിരാഹിത്യങ്ങളും സൈദ്ധാന്തികശാഠ്യങ്ങളും വിമര്‍ശനാത്മകമാക്കി മനസ്സിലാക്കി പഠന ഗവേഷണങ്ങളില്‍ ഏര്‍പ്പെടുക എന്നത് ധൈഷണികമായ വലിയൊരു വെല്ലുവിളിയാണ്. രാഷ്ട്രീയമായൊരു ജാഗ്രത ഇത് പഠിക്കുമ്പോള്‍ തീര്‍ച്ചയായും ആവശ്യമാണ്. ഇത്തരമൊരു ജാഗ്രത വിമര്‍ശനത്തിന്റേയും സ്വാംശീകരണത്തിന്റേയും അതിരുകള്‍ തീരുമാനിക്കുന്നതില്‍ കാട്ടേണ്ട നിതാന്തമായ ജാഗ്രത ^അദ്ദേഹം കാണിച്ചിരുന്നു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.
2006 ല്‍ പുറത്തു വന്ന അദ്ദേഹത്തിന്റെ ‘ കേരളത്തിലെ ട്രേഡ് യൂണിയന് പ്രസ്ഥാനത്തിന്റെ ചരിത്രം’ (The History of the Trade Union movement in Kerala) എന്ന 600 പുറങ്ങളിലധികമുള്ള ബൃഹത്തായ പുസ്തകം അദ്ദേഹത്തിന്റെ ഗവേഷണതാല്പര്യങ്ങളുടേയും രാഷ്ട്രീയ നിലപാടുകളുടേയും ഉത്തമ ഉദാഹരണമാണ്. കേരള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ളോയ്മെന്റ് (Kerala Institute of Labour and Employment KILE) ആണ് ആ പഠനവുമായി സഹകരിച്ച സ്ഥാപനം. KILE യുമായി എപ്പോഴും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ആ സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് കൌെണ്സിലില് അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. അതിലുപരി KILE യുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് ഡോ. രാമചന്ദ്രന്‍നായരുടെ ശ്രമഫലമായി ഉണ്ടായതാണ്. 2001 ലായിരുന്നു അത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ട്രേഡ് യൂണിയന് പ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായി ശേഖരിച്ച കേരളത്തിലെ 180 പ്രമുഖ ട്രേഡ് യൂണിയന് നേതാക്കളുടെ ആത്മകഥനങ്ങള്‍ 15 കാസറ്റുകളിലായി ഫോട്ടോ ആല്‍ബം ഉള്‍പ്പെടെ KILE പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിന്റെ ആധുനിക ചരിത്രം എഴുതുന്ന ഗവേഷകര്‍ക്കും പത്രലേഖകര്‍ക്കും വലിയൊരു മുതല്‍ക്കൂട്ടാണ് ഈ ശേഖരം.
ഗവേഷണത്തിലെ ഗുണബദ്ധത
അദ്ധ്യാപന ഗവേഷണമേഖലകളില്‍ വ്യക്തമായ ദിശാബോധത്തോടേയും ധൈഷണികമായ ജാഗ്രതയോടെയും ഇടപെടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ അപഗ്രഥനം ചെയ്യുന്നതിലും നിശിതമായ രീതിശാസ്ത്രബോധം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ വിശാലമായ അര്‍ത്ഥത്തില്‍ ഇടതുപക്ഷ നിലപാടുകള്‍ എടുക്കുകയും സ്വന്തം സാമൂഹികഗവേഷണത്തിലെ നിഗമനങ്ങളിലെ രാഷ്ട്രീയത്തെ ഭയക്കാതിരിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ സിദ്ധാന്തത്തിലും രീതി വിദ്യയിലും യാഥാസ്ഥിതിക മാര്‍ക്സിസ്റ് നിലപാടുകളോട് വിമര്‍ശനാത്മകമായാണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത് എന്ന് അദ്ദേഹത്തിന്റെ പഠനങ്ങള്‍ വിശകലം ചെയ്യുമ്പോള്‍ കാണാനാവും. ഏതെങ്കിലും ചട്ടക്കൂടിനോടുള്ള വിധേയത്വമല്ല ഗവേഷണത്തിലെ ഗുണബദ്ധത എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.
നിരീക്ഷണങ്ങള്‍, അപഗ്രഥനങ്ങള്‍
അദ്ദേഹത്തിന്റെ പഠനങ്ങള്‍ അതുകൊണ്ടു തന്നെ മറ്റു ഗവേഷകര്‍ക്ക് രീതിശാസ്ത്രപരമായും അപഗ്രഥനപരമായും പ്രയോജനപ്പെട്ടിട്ടുണ്ട്. യൂ. എന്‍ യൂണിവേഴ്സിറ്റിയിലെ (ടോക്യോ) വൈസ്റെക്ടര്‍ പ്രൊഫ. ഗോവിന്ദന് പാറയിലും ഈ ലേഖകനും ചേര്‍ന്ന് കേരളമാതൃകയുടെ അനുഭവങ്ങളെക്കുറിച്ചെഴുതിയ വിമര്‍ശനാത്മകപഠനത്തില്‍ (ജേര്‍ണല്‍ ഓഫ് കൊണ്ടെപററി ഏഷ്യ, വോള്യം 331) ആഗോളവല്‍ക്കരണവുമായി ബന്ധപ്പെട്ട് ഡോ. രാമചന്ദ്രന്‍നായര്‍ എഴുതിയ പഠനവും ചര്‍ച്ച ചെയ്യുന്നുണ്ട്. കേരളത്തിലെ കയറ്റുമതി മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ ചില സുപ്രധാന നിരീക്ഷണങ്ങളാണ് ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചത്.
ലോകവ്യാപാരസംഘടനയുടെ പുതിയ ഇടപെടലുകളും അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്സ് വകുപ്പിന്റെ സമ്മര്‍ദ്ദങ്ങളും സാമ്പത്തികേതരപ്രശ്നങ്ങളായ സോഷ്യല്‍ ആന്‍ഡ് ലേബര്‍ സ്റാന്‍ഡേര്‍ഡ്, എന്‍വയോണ്‍മെന്റല്‍ സ്റാന്‍ഡേര്‍ഡ് എന്നിവ വ്യാപാരവുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും കേരളത്തിന്റെ വാണിജ്യതാല്പര്യങ്ങളെ ഹനിക്കുന്നുവെന്നും അത് കേരളത്തിന്റെ കയറ്റുമതിയേയും ഉല്‍പ്പാദന അടിത്തറയേയും ബാധിക്കുന്നുണ്ടെന്നും സൂക്ഷ്മമായി അദ്ദേഹം നിരീക്ഷിച്ചിരുന്നു. 1999ല്‍ അദ്ദേഹം എഴുതിയ The Impact of WTO on Kerala econonomy’ എന്ന പഠനത്തില്‍ വിശദമായിത്തന്നെ കയറ്റുമതി മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തിരുന്നു.
വിദ്യാഭ്യാസ സമീപനം
പ്രഗത്ഭനായ അദ്ധ്യാപകനും ഗവേഷകനും എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ക്കൊപ്പം തന്നെ ഓര്‍ക്കപ്പെടേണ്ടതാണ്, സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടി അദ്ദേഹം ഒരു കാലത്തും സ്വന്തം രാഷ്ട്രീയ മൂലധനം ദുര്‍വിനിയോഗം ചെയ്തില്ല എന്നതും. കേരളസര്‍വ്വകലാശാല എല്ലാ കാലത്തും അധികാരമോഹികളുടേയും അഴിമതിക്കാരുടേയും രാഷ്ട്രീയഭിക്ഷാംദേഹികളുടേയും കേളീരംഗമായിരുന്നു. ഒരു പക്ഷേ കേരളത്തിലെ മറ്റു സര്‍വ്വകലാശാലകളിലേയും സ്ഥിതി വ്യത്യസ്തമല്ലായിരിക്കാം. വൈസ് ചാന്‍സലര്‍ നിയമനം മുതല്‍ അസിസ്റ്റന്റ് ഗ്രേഡ് ഗുമസ്തനിയമനം വരെ നീണ്ടു കിടക്കുന്ന, സ്വജന രാഷ്ട്രീയ പക്ഷപാതിത്വങ്ങളുടേയും അഴിമതിയുടേയും അധികാരദുര്‍വിനിയോഗത്തിന്റേയും കഥകള്‍ നാം കേട്ടിട്ടുണ്ട്. ഇത്തരം ഉപജാപങ്ങളുടെ അധോലോകങ്ങളിലേക്ക് കടക്കാന്‍ നിരന്തരം വിസമ്മതിച്ചു എന്നത് ഡോ. രാമചന്ദ്രന്‍നായരുടെ വ്യക്തിത്വത്തിന്റെ സവിശേഷതയായിരുന്നു.
അദ്ദേഹത്തിന്റെ മുഖത്തെ സൌെമ്യമായ പുഞ്ചിരി ഇത്തരം കാപട്യങ്ങളോടുള്ള അദ്ദേഹത്തിന്റെ ഉത്തരമായിരുന്നു. തങ്ങളുടെ ചെറിയ ലോകത്തെ വലിയ മാടമ്പികളാവാന് ഉപജാപങ്ങള്‍ സൃഷ്ടിക്കുകയും വിദ്യാര്‍ത്ഥികളുടേയും സഹാദ്ധ്യാപകരുടേയും സ്തുതിപാഠകസംഘത്തെ വളര്‍ത്തി എടുക്കുകയും ചെയ്യുന്ന രീതി അദ്ദേഹത്തിന് അഭിമതമായിരുന്നില്ല. ഇത്തരം വഴികളില്‍ നിന്ന് മാറി നടക്കുന്ന ഈ ലേഖകനെപ്പോലെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഭിമാനബോധത്തോടെ അദ്ദേഹത്തെ സമീപിക്കാനും സ്വന്തം വിമര്‍ശനാത്മക ചിന്തകള്‍ ആത്മവിശ്വാസത്തോടെ ചര്‍ച്ച ചെയ്യാനും കഴിഞ്ഞിരുന്നത് ഋജുവും സ്വതന്ത്രവും ജനാധിപത്യപരവുമായ വിദ്യാഭ്യാസ സമീപനം അദ്ദേഹം പുലര്‍ത്തിയിരുന്നതു കൊണ്ടാണ്.
പദവികള്‍ക്കപ്പുറം
അദ്ധ്യാപനത്തിന്റേയും ഗവേഷണത്തിന്റേയും ധനതത്വശാസ്ത്രവകുപ്പിന്റെ തലവനെന്ന നിലയിലുള്ള ഭരണപരമായ ഉത്തരവാദിത്തത്തിന്റേയും തിരക്കുകള്‍ക്കുള്ളിലും കേരളത്തിലെ പൊതുസമൂഹത്തോടുള്ള കടമകള്‍ തന്നെത്തേടിയെത്തുമ്പോള്‍ അദ്ദേഹം ആത്മാര്‍ത്ഥതയോടേയും സത്യസന്ധതയോടേയും അവയൊക്കെ നിര്‍വ്വഹിക്കുകയും ചെയ്തു. പ്ലാനിംഗ് ബോര്‍ഡ് അംഗം, ശമ്പളപരിഷ്ക്കരണ സമിതി അംഗം തുടങ്ങി നിരവധി സാമൂഹിക, ഔദ്യോഗിക പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. എന്നാല്‍ ഈ പദവികളല്ല താന്‍ എന്ന നിസ്സംഗമായ ഒരു പുഞ്ചിരി എപ്പോഴും സുഹൃദ്സദസ്സുകളില്‍, അക്കാദമിക് വേദികളില്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കി.
അദ്ദേഹത്തില്‍ നിന്ന് ഞാന്‍ ഒരുപാട് പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിജീവിതവും ബൌദ്ധികജീവിതവും വളരെക്കാലം അടുത്തു നിന്നും അകന്നു നിന്നും വീക്ഷിക്കാന്‍ കഴിഞ്ഞിട്ടുള്ള ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്റെ ഓര്‍മ്മകളില്‍ അദ്ദേഹം എന്നും ഉണ്ടാവും. ഞാന്‍ ഐ. എം. ജി. യില്‍ അദ്ധ്യാപകനായിരിക്കേ സ്നേഹപൂര്‍വ്വം എന്റെ ക്ഷണം സ്വീകരിച്ചു നിരവധി ചര്‍ച്ചകള്‍ക്കും സെമിനാറുകള്‍ക്കും അദ്ദേഹം വന്നിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം പല പൊതുപരിപാടികളിലും പങ്കെടുത്തിട്ടുമുണ്ട്. നീണ്ടകാലത്തെ ഒരു ബന്ധമാണ് എനിക്കുണ്ടായിരുന്നത്. ഈ വേര്‍പാട് വ്യക്തിപരമായും എന്നെ വലുതായി വേദനിപ്പിക്കുന്നു.