ഡോ. ടി. ടി. ശ്രീകുമാര്‍ (പാഠഭേദം, ജൂലൈ 2010 ) .
കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയം ചരിത്രത്തിലെ ഏറ്റവും വലിയ വിശ്വാസ തകര്‍ച്ചയെ നേരിടുകയാണിന്ന്. പി.ഡി.പിയാകട്ടെ, ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗോ ഇന്ത്യന്‍ നാഷണല്‍ ലീഗോ ആവട്ടെ, ജമാ അത്തെ ഇസ്ലാമിയോ സോളിഡാരിറ്റിയോ ആവട്ടെ, ക്രിസ്ത്യന്‍ സംഘടനകളാകട്ടെ, എന്തിന് കേരളാ കോണ്ഗ്രസ്സുകാര് പോലുമാവട്ടെ, ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഏതു രൂപത്തിനും കേരളത്തിലിന്ന് പ്രതിരോധത്തിന്റെ പകച്ച ഭാഷയില്‍ മാത്രമേ സംസാരിക്കാന്‍ കഴിയുന്നുള്ളൂ. ആക്രമണങ്ങളില്‍ പതറിയും പ്രതിരോധങ്ങളില്‍ പിഴച്ചും ന്യൂനപക്ഷ രാഷ്ട്രീയത്തിന് അടി തെറ്റുമ്പോള്‍, ഭൂരിപക്ഷ മത രാഷ്ട്രീയത്തിന്റെ വിപത്തുകളെ കുറിച്ചുള്ള ചര്‍ച്ചകളും അന്വേഷണങ്ങളും പോലും അപ്രത്യക്ഷമായിരിക്കുന്നു.
ഭൂരിപക്ഷ മത രാഷ്ട്രീയം സ്വാഭാവികവും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഏതു രൂപവും വര്‍ഗീയവുമായി മുദ്ര കുത്തപ്പെടുന്ന ഈ സാഹചര്യം കേരള രാഷ്ട്രീയത്തിലെ മറ്റൊരു കാലഘട്ടത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നുണ്ട് എന്നത് ഒരു നടുക്കത്തോടെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും ഐ.എന്‍.എല്ലും ഇടതു മുന്നണി വിട്ടു പോകുന്നതും പി.ഡി.പി നേതാവ് മഅ്ദനി വീണ്ടുമൊരു ഗൂഢാലോചന കേസില്‍ പ്രതിയാവുന്നതും മറ്റൊരു കാലത്തെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ തനിയാവര്‍ത്തനമാവുന്നില്ലേ എന്ന് സംശയിക്കുകയാണ് ഞാന്‍.
ഐ.എന്‍.എല്ലിന്റെ പഴയ രൂപമായ അഖിലേന്ത്യാ മുസ്ലീംലീഗും ഇതേ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും ഇടതു മുന്നണിയില്‍ നിന്നു പുറത്താക്കപ്പെടുകയും ഐ.എസ്.എസ് രൂപീകരിച്ചതിന്റെ പേരില്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ ഒറ്റപ്പെടുത്തുകയും ചെയ്ത എണ്‍പതുകളുടെ ഓര്‍മപ്പെടുത്തലാവുന്നുണ്ട് ഇപ്പോള്‍ കേരളത്തില്‍ സംഭവിക്കുന്ന രാഷ്ട്രീയ ധ്രുവീകരണമെന്നത് ശ്രദ്ധേയമായ ഒരു വസ്തുത തന്നെയാണ്. ഈ പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ ഫലമെന്താവും എന്നാലോചിക്കുന്നതിനു മുന്‍പ് എണ്‍പതുകളിലെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം കേരളത്തിന് സമ്മാനിച്ചതെന്ത് എന്ന് ആലോചിക്കുന്നത് നന്നായിരിക്കും.
കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ, വിശേഷിച്ചും ഹിന്ദു-സവര്‍ണ-ഭൂരിപക്ഷ മത രാഷ്ട്രീയത്തിന്റെ വളര്‍ച്ചയും സ്വാധീനവും വെളിവാക്കുന്നതിന് കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ അവര്‍ക്കു ലഭിക്കുന്ന വോട്ടുകള്‍ നോക്കുന്നതു മതിയാവില്ല എന്ന് നമുക്കറിയാം. ഇക്കാര്യത്തെ കുറിച്ച് ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സംജാതമായിട്ടുള്ള പുതിയ പശ്ചാത്തലത്തില്‍ അത്തരം കണക്കുകള്‍ തീരെ അപ്രസക്തമല്ല താനും. എന്നാല്‍ ഈ സ്ഥിതിവിവര കണക്കുകള്‍ പരിശോധിക്കുന്നതിന് മുന്‍പ് എണ്‍പതുകളിലെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഉള്ളടക്കമെന്തായിരുന്നു എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കേരളത്തിലാദ്യമായി ന്യൂനപക്ഷ വര്‍ഗീയത എന്ന ആശയം ശക്തമായി ഉന്നയിക്കപ്പെടുന്നത് എണ്‍പതുകളിലാണ്. ഷബാനുബീഗം കേസിന്റെ പശ്ചാത്തലത്തില്‍ മുസ്ലീം വ്യക്തി നിയമത്തിനെതിരെ ഇ.എം.എസ് നമ്പൂതിരിപ്പാട് ആരംഭിച്ച ആക്രമണത്തോടെയായിരുന്നു ഈ പ്രക്രിയ ആരംഭിച്ചത്.
മുസ്ലീം വ്യക്തി നിയമത്തോട് വിദ്വേഷ പൂര്‍ണമായ നിലപാടെടുക്കാനും ഏകീകൃത സിവില്‍ കോഡെന്ന ഹിന്ദു-സവര്‍ണ-ഭൂരിപക്ഷ മത രാഷ്ട്രീയത്തിന്റെ ആവശ്യം അംഗീകരിക്കാനും ഇടതു മുന്നണിയിലെ ഘടക കക്ഷിയായിരുന്ന, അതായത് കോണ്‍ഗ്രസ് മുന്നണിക്കൊപ്പം പോലുമല്ലാത്ത, വര്‍ഷങ്ങളായി ഇടതുപക്ഷത്തു നിലയുറപ്പിച്ചിരുന്ന അഖിലേന്ത്യാ മുസ്ലീം ലീഗ് വിസമ്മതിച്ചു എന്നത് മുന്നണിയില്‍ നിന്നുതന്നെ അവര്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നു. ‘ന്യൂനപക്ഷ വര്‍ഗീയത’യുള്ള പ്രസ്ഥാനമാണ് അഖിലേന്ത്യാ ലീഗ് എന്നതു കൊണ്ടാണ് അവര്‍ ഏകീകൃത സിവില്‍ കോഡെന്ന മുദ്രാവാക്യം അംഗീകരിക്കാത്തതെന്നായിരുന്നു ഇ.എം.എസ്സിന്റെ പക്ഷം.
അക്കാലത്തുണ്ടായ നിലക്കല്‍ പള്ളി പ്രശ്നം ഇതോടൊപ്പം ചേര്‍ത്തുവെച്ച ഇം.എം.എസ്, കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനേയും ഇടതു മുന്നണിയില്‍നിന്ന് പുറത്താക്കുന്നതിന് ചരടു വലിച്ചു. കേരളാ കോണ്‍ഗ്രസ്സും അഖിലേന്ത്യാ മുസ്ലീം ലീഗുമില്ലാത്ത ഇടതു മുന്നണി, മതേതര കക്ഷികളുടെ മുന്നണിയാണെന്ന പ്രഖ്യാപനമായിരുന്നു ഇ.എം.എസ്സിന്റേത്. ഇതോടെ കേരളത്തില്‍ രാഷ്ട്രീയമായി ഒറ്റപ്പെട്ട ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഐക്യ ജനാധിപത്യ മുന്നണിയിലെ നിശബ്ദ സാന്നിദ്ധ്യമാവേണ്ടി വന്നു.
ഹിന്ദു-സവര്‍ണ-ഭൂരിപക്ഷ മത രാഷ്ട്രീയത്തിനെ ചെറുക്കാനുള്ള പ്രധാന ന്യൂനപക്ഷ രാഷ്ട്രീയ കക്ഷികളുടെ അവകാശത്തെ വര്‍ഗീയതയായി ചിത്രീകരിച്ച് നിശബ്ദമാക്കുന്നതില്‍ ഇ.എം.എസ് വിജയിച്ച രാഷ്ട്രീയ സന്ദര്‍ഭത്തിലാണ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ഐ.എസ്സ്.എസ്സും മറ്റും രൂപം കൊള്ളുന്നത്. മത മൗലിക വാദത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഇ.എം.എസ് നടത്തിയ സൈദ്ധാന്തിക ന്യൂനീകരണങ്ങളാവട്ടെ, ന്യൂനപക്ഷ വര്‍ഗീയതയെന്ന ആശയത്തിന് കേരള സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത നേടി കൊടുക്കുകയാണുണ്ടായത്.
എന്തായിരുന്നു എണ്‍പതുകളിലെ ഈ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രത്യാഘാതമെന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം മൃദു ഹിന്ദുത്വമെന്നും ഹിന്ദു വോട്ടുകള്‍ ലക്ഷ്യമാക്കിയുള്ളതെന്നും വിശദീകരിക്കുന്നതു കൊണ്ടു മാത്രം ഈ പ്രശ്നത്തിന്റെ മുഴുവന്‍ ചിത്രവും നമുക്ക് ലഭിക്കുന്നില്ല. കേരളത്തില്‍ തീവ്ര ഹിന്ദു വലതുപക്ഷത്തിന്റെ വളര്‍ച്ചക്ക് ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം എന്തു സംഭാവനയാണ് നല്‍കിയതെന്നതാണ് ഇവിടെ ഉന്നയിക്കേണ്ട കാതലായ ചോദ്യം.
1971ല്‍ കേരളത്തില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍, പിന്നീട് ബി.ജെ.പി ആയി മാറിയ ഭാരതീയ ജനസംഘം മൂന്ന് സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. അന്നവര്‍ക്ക് ലഭിച്ചത് 1.4 ശതമാനം വോട്ടുകളായിരുന്നു. അടിയന്തിരാവസ്ഥക്കു ശേഷം കേരളത്തിലുണ്ടായ അനുകൂല സാഹചര്യത്തില്‍ ആര്.എസ്.എസ്സും ജനസംഘവും കേരളത്തില്‍ സജീവമായതിനു ശേഷമാണ് എണ്‍പതുകളുടെ തുടക്കത്തില്‍ ബി.ജെ.പി കടന്നു വരുന്നത്. എന്നാല്‍ 1984ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സ്ഥാനങ്ങളില്‍ കേരളത്തില്‍ മത്സരിച്ച ബി.ജെ.പിക്ക് 1971ലേതില്‍ നിന്ന് കാര്യമായ യാതൊരു നേട്ടവും കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 1984ല്‍ അവര്‍ക്ക് ലഭിച്ചത് കേവലം 1.75 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു എന്നതില്‍നിന്ന് ഈ വസ്തുത നമുക്ക് വ്യക്തമാകും.
ഈ സന്ദര്‍ഭത്തിലാണ് ഇം.എം.എസ്സിന്റെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം, ഐ.എന്‍.എല്ലിനേയും കേരളാ കോണ്‍ഗ്രസ്സിനേയും പോലും മുന്നണിയില്‍നിന്നും, അവരെ അനുകൂലിച്ച എം.വി.രാഘവനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി കൊണ്ടും, കീഴടങ്ങിയ ഇ.കെ.നായനാരെ പോലുള്ളവരെ ശാസിച്ചടക്കി കൊണ്ടും കേരളത്തില്‍ പ്രാമുഖ്യം നേടുന്നത്. തുടര്‍ന്നു നടന്ന 1989ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി എല്ലാ സീറ്റുകളിലും മത്സരിക്കുകയും 4.61 ശതമാനം വോട്ടു നേടി തങ്ങള്‍ ഒരു ഗണനീയ സാന്നിദ്ധ്യമാണെന്ന് തെളിയിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന എല്ലാ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ വോട്ട് ശതമാനം ക്രമാനുഗതമായി വര്‍ദ്ധിക്കുന്നതാണ് നാം കാണുന്നത്.
1999ല്‍ ചെറിയൊരു ഇടിവുണ്ടായെങ്കിലും ഇത് ഒരു അപവാദം മാത്രമായിരുന്നു. 1991ല്‍ 4.61, 1996ല്‍ 5.61, 1998ല്‍ 8.02, 1999ല്‍ 6.56, 2004ല്‍ 10.38 എന്നിങ്ങനെ ബി.ജെ.പിയുടെ വോട്ടു നില കേരളത്തില്‍ വളരാന്‍ അനുകൂലമായ പ്രത്യയ ശാസ്ത്രപരമായ സാഹചര്യം സൃഷ്ടിക്കുന്നതില്‍ ഇം.എം.എസും ഇടതുപക്ഷവും മുന്നോട്ടു വെച്ച ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം ചെറുതല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്. മാത്രമല്ല, ഈ സ്ഥിതിവിവര കണക്കുകള്‍ സംസ്ഥാന തലത്തില്‍ മാത്രമല്ല, നിയോജക മണ്ഡലങ്ങളുടെ തലത്തില്‍ നോക്കിയാലും ഇതേ പ്രവണത തന്നെയാണ് കാണുന്നത്. രണ്ടു മുതല്‍ എട്ടു ശതമാനം വരെ മാത്രം വോട്ടുകള്‍ വിവിധ നിയോജക മണ്ഡലങ്ങളില്‍ 1989ല്‍ ലഭിച്ച ബി.ജെ.പിക്ക് 2004 ആവുമ്പോഴേക്കും ലഭിക്കുന്നത് ആറു മുതല്‍ മുപ്പതു ശതമാനംവരെ വോട്ടുകളാണ്.
ഇന്നു വീണ്ടും കേരളത്തില്‍ ഇടതുപക്ഷം, വിശേഷിച്ചും സി.പി.എം ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ പുതിയ കത്തിമുനയാവുകയാണ്. എല്ലാവരും എപ്പോഴും ഉദ്ധരിക്കുന്നതാണ് ഹേഗലിന്റെ പ്രശസ്തമായ ഒരു വാചകത്തിന് മാര്‍ക്സ് ചേര്‍ത്ത അനുബന്ധം. വ്യക്തികളും സംഭവങ്ങളും ചരിത്രത്തില്‍ രണ്ടു തവണ ആവര്‍ത്തിക്കുന്നു എന്നു പറഞ്ഞതിനോട് മാര്‍ക്സ് ചേര്‍ത്തു വച്ചത് ‘ആദ്യം ദുരന്തമായി, പിന്നീട് പ്രഹസനമായി’ എന്നാണ്. ഇം.എം.എസ് ഒരു പ്രഹസനമായി ആവര്‍ത്തിക്കപ്പെടുന്നില്ലെങ്കിലും ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം ആവര്‍ത്തിക്കപ്പെടുക തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ അതുണ്ടാവുന്നത് പ്രഹസനമായല്ല, അതിന്റെ പ്രത്യാഘാതം എണ്‍പതുകളില്‍ സംഭവിച്ചതിനേക്കാള്‍ തീവ്രമായ രാഷ്ട്രീയ ദുരന്തത്തിലേക്കായിരിക്കും കേരളത്തെ നയിക്കുക എന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയ വിവേകം കേരളത്തിലെ ഇടതുപക്ഷത്തിനുണ്ടാകുമോ എന്നതാണ് നാം കാത്തിരുന്നു കാണേണ്ടത്.
ഇത് ദൈനംദിന രാഷ്ട്രീയത്തിന്റെ വോട്ട് ബാങ്ക് സമീപനത്തിലൂടെ മാത്രം കാണേണ്ട പ്രശ്നമല്ല. കേരളത്തിലെ ഭൂരിപക്ഷ-സവര്‍ണ മത രാഷ്ട്രീയത്തോടുള്ള ദീര്‍ഘകാല നിലപാട് എന്താണെന്നതിനെ കുറിച്ചുള്ള പ്രത്യയശാസ്ത്ര പ്രശ്നം കൂടിയാണ്. ഇതിന് വരാന്‍ പോകുന്ന ഒരു നിയമ സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടെന്നതാണ് തിരിച്ചറിയേണ്ടിയിരിക്കുന്നത്.
ഡോ. ടി.ടി.ശ്രീകുമാര്‍